

കശ്മീരിലെ പഹല്‍ഗാമിലുണ്ടായ പൈശാചികമായ ഭീകരാക്രമണം ഇന്ത്യ - പാകിസ്ഥാന്‍ ബന്ധത്തെ ഏറ്റവും മോശമായ നിലയിലേക്ക് കൊണ്ടെത്തിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാര്‍ നിലപാടുകളെ നിലയ്ക്കുനിര്‍ത്തുന്നതിനായി ഇന്ത്യ ഒരു പറ്റം നയതന്ത്ര, സൈനിക നിലപാടുകള്‍ പ്രഖ്യാപിച്ചതില്‍, ആഗോള ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുന്നത് സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ്. മുന്‍പ് നടന്ന വിവിധ യുദ്ധങ്ങളിലും, ഭീകരാക്രമണ വേളകളിലും ഇന്ത്യ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല, അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള നദീജലക്കരാര്‍ എന്ന് ഈ കരാര്‍ പലപ്പോഴും ആഘോഷിക്കപ്പെട്ടിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ലോകത്തിലെ ഏറ്റവും ബൃഹത്തായ ജലസേചന കാര്‍ഷിക സംവിധാനം ആയി സിന്ധുനദീതടം മാറിയിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെത്തുടര്‍ന്ന്, ഭൂപ്രകൃതിയുടെ പ്രത്യേകത മാനിക്കാതെ മതാടിസ്ഥാനത്തില്‍, രണ്ടാക്കപ്പെട്ട ഈ സംവിധാനത്തിനുമേലുള്ള അവകാശ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്രാനന്തര ചരിത്രം. 1948ല്‍ കിഴക്കന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏകപക്ഷീയമായി ജലലഭ്യത പാകിസ്ഥാനിലേക്ക് നിര്‍ത്തുകയും, അതേത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കങ്ങളുടെ പരിസമാപ്തിയായിരുന്നു ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും പാകിസ്ഥാന്റെ പ്രസിഡന്റ് അയൂബ് ഖാനും 1960ല്‍ ഒപ്പുവെച്ച സിന്ധുനദീജലക്കരാര്‍.
കരാര്‍ പ്രകാരം കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ ജലം ഇന്ത്യക്കു പ്രത്യേകവും അനിയന്ത്രിതവുമായ അവകാശത്തോടെ ജലസേചനം, വൈദ്യുതോല്പാദനം എന്നിവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. അതേസമയം പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം ഏറെക്കുറെ പൂര്‍ണമായും പാകിസ്ഥാനും അവകാശപ്പെട്ടതാണ്. എന്നാല്‍ പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യക്ക് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താതെ വൈദ്യുതോല്പാദനം, ചെറുകിട സംഭരണം, ജലഗതാഗതം എന്നിവയ്ക്ക് അവകാശമുണ്ട്.
ഈ കരാറിനെതിരെ മുറുമുറുപ്പുകള്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, കുറച്ചുകാലമായി ഉയര്‍ന്നിട്ടുണ്ട്. കരാര്‍ പുനഃപരിശോധിക്കണമെന്ന് 2002ല്‍ തന്നെ ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിന് നഷ്ടമാകുന്ന ജലവൈദ്യുതി ആയിരുന്നു അതിലേക്കു നയിച്ച പ്രധാന കാരണം. അതേസമയം 2016 നവംബറില്‍ തന്നെ കിഴക്കന്‍ നദികളിലെ ജലം പാകിസ്ഥാനിലേക്ക് നല്‍കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുകയും, 2019ലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിനു വേണ്ടിയുള്ള ജലസംവിധാനങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. 2022 മുതല്‍ തന്നെ നദീജലത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സ്ഥിരം കമ്മിഷന്‍ യോഗം ചേരുന്നില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കരാര്‍ പുനഃപരിശോധിക്കാനും പുതുക്കാനും ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി താല്പര്യം അറിയിക്കുകയും ചെയ്തു. ജനസംഖ്യ വ്യത്യാസം, ജല ആവശ്യകത, കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദം എന്നിവയാണ് പ്രധാനമായും ഇന്ത്യക്ക് ആറുപതിറ്റാണ്ടു നീണ്ട കരാര്‍ പുനപ്പരിശോധിക്കാന്‍ പ്രചോദിപ്പിച്ച കാരണങ്ങള്‍. ഈ നീണ്ടകാല അസ്വാരസ്യങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചതാണ് പഹല്‍ഗാമിനുശേഷമുണ്ടായ കരാര്‍ മരവിപ്പിക്കല്‍ തീരുമാനം.
