

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകിസ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാന്‍ പോകുന്നത് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യന്‍ തീരുമാനമാണ്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ പൂര്‍ണമായും ബാധിക്കും. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്.
പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സിന്ധു നദീജല ഉടമ്പടി എന്താണ്?
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. വിഭജനത്തിനുശേഷം, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം ഇന്ത്യയിലായി. 1954 ല്‍ ലോകബാങ്ക് മധ്യസ്ഥത വാഗ്ദാനം ചെയ്തു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, 1960 സെപ്റ്റംബര്‍ 19 ന് സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളായ ചെനാബ്, സിന്ധു എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് ലഭിച്ചു. കിഴക്കന്‍ നദികളായ സത്ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും ലഭിച്ചു. നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് ജലസേചനം, അനിയന്ത്രിതമായ ജലവൈദ്യുത ഉല്‍പ്പാദനം, കുടിവെള്ള വിതരണം, നാവിഗേഷന്‍ എന്നിവയ്ക്കായി ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാമെന്നും കരാര്‍ വ്യക്തമാക്കുന്നു.
ഭക്ര-നംഗല്‍ അണക്കെട്ട്, രഞ്ജിത് സാഗര്‍ അണക്കെട്ട്, പോങ് അണക്കെട്ട്, നീണ്ട കനാല്‍ ശൃംഖല എന്നിവയിലൂടെ ഇന്ത്യ കിഴക്കന്‍ നദികളുടെ ഏതാണ്ട് മുഴുവന്‍ വിഹിതവും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇന്ത്യ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു?
ഉപയോഗത്തിനായി ഇന്ത്യയ്ക്ക് 18 ശതമാനം വെള്ളം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഇന്ത്യ മൊത്തം വെള്ളത്തിന്റെ 10 ശതമാനം ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗതി മാറ്റാതെയും താഴെയുള്ള ജലനിരപ്പ് കുറയ്ക്കാതെയും പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ഉടമ്പടി അനുമതി നല്‍കുന്നു.
പാകിസ്ഥാന്റെ എതിര്‍പ്പ്
ഇന്ത്യയുടെ ആദ്യ പദ്ധതിയായ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി (330MW) ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയമായി മാറി. 2007 ല്‍ ഇന്ത്യ സിന്ധുവിന്റെ പോഷകനദിയായ കിഷന്‍ഗംഗ നദിയില്‍ (പാകിസ്ഥാനിലെ നീലം നദി) പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയതാണ് പാകിസ്ഥാന്റെ എതിര്‍പ്പിന് കാരണം. പാകിസ്ഥാന്‍ ഈ വിഷയം ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ എത്തിച്ചു. 2013 ല്‍ ഇന്ത്യയ്ക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. 2018 ല്‍ ഇന്ത്യ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
പദ്ധതികളുടെ എണ്ണം
ഇന്ത്യ അടുത്തിടെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കിരു ജലവൈദ്യുത പദ്ധതി (624MW), ചെനാബില്‍ ക്വാര്‍ ജലവൈദ്യുത പദ്ധതി (560MW) എന്നിവയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ അനുമതി നല്‍കി. നേരത്തെ കിഷ്ത്വാറില്‍ പക്കല്‍ ദുല്‍ പദ്ധതി (1,000MW), റാറ്റില്‍ പദ്ധതി (850MW) എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു.
പാകിസ്ഥാന് സിന്ധു നദീജല ഉടമ്പടി നിര്‍ണായകമായിരിക്കുന്നത് എന്തുകൊണ്ട്?
സിന്ധു നദീതടം പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
