ഭരണഘടനാപരമായി തികച്ചും അസാധ്യമായ ആശയം

ഏകീകൃത സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിനും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമസംഹിതയെന്നാണ്
ഭരണഘടനാപരമായി തികച്ചും അസാധ്യമായ ആശയം

ബി.ജെ.പിയുടെ പാര്‍ലമെന്റ് മെമ്പര്‍ ഡോ. കിരോഡിലാല്‍ മീന രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതോടു കൂടി ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് വീണ്ടും സജീവ ചര്‍ച്ചയായി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബല്‍ബീര്‍ സിംഗ് ചൗഹാന്‍ അദ്ധ്യക്ഷനായ 21-ാം ദേശീയ ലോ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് രാജ്യത്തിനാവശ്യമില്ലെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് നടത്തുന്ന വല്ല നിയമ നിര്‍മ്മാണവും ഭരണ ഘടനയുടെ അന്തസ്സത്തയെ തന്നെ നശിപ്പിക്കുമെന്നായിരുന്നു 21-ാം ദേശീയ ലോ കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നത്. 

ഏകീകൃത സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിനും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമസംഹിതയെന്നാണ്. ഭരണഘടനയുടെ ആഭരണ അധ്യായം എന്നു വിശേഷിപ്പിക്കുന്ന നാലാം ഭാഗത്തിലെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ 44-ാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തി പൗരന്മാര്‍ക്ക് ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപ സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണെന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിര്‍ദ്ദേശക തത്ത്വങ്ങള്‍ ഏതെങ്കിലും കോടതിക്കു നടപ്പാക്കാവുന്നതല്ലെന്നും അവകള്‍ രാജ്യഭരണത്തില്‍ മൗലികമായിരിക്കുന്നതും നിയമനിര്‍മ്മാണത്തില്‍ ഈ തത്ത്വങ്ങള്‍ പ്രയോഗിക്കുന്നത് രാഷ്ട്രത്തിന്റെ കര്‍ത്തവ്യം ആയിരിക്കുന്നതാണെന്ന് നാലാം ഭാഗത്തില്‍ അനുച്ഛേദം 37-ല്‍ പ്രത്യേകം വിവരിച്ചിട്ടുള്ളതുമാണ്.

രാജ്യത്തെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപജീവനോപായങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുക, സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക് ഉതകുംവിധം വിതരണം ചെയ്യുക, സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനം പൊതു ഹാനിക്കിടയാകത്തക്കവണ്ണം സ്വത്തിന്റെ ഉല്പാദനോപാധികളുടേയും കേന്ദ്രീകരണം ഉണ്ടാകാതിരിക്കുക എന്നിവയൊക്കെയാണ് നിര്‍ദ്ദേശക തത്ത്വങ്ങളിലെ ചില സുപ്രധാന ഇനങ്ങള്‍. നിയമനിര്‍മ്മാണ വേളയില്‍ സര്‍ക്കാറുകളുടെ മൗലികമായ ഉപദേശങ്ങള്‍ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ ഊന്നിയായിരിക്കാന്‍ യത്‌നിക്കണമെന്നതാണ് ഭരണഘടന തത്ത്വങ്ങള്‍. 

സിവില്‍-ക്രിമിനല്‍ നിയമസംഹിതകള്‍ 

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച നിയമങ്ങളാണ് പ്രധാനമായും സിവില്‍ നിയമസംഹിതയില്‍ പെടുക. മറിച്ച് ക്രിമിനല്‍ കുറ്റം സമൂഹത്തിന് എതിരെന്ന നിലയില്‍ ഇരയ്ക്കുവേണ്ടി സ്റ്റേറ്റാണ് വാദി. അതുകൊണ്ടുതന്നെ രാജ്യത്തെ ക്രിമിനല്‍ നിയമസംഹിത എല്ലാവര്‍ക്കും ബാധകമാവും വിധം ഏതാണ്ട് ഏകീകൃതമാണ്. ബഹുഭാര്യാത്വം പോലുള്ള അത്യപൂര്‍വ്വം കുറ്റങ്ങള്‍ മാത്രമേ അതിനപവാദമായിട്ടുള്ളൂ. സിവില്‍ നിയമത്തില്‍ നിരവധി ഉപശാഖകളുണ്ട്. ഉദാഹരണമായി വാണിജ്യ തര്‍ക്കങ്ങള്‍, സ്വത്തു തര്‍ക്കങ്ങള്‍ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, മതം, വിശ്വാസം, ആചാരം, കുടുംബം, വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ചുളള വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവയില്‍ പ്രധാനമാണ്. 

ഇന്ത്യയില്‍ ഇന്ന് പ്രാബല്യത്തിലുള്ള ബഹുഭൂരിപക്ഷം സിവില്‍ നിയമങ്ങളും മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത നിയമങ്ങളാണ്. 1882-ലെ വസ്തു കൈമാറ്റ നിയമം, 1930-ലെ വസ്തു വില്‍പന നിയമം, 1963-ലെ നിര്‍ദ്ദിഷ്ട നിവൃത്തി നിയമം, 1988-ലെ ബെനാമി ഇടപാട് നിരോധന നിയമം, 1897-ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആകട് 1872-ലെ ഇന്ത്യന്‍ കരാര്‍ നിയമം എന്നിങ്ങനെയുള്ള സിവില്‍ നിയമങ്ങളെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഏകീകൃത സിവില്‍ നിയമങ്ങളാണ്. ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന മേല്‍വിവരിച്ച ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളെല്ലാം ഭരണഘടനയുടെ അനുച്ഛേദം 372 അനുസരിച്ച് ഭരണഘടനയുടെ മറ്റു വ്യവസ്ഥകള്‍ക്കു വിധേയമായി പ്രാബല്യത്തിലിരിക്കുന്നതാണെന്നു വ്യവസ്ഥ ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ ബ്രിട്ടീഷ് ഭരണകാലത്തെ മേല്‍നിയമങ്ങള്‍ക്കു ഭരണഘടന പരിരക്ഷയുള്ളതാണ്. 

സിവില്‍ നിയമങ്ങളിലെ മറ്റു രണ്ട് സുപ്രധാന ശാഖകളാണ് മതസ്ഥാപനങ്ങളെ ബാധിക്കുന്ന ദേവസ്വം, വഖഫ് നിയമങ്ങള്‍. കൂടാതെ പൗരന്റെ വ്യക്തിനിയമങ്ങളുടെ ഗണത്തില്‍പ്പെടുന്ന വിവാഹം, വിവാഹ മോചനം, ദത്തു മരണ ശാസനം, കൂടാതെ മരിച്ചാലുള്ള വസ്തുക്കളുടെ പിന്‍ തുടര്‍ച്ച, വസ്യത്ത്, ദാനം, കൂട്ടുകുടംബ സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൂന്നാം ഭാഗത്തില്‍ വിവരിച്ചിട്ടുള്ള അനുച്ഛേദം 25 അനുസരിച്ചുള്ള സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവകാശങ്ങളില്‍പ്പെട്ടതാണ്. പൗരന് ഭരണഘടനയുടെ മൗലിക അവകാശങ്ങളുമായി ഉറപ്പ് നല്‍കിയിട്ടുള്ള മേല്‍വിവരിച്ച അവകാശങ്ങള്‍ മാറ്റി എഴുതുവാനോ മറ്റ് മതാചാരങ്ങളോടും വിശ്വാസങ്ങളോടും ഏകീകരിപ്പിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്തുവാനോ പാര്‍ലമെന്റിനോ നിയമസഭകള്‍ക്കോ അധികാരമില്ലാത്തതാണ്. കാരണം ഭരണഘടനയുടെ അനുച്ഛേദം 13(2) അനുസരിച്ച്, മൂന്നാം ഭാഗത്തില്‍ നല്‍കിയിട്ടുള്ള മേല്‍വിവരിച്ച അവകാശങ്ങള്‍ എടുത്തു കളയുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന യാതൊരു നിയമവും രാഷ്ട്രം നിര്‍മ്മിക്കാന്‍ പാടില്ലയെന്നും ആയത് ലംഘിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഏതു നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതാണെന്നു വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മേല്‍വിവരിച്ച ഭരണഘടന വ്യവസ്ഥകള്‍ക്കു വിപരീതമായി ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ മതാചാരങ്ങള്‍ ഏകീകരിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തിയാല്‍ അത്തരം നിയമനിര്‍മ്മാണം ഭരണഘടനാവിരുദ്ധമെന്ന നിലയില്‍ത്തന്നെ നിലനില്‍ക്കുന്നതല്ല. മുസ്ലിം വ്യക്തിനിയമങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നല്‍കിയ പരിരക്ഷയാണ് 1937-ലെ ശരിഅത്ത് ആക്ട്, അവ പിന്നീട് ഭരണഘടന നിലവില്‍ വന്നതില്‍ പിന്നെ അനുച്ഛേദം 372 അനുസരിച്ച് പരിരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്. 

മുസ്ലിം വിശ്വാസം അനുസരിച്ച് മുസ്ലിം വ്യക്തിനിയമത്തിന്റെ ജനയിതാവ് - സൃഷ്ടികര്‍ത്താവ് അള്ളാഹുവാണെന്നും ദൈവകല്‍പ്പനകള്‍ ആകുന്ന നിയമം ദൂതന്മാര്‍ മുഖേന ലോകത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) മുഖേന ഇറക്കിയ കല്‍പ്പനകള്‍ പരിശുദ്ധ ഖുറാന്‍ രൂപത്തില്‍ വിവരിച്ച പ്രകാരമാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ പിന്തുടരുന്നത്. വിവാഹം, വിവാഹ മോചനം, മരണ ശാസനം കൂടാതെയുള്ള മരണാനന്തരമുള്ള പിന്തുടര്‍ച്ച, വസ്യത്ത്, ദാനം, ദത്ത് എന്നിവ ഖുറാനിലെ കല്‍പ്പനകള്‍ അനുസരിച്ചാണ് പിന്തുടര്‍ന്ന് വരുന്നത്.

പരസ്പര നന്മയാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന ജീവിതരീതി. 

വാങ്ങുന്നവര്‍ക്കു മാത്രം ഗുണം ചെയ്യുന്ന ഇടപാട് ആണ് പലിശയെന്നതുകൊണ്ടാണ് ഇസ്ലാം പലിശ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത്. പരിശുദ്ധ ഖുറാന്‍ സുറ 13-132-ല്‍ 'റിബ' അല്ലെങ്കില്‍ പലിശ വാങ്ങുന്നതും കൊടുക്കുന്നതും വലിയ പാപമാണെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പലിശ സംബന്ധിച്ച 1978-ലെ ഇന്ത്യന്‍ പലിശ നിയമവും സിവില്‍ നിയമസംഹിതയിലെ പലിശ സംബന്ധിക്കുന്ന 34-ാം വകുപ്പും മുസ്ലിങ്ങള്‍ക്കു ബാധകമാക്കരുതെന്ന് ഇന്നേവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇസ്ലാം കണിശമായി പിന്തുടരുന്ന ചില വ്യക്തികള്‍ തങ്ങള്‍ നടത്തുന്ന ബാങ്കിടപാടില്‍ പലിശ വേണ്ടെന്നുള്ള നിശ്ചയത്തില്‍ പലിശ ലഭിക്കാതിരിക്കാന്‍ വേണ്ടി ഒരേ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ആരംഭിച്ചു. ഓരോ 29-ാമത്തെ ദിവസം തങ്ങളുടെ ഒരു അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് പരസ്പരം മാറ്റിക്കൊണ്ട് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി പലിശ വേണ്ടെന്നു വെക്കുന്ന സംഭവങ്ങളും അപൂര്‍വ്വമായി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സിവില്‍ നിയമത്തിലെ 1978-ലെ പലിശ നിയമമോ 1974-ലെ പലിശ - നികുതി നിയമമോ മുസ്ലിങ്ങള്‍ക്കു ബാധകമാകരുതെന്നോ ഇന്നേവരെ ആരും ആവശ്യപ്പെട്ടിട്ടില്ലതാനും.
    
ഹിന്ദുമത വിശ്വാസികള്‍ക്കു നികുതി നല്‍കുന്നതില്‍നിന്നും ഇളവു ലഭിക്കുന്ന ഭാഗിക്കാത്ത കൂട്ടുകുടുംബം നിലനിര്‍ത്തിക്കൊണ്ട് സ്വത്തുക്കള്‍ നടത്തിവരുവാനുള്ള പ്രത്യേക അവകാശം, മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മറ്റു മതവിഭാഗങ്ങള്‍ക്കില്ല. രാജ്യത്ത് ഏകീകൃത ക്രിമിനല്‍ നിയമ സംഹിതയാണ് നിലനില്‍ക്കുന്നതെങ്കില്‍പോലും സിക്കു മതവിഭാഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി കൃപാണുകള്‍ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അവ ഭരണഘടനാപരമായ സിക്കുമത വിശ്വാസികള്‍ക്കുള്ള പ്രത്യേക മൗലികാവകാശമാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 25-ലെ ഒന്നാം വിശദീകരണ കുറിപ്പില്‍ വ്യക്തമായി വിവരിച്ചിട്ടുള്ളതുമാണ്. എന്നാല്‍, സിക്കുമത വിശ്വാസികളല്ലാത്തവര്‍ക്ക് വിമാനയാത്രയിലടക്കം കൃപാണിനു സമാനമായ യാതൊരായുധവും കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിയമപരമായി അനുവദനീയമല്ല.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ആഗ്രഹിക്കും വിധം രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടേയും വ്യക്തിനിയമം ഏകീകരിച്ചുകൊണ്ടുള്ള കുടുംബനിയമങ്ങളുടെ സംഹിതയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനയുടെ അനുച്ഛേദം 25-ാം ഭേദഗതി ചെയ്യണം. അപ്രകാരമുള്ള ഒരു ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയിലെ മാറ്റമാണ് ആയതിനെ പാര്‍ലമെന്റിന് അധികാരമില്ലെന്ന സുപ്രസിദ്ധമായ കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷ വിധി ഇപ്പോഴും ഫലത്തിലും ബലത്തിലും നില്‍നില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ ഭരണഘടന ഭേദഗതിയില്‍ കൂടി ഏകീകൃത വ്യക്തിനിയമ സംഹിത നടപ്പിലാക്കുവാനും സാദ്ധ്യമല്ലയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള വെറും രാഷ്ട്രീയ പ്രചരണം മാത്രമാണ് ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നു വേണം കരുതാന്‍. ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്ന ദേശീയ ജൂഡീഷ്യല്‍ കമ്മിഷനു രൂപം നല്‍കികൊണ്ടുള്ള 99-ാം ഭരണഘടനാ ഭേദഗതി നിയമം ഭരണകക്ഷിയും പ്രതിപക്ഷവും അനുകൂലിച്ച് വോട്ട് ചെയ്തുകൊണ്ടും പാര്‍ലമെന്റ് പാസ്സാക്കുകയും പകുതിയിലധികം നിയമസഭകള്‍ ശരിവെച്ചുകൊണ്ട് പാസ്സാക്കിയ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരാണെന്ന കാരണത്താല്‍ സുപ്രീംകോടതി അസാധുവാക്കിയതും അടുത്തകാലത്തായിരിക്കുന്നുവെന്നതും കൂട്ടി വായിക്കുമ്പോള്‍ ഭരണഘടന ഭേദഗതിയില്‍ കൂടി ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ഭരണഘടനാപരമായി തികച്ചും അസാധ്യമാണെന്നു വളരെ വ്യക്തമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com