

മലയാളം വാരികയുടെ, 1998 നവംബര്‍ ആറിലെ ലക്കത്തില്‍ കെ വേണു എഴുതിയ ആത്മകഥാ ഭാഗം
രാഷ്ട്രീയമായി ഇത്തരം അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് എന്റെ വ്യക്തിജീവിതത്തില്‍ മറ്റൊരു പരിണാമം നടക്കുന്നുണ്ടായിരുന്നു. ഞാനൊരു പെണ്‍കുട്ടിയുമായി അടുക്കാനിടയായ കഥയാണത്. തിരുവനന്തപുരത്തെത്തി അധികം കഴിയുന്നതിനു മുന്‍പുതന്നെ പരിചയപ്പെടാനിടയായ ഒരു പെണ്‍കുട്ടിയായിരുന്നു ഇത്. അന്നത്തെ ആ പെണ്‍കുട്ടി ഇന്നൊരു ഗൃഹസ്ഥയായി കുടുംബജീവിതം നയിക്കുന്നു. അതുകൊണ്ട് അവരെ തിരിച്ചറിയാന്‍തക്ക വിവരങ്ങളൊന്നും വെളിപ്പെടാന്‍ ഇടയാകാത്തവിധമാണ് ഞാനീ കഥ പറയുന്നത്. തിരുവനന്തപുരത്ത് ആദ്യഘട്ടത്തില്‍ തന്നെ ഞാന്‍ പങ്കെടുക്കാനിടയായ പരിപാടികളില്‍ ഒന്നില്‍വച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ്‌റാങ്കിലുള്ള പുരോഗമനവാദിയായ ഒരു ഉദ്യോഗസ്ഥനെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹം എന്റെ വീക്ഷണഗതിയോടും സമീപനത്തോടുമെല്ലാം താല്പര്യം പ്രകടിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഒരു ദിവസം അദ്ദേഹം ഭക്ഷണത്തിനായി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിത്തന്നു. മൂത്തമകള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ പെണ്‍കുട്ടിക്ക് തല്‍ക്കാലം ഉമ എന്ന പേരുനല്‍കാം. അന്ന് കുറച്ചുനേരം സംസാരിച്ചതില്‍നിന്നുതന്നെ സാധാരണ കാണാറുള്ളതരം ഒരു പെണ്‍കുട്ടിയല്ല ഉമയെന്ന് മനസ്സിലായി. ദര്‍ശനത്തിലും വിവിധ വിജ്ഞാനശാഖകളിലും താല്പര്യമുള്ള, ഉള്‍ക്കാഴ്ചയുള്ള ഒരു കുട്ടി. ഇങ്ങനെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാനിടയായതില്‍ സന്തോഷം തോന്നി. ആ ഉദ്യോഗസ്ഥന്‍ പിന്നെയും ഒന്നുരണ്ടുതവണ കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇടയ്‌ക്കൊക്കെ ചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും കുടുംബാംഗങ്ങളെല്ലാവരുമായി ഞാന്‍ കുറേശ്ശെ അടുത്തുകഴിഞ്ഞിരുന്നു.
ഇടയ്‌ക്കെല്ലാം ഞാന്‍ ആ വീട്ടില്‍ പോകാന്‍ തുടങ്ങി. പതുക്കെ ആ പോക്കില്‍ ഒരു ചിട്ടവന്നു. എല്ലാവരും സംസാരിക്കാനിരിക്കുമായിരുന്നെങ്കിലും ഉമയും ഞാനും പല വിഷയങ്ങളെക്കുറിച്ചും ദീര്‍ഘമായി സംസാരിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൈദ്ധാന്തികകാര്യങ്ങളില്‍ താല്പര്യമുള്ള ഒരു സുഹൃത്തുമാത്രമായിരുന്നു ഉമ, അപ്പോഴും.
പ്രപഞ്ചവും മനുഷ്യനും പ്രസിദ്ധീകരിച്ചശേഷം പൊതുവില്‍ എല്ലാവരും അതിനെ പ്രശംസിച്ചുകൊണ്ടിരുന്നതിനിടയ്ക്ക് ഉമയാണ് ആ പുസ്തകത്തിന്റെ പല പോരായ്മകളും ചൂണ്ടിക്കാണിക്കുകയും വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്തത്. ഉമയുടെ അസാധാരണത്വം ആകര്‍ഷണമായി തോന്നാന്‍ തുടങ്ങിയത് അപ്പോള്‍ മുതല്‍ക്കാണ്. എങ്കിലും നല്ല സുഹൃദ്ബന്ധം എന്നതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അവരുടെ വീട്ടില്‍ വച്ചു മാത്രമേ ഞാന്‍ ഉമയെ കണ്ടിരുന്നുള്ളു. അതില്‍ക്കവിഞ്ഞ് ആ ബന്ധം വളര്‍ത്താന്‍ ഞാന്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. പക്ഷേ, പതുക്കെപതുക്കെ ഉമ എന്റെ മനസ്സില്‍ കടന്നുകൂടുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയിരുന്നു. രാഷ്ട്രീയാന്വേഷണങ്ങളുടേയും ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന്റെയും സംഘര്‍ഷങ്ങള്‍ മനസ്സില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ഉമയുടെ കടന്നുവരവ് എന്നെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
ഒരിക്കല്‍ കോഴിക്കോട്ടുള്ള സഹോദരിക്ക് കത്തെഴുതിയപ്പോള്‍ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവന്നു. സ്ഥിരമായ ജോലിയെന്തെങ്കിലും സമ്പാദിക്കണമെന്നും എന്നിട്ടുവേണം വിവാഹക്കാര്യം ആലോചിക്കാനെന്നും മറ്റും സഹോദരി എഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു ഞാന്‍. വിപ്ലവപ്രസ്ഥാനവുമായുള്ള എന്റെ വിവാഹം നടന്നുകഴിഞ്ഞുവെന്നും മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാനുദ്ദേശിക്കുന്നില്ലെന്നുമാണ് സഹോദരിക്ക് എഴുതിയത്. വിപ്ലവപ്രസ്ഥാനവുമായുള്ള ബന്ധം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിനു മുന്‍പുതന്നെയാണ് ഞാനിങ്ങനെ എഴുതിയത്. ഒരുപക്ഷേ, ആ തീരുമാനത്തിലേയ്ക്ക് വേഗം നീങ്ങാന്‍ വേണ്ടിയാകണം അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ഏതായാലും ഉമ മനസ്സിലേക്ക് കൂടുതല്‍ കൂടുതലായി കടന്നുവരുന്നതിനെ ഞാന്‍ ചെറുത്തുനിന്നിരുന്നു.
വിപ്ലവപ്രസ്ഥാനത്തിലേയ്ക്കിറങ്ങാന്‍ തീരുമാനിച്ചാല്‍ മറ്റൊരു ജീവിതം അസാദ്ധ്യമാണെന്നാണ് അക്കാലത്ത് കരുതപ്പെട്ടിരുന്നത്. അന്നത്തെ സാഹചര്യം അതായിരുന്നു. പക്ഷേ, ഉമയെപ്പോലുള്ള ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നത് വിപ്ലവപ്രവര്‍ത്തനത്തിന് ഗുണം ചെയ്യില്ലേ എന്നും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. മറുവശത്ത് അങ്ങനെ സുരക്ഷിതവും ദീര്‍ഘവുമായ ജീവിതത്തെക്കുറിച്ച് ഒരു വിപ്ലവകാരി ചിന്തിക്കുന്നത് എന്തു മണ്ടത്തരമാണെന്ന ചിന്തയും കടന്നുവന്നിരുന്നു. ഈ ചാഞ്ചാട്ടം അവസാനിപ്പിക്കാനായി ഞാന്‍ മുന്‍കയ്യെടുത്ത് ഉമയെ അടുപ്പിക്കാനായി ഒന്നും ചെയ്യില്ലെന്നും ഉമയുടെ ഭാഗത്തുനിന്ന് മുന്‍കയ്യുണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നുമുള്ള തീരുമാനം ഞാനെടുത്തു.
ഇങ്ക്വിലാബ് തുടങ്ങിയതോടെ ഉമയെ അതുമായി സഹകരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ഉമയോട് അതേപ്പറ്റി സംസാരിച്ചപ്പോള്‍ സസന്തോഷം അതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, എങ്ങനെ സഹകരിക്കും എന്ന പ്രശ്‌നം അവശേഷിച്ചു. വിപ്ലവത്തില്‍ യുവാക്കളുടെ പങ്കിനെപ്പറ്റി മാവോയുടെ ഒരു ചെറുലേഖനം തര്‍ജ്ജമ ചെയ്യാനായി ഞാന്‍ ഉമയെ ഏല്പിച്ചു. ഉമ ചെയ്ത തര്‍ജ്ജമ, കാര്യമായ പരിഷ്‌കാരമൊന്നും കൂടാതെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായിരുന്നു. ഇങ്ക്വിലാബിന്റെ രണ്ടാമത്തെ ലക്കത്തിലാണെന്നു തോന്നുന്നു, അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു തര്‍ജ്ജമ കൂടി ഉമയെ ഏല്പിച്ചു. ആ തര്‍ജ്ജമ തിരിച്ചുതരുമ്പോള്‍ അതിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു. പിറ്റേ ദിവസം വൈകീട്ട് മൂന്നര മണിക്ക് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഒന്ന് വരാമോ, പ്രതീക്ഷിക്കും എന്നായിരുന്നു കുറിപ്പ്. അതു കണ്ടമാത്രയില്‍ എനിക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കുക പ്രയാസം. ഞാനിങ്ങനെയൊരു കുറിപ്പ് ഉമയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ച് പലവട്ടം ആലോചിച്ചതാണ്. പരസ്പരം അടുക്കുന്ന യുവതീയുവാക്കളുടെ സംഗമസ്ഥാനങ്ങളിലൊന്നാണ് യൂണിവേഴ്സിറ്റി ലൈബ്രറി. പുസ്തകറാക്കുകള്‍ക്കിടയില്‍നിന്ന് വാക്കുകളും വികാരങ്ങളും പങ്കുവയ്ക്കുന്ന ചെറുപ്പക്കാരെ എന്നും ഞാന്‍ കാണാറുണ്ടായിരുന്നു. പക്ഷേ, ഞാന്‍ മുന്‍കയ്യെടുത്ത് ഒരപകടജീവിതത്തിലേക്കും ഉമയെ ക്ഷണിക്കേണ്ടതില്ലെന്ന തീരുമാനം നിമിത്തം ഈ ആഗ്രഹത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ഉമയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു മുന്‍കൈ ഉണ്ടായിക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഉമയുടെ കുറിപ്പ് എന്നെ അത്യധികം ആഹ്ലാദിപ്പിച്ചത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം സന്തോഷിച്ച ദിവസങ്ങളിലൊന്നായിരുന്നു അത്.
പക്ഷേ, ആ ആഹ്ലാദം വീണ്ടും മാനസികസംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഉമ മുന്‍കയ്യെടുത്താല്‍ പോലും ഉമയെ അപകടത്തിലേക്ക് ക്ഷണിക്കാന്‍ എനിക്ക് മടിയായിരുന്നു. പിറ്റേദിവസം ഉമയെ കാണുമ്പോള്‍ ഇക്കാര്യം സംസാരിക്കാന്‍ കഴിയാതെ വരുമെന്ന് എനിക്കു തോന്നി. തന്മൂലം പറയാനുള്ളത് എഴുതി തയ്യാറാക്കിവെക്കാമെന്ന് കരുതി, അന്നു രാത്രി പലതവണ ശ്രമിച്ചിട്ടാണ് അങ്ങനെയൊന്ന് എഴുതിയത്. കാര്യമാത്രപ്രസക്തമായ ഒരു കുറിപ്പായിരുന്നു അത്. പരിചയപ്പെട്ട് കുറച്ചുനാളുകള്‍ക്കുശേഷം ഉമയെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. അടുത്തകാലത്തായി അത് തീവ്രസ്വഭാവം കൈവരിച്ചിട്ടുമുണ്ട്. എങ്കിലും ഞാന്‍ ഇക്കാര്യം ഉമയോട് പറയാതിരുന്നത് വിപ്ലവപ്രവര്‍ത്തനത്തിനുവേണ്ടി മാനസികമായി തയ്യാറെടുത്തുകൊണ്ടിരുന്നതുകൊണ്ടാണ്. ഉമയും വിപ്ലവപ്രവര്‍ത്തനത്തിന് എതിരല്ലെന്നറിയാം. എങ്കിലും അപകടകരമായ ഒരു ജീവിതത്തിലേക്ക് ഉമയെ ക്ഷണിക്കാനുള്ള മടി. ഉമ മുന്‍കയ്യെടുത്തനിലയ്ക്ക് ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. എല്ലാ ഭവിഷ്യത്തുകളെക്കുറിച്ചും ഉമ നല്ലവണ്ണം ആലോചിച്ചിട്ടേ തീരുമാനിക്കാവൂ. ധൃതിപിടിക്കണ്ട. സാവകാശം തീരുമാനിച്ചാല്‍ മതി. എന്നിങ്ങനെയായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഇതെഴുതിക്കഴിഞ്ഞപ്പോള്‍ ആശ്വാസമായി. എന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞ ശേഷം ഉമ എന്ത് തീരുമാനത്തിലെത്തിയാലും എനിക്ക് വിഷമമില്ല എന്ന് ഞാന്‍ സ്വയം ആശ്വസിക്കുകയും ചെയ്തു. അപ്പോഴും ഉമ അനുകൂല തീരുമാനമെടുക്കുമെന്ന് ആഗ്രഹിക്കുന്നുമുണ്ടായിരുന്നു.
