ചരിത്രത്തില്‍ വേദനയോടെ പതിഞ്ഞ ചെരിപ്പുകള്‍

ബുഡാപെസ്റ്റ് യാത്ര
The Shoes on the Danube Bank
The Shoes on the Danube BankAFP
Updated on: 
3 min read

വിയന്നയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് 'വണ്‍ ഡേ ട്രിപ്പ്' പ്ലാന്‍ ചെയ്ത് ഞങ്ങള്‍ ഇറങ്ങുന്നത്. യാത്രയുടെ തുടക്കം തന്നെ രസകരമായിരുന്നു. ഞങ്ങളെ കൊണ്ടുപോയത് ഒരു വിദേശിയായ ഡ്രൈവര്‍ ആയിരുന്നു. വിദേശി എന്ന് പറയുമ്പോള്‍ ഓസ്ട്രിയയിലെ വിദേശി ആളൊരു ഹംഗറിക്കാരനായിരുന്നു. വഴിയിലുടനീളം പുള്ളിയുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനം. അങ്ങനെ, യാത്ര ഒട്ടും ബോറടിക്കാതെ ഞങ്ങള്‍ ബുഡാപെസ്റ്റില്‍ എത്തി.

ബുഡ-പെസ്റ്റ് -ഒരേ നഗരത്തിന്റെ രണ്ട് മുഖങ്ങള്‍

സത്യത്തില്‍ ഇതൊരു ഒറ്റ നഗരമല്ല. 'ബുഡ' എന്നും 'പെസ്റ്റ്' എന്നുംപേരുള്ള രണ്ട് നഗരങ്ങള്‍ ചേര്‍ന്നതാണ് ഈ ഭൂമി. ഇവയ്ക്ക് നടുവിലൂടെ ശാന്തമായി ഒഴുകുന്ന മനോഹരമായ ഡാന്യൂബ് നദിയാണ് രണ്ടു നഗരങ്ങളെയും വേര്‍തിരിക്കുന്നതും ബന്ധിപ്പിക്കുന്നതും.

ബുഡാപെസ്റ്റില്‍ ആദ്യം നമ്മുടെ കണ്ണിലുടക്കുക ആ കുന്നിന്‍മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുഡാ കൊട്ടാരമാണ്. നദിയുടെ തീരത്തുനിന്ന് നോക്കിയാല്‍ കുന്നിന്‍ചെരുവില്‍ ഉയരത്തില്‍ ഒരു കോട്ട

നദിയുടെ ഒരു വശത്ത്, കുന്നുകളും പഴയ കോട്ടകളും നിറഞ്ഞ, രാജകീയ ചരിത്രമുറങ്ങുന്ന 'ബുഡ'. മറുപുറത്ത്, എപ്പോഴും ചടുലമായ, ആധുനികത തുടിക്കുന്ന 'പെസ്റ്റ്'. ശരിക്കും ഒരു നഗരത്തിന്റെ രണ്ട് വേറിട്ട മുഖങ്ങള്‍. അതവിടെ തിരിച്ചറിയാനാകും.

ബുഡാപെസ്റ്റില്‍ ആദ്യം നമ്മുടെ കണ്ണിലുടക്കുക ആ കുന്നിന്‍മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുഡാ കൊട്ടാരമാണ്. നദിയുടെ തീരത്തുനിന്ന് നോക്കിയാല്‍ കുന്നിന്‍ചെരുവില്‍ ഉയരത്തില്‍ ഒരു കോട്ട. ടിപ്പുസുല്‍ത്താന്റെ കോട്ട എന്നൊക്കെ നമ്മള്‍ പറയുന്ന പോലെ.

ഈ കൊട്ടാരത്തിന്റെ മുകളിലേക്ക് യാത്രികരെ കൊണ്ടുപോകാന്‍ മലഞ്ചെരുവിലൂടെ സര്‍വീസ് നടത്തുന്ന ചരിത്രപ്രസിദ്ധമായ 'ഫ്യുണിക്കുലര്‍' ട്രെയിന്‍ സംവിധാനമുണ്ട്. ഞങ്ങള്‍ അതില്‍ കയറിയില്ലെങ്കിലും, കുന്നിന്‍മുകളിലേക്ക് പോകാന്‍ അങ്ങനെയൊരു ട്രെയിന്‍ സര്‍വീസ് അവിടെയുണ്ടെന്നത് പുതിയൊരു അറിവായിരുന്നു. ഞങ്ങള്‍ നടന്നാണ് പോയത്.

The Shoes on the Danube Bank
ഡാന്യൂബ് നദീതീരത്തെ ചെരുപ്പുകള്‍

കൊട്ടാരത്തിന്റെ മുകളില്‍ നമ്മളെ വരവേല്‍ക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാജകീയ പ്രൗഢിയാണ്. വിശാലമായ കൊട്ടാരമുറ്റവും, ഗോഥിക് ശൈലിയിലുള്ള തൂണുകളും, മനോഹരമായ ശില്പങ്ങളും നമ്മെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെയുള്ള ഫിഷര്‍മാന്‍സ് ബാസ്റ്റ്യന്‍ എന്ന കോട്ടമതിലില്‍ ചെന്ന് നിന്നാല്‍ താഴെ ഡാന്യൂബ് നദിയും, അതിനു കുറുകെയുള്ള മനോഹരമായ ചെയിന്‍ ബ്രിഡ്ജും മരുതീരത്ത് ഗാംഭീര്യത്തോടെ നില്‍ക്കുന്ന പാര്‍ലമെന്റ് മന്ദിരവും ഉള്‍പ്പെടുന്ന ബുഡാപെസ്റ്റ് നഗരത്തിന്റെ മുഴുവന്‍ ഭംഗിയും ഒരൊറ്റ ഫ്രെയിമില്‍ കാണാം.

ക്രൂരതയുടെ ജീവിക്കുന്ന സ്മാരകം

കൊട്ടാരക്കാഴ്ചകളില്‍ നിന്ന് ഇറങ്ങി, പ്രശസ്തമായ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള ഡാന്യൂബ് നദീതീരത്തുകൂടി നടക്കുമ്പോഴാണ് ആ കാഴ്ച ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. നദിക്കരയിലെ കരിങ്കല്‍ പാതയില്‍, നദിയിലേക്ക് മുഖം തിരിച്ച് വരിവരിയായി കിടക്കുന്ന കുറേ ചെരുപ്പുകള്‍. ഒറ്റനോട്ടത്തില്‍ അത് അപ്പോള്‍ ഊരിവെച്ച് നദിയിലേക്ക് ഇറങ്ങിയ ആളുകളുടേതെന്ന് തോന്നും.

ഒറ്റനോട്ടത്തില്‍ ഒരു കൗതുകം തോന്നുമെങ്കിലും, അതിനു പിന്നിലെ ക്രൂരമായ ചരിത്രമറിഞ്ഞാല്‍ ആരുടെയും കണ്ണു നനയും

സ്ത്രീകളുടെ ഹൈഹീല്‍സ് ചെരുപ്പുകള്‍, പുരുഷന്മാരുടെ ബൂട്ട്‌സുകള്‍, തേഞ്ഞുതീര്‍ന്ന സാധാരണക്കാരുടെ ചെരുപ്പുകള്‍... എല്ലാറ്റിലുമുപരി നെഞ്ച് തകര്‍ക്കുന്ന കാഴ്ചയായി ചില കുഞ്ഞുങ്ങളുടെ കുഞ്ഞിച്ചെരുപ്പുകള്‍... അങ്ങനെ അറുപതോളം ജോഡി ചെരുപ്പുകള്‍ അവിടെ ഇരുമ്പില്‍ തീര്‍ത്തു വെച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഒരു കൗതുകം തോന്നുമെങ്കിലും, അതിനു പിന്നിലെ ക്രൂരമായ ചരിത്രമറിഞ്ഞാല്‍ ആരുടെയും കണ്ണു നനയും.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ (1944-1945), ഹംഗറിയിലെ 'ആരോ ക്രോസ്' എന്ന ഫാസിസ്റ്റ് മിലിറ്ററി ഗ്രൂപ്പ് ചെയ്ത ക്രൂരതയുടെ ജീവിക്കുന്ന സ്മാരകമാണിത്. ആ കൊടുംക്രൂരന്മാര്‍ നിരപരാധികളായ അയ്യായിരത്തോളം ജൂതന്മാരെയാണ് ഈ നദീതീരത്ത് വരിവരിയായി നിര്‍ത്തി വെടിവെച്ചു കൊന്നത്.

hungarian parliament
ഹംഗേറിയൻ പാർലമെന്റ് മന്ദിരംspecial arrangement

അക്കാലത്ത് ചെരുപ്പുകള്‍ക്ക് വലിയ വിലയുണ്ടായിരുന്നതുകൊണ്ട്, കൊല്ലുന്നതിന് തൊട്ടുമുമ്പ് അവരുടെ വിലപിടിപ്പുള്ള ചെരുപ്പുകളെല്ലാം അവിടെ അഴിച്ചുവെക്കാന്‍ അക്രമികള്‍ ഉത്തരവിട്ടു. കൊടും തണുപ്പുള്ള ഡിസംബര്‍-ജനുവരി മാസങ്ങളിലെ ആ രാത്രികളില്‍, ആ തണുത്തുറഞ്ഞ മഞ്ഞില്‍ നഗ്‌നപാദരായി ആ മനുഷ്യര്‍ അവിടെ മരണം മുന്നില്‍കണ്ട് വിറച്ചുനിന്നു. തങ്ങളുടെ ജീവന്റെ അവസാന നിമിഷങ്ങളില്‍ അവര്‍ അനുഭവിച്ച ആ മരവിപ്പും ഭീതിയും ഓര്‍ക്കാന്‍ പോലും വയ്യ.

തുടര്‍ന്ന്, ക്രൂരന്മാര്‍ അവരെ പരസ്പരം കയറുകൊണ്ട് കൂട്ടിക്കെട്ടി. വെടിയുണ്ടകള്‍ ലാഭിക്കാന്‍ വേണ്ടി അവര്‍ ഒരു ബുദ്ധി പ്രയോഗിച്ചു; ആ കൂട്ടത്തില്‍ ഒന്നുരണ്ടു പേരുടെ തലയ്ക്ക് മാത്രം വെടിയുതിര്‍ത്തു. വെടിയേറ്റ് ആ മനുഷ്യര്‍ പുഴയിലേക്ക് മറിഞ്ഞുവീഴുമ്പോള്‍, ഭാരവും ആ കയറിന്റെ കെട്ടും കാരണം അവരോടൊപ്പം കെട്ടിയിട്ടിരുന്ന, ജീവനുള്ള ബാക്കി മനുഷ്യരും ആ തണുത്തുറഞ്ഞ ഡാന്യൂബ് നദിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു!

ദിവസേനയുള്ള ഈ കൂട്ടക്കൊലകള്‍ കാരണം പുഴയിലെ വെള്ളം മുഴുവന്‍ അന്ന് ചോരയാല്‍ ചുവന്നു എന്ന് ചരിത്രം പറയുന്നു

മൃതദേഹങ്ങള്‍ അടക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും, തണുത്തുറഞ്ഞ പുഴയിലെ ശക്തമായ ഒഴുക്കില്‍ പെട്ട് മൃതദേഹങ്ങള്‍ പെട്ടെന്ന് ഒലിച്ചുപൊയ്‌ക്കൊള്ളും എന്ന ക്രൂരമായ ചിന്തയാലുമാണ് അവര്‍ ഡാന്യൂബ് നദിയെ ഒരു കൂട്ടക്കുരുതി നിലമാക്കിയത്. ദിവസേനയുള്ള ഈ കൂട്ടക്കൊലകള്‍ കാരണം പുഴയിലെ വെള്ളം മുഴുവന്‍ അന്ന് ചോരയാല്‍ ചുവന്നു എന്ന് ചരിത്രം പറയുന്നു.

എന്നാല്‍ ഈ മരണക്കയത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ചിലരുണ്ടായിരുന്നു! പടയാളികള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടുമ്പോള്‍ വളരെ തന്ത്രപൂര്‍വ്വം കെട്ടുകള്‍ അയച്ചുപിടിച്ച ചിലര്‍, വെടിയേറ്റ് മറ്റുള്ളവര്‍ പുഴയിലേക്ക് വീഴുന്ന അതേ നിമിഷം തന്നെ ഒപ്പം പുഴയിലേക്ക് ചാടുകയും, വെള്ളത്തിന്നടിയിലൂടെ നീന്തി ദൂരേക്ക് മാറുകയും ചെയ്തു. ഇരുട്ടിലും കൊടുംതണുപ്പിലും ആ പടയാളികളുടെ കണ്ണുവെട്ടിച്ച്, നദിയുടെ മറുതീരത്തേക്ക് നീന്തിക്കയറി ജീവന്‍ തിരിച്ചുപിടിച്ച ആ ചുരുക്കം ചില മനുഷ്യരിലൂടെയാണ് ലോകം ഈ ക്രൂരതയുടെ ഭീകരത അറിഞ്ഞത്.

Budapest travelague
ബുഡപെസ്റ്റ് ലിബർട്ടി സ്ക്വയറിലെ, അമേരിക്കയുടെ മുന്‍ പ്രസിഡൻ്റ് റൊണാൾഡ് റീഗന്റെ വെങ്കല ശില്പത്തിന് സമീപം ലേഖികയും സുഹൃത്തുംSpecial arrangement

അന്ന് ആ മനുഷ്യര്‍ തങ്ങളുടെ അവസാന ശ്വാസത്തില്‍ ഈ ഭൂമിയില്‍ ഉപേക്ഷിച്ചുപോയ ചെരുപ്പുകളുടെ ഓര്‍മ്മയ്ക്കായി, 2005-ല്‍ ഡാന്യൂബ് തീരത്ത് നിര്‍മ്മിച്ച സ്മാരകമാണിത്. ആ ഇരുമ്പ് ചെരുപ്പുകള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കൊണ്ടുപോയി വെച്ചിരിക്കുന്ന മെഴുകുതിരികളും പൂക്കളും കാണുമ്പോള്‍ നമ്മുടെ ഉള്ളൊന്നു കനക്കും. എത്രയോ മനുഷ്യരുടെ സ്വപ്നങ്ങള്‍, ജീവിതങ്ങള്‍ കഥ പറയുന്ന തീരമാണിത്.

പകല്‍ മുഴുവന്‍ ചരിത്രവും കാഴ്ചകളും സമ്മാനിച്ച ബുഡാപെസ്റ്റില്‍ ഇരുട്ടു വീഴുന്നതോടെ നഗരം മറ്റൊരു ഭാവം കൈവരിക്കും. നഗരത്തിലെമ്പാടും സ്വര്‍ണ്ണനിറത്തിലുള്ളലൈറ്റുകള്‍ തെളിയുന്നതോടെ അന്തരീക്ഷമാകെ മാന്ത്രികഭാവത്തിലേക്ക് മാറും.

തീരത്തുനിന്ന് നോക്കുമ്പോള്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ബുഡാ കൊട്ടാരവും പാര്‍ലമെന്റ് മന്ദിരവും ഡാന്യൂബ് നദിയിലെ വെള്ളത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച അത്ര മനോഹരമാണ്. ബുഡാപെസ്റ്റ് കാണാന്‍ പോയ ഞങ്ങള്‍ക്ക്, മനോഹര കാഴ്ചകള്‍ക്കൊപ്പം ചരിത്രത്തിന്റെ വേദനാകരമായ ഒരേടും ആ ചെരിപ്പുകള്‍ പകര്‍ന്നുതന്നു.

The Shoes on the Danube Bank
ഹാലെബിഡുവിലെ കൃഷിക്കാഴ്ചകള്‍
The Shoes on the Danube Bank
പാതാള ഗംഗ - ചാള്‍സ് എഴുതിയ കഥ
Summary

Budapest travelogue written by Aswathy Plackel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com