നൂറു പൂക്കള്‍ വിടരട്ടെ, നൂറു ചിന്തകള്‍ തളിര്‍ക്കട്ടെ

യസുനാരി കവാബതയ്ക്കു ശേഷം ജപ്പാനിലേക്ക് വിശ്വപുരസ്‌കാരമെത്തിച്ച ഈ എഴുത്തുകാരനെ മലയാളത്തിന് പരിചയപ്പെടുത്തിയത് കൃഷ്ണന്‍നായര്‍ സാറായിരുന്നു
നൂറു പൂക്കള്‍ വിടരട്ടെ, നൂറു ചിന്തകള്‍ തളിര്‍ക്കട്ടെ
Updated on
3 min read

ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തില്‍ കാലത്തിന്റെ മറുതീരത്തേക്ക് മറഞ്ഞുപോയ നൊബേല്‍ പുരസ്‌കാര ജേതാവായ ജാപ്പനീസ് എഴുത്തുകാരന്‍ കെന്‍സാബുറാ ഓയിയെക്കുറിച്ച് മാധ്യമങ്ങള്‍ നിശ്ശബ്ദമായത് കണ്ടപ്പോള്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാറുടെ അഭാവം പ്രകടമായിത്തോന്നി. യസുനാരി കവാബതയ്ക്കു ശേഷം ജപ്പാനിലേക്ക് വിശ്വപുരസ്‌കാരമെത്തിച്ച ഈ എഴുത്തുകാരനെ മലയാളത്തിന് പരിചയപ്പെടുത്തിയത് കൃഷ്ണന്‍നായര്‍ സാറായിരുന്നു.

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഏറെക്കാലം സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ടോക്കിയോയില്‍ പര്യടനം നടത്തുകയായിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ ഇബ്രാഹിമിനോട് സിബി ജോര്‍ജിനെ കാണണമെന്നും ജപ്പാനിലെ ഇന്ത്യക്കാരെക്കുറിച്ച് നമുക്കൊരു അഭിമുഖം തയാറാക്കാമെന്നും പറഞ്ഞിരുന്നു. ഇന്ത്യന്‍ എംബസിയിലേക്കുള്ള
യാത്രക്കിടെ ടോക്കിയോയിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിനു സമീപമുള്ള
പ്രസിദ്ധമായ ബുക്സ്റ്റാളിന്റെ മുന്നില്‍ നിന്ന് ഇബ്രാഹിം എനിക്കൊരു വാട്‌സാപ്പ് അയച്ചു. പുസ്തകങ്ങള്‍ വല്ലതും ആവശ്യമുണ്ടോ?
കെന്‍സാബുറാ ഓയിയുടേയും കവാബത്തയുടേയും യൂക്കിയോ മിഷിമയുടേയും ഏത് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയാലും വാങ്ങിക്കൊള്ളൂവെന്ന് പറഞ്ഞു. രണ്ടു പേരുടെ പുസ്തകങ്ങളുമായാണ് ഇബ്രാഹിം തിരികെയെത്തിയത്. കവാബതയുടേയും മിഷിമയുടേയും. ജാപ്പനീസ് സാഹിത്യത്തെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ രണ്ടു മഹാപ്രതിഭകളുടെ പുസ്തകങ്ങള്‍. അവിടെ കെന്‍സാബുറയുടെ പുസ്തകമുണ്ട്. പക്ഷേ ഇംഗ്ലീഷ് പരിഭാഷ കിട്ടാനില്ല. സുഹൃത്ത് ടോക്കിയോയില്‍ നിന്ന് മടങ്ങുന്ന ദിവസമാണ് (മാര്‍ച്ച് മൂന്ന്) കെന്‍സാബുറ ഓയ്, അതേ നഗരത്തില്‍ അന്തരിച്ചത്. വാര്‍ത്ത പുറത്ത് വന്നതും വളരെ വൈകിയായിരുന്നു.
കവാബതയുടെ ഹൗസ് ഓഫ് സ്ലീപിംഗ് ബ്യൂട്ടീസ്, സഹശയനം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് വിലാസിനി (എം.കെ മേനോന്‍) പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കവാബത, നമ്മുടെ ഭാഷയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരന്‍ കൂടിയാണ്. അത് പോലെ നാല്‍പത്തഞ്ച് വയസ്സ് മാത്രം നീണ്ടു നിന്ന ഹ്രസ്വജീവിതത്തെ എഴുത്തിലൂടെ മാത്രമല്ല, അഭിനയത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും അഭിനയത്തിലൂടെയും ലൈംഗികതയിലൂടെയും മഹോല്‍സവമാക്കി മാറ്റിയ യൂക്കിയോ മിഷിമ, സെപ്പുക്കു എന്നറിയപ്പെടുന്ന ആത്മാഹുതിയിലൂടെ ഐഹിക ജീവിതത്തോട് സയനോര (ഗുഡ്‌ബൈ) പറഞ്ഞു. (വയറ്റില്‍ വാള്‍മുന കുത്തിയിറക്കിയുള്ള ജാപ്പനീസ് അനുഷ്ഠാനപരമായ സ്വയംഹത്യ. ഒരു പക്ഷേ 'ഹരാകിരി' യോളം അതികഠോരം).
മിഷിമയുടേയും കവാബതയുടേയും ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടുള്ള, എണ്‍പത്തെട്ടാം വയസ്സില്‍ വിട വാങ്ങിയ കെന്‍സാബുറാ ഓയി, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് പ്രസിദ്ധമായ 'ഒക്കിനാവ ' എന്ന നോവലിലൂടെയും ഹിരോഷിമാ കുറിപ്പുകളിലൂടെയുമാവണം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിലെ പവിഴദ്വീപായ ഒക്കിനാവയില്‍ രക്തം ചിതറിയ മനുഷ്യരുടെ കഥയാണ് കെന്‍സാബുറാ ഓയിയുടെ പേര് രാജ്യാതിര്‍ത്തിക്കപ്പുറത്തേക്കെത്തിച്ചത്. കിനുവേ, ഗോ എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ ഒക്കിനാവയിലെ കുരുതിയുടെ കഥയാണ് ഉള്ളുലയ്ക്കും വിധം കെന്‍സാബുറ ചിത്രീകരിച്ചത്. ഒക്കിനാവയിലെ സൈനിക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ചെറുപ്പക്കാരിയായ നഴ്‌സാണ് കിനുവേ. മരണത്തോട് മല്ലടിക്കുന്ന പട്ടാളക്കാരെ പരിചരിച്ച അവരില്‍ യുദ്ധവിരോധം ഇരമ്പി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പട്ടാളക്കാരനായി മാറ്റിയ, മന:സാക്ഷിക്കുത്തോടെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്ന കൗമാരപ്രായക്കാരനായ സൈനികനാണ് ഗോ. കൊടുംക്രൂരത വിതച്ച യുദ്ധത്തിന്റെ കെടുതികള്‍ കണ്ട് മനസ്സ് മരവിച്ച ഗോയുടെ ഇളംമനസ്സില്‍ ഇടം നേടിയ കിനുവേ, യുദ്ധവിരുദ്ധതയുടെ സന്ദേശവും മാനവികതയുടെ മഹാമന്ത്രങ്ങളും പ്രചരിപ്പിച്ചു. വെളിയില്‍ ബോംബ് വര്‍ഷം മുഴങ്ങുമ്പോള്‍, മിസൈലുകളും മിറാഷുകളും ചീറിപ്പായുമ്പോള്‍, കിനുവേയും ഗോയും സ്‌നേഹത്തിന്റെ പൂക്കള്‍ വിതറുകയായിരുന്നു. ഇരുവരുടേയും ലോകം യുദ്ധക്കൊതിയന്മാര്‍ക്കെതിരെയുള്ള ജാസ് സിംഫണിയായി മാറി. വ്യക്തികളേയും സമൂഹത്തേയും രാജ്യത്തേയും എങ്ങനെയൊക്കെ തകര്‍ത്ത് ഛിന്നഭിന്നമാക്കുന്നതാണ് ലോകമഹായുദ്ധം എന്ന് ഉദ്‌ഘോഷിക്കുന്നതാണ്, കെന്‍സാബുറാ ഓയിയുടെ പ്രസിദ്ധമായ ഒക്കിനാവ എന്ന നോവല്‍.
വലതുപക്ഷ ചിന്തകള്‍ കീഴടക്കിയ യൂക്കിയോ മിഷിമയുമായി ആദര്‍ശപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും കെന്‍സാബുറാ ഓയിയെ മിഷിമയുടെ എഴുത്ത് ഏറെ സ്വാധീനിച്ചിരുന്നു. സാര്‍ത്രിന്റെ അസ്തിത്വവാദമെന്ന പോലെ ഡെസ്‌റ്റോയെവ്‌സ്‌കിയുടെ ദര്‍ശനവും കെന്‍സാബുറയുടെ മനസ്സില്‍ പിടിമുറുക്കി. 1994 ലാണ് നൊബേല്‍ പുരസ്‌കാരമെത്തിയത്. സാഹിത്യ നൊബേലിന് അര്‍ഹത നേടിയ രണ്ടാമത്തെ ജാപ്പനീസ് എഴുത്തുകാരന്‍. ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ നി്ന്ന് ബിരുദമെടുത്ത കെ്ന്‍സാബുറ, യുദ്ധാനന്തര ജപ്പാനിലെ ഭൂമി നഷ്ടപ്പെട്ട ആയിരങ്ങളിലൊരുവനായ നിസ്വനായിരുന്നു. ചെറുപ്പത്തിലേ എഴുത്തിനോട് ഭ്രമം തോന്നിയ കെന്‍സാബുറ, 1958 ലാണ് ആദ്യപുസ്തകം  മെമുഷിരികോഘി ' പ്രസാധനം ചെയ്തത്. ന്യൂ ലെഫ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും ഇക്കാലത്താണ്. 1960 ല്‍ ജപ്പാനിലെ സോഷ്യലിസ്റ്റ് നേതാവ് അസാനുമഇനെജിരോയുടെ വധം രാജ്യത്തെ പിടിച്ചുകുലുക്കി. ഇത് കെന്‍സാബുറയെ കൂടുതല്‍ രാഷ്ട്രീയ ഇടപെടലുകളിലേക്ക് നയിച്ചു. പ്രതിലോമശക്തികള്‍ക്കെതിരായ പ്രമേയം സ്വീകരിച്ചെഴുതിയ സെബുന്റിന്‍ (സെവന്റീന്‍), സെയികി ഷോണെന്‍ഷിഷു എന്നീ രണ്ടു കഥകള്‍ വലതുപക്ഷ ക്യാമ്പുകളെ അസ്വസ്ഥമാക്കുകയും അവരുടെ ചാവേറുകള്‍ കെന്‍സാബുറയെ കായികമായി നേരിടുകയും ചെയ്തു. 1960 ല്‍ വിവാഹിതനായ കെന്‍സാബുറയുടെ ജീവിതത്തില്‍ നിത്യദു:ഖമായി മാറുകയായിരുന്നു മസ്തിഷ്‌കരോഗവുമായി പിറന്ന മകന്‍. ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയും മകന്റെ അവസ്ഥ ആ വലിയ എഴുത്തുകാരന്റേയും കുടുംബത്തിന്റേയും ജീവിതത്തില്‍ ഇരുട്ട് നിറയ്ക്കുകയും ചെയ്തു.
ജപ്പാനിലെ നാലു പ്രധാനദ്വീപുകളില്‍ ഏറ്റവും ചെറുതായ ഷിക്കോക്കുവില്‍ സമുറായി യോദ്ധാക്കളുടെ കുടുംബത്തിലാണ് കെന്‍സാബുറ പിറന്നത്. ദ്വീപിലെ വര്‍ണാഭമായ ബാല്യം, സാര്‍ത്രിനെപ്പോലുള്ളവരുടെ എക്‌സിസ്റ്റന്‍ഷ്യല്‍ ചിന്തകളോടുള്ള ഭ്രമം, ജപ്പാന്‍ അമേരിക്കാ സുരക്ഷാകരാറിനോടുള്ള എതിര്‍പ്പ്, ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ അച്ഛനെന്ന നിലയ്ക്കുള്ള നിതാന്തവിഷാദം.. ഓയിയുടെ രചനകളില്‍ ഈ വികാരങ്ങളെല്ലാം പ്രതിഫലിച്ചു. ഒരു കാലത്ത് ജപ്പാനിലെ സോഷ്യലിസ്റ്റ് ആശയക്കാരുടെ ആചാര്യന്‍ കൂടിയായിരുന്നു ഈ എഴുത്തുകാരന്‍. ടോക്കിയോ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ, ഷിക്കു എന്ന ചെറുകഥയ്ക്ക് 1958 ല്‍ പ്രശസ്തമായ അക്കുട്ടഗാവ പുരസ്‌കാരം ലഭിച്ചതോടെ കെന്‍സാബുറാ ഓയിയുടെ പേര് ജപ്പാനില്‍ പ്രസിദ്ധമായി. സൈലന്റ് െ്രെക, ഡെത്ത് ഓഫ് എ പൊളിറ്റിക്കല്‍ യൂത്ത്, എ യൂത്ത് ഹൂ കെയിം ലേറ്റ്, എ പേഴ്‌സണല്‍ മാറ്റര്‍ തുടങ്ങിയ പ്രശസ്ത കൃതികളിലൂടെ ജാപ്പനീസ് സാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ഈ എഴുത്തുകാരന്‍. എ പേഴ്‌സണല്‍ മാറ്റര്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
ആറ്റംബോംബില്‍ തകര്‍ത്തെറിയപ്പെട്ട ഹിരോഷിമയിലേക്കുള്ള യാത്രയോടെ കെന്‍സാബുറയുടെ പേന, പുതിയൊരു സമരമുഖം തുറക്കുകയായിരുന്നു. 1965 ല്‍ പുറത്തിറക്കിയ ഹിരോഷിമാ കുറിപ്പുകളില്‍ യുദ്ധത്തിനും സാമ്രാജ്യത്തത്തിനുമെതിരായ രോഷം തിളച്ചുമറിഞ്ഞു. ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകമാണ് ഹിരോഷിമാ നോട്ട്‌സ്. അധികാര രാഷ്ട്രീയത്തിനായുള്ള ദുരയും ഉപഭോക്തൃസംസ്‌കാരക്കൊതിയും വന്‍ശക്തികളോടുള്ള കിടമല്‍സരവുമെല്ലാം യുദ്ധാനന്തര ജപ്പാനെ എങ്ങനെയെല്ലാം ആത്മാവില്ലാതാക്കി മാറ്റിയെന്നതിന്റെ പുത്തന്‍ ചിന്തകളാണ് കെന്‍സാബുറാ ഓയ്, പുതുതലമുറയോട് പങ്ക് വെച്ചത്. ഹിരോഷിമയിലെ അണുബോംബിന്റെ ഇരകള്‍ക്കും ഒക്കിനാവയിലെ അതിജീവനപ്പോരാളികള്‍ക്കുമായാണ് കെന്‍സാബുറാ ഓയ് തന്റെ സര്‍ഗജീവിതം സമര്‍പ്പിച്ചത്. ശാരീരിക വൈകല്യങ്ങളോട് മല്ലിടുന്ന മനുഷ്യരുടെ വിഷാദവും അദ്ദേഹം തൂലികയില്‍ നിറച്ചു. ലോകസിനിമയുടെ അവസാനവാക്കുകളിലൊന്നായ അകിറാ കുറോസവ ജീവിച്ച അതേ നഗരത്തിലായിരുന്നു കെന്‍സാബുറാ ഓയിയും താമസിച്ചിരുന്നത്. ജീവിതസഖിയായ യുകാരി രൂപകല്‍പന ചെയ്ത വസതിയില്‍, ഭിന്നശേഷിക്കാരനായ മകനോടൊപ്പമുള്ള ജീവിതത്തിനാണ് അന്ത്യമായത്. ലില്ലിയും മേപ്പിളും വര്‍ണക്കുട ചൂടിയ വീട്ടുവളപ്പില്‍ നൂറിലധികം വ്യത്യസ്തമായ റോസാപ്പൂക്കളുണ്ടായിരുന്നുവത്രേ. ഫ്രാന്‍സില്‍ പോയി സാര്‍ത്രെയേയും ചൈനയിലെത്തി മാവോ സെതുംഗിനേയും അഭിമുഖം ചെയ്ത കെന്‍സാബുറാ ഓയ് (മാവോയുമായി അഭിമുഖമല്ല, അദ്ദേഹത്തെ താന്‍ കേള്‍ക്കുകയായിരുന്നുവെന്നാണ് ഓയ് പറയുന്നത്) പരിമളം പരത്തുന്ന, സുരഭിലമായ തന്റെ പൂന്തോപ്പിലേക്ക് ചൂണ്ടി പറയുമായിരുന്നുവത്രേ: നൂറു പൂക്കള്‍ വിടരട്ടെ, നൂറു ചിന്തകള്‍ തളിര്‍ക്കട്ടെ...

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com