പിറ്റേദിവസം മൂന്നരയാവാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. കൃത്യസമയത്ത് ലൈബ്രറി റീഡിംഗ് റൂമിലെത്തിയപ്പോള്‍ ഉമ അവിടെയുണ്ട്. എന്നെ കണ്ടമാത്രയില്‍ ഉമയുടെ മുഖം പ്രസന്നമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. തീര്‍ച്ചയായും എന്റെ മുഖത്തെ ആഹ്ലാദം ഉമയും ശ്രദ്ധിച്ചിട്ടുണ്ടാകാം. വളരെ നാളത്തെ പരിചയമുണ്ടായിട്ടും അന്ന് ഞങ്ങള്‍ പുതുതായി കാണുന്നവരെപ്പോലെ പരസ്പരം നോക്കിനിന്നുപോയി. ലൈബ്രറിയിലേക്ക് പോകാമെന്നുപറഞ്ഞ് ഉമ തന്നെ മുന്‍പേ നടന്നു. പുസ്തകശേഖരങ്ങളിരിക്കുന്ന ഹാളുകളിലേക്ക് അല്പം ദൂരമുണ്ട്. വരാന്തയിലൂടെ ഉമയുടെ പിന്നിലായി ഞാന്‍ നടന്നുതുടങ്ങിയത് വലിയ ആഹ്ലാദത്തോടെയായിരുന്നു. പക്ഷേ, പെട്ടെന്നാണ് എന്റെ മനസ്സാകെ പ്രക്ഷുബ്ധമായത്. ഉമയെ ഞാന്‍ കൊലയ്ക്കുകൊടുക്കാന്‍ കൊണ്ടുപോവുകയാണെന്ന രീതിയില്‍ ഒരു തോന്നല്‍ മനസ്സിനെ പിടികൂടി. എത്ര ശ്രമിച്ചിട്ടും മനസ്സിനെ ശാന്തമാക്കാന്‍ കഴിയാതെ വന്നു. ആ സമയത്ത് ഉമയെ ഞാന്‍ തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എന്റെ മുഖം കണ്ട് പരിഭ്രമിക്കുമായിരുന്നു. ആ പ്രക്ഷുബ്ധാവസ്ഥയെ മറികടക്കാനെന്നവണ്ണം പെട്ടെന്ന് ഞാനൊരു തീരുമാനമെടുത്തു ഉമയെ പിന്തിരിപ്പിക്കാന്‍. അതോടെ മനസ്സ് ശാന്തമാവുകയും ചെയ്തു.
അപ്പോഴേയ്ക്കും ഉമ പുസ്തകറാക്കുകള്‍ക്കിടയ്ക്ക് ഒഴിഞ്ഞ ഒരു സ്ഥലത്ത് നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ പതുക്കെ നടന്നടുത്തു. എന്റെ മനസ്സ് ദൃഢനിശ്ചയത്തിലായിരുന്നു. മുഖം പരുഷമായിരുന്നിരിക്കണം. ഉമയുടെ അടുത്തെത്തിയപാടെ ഇങ്ങോട്ട് എന്തെങ്കിലും പറയാനവസരം നല്‍കാതെ ഞാന്‍ പരുക്കനായി ചോദിച്ചു: ''എന്തിനാ വിളിച്ചത്'' എന്ന്. വിളിച്ച് ശല്യപ്പെടുത്തിയതെന്തിനാണെന്ന് ശകാരിക്കുംപോലെയാണ് ഞാന്‍ സംസാരിച്ചത്. ഉമയുടെ മുഖം വിളറിവെളുക്കുന്നതും എന്തോ പറയാന്‍ വന്നത് തൊണ്ടയില്‍ തടയുന്നതും ഞാന്‍ ശ്രദ്ധിച്ചു. അവിടെ നില്‍ക്കാന്‍ അശക്തനായ ഞാന്‍ ഉടനെ തിരിച്ചുനടക്കുകയാണുണ്ടായത്.
നേരെ ഞാന്‍ റൂമിലെത്തി. പോക്കറ്റില്‍ കിടന്ന കത്തെടുത്ത് കൊച്ചുകൊച്ചുകഷണങ്ങളായി കീറി. അപ്പോഴേയ്ക്കും എല്ലാ നിയന്ത്രണവും വിട്ടപോലായി. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. തലയണയില്‍ മുഖമമര്‍ത്തി കുറച്ചുനേരം വിതുമ്പിയപ്പോള്‍ ആശ്വാസമായി. സംഭവിച്ചതെന്താണെന്ന് സാവകാശം തിരിച്ചറിയാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് എനിക്ക് ബോദ്ധ്യമായി. ഉമയ്ക്ക് എന്റെ മനസ്സില്‍ ലഭിച്ച സ്ഥാനം മറ്റൊരു പെണ്ണിന് നല്‍കാനാവില്ലെന്ന് അന്നുതന്നെ എനിക്കറിയാമായിരുന്നു. ജീവിതത്തിലാണെങ്കില്‍ ഉമ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അഥവാ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ നഷ്ടം സംഭവിച്ചത് എന്റെ രാഷ്ട്രീയ തീരുമാനം നിമിത്തമാണല്ലോ എന്ന് ആശ്വസിക്കാം. പക്ഷേ, ഉമയ്ക്ക് വിപ്ലവരാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നതുകൊണ്ട് രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ലേ എന്ന ചിന്തയും ഇടയ്ക്കിടെ എന്നെ അലട്ടിക്കൊണ്ടിരുന്നു. അധികം താമസിയാതെ ഞാന്‍ അറസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്ന് അക്കാലത്ത് ഞാന്‍ വിശ്വസിച്ചിരുന്നു. അന്ന് വിപ്ലവകാരികള്‍ കേസ് വാദിക്കുകയൊന്നും ചെയ്യാത്തതുകൊണ്ട് ഏറെനാള്‍ ജയിലില്‍ കഴിയേണ്ടിയും വരും. മറ്റെന്തും സംഭവിക്കുകയുമാവം. ഇങ്ങനെയുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉമയെ അതിലേയ്‌ക്കെല്ലാം വലിച്ചിഴയ്ക്കാതിരുന്നത് നന്നായി എന്ന് മറിച്ചുചിന്തിക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസങ്ങളില്‍ ഉമയെ വീട്ടില്‍പോയി കാണാന്‍ മനസ്സ് അനുവദിച്ചില്ല. അന്നത്തെ സംഭവത്തെക്കുറിച്ച് ഉമ എന്താണ് കരുതിയിരിക്കുക എന്ന് ഊഹിച്ചിരുന്നു. എന്റെ മനസ്സില്‍ ഉണ്ടായ സംഘര്‍ഷങ്ങളും വിചിത്രമായ തീരുമാനങ്ങളുമൊന്നും ഉമയ്ക്ക് സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ വിപ്ലവരാഷ്ട്രീയത്തിന്റെ ലഹരിയിലാണെന്നും ഉമയോട് എനിക്ക് പ്രത്യേക താല്പര്യമൊന്നുമില്ലെന്നും അന്ന് ഉമ എന്നെ വിളിച്ചതിന്റെ ഉദ്ദേശ്യം പോലും മനസ്സിലാക്കാനാവാത്തവിധം ഞാനൊരു മുരടനാണെന്നുമെല്ലാം ഉമ കരുതാനിടയുണ്ടായിരുന്നു. പെട്ടെന്നിതൊന്നും തിരുത്തിയെടുക്കാനാവില്ലെന്നും എനിക്ക് ബോദ്ധ്യമായിരുന്നു. പഴയ സൗഹൃദം പുനഃസ്ഥാപിച്ചാല്‍ മതി എന്ന് ഞാന്‍ കരുതി. അതുപോലും സാദ്ധ്യമാവുമോ എന്ന സംശയവും ഉണ്ടാകാതിരുന്നില്ല. രണ്ടു മൂന്നാഴ്ചകള്‍ക്കുശേഷമാണ് ഞാന്‍ ഉമയുടെ വീട്ടിലേക്ക് ചെന്നത്. അപ്പോഴേയ്ക്കും മനസ്സ് തണുത്തിരുന്നു. പഴയപടി ഭാവഭേദമൊന്നും കൂടാതെ ഉമയും എന്നെ സ്വീകരിച്ചു. ഇങ്ക്വിലാബിലേക്ക് ലേഖനം തര്‍ജ്ജമ ചെയ്യുന്നതിനെപ്പറ്റിയും മറ്റും ഞങ്ങള്‍ സംസാരിച്ച് പിരിയുകയും ചെയ്തു. നല്ല സുഹൃത്തുക്കളായി തുടരാം എന്ന നിലപാടിലാണ് ഉമയെന്ന് എനിക്കു തോന്നി. അത് അങ്ങനെതന്നെ നില്‍ക്കട്ടെ എന്ന് ഞാനും കരുതി.
രണ്ടുമൂന്നു മാസത്തിനുള്ളില്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി പൂര്‍ണ്ണമായി അര്‍പ്പണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ ഒരു ദിവസം ഞാന്‍ ഉമയോട് ഇക്കാര്യം സംസാരിക്കുകയുണ്ടായി. ലൈബ്രറിയില്‍വച്ച് തന്നെ കണ്ടുമുട്ടാന്‍ ഞാന്‍ അവസരമുണ്ടാക്കിയാണ് സംസാരിച്ചത്. വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ എന്ന് ഞാന്‍ ഉമയോട് ചോദിക്കുകയും ചെയ്തു. ഞാന്‍ തീരുമാനമെടുത്തനിലയ്ക്ക് കൂടെ വരുമോ എന്നൊന്നും ഞാന്‍ ചോദിച്ചില്ല. പ്രസ്ഥാനത്തോട് താല്പര്യമുണ്ടെങ്കിലും പഠിത്തം തുടരാന്‍ ആഗ്രഹമുണ്ടെന്ന് ഉമ പറഞ്ഞു. അന്ന് ഉമ ബി.എസ്.സി കെമിസ്ട്രിക്ക് രണ്ടാം വര്‍ഷമായിരുന്നു. എം.എസ്.സിക്ക് ചേരാന്‍ ആഗ്രഹമുണ്ടെന്ന് ഉമ വിശദീകരിച്ചു. ആ സൗഹൃദം അങ്ങനെ തുടരട്ടെ. അനുകൂല സന്ദര്‍ഭമാണെങ്കിലും വരുകയാണെങ്കില്‍ അതിനെ വികസിപ്പിക്കാമെന്ന് ഞാനും കരുതി.
അധികം താമസിയാതെ ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും നാലു വര്‍ഷത്തിലധികം ജയിലിലാവുകയും ചെയ്തു. തിരുവനന്തപുരത്ത് പലതരക്കാരായി ഒട്ടേറെ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നെങ്കിലും രാഷ്ട്രീയമായി അടുപ്പമില്ലാതെ തന്നെ മാനസികമായി അടുത്തിരുന്ന രണ്ടു സുഹൃത്തുക്കളോട് ഉമയുമായുള്ള എന്റെ ബന്ധത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇടക്കാലത്ത് ആ ബന്ധത്തിലുണ്ടായ തകിടംമറിയല്‍ പറഞ്ഞിരുന്നുമില്ല. ഞാന്‍ ജയിലിലായിരുന്നപ്പോള്‍ അവരിലൊരാള്‍ വഴി കത്തുകളിലൂടെ ഉമയുടെ വിവരങ്ങള്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഉമ ബി.എസ്.സി ഫസ്റ്റ്ക്ലാസ്സില്‍ പാസായ വിവരം അങ്ങനെ ജയിലില്‍വച്ച് ഞാനറിയുകയും സന്തോഷിക്കുകയും ചെയ്തു.
1975-ല്‍ ഞാന്‍ ജയിലില്‍നിന്ന് പുറത്തുവന്ന സമയം ഉമയുടെ കാര്യം ഞാന്‍ അന്വേഷിച്ചിരുന്നു. ഉമയുടെ അനുജത്തിയുടെ വിവാഹം നടന്നുവെന്നും ഉമ വിവാഹം കഴിച്ചിട്ടില്ലെന്നും ഞാനറിഞ്ഞു. ജയിലില്‍നിന്ന് ഇറങ്ങി നേരെ ഒളിവില്‍പോയി വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ സജ്ജമായ മനസ്സാണ് അന്നുണ്ടായിരുന്നത്. വിവാഹം പോലുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറ്റിവച്ചിരുന്നു. മാത്രമല്ല, വലിയൊരു ഇടവേളയ്ക്കുശേഷം ഉമയെ വീണ്ടും വിപ്ലവപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലെന്നും എനിക്ക് തോന്നിയിരുന്നു. അത്തരം താല്പര്യം നിലനിര്‍ത്തിയിരുന്നെങ്കില്‍, ഞാന്‍ ജയിലിലായിരുന്നപ്പോഴും ബന്ധം പുലര്‍ത്താന്‍ സാദ്ധ്യമാവുന്ന ചില കണ്ണികളുണ്ടായിരുന്നു. അത്തരം ശ്രമങ്ങള്‍ ഉമയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് ഞാന്‍ ഊഹിച്ചത്.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ ഞാന്‍ വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ടശേഷം 1979-ലാണ് ജയിലില്‍നിന്ന് പുറത്തുവന്നത്. അപ്പോഴും വെറും അറിയാനുള്ള താല്പര്യം കൊണ്ട് ഉമയുടെ വിവരം തിരക്കി. ഉമയുടെ വിവാഹം അപ്പോഴും നടന്നിരുന്നില്ല. വീണ്ടും ഞാന്‍ ഒളിവില്‍ പോയിട്ട് പുറത്തുവന്നത് 1984-ലാണ്. അതിനുശേഷമാണ്, ഉമയുമായുള്ള എന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്ന സുഹൃത്തുവഴി കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ അറിഞ്ഞത്. 1979-1980 കാലത്ത് ഉമയുടെ വിവാഹാലോചന ഈ സുഹൃത്തിന്റെ അടുത്തുവന്നു. തികച്ചും യാദൃച്ഛികമായിരുന്നു അത്. ഉമയ്‌ക്കോ കുടുംബത്തിനോ എന്റെ ഈ സുഹൃത്തിനെ പരിചയമുണ്ടായിരുന്നില്ല. ഞാനുമായി ഈ സുഹൃത്തിനുള്ള ബന്ധം അവര്‍ക്കജ്ഞാതവുമായിരുന്നു. പക്ഷേ, എന്റെ സുഹൃത്തിന് ഈ വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നതുകൊണ്ട് ഈ വിവാഹാലോചന വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന സംഘര്‍ഷത്തെക്കുറിച്ച് ആ സുഹൃത്ത് എന്നോട് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. വിപ്ലവത്തിനുവേണ്ടിയാണ് ഞാന്‍ ഉമയെ കൈവിട്ടതെന്ന് ആ സുഹൃത്തിനറിയാം. എന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോള്‍ പോലും അക്കാലത്ത് ഞാന്‍ എടുത്തിരുന്ന തീരുമാനങ്ങള്‍ക്ക് പിന്നിലെ മൂല്യബോധത്തെ ആരാധനയോടെ വീക്ഷിക്കുന്ന ആളായിരുന്നു അദ്ദേഹം. എനിക്ക് നഷ്ടപ്പെട്ട ഉമയെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആ സുഹൃത്തിന് കഴിയുമായിരുന്നില്ല. അല്ലെങ്കില്‍ അതൊരു നല്ല ബന്ധമായേനെ. പിന്നീട് ഉമ ഒരു ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു.