കരാര്‍ മരവിപ്പിച്ചതിനുപിന്നാലെ പാകിസ്ഥാന് ഒരു തുള്ളി ജലം പോലും ലഭിക്കില്ല എന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി പ്രസ്താവിച്ചു. വലിയ രീതിയില്‍ ഉള്ള സ്വീകാര്യത ആ പ്രസ്താവനയ്ക്ക് ലഭിച്ചുവെങ്കിലും അത്തരമൊരു നീക്കം നടപ്പിലാക്കേണ്ടത് ദുര്‍ഘടമായ പരിമിതികള്‍ തരണം ചെയ്തു മാത്രമായിരിക്കും. പാകിസ്ഥാനെ സംബന്ധിച്ച് സിന്ധുവും അനുബന്ധ നദികളെയും ആശ്രയിച്ചാണ് 80 ശതമാനം കൃഷിഭൂമിയും നിലകൊള്ളുന്നത് (16 ദശലക്ഷം ഹെക്ടര്‍). ഈ നദീസംവിധാനത്തിന്റെ 80 ശതമാനം വരുന്ന 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പടിഞ്ഞാറന്‍ നദികളിലൂടെ പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. പാകിസ്ഥാന്റെ ജിഡിപിയുടെ 25 ശതമാനവും ഈ നദീജലം പ്രദാനം ചെയ്യുന്നതാണെന്നിരിക്കെ, ആ രാജ്യം ഇന്ത്യയുടെ നടപടിയെ 'ജലയുദ്ധ'മായി കാണുന്നതില്‍ അത്ഭുതപ്പെടാനില്ല.
ഈ നദികള്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്നത് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ വഴിയാണെങ്കിലും, 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പിടിച്ചുനിര്‍ത്താനോ, വഴിതിരിച്ചുവിടാനോ ഉള്ള സൗകര്യങ്ങള്‍ ഇന്ത്യക്ക് ഇപ്പോള്‍ ഇല്ല. വലിയ സംഭരണികള്‍ നിര്‍മിക്കാന്‍ സാധിക്കാത്തവയാണ് ചെനാബും സിന്ധുവും ഒഴുകുന്ന ചെങ്കുത്തായ മലയിടുക്കുകള്‍. അതില്‍ത്തന്നെ സിന്ധു നദിയുടെ ലഡാക്കിലെ അത്തരം സഞ്ചാരപഥങ്ങള്‍ ഭൂമികുലുക്കസാധ്യതകള്‍ ഉള്ളതുകൂടെയാണ്. അതിനാല്‍ തന്നെ ബൃഹത്തായ ഒരു സംഭരണിയോ അണക്കെട്ടോ ഇവിടങ്ങളില്‍ അപ്രായോഗികമാണ്. താഴ്ന്ന പ്രതലത്തില്‍കൂടെ ഒഴുകുന്ന ഝലമാകട്ടെ അത്തരം ഒരു നിര്‍മിതിയുണ്ടാകുന്ന പക്ഷം ഫലഭൂയിഷ്ഠവും ജനനിബിഡവുമായ ശ്രീനഗര്‍ പോലെയുള്ള താഴ്വാരങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. തെഹ്‌രി അണക്കെട്ടിന് സമാനമായ മുപ്പത് അണക്കെട്ടുകളെങ്കിലും ഉണ്ടെങ്കിലേ ഈ ജലം സംഭരിക്കാനോ വിനിയോഗിക്കാനോ ഇന്ത്യക്ക് സാധിക്കുകയുള്ളൂവെന്നും, അത് അപ്രാപ്യമാണെന്നും ഹൈഡ്രോളജിസ്‌റ് ഇഫ്തിക്കര്‍ ദ്രാബു അഭിപ്രായപ്പെട്ടിട്ടുണ്ട്.
നദീഗതിമാറ്റി വെള്ളം ഇന്ത്യയിലേക്ക് എത്തിക്കാനും പ്രതിബന്ധങ്ങള്‍ ഏറെയാണ്. മൂന്നെന്നല്ല, ഒരു നദിയെ പോലും ഗതിമാറ്റുവാന്‍ ദശലക്ഷക്കണക്കിനു രൂപയും, ചെങ്കുത്തായ മലയിടുക്കുകളില്‍ പുതിയൊരു ജലപാത അല്ലെങ്കില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള എന്‍ജിനീയറിങ് അത്ഭുതങ്ങളും ഉണ്ടാകണം. ഒരു പാരിസ്ഥിതികലോല പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍മാണപ്രവൃത്തികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് തന്നെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്.
പരിസ്ഥിതകാനുമതിയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും പാരിസ്ഥിതിക സമരങ്ങളും ഒക്കെയും തരണം ചെയ്ത് ഈ ലക്ഷ്യം ഉടനെ കൈവരിക്കുക നടക്കാത്ത കാര്യവുമാണ്. എന്നിരുന്നാലും ഉടനടി ഇന്ത്യക്ക് ചെയ്യാന്‍ കഴിയുന്നത് പാകിസ്ഥാന്റെ കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് നിര്‍ണായകമായ നിയന്ത്രിത ജലമൊഴുക്ക് തടയുക എന്നതാണ്. ചെനാബിന് കുറുകെയുള്ള ബഗ്ലിഹാര്‍ അണക്കെട്ടില്‍ ജലം കൂടുതല്‍ സംഭരിക്കുകവഴി, പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ചെനാബില്‍ ഉള്ള പകല്‍ ഡൂള്‍, സവാല്‍കോട്ട് തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നത് ത്വരിതപ്പെടുത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള രണ്ടാമത്തെ വഴി. സമയാസമയങ്ങളില്‍ നല്‍കിയിരുന്ന നദീജല റിപ്പോര്‍ട്ടുകളോ ഇന്ത്യയുടെ പദ്ധതി രൂപരേഖകളോ പാകിസ്ഥാന് കൈമാറാതെ മുന്നിലേക്ക് പോകാന്‍, കരാര്‍ മരവിപ്പിച്ചത് വഴി ഇന്ത്യക്ക് സാധിക്കുകയും അതുവഴി പാകിസ്ഥാനില്‍ ആശങ്കയുടെ പുകമറ സൃഷ്ടിക്കാനും ആകുമെന്നതാണ് പ്രധാന മെച്ചം.
ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികളുമായി മുമ്പിലേക്ക് പോകുമ്പോഴും ഇന്ത്യ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ത്യക്ക് പൂര്‍ണാവകാശം സിദ്ധിച്ച കിഴക്കന്‍ നദികളിലെ 40.7 ബില്യണ്‍ ക്യൂബിക് മീറ്ററില്‍ 90 ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. രവി നദിയില്‍നിന്നും 2.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും സത്‌ലജ്, ബിയാസ് നദികളില്‍ നിന്നും 6.78 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഇന്ത്യയുടെ അപര്യാപ്തമായ സൗകര്യങ്ങള്‍കൊണ്ട് പാകിസ്ഥാനിലേക്ക് തന്നെ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം പടിഞ്ഞാറന്‍ നദികളില്‍കൂടെ ഒഴുകുന്ന 165.5 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലത്തിന്റെ ഭൂരിഭാഗവും മണ്‍സൂണ്‍ മഴയും ഹിമാനി ഉരുകിയും ഉണ്ടാകുന്നതാണ്. വരള്‍ച്ചക്കാലത്താകട്ടെ ഇന്ത്യ നിയന്ത്രിതമായി സംഭരിച്ച 4.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ താഴേക്കുള്ള ഒഴുക്കിനു നിര്‍ണായകവുമാണ്. താത്കാലികമായി പാകിസ്ഥാനെ ബുദ്ധിമുട്ടിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമേ ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളു. അതേസമയം, കേവലം പത്തുശതമാനം ജലം മാത്രം സംഭരിക്കാന്‍ ശേഷിയുള്ള പാകിസ്ഥാന്‍ ആകട്ടെ തികച്ചും അപകടകരമായ അവസ്ഥയാണ് മുഖാമുഖം കണ്ടിരിക്കുന്നതും. ഈ വരുന്ന വരള്‍ച്ചകാലം ആകും പാകിസ്ഥാന്‍ ഇത്തരം സാഹചര്യം എങ്ങനെ അതിജീവിക്കുന്നു എന്ന് മനസ്സിലാക്കാന്‍. എന്തു തന്നെയായാലും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടാന്‍ ഈ തീരുമാനത്തിന് സാധിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ കാലത്ത് സെക്കന്‍ഡില്‍ അയ്യായിരത്തിലധികം ക്യൂബിക് മീറ്റര്‍ ജലമൊഴുകുന്ന ഈ നദികളുടെ സ്വാഭാവിക ഒഴുക്കിനു തടയിടാന്‍ ശ്രമിക്കുന്നത് ഭീമമായ സാമ്പത്തികപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതേസമയം സംഭരണശേഷിയില്ലാത്ത പാകിസ്ഥാന്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍, ജലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ പ്രയാസങ്ങളിലേക്കു പോകാന്‍ സാധ്യത ഏറെയാണ്. ഇതിനെത്തുടര്‍ന്നെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അവര്‍ നിര്‍ത്തി, അയല്‍രാജ്യവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സിന്ധുനദീതടം എന്നത് കേവലം രാഷ്ട്രീയ അതിര്‍ത്തികളാല്‍ വിഭജിക്കപ്പെട്ട സ്വതന്ത്ര രാജ്യങ്ങള്‍ എന്നതില്‍ കവിഞ്ഞ്, ജൈവികമായ ഒരു നദീസംവിധാനം ആണെന്ന് ഇരുകൂട്ടരും മറക്കുകയും അരുത്. പ്രവചനാതീതമായ ഈ കാലാവസ്ഥാവ്യതിയാനയുഗത്തില്‍ പാരിസ്ഥിതിക ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതും രാഷ്ട്രസുരക്ഷയുടെ ഭാഗമാണ്.
(മദ്രാസ് ഐ ഐ ടിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ലേഖകന്‍ ജര്‍മനിയിലെ ആഗോള ജലകാലാവസ്ഥ അനുരൂപീകരണ കേന്ദ്രത്തില്‍ ഗവേഷകന്‍ ആയിരുന്നു, അഭിപ്രായങ്ങള്‍ വ്യക്തിപരം.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
