'നോവലിന്റെ കൈയെഴുത്തു പ്രതി തിരികെ വാങ്ങി അവര്‍ കത്തിച്ചുകളഞ്ഞു'; രാജലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍ 

പൊടുന്നനവെ പൊലിഞ്ഞ സര്‍ഗധനയായ എഴുത്തുകാരിയുടെ ഓര്‍മയ്ക്ക് ജനുവരി പതിനെട്ടിന് അമ്പത്തെട്ട് വര്‍ഷം.
'നോവലിന്റെ കൈയെഴുത്തു പ്രതി തിരികെ വാങ്ങി അവര്‍ കത്തിച്ചുകളഞ്ഞു'; രാജലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍ 

ഇളം നിലാവില്‍ ഇല കൊഴിഞ്ഞ ഒറ്റമരം


കഥയും കവിതയും മാത്രമല്ല, ജീവിതം തന്നെയുമുപേക്ഷിച്ച്്് സ്വയം 
മരണത്തെ പുല്‍കിയ അമേരിക്കന്‍ കവിയും എഴുത്തുകാരിയുമായ സില്‍വിയാ പ്ലാത്തിനെപ്പോലെ മലയാളത്തിന്റെ രാജലക്ഷ്മി. പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന തന്റെ നോവലിന്റെ കൈയെഴുത്ത്്് പ്രതി പത്രാധിപരില്‍ നിന്ന്്് തിരികെ വാങ്ങി അഗ്നിക്കിരയാക്കി. സാരിത്തുമ്പില്‍ കെട്ടിത്തൂങ്ങി മുപ്പത്തഞ്ചാം വയസ്സില്‍ ജീവിതം അവസാനിപ്പിച്ചു. പൊടുന്നനവെ പൊലിഞ്ഞ സര്‍ഗധനയായ എഴുത്തുകാരിയുടെ ഓര്‍മയ്ക്ക് ജനുവരി പതിനെട്ടിന് അമ്പത്തെട്ട് വര്‍ഷം.

മുമ്പത്തെ താമസക്കാര്‍ ഒഴിഞ്ഞുപോയ വീട്. ഓട്ടിന്‍ പുറത്തും മുറ്റത്തും പരിസരമാകെയും കൊഴിഞ്ഞ ഇലകളും മാറാലയും ജീര്‍ണതയും. എഴുത്ത് മേശയിലെ നോട്ടുബുക്കില്‍ മിഴി നട്ടിരിക്കുന്ന യുവാവ്. അവ്യക്തമായ വരികള്‍. അവസാനവരികളിലെത്തുമ്പോഴേക്കും ശാരദയുടെ ശബ്ദം അശരീരിയായി കേള്‍ക്കാം. 
പ്രിയപ്പെട്ടവനേ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ജീവിതം പോലെ അഭികാമ്യമെനിക്ക് നീ, മരണം പോലെ ആകര്‍ഷകം. വിദൂരപര്‍വതരേഖ പോലെ അപ്രാപ്യമെനിക്ക് നീ, സാന്ധ്യമേഘം പോലെ നിറം പകര്‍ന്നവന്‍, അറിയാന്‍ കഴിയാത്തവനേ, സ്വന്തമാക്കാന്‍ കഴിയാത്തവനേ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
(മകള്‍ - രാജലക്ഷ്മി)

മരണം പോലെ ആകര്‍ഷകമെന്ന് എഴുതിയ അവരെ അന്നുമുതലേ മൃത്യുബോധം അലട്ടിയിട്ടുണ്ടാകുമോ? 'മകള്‍' എന്ന രാജല്ക്ഷ്മിക്കഥ ടെലിഫിലിമിലാക്കിയ സുഹൃത്ത് ദൂരദര്‍ശനിലെ സേതുമാധവന്‍ മച്ചാടുമായി പല തവണ ഒറ്റപ്പാലം കോളജ് നില്‍ക്കുന്ന പാലപ്പുറം വഴി പോകുമ്പോള്‍ അവിടത്തെ സാന്ധ്യമേഘങ്ങളുടെ വിദൂരഛായയെക്കുറിച്ചും നിളാനദിക്കരയിലെ അസ്തമയച്ചെരിവില്‍, വിനാഴികകള്‍ക്കു ശേഷമുദിക്കുന്ന ഇളംനിലാവില്‍ തെളിയുന്ന
ഇല കൊഴിഞ്ഞ ഒറ്റമരത്തെക്കുറിച്ചുമൊക്കെ എഴുതിയ, ജീവിതത്തെ ഏറെ പ്രണയിച്ച രാജലക്ഷ്മി മുപ്പത്തഞ്ചാം വയസ്സില്‍ ജീവിതം അവസാനിപ്പിക്കാന്‍ എന്താവാം കാരണം? അലിവൂറുന്ന വള്ളുവനാടന്‍ പ്രകൃതിദൃശ്യങ്ങളെ ആവോളം ആസ്വദിക്കും മുമ്പേ മരണമാണ് തന്റെ വഴിയെന്ന് നിശ്ചയിക്കാനെന്താവാം കാരണം? എഴുത്തുകാരികളെന്നു പറയാന്‍ നമുക്കധികം പേരില്ലാത്ത കാലത്താണ് രാജലക്ഷ്മി സ്വയം പിന്‍വാങ്ങിയത്.  

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജലക്ഷ്മിയുടെ രചനകള്‍ പ്രസിദ്ധീകരിച്ച എന്‍.വി കൃഷ്ണവാര്യര്‍ എഴുതുന്നു: 1964 ഡിസംബര്‍ മധ്യത്തിലാണ്, മാതൃഭൂമി ഓഫീസില്‍ എന്റെ ഫോണ്‍ മുഴങ്ങിയത്. അപരിചിതമായ സ്ത്രീശബ്ദം. ' ഞാനാണ്, രാജലക്ഷ്മി. എന്റെ നോവലില്‍ ചില തിരുത്തലുകള്‍ ചെയ്യാനുണ്ട്...' ഞാന്‍ പറഞ്ഞു: നോവല്‍ ചിത്രകാരന്മാരുടെ കയ്യിലാണ്. ..കുറച്ചു കഴിഞ്ഞു രാജലക്ഷ്മി ഓഫീസില്‍ എത്തി. അവരുടെ 'ഞാനെന്ന ഭാവം' അന്നേരം പ്രസിദ്ധീകരണത്തിന് തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു. രാജലക്ഷ്മിയുടെ 'ഉച്ചവെയിലും ഇളം നിലാവും' അതിനു മുമ്പേ മാതൃഭൂമിയില്‍ പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. ആറു അധ്യായങ്ങള്‍ക്ക് ശേഷം എഴുത്തുകാരി തന്നെ അത് പിന്‍വലിച്ചു. അതിനു പിന്നാലെയാണ് അവരുടെ ആത്മാഹുതി സംഭവിക്കുന്നത്. 


1930 ജൂണ്‍ രണ്ടിന് ചെര്‍പ്പുളശ്ശേരിയിലെ മാരാത്ത് അച്യുതമേനോന്റെയും തെക്കത്ത്് അമയന്‍കോട്ട് കുട്ടിമാളു അമ്മയുടേയും മകളായി ജനിച്ച രാജലക്ഷ്മിയുടെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലി സ്ഥലമായ എറണാകുളത്തായിരുന്നു. ഒരു സ്ത്രീക്ക് എഴുതണമെങ്കില്‍ സ്വന്തമായൊരു മുറിയും സ്വാതന്ത്ര്യവും വേണം എന്ന വെര്‍ജീനിയ വൂള്‍ഫിന്റെ വാക്കുകള്‍ക്ക് രാജലക്ഷ്മിയുടെ ജീവിതവുമായി വല്ല ബന്ധവുമുണ്ടോ? എഴുത്തുകാരിയായ രാജലക്ഷ്മിയ്ക്ക് ബന്ധുക്കളുടെ എതിര്‍പ്പിന് പാത്രമാകേണ്ടിവരികയും, പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവല്‍ നിര്‍ത്തിവെക്കേണ്ടിവരുകയും ചെയ്തു. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ഒന്നും എഴുതാനാവാത്ത മൗനാവസ്ഥയിലേക്ക് അവര് നടന്നടുക്കുകയും ചെയ്തു. 

മരണം തെരഞ്ഞെടുക്കുന്നതിന്റെ തലേ വര്‍ഷം മംഗളോദയം വിശേഷാല്‍ പ്രതിയില്‍ 'ആത്മഹത്യ' എന്നുപേരായ ഒരു കഥ രാജലക്ഷ്മി എഴുതിയിരുന്നു. കഥയില്‍ നീരജ എന്ന കഥാപാത്രത്തെക്കൊണ്ട് ആത്മഹത്യയെക്കുറിച്ച് രാജലക്ഷ്മി ഇങ്ങനെ പറയിച്ചു. 'ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വമല്ല, അത് ധീരതയാണ്.'

അമ്പതുകളിലെ കേരളത്തിന്റെ സാമൂഹികജീവിതവും കുടുംബവ്യവസ്ഥയും തീര്‍ത്തും വ്യത്യസ്തമായിരുന്ന കാലത്താണ് 'മകള്‍' എന്ന കഥയുമായി രാജലക്ഷ്മി വരുന്നത്. കുടുംബത്തിനുവേണ്ടി സ്വയം എരിഞ്ഞടങ്ങുന്ന കഥാനായികമാര്‍ അന്നത്തെ ഇടത്തരം വീടുകളിലെ സുപരിചിതമായ കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ രാജലക്ഷ്മിയുടെ മകള്‍ എന്ന കഥയെക്കുറിച്ച് ഡോ. എം. ലീലാവതിയെഴുതി: 'ആ കഥ ഞാന്‍ പല തവണ വായിച്ചു. ഓരോ തവണയും അതിലെ ചില രംഗങ്ങള്‍ക്ക് എന്റെ അന്നത്തെ ജീവിതത്തോടുള്ള അസാധാരണമായ സാദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആരാണീ രാജലക്ഷ്മിയെന്ന് ഞാന്‍ അമ്പരപ്പോടെ അന്വേഷിച്ചു. എന്നെ പരിചയമുള്ള ആരെങ്കിലുമാണോ എന്ന് സത്യമായും സംശയിച്ചു. അത്തരത്തില്‍ കുടുംബത്തിനുവേണ്ടി എരിഞ്ഞടങ്ങുന്ന നിരവധി പെണ്‍ജീവിതങ്ങളുള്ള ഒരു കാലം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ രാജലക്ഷ്മിയുടെ കഥകള്‍ സ്വന്തം കഥകളായാണ് അനുവാചകര്‍ ഉള്‍ക്കൊണ്ടിരുന്നത്. എഴുതിയിരുന്നതിലെല്ലാം ജീവിതത്തിന്റെ ഇഴയടുപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് അവരെഴുതി: 'ഞാന്‍ ഇനിയും ജീവിച്ചാല്‍ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആര്‍ക്കൊക്കെ ഉപദ്രവമാകുമോ ആവോ, ഞാന്‍ പോട്ടെ...'

രാജലക്ഷ്മിയുടെ വിയോഗശേഷം 1965 മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അനുസ്മരണക്കുറിപ്പില്‍ എന്‍.വി കൃഷ്ണവാര്യര്‍ ഇങ്ങനെ എഴുതി: 'രാജലക്ഷ്മിയുടെ കഥ വായിച്ചതിനുശേഷം മലയാള സാഹിത്യത്തിലേക്ക് ഒരു അജ്ഞാത ജ്യോതിസ്സ് അധികാരത്തോടെ കടന്നുവരുന്നതായി തോന്നി'.കാറ്റ് തലോടിയ ഇല്ലിക്കാടുകളുമായി നീണ്ടുനിവര്‍ന്ന ഹൃദ്യവിശാലതയില്‍ ഒറ്റപ്പാലത്തെ കോളേജ് പരിസരമാകെ രാജാലക്ഷ്മിയുടെ അശരീരിയായ എഴുത്തിന്റെ നിഴല്‍ വീഴ്ത്തിയ വിഷാദസാന്ദ്രിമയെക്കുറിച്ച് 'മകള്‍' ടെലിഫിലിമിലാക്കിയ സേതു മച്ചാട് പറയുന്നുണ്ട്. ക്യാമറ ഒപ്പിയെടുത്ത പാലപ്പുറം ദൃശ്യങ്ങളിലാകെ രാജലക്ഷ്മിയുടെ അദൃശ്യസാന്നിധ്യവുമനുഭവിക്കാം. അറുപതുകളുടെ ആദ്യം ഈ കലാലയത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മിറര്‍ മാസികയില്‍ രാജലക്ഷ്മിയുടെ കുറിപ്പുകളും കവിതകളും വെളിച്ചം കണ്ടിരുന്നുവത്രേ. ഡാര്‍ക് നൈറ്റ്, കുമിളകള്‍ എന്നിവ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ രാജലക്ഷ്മിയുടെ സഹപാഠിയും സുഹൃത്തുമായിരുന്ന പ്രൊഫ. കെ. ഇന്ദിരാബായ്, ഈ എഴുത്തുകാരിയുടെ അന്തര്‍മുഖത്വത്തെക്കുറിച്ച് എ.ബി രഘുനാഥന് നായരോട് സംസാരിക്കുന്നുണ്ട്. ഇരുപത്താറാം വയസ്സിലാണ് രാജലക്ഷ്മിയുടെ ആദ്യകഥയായ മകള്‍ അച്ചടിച്ചുവരുന്നത്. മികച്ച വായനക്കാരിയായിരുന്നു അവരെന്ന് ഇന്ദിരാബായ് അനുസ്മരിക്കുന്നു. നല്ല ബാഡ്മിന്റന്‍ കളിക്കാരിയുമായിരുന്നു.  പെരുന്താന്നി, പന്തളം എന്‍.എസ്.എസ് കോളേജുകളിലെ സേവനത്തിനു ശേഷമാണ് ഒറ്റപ്പാലത്തെത്തുന്നത്.

രാജശ്രീ എന്ന പേരിലായിരുന്നു ആദ്യകാലത്തെഴുതിയിരുന്നത്. എന്‍. വി കൃഷ്ണവാര്യരുടെ നിര്‍ദേശപ്രകാരമാണ് പിന്നീട് സ്വന്തം പേരില്‍ തന്നെ എഴുതിത്തുടങ്ങിയത്. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ മാതൃഭൂമിയില്‍ ഖണ്ഡ:ശ പ്രസിദ്ധീകരിച്ചു. 1958 ലായിരുന്നു ഇത്്്. 
ആദ്യ നോവലിലൂടെ തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടാനുള്ള സൗഭാഗ്യവും രാജലക്ഷ്മിയ്ക്ക് സ്വന്തം. 1960- ല്‍ ഉച്ചവെയിലും ഇളംനിലാവും എന്ന ആത്മകഥാംശമുള്ള നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വന്നുതുടങ്ങിയെങ്കിലും ആറോ ഏഴോ അധ്യായങ്ങള്‍ക്ക് ശേഷം നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ രാജലക്ഷ്മി നിര്‍ബന്ധം പിടിക്കുകയായിരുന്നു. കുടുംബക്കാരെ ഇകഴ്ത്തി ഇല്ലാക്കഥകളുണ്ടാക്കി വിറ്റുകാശാക്കുകയാണ് രാജലക്ഷ്മി ചെയ്യുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപവും അതേത്തുടര്‍ന്നുള്ള കടുത്ത സമ്മര്‍ദ്ദവും സംഘര്‍ഷവുമാണ് നോവല്‍ പിന്‍വലിക്കുന്നതിലേക്ക് അവരെ നയിച്ചതെന്ന് പറയപ്പെടുന്നു. 
മാതൃഭൂമിയില്‍ നിന്ന് നോവലിന്റെ മാനുസ്‌ക്രിപ്റ്റ് തിരികെ വാങ്ങി അവര്‍ കത്തിച്ചുകളഞ്ഞു. പല കഥാപാത്രങ്ങള്‍ക്കും കുടുംബാംഗങ്ങളില്‍ ചിലരുമായി നല്ല സാദൃശ്യമുള്ളത് തന്റെ പിരിമുറുക്കം വര്‍ധിപ്പിക്കുകയാണെന്നും രാജലക്ഷ്മി, എന്‍.വിയോട്്് പറഞ്ഞാണ് ഉച്ചവെയിലും ഇളം നിലാവും കൈയെഴുത്ത്്് പ്രതി മടക്കി വാങ്ങിയത്. അത്്് കത്തിച്ച ശേഷം നീണ്ട നിശ്ശബ്ദതയിലേക്കും അധികം വൈകാതെ നിതാന്ത മൗനത്തിലേക്കും അവര്‍ നടന്നുമറഞ്ഞു.
പാലപ്പുറത്തെ ഒറ്റമരത്തില്‍ നിന്ന് പക്ഷ്ിക്കരച്ചിലുയര്‍ന്നു. നിറഞ്ഞേന്തിയ നിളയ്്ക്ക് മീതെ ഒരു മേഘരേഖ തിളങ്ങി. 

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com