ഉമ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍, സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളിലും മറ്റും മുന്‍കൈ പുലര്‍ത്തുന്ന ഒരു സജീവ സാമൂഹ്യപ്രവര്‍ത്തകയാകുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. സൈദ്ധാന്തികാന്വേഷണങ്ങളില്‍ എനിക്ക് ഗണ്യമായ സഹായം ചെയ്യാന്‍ ഉമയ്ക്ക് കഴിയുമായിരുന്നു. അതോടൊപ്പം സൈദ്ധാന്തികരംഗത്ത് സ്വന്തമായ സംഭാവനകള്‍ ചെയ്യാനും ഉമയ്ക്ക് കഴിയുമായിരുന്നു. ഇത്തരം സാദ്ധ്യതകളുള്ള എത്രയോ സ്ത്രീകളാണ് വെറും കുടുംബിനികളായി ഒതുങ്ങിപ്പോകുന്നത്.
1981-ല്‍ എന്റെ വിവാഹം നടന്ന് അധികം താമസിയാതെ തന്നെ മണിയോട് ഞാന്‍ ഉമയുടെ കാര്യം പറഞ്ഞു. ഉമയുടെ ശരിയായ പേരും വെളിപ്പെടുത്തി. എന്റെ മനസ്സിന്റെ ഒരു കോണില്‍ ഇപ്പോഴും ഉമയുണ്ടെന്ന് പറഞ്ഞപ്പോള്‍ മണി ചിരിച്ചുകൊണ്ട് പറഞ്ഞത് അങ്ങനെ ഓര്‍ക്കുന്നത് നല്ല സ്വഭാവമാണെന്നാണ്. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ തമ്മില്‍ ഉമയുടെ കാര്യം പറയാറുമുണ്ട്. ഈ ഭാഗമെഴുതാന്‍ വേണ്ട പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന സന്ദര്‍ഭത്തില്‍ മണിയോട് ഞാന്‍ പറഞ്ഞു, ഉമയാണ് തന്റെ സ്ഥാനത്ത് എന്റെ കൂടെ ഉണ്ടായിരുന്നതെങ്കില്‍ കാര്യമായ സംഭാവനകള്‍ എന്തെങ്കിലും ചെയ്യുമായിരുന്നു എന്ന്. ഒരുനിമിഷംപോലും ആലോചിക്കാതെ മണിയുടെ മറുപടി വന്നു. ''ഓ, ആ പെണ്ണ് തന്റെ കൂടെ ഇങ്ങിനെ കഷ്ടപ്പെടുവാനൊന്നും നില്‍ക്കുമായിരുന്നില്ല'' ഞാന്‍ മണിയോട് തര്‍ക്കിക്കാന്‍ നിന്നില്ല. ഒരുപക്ഷേ, മണിയായിരിക്കും ശരി. ബുദ്ധിമുട്ടുകളനുഭവിക്കാതെ വളര്‍ന്നുവന്ന ഉമയെപ്പോലുള്ള സ്ത്രീകള്‍ക്ക് ഞങ്ങള്‍ക്കൊക്കെ അനുഭവിക്കേണ്ടിവന്നതുപോലുള്ള ജീവിതപ്രയാസങ്ങളെ നേരിടാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ, അപവാദങ്ങള്‍ പലതും നമ്മുടെ മുന്നിലുണ്ടുതാനും. ഉമ അത്തരമൊരു അപവാദമായിരിക്കാന്‍ ഇടയുണ്ടായിരുന്നു എന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
പിന്നീട് വ്യത്യസ്തമായ ജീവിതത്തിലേക്ക് നീങ്ങിയ ഉമയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കാരണം, ഒരു സാധാരണ കുടുംബിനിയായി കഴിയുന്ന ഉമയെ കണ്ടാല്‍, എന്റെ മനസ്സിലുള്ള ആ പഴയ, ദാര്‍ശനികവിഷയങ്ങളില്‍ ഉത്സുകയായ, നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയുടെ ബിംബം തകരും. അത് തകരാതെ മനസ്സിന്റെ കോണില്‍ എന്നെന്നും സജീവമായി നിലനിര്‍ത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates