ഈ ലോകം, അതിലൊരു മുകുന്ദന്‍ 

ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരസ്‌കരിച്ച നോവലായിരുന്നു 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.
എം മുകുന്ദന്‍ ദമാമിലെ പരിപാടിയില്‍ സംസാരിക്കുന്നു
എം മുകുന്ദന്‍ ദമാമിലെ പരിപാടിയില്‍ സംസാരിക്കുന്നു

'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' അന്‍പതാം വര്‍ഷത്തിലേക്ക്. നയതന്ത്രത്തിന്റെ നന്മയുമായി ഫ്രഞ്ച് എംബസിയില്‍ 36 വര്‍ഷം. മനസ്സില്‍ സദാ രണ്ടു സഞ്ചാരികള്‍: എസ്.കെ. പൊറ്റെക്കാട്, ഫ്രാന്‍സില്‍ പഠിക്കാന്‍ പോയി ജര്‍മന്‍ അധിനിവേശത്തിനെതിരെ പോരാടി വെടിയേറ്റു മരിച്ച മയ്യഴിക്കാരനായ മിച്ചിലോട്ട് മാധവന്‍. 'പ്രവാസം' നോവലില്‍ ദൃശ്യവല്‍ക്കരിച്ച സൗദി അറേബ്യയിലൂടെ, ഇതാദ്യമായി എം. മുകുന്ദന്റെ സര്‍ഗ്ഗയാത്ര

വായന തീ പിടിച്ച നൃത്തമാണെന്ന് പറഞ്ഞത് കെ.പി. അപ്പന്‍. ചിലങ്കയുടെ സ്വരം മുഴങ്ങാതെ ഉള്ള് മുഴുവന്‍ കത്തിപ്പടര്‍ന്ന വായനാനുഭവമായിരുന്നു എന്റെ പ്രീഡിഗ്രിക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പ് സീരിയലൈസ് ചെയ്ത എം. മുകുന്ദന്റെ 'ഈ ലോകം അതിലൊരു മനുഷ്യന്‍' എന്ന നോവല്‍. ക്ഷോഭിക്കുന്ന കേരളീയ യൗവ്വനത്തിന്റെ ഭാവുകത്വത്തെയാകെ ഗ്രസിച്ചുലച്ച ആ നോവലിലെ കഥാപാത്രങ്ങളെ അനുകരിക്കുകയും നോവലിസ്റ്റിനെ മനസാ ആരാധിക്കുകയും ചെയ്ത കാലം. കോഴിക്കോട്ട് അക്കാലത്ത് ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന പേരില്‍ ഉല്‍പതിഷ്ണുക്കളുടെ ഒരു പുത്തന്‍ സംഘടന നിലവില്‍ നിന്നിരുന്നു. മുസ്‌ലിംലീഗിനേയും ചന്ദ്രികയേയും എതിര്‍ക്കുന്ന കൂട്ടത്തില്‍ ഈ സംഘടനയുടെ മുഖപത്രമായ 'നിരീക്ഷണം' മാസികയില്‍ മുകുന്ദന്റെ നോവലിനേയും അതിശക്തമായി പിടിച്ചു കുടഞ്ഞു. നോവലിനോടോ എഴുത്തുകാരനോടോ ഉള്ള അപ്രീതിയല്ല, ലീഗിനെ അടിക്കാനുള്ള ഒരു വടിയായാണ് ആ വിമര്‍ശനമുണ്ടായത്. 

ഈ ലോകം അതിലൊരു മനുഷ്യന്റെ ആദ്യലക്കം അച്ചടിച്ച വാരികയില്‍ കടുംചുവപ്പ് വര്‍ണ്ണത്തില്‍ ആര്‍ത്തവരക്തം പടര്‍ന്ന മനോഹരമായൊരു കൊളാഷ് ആയിരുന്നു കവര്‍ച്ചിത്രം. 'അഹ്‌ലുസ്സുന്നത്ത്' പ്രസംഗിക്കുന്നവരുടെ മുഖപത്രത്തിലതാ, ആര്‍ത്തവരക്തം പടര്‍ന്നിരിക്കുന്നുവെന്നായിരുന്നു, പിന്നീട് ഏറെ ബഹളത്തിനു കാരണമായ ആ എതിര്‍സ്വരം. ഏതായാലും 'ഈ ലോകം അതിലൊരു മനുഷ്യന്‍' മലയാളിയുടെ സെന്‍സിബിലിറ്റിയെ തകിടം മറിച്ചു. പ്രിയപ്പെട്ട ഈ എഴുത്തുകാരനോട് അന്നു തുടങ്ങിയതായിരുന്നു ഇഷ്ടം. ആരാധന എന്നുവരെ പറയാവുന്ന ഇഷ്ടം. പില്‍ക്കാലത്ത് ഞങ്ങള്‍ ന്യൂഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ കണ്ടു മുട്ടുകയും കല്‍ക്കാജിയിലുള്ള വസതിയിലേക്ക് മുകുന്ദന്‍ തന്റെ ഓംനി വാന്‍ ഓടിച്ച് എന്നേയും കുടുംബത്തേയും കൊണ്ടുപോവുകയും ചെയ്തു. മറക്കാനാവാത്ത സായാഹ്നമായിരുന്നു അത്. വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ വീണ്ടും ഒരുമിച്ചത് ഇക്കഴിഞ്ഞ മാസം സൗദി അറേബ്യയുടെ കിഴക്കന്‍ പ്രദേശമായ ദമാമില്‍ വെച്ച്. 
എം. മുകുന്ദനോടൊത്ത് രണ്ടു ഇരവുപകലുകളുടെ സര്‍ഗ്ഗവിരുന്നാസ്വദിക്കാനുള്ള അപൂര്‍വ്വാവസരമൊരുക്കിയത് സഹൃദയനും എഴുത്തുകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ സുഹൃത്ത് മന്‍സൂര്‍ പള്ളൂര്‍. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫും മുകുന്ദനോടൊപ്പം ദമാമിലെത്തിയിരുന്നു. ഞാന്‍ ജീവിക്കുന്ന ജിദ്ദയില്‍നിന്ന് 1300 കിലോമീറ്ററകലെ ദമാമിലെത്തി മുകുന്ദനെ കാണാനും സൗഹൃദം പുതുക്കാനും സാധിച്ചത് വലിയ അനുഭവമായി മാറി. രണ്ടുമൂന്ന് സാഹിത്യ പരിപാടികളില്‍ പങ്കെടുക്കാനുമായി.

സൗദി ആതിഥേയര്‍ക്കൊപ്പം

സൗദി അറേബ്യയിലെ ഏറ്റവും വലിയ മരുപ്പച്ച എന്നറിയപ്പെടുന്ന അല്‍ഹസ പ്രദേശത്തെ ഹരിതാഭമായ വഴികളിലൂടെയുള്ള സഞ്ചാരവും എം. മുകുന്ദനുമായുള്ള സര്‍ഗ്ഗ, നര്‍മ്മ സല്ലാപങ്ങളും അവിസ്മരണീയം. മന്‍സൂര്‍ പള്ളൂരിന്റെ സൗദി സുഹൃത്തുക്കളുടെ വകയായുള്ള അതിവിശാലമായ കൃഷിത്തോട്ടത്തിലേക്കുള്ള സന്ദര്‍ശനമായിരുന്നു ആദ്യദിനം പ്രധാനപരിപാടി. ഇന്ത്യക്കാരേയും പഴയകാല ഇന്ത്യന്‍ ഭരണാധികാരികളേയും ഏറെ ഇഷ്ടപ്പെടുന്ന കവി കൂടിയായ വലീദ് മുബാറക്, ഇന്ത്യയില്‍ നിന്നെത്തിയ പ്രസിദ്ധ എഴുത്തുകാരനെന്ന നിലയ്ക്കുള്ള ആദരവ് നിറഞ്ഞ ആചാരോപചാരങ്ങളാല്‍ എം. മുകുന്ദനേയും ഒപ്പം ഞങ്ങളേയും സ്‌നേഹവിരുന്നില്‍ വീര്‍പ്പ് മുട്ടിച്ചു. പുസ്തകത്താളുകളില്‍നിന്നു കേട്ടറിഞ്ഞ അറേബ്യന്‍ ആതിഥ്യം എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലാദ്യമായി അനുഭവിക്കുന്നുവെന്നാണ് അമ്പരന്നു നിന്ന മുകുന്ദന്‍ ഞങ്ങളോട് പറഞ്ഞത്. ഈന്തപ്പഴവും ഗഹ്‌വ എന്ന അറബ് പാനീയവും കഴിച്ച ശേഷം അവിടെത്തന്നെയുള്ള ഫാമിലെ ഇളം ആടിനെ അറുത്ത് കനലില്‍ പാചകം ചെയ്ത് മുഴുവനായി തളികയില്‍വെച്ച് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പൊതുവേ സൗമ്യനായ എഴുത്തുകാരന്‍ അതീവ വാചാലനായി. തീന്‍മേശയിലെ വൈവിധ്യവും അറബികളുടെ അകം നിറഞ്ഞ സല്‍ക്കാരവും മുകുന്ദനെ വിസ്മയിപ്പിച്ചു. ആതിഥേയരില്‍ പ്രധാനിയായ വലീദ് മുബാറക് എഴുതിയ അറബ് കവിത അദ്ദേഹം വായിക്കുകയും അതിന്റെ മൊഴിമാറ്റം കൂടെയുണ്ടായിരുന്ന മരുമകന്‍ നടത്തുകയും ചെയ്തു. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയ വലീദ് മുബാറക്, മന്‍സൂര്‍ പള്ളൂരിന്റെ പങ്കാളിത്തത്തോടെ കേരളത്തിലും ബിസിനസ് നിക്ഷേപം നടത്താന്‍ പോവുകയാണ്. കവിയരങ്ങിനുശേഷം അല്‍ഹസ പ്രദേശത്തെ തന്നെ അതിവിശാലമായ കൃഷിത്തോട്ടങ്ങളിലൊന്നായ മുബാറക് കുടുംബത്തിന്റെ അഗ്രികള്‍ച്ചറല്‍ ഫാമും നിരവധി വിദേശി സ്വദേശി വളര്‍ത്തുപക്ഷികള്‍ നിറഞ്ഞ സ്ഥലവും സന്ദര്‍ശിച്ചു. കാറ്റും വെയിലും നൃത്തം ചവിട്ടുന്ന തോട്ടത്തിലെ മരത്തണലിലിരുന്ന് മുകുന്ദന്‍, അപൂര്‍വ്വ ഇനം ചെടികളുടെ സുഗന്ധം അകത്തേക്ക് ആവാഹിച്ചു. 

അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍, മെക്‌സിക്കോ സിറ്റിയിലെ ഒരു അറബിക് കഫെയില്‍നിന്നു കഴിച്ച ഈന്തപ്പഴത്തിന്റെ അവിസ്മരണീയമായ രുചിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. സ്വര്‍ഗ്ഗീയമായ രുചിയനുഭവം എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷ് കവിയും എഴുത്തുകാരനുമായ ഡി. എച്ച്. ലോറന്‍സ്, തളിര്‍ക്കാന്‍ തരിച്ചുനില്‍ക്കുന്ന ബദാമിന്റെ മണം കവിതയാക്കി. ഖലീല്‍ ജിബ്രാന്‍, കാമുകി മേരി ഹാസ്‌കലിനു പ്രണയ ലേഖനം എഴുതിയത് ലെബനോനിലെ സീദാര്‍ മരത്തണലിലിരുന്ന്... ബദാമിന്റെ ചെടികളും ഈന്തപ്പനകളും സീദാര്‍ മരങ്ങളും തഴച്ചു വളര്‍ന്ന, ലോകത്തിലെ ഏറ്റവും രുചികരമായ ഈന്തപ്പഴം കുലച്ചുനില്‍ക്കുന്ന, സൗദി ഖത്തര്‍ അതിര്‍ത്തിയിലെ പ്രാക്തനകഥകളുറങ്ങുന്ന അല്‍ഹസയിലെ തന്റെ അതിവിശാലമായ കൃഷിക്കളത്തില്‍, അറബിക്കവികളുടെ കുടുംബത്തില്‍പ്പെട്ട വലീദ് മുബാറക്കിന്റെ ഈ സ്‌നേഹ സല്‍ക്കാരം ഞങ്ങളെങ്ങനെ മറക്കും? അല്‍ഹസയുടെ ഹരിതചാരുത, മനസ്സിനെ വീണ്ടും വീണ്ടും ഹോണ്ട് ചെയ്യുന്നു. 

ഈ ലോകം അതിലൊരു മനുഷ്യനില്‍നിന്നു തുടങ്ങിയ സംസാരം, മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ, ആകാശത്തിനു ചുവട്ടിലൂടെ, ആവിലായിലെ സൂര്യോദയത്തിലൂടെ, കേശവന്റെ വിലാപങ്ങളിലൂടെ, ഡല്‍ഹി ഗാഥകളിലൂടെ, റഷ്യയിലൂടെ, പ്രവാസത്തിലൂടെ, നിങ്ങളിലെത്തി. അപ്പുവും അരവിന്ദനും രമേശും സുജയും ദിനേശനുമെല്ലാം സൗദി മരുഭൂമിയില്‍ നൃത്തം വെച്ചു. 
20ാം വയസ്സില്‍ ജ്യേഷ്ഠന്‍ എം. രാഘവനോടൊപ്പം ഡല്‍ഹി ചാണക്യപുരിയിലെ ഫ്രെഞ്ച് എംബസിയിലെത്തിയ മാഹിക്കാരന്‍ മണിയമ്പത്ത് മുകുന്ദനും പത്‌നി ശ്രീജയും നീണ്ട 36 വര്‍ഷത്തിനുശേഷം ഫ്രഞ്ച് എംബസിയില്‍നിന്നു പിരിഞ്ഞ് നാടിന്റെ പച്ചപ്പിലേക്ക് മടങ്ങി. ഫ്രഞ്ച് ഭാഷ അനായാസം കൈകാര്യം ചെയ്യാനായത് എഴുത്തിന്റേയും വായനയുടേയും ലോകത്ത് മുകുന്ദനു തുണയായി. 'മാഴ്‌സല്‍ പ്രൂസ്റ്റും', 'അല്‍ബേര്‍ കാമു'വും മുകുന്ദന്റെ വായനകളെ ഹരം പിടിപ്പിച്ചു. 'സാര്‍ത്രും', 'സീമോന്‍ ദ ബൊവാറും' ലഹരിയായി. സാഹിത്യത്തിലെ അത്യന്താധുനികതയുടെ പുതുസങ്കേതങ്ങള്‍ മലയാളത്തിനു പരിചയപ്പെടുത്തിയവരില്‍ മുന്‍പന്തിയില്‍ മുകുന്ദനുമുണ്ടായി. അസ്തിത്വവാദത്തിന്റെ പ്രചണ്ഡവാതം വീശിയടിച്ചപ്പോള്‍ അറുപതുകളുടെ അറുതിയിലേയും എഴുപതുകളുടെ ആരംഭത്തിലേയും വായനയെ എക്‌സിസ്റ്റന്‍ഷ്യല്‍ ചിന്തകളും ഇളംതലമുറയുടെ സമകാലിക ജീവിതങ്ങളെ ഹിപ്പിയിസം പോലുള്ള ട്രെന്റുകളും ആവേശിച്ചു. കെ. വേണു, ഒരു തലമുറയുടെ വിപ്ലവസ്വപ്നങ്ങളെ പിന്നീട് ഒറ്റുകൊടുത്തപോലെ, തന്റെ നോവലും കഥയും വായിച്ച് പിറകെ കൂടിയ രോഷാകുലരായ ചെറുപ്പക്കാരെ താങ്കളും പറ്റിക്കുകയായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തോട് പതുക്കെ മീശ തടവി പുഞ്ചിരിയിലൊതുങ്ങിയ പ്രതികരണം മാത്രം, മുകുന്ദനില്‍ നിന്നുണ്ടായി.

കുറുമ്പിയമ്മയുടെ പൊടിഡെപ്പിയില്‍നിന്ന് ഒരു നുള്ള് മൂക്ക് പൊടിയെടുത്ത് വലിച്ച അനാദ്യന്ത സുഖത്തിലായിരുന്നു ഞങ്ങള്‍ ആ സമയം. മയ്യഴിപ്പുഴയും വെള്ളിയാങ്കല്ലും തുമ്പികളായി പറന്നുയര്‍ന്ന ആത്മാക്കളും... ദാസനും ചന്ദ്രികയും. ദറസറും കണാരനും ലെസ്‌ലി സായിപ്പും... 'മയ്യഴിപ്പുഴ' പ്രസിദ്ധീകരിക്കുന്നത് മുകുന്ദന്റെ 25ാം വയസ്സില്‍. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരസ്‌കരിച്ച നോവലായിരുന്നു 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.' പിന്നീട് എം.ടി. പത്രാധിപരായി വന്നപ്പോഴാണ് 30 ലക്കങ്ങളില്‍ എ.എസ്സിന്റെ മനോഹരമായ ചിത്രീകരണത്തോടെ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നോളമുള്ള മലയാളി ഭാവുകത്വത്തെ അത്ഭുതകരമായി അട്ടിമറിച്ച നോവലായിരുന്നു അത്. എട്ടു വര്‍ഷം മനസ്സിലിട്ട് പാകപ്പെടുത്തിയ ഈ നോവല്‍ ഒരു വര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്തുവെന്ന് മുകുന്ദന്‍. വായനക്കാര്‍ ആദ്യന്തം ആവേശത്തോടെ സ്വീകരിച്ച നോവലാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.' 2024ല്‍ 50ാം വാര്‍ഷികമാഘോഷിക്കുന്ന ഈ നോവല്‍, ഫ്രെഞ്ച് അധിനിവേശത്തിന്റെ സുഖദു:ഖങ്ങള്‍ മലയാളി ജീവിതത്തെ ഏതു വിധം സ്വാധീനിച്ചുവെന്നു ചേതോഹരമായി ചിത്രീകരിക്കുന്നു.


