മാധ്യമവും അധികാരവും തമ്മിലുള്ള 'വൈരുദ്ധ്യാത്മക' പരസ്പര ധാരണ അനാവരണം ചെയ്യുന്ന 'ബംഗാള്‍'

കെജിഎസിന്റെ ബംഗാളിന് അന്‍പത് വയസ്
മാധ്യമവും അധികാരവും തമ്മിലുള്ള 'വൈരുദ്ധ്യാത്മക' പരസ്പര ധാരണ അനാവരണം ചെയ്യുന്ന 'ബംഗാള്‍'

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാനപ്പെട്ട സ്വേച്ഛാധിപതി നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് എഴുപതുകളുടെ ആദ്യ പകുതിയിലാണ്. ഗാര്‍ഷ്യ മാര്‍ക്വേസിന്റെ 'ഓട്ടം ഓഫ് പാട്രിയാര്‍ക്' (1975), ഓഗസ്റ്റോ ബസ്റ്റോസിന്റെ 'ഐ ദ സുപ്രീമോ' (1974), അലക്‌സാണ്‍ഡ്രോ കാര്‍പെന്റിയരുടെ 'റീസണ്‍സ് ഓഫ് ദ സ്റ്റേറ്റ്' (1974). മലയാളത്തിലെ ഏറ്റവും പ്രമാദമായ ദുശ്ശാസക പ്രതിബിംബം ധര്‍മ്മപുരാണത്തിലെ പ്രജാപതി (1976) തന്നെ. എന്നാല്‍, അതിനു മുന്നേ തന്നെ കെ.ജി.എസ്സിന്റെ 'ബംഗാളി'ല്‍ (1972) ദുശ്ശാസക പ്രതിച്ഛായയുള്ള വംശാധിപനെ മലയാളി എതിര്‍പാര്‍ക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏതെങ്കിലും ഒരു സ്വേച്ഛാധിപതിയെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതല്ല 'ബംഗാള്‍.' സ്വേച്ഛാധിപതി വാഴുന്ന രാജ്യമേതെന്നും വ്യക്തമാക്കുന്നില്ല. ലാറ്റിന്‍ അമേരിക്ക കണ്ടതും കാണാനിരിക്കുന്നതുമായ ഏകാധിപതികളുടെ ബ്രൈകൊളാഷാണ് ഈ മൂന്നു നോവലുകളിലേയും ദുശ്ശാസകര്‍. വ്യത്യസ്തതകള്‍ പലതുണ്ടെങ്കിലും ദുരധികാര കൗടില്യത്തിന്റെ സൂക്ഷ്മതലങ്ങളില്‍ ഇവ പങ്കിടുന്നത് ഒരേ ഹീനതയാണ്. ആ ഹീനതയ്ക്ക് നിദാനമോ, ദുശ്ശാസകരുടെ മസ്തിഷ്‌കത്തെ ഭരിക്കുന്ന അധികാര ഭ്രാന്തും ശൈഥില്യഭീതിയും. ഇതില്‍നിന്നുരുവം കൊള്ളുന്ന മനോവിഭ്രാന്തിയാണ് ഈ നോവലുകള്‍ ആവിഷ്‌കരിക്കുന്നത്. വംശാധിപതികളുടെ, ഏതു നാട്ടിലുള്ളതായാലും മെഗാലോമാനിയ അവരില്‍ സൃഷ്ടിക്കുന്ന അഗാധമായ ഭീതി അവരെ വിഭ്രാന്തരാക്കുന്നു (paranoia). സ്വന്തം അധികാരത്തെക്കുറിച്ചുള്ള മിഥ്യാബോധവും (illusion) തന്റെ കഴിവുകളെക്കുറിച്ചുള്ള ആത്മവ്യാമോഹവും (self delusion) ഇവരെ യാഥാര്‍തിഥ്യത്തെ അഭിമുഖീകരിക്കാന്‍ വിമുഖരാക്കുന്നു. ഭയം ഗ്രസിക്കുന്തോറും ഇവര്‍ വിഭ്രാന്തരും പരമാന്ധതരുമായി മാറുന്നു. സേവകവൃന്ദത്തെ വീടകങ്ങളില്‍ വളര്‍ത്തുമ്പോഴും പെരുകുന്നേയുള്ളൂ അവരുടെ ഒറ്റപ്പെടല്‍. 

മാര്‍ക്വേസിന്റെ നോവലില്‍ ഈ ഒറ്റപ്പെടല്‍ ഘടകം കൂടുതല്‍ തീക്ഷ്ണം. ഒറ്റവാചകത്തില്‍ നിര്‍വ്വചിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചുള്ള കവിത' എന്നാണ് മാര്‍ക്വേസ് 'ഓട്ടം ഓഫ് പാട്രിയാര്‍ക്കി'നെ നിര്‍വ്വചിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ നോവലുകളിലെ സ്വേച്ഛാധിപതികള്‍ക്ക് ചരിത്രത്തിലെ ദുശ്ശാസകരുമായി ഛായാസാമ്യം കാണാന്‍ കഴിയും. എങ്കിലും അവ ഭാവനാസൃഷ്ടികള്‍. സാഹിത്യത്തിലെ കഥാപാത്രങ്ങള്‍. ആ നിലയിലാണവരുടെ തികവും മികവും. ചരിത്രത്തിലെ കുപ്രസിദ്ധ ദുരധികാരികള്‍ ഈ ഭാവനാത്മക പുനഃസൃഷ്ടിക്ക് നിമിത്തമായിട്ടുണ്ടാവാം. അധിനിവേശാനന്തര സമൂഹങ്ങളില്‍ സ്വേച്ഛാധിപത്യം സ്വാഭാവികാരോഹണമായി. ഇത് ഇന്നും തുടരുന്ന കഥ.

സാഹിത്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഈ ദുശ്ശാസകരുടെ പ്രത്യേകത കാലാന്തരത്വം തന്നെയാണ്. സ്വകാലാനുഭവത്തിന്റെ വിമര്‍ശനാത്മകവും ആഖ്യാനാത്മകവും സൗന്ദര്യാത്മകവുമായ വിശകലന സാധ്യതകളിലൂടെയാണ് ഏതു പുതിയ ദുശ്ശാസക ബിംബത്തിന്റേയും സൃഷ്ടി. സ്വേച്ഛാധിപത്യാഭിലാഷങ്ങളുടേയും ആധികളുടേയും ദുരധികാര പ്രവണതകളുടേയും പ്രകൃതത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകളായാണ് ഷേക്‌സ്പിയര്‍ നാടകങ്ങളെ സ്റ്റീഫന്‍ ഗ്രീന്‍ബ്ലാറ്റ് വിശദീകരിക്കുന്നത്. 

ലാറ്റിനമേരിക്കന്‍ നോവലുകളിലും 'ബംഗാളി'ലും ധര്‍മ്മപുരാണത്തിലും കാണുന്ന സ്വേച്ഛാധിപത്യം പ്രാദേശിക പരിധിക്കപ്പുറം ഭാവവ്യാപ്തിയുള്ളതാണ്. അധിനിവേശാനന്തര ചരിത്രത്തിലേയും സംസ്‌കാരത്തിലേയും പിരിമുറുക്കങ്ങളും വൈരുദ്ധ്യങ്ങളും സങ്കീര്‍ണ്ണമാക്കിയ രാഷ്ട്രീയ സമസ്യയാണത്. ഇതു സംവേദനം ചെയ്യാന്‍ ആധുനികതയുടെ ഭാഷ അപര്യാപ്തമായിരുന്നു. ദുശ്ശാസക വ്യവസ്ഥകള്‍ക്കെതിരെ ദക്ഷിണ ജനത അനേകം സമരമുഖങ്ങള്‍ തുറന്നു. നവീനമായൊരു രാഷ്ട്രീയ ഭാവുകത്വവും ഭാഷയും ഇതു വിളയിച്ചു. 

മാർക്വേസ്
മാർക്വേസ്

ആധുനികതയുടെ പരിമിതികളെ അതിജീവിച്ചുയര്‍ന്ന ഈ രാഷ്ട്രീയ സാംസ്‌കാരിക ഭാവുകത്വത്തിന്റെ ഘട്ടത്തിലാണ് രണ്ടു പ്രധാന സൃഷ്ടികള്‍ മലയാളത്തില്‍ രചിക്കപ്പെടുന്നത്. കെ.ജി.എസ്സിന്റെ ബംഗാള്‍ (1972), ഒ.വി. വിജയന്റെ 'ധര്‍മ്മപുരാണം' (1976) എന്നിവ. ലാറ്റിനമേരിക്കന്‍ സ്വേച്ഛാധിപത്യ നോവലുകളോട് ഭാവനാപരവും സന്ദര്‍ഭപരവുമായ ഐക്യം പുലര്‍ത്തുന്നു ഈ രണ്ടു രചനകളും. ദുശ്ശാസക വ്യവസ്ഥയെ വിഭാവനം ചെയ്യുന്നതില്‍ ഈ കൃതികള്‍ക്കു ഭാവാശ്രയവും ആശയസ്രോതസ്സും ഭാരതീയ ഇതിഹാസമാണ്. ഇതിഹാസത്തെ അവലംബമാക്കി ഒരു ആഖ്യാനം നിര്‍വ്വഹിക്കുകയല്ല കെ.ജി.എസ്. ചെയ്യുന്നത്. ധൃതരാഷ്ട്രര്‍ എന്ന ഇതിഹാസ കഥാപാത്രത്തിലെ ഏകാധിപത്യ പ്രവണതകളും അവയുടെ നവസാധ്യതകളും കണ്ടെത്തിക്കൊണ്ടാണ് 'ബംഗാളി'ലെ ആഖ്യാനം ചുരുളഴിയുന്നത്. ധാര്‍ത്തരാഷ്ട്രം രാഷ്ട്രത്തിന്റെ തന്നെ ഉല്‍പ്രേക്ഷയാകുന്നു. മലയാളത്തില്‍ സാഹിത്യ ആധുനികതയുടെ വഴിത്തിരിവ് അടയാളമായി കരുതുന്ന അയ്യപ്പപണിക്കരുടെ 'കുരുക്ഷേത്രം' ഭാരതേതിഹാസത്തിന്റെ യുദ്ധഭൂമികയെ ആധുനിക മൂല്യസംഘര്‍ഷങ്ങളുടെ പടക്കളമാക്കിയതില്‍നിന്നു ഭിന്നമായി കെ.ജി.എസ്. അധികാരത്തിന്റെ കുരുതിക്കളമായ ഇതിഹാസഭൂമികയെ വിപ്ലവമൂര്‍ച്ഛയുടെ ചരിത്രസന്ദര്‍ഭത്തില്‍ ശിഥിലമായി തുടങ്ങിയിരുന്ന വ്യവസ്ഥയുടെ ഉള്‍ക്കിടിലത്തിനു വിതാനമാക്കി. ആഖ്യാനം പയ്യെ നീങ്ങുന്ന മനനവ്യാപാരമായല്ല ഇവിടെ അനുഭവപ്പെടുന്നത് ദുശ്ശാസകന്റെ ആധിപൂണ്ട ആലോചനകള്‍ കൊടുങ്കാറ്റുവേഗത്തിലാണ് മുന്നേറുന്നത്. 

ധൃതരാഷ്ട്രനും പ്രജാപതിയുമാണ് മലയാള ഭാവന സൃഷ്ടിച്ച രണ്ടു ദുരധികാരികള്‍. ഭാരതീയമായ തലമുണ്ട് രണ്ടിനും. ധര്‍മ്മപുരാണത്തില്‍ ബുദ്ധമോക്ഷമാണ് പ്രത്യാശയ്ക്ക് വകനല്‍കുന്നത്. തികച്ചും ഇന്ത്യനെന്നോ ഏഷ്യാറ്റിക് എന്നോ വിളിക്കാവുന്നവിധമാണ് പ്രജാപതിയുടെ ഭാവഘടന. ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണ പ്രയോഗങ്ങളിലൂടെയാണ് അധികാരത്തിന്റെ ഭോഗാശ്ലീലതയെ ഒ.വി. വിജയന്‍ വരച്ചിടുന്നതെങ്കില്‍ കെ.ജി.എസ്. ദുരധികാരിയുടെ ആധികളിലൂടെയും ആത്മചിന്തനങ്ങളിലൂടെയും സമഗ്രാധികാരത്തിന്റെ ഉള്‍ഭീതിയെ വെളിച്ചത്തുകൊണ്ടുവരുന്നു. കെ.ജി.എസ്സിനു നല്ലപോലെ വഴങ്ങുന്ന ആക്ഷേപഹാസ്യം ഈ കവിതയില്‍ കൊണ്ടുവരുന്നില്ല എന്നത് ശ്രദ്ധിക്കാവുന്നതാണ്. പ്രതീക്ഷകള്‍ കൈവിട്ടുപോയതിനു ശേഷമുള്ള നിരാശാഘട്ടത്തെ മറികടക്കാനുള്ള ഉപായമായിരുന്നു കെ.ജി.എസിന് ആക്ഷേപഹാസ്യമെന്നു തോന്നുന്നു. കാരണം കെ.ജി.എസ് കവിതയില്‍ ആക്ഷേപഹാസ്യം ഏറ്റവും മൂര്‍ച്ചയേറി വന്നത് വല്ലാത്തൊരു നഷ്ടബോധത്തിന്റെ കവിതകള്‍ രചിക്കപ്പെട്ട ഘട്ടത്തിലാണ്. നല്ല ആക്ഷേപഹാസ്യത്തിന്റെ ആഴങ്ങള്‍ക്കടിയില്‍ ദുരന്തബോധം നിഴലിച്ചുനില്‍ക്കുന്നു. 

ധര്‍മ്മപുരാണത്തിലാണെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ സ്വേച്ഛാധിപതി നോവലുകളിലാണെങ്കിലും അധികാരം അതിന്റെ ഏറ്റവും നഗ്‌നവും പ്രാകൃതവുമായ ഭാവത്തില്‍ പ്രയോഗിക്കുന്ന ഏകശാസകരാണ് കേന്ദ്രസ്ഥാനത്തുള്ളത്. യാതൊരുവിധ പ്രച്ഛന്നതകളുമില്ലാത്ത ഏകാധിപത്യവാഴ്ചയുടെ സകലവിധ നൃശംസതയേയും പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്നു. എന്നാല്‍, കെ.ജി.എസ്സിന്റെ 'ബംഗാളി'ലെ ധൃതരാഷ്ടര്‍ എന്ന ഏകശാസകനും വംശാധിപതിയും അയാളില്‍ നിറഞ്ഞുകവിയുന്ന ഭീതിയില്‍ നിന്നുല്‍ഭൂതമാകുന്ന ദുഃസ്വപ്ന സമാനമായ കാഴ്ചകളില്‍നിന്നാണ് സര്‍വ്വചരാചരങ്ങളുടെ മേലുമുള്ള തന്റെ സര്‍വ്വാധിപത്യം നഷ്ടമാകാന്‍ പോകുന്നുവെന്നറിയുന്നത്. അധികാരത്താല്‍ ആന്ധ്യം ബാധിച്ച ദുശ്ശാസകന്‍ ശിഥിലമാകാന്‍ പോകുന്ന അധികാരം സൃഷ്ടിക്കുന്ന ഭീതിയാല്‍ ഭയാക്രാന്തനായി അകമേ കാണുന്ന കാഴ്ചകളാണ് ഒന്നൊന്നായി കവിതയില്‍ ചുരുള്‍ നിവരുന്നത്. അധികാര നഷ്ടത്തെക്കുറിച്ചുള്ള ഭ്രാന്തപ്രലപനങ്ങളിലൂടെയാണ് നിലനില്‍ക്കുന്ന ദുശ്ശാസക വ്യസ്ഥയുടെ ഹിംസാത്മകതയെ തിരിച്ചറിയാന്‍ സാധിക്കുന്നത്. എല്ലാം മനസ്സിലാക്കാന്‍ കഴിയുമ്പോഴും ഒന്നും അറിയാന്‍ പറ്റാത്ത അവസ്ഥയാണ് ധൃതരാഷ്ട്രര്‍ അനുഭവിക്കുന്നത്. സൃഷ്ടിസ്ഥിതിപരമായ പിരിമുറുക്കങ്ങളും യഥാര്‍ത്ഥ വിവരങ്ങളുടെ അഭാവത്തില്‍നിന്നുണ്ടാകുന്ന ആധിയും അവ്യക്തതയും വംശാധിപതിയെ കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലനാക്കുന്നു. കവിതയുടെ ഉപശീര്‍ഷകത്തില്‍ പറയുന്നത് 'ഇന്ത്യന്‍ അവസ്ഥ: ധൃതരാഷ്ട്രര്‍' എന്നാണ്. ഈ അവസ്ഥ കടുത്ത പ്രതിസന്ധിയുടെ ഭൂമികയാണ്. എപ്പോഴും പുതിയ ചിന്താരീതികള്‍ക്കും ഭാവുകത്വത്തിനുമുള്ള സാധ്യത കൂടിയാണ് പ്രതിസന്ധി. കവിതയിലെ സംഘര്‍ഷം ഒരു വശത്തു ദുശ്ശാസകനെ ശിഥിലമാക്കുന്നതും മറുവശത്ത് അയാളുടെ വംശശിഥിലീകരണ ചിന്ത ജനതയില്‍ പുതിയ പ്രത്യാശകള്‍ ഉണര്‍ത്തുന്നതുമാണ്. കവിതാ സങ്കേതം എന്ന നിലയില്‍ 'ഐറണി'ക്ക് വ്യത്യസ്തമായ പുതുരാഷ്ട്രീയ മാനം 'ബംഗാള്‍' സാധ്യമാക്കുന്നുണ്ട്. 

ഓ​ഗസ്റ്റോ ബസ്റ്റോസ്
ഓ​ഗസ്റ്റോ ബസ്റ്റോസ്

ചെറുത്തുനില്‍പ്പിന്റെ പുതുഭാഷ

'ബംഗാളില്‍' ധൃതരാഷ്ട്രര്‍ എന്ന കുലാധിപതി തനിക്ക് അനുഭവവേദ്യമാകുന്ന കാലത്തെക്കുറിച്ചു സഞ്ജയനോട് പറയുന്നത് ഇതാണ്: 'ഇലപൊഴിച്ചിലിന്റെ ഈ കാലം/വൃക്ഷത്തടങ്ങളില്‍ കരിയില കൂടുന്ന ഈ കാലം/ചുടുവേനല്‍.' കുലാധിപതിയെന്നോ വംശാധിപതിയെന്നോ വിളിക്കാവുന്ന ധൃതരാഷ്ട്രരുടെ ശിലകളില്‍ ശരത്കാലം ഭയം മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. വംശാധിപതിയുടെ ശരത്കാലമാണ് ഇത് (autumn of ptariarch). അയ്യായിരം സന്തതികളെ ഉല്പാദിപ്പിച്ച് നൂറ്റിയന്‍പതിലധികം വര്‍ഷം ജീവിച്ച മാര്‍ക്വേസിന്റെ ഗോത്രപിതാവിനു സമാനമായ ബംഗാളിലെ കുലാധിപതി മക്കളും ചെറുമക്കളുമായുള്ള എല്ലാ വിരൂപങ്ങളും പ്രാക്തനസംസ്‌കൃതിയുടേയും പുതുനാഗരികതയുടേയുമെല്ലാം ഈറ്റില്ലമായ ബംഗാളില്‍ അരക്ഷിതരാണ് എന്നതാണ് ഭീതിപ്പെടുത്തുന്ന സംഗതി. ആശ്വാസത്തിന്റേതായ ഒരു വാക്കും സഞ്ജയന് ഉച്ചരിക്കാനുമില്ല.

മാര്‍ക്വേസിന്റെ നോവലിലെന്നപോലെ ബംഗാളിലേയും പ്രധാന പ്രമേയം അന്ധത ബാധിച്ച ദുരധികാരത്തിന്റെ വഞ്ചനയും മിഥ്യാബോധവുമാണ്. ദുരധികാരത്തിന്റെ മിഥ്യാമാധുര്യമാണ് ധൃതരാഷ്ട്രരെ കൂടുതല്‍ ഭയചകിതനാക്കുന്നത്. തകര്‍ച്ചയെ കൂടുതല്‍ രൂക്ഷിതമാക്കുന്നത്. നാഗരികതയുടെ നിഷ്ഠുരമായ നിര്‍മ്മിതിയില്‍ അമര്‍ച്ചചെയ്യപ്പെട്ട പരാജിതരായ 'വിദൂര ഗ്രാമങ്ങളിലെ ദരിദ്രകര്‍ഷകരുടെ ഉഗ്രശാപത്തില്‍നിന്നാണ് ചുഴലി പൊട്ടിപ്പുറപ്പെടുന്നത്.' ഭയമാണ് ഇതിലൂടെ വീശിയടിക്കുന്നത്. അധികാരത്തെക്കുറിച്ചുള്ള മിഥ്യാബോധം എത്രയുണ്ടോ അത്രതന്നെ മിഥ്യാധാരണകളിലാണ് അയാള്‍ അധികാരത്തിനെതിരെയുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ മുന്നേറ്റത്തെ അറിയുന്നത്. വിപ്ലവത്തിന്റെ തീക്ഷ്ണതയ്ക്ക് ഭാഷ്യം നല്‍കുന്നത് ധൃതരാഷ്ട്രരുടെ ഭാവന തന്നെയാണ്. അതേസമയം അയാള്‍ തന്റെ കാഴ്ചയുടെ പരിമിതി തിരിച്ചറിയുന്നുമുണ്ട്. ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ല എന്നു പറഞ്ഞുതുടങ്ങുന്ന ദുശ്ശാസകന്‍ കാണുന്നത് നഷ്ട്രപ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം. അതേസമയം, അധികാരാസക്തിയുടെ മനോവിഭ്രാന്തിയില്‍ അയാള്‍ കാണാതെ പോയതോ കണ്ടില്ലെന്നു നടിച്ചതോ താനും തന്റെ വംശവും നിത്യപീഡനത്തിനിരയാക്കിയ ജനതയെ. പക്ഷേ, അവരുടെ പടയൊരുക്കമാണ് ദുശ്ശാസകനെ ഇന്ന് ഭീതിയിലാഴ്ത്തുന്നത്. അക്കാരണത്താലാണ് 'അന്ധത ഉത്തമകവചമല്ലാത്തയാകുന്നത്.' കെ.ജി.എസ്സിന്റെ ബംഗാളിലെ ഏറെ പ്രസിദ്ധമായ ഈ വരിയില്‍ രാഷ്ട്രീയ ആധുനികത പുതിയൊരു ഭാവുകത്വത്തെ പ്രകാശിപ്പിക്കുന്നത് കാണാം. അധികാര വിമര്‍ശനത്തിന്റെ ഒരു ഘടകം മാത്രമായല്ല, പ്രത്യാശയുടെ മാധ്യമം കൂടിയായി 'അന്ധത' ഇവിടെ മാറുന്നു. ആലസ്യത്തിലും അതിഭോഗതയിലും ലയിച്ചിരിക്കുന്ന സര്‍വ്വാധികാരത്തിന്റെ ആന്ധ്യം അധികാരത്തിന്റെ ആന്തരിക വൈകല്യമാണ്. വൈരുദ്ധ്യാത്മക ഐറണി (dialectical irony) കവിതയില്‍ ചെറുത്തുനില്‍പ്പിന്റെ പുതുഭാഷ നിര്‍മ്മിക്കുകയാണ്. 

ആലക്സാൺഡ്രോ കാർപെന്റിയർ
ആലക്സാൺഡ്രോ കാർപെന്റിയർ

ദുരധികാരാധിക്യത്താല്‍ അന്ധനായ ധൃതരാഷ്ട്രര്‍ സ്വന്തം ഭാവനയ്‌ക്കൊത്തവിധം പനോപ്റ്റിസിസ്റ്റ് സ്വഭാവമുള്ള ദൃശ്യവ്യവസ്ഥയെ (visual regime) സ്ഥാപിക്കുന്നുണ്ട്. അധികാരാധിക്യത്തെപ്പോലെ പെരുംഭീതിയില്‍നിന്നും രൂപപ്പെടുന്ന ദൃശ്യാധിക്യവും (visual excess) കവിതയുടെ ബിംബാവലിയിലൂടെ അനുഭവവേദ്യമാകുന്നുണ്ട്. ദുശ്ശാസകന്റെ അന്ധതയില്‍ തെളിയുന്ന ദൃശ്യസഞ്ചയമത്രയും അയാളുടെ അധികാരത്തെ അസ്ഥിരീകരിക്കാന്‍ കെല്പുള്ളതാണ്. വൈരുദ്ധ്യാത്മക മാനങ്ങളുള്ളതാണ് അയാള്‍ക്ക് അനുഭവവേദ്യമാകുന്ന ദൃശ്യങ്ങള്‍. അയാള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്ന ലോകത്തെയാണ് അയാള്‍ ദൃശ്യവല്‍ക്കരിക്കുന്നത്. എന്നാല്‍, ദുശ്ശാസകന്‍ അതില്‍ മുഴുകുകയും ചെയ്യുകയാണ്. സഞ്ജയന്റെ വിവരണങ്ങളിലെ ദൃശ്യാത്മക വിവരങ്ങള്‍ ധൃതരാഷ്ട്രര്‍ പാടേ തിരസ്‌കരിച്ചിരുന്നു. ദുശ്ശാസകന്റെ ദൃശ്യലോകത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? 'പനോപ്റ്റിക് സ്‌പെക്ടക്യൂലാരിറ്റി' (Panoptic Spectaculartiy) എന്നോ? ഈ ദൃശ്യവ്യവസ്ഥയല്ലെ ഇന്നത്തെ എല്ലാ മര്‍ദ്ദക വ്യവസ്ഥകളേയും സാര്‍വ്വദേശീയമായി ഐക്യപ്പെടുത്തുന്ന ഛായാദര്‍ശനം? 

തികച്ചും സമകാലിക സംഗതിയാണെങ്കിലും ദുശ്ശാസകവ്യവസ്ഥയിലെ മാധ്യമങ്ങളെക്കുറിച്ചുള്ള കൗതുകമുണര്‍ത്തുന്ന ഒരു ദര്‍ശനം അന്‍പതുവര്‍ഷം മുന്‍പേ ബംഗാളില്‍ കെ.ജി.എസ്. അവതരിപ്പിക്കുന്നുണ്ട്. Revolution cannot be televised എന്നു പറയും. നമുക്കറിയാവുന്ന കാര്യങ്ങള്‍ ഇവയാണ്: സഞ്ജയന്‍ ആദിമ റിപ്പോര്‍ട്ടറാണ്. ധൃതരാഷ്ട്രര്‍ എന്ന അന്ധനായ രാജാവിന് കുരുക്ഷേത്രത്തില്‍നിന്ന് ദിവ്യദൃഷ്ടിയാല്‍ അവിടെ നടക്കുന്ന പടപ്പോര് ലൈവ് ചെയ്യുകയാണ്. സഞ്ജയന്റേത് വസ്തുതാവതരണമാണ്. എന്നാല്‍, പ്രത്യേകമായ 'ദിവ്യദൃഷ്ടി'യുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ സുലഭമായുണ്ട്. മാധ്യമ ഉടമകളും അധികാരത്തിലിരിക്കുന്നവരും മനസ്സില്‍ എന്തഭിലഷിക്കുന്നുവോ അത് 'ദിവ്യദൃഷ്ടിയാല്‍' തിരിച്ചറിഞ്ഞു പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വലിയ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. 'ബംഗാളി'ല്‍ മാധ്യമം ഒരു trope ആണ്. മാധ്യമവും അധികാരവും തമ്മിലുള്ള 'വൈരുദ്ധ്യാത്മകമായ' പരസ്പരധാരണയുടെ അകത്തുകടന്ന് അത് അനാവരണം ചെയ്യുന്നുണ്ട് 'ബംഗാള്‍.' 

ഒവി വിജയൻ
ഒവി വിജയൻ

നമ്മുക്കിന്ന് അനുഭവപ്പെടുന്ന വിധത്തിലുള്ള മാധ്യമ സംസ്‌കാരമായിരുന്നില്ല കവിത പ്രസിദ്ധീകരിച്ച എഴുപത്തിരണ്ടിലേത്. മാധ്യമസ്ഥിതമായിരുന്നിരിക്കില്ല അന്നത്തെ ജീവിതം. അച്ചടി മാധ്യമങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന അക്കാലത്തു മാധ്യമങ്ങളുടെ വിശ്വാസ്യത ഇത്രമേല്‍ തകര്‍ന്നിട്ടുണ്ടാവില്ല. മാത്രമല്ല, ബദല്‍ പ്രസിദ്ധീകരണ സംസ്‌കാരം മലയാള ഭാവുകത്വത്തെ തന്നെ മാറ്റിമറിച്ച കാലമായിരുന്നു അതെന്നാണ് കേട്ടിട്ടുള്ളത്. കെ.ജി.എസ്സിന്റെ ബംഗാള്‍ തന്നെ പ്രസിദ്ധീകരിച്ചത് അന്നത്തെ പ്രതിഷ്ഠാപിതമായ ആനുകാലികത്തിലല്ല, 'പ്രസക്തി' എന്ന ബദല്‍ പ്രസിദ്ധീകരണത്തിലാണ്. നിലനില്‍ക്കുന്ന സാംസ്‌കാരികക്കോയ്മകളുടെ ചുറ്റുവട്ടത്തുനിന്നു മാറി പുതുമയുമുള്ള എഴുത്ത് പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥാപിത മാധ്യമങ്ങളുടെ സാഹിത്യവാണിജ്യ യുക്തിവെച്ച് പറ്റുന്ന കാര്യമല്ല. ഇതില്‍ ഇന്നും മാറ്റമില്ലെന്നു മാത്രമല്ല, കൂടുതല്‍ മോശമായിട്ടുണ്ടെങ്കിലേയുള്ളൂ. 

ഏതായാലും, 'ബംഗാളി'ലെ മാധ്യമ ദര്‍ശനം കൂടുതല്‍ അനുയോജ്യമാവുക വര്‍ത്തമാനകാലത്തിലാണ്. ബംഗാളിലെ മാധ്യമ ദര്‍ശനം ഇന്നിന്റേതാണ്. റിപ്പോര്‍ട്ടര്‍ സഞ്ജയന്‍ ഇതില്‍ വെറും ശ്രോതാവാണ്. ഏകഭാഷണം ദുശ്ശാസകനായ കോര്‍പ്പറേറ്റ് ഫാമിലി ബിസിനസ് ഗോത്രത്തലവനായ ധൃതരാഷ്ട്രരുടേതാണ്. അധികാരികളുടെ ഏറ്റവും വ്യക്തിഗതമായ ഉല്‍ക്കണ്ഠകള്‍ പങ്കുവെയ്ക്കുന്നത് അനുചരരായ മാധ്യമ പ്രവര്‍ത്തകരോടാണ്. ഏതു കോര്‍പ്പറേറ്റ് മേധാവിക്കും സ്വന്തം പാദസേവകരായ മാധ്യമപ്രവര്‍ത്തകരുണ്ടാകും. ഇവരാണ് കേള്‍വിക്കാര്‍. വാര്‍ത്താമാധ്യമങ്ങളില്‍ പ്ലാന്റ് ചെയ്യേണ്ടവര്‍. അധികാരികളോട് ഒരു മാധ്യമപ്രവര്‍ത്തകനും ഇന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടാറില്ല. അല്ലെങ്കില്‍ത്തന്നെ സര്‍വ്വാധികാരി ചോദ്യങ്ങള്‍ക്ക് നിന്നുകൊടുക്കാറുമില്ല. 

അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കർ

സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തകന്‍ നിശ്ശബ്ദനാണ്. അധികാരിയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ധൃതരാഷ്ട്രരെപ്പോലെ തനിക്ക് അല്പം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ എന്നു പറയുകയും എന്നാല്‍, വിദൂര ഗ്രാമങ്ങളില്‍നിന്നുയരുന്ന ചുഴലിയെ ഭയപ്പാടോടെ ദീര്‍ഘദര്‍ശനം ചെയ്യാന്‍ പറ്റുന്നുമുണ്ട്. വാര്‍ത്തകളൊന്നും ലഭിക്കുന്നില്ല എന്നാകുലപ്പെടുന്നത് മാധ്യമങ്ങള്‍ ഭരണകൂടത്താല്‍ സെന്‍സര്‍ ചെയ്യപ്പെടുകയോ അല്ലെങ്കില്‍ സ്വയം സെന്‍സര്‍ ചെയ്യുന്ന ഒരവസ്ഥയോ ആണ്. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തെ '72 -ല്‍ എഴുതപ്പെട്ട ഈ കവിതയില്‍ കാണുന്നുണ്ട്. വിപ്ലവകാലം മാധ്യമങ്ങളും ഭരണകൂടവും സെന്‍സര്‍ഷിപ്പ് അടിച്ചേല്പിക്കുന്ന കാലമാണ്. 

വിപ്ലവം ടെലികാസ്റ്റ് ചെയ്യാന്‍ സാധ്യമല്ല! 

സൂക്ഷ്മ വിപ്ലവങ്ങളുടേയും രാഷ്ട്രീയ പ്രതിരോധത്തിന്റേയും പുതിയ പാഠങ്ങളുള്‍ക്കൊണ്ട് ഈ കാലത്ത് ധൃതരാഷ്ട്രന്മാരുടെ ആകുലതകള്‍ മാത്രം ശ്രവിക്കാനും എന്നാല്‍, സത്യത്തെക്കുറിച്ചും നിശ്ശബ്ദമാകാനും അനുശീലിപ്പിക്കപ്പെട്ടതാണ് ഇന്നത്തെ മാധ്യമങ്ങള്‍. വാസ്തവത്തില്‍, ഇവിടെ 'ബംഗാള്‍ വായനക്കാരോട് റിപ്പോര്‍ട്ട് ചെയ്യുന്നത് ധൃതരാഷ്ട്രര്‍ തന്റെ സ്വന്തം അവസ്ഥയെ നിരാലംബമാക്കുന്ന യാഥാര്‍ത്ഥ്യത്തെയാണ്. സര്‍ഗ്ഗാത്മകമായ വൈരുധ്യാത്മകതയിലൂടെ, ധൃതരാഷ്ട്രരുടെ അഗാധഭയത്തിന്റേയും സഞ്ജയന്റെ മൗനിഭാവത്തിന്റേയും അപ്പുറത്തേക്ക്, അവരുടെ തന്നെ അവസ്ഥകളിലൂടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വായനക്കാര്‍ക്കായി സംപ്രേഷണം ചെയ്യുകയാണ്. ബംഗാള്‍ അനുഭവാനന്തര യാഥാര്‍ത്ഥ്യമാണ് (post - experiential realtiy) സമകാലിക വായനക്കാരുടെ മുന്‍പില്‍. ഒരു ജനത മുഴുവന്‍ അനുഭവിച്ചതാണ് അടിയന്തിരാവസ്ഥ എന്ന ദുശ്ശാസക വാഴ്ച. പുതിയ ഒരു തലമുറയ്ക്ക് അനുഭവപ്പകര്‍ച്ചയിലൂടെയാണ് അടിയന്തരാവസ്ഥയുടെ ഭീകരത മനസ്സിലായിട്ടുള്ളത്. എന്നാല്‍, നമ്മളിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറയുമ്പോള്‍ അനുഭവാനന്തര യാഥാര്‍ത്ഥ്യമായിരിക്കെ അതിന്റെ നിഷ്ഠുരത നമ്മള്‍ തിരിച്ചറിയുന്നു. അനുഭവാനന്തര യാഥാര്‍ത്ഥ്യമെന്ന നിലയില്‍ വംശാധിപനായ ദുശ്ശാസകന്‍ ഉള്‍ക്കിടിലംകൊണ്ടിരിക്കുന്ന വെറുമൊരു പേടിത്തൊണ്ടനാണ് എന്നു നമ്മളെയല്ലാതെ വേറെയാരെയാണ് മനസ്സിലാക്കിപ്പിക്കേണ്ടത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com