ഈ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ വാഴ്ചയും വീഴ്ചയും നിര്‍ണ്ണയിക്കും

കഴിഞ്ഞ ദശാബ്ദം വിരാജിച്ച രാഷ്ട്രീയാ ധിപത്യത്തിനു തിരിച്ചടി നേരിട്ടതാണ് അതില്‍ പ്രധാനം
ഈ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ വാഴ്ചയും വീഴ്ചയും നിര്‍ണ്ണയിക്കും

രുപക്ഷേ, ആഗോള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തെക്കുറിച്ച് 2022-ല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് പോളിക്രൈസിസ് എന്ന വാക്കായിരിക്കും. ബ്രസീല്‍ മുതല്‍ യു.എസ് വരെയും പിന്നെ ബ്രിട്ടണിലുമൊക്കെ രാഷ്ട്രീയ വിശകലന വിദഗ്ദ്ധര്‍ നിലവിലുള്ള രാഷ്ട്രീയ രീതിയിലെ മാറ്റത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ആഗോള പ്രതിസന്ധികളെല്ലാം തമ്മില്‍ ബന്ധമുണ്ടെന്നും ഇവയെല്ലാം ചേര്‍ന്ന് ആഗോളക്രമത്തെ പുന:സജ്ജമാക്കുമെന്നുമുള്ളതാണ് ഈ വാക്കിന്റെ ഉപയോഗംകൊണ്ട് അവര്‍ അര്‍ത്ഥമാക്കിയത്. ലിബറല്‍ ജനാധിപത്യത്തിന്റെ പേരില്‍ 20 വര്‍ഷങ്ങളായി തുടര്‍ന്ന ഭീകരതയ്ക്കെതിരേ യുദ്ധത്തെ കണക്കിലെടുക്കാതെ ലോകം ഇപ്പോള്‍ സംശുദ്ധവും മഹത്തരമാണെന്നും വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. എങ്കിലും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ വന്ന ദിശാമാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. 

കഴിഞ്ഞ ദശാബ്ദം വിരാജിച്ച രാഷ്ട്രീയാ ധിപത്യത്തിനു തിരിച്ചടി നേരിട്ടതാണ് അതില്‍ പ്രധാനം. 2022 നവംബറില്‍ യു.എസില്‍ നടന്ന മിഡ് ടേം തെരഞ്ഞെടുപ്പിലെ ബൈഡന്റെ വിജയം വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിന്റെ സാധ്യതകള്‍ക്കു മങ്ങലേല്പിച്ചു. ബ്രസീലിലെ ലുല ഡിസല്‍വയുടെ തിരിച്ചുവരവ് വലതുപക്ഷ രാഷ്ട്രീയവാഴ്ചയ്ക്കുള്ള മറുപടിയായി. ബ്രിട്ടനില്‍ രാഷ്ട്രീയ സെലിബ്രിറ്റിയായ ബോറിസ് ജോണ്‍സണും പിന്‍ഗാമി ലിസ് ട്രസിനും അധികാരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. രാഷ്ട്രീയത്തിലെ അതികായെരെന്നും കരുത്തരെന്നും വിശേഷിപ്പിക്കപ്പെടുന്നവരുടെ കാലം കഴിയുകയാണോ? പുരോഗമന രാഷ്ട്രീയത്തിന്റെ പേരില്‍ പോപ്പുലിസ്റ്റ് നേതാക്കളുടെ ജൈത്രയാത്രകള്‍ക്കു തടസ്സം നേരിടുമോ എന്നീ ചോദ്യങ്ങളാണ് ഈ സംഭവങ്ങളോടനുബന്ധിച്ച് ഉയര്‍ന്നു കേട്ടത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയും സ്വാഭാവികമായി ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടു.

2024-ല്‍ നിലവിലുള്ള അധികാരഭൂപടം മാറ്റിയെഴുതപ്പെടുമോ എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരമില്ല. മോദി മാത്രം എന്ന രാഷ്ട്രീയ തന്ത്രം അടുത്ത തെരഞ്ഞെടുപ്പിലും ഫലം കാണുമോ എന്നതാണ് നിര്‍ണ്ണായകം. അല്ലെങ്കില്‍ ആ രാഷ്ട്രീയ തന്ത്രത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ബി.ജെ.പി എന്ത് മായാജാലമാകും കാണിക്കാന്‍ പോകുക? മോദിയെ ആണ് ജനങ്ങള്‍ അംഗീകരിച്ചതെന്നു തെളിയിക്കുന്നതായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം. ഹിന്ദുത്വരാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തില്‍ ചലനം സൃഷ്ടിക്കാന്‍ മൃദുഹിന്ദുത്വം പയറ്റിയിട്ടും ആം ആദ്മിക്കോ കോണ്‍ഗ്രസ്സിനോ സാധിക്കാതെ പോയതിനു കാരണം മോദി പ്രഭാവം തന്നെയായിരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വര്‍ഷമാണ് 2023. രാജ്യത്തെ 30 നിയമസഭകളില്‍ (28 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും) പതിനാറിടത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്. പത്തു സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി ഭരിക്കുന്നത്. ആറു സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണം നടത്തുന്നു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒന്‍പത് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍  നടക്കും. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ജമ്മുകശ്മീരിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടാകും. നവംബറില്‍ മിസോറാമിലും. ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി ത്രിപുര ഭരിക്കുന്നത്. 2018-ല്‍ ആദ്യമായി ജയിച്ചെങ്കിലും ഇപ്പോള്‍ വിമതശല്യം രൂക്ഷമാണ്. മിസോറാമില്‍ കോണ്‍ഗ്രസ്സും മിസോ നാഷണല്‍ ഫ്രണ്ടുമായിട്ടാണ് പ്രധാന പോരാട്ടം. ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ശക്തികേന്ദ്രമാണ് കര്‍ണാടക. ഭരണത്തിലിരിക്കുന്ന ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലാണ് പോരാട്ടമെങ്കിലും പ്രതിപക്ഷ ചേരിയിലുള്ള ജനതാദള്‍(എസ്) ദക്ഷിണ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകും. 2019-ല്‍ പുറത്താക്കിയെങ്കിലും ജനതാദളുമായുള്ള സഖ്യത്തിലൂടെ അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അഭിപ്രായ വ്യത്യാസങ്ങളും വിമതശല്യവും ബി.ജെ.പിക്കു വെല്ലുവിളിയാണ്. കോണ്‍ഗ്രസ്, ബി.ജെ.പി, ടി.ആര്‍.എസിന്റെ ഭാരത രാഷ്ട്രസമിതി എന്നിവയാണ് പുതിയ സംസ്ഥാനമായ തെലങ്കാനയില്‍ പോരാട്ടത്തിനിറങ്ങുക. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ദേശീയ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന കെ. ചന്ദ്രശേഖര്‍ റാവുവിന് നവംബര്‍-ഡിസംബര്‍ കാലയളവില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റാണ്. 

ഈ കാലയളവില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരാട്ടം നടക്കും. ബി.ജെ.പിയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ അധികാരത്തില്‍. നാലു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്സിലെ വിമതശല്യം കാരണം മുഖ്യമന്ത്രി കമല്‍നാഥിനു സ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. പിന്നീട് ബി.ജെ.പിയുടെ ശിവരാജ് ചൗഹാന്‍ അധികാരത്തിലെത്തുന്നതിനു വഴിയൊരുക്കിയതും ഈ വിമതരാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനത്ത് വിജയിക്കേണ്ടത് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അങ്ങനെ വന്നാല്‍, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള ആത്മബലവും പാര്‍ട്ടിക്കുണ്ടാകും. അശോക് ഗെഹ്ലോ-സച്ചിന്‍ പൈലറ്റ് തര്‍ക്കം നടക്കുന്ന രാജസ്ഥാനിലെ ഫലമാകും ഇതില്‍ ഏറ്റവും ശ്രദ്ധേയം.

ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പ്രധാനമന്ത്രി മോ​ദിയെ ഹാരമണിയിക്കുന്നു
ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പ്രധാനമന്ത്രി മോ​ദിയെ ഹാരമണിയിക്കുന്നു

വീഴുമോ വാഴുമോ കോണ്‍ഗ്രസ്?

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളാണ് കോണ്‍ഗ്രസ്സിന്റെ വാഴ്ചയും വീഴ്ചയും നിര്‍ണ്ണയിക്കുക. കര്‍ണാടക ഉള്‍പ്പെടെ ബി.ജെ.പി സംസ്ഥാന നേതൃത്വം ദുര്‍ബ്ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു തിരിച്ചുവരവിനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പുകള്‍. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വമോ രാഹുല്‍ ഗാന്ധിയോ പ്രചരണത്തില്‍ സജീവമായിരുന്നില്ല. ഹിമാചലിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചതോടെ ദയനീയമായി പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അങ്ങനെയാകില്ല അവസ്ഥയെന്നു പ്രതീക്ഷിക്കാം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയും ജനക്കൂട്ടവും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയിലേക്കുള്ള വോട്ടൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ അത് ഗുണകരമാകുമോ എന്നതാണ് വിഷയം. സംഘ്പരിവാറിനു പ്രത്യയശാസ്ത്രപരമായി വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുന്നുണ്ട്. എന്നാല്‍, സംഘടനാപരമായും നേതൃത്വപരമായും ഗുരുതര പ്രശ്നങ്ങള്‍ കോണ്‍ഗ്രസ്സിനെ വേട്ടയാടുന്നു. 

3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്കു ശേഷം പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസ്സിനു ശക്തിപ്പെടുത്താനാകുമോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് തുടങ്ങിയ ദൗത്യത്തില്‍ ഡി.എം.കെയും ശിവസേനയും എന്‍.സി.പിയും ബി.എസ്.പിയും പി.ഡി.പിയുമൊക്കെ ചേരുന്നത് ശുഭസൂചകമായി കോണ്‍ഗ്രസ് കരുതുന്നു. ബംഗാളില്‍ മമത ബാനര്‍ജിയും തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിനും ആന്ധ്രയിലെ ജഗന്‍ റെഡ്ഡിയും തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവും ഒഡിഷയിലെ നവീന്‍ പട്നായിക്കും ബിഹാറിലെ നിതീഷ്‌കുമാറുമൊക്കെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടാനൊരുങ്ങുന്നത് പ്രബലശക്തിയായ ബി.ജെ.പിയെ തന്നെയാണ്. തോല്‍വികളേറ്റുവാങ്ങുന്ന കോണ്‍ഗ്രസ്സിനെ അവര്‍ എതിരാളിയായിപ്പോലും കണക്കാക്കുന്നില്ല. ഈ പാര്‍ട്ടികള്‍ ചിലതെങ്കിലും ബി.ജെ.പിയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയേക്കാമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. പ്രാദേശിക സ്വത്വം മെച്ചപ്പെടുത്തി അതതു സംസ്ഥാനങ്ങളില്‍ സ്വാധീനം നിലനിര്‍ത്തുകയാണ് ഈ പാര്‍ട്ടികളുടെ ലക്ഷ്യം.

അമിത് ഷായും മോദിയും
അമിത് ഷായും മോദിയും

പ്രാദേശിക പാര്‍ട്ടികളുടെ അടിസ്ഥാനശിലയായ സ്വത്വം തന്നെയാണ് ഒന്നാമത്തെ പരിമിതി. ഭൂമിശാസ്ത്രപരമായ, ഭാഷാപരവും സാംസ്‌കാരികവുമായ അതിര്‍ത്തികള്‍ക്കപ്പുറം ഈ പാര്‍ട്ടികള്‍ അംഗീകരിക്കപ്പെടില്ലെന്നതു വസ്തുതയാണ്. അധികാരത്തിനായി ചില നീക്കുപോക്കുകള്‍ നടന്നേക്കാം. എന്നാലും അടിസ്ഥാനപരമായുള്ള ഭിന്നത വലിയൊരു വിടവായി നിലനില്‍ക്കും. പാര്‍ട്ടികള്‍ക്ക് എത്ര ദേശീയ കാഴ്ചപ്പാടുകളുണ്ടെങ്കില്‍പ്പോലും അവരെ ഉള്‍ക്കൊള്ളാന്‍ മറ്റുള്ളവര്‍ തയ്യാറാകില്ല എന്നതാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക പാര്‍ട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടായാല്‍പ്പോലും അതിനെ ശിഥിലമാക്കാന്‍ എളുപ്പമാണ്. മുന്‍ സഖ്യസാധ്യതകളെ കോണ്‍ഗ്രസ്സാണ് ഇങ്ങനെ ഇല്ലാതാക്കിയതെങ്കില്‍ ഇപ്പോള്‍ അത് ബി.ജെ.പിയായിരിക്കും. കോണ്‍ഗ്രസ്സിനുണ്ടായിരുന്നതിനേക്കാള്‍ അധികാരവും പണക്കൊഴുപ്പും ഇന്ന് ബി.ജെ.പിക്കുണ്ട്. രാഷ്ട്രീയ സത്യസന്ധതയാണ് രണ്ടാമത്തെ പരിമിതി. വിലപേശലുകള്‍ക്കൊടുവില്‍ സ്വന്തം താല്പര്യങ്ങള്‍ക്കു നല്‍കുന്ന മുന്‍തൂക്കം പുതിയ രാഷ്ട്രീയ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതാണ് കണ്ടുവരുന്നത്. 

കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേയും അണ്ണാ ഡി.എം.കെയേയും ജനതാദള്‍ യു.വിനേയും ടി.ഡി.പിയേയുമെല്ലാം ബി.ജെ.പി സമയാസമയങ്ങളില്‍ കൂടെ നിര്‍ത്തിയിട്ടുമുണ്ട്. സങ്കുചിത ചിന്തയുടെ ഇടുങ്ങിയ മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന ഈ പ്രാദേശിക നേതാക്കള്‍ക്ക് രാജ്യത്തിന്റെ പൊതു ആവശ്യം ഇനിയും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. മറ്റൊന്ന് വ്യക്തിപ്രഭാവമുള്ള ഒരു നേതാവിലേക്ക് ചുരുങ്ങുന്ന നേതൃത്വമാണ് പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു പരിമിതി. പല പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കളില്ല. നിതീഷ്‌കുമാറിനും നവീന്‍ പട്‌നായിക്കിനും ശേഷം ജെ.ഡി.യുവിന്റേയും ബിജു ജനതാദളിന്റേയും ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ജയലളിതയ്ക്കു ശേഷം എ.ഐ.ഡി.എം.കെ പിളര്‍ന്ന് ശക്തി ക്ഷയിച്ചത് മറ്റൊരു ഉദാഹരണം. പാരമ്പര്യം പിന്‍പറ്റി പാര്‍ട്ടിയുടെ നേതൃത്വം പിന്‍തലമുറയ്ക്കു നല്‍കിയാണ് ഈ പ്രതിസന്ധിയെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും മറികടന്നത്. തലമുറ മാറ്റത്തില്‍ ചില പാര്‍ട്ടികള്‍ക്കെങ്കിലും അത് ഗുണകരവുമായിട്ടുണ്ട്. ഡി.എം.കെയാണ് അതിന് ഉദാഹരണം. നേതാക്കളുടെ സമഗ്രാധിപത്യമാണ് മറ്റൊരു പരിമിതി. മമതാ ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും കെ.സി.ആറും സമഗ്രാധിപത്യ സ്വഭാവം പുലര്‍ത്തുന്നവരാണ്. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി കുട്ടികൾക്കൊപ്പം
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി കുട്ടികൾക്കൊപ്പം

കോണ്‍ഗ്രസ്സിനു തിരിച്ചുവരവ് സാദ്ധ്യമോ?

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഖാര്‍ഗെയുടെ വരവ് കോണ്‍ഗ്രസ്സിനു ഗുണകരമാകുമെന്ന് കരുതാം. ഹിമാചലിലെ വിജയം ഹിന്ദി ബെല്‍റ്റില്‍ ഇനിയും പാര്‍ട്ടിക്കു ജയിക്കാനാകുമെന്ന പ്രതീക്ഷയും നല്‍കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനോടുള്ള അകല്‍ച്ചയും മാറി വരുന്നുണ്ട്. പ്രധാനമന്ത്രിയാകാന്‍ താനില്ലെന്നും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്നുമുള്ള നിതീഷ്‌കുമാറിന്റെ പ്രസ്താവന തന്നെ ഉദാഹരണം. വിട്ടുവീഴ്ചകള്‍ക്കു വഴങ്ങിയാല്‍ അതിന്റെ നേട്ടം പാര്‍ട്ടിക്കുണ്ടാകും. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആശ്വാസമായത് സംഭവിക്കുമെന്ന മിഥ്യാധാരണ കോണ്‍ഗ്രസ് മാറ്റിവച്ചില്ലെങ്കില്‍ 2019-ന്റെ ആവര്‍ത്തനമാകും 2024-ലും നടക്കുക. കഴിഞ്ഞതവണ 52 സീറ്റുകളേ നേടാനായുള്ളൂവെങ്കിലും 12 കോടി വോട്ടുകളും 20 ശതമാനം വോട്ടുവിഹിതവും കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. ബി.ജെ.പിക്കു കിട്ടിയ വോട്ടുകള്‍ 22 കോടിയാണെന്നോര്‍ക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വിജയിച്ച സഖ്യം മാതൃകയാക്കിയാല്‍ ഈ പ്രതിസന്ധി മറികടക്കാനാകും. പക്ഷേ, അപ്പോഴും അധികാരത്തിന്റെ വിലപേശല്‍ ശക്തി പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ലഭിക്കും. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ദുര്‍ബ്ബലമായ പാര്‍ട്ടി അടിത്തറയുള്ള കോണ്‍ഗ്രസ്സിനു വിട്ടുവീഴ്ചകളിലൂടെ മാത്രമേ അധികാര രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനാകൂവെന്നതാണ് ഒരു സാധ്യത.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com