

2006 ജനുവരിയിലാണ് ഒന്നാം യുപിഎ ഗവണ്മെന്റിലെ ഊര്‍ജ്ജ മന്ത്രി സ്ഥാനത്തു നിന്ന് മണിശങ്കര്‍ അയ്യര്‍ നീക്കം ചെയ്യപ്പെടുന്നത്. വാതക വിലനിര്‍ണ്ണയ നയത്തെക്കുറിച്ചും നിര്‍ദ്ദിഷ്ട ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ (ഐപിഐ) ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ ഗവണ്മെന്റിന്റെ ചായ്‌വ് മുഖ്യമായും ദരിദ്രപക്ഷത്തോടായിരുന്നു. എന്നാല്‍ അന്നുതന്നെ ആ നിലപാടില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഭരണമുന്നണിയ്ക്കകത്തുനിന്നുതന്നെ ആരംഭിച്ചിരുന്നു. ദരിദ്രര്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു വിലനിര്‍ണ്ണയ സംവിധാനത്തിനു വേണ്ടിയായിരുന്നു ഊര്‍ജ്ജ വകുപ്പു മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ നിലകൊണ്ടത്. വിപണിയുടെ ഭ്രമവിഭ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലനിര്‍ണ്ണയ സംവിധാനം ഇന്ത്യയിലെ സാമാന്യജനതയ്ക്ക് ഗുണകരമാകില്ലെന്ന ഉറച്ച അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മണിശങ്കര്‍ അയ്യരുടെ ഈ നിലപാട് വിപണിയെ അടിസ്ഥാനമാക്കി വിലനിര്‍ണ്ണയം വേണമെന്നു വാദിച്ച യുപിഎ ഗവണ്മെന്റിലെ മറ്റു ചില അംഗങ്ങളുമായി വിയോജിപ്പിനു കാരണമായി.
നിര്‍ദ്ദിഷ്ട ഐപിഐ ഗ്യാസ് പൈപ്പ്!ലൈന്‍ പദ്ധതിയായിരുന്നു വിയോജിപ്പിനുള്ള മറ്റൊരു കാരണം. ഐപിഐ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അയ്യര്‍ നല്‍കിയ പിന്തുണ അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കാനിടയുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഭയപ്പെട്ടു. ഇതും യുപിഎ ഗവണ്മെന്റിനുള്ളില്‍ മണിശങ്കര്‍ അയ്യരുടെ നില പരുങ്ങലിലാക്കി.
ധനമന്ത്രിയായിരിക്കുമ്പോഴും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭത്തിലും കടുത്ത ജനവിരുദ്ധ നിലപാട് കൈക്കൊണ്ടയാളായിരുന്നു പി. ചിദംബരം. ഒന്നാം യുപിഎ ഗവണ്മെന്റിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ മറ്റംഗങ്ങളുമായി അയ്യരുടെ അഭിപ്രായ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഘടകങ്ങളും, അയ്യരുടെ വിവാദ പരാമര്‍ശങ്ങളും, 2006 ജനുവരിയില്‍ യുപിഎ ഗവണ്മന്റിലെ ഊര്‍ജ്ജ മന്ത്രി സ്ഥാനത്തുനിന്നും മണി ശങ്കര്‍ അയ്യര്‍ തെറിക്കുന്നതിലേക്ക് നയിച്ചു.
എന്തായാലും അന്നു മണിശങ്കര്‍ അയ്യര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും യുപിഎ ഗവണ്മെന്റും ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്നത്തെ കഥ മറ്റൊന്നാകുമായിരുന്നു.
2
പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ കമ്പോള ശക്തികളെ അനുവദിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനത്തെയാണ് ഇന്ധന വില നിയന്ത്രണം എടുത്തുകളയല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്ന നേരത്തേയുള്ള നയത്തില്‍ നിന്നുമുള്ള സുപ്രധാനമായ മാറ്റമായിരുന്നു ഇത്. നരസിംഹറാവുവിന്റെ കാലത്ത് കോണ്‍ഗ്രസ്സ് ഗവണ്മെന്റ് തുടക്കമിട്ട പുത്തന്‍ സാമ്പത്തിക നയത്തിനനുസൃതമായി ഊര്‍ജ്ജരംഗത്തെ ഗവണ്മെന്റ് ഇടപെടലുകളെ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. തീര്‍ച്ചയായും ഇത് ഇന്ധനവിലയുടെ മേലുള്ള ഗവണ്‍മെന്റ് നിയന്ത്രണ സംവിധാനത്തില്‍ നിന്നുള്ള സുപ്രധാനമായ വ്യതിയാനം തന്നെ.
1998 ലാണ് ഇന്ധന വില നിയന്ത്രണം എടുത്തുകളയുക എന്ന ആശയം ആദ്യമായി യൂണിയന്‍ ഗവണ്മെന്റ് മുന്നോട്ടുവെയ്ക്കുന്നത്, എന്നാല്‍ 2010 ല്‍ മാത്രമാണ് അത് നടപ്പാക്കാന്‍ ഗവണ്മെന്റിനായത്. പെട്രോള്‍ വിലയുടെ നിയന്ത്രണം എടുത്തുകളയുന്നതിലായിരുന്നു തുടക്കം, പിന്നീട് 2014ല്‍ ഡീസല്‍ വിലയിലും സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞു.
ഗവണ്‍മെന്റിന്റെ ധനകാര്യത്തില്‍ സബ്‌സിഡികളുടെ വര്‍ദ്ധിച്ചുവരുന്ന ഭാരം, എണ്ണവാതക മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകത, മേഖലയെ കൂടുതല്‍ മത്സരപരവും കാര്യക്ഷമവുമാക്കാനുള്ള ആഗ്രഹം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇന്ധന വില നിയന്ത്രണം എടുത്തുകളയാനുള്ള തീരുമാനത്തെ നയിച്ചത്. ഇന്ധനവിലയിലെ സബ്‌സിഡികള്‍ ഗവണ്‍മെന്റിന്റെ ധനകാര്യത്തില്‍ കാര്യമായ ചോര്‍ച്ചയായി മാറിയിരുന്നു, ആഗോളവിലയില്‍ വരുന്ന മാറ്റത്തിനനുസൃതമായി ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ ഗവണ്മെന്റിനു ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഊന്നല്‍ ജനതയുടെ ക്ഷേമം എന്നതിലപ്പുറം സാമ്പത്തികവളര്‍ച്ചയിലും സ്വകാര്യ മൂലധനത്തിന്റെ ബഹുശ്ശതമായുള്ള ഇരട്ടിപ്പിലുമായിരുന്നു എന്നതുകൊണ്ട് ഈ ചെലവിടല്‍ ഒരു ദുഷ്‌ച്ചെലവെന്ന് കോര്‍പറേറ്റ് മാദ്ധ്യമങ്ങള്‍ നിരന്തരം വ്യാഖ്യാനിച്ചുകൊണ്ടിരുന്നു.
ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞത് പടിപടിയായുള്ള ഒരു പ്രക്രിയയായിരുന്നു. അത് നടപ്പാക്കാന്‍ ഗവണ്മെന്റ് ഘട്ടം ഘട്ടമായുള്ള ഒരു സമീപനമാണ് സ്വീകരിച്ചത്. പ്രക്രിയയുടെ ആദ്യ ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയ്ക്ക് പ്രതിമാസ വിലനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തി, അതിന് കീഴില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഇന്ധന വില പരിഷ്‌കരിക്കപ്പെട്ടു.
പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍ 2010 ജൂണില്‍ പെട്രോള്‍ വിലയുടെ നിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞു, ഇത് വിപണി ശക്തികളെ അടിസ്ഥാനമാക്കി പെട്രോളിന്റെ വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികളെ അനുവദിച്ചു. ഇതിനെത്തുടര്‍ന്ന് 2014 ഒക്ടോബറില്‍ ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു, അങ്ങനെ ഇന്ത്യയില്‍ ഇന്ധന മേഖല സമ്പൂര്‍ണമായി ഉദാരവല്‍ക്കരണത്തിനു വിധേയമായി.
തീര്‍ച്ചയായും ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് ഗവണ്മെന്റിന്റെ സബ്‌സിഡി ഭാരം കുറയ്ക്കാനും എണ്ണക്കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്, ഈ നയം ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന്റെ വര്‍ദ്ധനയുള്‍പ്പെടെ നിരവധി നേട്ടങ്ങളുമുണ്ടാക്കി. എന്നിരുന്നാലും, ഇത് ഇന്ധന വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി. ഉപഭോക്താക്കളെയും വാണിജ്യത്തേയും ഒരുപോലെ ബാധിക്കുകയും ചെയ്തു.
3
2010 ജൂണില്‍, രണ്ടാം യുപിഎ ഗവണ്മെന്റിന്റെ കാലത്ത് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ കാലത്ത് ഗവണ്മെന്റ് ഡീസലിന്റെയും പെട്രോളിന്റെയും വില നിയന്ത്രണം ഭാഗികമായി എടുത്തുകളഞ്ഞു. ഇതിനര്‍ത്ഥം ഈ ഇന്ധനങ്ങളുടെ വില ഗവണ്മെന്റല്ല മറിച്ച് വിപണിശക്തികളാണ് നിര്‍ണ്ണയിക്കുക എന്നതാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള ഇന്ധനരംഗത്തെ വമ്പന്‍മാരുമായുള്ള മുരളി ദേവ്‌റയുടെ ബന്ധം കുപ്രസിദ്ധമായിരുന്നു. ഗോദാവരി ബേസിനിലെ കെജിഡി6 ബ്ലോക്കില്‍ പര്യവേക്ഷണത്തിനും ഉല്‍പ്പാദനത്തിനും കരാര്‍ നല്‍കിയ കാലത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും അന്നത്തെ പെട്രോളിയം പ്രകൃതി വാതക മന്ത്രി മുരളി ദേവ്‌റയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ആരോപണം കൂടുതല്‍ ഉയര്‍ന്നു കേട്ടത്. ദേവ്‌റ റിലയന്‍സ് ഇന്‍ഡസ്ട്രീസിനോട് കൂടുതല്‍ താല്‍പര്യം കാണിക്കുകയും അവര്‍ക്ക് പ്രത്യേക ഇളവുകളനുവദിച്ചുവെന്നും ഉദാരസമീപനം സ്വീകരിച്ചുവെന്നും പരക്കേ വിമര്‍ശനമുണ്ടായി.
സര്‍ക്കാരും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള പ്രൊഡക്ഷന്‍ ഷെയറിംഗ് കരാറിന്റെ (പിഎസ്‌സി) നിബന്ധനകള്‍ കമ്പനിക്ക് അനുകൂലമായ രീതിയില്‍ മാറ്റാന്‍ ദേവ്‌റ ഇടപെട്ടുവെന്നായിരുന്നു ഒരു ആരോപണം. ഇന്ത്യയിലെ എണ്ണ, വാതക പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് (ഡിജിഎച്ച്) മേധാവിയുടെ നിയമനത്തെ സ്വാധീനിക്കാന്‍ ദേവ്‌റ ശ്രമിച്ചതായും ആരോപണമുണ്ടായി. എന്നാല്‍ ദേവ്‌റയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഈ ആരോപണങ്ങള്‍ നിഷേധിച്ചു, കോടതിയില്‍ ഈ ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയും ഉണ്ടായില്ല.
യുപിഎ ഗവണ്മെന്റില്‍ മറ്റൊരു പെട്രോളിയം പ്രകൃതി വാതക മന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലിക്കും ഇന്ത്യയിലെ വന്‍കിട എണ്ണക്കമ്പനികളുമായി, വിശേഷിച്ചും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നിവയുമായി അവിശുദ്ധബന്ധമുണ്ടെന്ന ആരോപണവും കുറേക്കാലം ഉയര്‍ന്നുകേട്ടിരുന്നു.
4
അധികാരത്തിലില്ലാത്തപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയും സഖ്യകക്ഷികളും ഇന്ത്യയില്‍ ഇന്ധനവില നിയന്ത്രണം എടുത്തുകളയുന്നതിനെ എതിര്‍ത്തിരുന്നവരാണ്. 2004 മുതല്‍ 2014 വരെയുള്ള യുപിഎ ഗവണ്മെന്റുകളുടെ കാലത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപി 2010ല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില നിയന്ത്രണം എടുത്തുകളഞ്ഞ ഗവണ്മെന്റ് തീരുമാനത്തെ വിമര്‍ശിച്ചു നടന്നവരാണ്.
നിയന്ത്രണം എടുത്തുകളഞ്ഞത് ഇന്ധന വിലയില്‍ വര്‍ദ്ധനയ്ക്കു കാരണമാകുമെന്നും ഇത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും ബിജെപി വാദിച്ചു. സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗമായി ഇന്ധനവില നിയന്ത്രണം നീക്കല്‍ യുപിഎ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. ഗവണ്മെന്റിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഭാരം സാമാന്യജനതയുടെ ചുമലിലേക്ക് വെച്ചുകൊടുക്കുകയാണ് യുപിഎ ഭരണക്കാര്‍ ചെയ്യുന്നതെന്ന് ശക്തമായ ആരോപണവും ഉന്നയിച്ചു.
എന്നാല്‍, 2014ല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ഗവണ്മെന്റ് യുപിഎ ഭരണക്കാലത്തെ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ തീവ്രമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഉണ്ടായത്. ഇന്ധന വിലയുടെ രംഗത്ത് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്ന നയവും തുടര്‍ന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയും കറന്‍സി വിനിമയ നിരക്കും അടിസ്ഥാനമാക്കി ഇന്ധന വില ദിവസേന പരിഷ്‌കരിക്കാന്‍ അനുവദിക്കുന്ന ഡൈനാമിക് െ്രെപസിംഗ് സിസ്റ്റം എന്ന ഒരു പുതിയ വിലനിര്‍ണ്ണയ സംവിധാനമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ധന വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനും ഈ നയം അനിവാര്യമാണെന്ന് ബിജെപി വാദിച്ചു.
നിലവിലെ സമ്പ്രദായത്തില്‍, ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്, കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ ചുമത്തുന്ന നികുതികളും തീരുവകളും തുടങ്ങി നിരവധി ഘടകങ്ങളാണ് നമ്മുടെ നാട്ടില്‍ ഇന്ധന വില നിര്‍ണ്ണയിക്കുന്നത്. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റത്തിനനുസരിച്ച് നികുതികളും തീരുവകളും ക്രമീകരിക്കാന്‍ ഗവണ്മെന്റിനു അധികാരമുണ്ട്.
എന്നിരുന്നാലും, ഇന്ധന വിലയില്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിലെ വിലകള്‍ എല്ലായ്‌പ്പോഴും ആഗോള വിപണിയിലെ പ്രവണതകളെ പ്രതിഫലിപ്പിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് വ്യാപകമായി ആരോപിക്കപ്പെടുന്നു. ഉദാഹരണത്തിന്, 2018 ലും 2019 ലും, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ ഇന്ധന വില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. ഇത് എണ്ണ വില കുറഞ്ഞതിന്റെ ഗുണഫലങ്ങള്‍ ഗവണ്മെന്റ് ഉപഭോക്താക്കളിലേക്കു കൈമാറുന്നില്ലെന്ന വിമര്‍ശനത്തിന് കാരണമായി.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates