സ്വന്തം 'സ്വത്തി'നു ചുറ്റുമുള്ള വേലികെട്ട്; ആ പൊതിഞ്ഞുവെയ്ക്കല്‍ സ്ത്രീയുടെ ആവശ്യമേ അല്ല

ഇറാനില്‍ സ്ത്രീകള്‍ ഇന്ന് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഒരു വിപ്ലവത്തിനു തീ കൊളുത്തുകയാണ്
സ്വന്തം 'സ്വത്തി'നു ചുറ്റുമുള്ള വേലികെട്ട്; ആ പൊതിഞ്ഞുവെയ്ക്കല്‍ സ്ത്രീയുടെ ആവശ്യമേ അല്ല

റാനില്‍ സ്ത്രീകള്‍ ഇന്ന് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഒരു വിപ്ലവത്തിനു തീ കൊളുത്തുകയാണ്. പെട്ടെന്നുള്ള നോട്ടത്തില്‍ ഹിജാബ് ഒരു പ്രത്യേക മതത്തിന്റെ ചിഹ്നമായാണ് ആളുകളുടെ മനസ്സില്‍ സ്ഥലം പിടിക്കാറ്. സ്ത്രീകള്‍ നിര്‍ബ്ബന്ധമായും ധരിക്കേണ്ട ഒരു വസ്ത്രത്തുണ്ടാണിത് എന്ന് മതം അനുശാസിക്കുന്നു എന്നാണ് ചില മതാധിപന്മാരും ചില മത രാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ശാഠ്യം പിടിക്കുന്നത്. അവര്‍ പറയുന്നത് സത്യമാണെങ്കില്‍, അതായത് ഇസ്ലാം മതഗ്രന്ഥം അനുസരിച്ച് സ്ത്രീകള്‍ ഈ പ്രത്യേക വേഷം ധരിക്കണം എന്നത് നിര്‍ബ്ബന്ധമായിരുന്നെങ്കില്‍ പല മതരാഷ്ട്രങ്ങളിലേയും മത - രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകള്‍ക്കുമേല്‍ ഇത്തരമൊരു നിര്‍ബ്ബന്ധം ചെലുത്താത്തതെന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഉദാഹരണത്തിനു കുറച്ചുകാലം മുന്‍പ് വരെ കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ ഇത്തരം ഒരു വേഷമല്ല ധരിച്ചിരുന്നത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമകളില്‍ പോലും മുസ്ലിം സ്ത്രീകളുടെ വേഷം കാച്ചിയും കുപ്പായവും തട്ടവുമായിരുന്നു. പര്‍ദ്ദയും ഹിജാബും ധരിക്കാന്‍ ഇപ്പോഴും പലരും തയ്യാറായിട്ടുമില്ല. ഇവരൊക്കെ മതനിന്ദ നടത്തുന്നവരാണോ എന്ന ചോദ്യവും ഇതിന്റെ ഭാഗമായി ഉയരും. മതാനുശാസനങ്ങളുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കുമേല്‍ ഇത്തരം ആജ്ഞകള്‍ കര്‍ശനമായി അടിച്ചേല്പിക്കുമ്പോള്‍ത്തന്നെ പൊതു മതാനുശാസനങ്ങള്‍ അതേ മതാനുയായികളായ പുരുഷന്മാര്‍ക്ക് അത്രയൊന്നും ബാധകമാകാറില്ല എന്നു കാണാം. മതമല്ല, ആണധികാര വ്യവസ്ഥയാണ് ഈ അനുശാസങ്ങള്‍ക്കു പിന്നില്‍ കളിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. അതുകൊണ്ടുതന്നെ പറയട്ടെ, പര്‍ദ്ദ അല്ലെങ്കില്‍ ഹിജാബ് ഒരു മതചിഹ്നം എന്നതിനേക്കാള്‍ എത്രയോ കൂടുതലായി ആണധികാരവ്യവസ്ഥയുടെ അടയാളമായാണ് കണക്കാക്കപ്പെടേണ്ടത്. സ്ത്രീയുടെ ശരീരഭാഗങ്ങള്‍ മറച്ചുവെയ്ക്കണമെന്ന വിശ്വാസവും ആവശ്യവും ആണധികാര വ്യവസ്ഥയുടെ ആജ്ഞകളില്‍ അധിഷ്ഠിതമാണ്. സ്ത്രീ ശരീരത്തെ പുരുഷന്റെ ഉപയോഗത്തിനുള്ള വസ്തുവായി മാത്രം പരിഗണിക്കുന്ന ഒരു പരിശീലനത്തിന്റെ ഭാഗവും കൂടിയാണത്.സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ചിന്താപദ്ധതിയിലാണ് വേരൂന്നി നിലനില്‍ക്കുന്നത് എന്നതാണ് ഇതിനര്‍ത്ഥം. 

ആണധികാര അജന്‍ഡ

സ്ത്രീ എന്താണ് എന്നല്ലാതെ സ്ത്രീക്ക് എന്താകാം എന്ന ഒരു ചിന്ത ആണധികാര വ്യവസ്ഥയുടെ ക്ലാവുപിടിച്ച അജന്‍ഡയില്‍ ഒരിക്കലും സ്ഥലംപിടിച്ചിട്ടില്ല. മാത്രമല്ല, ആണധികാര വ്യവസ്ഥ എന്നും മതത്തിന്റെ കൂട്ടുപിടിച്ചാണ് സമൂഹത്തില്‍ നിലനിന്നിട്ടുള്ളതും മുന്നോട്ട് നടന്നിട്ടുള്ളതും. എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണ് എന്നു പറയേണ്ടിവരുന്നത് അവ ആണധികാര വ്യവസ്ഥിതിയുമായി ഉണ്ടാക്കുന്ന മലീമസമായ, പക്ഷഭേദപരമായ കൂട്ടുകെട്ടുകൊണ്ട് കൂടിയാണ്. ദൈവവിശ്വാസം ഒരു വില്‍പ്പനച്ചരക്കായി കൊണ്ടുനടക്കുമ്പോള്‍ അതിന്റെ പേരില്‍ മതങ്ങള്‍ക്ക് അനുയായികളുടെമേല്‍ അടിച്ചേല്പിക്കാനാവുന്ന കാര്യങ്ങള്‍ വളരെ ഏറെയാണ്. പെണ്ണിനെ പുറംലോക സമ്പര്‍ക്കത്തിന് അനുവദിക്കാതെ (ആ സമ്പര്‍ക്കം പെണ്ണിന് ആവശ്യമില്ലെന്നു ഗാഢമായി വിശ്വസിക്കുന്ന വ്യവസ്ഥിതിയാണ് ആണധികാര വ്യവസ്ഥിതി.) സുരക്ഷയുടെ പേരില്‍ പൊതിഞ്ഞുവയ്ക്കുകയും സ്വന്തം ഉപയോഗത്തിനു പാത്രമാക്കുകയും ചെയ്യുന്ന ആണധികാരവ്യവസ്ഥ സ്ത്രീയെ തടവിലിടാന്‍ ഏറെ കാര്യങ്ങള്‍ കാലാകാലം ചെയ്തുപോന്നിട്ടുണ്ട്. സ്ത്രീ - മനസ്സിനെ പൂര്‍ണ്ണമായി അവഗണിക്കുകയും ശരീരത്തെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുകയും ചെയ്യുന്ന ഈ വ്യവസ്ഥയില്‍ പെണ്ണിന്റെ ശരീരം അതിന്റെ 'ഉടമസ്ഥ'നായ ഒരു പുരുഷന്റെ സ്വകാര്യ സ്വത്തായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് പുരുഷനും പുരുഷനും തമ്മില്‍ ഉള്ള ബലംപിടുത്തങ്ങളില്‍ പലപ്പോഴും ശത്രുവിന്റെ (ശത്രു രാജ്യത്തിന്റേയും) സ്ത്രീകളെ അപമാനിക്കാനും ബലാല്‍ക്കാരം ചെയ്യാനും ശ്രമിച്ചുകൊണ്ട് ശത്രുവിനെ അപമാനിച്ച് ജയിക്കാന്‍ പുരുഷന്‍ ശ്രമിച്ചിട്ടുള്ളത്. സ്വന്തം സ്ത്രീകളുമായുള്ള അന്യസമ്പര്‍ക്കം സ്വകാര്യസ്വത്തിലേക്കുള്ള അന്യന്റെ കടന്നുകയറ്റത്തിനു തുല്യമാകുന്നതും അതുകൊണ്ടാണ്. മറ്റു പുരുഷന്മാരുടെ കണ്ണുകളില്‍നിന്നു സ്വന്തം സ്ത്രീയെ പൊതിഞ്ഞുവെയ്‌ക്കേണ്ടത് ആവശ്യമാണെന്ന ചിന്ത ഉടമസ്ഥന്റെ ആത്മവിശ്വാസക്കുറവില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ആ പൊതിഞ്ഞുവെയ്ക്കല്‍ ഒരിക്കലും സ്ത്രീയുടെ ആവശ്യമേ അല്ല. സ്വന്തം 'സ്വത്തി'നു ചുറ്റുമുള്ള ഈ വേലികെട്ട്, ഭീരുവും അശക്തനുമായ ഒരു പുരുഷന്റെ ദുരഭിമാനത്തിനു താങ്ങായി നില്‍ക്കുന്നുണ്ടാവാം. വിശുദ്ധ മതഗ്രന്ഥത്തിന്റെ പേരും പറഞ്ഞ് അതില്‍ പറഞ്ഞിട്ടില്ലാത്ത പലതും അധികാരം കിട്ടിയ അല്പന്മാരുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമാംവിധം മാറ്റിമറിച്ച് സ്ത്രീയെ തടവിലിടാനുള്ള ഒരുപാട് നിയമങ്ങള്‍ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുരുഷമേധാവിത്വം, ഒരു മതത്തിന്റെ മാത്രമല്ലാതെ എല്ലാ മതങ്ങളുടേയും ഭാഗമാകുന്നത് ഈ മത - ആണധികാര കൂട്ടുകെട്ടിന്റെ ഫലമായാണ്. സ്ത്രീകള്‍ക്കു മാത്രം ബാധകമായ നിയമങ്ങള്‍ അങ്ങനെയാണ് മതങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. ഉടമസ്ഥനു വേണ്ട നിയമങ്ങള്‍ പുരുഷനുവേണ്ടിയും അടിമകള്‍ക്കുവേണ്ട നിയമങ്ങള്‍ സ്ത്രീക്കുവേണ്ടിയും എന്നാണ് ആ അലിഖിത വിഭജനം.

മനുഷ്യമസ്തിഷ്‌കത്തിനു വിവേകവും അറിവും നല്‍കുന്ന പഠിപ്പ് ആണിനു മാത്രം ലഭിക്കേണ്ടതാണെന്നും സാമൂഹ്യജീവിതത്തിലെ ഒരു മണ്ഡലങ്ങളിലും ഇടപെടേണ്ടതില്ലാതെ അടിമകള്‍ മാത്രം ആകേണ്ട സ്ത്രീകള്‍ക്ക് പഠിപ്പ് ആവശ്യമില്ലെന്നുമുള്ള വിശ്വാസം എല്ലാ മതങ്ങളിലും നിലനിന്നിരുന്നതിനു ചരിത്രം സാക്ഷിയാണ്. അതിന്റെ പരിണത വിശ്വാസങ്ങളാണ് ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാകരുതെന്നും ആണിന്റെ വെറും മൂന്നു വാക്കില്‍ ജീവിതം തുലയ്ക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും പുരുഷന്‍ പറയുന്നത്. എന്തും അനുസരിക്കാന്‍ പെണ്ണുങ്ങള്‍ ബാധ്യസ്ഥരാണ് എന്നും പറയുന്ന നീതിയുക്തമല്ലാത്ത, അസംബന്ധജഡിലമായ വിശ്വാസങ്ങള്‍. അവയെ ആചാരങ്ങളാക്കി മാറ്റുകയാണ് മതനിയമങ്ങള്‍ എന്നും ചെയ്തത്. ഈ ആചാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നിലനിര്‍ത്തിയാണ് പുരുഷന്‍ സാമ്പത്തികമായും അതിലൂടെ സാമൂഹ്യമായും മേധാവികളായത്. പെണ്ണിന്റെ സമ്പാദ്യവും അതിലേക്ക് നയിക്കുന്ന ജോലിയും അതു നല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും ആശ്രിതത്വമില്ലായ്മയുമായിരുന്നു പുരുഷമേധാവിത്വത്തിന്റെ എന്നത്തേയും ഏറ്റവും വലിയ പേടികള്‍. ഏതുവിധത്തിലും സ്ത്രീയെ തടവിലാക്കേണ്ടത് അവര്‍ക്ക് അത്യാവശ്യമായി തീര്‍ന്നത് അതിനാലായിരുന്നുതാനും. 'കുലീന', 'നല്ല സ്ത്രീ', 'ചാരിത്ര്യവതി' തുടങ്ങിയ ആശയങ്ങളെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് നിര്‍വ്വചിക്കുകയാണ് മേധാവിയായ പുരുഷന്‍ അതിന് എന്നും കണ്ടിട്ടുള്ള പോംവഴിയും.

ഇതിന്റെ പശ്ചാത്തലത്തില്‍ വേണം നമുക്കു മുസ്ലിം സ്ത്രീ ധരിക്കണമെന്ന് മതം നിര്‍ബ്ബന്ധിക്കുന്നു എന്നു പറയപ്പെടുന്ന പര്‍ദ്ദയേയും ഹിജാബിനേയും നോക്കിക്കാണാന്‍. അതു സ്വാഭീഷ്ടപ്രകാരം ഒരു സ്ത്രീ തിരഞ്ഞെടുക്കുന്ന വസ്ത്രത്തുണ്ടല്ല. അതൊരു വലിയ കുരുക്കാണ് എന്ന് ഈ പറയുന്ന ഏവര്‍ക്കും അറിയാം. തടവിന്റെ, അടിമത്വത്തിന്റെ, പരാശ്രയത്തിന്റെ, പരിമിതികളുടെ ഭാണ്ഡക്കെട്ടാണ് അത്. സ്വന്തം മതവിശ്വാസം പുലര്‍ത്തണമെങ്കില്‍ സ്ത്രീ സ്ഥിരം ചുമന്നുനടക്കേണ്ട ഒരു വലിയ ചുമട്.

ഭര്‍ത്താവിന്റെ ചിതയില്‍ ചാടിമരിക്കണമെന്നത് ഒരു നല്ല ക്ഷത്രിയ ഭാര്യയുടെ ധര്‍മ്മമാണ് എന്നാണ് ഒരുകാലത്ത് ഹിന്ദുമതം പറഞ്ഞത്. പ്രാകൃതമായ ഈ സതി സമ്പ്രദായം സര്‍ക്കാര്‍ നിയമം മൂലം നിര്‍ത്തലാക്കിയപ്പോള്‍ ഇന്ത്യയില്‍ 70,000 സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഇതിനുള്ള അവകാശമുണ്ടെന്നും ഭരണകൂടം ഇതില്‍ ഇടപെടേണ്ടെന്നും പറഞ്ഞു പ്രതിഷേധിച്ചവരാണ്! അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത് എന്നായിരുന്നു അന്ന് അവര്‍ വാദിച്ചത്. ഹിന്ദുമതത്തിന് എതിരാണ് സര്‍ക്കാരെന്നും അവര്‍ പറഞ്ഞുവരുത്തി. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ അതു നിയമം മുഖേന നിരോധിച്ചു. താലികെട്ടലും. പെണ്ണിന്റെ നെറുകയില്‍ കുങ്കുമം പൂശലും മംഗളസൂത്രം അണിയിക്കലുമൊക്കെ ഹിന്ദുമതം വിവാഹത്തില്‍ നിര്‍ബ്ബന്ധമാക്കുന്നത് തനിക്ക് ഒരു ഉടമസ്ഥന്‍ ഉണ്ടെന്നു പ്രഖ്യാപിക്കാന്‍ സ്ത്രീയോട് സമൂഹം ആവശ്യപ്പെടുന്നതിന്റെ അടയാളമായി വേണം കാണാന്‍. താന്‍ ഒരാളുടെ സ്വകാര്യ സ്വത്താണെന്നു സ്ത്രീ പ്രഖ്യാപിക്കുന്നതാണ് അതിന്റെ ഉള്ളടക്കം.

ഇത്രയും പറയാന്‍ കാരണം ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ വിപ്ലവം ഒരു വെറും വസ്ത്രത്തുണ്ടിന്റെ കാര്യമല്ല; മറിച്ച് ഒരു ആകാശം കയ്യടക്കാനുള്ള സ്ത്രീകളുടെ ശ്രമമാണെന്നു പറയാന്‍വേണ്ടിയാണ്. മതങ്ങള്‍ സ്ത്രീയെ പിന്‍നിരയിലേക്ക് നീക്കിനിര്‍ത്തുന്നതും എല്ലാവിധ അവകാശങ്ങളിലും പരിമിതികള്‍ നിര്‍ദ്ദേശിക്കുന്നതും സ്വാഭാവികമാകുന്നത്. എല്ലാ മതങ്ങളും ആണധികാര വ്യവസ്ഥയുമായി കൈകോര്‍ത്തു നില്‍ക്കുന്നതുകൊണ്ടും അതിന്റെ അനീതി ജഡിലമായ അനുശാസനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഉപാധിയായി സമൂഹത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടുമാണ് എന്ന് അതുകൊണ്ടാണ് ആദ്യമേ ഞാന്‍ പറഞ്ഞുവച്ചത്.

മതത്തിനു മുകളില്‍ ആകേണ്ടതാണ് മാനവികത. അന്യായങ്ങളെക്കുറിച്ചും അനീതികളെക്കുറിച്ചുമുള്ള അവബോധമാണ് മാനവികതയുടെ അടിസ്ഥാനം.

ഹിജാബിനെതിരെ ഇറാനിൽ സ്ത്രീകളുടെ മുടി മുറിച്ചുള്ള പ്രതിഷേധം
ഹിജാബിനെതിരെ ഇറാനിൽ സ്ത്രീകളുടെ മുടി മുറിച്ചുള്ള പ്രതിഷേധം

വസ്ത്രധാരണം എന്ന സ്വാതന്ത്ര്യം

പര്‍ദ്ദ ധരിക്കുന്നത് വ്യക്തിഗത തീരുമാനമാണ് എന്ന വാദത്തിന്റെ മറുപുറം പര്‍ദ്ദ/ഹിജാബ് ധരിക്കാതിരിക്കലും വ്യക്തിഗത തീരുമാനമായിരിക്കും എന്നതായിരിക്കുമല്ലോ. ഏതുതരം വേഷവും ആര്‍ക്കും ധരിക്കാന്‍ അവകാശമുണ്ട് എന്നതുകൂടിയായിരിക്കും ഇതിന്റെ കൊറോളറി. എങ്കില്‍ ഇറാനില്‍ പര്‍ദ്ദ ധരിക്കാത്തതിന് എന്തിനീ ബഹളം? കാല്‍മുട്ടിനു മുകളില്‍ മാത്രമെത്തുന്ന സ്‌കര്‍ട്ട് ധരിച്ചുവന്ന പത്രപ്രവര്‍ത്തകയെ മതനിന്ദയുടെ പേരില്‍ പാകിസ്താനിലെ ആള്‍ക്കാര്‍ റോഡിലിട്ട് വലിച്ചിഴച്ചതെന്തിനാണ്? നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ മറ്റേതൊരു ആണ്‍കുട്ടിയേയും മറ്റേതൊരു മതത്തിലെ ഏതു കുട്ടിയേയുംപോലെ കളിച്ചുനടക്കേണ്ട പ്രായത്തില്‍ ആകെ മൂടിപ്പുതച്ച് കണ്ണുമാത്രം കാണിച്ചു നടക്കേണ്ടിവരുന്ന ഒരു വസ്ത്രം സ്വയം തിരഞ്ഞെടുത്തതാണെന്നു പറയാന്‍ ഒരാള്‍ക്ക് അസാമാന്യ ഔദ്ധത്യം വേണം. ഹിജാബ് ധരിക്കാത്ത എത്രയോ സ്ത്രീകള്‍ ലോകമെങ്ങും ഈ മതത്തിന്റെ അനുയായികളായിത്തന്നെ ജീവിക്കുന്നു എന്നത്, ഇത് മതം അനുശാസിക്കുന്നതല്ല എന്നതിനു തികഞ്ഞ തെളിവായി വേണം കാണാന്‍. കേരളത്തില്‍ പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീകള്‍ കുറച്ചുകാലം മുന്‍പ് വരെ വളരെ അപൂര്‍വ്വമായിരുന്നു. അവരൊക്കെ അപ്പോള്‍ കൂട്ടത്തോടെ നരകത്തില്‍ പോയിരിക്കുമോ!) ഒരു ബാലവിധവ വെള്ളവസ്ത്രം മാത്രം ധരിച്ച് തല മൊട്ടയടിച്ചു നടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു പറയുന്നതുപോലെയുള്ള അസംബന്ധമാണ് ഈ പര്‍ദ്ദ ധരിക്കല്‍ സ്വന്തം ഇഷ്ടമാണെന്നു പറഞ്ഞുപരത്തല്‍. കുറച്ച് തലനാരിഴകള്‍ പുറത്തു കണ്ടു എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടിയെ മതനിന്ദയുടെ പേരില്‍ ഇറാന്‍ ഭരണകൂടം കസ്റ്റഡിയില്‍ എടുത്തതെന്തിനായിരുന്നു? ഇഷ്ടമുള്ളവിധം ഹിജാബ് അവള്‍ക്കും ധരിക്കാമല്ലോ.

എവിടെയായിരുന്നു അപ്പോള്‍ അവളുടെ വ്യക്തിഗത സ്വാതന്ത്ര്യം?

മതവും രാഷ്ട്രീയവും കൈകോര്‍ക്കുമ്പോഴോക്കെയും ഇരകള്‍ സ്ത്രീകള്‍ തന്നെയാകുന്നു എന്നതാണ് ചരിത്രം.

വ്യക്തിയുടെ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നു പറയുന്നതും മതാചാരങ്ങളെക്കുറിച്ചുള്ള തീര്‍പ്പ് അതാത് മതാധിപന്മാര്‍ക്കു വിട്ടുകൊടുക്കണം എന്നു പറയുന്നതും ശരിയായിരുന്നു എങ്കില്‍, ബാലവിവാഹം നിര്‍ത്താന്‍ സര്‍ക്കാരിന് ഇടപെടാനാകുമായിരുന്നോ?
വ്യക്തികളുടെ വിവാഹപ്രായം നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരം ഉണ്ടോ? സ്‌കൂളിലെ യൂണിഫോം ധരിക്കാതിരിക്കുന്ന കുട്ടി ശിക്ഷാര്‍ഹനാകുമോ?

കുട്ടികള്‍ ഒന്നോ രണ്ടോ മതിയെന്നു വ്യക്തികളോട് പറയാന്‍ സര്‍ക്കാരിന് എന്താണ് അവകാശം? വോട്ടവകാശ പ്രായപരിധി സര്‍ക്കാരിനു നിശ്ചയിക്കാന്‍ പാടുണ്ടോ? അമ്പലങ്ങളിലെ ബലി സര്‍ക്കാരിനു നിര്‍ത്താന്‍ പറയാന്‍ അധികാരമുണ്ടോ? പാരമ്പര്യസ്വത്തില്‍ ക്രിസ്ത്യാനി സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശമുണ്ടെന്നു പറയാന്‍ സര്‍ക്കാരാരാണ്?

പറഞ്ഞുവന്നത് അതല്ല.

ആചാരങ്ങള്‍ മാനവികതയ്ക്ക് എതിരാകുമ്പോഴും വ്യക്തിയുടെ പീഡനങ്ങള്‍ക്കു കാരണമാകുമ്പോഴും അവയില്‍ നിയമങ്ങള്‍ ഇടപെട്ടേ മതിയാകൂ എന്നു പറഞ്ഞുവെക്കാനാണ്.

അമ്മായി അച്ഛന്‍ ബലാത്സംഗം ചെയ്തതുകൊണ്ട്, ഇനി സ്വന്തം ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് അവകാശമില്ലെന്നും അവള്‍ക്ക് സ്വന്തം ഭര്‍ത്താവിന്റെ അമ്മയുടെ സ്ഥാനമാണെന്നും വിധിച്ച് നാല് കുട്ടികള്‍ അടങ്ങുന്ന ഒരു കുടുംബം തകര്‍ത്ത വിശ്വാസത്തേയും ആചാരത്തേയും നമ്മള്‍ മതത്തിന്റെ പേരില്‍ തന്നെയാണ് കേട്ടത്. ചപ്പാത്തിക്ക് ചൂട് കുറവാണ് എന്നതിന്റെ പേരിലും ഊണ് മേശയില്‍ ഉപ്പ് കൊണ്ട്വെയ്ക്കാന്‍ മറന്നതിനും കുഞ്ഞിന്റെ പനി കാരണം ഉറക്കമൊഴിഞ്ഞ് പരിഭ്രമിച്ചിരിക്കെ ഒപ്പം കിടക്കാന്‍ പോകാത്തതിനും അപ്പപ്പോള്‍ തന്നെ മൊഴിചൊല്ലി ആണത്തം തെളിയിച്ച വീരകഥകളും പലതവണ നമ്മള്‍ കേട്ടിട്ടുണ്ട്. ഇരയുടെ മനുഷ്യാവകാശമൊന്നും മാനവികത മുഖത്തൊട്ടിച്ചുവെച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അപ്പോഴൊക്കെയും പ്രശ്‌നമേ ആയിരുന്നില്ല. വെറും 12 വയസ്സായ മലാലയുടെ നീതിബോധം പോലും ഇല്ലാത്ത വരട്ടു മേധാവികളാണ് പെണ്ണ് പഠിക്കേണ്ട എന്നും കളിക്കേണ്ട എന്നും 'ക്ഷമയാ ധരിത്രി' എന്നും പറഞ്ഞുപഠിപ്പിക്കുന്ന മതബോധങ്ങളോട് അധികാരക്കസേരകള്‍ക്കുവേണ്ടി കലഹിക്കാതിരിക്കുന്നത്. ഇതൊക്കെ അംഗീകരിക്കുന്ന ഒരു മത - ആണധികാര വ്യവസ്ഥയുടെ പ്രതീകമായതിനാലാണ് ഹിജാബും പര്‍ദ്ദയും എതിര്‍ക്കപ്പെടേണ്ടത്. താലി ഒരു കഷണം സ്വര്‍ണ്ണം മാത്രമല്ലാത്തതുപോലെ, നെറുകയിലെ കുങ്കുമം ഒരു ചുവന്ന പൊടി മാത്രമല്ലാത്തതുപോലെ ഇവയൊക്കെ പ്രതിനിധീകരിക്കുന്ന ആശയങ്ങളെ എതിര്‍ക്കേണ്ടത് മാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടേയും കടമയാണ്.

മതവും മിലിറ്ററിയും മോറല്‍ പൊലീസിംഗും

ഇറാനിലെ സാംസ്‌കാരിക തനിമയെ കശാപ്പ് ചെയ്യുന്നു ഷായുടെ ഭരണം എന്നു പറഞ്ഞ് ഇറാന്‍ സംസ്‌കാരത്തിന്റെ തനിമ നിലനിര്‍ത്താന്‍ റോഡിലിറങ്ങി കലാപം നടത്തിയ പരസഹസ്രം സ്ത്രീകളായിരുന്നു രാഷ്ട്രീയ അധികാരത്തിനുവേണ്ടി മതത്തെ കൂട്ടുപിടിച്ച ഭരണകൂടത്തിന്റെ ആദ്യത്തെ ഇരകള്‍. സ്വന്തം സംസ്‌കാരത്തിന്റെ തനിമ നിലനിര്‍ത്താന്‍ കലാപത്തിന്റെ മുന്‍നിരയില്‍നിന്നു പോരാടിയ വിദ്യാസമ്പന്നരായ പല സ്ത്രീകളും മതാധിപരുടെ കയ്യില്‍ അധികാരം ലഭിച്ചതും വാതിലിന്റെ പിന്നിലേക്കു മാറിനില്‍ക്കാന്‍ ആജ്ഞാപിക്കപ്പെട്ടു. സ്ത്രീകള്‍ അദ്ധ്യാപകരും നിയമജ്ഞരും സ്വയം സമ്പാദിക്കുന്നവരും ഒരു മണ്ഡലത്തിലും പ്രഗല്‍ഭരും ആകരുതെന്നു വിധിക്കപ്പെട്ടു. വനിതകളെ ചികിത്സിക്കാന്‍ വനിതാ ഡോക്ടര്‍ തന്നെ വേണമെന്നു ശഠിച്ച ഭരണകൂടം ഒപ്പം തന്നെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുകയോ പഠിക്കുകയോ ചെയ്യരുതെന്ന് ആജ്ഞാപിച്ചു!

സ്‌കൂളില്‍ പോകാതേയും പഠിക്കാതേയും വനിതാ ഡോക്ടര്‍മാര്‍ ഉണ്ടാകുകയില്ലെന്നു ഭരണകൂടത്തിന് അറിയാമായിരുന്നില്ല എന്നു വിശ്വസിക്കുക ഏതു വിഡ്ഢിക്കും പ്രയാസമാണ്. ആ അനുശാസനത്തിന്റെ ഉള്ളുകള്ളി എന്താണെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ഹിജാബ് മതത്തിന്റെ എന്നതിലുപരി ആണധികാര വ്യവസ്ഥയുടെ പ്രതീകമാണെന്നു പറയാന്‍ അതാണ് കാരണം. മതം എന്നു ഭംഗിവാക്കില്‍ പ്രകടിപ്പിക്കപ്പെടുന്ന സ്ത്രീസമത്വത്തോടുള്ള അസഹിഷ്ണുത വെറും കറപിടിച്ച ആണ്‍കോയ്മ മാത്രമാണ് എന്നു തിരിച്ചറിയാന്‍ തുടങ്ങിയാല്‍ മതാചാരങ്ങള്‍ എന്നു പ്രചരിപ്പിക്കപ്പെടുന്ന പല കാര്യങ്ങളുടേയും ഉള്ളുകള്ളികള്‍ കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമുക്കു കഴിഞ്ഞെന്നു വരും. സാമൂഹ്യമോ സാംസ്‌കാരികമോ രാഷ്ട്രീയമോ വൈയ്യക്തികമോ ആയ ഏതു മണ്ഡലങ്ങളില്‍ ആയാലും സ്ത്രീയെ ഉപയോഗിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യുക എന്നതാണ് ആണധികാര വ്യവസ്ഥയുടെ മൂല്യബോധങ്ങളുടെ നട്ടെല്ല്. ഹിജാബ് ആയാലും പര്‍ദ്ദയായാലും ഗൂംഘട് ആയാലും സ്ത്രീയെ പുറം ലോകത്തുനിന്ന് അകറ്റിനിര്‍ത്തുക എന്നതു മാത്രമായിരുന്നു അതിന്റെ പരമലക്ഷ്യം. പരിമിതികളും പരാധീനതകളും പരാതിയില്ലാതെ സഹിക്കുന്ന അനുസരണമുള്ള ഒരു അടിമയെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു എന്നത്തേയും ഉദ്ദേശ്യവും ഒപ്പം ദൗത്യവും. ആര്‍ത്തവരക്തം ഫലഭൂയിഷ്ഠതയുടെ അടയാളമായി കണക്കാക്കിയിരുന്ന ഒരു ഗോത്ര സംസ്‌കാരത്തില്‍നിന്നു പ്രകൃതിസഹജമായ ആര്‍ത്തവരക്തത്തെ അഭിശപ്തമാക്കി മാറ്റിയ, ക്ഷേത്രപ്രവേശന വിലക്കാക്കി മാറ്റിയ ഹിന്ദുമത ആചാരം ഇന്നു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ഒപ്പം തന്നെ മറക്കാതിരിക്കുക.

ഇറാനിലെ വിപ്ലവം എല്ലാ സ്ത്രീകളുടേയും വിപ്ലവം ആകേണ്ടത് അതുകൊണ്ടാണ്. മതവും മിലിറ്ററിയും ചേര്‍ന്നുണ്ടാക്കിയ മോറല്‍ പൊലീസിംഗ് പിന്‍വലിച്ചു എന്ന് അഗ്‌നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണാധികാരികള്‍ പറയുന്നുണ്ടെങ്കിലും അതൊരു സത്യമാകാന്‍ ഇടയില്ല എന്നതാണ് അവിടുത്തെ പ്രതിഷേധ രംഗത്തുനിന്നു കിട്ടുന്ന വിവരം.

അഗാധമായ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഒരു വന്‍മരത്തിന്റെ, വേരുകളെ വെട്ടി നശിപ്പിക്കുംവിധം ബുദ്ധിമുട്ടുള്ളതാണ് കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ അടിവേരുകള്‍ ഇളക്കുന്നത്. നീതിബോധത്തിലും ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന ഓരോരുത്തരുടേയും പിന്തുണ ലോകത്തില്‍ ആദ്യമായി ഇത്തരമൊരു വിപ്ലവത്തിനു തീകൊളുത്തിയ ഇറാനിലെ സ്ത്രീ വിപ്ലവകാരികള്‍ക്കു ലഭിക്കേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. തങ്ങളെ ആകെ മൂടുന്ന ഇരുട്ടിനെ പിച്ചിച്ചീന്തി ഇതുവരെ നഷ്ടപ്പെട്ട ഒരു വലിയ ആകാശം കയ്യെത്തിപ്പിടിക്കാനാണ് ആ സ്ത്രീകള്‍ ശ്രമിക്കുന്നത്. അതു മാത്രമാണ് അവര്‍ ശ്രമിക്കുന്നത്. പ്രശ്‌നം മാനവികതയുടെ മാത്രമാണ് എന്നു നാം കാണാതിരുന്നു കൂടാ. 

അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുക എന്നത് മറ്റുള്ളവരുടെ കര്‍ത്തവ്യവും ധര്‍മ്മവും ആയിത്തീരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com