

വിശാലാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രണ്ടു തരക്കാരുണ്ട്. ഒരു കൂട്ടര്‍ ആപാദമസ്തകം പ്രായോഗിക രാഷ്ട്രീയത്തിന്റെ അപ്പോസ്തലരാണ്. രണ്ടാമത്തെ കൂട്ടര്‍ ആദര്‍ശ രാഷ്ട്രീയം അപ്പടി കൈവിട്ടുകൊണ്ടുള്ള പ്രായോഗിക രാഷ്ട്രീയത്തോട് അനാഭിമുഖ്യം പുലര്‍ത്തുന്നവരത്രേ. ആദ്യം പറഞ്ഞ വിഭാഗത്തിനാണ് രണ്ടു പതിറ്റാണ്ടെങ്കിലുമായി പാര്‍ട്ടിയില്‍ മേധാവിത്വമുള്ളത്. രണ്ടാം വിഭാഗം ഒരു മൈക്രോസ്‌കോപിക ന്യൂനപക്ഷം മാത്രം.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഒന്നാം വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. മാര്‍ക്‌സിയന്‍ മൂല്യങ്ങളോ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോ അവരെ കാര്യമായി അലട്ടാറില്ല. ചൂഷക വ്യവസ്ഥയ്ക്കും നവലിബറല്‍ നയങ്ങള്‍ക്കും പുനരുത്ഥാന മൂല്യങ്ങള്‍ക്കുമെതിരെ അവര്‍ നാവും തൂലികയും നിര്‍ലോഭം ഉപയോഗിക്കുമെങ്കിലും മനസ്സും ഹൃദയവും അത്ര ഉപയോഗിക്കില്ല. ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എന്തുതന്നെ സംഭവിച്ചാലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിറഞ്ഞാടണമെന്ന ഒരൊറ്റ ലക്ഷ്യമേ തങ്ങള്‍ക്കുള്ളൂ എന്ന മട്ടിലാണ് അവരുടെ പ്രയാണം.
രണ്ടാം വിഭാഗത്തിന് പ്രധാനമായും പ്രതിനിധീഭവിക്കുന്നത് മുന്‍മുഖ്യമന്ത്രിയും നിലവില്‍ നിയമസഭാംഗവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദനാണ്. നേരത്തെ അദ്ദേഹത്തോടൊപ്പം കുറച്ചേറെപ്പേര്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ പലരും പിന്നീട് ഒന്നാം വിഭാഗത്തില്‍ അലിഞ്ഞുചേര്‍ന്നു. അച്യുതാനന്ദനും അദ്ദേഹത്തോടൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന അതിസൂക്ഷ്മ ന്യൂനപക്ഷവും എ.കെ.ജിയെപ്പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് വലിയ അളവില്‍ വിലകല്പിക്കുന്നവരാണ്. ആദര്‍ശങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ടുള്ള പാര്‍ലമെന്ററി രാഷ്ട്രീയം അമാര്‍ക്‌സിസ്റ്റാണെന്നു മാത്രമല്ല, ആത്മഹത്യാപരം കൂടിയാണെന്നു അവര്‍ കരുതുന്നു.
കമ്യൂണിസ്റ്റ് നിലപാടുകള്‍ പരിരക്ഷിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി പാര്‍ട്ടിയിലെ ഭൂരിപക്ഷ ചേരിയോട് ഒറ്റയാള്‍ പോരാട്ടം നടത്തിയ ചരിത്രം സഖാവ് അച്യുതാനന്ദനുണ്ട്. പത്തു വര്‍ഷം മുന്‍പ് മൂന്നാറില്‍ ഭൂമാഫിയയ്‌ക്കെതിരെ അദ്ദേഹം അനുവര്‍ത്തിച്ച സമീപനം മാഫിയയുടെ ഭാഗമോ അതല്ലെങ്കില്‍ വനം കയ്യേറ്റക്കാരുടെ അഭ്യുദയകാംക്ഷികളോ ആയ പാര്‍ട്ടി നേതാക്കളെ വല്ലാതെ അരിശംകൊള്ളിച്ചിരുന്നു. തങ്ങളുടെ അവിഹിത സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പടവാളാണ് പാര്‍ട്ടിയെന്നു കരുതുന്ന പ്രാദേശിക, മധ്യനിര നേതാക്കള്‍ ഒന്നടങ്കം തനിക്കെതിരെ ചന്ദ്രഹാസമെടുത്തപ്പോഴും വി.എസ്. സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. കമ്യൂണിസം എന്നത് റവന്യൂഭൂമി കയ്യേറാനുള്ള ലൈസന്‍സാണെന്ന് അംഗീകരിച്ചു കൊടുക്കാ ന്‍ അദ്ദേഹം തയ്യാറായില്ല.
ടി.പി. ചന്ദ്രശേഖരന്‍ അതിനിഷ്ഠുരം കൊല്ലപ്പെട്ട സംഭവത്തിലും ഭൂരിപക്ഷ ചേരിയോടൊപ്പമല്ല വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ നിലയുറപ്പിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളാരും വധിക്കപ്പെട്ട ടി.പിയുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്താന്‍പോലും മുന്നോട്ടു വരാതിരുന്നപ്പോള്‍ വി.എസ്. ആ വീട്ടില്‍ പോവുകയും ചന്ദ്രശേഖരന്റെ ഭാര്യയേയും പുത്രനേയും ആശ്വസിപ്പിക്കുകയും ചെയ്തു. അതേ സമയം മറുഭാഗം ചെയ്തത് ചന്ദ്രശേഖരന് 'കുലംകുത്തി' എന്ന കരിമുദ്ര ചാര്‍ത്തിക്കൊടുക്കുകയാണ്. അഭിപ്രായഭേദത്തോട് അസഹിഷ്ണുതയെന്നത് മാര്‍ക്‌സിന്റേയോ എംഗല്‍സിന്റേയോ നിഘണ്ടുവില്‍ ഒരിടത്തുമില്ലെന്നു ഓര്‍ക്കാന്‍പോലും ഭൂരിപക്ഷ ചേരിക്കായില്ല.
ഇപ്പോള്‍ വിടവാങ്ങാന്‍ പോകുന്ന 2018-ാം ആണ്ടിലും (തന്റെ 95-ാം വയസ്സിലും) പാര്‍ട്ടിക്കകത്ത് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ദൃഢസ്വാധീനം ചെലുത്തേണ്ടതിന്റെ ആവശ്യകതയില്‍ അടിവരചാര്‍ത്തുന്ന കൃത്യത്തിലാണ് വി.എസ് ഏര്‍പ്പെട്ടു പോന്നത്. മാര്‍ക്‌സിയന്‍ ധാര്‍മ്മികതയ്‌ക്കെതിരായ നയങ്ങളും നിലപാടുകളും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അധീശത്വം പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്ന വസ്തുത അദ്ദേഹം തുറന്നുകാട്ടാതിരുന്നിട്ടില്ല. 2018-ലെ രണ്ടു സംഭവങ്ങളില്‍ പാര്‍ട്ടിയിലെ ഒന്നാം വിഭാഗം സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്റെ നിശിതവിമര്‍ശനത്തിന് പാത്രീഭവിക്കുകയുണ്ടായി.
മണ്ണാര്‍ക്കാട് എം.എല്‍.എ. കെ.പി. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് അവയിലൊന്ന്. പാലക്കാട് ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാക്കളില്‍ ഒരാള്‍ വ്യക്തമായ തെളിവുകള്‍ സഹിതം ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പാര്‍ട്ടി നേതൃത്വം കണക്കിലെടുത്തില്ല എന്നത് ആ കേസിന്റെ നാള്‍വഴി പിന്തുടര്‍ന്നവരെ ബോധ്യപ്പെടുത്തേണ്ടതില്ല. ലിംഗസമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും
സ്ത്രീശാക്തീകരണത്തെക്കുറിച്ചും എഴുതുകയും പ്രസംഗിക്കുകയും ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന (ചെയ്യേണ്ട) പാര്‍ട്ടി മേധാവികള്‍ പ്രസ്തുത കേസില്‍ സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ടതാണ്. മറിച്ചാണ് പക്ഷേ, സംഭവിച്ചത്. പ്രശ്‌നത്തെ അവര്‍ പാര്‍ട്ടി അന്വേഷണത്തില്‍ ഒതുക്കി. ആരോപിതനെതിരെയുള്ള കുറ്റത്തിന്റെ ഗൗരവം എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കാനാണ് അന്വേഷകര്‍ ശ്രമിച്ചത്. ഒടുവില്‍ പി.കെ. ശശിക്ക് കിട്ടിയത് പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തെ സസ്‌പെന്‍ഷന്‍ മാത്രം. അപ്പോഴും കക്ഷി എം.എല്‍.എ പദവിയില്‍ തുടരുകയും ചെയ്യുന്നു.
ആറുമാസക്കാലം പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നു പാര്‍ട്ടി തന്നെ വിലയിരുത്തിയ വ്യക്തിക്ക് ആ കാലയളവില്‍ പാര്‍ട്ടിയുടെ എം.എല്‍.എ ആയി തുടരാനുള്ള യോഗ്യത (ധാര്‍മ്മികാവകാശം) എങ്ങനെ സിദ്ധിക്കുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. സി.പി.ഐ.എം കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യതയില്ലാത്തയാളെ നിയമസഭാംഗസ്ഥാനത്തുനിന്നു പിന്‍വലിക്കേണ്ടതായിരുന്നില്ലേ? പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷന്‍ ചെയ്യപ്പെട്ട ശശി ഇപ്പോള്‍ ഏത് പാര്‍ട്ടിയുടെ എം.എല്‍.എയാണ്? സി.പി.എമ്മുകാരുടെ വോട്ട് വാങ്ങി ജയിച്ച അദ്ദേഹം തല്‍ക്കാലത്തേക്കെങ്കിലും സി.പി.എമ്മുകാരനല്ലാതായി മാറിയ ചുറ്റുപാടില്‍ അദ്ദേഹത്തോട് നിയമസഭാംഗസ്ഥാനം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി മേലാളര്‍ നിര്‍ദ്ദേശിക്കേണ്ടതായിരുന്നില്ലേ?
വാക്കുകള്‍ വേറെയായിരിക്കാമെങ്കിലും ഇതേ ആശയമൊക്കെത്തന്നെയാണ് അച്യുതാനന്ദന്‍ ശശിവിഷയത്തില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ കാതല്‍. ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിനും പകരം വേട്ടക്കാരനെ ആവുംവിധം സഹായിക്കുകയെന്ന അമാര്‍ക്‌സിയന്‍ നിലപാട് അന്വേഷണ കമ്മിഷനും സി.പി.ഐ.എം. നേതൃത്വവും കൈക്കൊണ്ടു. പാര്‍ട്ടിക്കോടതിയില്‍ പോരാ, രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായക്കോടതിയില്‍ വേണം കേസ് തീര്‍പ്പാക്കേണ്ടത് എന്ന ശരിയായ സമീപനം പാര്‍ട്ടിത്തലവന്മാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പി.കെ. ശശി എം.എല്‍.എയായി തുടരുമായിരുന്നോ?
ഈയാണ്ടില്‍ വി.എസ്. ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം നവോത്ഥാനമൂല്യ സംരക്ഷണാര്‍ത്ഥം സി.പി.ഐ.എമ്മിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ 2019 ജനുവരി ഒന്നിന് നടത്താനിരിക്കുന്ന 'വനിതാ മതില്‍' എന്ന പരിപാടിക്കെതിരെയാണ്. നവോത്ഥാനമൂല്യങ്ങളുടെ വേലിയിറക്കം ഒരു യാഥാര്‍ത്ഥ്യമാണെന്ന കാര്യത്തില്‍ അച്യുതാനന്ദന് സംശയമൊട്ടുമില്ല. പക്ഷേ, അനുക്രമം ദുര്‍ബ്ബലപ്പെടുന്ന നവോത്ഥാന വിചാരങ്ങളെക്കുറിച്ച് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ സംസ്ഥാനം കൈവരിച്ച നവോത്ഥാന വെളിച്ചം തിരിച്ചുപിടിക്കുന്നതിനും പ്രതിലോമ ചിന്തകളില്‍ അഭിരമിക്കുന്ന ജാതീയ സംഘങ്ങളെ കൂട്ടുപിടിക്കുകയാണോ വേണ്ടത് എന്ന ഏറെ പ്രസക്തമായ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. എസ്.എന്‍.ഡി.പിയുടെ അമരക്കാരനും താദൃശ ചിന്താഗതിക്കാരും ഉള്‍പ്പെട്ട കുറേ ഹൈന്ദവ സാമുദായിക പ്രസ്ഥാനങ്ങളെ അണിനിരത്തി നവോത്ഥാന ചക്രവാളം വികസിപ്പിക്കാന്‍ സാധിക്കുമെന്നു മരമണ്ടന്മാര്‍പോലും പറയില്ല. കോഴി സംരക്ഷണത്തിനു കുറക്കന്മാരേയും ആടുസംരക്ഷണത്തിന് കടുവകളേയും നിയോഗിക്കുന്നതുപോലുള്ള ഏര്‍പ്പാടാണത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മതേതര സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയെ സംഘടിപ്പിച്ചുകൊണ്ടു വേണമായിരുന്നു നവോത്ഥാനമൂല്യ പ്രബോധനത്തിന് ഇറങ്ങിത്തിരിക്കേണ്ടത്.
നിര്‍ദ്ദിഷ്ട വനിതാമതിലിന് മറ്റൊരു പോരായ്മ കൂടിയുണ്ട്. ഭൂരിപക്ഷ മതത്തില്‍പ്പെട്ട സാമുദായിക സംഘടനകളെ മാത്രം വിശ്വാസത്തിലെടുത്ത് നവോത്ഥാന മതില്‍ തീര്‍ക്കുമ്പോള്‍ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവരെല്ലാം ഇതിനകം പരിഷ്‌കരിക്കപ്പെടുകയും നവോത്ഥാനമൂല്യങ്ങള്‍ പൂര്‍വ്വാധികം ശക്തിയില്‍ ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുന്നു എന്ന തീര്‍ത്തും തെറ്റായ സന്ദേശം അതു നല്‍കുന്നു. സുപ്രീംകോടതിയുടെ ശബരിമല വിധി പുറത്തുവരികയും പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമല പ്രവേശം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരികയും ചെയ്തപ്പോള്‍, ഒരു മുസ്ലിം മതപണ്ഡിതസഭയുടെ സംസ്ഥാന അധ്യക്ഷന്‍ കോഴിക്കോട്ട് പ്രസംഗിച്ചത് മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരും മുന്നോട്ട് വന്നു പോകരുതെന്നാണ്. ആണധികാരം ധാര്‍ഷ്ട്യവും പെണ്‍വിരുദ്ധതയും നവോത്ഥാനമൂല്യ നിഷേധവും എല്ലാ സമുദായങ്ങളിലും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. ഈ യാഥാര്‍ത്ഥ്യം വനിതാമതില്‍ മേസ്ത്രിമാര്‍ സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞു.
രൂപകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും തികഞ്ഞ അനവധാനതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോഷകസംഘടനകളും പ്രകടിപ്പിക്കുന്നത്. മതില്‍ വിഭജനത്തിന്റേയും വേറിട്ടു നില്‍പ്പിന്റേയും പ്രതീകമാണ്. മുന്‍പ് ഉപയോഗിച്ച ചങ്ങലയാകട്ടെ, അടിമത്തത്തിന്റേയും ദാസ്യത്തിന്റേയും പ്രതീകവും. വനിതാ മതില്‍ എന്നതിന് പകരം വനിതാ പ്രതിരോധനിര (Women's Defence Line) എന്നോ മനുഷ്യച്ചങ്ങല എന്നതിനു പകരം മാനവ ഐക്യനിര (Human Unity Line) എന്നോ ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ചിതം?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates