

ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മില്‍ ഒരു കുടിക്കാഴ്ച നടത്തിയാല്‍ ലോകം ഇടിഞ്ഞു വീഴുകയൊന്നും ചെയ്യില്ല. എന്നാല്‍, ആ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എവിടെയും കണ്ടില്ല.മീഡിയാ വണ്‍ എങ്കിലും അത്ചര്‍ച്ച ചെയ്തിരുന്നോ?
എന്തുകൊണ്ടാണ് ആ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്ലാമി പന്തല്‍ കെട്ടി വിളിച്ചു പറയാത്തത്? ഇസ്ലാമിനെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനാണോ ആ ചര്‍ച്ച? എങ്കില്‍ എത്രവരെ ഇസ്ലാമികമാണ്, ജമാഅത്തെ ഇസ്ലാമി? ഒറ്റ വാര്‍പ്പില്‍ ഉള്ള ഒരു ഇസ്ലാമിനെക്കുറിച്ചല്ലാതെ, ബഹുസ്വരമായ പ്രാദേശിക ചാര്‍ത്തുകളോടെ രൂപപ്പകര്‍ച്ചകള്‍ സംഭവിച്ച മുസ്ലിം കള്‍ച്ചറിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുമോ?
ഇതേ, പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസ്സിനുമുണ്ട്. എല്ലാ മനുഷ്യര്‍ക്കും ബാധകമായ ഒറ്റ ഇസ്ലാം എന്നതു പോലെ, എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായ ഒറ്റ ഹിന്ദു ദേശീയത എന്നതാണ് അവരുടെ പൊളിറ്റിക്കല്‍ അജന്‍ഡ. ഒറ്റ ഇസ്ലാമും ഒറ്റ ദേശീയതയും ഒരു മേശക്കിരുപുറം ഇരിക്കുന്നു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള ഓരേയൊരു ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമിയാണ്.
നിര്‍ഭാഗ്യവശാല്‍ അവര്‍ പറയുന്നത്, ആര്‍ക്കും മനസ്സിലാവുകയില്ല. ഇപ്പോള്‍ 'നിങ്ങളെന്തിനാണ് വിശ്വാസികളായ മറ്റുള്ളവരെ കാഫിര്‍ എന്നു വിളിക്കുന്നത്' എന്ന് ആരെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ, ജമാഅത്തെ ഇസ്ലാമി പൗരന്റെ മറുപടി ഇതായിരിക്കുമെന്ന് ഊഹിക്കാം: ഇതര മതസ്ഥരെ മാത്രമല്ല, സ്വന്തം സമുദായത്തില്‍ പെട്ടവര്‍ മത വിമര്‍ശനം നടത്തുമ്പോള്‍ തന്നെ അവരെ 'കാഫിര്‍' എന്നോ 'മുസ്ലിം നാമധാരി ' എന്നൊക്കെയാണ് വിളിപ്പേര്. പിന്നെയല്ലേ വിശ്വാസികളായ 'ഇതര 'മതസ്ഥരുടെ കാര്യം. യാ, അയ്യു ഹന്നാസ് എന്ന് ദൈവം വിളിച്ചത് മാനവകുലത്തെ മുഴുവനാണ്. മാനവകുലത്തിന് മുഴുവന്‍ ബാധകമായ മതമാണ്, ഇസ്ലാം.... '
ചര്‍ച്ച, രണ്ടോ മൂന്നോ മിനിട്ട് കൊണ്ടു അവസാനിക്കേണ്ടതാണ്. പക്ഷെ, മുസ്ലിം നാമധാരികളോടല്ല ചര്‍ച്ച. അപ്പുറം ആര്‍.എസ്. എസ് ആണ്. നോമ്പിനും പെരുന്നാളിനും ഏകീകരണം കൊണ്ടുവരണം എന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ നോമ്പിന് മുമ്പ് കോഴിക്കോട് നടത്തുന്ന ചര്‍ച്ചയുമല്ല.
നാമാദ്യം മനസ്സിലാക്കേണ്ടത്, ജമാഅത്തെ ഇസ്ലാമിയോടും ആര്‍.എസ് എസ്സിനോടുംയഥാര്‍ഥ വിശ്വാസികള്‍ക്ക് അതായത് ജന്മം കൊണ്ട് ഏതെങ്കിലുമൊരു മത വിശ്വാസത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന സാധാരണ വിശ്വാസ ജീവിതം നയിക്കുന്ന മനുഷ്യര്‍ക്ക് വലിയ പ്രതിപത്തിയൊന്നുമില്ല. വളരെ ലിബറല്‍ ആയിട്ടുള്ള ഏത് മൂല്യങ്ങളോടും ഇക്കൂട്ടര്‍ക്ക് വിയോജിപ്പാണ്. 'ലിബറലുകള്‍ 'എന്നത് ജമാഅത്തെ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വ വാദികളും മറ്റുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന തെറി പദമാണ്. സ്വാതന്ത്ര്യം, സെക്യുലറിസം ഇതൊക്കെ കല്ലുകടിയുണ്ടാക്കുന്ന വാക്കുകളാണ്. ഒരു ഡമോക്രാറ്റ് വ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ ശബ്ദതാരാവലിയില്‍ ഉള്ള ഇത്തരം വാക്കുകളോട് പൊതുവെ മതമൗലിക വാദികള്‍ക്ക് എല്ലാവര്‍ക്കും വെറുപ്പാണ്. അതിന് ഏത് മതം എന്നൊന്നുമില്ല.
മുസ്ലിംകളുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇസ്ലാമിനെയും ഹിന്ദുക്കളുടെ മാത്രമല്ല, മറ്റുള്ളവരുടെയും ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഹിന്ദുത്വത്തെയും കടത്തിവിടാം എന്നതാണ് രണ്ടു സംഘടനകളും അവരുടെതായ പ്രത്യയശാസ്ത്രം മുന്നില്‍ വെച്ച് ആലോചിക്കുന്നത്. ഇസ്ലാം ആത്മീയതലത്തില്‍ മാത്രമല്ല അധികാര പ്രയോഗത്തിലും സമഗ്രതലമാണ് എന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. ഇസ്ലാമിസ്റ്റ് വ്യവസ്ഥ എന്ന ഭൂതകാലത്തെ കുറിച്ചുള്ള പഴയ കഥകള്‍ പറഞ്ഞ്, ഒരിക്കലും ഭൂമിയില്‍ പുലരാനിടയില്ലാത്ത ഒരു വ്യവസ്ഥയെക്കുറിച്ച് അവര്‍ ആലോചിക്കുന്നു. ആത്മീയമായി ജമാ അത്തെ ഇസ്ലാമിക്ക് ഇനി മനുഷ്യരെ പ്രചോദിപ്പിക്കാന്‍ കഴിയില്ല.കാരണം, അവരുടെ ഉള്ളിലെ ഇസ്ലാം, വരേണ്യ ഇസ്ലാമാണ്. ആര്‍.എസ്.എസുമായി ജമാ അത്തെ ഇസ്ലാമി എന്‍ഗേജാവും, ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍മാരുമായി അവര്‍ അരഗന്റുമാകും.
ഇസ്ലാമിനും ഹിന്ദുത്വയ്ക്കും ചരിത്രത്തില്‍ ഇനി പുതിയൊരു ഭൂഖണ്ഡത്തെ കണ്ടെത്താനൊന്നുമില്ല. ലോകത്തിന്റെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ മനുഷ്യസത്തയെപ്പറ്റിയുള്ള പുതിയ അവബോധങ്ങള്‍ വേണം. അത് പുതിയ കുട്ടികള്‍ ആര്‍ജ്ജിച്ചു വരുന്നുമുണ്ട്. ചുരുങ്ങിയ പക്ഷം, ചില ജമാഅത്തുകാര്‍ അവരുടെ പോസ്റ്റുകളില്‍ സിനിമയെക്കുറിച്ചുള്ള റിവ്യൂ എങ്കിലും എഴുതാന്‍ തുടങ്ങിയല്ലൊ. അല്‍ഹംദുലില്ലാഹ്.
മുമ്പ് വളരെ ആത്മാര്‍ത്ഥമായ മനുഷ്യ സ്‌നേഹവും അറിവുമുള്ള ഒരു ചങ്ങാതിയേയും കൂട്ടി, ഒരു ജമാഅത്തെ ഇസ്ലാമി സുഹൃത്തിനോടൊപ്പം ഒരു ബീച്ചിലിരുന്ന് കുറേ നേരം സംസാരിച്ചു. സംസാരിക്കുന്നതിനിടയില്‍ മഗ്രിബ് ബാങ്ക് കൊടുത്തു. ജമാഅത്തെ ഇസ്ലാമി സുഹൃത്ത് പള്ളിയിലേക്ക് വിളിച്ചു. ഞാന്‍ അനുഗമിച്ചു. പാതി വഴിയിലെത്തിയപ്പോള്‍ ബീച്ചില്‍ തനിച്ചിരിക്കുന്ന സുഹൃത്തിനെ ഓര്‍ത്ത് ബീച്ചിലേക്ക് ഞാന്‍ മടങ്ങി. മൂന്നു പേര്‍ ഇരിക്കുമ്പോള്‍ അതില്‍ ഒരാളോട് മാത്രമായി സ്വകാര്യം പറയരുത് എന്ന വചനത്തിന്റെ ഓര്‍മയില്‍, മൂന്നു പേരില്‍ ഒരാളെ മാത്രം ബീച്ചില്‍ തനിച്ചിരുത്തി പടച്ചോനോട് സ്വകാര്യം പറയാന്‍ പോകുന്നത് ശരിയല്ല എന്നൊരു തോന്നല്‍ കൊണ്ടായിരുന്നു ആ മടക്കം. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി സുഹൃത്ത് കൈപിടിച്ചു കൊണ്ട് സ്‌നേഹത്തോടെ പറഞ്ഞു:
അയാള്‍ക്ക് ഏതായാലും ഹിദായത്ത് കിട്ടിയിട്ടില്ല. നിനക്കെങ്കിലും കിട്ടട്ടെ.
ഞാന്‍ ബീച്ചിലിരിക്കുന്ന സുഹൃത്തിന്റെ അടുക്കലേക്ക് നിസ്‌കരിക്കാതെമടങ്ങി. പടച്ചവന്‍ പള്ളിയിലും ബീച്ചിലുമുണ്ട്.
ബീച്ചിലെത്തുമ്പോള്‍ അയാള്‍ ശാന്തനായി കപ്പലണ്ടി കൊറിക്കുന്നു.അയാള്‍ ഒരു മുസ്ലിമായിരുന്നു. ഹിദായത്ത് കിട്ടാത്ത മുസ്ലിം.
ആര്‍.എസ് എസ്സിന് ഹിദായത്ത് കിട്ടിയോ എന്നാണ്, ഹലോ, ഗയ്‌സ്, നമുക്കിനി അറിയേണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates