ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തണിയാറുള്ള ആ 'രക്ഷാകര്‍ത്തൃത്വ' ഭാഷ

മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം, ആര്‍.എസ്.എസ്സിന്റേയും ബി. ജെ.പിയുടേയും തനിനിറം എന്താണെന്നു വ്യക്തമാക്കുന്ന ഒന്നായിരുന്നു
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തണിയാറുള്ള ആ 'രക്ഷാകര്‍ത്തൃത്വ' ഭാഷ

കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം, ആര്‍.എസ്.എസ്സിന്റേയും ബി. ജെ.പിയുടേയും തനിനിറം എന്താണെന്നു വ്യക്തമാക്കുന്ന ഒന്നായിരുന്നു. ഇതിനകം ഇന്ത്യയില്‍ വെളിപ്പെട്ടു കഴിഞ്ഞ ആ കറുത്ത യാഥാര്‍ത്ഥ്യത്തെ ബാബറി മസ്ജിദിന്റെ തകര്‍ച്ച, നോട്ടു നിരോധനം, ഗുജറാത്ത് ഇലക്ഷന്‍ തുടങ്ങി ചരിത്രത്തിലെ സമീപകാല ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുതന്നെ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിച്ചു. ഒരേയൊരു പ്രശ്‌നം, മുന്നിലിരിക്കുന്നത് ഒരു മുസ്ലിം സദസ്സാണ് എന്നറിഞ്ഞ പ്രസംഗമായിരുന്നു അത്. ശബ്ദത്തില്‍, ഭാഷയില്‍ ഉറപ്പോടെ നില്‍ക്കുന്നത്, ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തണിയാറുള്ള ആ 'രക്ഷാകര്‍ത്തൃത്വ' ഭാഷയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എവിടെ സ്വാതന്ത്ര്യം? എന്നു ചോദിച്ചാല്‍, ഈ രക്ഷാകര്‍ത്തൃത്വ ഭാഷയുടെ മുനയൊടിയും. പക്ഷേ, ഇന്ത്യയാണ് നമ്മുടെ വിഷയമെന്നതിനാല്‍, ഇവിടെയിരുന്നുകൊണ്ട് തന്നെ ആ പ്രസംഗത്തെ വിശകലനം ചെയ്യാം.

മുസ്ലിം സദസ്സിനു മുന്നില്‍ നിന്നുകൊണ്ട് ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന്റെ ആ രീതിശാസ്ത്രം, ഇടതുപക്ഷത്തിന്റേതാണ്. അതായത്, ഹിന്ദുത്വ ശക്തികള്‍ ആര്‍ജ്ജിച്ച 'രാഷ്ടീയ ആധിപത്യ'ത്തെ തുറന്നുകാട്ടാന്‍ ഇടതുപക്ഷം ഉപയോഗിക്കുന്ന അളവുകോലാണത്. സംശയമില്ല, രാമനേയും രാമരാജ്യത്തേയും കേന്ദ്രീകരിച്ചുകൊണ്ടു തന്നെയാണ് ബി.ജെ.പിയും സംഘ്പരിവാറും വ്യാജമായ ഒരു ആദര്‍ശനിര്‍മ്മിതി ഇന്ത്യയില്‍ സൃഷ്ടിച്ചത്. എന്നാല്‍, ബാബ്റി മസ്ജിദ് എന്ന വിഷമവൃത്തത്തിലേക്ക് വീണ്ടും വീണ്ടും കടന്നുപോകുമ്പോള്‍, 'ദു:ഖിതനായ' അല്ലെങ്കില്‍ 'പരാജിതനായ' ഇന്ത്യന്‍ മുസ്ലിം എന്ന ചിത്രത്തെ ആ ഫ്രെയിമില്‍ത്തന്നെ ആണിയടിച്ചു നിര്‍ത്തുകയാണ് ജോണ്‍ ബ്രിട്ടാസ് ചെയ്യുന്നത്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ആശയങ്ങളുടെ വിഷമവൃത്തങ്ങളില്‍ മുസ്ലിങ്ങള്‍ മാത്രമല്ല, ദളിതുകളും എരിപൊരി കൊള്ളുന്നുണ്ട്. എന്നാല്‍, മുസ്ലിങ്ങള്‍ മാത്രമായി സംഘ്പരിവാറിനെ അല്ലെങ്കില്‍ ബി.ജെ.പിയെ പ്രതിരോധിക്കേണ്ട 'മുന്‍ കൈ ആളു'കളായി നില്‍ക്കുക എന്നൊരു ഊന്നല്‍ പ്രത്യക്ഷമായിത്തന്നെ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തിലുണ്ട്. ഇടതു പ്രൊഫൈലുകള്‍ ആ പ്രസംഗത്തിനു വ്യാപകമായ പിന്തുണ നല്‍കുന്നുണ്ട്. ഇടതുപക്ഷത്തിന് മുസ്ലിങ്ങളുടെ മേല്‍, കേരളത്തിലെങ്കിലും രാഷ്ട്രീയാധിപത്യം സ്ഥാപിക്കാനുള്ള ഒരു ഉപാധിയാണ് ആ പ്രസംഗം. രാമന്‍ എന്ന ആദര്‍ശബിംബത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി സംഘ്പരിവാറും ബാബ്രി തകര്‍ച്ചയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഇടതുപക്ഷവും ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെ തിളയ്ക്കുന്ന യാഥാര്‍ത്ഥ്യമായി ഇന്ത്യന്‍ മുസ്ലിമിനെ നിര്‍ത്തുകയാണ്. ഹൈന്ദവ മൂല്യാവസ്ഥയുടെ സംരക്ഷകരായി ബി.ജെ.പിയും മുസ്ലിങ്ങളുടെ സംരക്ഷകരായി ഇടതുപക്ഷവും അണിനിരന്ന്, ചരിത്രാനുഭവങ്ങളുടെ ആ വെയിലില്‍ത്തന്നെ മുസ്ലിങ്ങളെ നിര്‍ത്തുകയാണ്.

യഥാര്‍ത്ഥത്തില്‍, വാസ്തവങ്ങള്‍ ചരിത്രത്തേയും കവിഞ്ഞുനില്‍ക്കുന്നു. സവര്‍ണ്ണത സാമൂഹ്യ ജീവിതത്തില്‍ വിപല്‍ക്കരമായ ഒരു സ്വാധീനമായി മാറുകയാണ്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, ദളിതുകളും അതിന്റെ ഇരകളാണ്. സവര്‍ണ്ണ ഹിന്ദുത്വത്തില്‍ 'സവര്‍ണ്ണ മുസ്ലി'മിന് ഒരിടമുണ്ട്. എന്നാല്‍, ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ആ ഇടമില്ല. സമീപകാല ചരിത്രവായനയില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഹിന്ദുത്വത്തിന്റെ പൊതുവായ ഒരു ഫ്രെയിമിലേക്ക്, വിപുലമായ ആ ജനവിഭാഗങ്ങളും പ്രവേശിച്ചുകഴിഞ്ഞു എന്നാണ്. 'ഹിന്ദുത്വം' ആ നിലയില്‍ ഒരു പൊതു സമ്മിതി നേടിയെടുത്തു കഴിഞ്ഞു. എന്തുകൊണ്ട് എന്ന ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, വഴിയിലെവിടെയോ വെച്ച് എ.കെ. ആന്റണിയെ കണ്ടെത്തുക. ന്യൂനപക്ഷങ്ങള്‍/മുസ്ലിങ്ങള്‍ ഇവിടെ അനര്‍ഹമായി എന്തോ നേടിയെന്ന ഒരു പ്രതീതി നിര്‍വ്വഹണം അതിലുണ്ട്. ഹിന്ദുത്വത്തിന് അനുകൂലമായ ഒരു പരവതാനിയാണ് കോണ്‍ഗ്രസ്സും സംഘ്പരിവാറും വിരിച്ചിടുന്നത്. അതിലൂടെ നടക്കേണ്ടവര്‍ തന്നെ നടക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ആ പരവതാനി വിരിച്ചത്, അവര്‍ തന്നെ.

ജോണ്‍ ബ്രിട്ടാസിന്റെ ആ പ്രസംഗത്തിലേക്കു തന്നെ വരാം:

സന്ദര്‍ഭം: ഒന്ന്

''നിങ്ങള്‍ക്കു തോന്നുന്നുണ്ടോ, ആര്‍.എസ്.എസ്സുമായുള്ള സംവാദംകൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മുജാഹിദ് ലീഡര്‍ഷിപ്പ് വിചാരിക്കുന്നുണ്ടോ? (മൈക്കില്‍നിന്നു മുഖം തിരിച്ചുകൊണ്ട് വേദിയിലെ മുജാഹിദുകളെ നോക്കി) ഉണ്ടോ? ഉണ്ടോ? ഒരു കമ്യൂണിസ്റ്റുകാരന്റെ കര്‍ക്കശമായ രക്ഷാകര്‍ത്തൃ ശബ്ദത്തില്‍ ഒരിക്കല്‍ക്കൂടി ''ഉണ്ടോ?'' - ഇല്ല (അങ്ങനെ വേദിയില്‍നിന്ന് ആരെങ്കിലും പറഞ്ഞോ എന്നറിയില്ല) എന്താ ഉറക്കെ പറയാന്‍ ഒരു മടിപോലെ.''

സന്ദര്‍ഭം: രണ്ട്

കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള, എന്റെ സുഹൃത്താണ്, ഇവിടെ വന്നു സംസാരിച്ചത്. സ്വാഭാവികമാണ്. നിങ്ങള്‍ക്കെല്ലാവരേയും കൊണ്ടുവരേണ്ടിവരും. ഒരുപക്ഷേ, ഈ ഇന്‍ക്ലൂസിവിറ്റി അവര്‍ നിങ്ങളോട് കാണിക്കണമെന്നു മാത്രമേ എനിക്കു നിങ്ങളോട് പറയാനുള്ളൂ. അതായത്, അവരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന ആ താല്പര്യം നിങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങള്‍ ചോദിക്കണം.

(സദസ്സില്‍നിന്ന് കയ്യടി)

ജോണ്‍ ബ്രിട്ടാസ്: (വേദിയിലെ മുജാഹിദ് നേതാക്കളെ നോക്കി) നിങ്ങളുടെ അണികളാണ് കയ്യടിച്ചത്. എനിക്കവിടെയിരിക്കുന്ന ഒറ്റയാളെപോലും അറിയില്ല. ഒന്നുകൂടി കയ്യടിക്കൂ.

(വീണ്ടും സദസ്സില്‍നിന്നു കയ്യടി). അതുകൊണ്ട് നിങ്ങള്‍ ഒന്നുകൂടി ചിന്തിക്കുക - ഇന്ത്യ എന്ന രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയിലെ പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ? തയ്യാറില്ലെങ്കില്‍ അതു മുഖത്തുനോക്കി ചോദിക്കാനുള്ള ആര്‍ജ്ജവവും തന്റേടവും നിങ്ങള്‍ സ്വായത്തമാക്കണം. സ്വായത്തമാക്കാന്‍ കഴിയുമോ? കഴിയുമോ? കഴിയുമെങ്കില്‍ ഒന്നു കൂടി കയ്യടിക്ക്.

(സദസ്സില്‍നിന്നു വീണ്ടും കയ്യടി).

ജോണ്‍ ബ്രിട്ടാസിന്റെ മുസ്ലിം രക്ഷാ കര്‍ത്തൃ ഭാവം പരകോടിയിലെത്തുന്നത് ഈ ചോദ്യത്തിലാണ്. പക്ഷേ, പ്രിയപ്പെട്ട ജോണ്‍ ബ്രിട്ടാസ്, താങ്കള്‍ ചോദിച്ചു വാങ്ങിയ ആ കയ്യടികള്‍ ഇന്ത്യ എന്ന സമസ്യയ്ക്ക് ഉത്തരമാകില്ല. ഒരു സ്റ്റേജ് ഷോയില്‍ ആങ്കര്‍മാര്‍ കയ്യടിക്കാന്‍ പറയാറുണ്ട്, ചരിത്രം ഒരു സ്റ്റേജ് ഷോ അല്ല. കയ്യടികള്‍കൊണ്ടു പൂരിപ്പിക്കാവുന്ന ഒരു സമസ്യാപൂരണവുമല്ല അത്. കേരളത്തില്‍ നടക്കുന്ന പുതിയ സമരമുഖങ്ങളില്‍ അണി നിരക്കുന്നവരെപ്പോലും ''അവര്‍ക്കു പിന്നില്‍ തീവ്രവാദികളുണ്ട്'' എന്ന് ചാപ്പ കുത്തുന്ന തൊണ്ടക്കുഴല്‍ ആരുടേതാണ്? ദീര്‍ഘപാരമ്പര്യമുള്ള, ചരിത്രാനുഭവങ്ങളെ മുഖാമുഖം നോക്കി നിന്ന, അതുകൊണ്ട് മാത്രം ജീവനാശവും തടവറകളും ഏറ്റുവാങ്ങേണ്ടിവന്ന സമുദായം ഇനിയും എന്ത് ആര്‍ജ്ജവവും തന്റേടവുമാണ് ചരിത്രത്തില്‍ കാണിക്കേണ്ടത്?

''ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചതുകൊണ്ടാണ് ഭൂരിപക്ഷം ഒരു അധികാര രൂപമായി വളരാതിരുന്നത്'' എന്ന കെട്ടുകഥ സംഘ്പരിവാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സും പറയുന്നുണ്ട്. അവിടെയാണ് ചരിത്രം എങ്ങോട്ട് തിരിയണം എന്നറിയാതെ നില്‍ക്കുന്നത്. ഭൂരിപക്ഷം എന്ന അയഥാര്‍ത്ഥ സംഭവത്തിന്റെ ചട്ടക്കൂട്ടില്‍ കേരളത്തിനു പുറത്ത് ഹിന്ദു സമൂഹമുണ്ട്. സെക്യുലര്‍ ആയ ഒരു സമൂഹത്തെക്കുറിച്ചുള്ള ഉറച്ച ധാരണകള്‍കൊണ്ടാണ് കേരളത്തില്‍ ബി.ജെ.പി 'ആനമുട്ട'യായത്. ഓണത്തിന് തിരുവാതിര കളിച്ച മുസ്ലിം സ്ത്രീകളും വിഷുവിന് ബിരിയാണി വെക്കുന്ന ഹിന്ദു കുടുംബവും ഇവിടെ അന്യോന്യം പ്രചോദിപ്പിക്കുന്ന വിധത്തില്‍ ജീവിക്കുന്നു. മറിച്ചുള്ള രാഷ്ട്രീയ/മതാത്മക അവതരണങ്ങള്‍ 'രക്ഷാകര്‍ത്തൃത്വ പങ്കിടലുകള്‍' മാത്രമാണ്.

നാരായണഗുരു
നാരായണഗുരു

ശ്രീനാരായണഗുരുവും മുസ്ലിം അവധൂതനും

വ്യവസ്ഥാപിത മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനാധിപത്യ/യുക്തിവാദ പ്രസ്ഥാനങ്ങളും വേരുറപ്പിക്കുന്നതിനു മുന്നേ കേരളത്തില്‍, സവര്‍ണ്ണ ചിന്താമണ്ഡലം കെട്ടിപ്പൊക്കിയ സാമൂഹിക അസമത്വത്തെ മുറിച്ചുകടന്ന ഒരു അവര്‍ണ്ണ ധാരയുണ്ട്. ഇന്ത്യയില്‍ അംബേദ്കര്‍, ഫൂലേ, രാഷ്ട്രീയമായി ലോഹ്യ, അയ്യന്‍കാളി, സവര്‍ണ്ണ അധികാരമുക്തമായ ആത്മീയതയുടെ പ്രകാശനമായി ശ്രീനാരായണഗുരു തുടങ്ങിയവര്‍ ഉല്പാദിപ്പിച്ച ഉജ്ജ്വലമായ ഒരു ആശയലോകം. ഇതില്‍, 'കേരളീയ'മായ പരിസരത്തുനിന്ന് മനുഷ്യതുല്യതയെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചത് നാരായണഗുരുവാണ്. സവര്‍ണ്ണത മുഖ്യ വിപത്തായി മാറുന്ന ഒരു ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ വേറൊരു വഴിയില്‍, ഹിന്ദു ധര്‍മ്മങ്ങളിലൂന്നി നിന്നുകൊണ്ടുതന്നെ ഇന്ത്യന്‍ ജ്ഞാനത്തെ നവീകരിച്ചു മലയാളിയായ നാരായണഗുരു. അധ:സ്ഥിതര്‍ക്ക് ശ്രീനാരായണന്‍ നല്‍കിയ ഊര്‍ജ്ജം, സാമൂഹ്യമായി വലിയൊരു ചലനപ്രക്രിയയ്ക്കു തന്നെ തുടക്കമിട്ടു. 

നാരായണഗുരു ജീവിച്ചിരുന്ന കാലത്ത് അന്നത്തെ മുസ്ലിങ്ങള്‍ അദ്ദേഹത്തെ കണ്ടതെങ്ങനെയാണ്? നാരായണഗുരുവിന്റെ ജീവിതത്തിലെ മുസ്ലിം സാന്നിധ്യങ്ങള്‍ എന്തൊക്കെയാണ്? ഇതു വിശദമാക്കാനുള്ള ഒരു കുറിപ്പല്ല, ഇത്. എന്തായാലും സ്വാമി അവധൂത വൃത്തിയിലായിരിക്കുമ്പോള്‍ മത്സ്യമാംസങ്ങള്‍ ഭക്ഷിച്ചിരുന്നതായും പരിചിതനായ ഒരു മുസ്ലിം സ്വാമികളോട് ''കൊഞ്ചു കൊണ്ടുവരട്ടെയോ?'' എന്നു ചോദിച്ചപ്പോള്‍, ''കൊഞ്ചരുത്, കൂട്ടരുത്, കുഴയരുത്'' എന്നു സ്വാമികള്‍ മറുപടി പറഞ്ഞതായി 'മൗനപ്പൂന്തേന്‍' (പരിഭാഷ, സമന്വയം:ശ്യാം ബാലകൃഷ്ണന്‍ - 2015) എന്ന പുസ്തകത്തിലുണ്ട്. മുസ്ലിങ്ങള്‍ സ്വാമിയുടെ പരിചിത വലയത്തിലുണ്ടായിരുന്നു. 

എന്നാല്‍, ഈ വര്‍ഷം പുറത്തിറങ്ങിയ സ്വലാഹുദ്ദീന്‍ അയ്യൂബി എഴുതിയ 'ഇച്ച മസ്താന്‍' എന്ന പുസ്തകം ആ മിസ്റ്റിക് കവിയെക്കുറിച്ചുള്ള അസാധാരണമായ അറിവുകള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. പഴയൊരു മനുഷ്യനെക്കുറിച്ച് ഏറ്റവും പുതുതായിരിക്കുന്ന ജ്ഞാനം ഈ കൃതി പ്രകാശിപ്പിക്കുന്നു. പരമ്പരാഗതമായ രീതിയിലുള്ള ഒരു ജീവചരിത്ര കൃതിയല്ല, ഇത്. സ്വലാഹുദ്ദീന്‍ അയ്യൂബി ബോധത്തെ ഹൃദയത്തില്‍ അലിയിച്ചു ചേര്‍ത്തെഴുതിയ പുസ്തകമാണിത്. യുക്തിയും ഗവേഷണത്വരയും ഹൃദയാദരവും ചേര്‍ന്നുനില്‍ക്കുന്നു ഇതിലെ വരികളില്‍. 

ആദ്യകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.ഐ.ഒയുടെ സംസ്ഥാന നേതാവും സംസ്ഥാന ബാലസംഘം കോര്‍ഡിനേറ്ററുമായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി, പിന്നീട് സൂഫി രചനകളിലും പ്രവൃത്തികളിലും വ്യാപൃതനായി എന്ന് ബയോഡാറ്റയില്‍ കാണുന്നു. എന്തായാലും ''ഇച്ചയുടെ മസ്തിന്റെ ലഹരി നുകര്‍ന്നാണ്'' സ്വലാഹുദ്ദീന്‍ അയ്യൂബി ഈ പുസ്തകമെഴുതിയത്. ആ ലഹരി, വാക്കിനുള്ളില്‍ ചേര്‍ത്തുകെട്ടിയ വാക്കുകളുടെ അത്ഭുതമായി വായനക്കാരിലും പകരുന്നു.

ബാല്യത്തില്‍ ഉപ്പയില്‍നിന്നു കേട്ട കഥകളില്‍ ശ്രീനാരായണഗുരുവിനെ കണ്ണൂരില്‍ വെച്ചു കാണുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത ഒരു മസ്താനെക്കുറിച്ച് പറയുകയും ചില വരികള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇച്ച മസ്താന്‍ ആയിരുന്നിരിക്കണം ഉപ്പ പറഞ്ഞ ആ 'ഉള്ളറിവും ഉള്ളലിവും' ഉള്ള ആ സൂഫി. നാരായണ സ്വാമിയെ കണ്ടപ്പോള്‍ ''ഞാനിന്നൊരു മനുഷ്യനെ കണ്ടു'' എന്ന് ആ മസ്താന്‍ പറഞ്ഞതായി ഉപ്പ പറഞ്ഞ കഥയിലുണ്ട് (ചെറുതാഴത്ത് അങ്ങേയറ്റം ദാനശീലനായ ഒരു ഹിന്ദു മരിച്ചപ്പോള്‍ ചിത മുഴുവന്‍ കത്തിത്തീര്‍ന്നിട്ടും ചിതാഗ്‌നിയില്‍ ദഹിക്കാത്ത വലം കയ്യെക്കുറിച്ചും ഉപ്പ പറഞ്ഞ കഥകളിലുണ്ട്).

ഇച്ച മസ്താനും നാരായണഗുരുവുമായുള്ള ആത്മബന്ധം ഈ പുസ്തകം വിശദമാക്കുന്നു. ''ഞാനിന്ന് ഒരു മനുഷ്യനെ കണ്ടു'' എന്ന് ഇച്ച പറയുന്നതായി ഇതിലില്ല എന്നാണ് ഓര്‍മ്മ.

ഇച്ച അബ്ദുല്‍ ഖാദിര്‍ മസ്താന്‍ എന്ന സൂഫി കലന്തറിനെക്കുറിച്ചുള്ള ഈ കൃതി, അമൂല്യമായ അറിവുകള്‍ പകരുന്നു. ഇച്ച മസ്താനെക്കുറിച്ച് നാം കേട്ട ചില കഥകള്‍ തിരുത്തുന്നു, പുതുതായി ചിലത് കേള്‍പ്പിക്കുന്നു. ഇച്ച എഴുതിയ 'വിരുത്തങ്ങള്‍' ഇതില്‍ നമുക്കു വായിക്കാം, അതിലെ ഉള്ളുരുക്കങ്ങളും ഉള്‍പ്പുളകങ്ങളും. വിശേഷമായി തോന്നിയത്, ജ്ഞാനത്തിന്റെ വഴിയേ അലയുന്ന ഒരുപാടു പേരെ നാമിതില്‍ പരിചയപ്പെടുന്നു. സൂഫികള്‍, സൂഫി ഗവേഷകര്‍, സൂഫി ഗായകര്‍ - അക്ഷരങ്ങളുടെ ആത്മീയധാരകള്‍, തുടര്‍ച്ചകള്‍. സമീര്‍ ബിന്‍സിയുടെ ആലാപനമാണ്, ഇച്ച മസ്താന്റെ വിരുത്തങ്ങളെ ശ്രവ്യതരംഗമാക്കി മാറ്റിയത്. ഉസ്താദ് തവക്കല്‍ മുസ്തഫ കടലുണ്ടി ഇച്ചയെ ആഴത്തില്‍ ആലപിക്കുന്ന ഖവാലി ഗായകനാണ്.

ചില പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞാലും ആലോചനയുടെ ലോകത്ത് കുറേ നേരം നമ്മെ സ്വയം നഷ്ടപ്പെടുത്തും. ഒരു വരിയില്‍നിന്ന് മറ്റൊരു വരിയിലേക്ക് ഒരു കാല്‍നടക്കാരനായി ആ പേജുകളിലൂടെ നാം നടന്നുതീര്‍ക്കും. ഈ പുസ്തകം അനുഭൂതിയുടെ ലോകത്തേക്കുള്ള അത്തരമൊരു പദയാത്രയാണ്. അതുകൊണ്ട് 2022-ലെ പ്രിയ പുസ്തകം ബുക്ക് പ്ലസ് പ്രസാധനം ചെയ്ത 'ഇച്ച മസ്താന്‍.'

സവര്‍ണ്ണതയുടെ അളവുകോല്‍കൊണ്ടു മാത്രം അളന്നു തിട്ടപ്പെടുത്തി, സാംസ്‌കാരിക സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ച സാംസ്‌കാരിക സവര്‍ണ്ണമണ്ഡലം നടത്തിയ അട്ടിമറികള്‍ എന്തൊക്കെയാണെന്ന് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകും. ശ്രീനാരായണ സ്വാമിയും ഒരു കലന്തറും തമ്മിലുണ്ടായിരുന്ന മാനസിക ഐക്യദാര്‍ഢ്യം, ആ കാലത്തു മാത്രമല്ല, ഈ കാലത്തും പ്രധാനമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com