മന്‍സൂര്‍ പള്ളൂര്‍, ഇ.എം. അഷ്‌റഫ്‌ എന്നിവര്‍ക്കും സൗദി ആതിഥേയര്‍ക്കുമൊപ്പം

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) ഇന്ത്യ  ഫ്രെഞ്ച് സാംസ്‌കാരിക വിനിമയ പരിപാടികളുമായി എത്താറുള്ള ഫ്രെഞ്ച് എഴുത്തുകാരുടേയും കലാകാരന്മാരുടേയും സംഘത്തെ വരവേല്‍ക്കുന്നതിനും മറ്റും എം. മുകുന്ദനാണ് നേതൃത്വം നല്‍കിയിരുന്നത്. സംഗീതവും നൃത്തവും മറ്റു പരിപാടികളും രാജ്യതലസ്ഥാനത്തെ ഫ്രെഞ്ച് പെരുമ വര്‍ദ്ധിപ്പിച്ചു. എംബസിയിലെ ലൈബ്രറികള്‍ മുകുന്ദന്റെ ഭാവുകത്വത്തെ ഉന്മത്തമാക്കി. 'മയ്യഴിപ്പുഴയുടെ തീരങ്ങള്‍' വായനക്കാരെ ഇളക്കിമറിച്ചതോടെ ദിവസവും ഇരുപതും മുപ്പതും കത്തുകള്‍ മുകുന്ദനെത്തേടി ഫ്രെഞ്ച് എംബസിയിലെത്തി. ആരാധകരുടെ ആശംസകളാല്‍ തരളിതനായ നാളുകളെന്ന് മുകുന്ദന്‍. ഫ്രെഞ്ച് അംബാസഡര്‍ക്ക് പോലും അല്‍ഭുതം. തന്റെ പേരില്‍ ദിനംപ്രതി ആകെ വരുന്നത് നാലോ അഞ്ചോ കത്തുകള്‍. കള്‍ച്ചറല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ മുകുന്ദന്റെ വിലാസത്തില്‍ വരുന്നതാകട്ടെ, മുപ്പതോളം കത്തുകള്‍!

ഇക്കാലത്തായിരുന്നു ഫ്രെഞ്ച് അതിവിപ്ലവകാരിയും പിന്നീട് പ്രതിവിപ്ലവകാരിയുമായി മാറിയ, 'റവല്യൂഷന്‍ ഇന്‍ റവല്യൂഷന്‍' എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ച റെഗിസ് ദെബ്രെ ഇന്ത്യയില്‍ വന്നതും ഫ്രെഞ്ച് എംബസിയുടെ ആതിഥ്യം സ്വീകരിച്ചതും. മുകുന്ദനായിരുന്നു ദെബ്രെയെ പലയിടങ്ങളിലും കൊണ്ടുപോയത്. ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമന്‍സില്‍ ദെബ്രെ അന്ന് ഉജ്ജ്വല പ്രസംഗം നടത്തി. ഒളിപ്പോരാളിയായിരുന്ന ദെബ്രെ പില്‍ക്കാലത്ത് ഫ്രെഞ്ച് പ്രസിഡന്റിന്റെ സാസ്‌കാരിക ഉപദേഷ്ടാവായി മാറുകയായിരുന്നു. രണ്ടു മാസത്തോളം ദെബ്രെയെ അനുഗമിക്കാന്‍ മുകുന്ദന് അവസരം ലഭിച്ചു. പ്രമുഖ ഫ്രെഞ്ച് തത്ത്വചിന്തകന്‍ ജാക്വെസ് ദെരീദ ഡല്‍ഹിയില്‍ വന്നതും അദ്ദേഹത്തെ സ്വീകരിച്ചതും മുകുന്ദന്റെ മറ്റൊരു എംബസി ഓര്‍മ്മ. ഫ്രെഞ്ച് എംബസിയുടെ കള്‍ച്ചറല്‍ അറ്റാഷെ പദവിയില്‍നിന്നാണ് മുകുന്ദന്‍ വിരമിച്ചത്. എംബസി ജീവിതം മാത്രമായി എഴുതണമെന്നും ആഗ്രഹമുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു. 

ഔട്ട്‌സൈഡര്‍ എഴുതിയ അല്‍ബേര്‍ കാമുവിന്റെ ചിന്തകള്‍ക്ക് ലോകമങ്ങും സ്വീകാര്യത ലഭിക്കുകയും അതു സംവാദമാവുകയും ചെയ്ത കാലത്താണ് മുകുന്ദന്‍ എഴുതിത്തുടങ്ങിയത്. നമ്മുടെ സാഹിത്യ ചര്‍ച്ചകളാകെ 'ട്രാന്‍സ് റിയലിസത്തിലേക്ക്' നീങ്ങിയ കാലത്ത് നിലവിലുള്ള എല്ലാ സാമ്പ്രദായിക സാഹിത്യ പ്രവണതകളേയും കാലാതിശായിയായി തിരസ്‌കൃതമാക്കുന്ന തനത് കഥ പറച്ചിലിലൂടെ തരംഗമായി മാറിയിരിക്കുകയാണ് എം. മുകുന്ദന്റെ 'നിങ്ങള്‍' എന്ന നോവല്‍. മാഹിയില്‍ വെറും മുകുന്ദനായിരുന്ന താന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മനുഷ്യനായതെന്ന് അദ്ദേഹം പറയാറുള്ളത് എത്രയോ സത്യം. ഇന്ന് കേരളത്തിലുള്ളത് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനികളുമാണെന്നും കേരളത്തിനു വെളിയില്‍ പ്രവാസ ലോകത്താണ് യഥാര്‍ത്ഥ മലയാളികളെ കാണാന്‍ കഴിയുന്നതെന്നും മുകുന്ദന്‍ സൗദി സന്ദര്‍ശനത്തിനിടെയുള്ള സ്വീകരണങ്ങളിലെല്ലാം പറഞ്ഞു. 

എം. മുകുന്ദന്‍, ലേഖകനോടൊപ്പം 

ആക്ടിവിസത്തിലേക്കുള്ള എഴുത്തുകാരുടെ സഞ്ചാരത്തെ കുറ്റപ്പെടുത്താനാവില്ല. അരുന്ധതി റോയിയെപ്പോലെ ആക്ടിവിസ്റ്റായ മറ്റൊരു എഴുത്തുകാരി നമ്മുടെ രാജ്യത്ത് വേറെയില്ല. കേരളത്തില്‍ ഇപ്പോഴും പോരാട്ടവീര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരേയൊരു എഴുത്തുകാരി സാറാ ജോസഫാണ്. പുതിയ എഴുത്തുകാര്‍ക്കിടയില്‍ മാധവിക്കുട്ടിയെ പിന്തുടരാന്‍ ശ്രമിക്കുന്നവരുണ്ട്. പക്ഷേ, സാറാ ജോസഫിനെ പിന്തുടരുന്നവരെ കാണാനേയില്ല. 'നിങ്ങള്‍' ധാരാളം പേര്‍ വായിക്കുന്നുണ്ട്. എണ്‍പത് കടന്ന എഴുത്തുകാരനെന്ന നിലയില്‍ അതില്‍ ഏറെ സന്തോഷം തോന്നുന്നു. 'ദയാവധം' എന്ന പുതിയൊരു വിഷയമാണ് ഞാനതില്‍ കൈകാര്യം ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന അപകടകരമായ ചില രാഷ്ട്രീയ സമസ്യകളാണ് ഇതെഴുതാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചത്  മുകുന്ദന്‍ പറഞ്ഞു നിര്‍ത്തി. 

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com