ആത്മസമര്‍പ്പിതമായ അനുധ്യാനം പോലെ, ആഷാ മേനോന്റെ എഴുത്ത്

ആഷാ മേനോന്‍: എഴുത്തിന്റെ അന്‍പത് വര്‍ഷം
ആത്മസമര്‍പ്പിതമായ അനുധ്യാനം പോലെ, ആഷാ മേനോന്റെ എഴുത്ത്

ഷാ മേനോന്‍ എന്ന ശ്രീകുമാര്‍ പിറന്ന പാലക്കാട് കൊല്ലങ്കോട് കാമ്പുറത്ത് തറവാടിന്റെ നേരെ എതിര്‍വശത്താണ് ചരിത്രസ്മരണകളുടെ രഥചക്രം തിരിയുന്ന കൊല്ലങ്കോട് കൊട്ടാരം. അകലെ ഗായത്രിപ്പുഴയില്‍നിന്ന് 'ആറടിച്ചെത്തുന്ന' ആനകളെ തിടമ്പെഴുന്നെള്ളിക്കുന്നത് കാണാനും പഞ്ചാരിമേളം കേള്‍ക്കാനും കാമ്പുറത്ത് വീടിന്റെ മുകള്‍ത്തട്ടിലെ കാഴ്ചക്കട്ടിലില്‍ പണ്ട് ഒട്ടേറെപ്പേര്‍ വന്നിരിക്കാറുണ്ടായിരുന്നുവത്രേ. ആ കാഴ്ചക്കട്ടിലാണ് ആഷാ മേനോന്റെ എഴുത്തുമേശ. കാഴ്ചക്കട്ടിലില്‍ കടലാസ് കെട്ട് വെച്ച് ഇടനാഴിയില്‍നിന്നുകൊണ്ടാണ് അദ്ദേഹം മലയാള നിരൂപണ സാഹിത്യത്തിലെ തരുണവും പ്രൗഢവുമായ നിരീക്ഷണങ്ങളും അനര്‍ഘമായ യാത്രാസ്മൃതികളും എഴുതിത്തീര്‍ത്തതും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നതും. കാല്‍ കഴയ്ക്കുന്നതു വരെ നിന്നുകൊണ്ട് എഴുതുക. പിന്നെയല്പം വിശ്രമിക്കുക. വീണ്ടും നിന്നുകൊണ്ടുതന്നെ എഴുത്ത് തുടരുക. ആത്മസമര്‍പ്പിതമായ അനുധ്യാനംപോലെ, ആഷാ മേനോന്റെ എഴുത്ത്.

****
തെന്മലയുടെ ശിരസ്സില്‍ ഹിമകിരീടം തിളങ്ങിനിന്ന സന്ധ്യയില്‍ കൊല്ലങ്കോട് കൊട്ടാരത്തിന്റെ നരച്ച കുളപ്പടവുകളുടെ താഴെ തണുത്ത ജലമുഖങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന താമരത്തണ്ടുകളിലേയ്ക്ക് മിഴിപാര്‍ത്തുനിന്ന് ആഷാ മേനോന്‍ ഗൃഹാതുരനായതോര്‍ക്കുന്നു. ഏറെക്കാലത്തിനുശേഷമുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു ഞങ്ങളുടേത്. ലാവണ്യമേറിയ പാദസംഹിതകളിലൂടെ സ്വരവ്യഞ്ജനങ്ങളുടെ ഇന്ദ്രധനുസ്സ് കുലച്ച ആഷാ മേനോന്‍. മന്ദ്രസ്വനിതമാര്‍ന്ന ഖസാക്കിന്റെ സംഗീതത്തെക്കുറിച്ച് പഠനം (മലയാളനാട് വാരിക) വായിച്ചാണ് ആഷാ മേനോനെ ആദ്യമറിയുന്നത്. ചിതലി മലയെക്കുറിച്ചും മൈമൂനയെക്കുറിച്ചും ആ ത്രിസന്ധ്യയ്ക്കും ആഷാ മേനോന്‍ ആവേശപൂര്‍വ്വം സംസാരിച്ചു. പിന്നീട്, രണ്ടു വര്‍ഷക്കാലം വള്ളുവനാട്ടിലെ വളകിലുക്കമറ്റ രാവുകളില്‍, ഒരേ ലോഡ്ജ് വരാന്തയിലിരുന്ന് സാഹിത്യം ചര്‍ച്ചചെയ്തിരുന്ന ആ പഴയകാലത്തെക്കുറിച്ചും ഞങ്ങള്‍ ഓര്‍മ്മകള്‍ പങ്കിട്ടു. ചതയദിനത്തിന്റെ ചമയങ്ങള്‍ അഴിച്ചുവെക്കാത്ത പാലക്കാടിന്റെ ചന്ദനസന്ധ്യയില്‍ സുല്‍ത്താന്‍പേട്ട കടന്ന്, ടിപ്പുവിന്റെ പട്ടാളം കടന്നുപോയ കോട്ടവാതില്‍ക്കലില്‍, പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍.

അതീവ ഹൃദ്യമായ ഒരു പുന:സമാഗമത്തിന്റെ ആനന്ദം. അന്നേരം അയവിറക്കിയ പഴയ കഥകളില്‍ പലതിലും വറ്റാത്ത സ്‌നേഹാര്‍ദ്രത.

ആഷാ മേനോന്‍ എന്ന കൊല്ലങ്കോട് കാമ്പുറത്തെ ശ്രീകുമാര്‍, 'തീവ്ര ഖസാക്കിസ്റ്റ്' മന്ദ്രസ്വനിതമാര്‍ന്ന ഖസാക്കിന്റെ ആദ്യവായനക്കാരന്‍, ഒ.വി. വിജയന്റെ വാത്സല്യഭാജനം... ഒറ്റപ്പാലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ചാര്‍ജെടുത്ത നാള്‍ മുതല്‍ ഞങ്ങള്‍ കൂട്ടുകാരായിരുന്നു. വിജയനും ഖസാക്കും തന്നെയാകണം ഞങ്ങളെ സ്‌നേഹപാശങ്ങളാല്‍ ബന്ധിപ്പിച്ചത്.

രണ്ടു വര്‍ഷം ഒരേ ലോഡ്ജിലെ സഹവാസം. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ വാസു നായരുടെ ഹോട്ടലിലെ ഊണിന്റെ രുചി ഞങ്ങള്‍ക്കു മറക്കാനാവില്ല. ഒബ്‌സഷനായി പിന്തുടരുന്ന ഒറ്റപ്പാലത്തെക്കുറിച്ചു പിന്നീട് മനോഹരമായ കൈപ്പടയില്‍ പച്ചമഷിയില്‍ ആഷാ മേനോനെഴുതിയ നിരവധി കത്തുകള്‍ എന്റെ ഫയലിലുണ്ട്. ധിഷണ സ്ഫുരിക്കുന്ന സ്‌നേഹനിധിയായ ചങ്ങാതിയുമായുള്ള ദീര്‍ഘകാലത്തെ ചങ്ങാത്തത്തിന്റെ സ്മാരകമുദ്രകളാണ് അവയത്രയും.

ആഷാ മേനോന്‍
ആഷാ മേനോന്‍

****
വിജയന്‍ ഒരിക്കലെഴുതി: ഖസാക്കിലെ കേന്ദ്രസങ്കല്പമായ കാലത്തിന്റെ ഗംഗാതടം, ദുരൂഹതയുടെ ദു:ഖം.. ഇത് മനസ്സിലാക്കിയ എന്റെ ആദ്യവായനക്കാരന്‍ ആഷാ മേനോനാണ്. സാര്‍ത്രിനെക്കുറിച്ചും അസ്തിത്വ ദര്‍ശനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ അടിമകള്‍ എന്ന പേരിലെഴുതിയ ലേഖനമാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്  1971) ആഷാ മേനോന്റെ ആദ്യരചന. അതിനു മുന്‍പ് ബെക്കറ്റിന്റെ നാടകലോകത്തെക്കുറിച്ചുള്ള ചെറുകുറിപ്പ് വായനക്കാരുടെ കത്തുകളില്‍ വെളിച്ചം കണ്ടിരുന്നു. അക്കാലത്ത് മാതൃഭൂമിയില്‍ രാഷ്ട്രീയ കുറിപ്പുകളെഴുതിയിരുന്ന ഒരു ശ്രീകുമാര്‍ ഉണ്ടായിരുന്നത് കാരണം സഹോദരിയുടെ മകള്‍ ആഷയുടെ പേരിലാണ് തുടര്‍ന്നുള്ള രചനകള്‍ പ്രസിദ്ധീകരിച്ചത്. ഒ.വി. വിജയനെഴുതിച്ചോദിച്ചു: ആഷാ മേനോനല്ലല്ലോ, ആശാ മേനോന്‍ എന്നല്ലേ ശരി? കേരളീയം, ശാലീനം?

പക്ഷേ, ആഷാ മേനോന്‍ എന്ന പേര് ശ്രീകുമാര്‍ മാറ്റിയില്ല. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിലെ സംസ്‌കൃതാദ്ധ്യാപകനായിരുന്ന കാമ്പുറത്ത് ശങ്കരന്‍കുട്ടി മേനോന്റേയും അമ്പത്തൊടി ശാരദയുടേയും പുത്രനായി ജനിച്ച ശ്രീകുമാര്‍, പാലക്കാട് വിക്ടോറിയാ കോളേജിലെ പഠനത്തിനു ശേഷം മദ്രാസില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിനു പഠിക്കുമ്പോഴാണ് എഴുത്തിലേക്ക് തിരിയുന്നത്. പൈതൃകമായി ലഭിച്ച സംസ്‌കൃത പശ്ചാത്തലം ആ സര്‍ഗ്ഗവീര്യത്തിനു കരുത്തേകി. ഭാഷയെ എങ്ങനെ പൊന്നും പൂവും പോലെയാക്കാമെന്ന അക്ലിഷ്ടമായ പരീക്ഷണമായിരുന്നു അത്. മലയാളത്തിന്റെ സാമ്പ്രദായിക ശൈലീ പ്രയോഗങ്ങള്‍ക്കു മീതെയുള്ള ആഷാ മേനോന്റെ അത്യാധുനികമായ ആഘാതത്തില്‍ വൈയാകരണന്മാരും ഭാഷാഗവേഷകരും അമ്പരന്നു നിന്നു. എഴുത്തിനെന്ത് സൗന്ദര്യം, ശീര്‍ഷകങ്ങള്‍ക്കെന്ത് ചാരുതയെന്ന് അനുഭവവേദ്യമായ കാലം.
 
അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് ആഷാ മേനോന്‍ എഴുതി: എനിക്ക് 20 വയസ്സുള്ളപ്പോള്‍ സംഭവിച്ച അച്ഛന്റെ വേറിടല്‍ എന്നെ മരവിപ്പിച്ചത് ആദ്യമായി ലഭിച്ച ആത്മീയ ശിക്ഷണമായിരുന്നു. മദ്രാസില്‍ ഹോസ്റ്റലിലേക്കയച്ച അച്ഛന്റെ മണിയോര്‍ഡര്‍ ഒപ്പിട്ടുവാങ്ങിയിട്ട് ഏതാനും നിമിഷങ്ങളേ ആയുള്ളൂ. ആ സന്ധ്യയ്ക്ക് ശിവന്‍ കോവിലില്‍നിന്ന് വിളക്കു കണ്ട് തിരിച്ചുപോരുമ്പോള്‍ സര്‍പ്പദംശമേറ്റ് അച്ഛന്‍ മരിച്ചു. വിഷവൈദ്യന്റെ അടുത്തുനിന്ന് നാവ് ഉഴറിത്തുടങ്ങുകയും പ്രാണന്‍ ഹതാശമായി രന്ദ്രങ്ങള്‍ പൊളിച്ച് പുറത്ത് പോകാന്‍ വെമ്പുകയും ചെയ്തപ്പോള്‍ അച്ഛന്റെ ചുണ്ടില്‍നിന്നു തെറിച്ചുവീണത് ഗീതയിലെ സര്‍വധര്‍മാന്‍ പരിത്യജ്യ... എന്ന ശ്ലോകമായിരുന്നു. കടിവായ്ക്ക് ചുറ്റും നീലിച്ചിരുന്ന അച്ഛന്റെ മൃതദേഹം ഞാന്‍ കണ്ടില്ല. പിന്നീട് സഞ്ചയനത്തിന് അസ്ഥി ശേഖരിക്കുമ്പോള്‍, ഉദ്വേഗങ്ങളസ്തമിച്ച ആ മുഖമോര്‍ത്ത് ഞാന്‍ കരഞ്ഞതുമില്ല. അച്ഛന്റെ വലിയ ഗ്രന്ഥശേഖരത്തിലേക്ക് ഞാന്‍ കയ്യെത്തിച്ചതും ആ ശൂന്യതയിലാണ്. വീണ്ടും 17 വര്‍ഷത്തിനുശേഷം ഒരു മേടരാത്രിയുടെ പാതിയാമങ്ങളില്‍ ഇല അടരുന്നതുപോലെ അമ്മ പോയപ്പോഴും എന്റെ അശ്രുക്കള്‍ ഉള്‍വലിഞ്ഞിരുന്നു.

എന്‍ജിനീയറിംഗ് പഠനം മതിയാക്കി ആഷാ മേനോന്‍ നാട്ടിലേക്ക് മടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി കിട്ടി. തുടര്‍ന്ന് എഴുത്ത്, വായന, സംഗീതം, യാത്രകള്‍... 

യാത്രകളെക്കുറിച്ച് ആഷാ മേനോനെഴുതി: പ്രാചീനമായ ആതുരത്വത്തിന്റെ ശമനമാണ് എനിക്കു യാത്രകള്‍. ഞാന്‍ ചെന്നെത്തിയ ഇടങ്ങളെല്ലാം തന്നെ സമ്പന്നമായൊരു പൗരാണികത അന്തര്‍വ്വഹിച്ചതായിരുന്നു. ഒരേ വടിവില്‍പ്പെട്ട ദൃശ്യങ്ങളുടേയും ശബ്ദങ്ങളുടേയും മുരടിപ്പിനെ നൊമാഡുകളെപ്പോലെ മറികടക്കുക. തളംകെട്ടി നില്‍ക്കുന്ന അവസ്ഥകളിനിന്ന് ഒന്നു കുതറാന്‍ യാത്രകള്‍ സഹായകമാകും.

'പുതിയ പുരുഷാര്‍ത്ഥങ്ങള്‍' ആദ്യ പുസ്തകം. തനുമാനസി, ജീവന്റെ കയ്യൊപ്പ് (ഇവ രണ്ടും കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായി) കലിയഗാരണ്യകങ്ങള്‍, ഹെര്‍ബേറിയം, പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, അടരുന്ന കക്കകള്‍, പരാഗ കോശങ്ങള്‍, പയസ്വിനി, കൃഷ്ണശിലയും ഹിമശിരസ്സും, ഓഷോവിന്റെ നീലഞരമ്പ്, ഹിമാലയ പ്രത്യക്ഷങ്ങള്‍, ഇലമുളച്ചികള്‍, ഖല്‍സയുടെ ജലസ്മൃതി, ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ... പുസ്തകങ്ങള്‍ക്കെല്ലാം ആകര്‍ഷകമായ ശീര്‍ഷകങ്ങള്‍. ആദ്യം തലവാചകം കൊരുത്ത ശേഷം ലേഖനമെഴുതിത്തുടങ്ങുന്ന ആഷാ മേനോന്റെ ചേതോഹരമായ മറ്റുചില ഹെഡിംഗുകള്‍: ഇരുണ്ട സ്വരകാവ്യങ്ങള്‍, ജാഹ്നവീ തീരത്തെ സ്വപ്നം, ലൈംഗികതയുടെ മന്ദാരങ്ങള്‍, ആത്മാവിന്റെ ഗൃഹാതുരത്വം, രതിയുടെ ഗായത്രികള്‍, പരലുകളിലെ നീലിമ, ചിദാകാശത്തിലെ വെളിച്ചം, നദിയുടെ സിദ്ധാര്‍ത്ഥത, ഉഷസ്സിന്റെ നഗരം, നഷ്ടപ്പെടുന്ന സാമമന്ത്രങ്ങള്‍, പുതിയ ആരണ്യകങ്ങള്‍, സന്ധ്യകളിലെ തോറ്റം, ശിവശീര്‍ഷത്തില്‍ ക്ഷോഭം, പഞ്ചകേദാരങ്ങളിലെ മൗനം, ശരാവതിക്കു മുകളിലെ ചുട്ടിപ്പരുന്ത്, അവധൂതന്റെ നിഷാദങ്ങള്‍...

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com