

ഇരുണ്ട നിറം, മെല്ലിച്ച, ഉയരം കുറഞ്ഞ ശരീര പ്രകൃതി. ആദി ദ്രാവിഡരുടെ പിന്മുറക്കാരായ ഇവരല്ലേ ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍? പക്ഷെ ആധുനികതയില്‍ നിന്ന് അകന്നു കാടിന്റെ വന്യതയെ സ്‌നേഹിച്ചും പ്രകൃതിയെ ആരാധിച്ചും കഴിയുന്ന ഇവരാണ് വികസനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഇരകള്‍. കേരള ജനസംഖ്യയുടെ ഒന്നര ശതമാനം വരുന്ന ആദിവാസികള്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ എന്തെല്ലാം ചൂഷണങ്ങള്‍ക്ക് വിധേയരായി? റോഡ് വികസനത്തിന്റെയും, വൈദ്യുത ജലസേചന പദ്ധതികളുടെയും പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍. കയ്യേറ്റക്കാരുടെ പീഡനം സഹിക്ക വയ്യാതെ അവര്‍ ഉള്‍ക്കാടുകളിലേക്കു കുടിയേറി. കാട് ചുരുങ്ങുമ്പോള്‍, ആനത്താരകളില്‍ റിസോര്‍ട്ടുകളും വൈദ്യുത വേലികളും ഉയരുമ്പോള്‍ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയാണ്.
കേരളത്തിലെ ആദിവാസികളില്‍ ഏറ്റവും പ്രാചീന ഗോത്രങ്ങളായ കൊറഗര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍, കാടര്‍ എന്നീ സമൂഹങ്ങളുടെ ജനസംഖ്യ ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞു വരുകയാണ്. ഏകദേശം 1,500 പേര് മാത്രമുള്ള കാടര്‍ സമൂഹം അധിവസിക്കുന്ന വാഴച്ചാല്‍, ഷോളയാര്‍, പറമ്പിക്കുളം മേഖലയിലെ അനിയന്ത്രിതമായ വന നശീകരണം കേരളം ചര്‍ച്ച ചെയ്തത് കഴിഞ്ഞ ദശകത്തിലാണ്. വി കെ ഗീത എന്ന യുവതിയുടെ നേതൃത്വത്തില്‍ കാടര്‍ സമുദായം തുടങ്ങിയ പ്രതിരോധം കേരളം ഏറ്റെടുത്തതോടെ ഇല്ലാതായത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആണ്. ഒരു ദശാബ്ദത്തിനിപ്പുറം കേരള വൈദ്യുതി ബോര്‍ഡ് പദ്ധതി പൊടിതട്ടി എടുക്കുമ്പോള്‍ പ്രായം കരിനിഴല്‍ വീഴ്ത്തിയ കണ്ണുകളില്‍ അതേ സമരജ്വാല. 'ഞങ്ങളുടെ വനാവകാശം കോടതി അംഗീകരിച്ചതാണ്. ഇത് ഞങ്ങളുടെ പൂര്‍വികരുടെ മണ്ണാണ്. വികസനത്തിന്റെ പേരില്‍ മൂന്നു വട്ടം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ആണ് ഞങ്ങള്‍. ഈ വനം ഇനിയും നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' ഗീത പറയുന്നു.
1905 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ചാലക്കുടി - പറമ്പിക്കുളം ട്രാംവേയുടെ പേരില്‍, 1957 ല്‍ പൊരിങ്ങല്‍കുത്തു ഡാമിന്റെ പേരില്‍, പിന്നെ അറുപതുകളില്‍ പറമ്പിക്കുളം ഡാമിന്റെ പേരില്‍ കുടിയിറക്കപ്പെട്ട കാടര്‍ സമുദായം വാഴച്ചാല്‍ വനമേഖലയില്‍പ്പെട്ട അതിരപ്പിള്ളി, തവളക്കുഴിപ്പാറ, ആനക്കയം, ഷോളയാര്‍, പൊകലപ്പാറ, വാച്ചുമരം, പെരുമ്പറ, പെരിങ്ങല്‍കുത്ത്, മുക്കുംപുഴ എന്നീ ഒന്‍പത് ഊരുകളില്‍ ആണ് താമസിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി വന്യ ജീവികളുടെ ആക്രമണം ശക്തമായത് ഇവരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വിഷു ദിനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു ആദിവാസികളെ കാട്ടാന ചവിട്ടി കൊന്നിരുന്നു.
2018 ലെ പ്രളയകാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി മൂലം ആനക്കയത്ത് നിന്ന് പലായനം ചെയ്ത ആദിവാസി കുടുംബങ്ങള്‍ ചാപ്രയ്ക്ക് സമീപമുള്ള പാറക്കൂട്ടത്തില്‍ കഴിച്ചുകൂട്ടിയത് ഒരു വര്‍ഷമാണ്. ഇപ്പോള്‍ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അവര്‍ ആശങ്കയിലാണ്. പൊകലപ്പാറ വനം ഓഫീസിനു താഴെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു 500 മീറ്റര്‍ മുകളിലാണ് പുതിയ അണക്കെട്ട് വരുക. ഏകദേശം 137 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും, 70000 മരങ്ങള്‍ മുറിച്ചു നീക്കപ്പെടും, ആദിവാസി ഊരുകള്‍ പിഴുതെറിയപ്പെടും. പൊരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും ഇടയിലുള്ള ആനത്താര ഇല്ലാതെയാകും. നാലിനം വേഴാമ്പലുകള്‍ ഉള്‍പ്പെടെ 263 പക്ഷിവര്‍ഗങ്ങളുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാകും.
'പറമ്പിക്കുളം മുതല്‍ അതിരപ്പിള്ളി വരെ നീളുന്ന ചാലക്കുടി പുഴയുടെ തീരങ്ങളിലെ ആവാസ വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നില്ലേ? പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, കേരള ഷോളയാര്‍, പൊരിങ്ങല്‍കുത്ത് എന്നീ അഞ്ചു അണക്കെട്ടുകള്‍, പിന്നെ തോട്ടങ്ങളും റോഡുകളും. വാഴച്ചാല്‍ - ഷോളയാര്‍ മേഖലയിലെ വനം 80 ശതമാനവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതിരപ്പിള്ളി പദ്ധതി കൂടി വന്നാല്‍ കേരളത്തില്‍ ഏറ്റവും ജൈവ വൈവിധ്യ സമ്പന്നമായ ആവാസ വ്യവസ്ഥയാണ് ഇല്ലാതാവുന്നത്. ആനത്താരകള്‍ ഇല്ലാതാവുന്നതോടെ ആനകള്‍ കൂടുതല്‍ അക്രമാസക്തമാവും. മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കും. ആദിവാസികള്‍ അന്യവത്ക്കരിക്കപ്പെടും. ഇതിനു ഒരു അറുതി വേണ്ടേ? ' ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി ചോദിക്കുന്നു.
ഊരില്‍നിന്നു ആദ്യമായി പത്താം ക്ലാസ് പാസ്സായ പെണ്‍കുട്ടി വി കെ ഗീത കാടര്‍ സമുദായത്തിന്റെ പൈതൃകത്തെ കുറിച്ച് നടത്തിയ ഹൃസ്വമായ ഒരു പഠനമാണ് രണ്ടു ദശാബ്ദം മുന്‍പ് ജല വൈദ്യുത പദ്ധതിക്ക് എതിരായ സമരത്തിന് പ്രചോദനമായത്. ഓരോ തവണയും വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട കാടര്‍ സമുദായം വീണ്ടും ഒരു കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയില്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ വാഴച്ചാലിലെ ഒന്‍പതു ഊരുകളിലെയും ആദിവാസികളെ അണിനിരത്തി അവര്‍ ഒരു പ്രക്ഷോഭത്തിന് തുടക്കമിട്ടു. 2014 ല്‍ വനവകാശം കൂടി കിട്ടിയതോടെ ആദിവാസികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ വൈദ്യുതി ബോര്‍ഡിന് മുട്ടുമടക്കേണ്ടി വന്നു. ഇതിനിടെ ഗീത കേരളത്തിലെ ആദ്യ ഊരു മൂപ്പത്തിയായി. അസ്ഥിത്വം നഷ്ടമായ ഒരു സമൂഹത്തിനു ആശാകിരണമായി. പത്തു വര്‍ഷത്തിനിപ്പുറം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഗീത ഉറപ്പിച്ചു പറയുന്നു, 'ഈ ഭൂമി ഞങ്ങള്‍ വിട്ടു കൊടുക്കില്ല.'
കേരളത്തിലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ജലവൈദ്യുതി നിലയങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ് ശ്രമം ആരംഭിച്ചത്. മുടങ്ങിപ്പോയ അതിരപ്പിള്ളി, ആനക്കയം പദ്ധതികള്‍ക്കൊപ്പം മുന്നാറിലെ ലെച്ച്മി പദ്ധതി ഉള്‍പ്പടെ പുതിയ ജല വൈദ്യുത പദ്ധതികള്‍ തുടങ്ങാനാണ് ശ്രമം. കൂടാതെ ഇടുക്കി, ശബരിഗിരി, തുടങ്ങിയ പദ്ധതികളില്‍ ജല പുനരുപയോഗത്തിലൂടെ വൈദ്യുതി ഉദ്പാദനം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്.
'കേരളത്തിലെ വൈദ്യുതി ഉപഭോഗം പ്രതിദിനം വര്‍ധിച്ചു വരുകയാണ്, എന്നാല്‍ പുതിയ പദ്ധതികള്‍ വരുന്നുമില്ല. നമ്മുടെ പീക്ക് അവര്‍ (വൈകിട്ട് ആറ് മണിമുതല്‍ രാത്രി പത്തര വരെ) ഉപഭോഗം 5800 മെഗാവാട്ട് എത്തി. എന്നാല്‍ നമ്മുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെറും 1600 മെഗാവാട്ട് ആണ്. പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പത്തു രൂപ നിരക്കില്‍ വാങ്ങുന്നു. സോളാര്‍ പ്ലാന്റുകളില്‍ നിന്ന് 1500 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നെങ്കിലും ഇത് രാത്രിയില്‍ ലഭ്യമല്ല. അതിനാല്‍ ഊര്‍ജ സ്വയംപര്യാപ്തതയ്ക്കു കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ വേണം. നമുക്ക് വികസനവും പരിസ്ഥിതിയും വേണം. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായേ തീരൂ. ഇപ്പോള്‍ നാഷണല്‍ ഗ്രിഡില്‍ നിന്ന് ദീര്‍ഘകാല കരാറില്‍ വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞാല്‍, കേരളം ഊര്‍ജ പ്രതിസന്ധിയില്‍ ആവും. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates