

കോഴിക്കോട് നഗരത്തിലെ ജവഹര്‍നഗര്‍ ഹൗസിങ് കോളനിയില്‍ പ്രായത്തിന്റെ അവശതകളുമായി കഴിയുകയായിരുന്ന ഡോ. മണിലാലിനെ കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്വേഷണ തല്‍പ്പരരായ മൂന്നു ശിഷ്യന്മാര്‍ക്കൊപ്പം സാഹസികമായി നടത്തിയ സൈലന്റ് വാലി യാത്രകളെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ഇന്നത്തെയത്ര സൗകര്യങ്ങളോ വിനിമയ ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഏതാണ്ട് നാനൂറ് രാത്രികളാണ് ഡോ. മണിലാലും സംഘവും സൈലന്റ് വാലിയില്‍ ചെലവിട്ടത്. കണ്ടത്തിയതാകട്ടെ ലോകത്തുതന്നെ ശാസ്ത്ര വിസ്മയമായി മാറിയ ആയിരത്തിലധികം സ്പീഷിസ് സസ്യങ്ങളെയും.
എഴുപതുകളുടെ തുടക്കത്തിലാണ് സൈലന്റ് വാലിയില്‍ കുന്തിപ്പുഴയ്ക്കു കുറുകെ വലിയ ഡാം നിര്‍മ്മിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. അതിനായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനു ചുമതല നല്‍കുകയും ചെയ്തു. പദ്ധതി പ്രഖ്യാപനവും തുടര്‍നടപടികളും വന്‍പ്രതിഷേധത്തിനിടയാക്കി. ആ പ്രതിഷേധങ്ങളില്‍ കേരളത്തിലെ ശാസ്ത്രസമൂഹവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഇതിന് മറുമരുന്ന് എന്ന നിലയിലാണ് കെഎസ്ഇബി അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സസ്യശാസ്ത്രവിഭാഗം തലവനായ ബി.കെ. നായരുടെ നേതൃത്വത്തില്‍ പഠനസംഘത്തെ നിയോഗിച്ചത്. ബി.കെ. നായര്‍ കമ്മിറ്റി ഗവണ്‍മെന്റ് തീരുമാനത്തെ പൂര്‍ണമായും സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കി. ഡോ. കെ.എസ്. മണിലാല്‍ അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇതേ വിഭാഗത്തില്‍ ബി.കെ. നായരുടെ സഹഅദ്ധ്യാപകനായിരുന്നു. ഉഷ്ണമേഖല ആര്‍ദ്രമഴക്കാടായ സൈലന്റ് വാലിയില്‍ ഇരുനൂറ്റി നാല്പത് സ്പീഷിസ് സസ്യങ്ങള്‍ മാത്രമേയുള്ളൂ എന്ന ബി.കെ. നായര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്ര സമൂഹത്തിനിടയില്‍ പൊതുവെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സൈലന്റ് വാലിയില്‍ പോയി പഠനം നടത്താന്‍ ഒരു പ്രോജക്ട് ഡോ. മണിലാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കുന്നത്. പ്രോജക്ടിനൊപ്പം ഒരു സാധ്യതാപഠനം കൂടി നല്‍കിയിരുന്നു.
സൈലന്റ് വാലി വിവാദമായ സന്ദര്‍ഭത്തില്‍ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നാല്പതോളം ഗവേഷകരെ വച്ചുകൊണ്ട് വന്‍ സന്നാഹങ്ങളോടെ ഒരു പഠനം ഇതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. ആ പഠനം എങ്ങുമെത്താതെ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് മണിലാലിന്റെ പഠനത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവാദം നല്‍കിയത്. സൈലന്റ് വാലിയുടെ പാരിസ്ഥിതിക നില എന്താണെന്നുള്ള അന്വേഷണം നടത്തുക എന്നതായിരുന്നു ഡോ. മണിലാലിനെ ഏല്പിച്ച ദൗത്യം. 1980-ല്‍ മണിലാല്‍ സൈലന്റ് വാലി പഠനം ആരംഭിച്ചു. മണിലാലിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന സി.ആര്‍. സുരേഷും സി. സതീഷ്‌കുമാര്‍, ടി.സാബു എന്നിവരുമായിരുന്നു ഉണ്ടായിരുന്നത്. ക്‌ളേശങ്ങള്‍ നിറഞ്ഞ വനജീവിതം മണിലാല്‍ പറഞ്ഞതിങ്ങനെ: ''അങ്ങോട്ടേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. വനത്തിന്റെ അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ ജീപ്പ് വേണം. പഠനത്തിന് ജീപ്പ് വേണമെന്നാവശ്യപ്പെട്ടാല്‍ ഒരുവര്‍ഷം വീണ്ടും വൈകും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് അപ്പോള്‍ത്തന്നെ തുടങ്ങാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. ആദ്യം സര്‍വ്വകലാശാലയുടെ ജീപ്പെടുത്ത് ഞങ്ങള്‍ പോയി. അട്ടപ്പാടി വഴിയായിരുന്നു വനത്തില്‍ക്കയറിയത്. വഴികാണിക്കാന്‍ അന്ന് സൈലന്റ് വാലിയിലെ വഴികാട്ടിയായ ഹംസയും ഉണ്ടായിരുന്നു. ആദ്യമൊക്കെ വഴികാട്ടികളെ കൂടെ കൂട്ടിയിരുന്നെങ്കിലും പിന്നെപ്പിന്നെ അവരെ ഒഴിവാക്കി. സമയമെടുത്തുള്ള അന്വേഷണങ്ങള്‍ക്ക് അവര്‍ ബാധ്യതയായി മാറിയിരുന്നു. ആനകളും കരടികളുമുള്‍പ്പെടെ വന്യജന്തുക്കള്‍ ധാരാളമായുള്ളതാണവിടെ. അട്ടശല്യം അസഹനീയമായിരുന്നു. ആദ്യമൊക്കെ നായ്ക്കുരണപോലെയുള്ള വിഷച്ചെടികള്‍ ഞങ്ങളുടെ ശരീരത്തില്‍ ഉരഞ്ഞ് കടുത്ത ചൊറിച്ചിലും പനിയുമുണ്ടാകും. അങ്ങനെ നിരവധി പ്രാവശ്യം ഞങ്ങളില്‍ പലരും ആശുപത്രിയിലായി. ഈ ചെടികളെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ഉപദ്രവം ഒഴിവായി.''
'നാനൂറ് രാത്രികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലിയില്‍ ഗവേഷണത്തിനായി ചിലവഴിച്ചത്. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. രാത്രി താമസിക്കുന്നതിനു ചുറ്റും രണ്ടടി താഴ്ചയില്‍ ട്രഞ്ച് കുഴിക്കണം. എന്നിട്ട് അതില്‍ മരക്കൊമ്പുകളും ഉണക്കയിലയുമൊക്കെ ഇട്ടു കത്തിക്കണം. ആദ്യമൊക്കെ അത് ചെയ്തു. പിന്നീടത് ബുദ്ധിമുട്ടായി. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ എവിടെ നിന്നാണ് കത്തുന്ന വിറകു കിട്ടുക? പച്ചയ്ക്കു കത്തുന്ന വിറകും കാട്ടിലുണ്ട്. അത് ദുര്‍ലഭം. പിന്നെപ്പിന്നെ ട്രഞ്ച് കുഴിക്കാതെയായി. രാത്രികളില്‍ വിഷപ്പാമ്പുകളും ആനയും കരടിയും ഭീതിപരത്തി അരികിലൂടെ കടന്നുപോയിട്ടുണ്ട്.' ഡോ. മണിലാല്‍ പറഞ്ഞു.
നാലുവര്‍ഷം നീണ്ട ദിനരാത്രങ്ങളില്‍ മണിലാലും ശിഷ്യന്മാരും കണ്ടെത്തിയത് ആയിരത്തിലധികം സ്പീഷിസ് പുഷ്പിത സസ്യങ്ങളെയാണ്. അതില്‍ പുതുതായി കണ്ടെത്തിയ ഏഴിനം സസ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായി. ശ്രീലങ്കയിലും ഫിലിപ്പീന്‍സിലും മാത്രം കണ്ടിരുന്നു എന്ന് വിശ്വസിച്ചിരുന്ന പല സസ്യങ്ങളും സൈലന്റ് വാലിയില്‍ ഈ അന്വേഷണസംഘം കണ്ടെത്തി.1850-ല്‍ തോമസ് സി. ജേര്‍ഡണ്‍ നീലഗിരി താഴ്‌വാരങ്ങളില്‍ കണ്ടെത്തുകയും പിന്നീട് വിസ്മൃതിയിലായിപ്പോവുകയും ചെയ്ത മലബാര്‍ ഡാഫോഡില്‍ എന്ന സവിശേഷതരം ഓര്‍ക്കിഡ് ചെടി സൈലന്റ് വാലിയില്‍ കണ്ടെത്തിയതാണ് ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം. ഫിലിപ്പീന്‍സ് ദ്വീപുകളില്‍ മാത്രമേ വളരുകയുള്ളു എന്നു വിശ്വസിച്ചിരുന്ന മരുന്നുചെടികള്‍ പലതും സൈലന്റ് വാലിയില്‍നിന്ന് അന്ന് കണ്ടെടുക്കുകയുണ്ടായി. ഡോ. മണിലാലിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക-പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ടാക്‌സോണമിസ്റ്റിന്റെ സ്ഥാനം അടയാളപ്പെടുത്തിയതാണ് മറ്റൊരു നേട്ടം.
1984-ല്‍ ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ ദേശീയ പര്‍ക്കായി പ്രഖ്യാപിക്കുന്നതില്‍ മണിലാലിന്റെ നിരീക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ഡയറക്ടറും സസ്യശാസ്ത്രജ്ഞരില്‍ പ്രമുഖനുമായിരുന്ന എന്‍.സി. നായര്‍ മണിലാലുമായി ഇതിനെപ്പറ്റി നിരന്തരം സംസാരിക്കുകയും തീരുമാനമെടുക്കേണ്ടിവന്ന നിര്‍ണായക നിമിഷത്തില്‍ ഇന്ദിരാഗാന്ധിയുമായി ഈ അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി.
സൈലന്റ് വാലി അന്വേഷണ പഠനങ്ങള്‍ക്കുശേഷം നാല്പതു ഗവേഷണ പ്രബന്ധങ്ങളാണ് മണിലാലും സഹായികളും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇതില്‍ പലതും അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി ഗവേഷകര്‍ ഈ പഠനങ്ങളുടെ ചുവടുപിടിച്ച് സൈലന്റ് വാലിയിലെത്തി. അങ്ങനെ സൈലന്റ് വാലി ആഗോളതലത്തില്‍ ശാസ്ത്ര ഗവേഷണത്തിന്റെ ലബോറട്ടറിയായി മാറി എന്നു പറയാം.
സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി
1938-ല്‍ എറണാകുളത്ത് ജനിച്ച ഡോ. കെ.എസ്. മണിലാല്‍ സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1964-ല്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1986-99 കാലത്ത് സീനിയര്‍ പ്രൊഫസറായി. 200 ഗവേഷണ പ്രബന്ധങ്ങളുടെയും പതിനൊന്നു പുസ്തകങ്ങളുടെയും രചയിതാവായ മണിലാല്‍ വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ പന്ത്രണ്ടു വാല്യം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിരുന്നു ആ വിവര്‍ത്തനം. ദേശീയതലത്തില്‍ ഡോ. ഇ.കെ. ജാനകിയമ്മാള്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
(സൈലന്റ് വാലി സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷക്കാര്‍ മറന്ന ഒരാള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം മാറ്റങ്ങളോടെ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates