പക്ഷേ ഇല്ല, വിട്ടുവീഴ്ചയില്ലാതെ നീതിയുടെ പക്ഷത്ത് 

അന്നുമിന്നും ഇത് പേരിനൊരു കമ്മിഷനല്ല. സമൂഹത്തിന്റെ അഭിസംബോധനയില്‍ ഉള്‍പ്പെടെ കാലത്തിനൊത്ത അന്തസ്സുള്ള മാറ്റമുണ്ടായ കാലം; കമ്മിഷന്‍ അതിനൊപ്പം ചേര്‍ന്നു നടന്നു
പക്ഷേ ഇല്ല, വിട്ടുവീഴ്ചയില്ലാതെ നീതിയുടെ പക്ഷത്ത് 

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷന്‍ നിലവില്‍ വന്നത് 23 വര്‍ഷം മുന്‍പാണ്, 1999-ല്‍. അര്‍ഹരായ വലിയൊരു വിഭാഗം പാവം മനുഷ്യര്‍ക്കു സ്‌നേഹം കൊടുത്തും അവരുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുമാണ് കമ്മിഷന്‍ പ്രവര്‍ത്തിച്ചത്. അന്നുമിന്നും ഇത് പേരിനൊരു കമ്മിഷനല്ല. സമൂഹത്തിന്റെ അഭിസംബോധനയില്‍ ഉള്‍പ്പെടെ കാലത്തിനൊത്ത അന്തസ്സുള്ള മാറ്റമുണ്ടായ കാലം; കമ്മിഷന്‍ അതിനൊപ്പം ചേര്‍ന്നു നടന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. ക്രമേണയാണ് കേരളം ഈ സാന്നിധ്യം അറിഞ്ഞത്. കേരളത്തിലെ പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്മിഷനെ കുറച്ചുകൂടി കൂടുതല്‍ അറിയാനും അനുഭവിക്കാനും കഴിയുന്നു. അതു മനസ്സിലാക്കണമെങ്കില്‍ ഇപ്പോഴത്തെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറെ അറിയണം. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച എസ്.എച്ച്. പഞ്ചാപകേശന്‍ 2021 ജനുവരി ഏഴിനാണ് ചുമതലയേറ്റത്. ഏറ്റവുമധികം കാലം പോക്‌സോ ജഡ്ജിയായി പ്രവര്‍ത്തിച്ചതുള്‍പ്പെടെ 31 വര്‍ഷം നീതിപീഠത്തിന്റെ ഭാഗമായിരുന്നു. വിട്ടുവീഴ്ചയില്ലാതെ നീതിയുടെ പക്ഷത്ത് ഉറച്ചുനിന്ന ന്യായാധിപന്‍. ആ പക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അദ്ദേഹത്തിനു പക്ഷേകളില്ല.

മൂന്നു പതിറ്റാണ്ടുകാലം ജുഡീഷ്യറിയുടെ ഭാഗമായിരുന്നതിലെ അനുഭവങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മിഷണര്‍ എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ എത്രത്തോളം സഹായകരമാണ്? 

രണ്ടും രണ്ടുതരത്തില്‍ നീതി നടപ്പാക്കല്‍ തന്നെയാണ്, സംശയമൊന്നുമില്ല. 31 വര്‍ഷമാണ് ജുഡീഷ്യറിയില്‍ പ്രവര്‍ത്തിച്ചത്. മജിസ്ട്രേട്ടായി തുടങ്ങി മുന്‍സിഫ് ആയി. അങ്ങനെ ജില്ലാ ജഡ്ജിയും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും വരെയാകാനേ കഴിഞ്ഞുള്ളൂ. ഹൈക്കോടതിയില്‍ എത്തിയില്ല. അന്നെന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്ന പ്ലാറ്റ്ഫോം നമുക്കു കിട്ടി എന്നതാണ്. ഒരുപാടു സാധ്യതകള്‍ ഉള്ള മേഖലയാണ് കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (കെല്‍സ). 1998-ല്‍ ആണ് കെല്‍സ രൂപീകരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ നിയമം തന്നെ ശ്രദ്ധിക്കേണ്ട ഒരു നിയമമാണ്. 1987-ല്‍ പാര്‍ലമെന്റ് ഒരു നിയമം പാസ്സാക്കി, ലീഗല്‍ സര്‍വ്വീസസ് ആക്റ്റ്. പക്ഷേ, പ്രയോഗത്തിലെത്താന്‍ വൈകി. ലോകോത്തര നീതിന്യായ സംവിധാനമാണ് നമ്മുടേത്; കാലതാമസം ഒഴിച്ചാല്‍. കാലതാമസം വലിയ സങ്കടമുള്ള കാര്യമാണ്. വൈകിക്കിട്ടുന്ന നീതി ഫലത്തില്‍ നീതി നിഷേധംതന്നെയാണ്. അതു പരിഹരിക്കുകതന്നെ വേണം. അപ്പോഴും നീതിപീഠത്തില്‍ ഭാഗമായ ഒരു ജീവിതം കിട്ടിയതില്‍ സന്തോഷമാണുള്ളത്. ജനങ്ങള്‍ക്കു നീതി ലഭ്യമാക്കുക എന്നത് വലിയ കാര്യമാണ്. അങ്ങനെയായിരിക്കുമ്പോള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ട കാര്യവുമില്ല. പല ജുഡീഷ്യല്‍ ഓഫീസര്‍മാരും ജനങ്ങളില്‍നിന്നു വളരെ അകന്നാണ് നില്‍ക്കാറ്. ഒരുപാടങ്ങ് അടുത്തുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന പലവിധ ബുദ്ധിമുട്ടുകളുമുണ്ട് എന്നതു നിഷേധിക്കുന്നില്ല. പക്ഷേ, തൊഴിലിന്റെ കാര്യത്തില്‍ വരുമ്പോള്‍ മാത്രമേ അതിന്റെ ആവശ്യമുള്ളൂ. നമ്മള്‍ മനുഷ്യര്‍ക്കുവേണ്ടിയാണല്ലോ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് ആവശ്യമില്ലാത്തതൊന്നും ഇവിടെ ആവശ്യമില്ല. അങ്ങനെയൊരു മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്ന, അതുവരെ കാണാത്ത ഒരു സിസ്റ്റം വരുന്നത്. നിയമം പാസ്സാക്കിയ ശേഷം രാജ്യവ്യാപകമായ ചര്‍ച്ച നടത്തി. അതിന്റെ ഒരു പ്രധാന സംഭാവനയാണ് ലോക് അദാലത്ത്. ലോക് എന്നാല്‍ ജനം, അദാലത്ത് എന്നാല്‍ കോടതി. നമ്മള്‍ അതുവരെ നിയമത്തിന്റെ കോടതിയേ കണ്ടിട്ടുള്ളൂ. ജനങ്ങളുടെ കോടതി എന്നത് പുതിയ ഒരു കോണ്‍സെപ്റ്റാണ്. കോടതി നടപടികളുടെ കാര്‍ക്കശ്യമില്ലാതെ കാര്യങ്ങള്‍ തീര്‍ന്നു പോകുന്ന സംവിധാനം. അവിടെ അപ്പീലും റിവിഷനും ഇല്ല. രണ്ടുകൂട്ടരും തോല്‍ക്കുന്നില്ല; രണ്ടു കൂട്ടരും ജയിക്കുന്നുണ്ട്. രണ്ടുപേരും പറഞ്ഞുവരുന്ന കാര്യങ്ങള്‍ ഒന്നാണെന്നു ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ ഒത്തുതീര്‍പ്പായി. അത് എത്രത്തോളം പ്രായോഗികമാണ് എന്നു സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യാപകമായി ചര്‍ച്ച നടത്തിയത്. 

എസ് രാമചന്ദ്രൻ പിള്ള
എസ് രാമചന്ദ്രൻ പിള്ള

കെല്‍സ, ലോക് അദാലത്ത് അനുഭവങ്ങള്‍ ഏതുവിധമാണ് സ്വാധീനിച്ചത്? 

1998 ഏപ്രില്‍ 20-നാണ് കെല്‍സ നിലവില്‍ വരുന്നത്. നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വന്നത് 1995 നവംബര്‍ ഒന്‍പതിനാണ്. അന്നാണ് ദേശീയ നിയമദിനമായി അറിയപ്പെടുന്നത്. കെല്‍സ വരുമ്പോള്‍ ഞാന്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ മുന്‍സിഫ് ആണ്. കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഇതിനു കൂടുതല്‍ പ്രാധാന്യം കൊടുത്തു. ശാസ്താംകോട്ട തികഞ്ഞ നാട്ടുംപുറമാണ്. അവിടെ അടുത്ത ഈസ്റ്റ് കല്ലടയില്‍ അമ്പലത്തില്‍ ഉത്സവം കാണാന്‍ വന്നിട്ടു മടങ്ങിയ സ്ത്രീ മുതിരപ്പറമ്പ് എന്ന സ്ഥലത്ത് കല്ലടയാറ്റില്‍ മുങ്ങിമരിച്ചു. ഇപ്പോഴവിടെ പാലമുണ്ട്. അന്നു വള്ളത്തില്‍ കയറാന്‍ വെള്ളത്തില്‍ കുറച്ചു നടക്കണം. അങ്ങനെ നടന്നപ്പോള്‍ കാല് തട്ടി വീണു. പിറ്റേന്നാണ് മരത്തിന്റെ വേരുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ വാര്‍ത്തയുടെ ഏറ്റവും താഴത്തെ ഒരു വരി ശ്രദ്ധയില്‍പ്പെട്ടു. അത് ഇങ്ങനെയായിരുന്നു: ''അവിടെ ഒരു കടവ് ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഉണ്ടാകുമായിരുന്നില്ല.'' ഞാന്‍ ആ പത്രം പ്രത്യേകം മാറ്റിവെച്ചു. അവിടെ മരത്തിന്റെ വലിയ വേരുകള്‍ പുറത്തേക്കു നില്‍ക്കുന്നതുകൊണ്ട് വള്ളം അടുക്കാന്‍ കഴിയില്ല എന്നാണ് നാട്ടുകാരായ ചിലരോടൊക്കെ സംസാരിച്ചപ്പോള്‍ പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് ഇതേ സ്ഥലത്ത് ഒരു ഭര്‍ത്താവും ഭാര്യയും അപകടത്തില്‍പ്പെട്ടു. ഭാര്യ ആദ്യം കാല്‍തട്ടി വീണു, രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവും മുങ്ങി. രണ്ടുപേരേയും രക്ഷിക്കാനായില്ല. ഈ രണ്ടു സംഭവങ്ങള്‍ വല്ലാതെ പിടിച്ചുകുലുക്കി. ഈ വിഷയത്തില്‍ സ്വന്തമായിത്തന്നെ നമ്പറിട്ട് കേസെടുത്തു. ഏതു വകുപ്പുകാരാണ്, പി.ഡബ്ല്യു.ഡിയാണോ അതോ ജലസേചന വകുപ്പാണോ ഇതു പരിഹരിക്കേണ്ടത് എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. പരിചയമുള്ള ആള്‍ക്കാരോടൊക്കെ ചോദിച്ചപ്പോള്‍ ആര്‍ക്കും ഒരു ഐഡിയയുമില്ല. ഒടുവില്‍, മൈനര്‍ ഇറിഗേഷന്‍കാര്‍ ചെയ്യേണ്ടതാണെന്ന് ഒരാള്‍ പറഞ്ഞു. കൊട്ടാരക്കരയിലാണ് അവരുടെ ഓഫീസ്. അവിടെ നോട്ടീസ് കൊടുത്തു. 

ആദ്യം പഞ്ചായത്ത് പ്രസിഡന്റിനു നോട്ടീസ് കൊടുത്തിരുന്നു. ഉഷാലയം ശിവരാജന്‍ ആയിരുന്നു പ്രസിഡന്റ്. ''മൈനസ് വരുമാനം ഉള്ള പഞ്ചായത്താണ്, ഒരു ഗതിയുമില്ല; പക്ഷേ, കടവ് പണി നടന്നാല്‍ ഞാനൊരു മൈക്കാട് പണിക്കാരനായി നിന്നുകൊള്ളാം'' -പ്രസിഡന്റ് പറഞ്ഞു. ജോസ് കെ. മാണിയുടെ സ്റ്റാഫില്‍ അദ്ദേഹം ഇപ്പോഴുണ്ട്. തിയേറ്ററോ ഫാക്ടറികളോ ഉള്‍പ്പെടെ പഞ്ചായത്തിന് നികുതി വരുമാനം നല്‍കുന്ന സ്ഥാപനങ്ങളൊന്നുമില്ലാത്ത നിസ്സഹായതയാണ് തുറന്നു പറഞ്ഞത്. മൈനര്‍ ഇറിഗേഷന്‍കാര് രക്ഷപ്പെടാന്‍ പരമാവധി നോക്കിയെങ്കിലും മുറുകെ പിടിച്ചു. ഒടുവില്‍ ഗവണ്‍മെന്റില്‍നിന്ന് ഫണ്ട് അനുവദിച്ചു. ടി.എം. ജേക്കബ് ആണ് അന്ന് ജലസേചന മന്ത്രി. 4.5 അല്ലെങ്കില്‍ 4.6 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരുപാട് സംതൃപ്തി തോന്നിയ സംഗതിയാണത്. ഇങ്ങനെ കുറേ കൊച്ചു കൊച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ ആഴ്ചയും ലോക് അദാലത്ത് ചേരും. എസ്. രാമചന്ദ്രന്‍ പിള്ള രാജ്യസഭാംഗമായിരുന്നപ്പോള്‍ അവിടെ അടുത്ത് മൈനാഗപ്പള്ളിയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐ.പി വിഭാഗത്തിനു പണം അനുവദിച്ചു. കെട്ടിടം പണി തീര്‍ന്നുകഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങാന്‍ രണ്ടു നഴ്സുമാരുടെ കുറവ്. തസ്തിക സൃഷ്ടിക്കണം. ലോക് അദാലത്തില്‍ ഈ വിഷയം വന്നു. നാട്ടുകാര്‍ക്ക് ഗുണമുള്ള ഒരു കാര്യം എന്ന നിലയില്‍ അനുകൂല നടപടി ആവശ്യപ്പെട്ട് അന്നത്തെ ആരോഗ്യ ഡയറക്ടര്‍ക്ക് (ഡി.എച്ച്.എസ്) നോട്ടീസ് അയച്ചു. അദ്ദേഹം കെല്‍സ സംസ്ഥാന സമിതി അംഗമാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. ശാസ്താംകോട്ടയില്‍ ഇരിക്കുന്ന മുന്‍സിഫിന് എനിക്ക് നോട്ടീസ് അയയ്ക്കാമോ എന്ന് അദ്ദേഹം വേറൊരു വിധത്തിലങ്ങ് എടുത്തു. വന്നില്ല. സാക്ഷി വന്നില്ലെങ്കില്‍ വാറന്റ് അയച്ചു വിളിക്കാം. വരണം എന്ന് ഒന്നുരണ്ടു തവണ റിക്വസ്റ്റ് ചെയ്തിട്ട് അദ്ദേഹം വരാതിരുന്നപ്പോള്‍ വാറന്റ് അയച്ചു. ലോക് അദാലത്തില്‍നിന്ന് ഡി.എച്ച്.എസ്സിനെതിരെ വാറന്റ് എന്നു വാര്‍ത്ത വന്നു. അദ്ദേഹം ക്ഷുഭിതനായി എനിക്കെതിരെ പരാതി പറഞ്ഞു. എന്നെ ജില്ലാ ജഡ്ജി വിളിപ്പിച്ച് കുറേ വഴക്ക് പറഞ്ഞു. നിങ്ങള്‍ കളിച്ചു കളിച്ച് എവിടെ വരെ എത്തി എന്ന മട്ടില്‍ സംസാരിച്ചു. സര്‍, കളിച്ചു കളിച്ച് എന്ന വര്‍ത്തമാനം ഇതിനു ചേരുന്നതല്ല എന്നു മറുപടി നല്‍കി. ഞാന്‍ നിയമപരമായ ഒരു നോട്ടീസ് അയച്ചു, വന്നില്ല. അപ്പോള്‍ വാറന്റ് അയച്ചു. നിയമപ്രകാരം ഞാന്‍ ചെയ്തത് കറക്റ്റാണ്. തിരുവനന്തപുരത്തു ചെന്നു കിട്ടാനുള്ളതു വാങ്ങിക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു. അന്ന് ജസ്റ്റിസ് ബാലകൃഷ്ണ മാരാര്‍ ആണ് ഇതിന്റെ തലപ്പത്ത്. കെല്‍സയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്, കൊച്ചിയിലേക്കു മാറ്റിയിട്ടില്ല. അദ്ദേഹം ആദ്യമൊക്കെ വലിയ രോഷത്തിലായിരുന്നു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. തിരിച്ചുപോന്നു കഴിഞ്ഞപ്പോള്‍ രണ്ടു നഴ്സുമാരെ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ അവിടെ നിയമിച്ച് ഉത്തരവായി. അതൊരു ടേണിംഗായിരുന്നു. ജനോപകാരപ്രദമായ പല കാര്യങ്ങളും നമുക്കു ചെയ്യാന്‍ പറ്റും എന്നു മനസ്സിലായി. അതിന് ജുഡീഷ്യല്‍ ഓഫീസറുടെ പദവി മറികടക്കേണ്ട ആവശ്യമില്ല, ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകയും വേണ്ട. ഇങ്ങനെയൊരു ചിന്ത വന്നതോടെ പിന്നീട് സര്‍വ്വീസില്‍ എല്ലായിടത്തും പോകുമ്പോഴും നമ്മുടെ ഒരു പ്രധാന മേഖലയായിരുന്നു ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി. 

ആലപ്പുഴയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി. ലീഗല്‍ സര്‍വ്വീസസിന്റെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സബ് ജഡ്ജിയുമായിരുന്നു ഞാന്‍. ഹരിപ്പാടിനടുത്ത് ചിങ്ങോലി എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരാള്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലാണ് ജോലി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധം കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് വന്നപ്പോള്‍ പാര്‍ലമെന്റ് ഉള്‍പ്പെടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്ത്യയാണല്ലോ ചെയ്തത്. അങ്ങനെ റോഡ് പുനര്‍നിര്‍മ്മാണവും ഇന്ത്യ ഏറ്റെടുത്തു. ഈ ആള്‍ക്ക് അങ്ങോട്ടു മാറ്റമായി. താലിബാന്‍ തീവ്രവാദികള്‍ ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ശക്തമായി ഇടപെട്ടു. പക്ഷേ, അദ്ദേഹത്തെ തീവ്രവാദികള്‍ കൊന്നു. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ത്യയുടെ സ്വന്തം മക്കളാണ് എന്നും ആ കുടുംബത്തെ ഗവണ്‍മെന്റ് സംരക്ഷിക്കുമെന്നും കായംകുളത്ത് എന്‍.ടി.പി.സിയുടെ ഉദ്ഘാടനത്തിനു വന്നപ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭാര്യക്ക് എന്‍.ടി.പി.സിയില്‍ ജോലിയും കൊടുക്കും. കേരള ഗവണ്‍മെന്റു തന്നെ ജോലി കൊടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പറഞ്ഞു. എന്തുകൊണ്ടാണ് എന്നറിയില്ല, രണ്ടും കിട്ടിയില്ല. ഈ വിഷയം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വഴി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയും ഒരു വക്കീലും കൂടി വന്നു. അന്നത്തെ ജില്ലാ ജഡ്ജി എതിരാണ്. അദ്ദേഹമാണ് ചെയര്‍മാന്‍. ഞാന്‍ ഈ പരാതി വാങ്ങിയതിനുതന്നെ എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ വാഗ്ദാനം നടപ്പാകാത്ത വിഷയത്തില്‍ ലീഗല്‍ സര്‍വ്വീസിന് എന്തു ചെയ്യാന്‍ പറ്റുമെന്നാണ് ചോദ്യം. സെക്രട്ടറി എന്ന നിലയില്‍ ഇങ്ങനെയൊരു പരാതി മുന്നില്‍ വന്നാല്‍ അത് കീറിക്കളയാന്‍ പറ്റില്ലെന്നു ഞാന്‍ മറുപടി പറഞ്ഞു. സാറിന് ഇനി ഇഷ്ടമുള്ളതു ചെയ്യാം. അദ്ദേഹം അത് ഹരിപ്പാട് കോടതിക്ക് അയച്ചു. അവിടെ കൊടുത്തിട്ട് കാര്യമില്ലാതെ വന്നതുകൊണ്ടാണ് മുകളിലേക്കു വന്നത്, അതുകൊണ്ട് എന്തെങ്കിലും ചെയ്യണം എന്നു പറഞ്ഞ് ആ വക്കീല്‍ വീണ്ടും വന്നു. 

നമ്മള്‍ വക്കീലിനെയല്ല, ആ പാവം സ്ത്രീയെയാണ് നോക്കുന്നത്. അവര്‍ക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും നോക്കണം, രണ്ടു കുട്ടികളെ വളര്‍ത്തണം. തൊണ്ടുതല്ലാന്‍ പോവുകയാണ്. ഏതായാലും ആ പരാതി ഹരിപ്പാടു നിന്ന് തിരിച്ചു വരുത്തി ആലപ്പുഴ കളക്ടര്‍ക്ക് അയച്ചു. കെ.ആര്‍. വിശ്വംഭരനാണ് കളക്ടര്‍. എ.ഡി.എം അദാലത്തിനു വന്നിട്ട് കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന ആളുടെ ഭാര്യക്കു ജോലി കൊടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് ബാധ്യതയില്ല എന്നു പറഞ്ഞു. സുകുമാരക്കുറുപ്പ് കൊന്ന ചാക്കോയുടെ ഭാര്യയ്ക്ക് ജോലി കൊടുത്തത് ഞാന്‍ ഓര്‍മ്മിപ്പിച്ചു. പിന്നീട് രണ്ടാഴ്ച കഴിഞ്ഞു വച്ചപ്പോള്‍, സൈനിക ക്ഷേമ വകുപ്പിലേക്കു നിയമനത്തിനു പോയിട്ടുണ്ടെന്നു പറഞ്ഞു. അവരെ വിളിച്ചു വരുത്തിയപ്പോള്‍ ആഭ്യന്തര വകുപ്പിനു കൈമാറി എന്ന് അറിയിച്ചു. മാനുഷിക പരിഗണനയോടെ തീരുമാനമെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ആഭ്യന്തര വകുപ്പിനു കത്ത് കൊടുത്തു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വന്നു. കയ്യിലൊരു സര്‍ക്കാര്‍ കവറുമുണ്ട്. ആലപ്പുഴ എസ്.പി ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായി നിയമിച്ചിരിക്കുന്നു. കോടതിയില്‍ 5000 കേസ് വിധിച്ചാല്‍ കിട്ടാത്ത സംതൃപ്തിയാണ് അതു തന്നത്. ഇപ്പോഴും ഞാന്‍ വാചാലനായിട്ടു പറയുന്നത് അതുകൊണ്ടാണ്. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

കാല്‍നൂറ്റാണ്ടായ തടവുകാരനെ മനോരോഗ ചികിത്സാകേന്ദ്രത്തില്‍നിന്നു മോചിപ്പിച്ച അനുഭവം കേട്ടിട്ടുണ്ട്. അതെങ്ങനെയായിരുന്നു? 

പഴയ കേസുകളെടുത്ത് വീട്ടില്‍ കൊണ്ടുവന്ന് നോക്കുന്ന ശീലമുണ്ട്. ആലപ്പുഴ അരൂരിലെ ഒരു കൊലക്കേസ് അങ്ങനെ ശ്രദ്ധയില്‍ വന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ 19 വയസ്സുകാരന്‍ മദ്യപിക്കാന്‍ പണം ചോദിച്ചിട്ടു കൊടുക്കാത്തതിന് അമ്മൂമ്മയെ വെട്ടിക്കൊന്ന കേസ്. 1993-ല്‍ നടന്നതാണ്. പൊലീസ് അറസ്റ്റുചെയ്ത് റിമാന്റ് ചെയ്തു. ജയിലില്‍ വെച്ച് മദ്യം കിട്ടാതെ വിത്ഡ്രോവല്‍ സിംപ്റ്റം വന്നിട്ട് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. അവിടുന്ന് നേരെ ഊളമ്പാറയില്‍ കൊണ്ടുവന്നു. ഞാന്‍ ഈ കേസ് നോക്കുന്നത് 2017-ലാണ്. അതായത് 24 കൊല്ലത്തില്‍ കൂടുതലായി അയാള്‍ മനോരോഗ ചികിത്സാകേന്ദ്രത്തിലാണ്. രണ്ടു ജീവപര്യന്തം ശിക്ഷ കൊടുത്താല്‍പ്പോലും അതുകഴിഞ്ഞ് ഇറങ്ങേണ്ട കാലം കഴിഞ്ഞു. ആ കേസ് എടുത്തു. അയാളുടെ സ്ഥിതി ചോദിച്ച് ആശുപത്രി സൂപ്രണ്ടിനു നോട്ടീസ് അയച്ചു. അയാള്‍ക്ക് സ്‌കിസോഫ്രീനിയ ആണെന്നു മറുപടി വന്നു. പൂര്‍ണ്ണമായും ഭേദമാകില്ല. പക്ഷേ, നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റും. അതുകൊണ്ട് ഒരു വക്കീലിനെ വെച്ച് നിയമസഹായം കൊടുത്ത് കേസ് നടത്താം എന്നു പറഞ്ഞു. അയാളെ നേരിട്ടു ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രതിയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരു പ്രാകൃത രൂപം. മുടിയൊക്കെ മുഴുവനായും നരച്ചു. എല്ലു മാത്രമേയുള്ളൂ. തീരെ ആരോഗ്യമില്ല. ആശുപത്രിയില്‍നിന്നു മാറ്റാന്‍ തീരുമാനിച്ചെങ്കിലും എവിടെ താമസിപ്പിക്കും എന്ന പ്രശ്‌നം വന്നു. ജാമ്യത്തിലെടുക്കാന്‍ ആരുമില്ല. ഇയാളെ ആര്‍ക്കും ആവശ്യമില്ല. ഒടുവില്‍ സബ് ജയിലിലാക്കി. ഇയാള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകരുത് എന്ന് സൂപ്രണ്ടിനു പ്രത്യേക നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ വക്കീലിനേയും നിയമിച്ചു. ജയിലുദ്യോഗസ്ഥര്‍ നല്ല രീതിയില്‍ നോക്കി. കേസിന്റെ സ്ഥിതി നോക്കിയപ്പോള്‍ സാക്ഷികളിലാരും തന്നെ ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ടാണ് വന്നത്. കൊല നടന്നതിനെക്കുറിച്ച് ആദ്യം അറിയിച്ചത് ഇയാളുടെ അമ്മാവനാണ്. അദ്ദേഹവും ഭാര്യയുമുണ്ട്. അവരുടെ കല്യാണം കഴിഞ്ഞ ഇടയ്ക്കായിരുന്നു സംഭവം. അമ്മാവന്‍ വന്നപ്പോള്‍ മരുമകന്‍ അമ്മാവനേക്കാള്‍ വൃദ്ധനായാണ് നില്‍ക്കുന്നത്. അമ്മ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഇയാളുടെ മനസ്സില്‍. പക്ഷേ, അവര്‍ മരിച്ചിട്ടു വര്‍ഷങ്ങളായി. അന്നത്തെ ഒരു സി.ഐയെ സാക്ഷിയായി കിട്ടി. അഞ്ചെട്ടു ദിവസംകൊണ്ട് കേസ് തീര്‍ക്കാന്‍ കഴിഞ്ഞു. അപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍: ഇയാളെ വെറുതേ വിട്ടാല്‍ വല്ല സാമൂഹികവിരുദ്ധ സംഘത്തിലും ചെന്നുപെടും; അല്ലെങ്കില്‍ ദുരുപയോഗിക്കപ്പെടുകയോ എന്തിന്റെയെങ്കിലും അഡിക്റ്റാവുകയോ ചെയ്യാം. പുനരധിവാസം കോടതിയുടെ ചുമതലയുമല്ല. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് പ്രോസിക്യൂട്ടര്‍ വഴി കളക്ടറോടു ചോദിച്ചു. ഒരു മാര്‍ഗ്ഗവുമില്ല, അങ്ങനെയൊരു സ്‌കീമുമില്ല എന്നു മറുപടി വന്നു. പിന്നീട് ഒരു പരിചയക്കാരന്‍ മുഖേന പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടു. അവര്‍ ഏറ്റെടുക്കാമെന്നു പറഞ്ഞു. വിധി വന്ന ദിവസം അവര്‍ കോടതിയില്‍ വന്നു കൂട്ടിക്കൊണ്ടുപോയി. 

ഭിന്നശേഷി കമ്മിഷണര്‍ നിയമനത്തിനു വിജ്ഞാപനം വന്നപ്പോള്‍, ഇതിന് ആവശ്യപ്പെടുന്ന യോഗ്യതകളൊക്കെ കുറച്ചു കൂടുതലാണ്. ക്ലാസ് വണ്‍ ഓഫീസറായി 15 വര്‍ഷം പ്രവര്‍ത്തിച്ച പരിചയം വേണം. വലിയ പാടാണത്. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം ചോദിച്ചിരുന്നു. 24 വര്‍ഷം മനോരോഗാശുപത്രിയില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയുടെ പുനരധിവാസത്തിനു നടത്തിയ ശ്രമങ്ങളെക്കുറിച്ച് ദേശാഭിമാനി ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം വന്നിരുന്നു. ഞാന്‍ പറഞ്ഞുകൊടുത്തതായിരുന്നില്ല വിവരങ്ങള്‍, എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തുമില്ല. വക്കീല്‍ പറഞ്ഞുകൊടുത്തതായിരിക്കും. എന്നെ പരാമര്‍ശിച്ചിരുന്നു. അതെനിക്കു വളരെ ഉപകാരപ്പെട്ടു. സോജന്‍ ഇപ്പോഴും ഗാന്ധിഭവനിലുണ്ട്. 

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെ പൊതു സ്ഥിതി എന്താണ്? 

എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന കാര്യം, നമ്മുടെ ഭരണഘടനയില്‍ ഭിന്നശേഷിക്കാരെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയുള്ള ആളുകള്‍ക്ക് സംവരണമൊക്കെ വച്ചിട്ടുണ്ട്. 1950-ല്‍ ഭരണഘടന വന്നിട്ട് 45 വര്‍ഷം കഴിഞ്ഞ് 1995-ലാണ് ആദ്യമായി ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഒരു നിയമമുണ്ടാകുന്നത്. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്ന ആ നിയമം 1996 ഫെബ്രുവരി ഏഴിന് പ്രാബല്യത്തില്‍ വന്നു. എന്നാല്‍, അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല എന്നതാണ് സത്യം. അന്നു ഭിന്നശേഷിക്കാര്‍ ഏഴ് വിഭാഗമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത് 21 ആണ്. ഇന്നു കാണുന്ന പല അവകാശങ്ങളും അന്നുണ്ടായിരുന്നു. പക്ഷേ, നിയമം പുസ്തകത്തില്‍ ഉറങ്ങുന്ന സ്ഥിതിയായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്സ് എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത കേസാണ് വഴിത്തിരിവായത്. അതില്‍ അനുകൂല വിധി വന്നു. സമസ്ത മേഖലയിലും ഈ നിയമം നടപ്പാക്കണം എന്നു വന്നു. അതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സുപ്രീംകോടതിയും ആ വിധി ശരിവെച്ചു. പിന്നീട് നമ്മുടെ ഗവര്‍ണറായ ജസ്റ്റിസ് പി. സദാശിവമായിരുന്നു അന്ന് ചീഫ് ജസ്റ്റിസ്. ശക്തമായ വിധി വന്നിട്ടും ഗവണ്‍മെന്റ് തലത്തില്‍ അനക്കമുണ്ടായില്ല. ഏതായാലും നടപ്പാകുന്നതിനു മുന്‍പുതന്നെ ആ നിയമം റദ്ദാക്കി; 2017 ഏപ്രിലില്‍. നല്ല ഉദ്ദേശ്യത്തിലായിരുന്നു എന്നുമാത്രം. 2016-ലെ പുതിയ നിയമം 2017 ഏപ്രില്‍ 19-ന് പ്രാബല്യത്തിലായി. ജോലിയില്‍ നാലും വിദ്യാഭ്യാസത്തില്‍ അഞ്ചും ശതമാനമായി ഭിന്നശേഷി സംവരണം വര്‍ദ്ധിപ്പിച്ചു. നമ്മുടെ സംസ്ഥാനത്ത് ഉള്‍പ്പെടെ ഫലപ്രദമായി അത് നടപ്പാക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരേവിധം ശക്തമായി നടപ്പാക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടാകില്ല. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായി കേരളത്തെ മാറ്റും എന്ന് ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കു വാക്കു കൊടുത്തിരുന്നു. 

മൻമോഹൻ സിങ്
മൻമോഹൻ സിങ്

അതു പാലിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്? 

ഇത് അവകാശാധിഷ്ഠിതമാണ്, ജീവകാരുണ്യമല്ല. ഭിന്നശേഷി നിയമം ഒരു ചെറിയ പുസ്തകമാണ്; ആകെ 102 വകുപ്പുകളേയുള്ളു. അതില്‍ കുറേ കാര്യങ്ങള്‍ ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണ്. ഒപ്പംതന്നെ ഉത്തരവാദിത്വം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുമുണ്ട്. അതില്‍ത്തന്നെ ഒരു നല്ല ശതമാനം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കേഷന്‍. അതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്രമാണ്. സര്‍ട്ടിഫൈയിംഗ് അതോറിറ്റി ആരാകണമെന്ന് നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും നമ്മുടെ സംസ്ഥാന ഗവണ്‍മെന്റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ആശുപത്രി വ്യത്യാസമില്ലാതെ ഒരേ ഗ്രേഡിലുള്ള ബോര്‍ഡുകളാണ്. തിരുവനന്തപുരത്തും കോഴിക്കോടും അപ്പലേറ്റ് ബോര്‍ഡുകളുമുണ്ട്. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡുകള്‍. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഏതെങ്കിലും കാരണവശാല്‍ സ്വീകാര്യമല്ലെങ്കിലോ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയില്ലെങ്കിലോ രേഖാമൂലം അത് അപേക്ഷകരെ അറിയിക്കണം. എങ്കിലേ അവര്‍ക്ക് അപ്പീല്‍ പോകാന്‍ കഴിയുകയുള്ളൂ. പല ബോര്‍ഡുകളും ഇക്കാര്യത്തില്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. രാജ്യത്തെവിടെയും ബാധകമായ സര്‍ട്ടിഫിക്കറ്റാണ് ഇത്. എല്ലാ വര്‍ഷവും പുതുക്കേണ്ടതില്ല; സ്ഥിരം സര്‍ട്ടിഫിക്കേറ്റാണ്. 2021 ജൂണ്‍ ഒന്നു മുതല്‍ കേന്ദ്ര നിയമത്തിലെ 18(5) പ്രകാരം യു.ഡി.ഐഡിയിലേക്കു മാറി. ആധാര്‍ കാര്‍ഡ് പോലെ തന്നെ. ഇന്ത്യയ്ക്കകത്ത് എവിടെയും എന്താവശ്യത്തിനും ഈ ഒരൊറ്റ കാര്‍ഡ് മതിയെന്നും ഒരുപാടു രേഖകള്‍ സൂക്ഷിക്കേണ്ടതില്ല എന്നും വരുന്നതോടെ വളരെ പ്രയോജനപ്രദമാകും. കേരളം ഇക്കാര്യത്തില്‍ ഒരു ഉത്തരവ് ഇറക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

എസ്.എച്ച്. പഞ്ചാപകേശന്‍
എസ്.എച്ച്. പഞ്ചാപകേശന്‍

കേരളം മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണല്ലോ. എങ്കിലും ഇനിയും മാറാനുണ്ടോ കാര്യങ്ങള്‍? 

ഒരുപാട് മാറാനുണ്ട്, ഒരുപാട്. കെട്ടിടങ്ങളിലെ റാംപിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്. ഭിന്നശേഷിയുടെ പേരില്‍ ജീവിതത്തിന്റെ ഒരു മേഖലയിലും മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല. റാംപ് അതിന്റെ ഭാഗമാണ്. മറ്റുള്ളവരെപ്പോലെ പടികള്‍ കയറാന്‍ കഴിയാത്തവര്‍ക്ക് ഒരിടവും അപ്രാപ്യമാകാന്‍ പാടില്ല. അതൊരു അവകാശമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാത്രമല്ല, സ്വകാര്യ ഉടമസ്ഥതയിലുള്ള പൊതുസ്ഥലത്തും റാംപ് വേണം. പുതിയ കെട്ടിടങ്ങളുടെ സ്‌കെച്ചില്‍ത്തന്നെ അതു കാണിക്കണം. അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് കൊടുക്കാന്‍ പാടില്ല. ഇനിയിപ്പോള്‍, സ്‌കെച്ചില്‍ കാണിച്ചിട്ട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ റാംപ് ഇല്ലെങ്കില്‍ കെട്ടിട നമ്പര്‍ കൊടുക്കാന്‍ പാടില്ല. നിലവിലുള്ള കെട്ടിടങ്ങളേയും റാംപില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. അവയ്ക്ക് അഞ്ചു വര്‍ഷത്തെ സാവകാശമാണ് കൊടുത്തത്. അത് ഈ വര്‍ഷം കഴിഞ്ഞു. ഇനി നടപടികളിലേക്കു നീങ്ങുകയാണ്. ഈ നിയമത്തിന്റെ വലിയ ഒരു പ്രത്യേകത, ഇതിലെ വ്യവസ്ഥകള്‍ക്കെതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയിടാം. നിരവധി കെട്ടിടങ്ങള്‍ നിയമം പാലിക്കാത്തവയായി ഉണ്ട്. സര്‍ക്കാര്‍ നയം ഭിന്നശേഷി സൗഹൃദപരമാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ് ചില സ്ഥലങ്ങളില്‍ നിയമം പാലിക്കാത്തത്. അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയാണുള്ളത്. 

സാമൂഹിക നീതിവകുപ്പിനു കീഴിലാണ് ഭിന്നശേഷി കമ്മിഷന്‍. സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളോടെയുമാണ് അതിന്റെ രൂപഘടന. കമ്മിഷന്റെ ഉത്തരവുകള്‍ക്കെതിരെ ഗവണ്‍മെന്റിന് ഇടപെടാന്‍ കഴിയില്ല. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി കൊടുക്കാനേ കഴിയൂ. ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാസഹായം കൊടുക്കുന്നത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം നടപ്പാക്കുന്നതിന്റെ കൂടി ഭാഗമായാണ്. ചികിത്സ കിട്ടിയില്ലെങ്കില്‍ മനുഷ്യര്‍ മരിച്ചുപോകാനും സാധ്യതയുണ്ടല്ലോ. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല, സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായും കുറഞ്ഞ ചെലവിലും ചികിത്സ കിട്ടണം. പക്ഷേ, അവിടെ ചെല്ലുമ്പോള്‍ പതിവുരീതിയില്‍ പണം അടയ്ക്കാന്‍ പറയും. പണമില്ലെങ്കില്‍ ചികിത്സ കിട്ടില്ല. അതിനു സാമൂഹിക നീതിവകുപ്പിന്റെ സ്‌കീമുണ്ട്. കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ആവശ്യമുള്ള രോഗിയാണ് എന്ന് സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അതനുസരിച്ച് രോഗി സാമൂഹിക നീതിവകുപ്പിന് അപേക്ഷ നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി നല്‍കും. 

മറ്റു കമ്മിഷനുകളില്‍നിന്നു വ്യത്യസ്തമായി, ഗുണഭോക്താക്കള്‍ക്ക് നേരിട്ടുവന്ന് ആനുകൂല്യമോ സഹായമോ സ്വീകരിക്കാന്‍ പലപ്പോഴും പരിമിതികളുണ്ടല്ലോ? 

അപേക്ഷകള്‍ നല്‍കാനുള്‍പ്പെടെ ആരും നേരിട്ടു വരേണ്ടതില്ല. മെയിലിലും തപാലിലും അയയ്ക്കാം. കൃത്യമായി പരിശോധിച്ച് തീരുമാനമുണ്ടാകും. അത്യാവശ്യ കേസുകളില്‍ വാട്സാപില്‍ അയച്ചതുപോലും സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ സ്‌ക്രൈബിനെ വയ്ക്കാനുള്ള അനുമതി വലിയൊരു കാല്‍വെയ്പാണ്. അസുഖത്തിന്റെ പേരില്‍ ആരുടേയും വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നില്ല. ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷിയുള്ള കുട്ടിക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി കോഴ്സില്‍ പ്രവേശനം ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു പ്രവേശനം നല്‍കില്ല എന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിലപാടിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

കെടെറ്റ്, സെറ്റ് പരീക്ഷകള്‍ എഴുതുന്ന, കൈകകള്‍ക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്‌ക സംബന്ധമായ ബുദ്ധിമുട്ടുള്ളതുമായ (സെറിബ്രല്‍ പാള്‍സി) ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്നു തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സ്‌ക്രൈബിന്റെ സേവനവും ഓരോ മണിക്കൂറിനു 20 മിനിറ്റ് അധിക സമയവും അനുവദിച്ചിരുന്നു. 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഭിന്നശേഷി വിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഭിന്നശേഷി കമ്മിഷണര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കത്തയച്ചു. അത് അംഗീകരിച്ച് ഭിന്നശേഷി നിയമത്തിലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭിന്നശേഷിക്കാര്‍ക്കും കെടെറ്റ്, സെറ്റ് പരീക്ഷകള്‍ എഴുതുന്നതിന് സ്‌ക്രൈബിന്റെ സേവനം നല്‍കാന്‍ ഈ ഡിസംബര്‍ ഒന്നിനു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ അനുവദിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം സംവരണം ഉറപ്പാക്കാന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാര്‍ അതംഗീകരിച്ചു. 

ആറ് വയസ്സു മുതല്‍ 14 വയസ്സ് വരെയാണ് നമ്മുടെ ഭരണഘടനപ്രകാരം വിദ്യാഭ്യാസം സൗജന്യമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് ഇത് ബാധകമാകുന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു പ്രായപരിധി 14-നു പകരം 18-നാണ്. ഇതനുസരിച്ച് പത്താം ക്ലാസ്സ് ജയിച്ച് ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ കുട്ടികള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ 100 ശതമാനം സംവരണത്തിനാണ് വ്യവസ്ഥ. അതായത് പ്രവേശനം കൊടുത്തേ പറ്റുകയുള്ളൂ. അവര്‍ക്കിഷ്ടമുള്ള വിഷയവും കൊടുക്കണം. ഇതൊക്കെ ഭിന്നശേഷി കമ്മിഷന്റെ പ്രവര്‍ത്തന നേട്ടങ്ങളാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com