ഹാലെബിഡുവിലെ കൃഷിക്കാഴ്ചകള്‍

travelogue
ഹാലെബിഡുവിലെ കമുകിന്‍ തോട്ടം
Updated on: 
3 min read

ഭാരതത്തിന്റെ തെക്കുഭാഗം ദീര്‍ഘകാലം ഭരണം നടത്തിയ ഹിന്ദു സാമ്രാജ്യങ്ങളുടെ തുടക്കമെന്ന് പറയാവുന്നതാണ് ഹൊയ്‌സാല രാജവംശം. ഇപ്പോഴത്തെ കര്‍ണാടകത്തിന്റെ ഭൂരിഭാഗവും തമിഴ്‌നാടിന്റെ വടക്ക് പടിഞ്ഞാന് ഭാഗവും, ആന്ധ്ര, തെലങ്കാന എന്നിവയുടെ പ്രദേശങ്ങളും ചെര്‍ന്ന് പതിനൊന്ന്-പതിനാല് നൂറ്റാണ്ടുകളില്‍ ഭരണം നടത്തിയ രാജവംശമാണ് ഹൊയ്‌സാലര്‍. തുടക്കത്തില്‍ ബേലൂരും പിന്നീട് ഹാലെബിഡുവുമായിരുന്നു തലസ്ഥാനം.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് ഈ രണ്ട് ചരിത്ര നഗരങ്ങളും. ഹാസനില്‍ നിന്ന് 38 കിലോമീറ്റര്‍ ബേലൂരിലേക്കും അവിടെ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ഹാലെബിഡുവിലേക്കും ദൂരമുണ്ട്. ഹാസന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചിക്കമംഗളൂരു, അര്‍സികെരെ എന്നിവിടങ്ങളിലേക്കുള്ള ബസ്സുകള്‍ ബേലൂര്‍ വഴിയാണ് പോകുന്നത്.

Halebidu
ചെന്നകേശവ ക്ഷേത്രം

ബേലൂരിലെ പ്രധാന ആകര്‍ഷണം ചെന്നകേശവ ക്ഷേത്രവും ഹാലെബിഡുവിലേത് ഹൊയ്‌സാലേശ്വര ക്ഷേത്രവുമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ആചാരപരമായി പ്രാതിനിധ്യമുള്ളതാണ് ചെന്നകേശവ ക്ഷേത്രത്തിലെ ഉത്സവമായ ബേലൂര്‍ ഫെസ്റ്റിവല്‍. മഹാവിഷ്ണു ആരാധനാമൂര്‍ത്തിയായ ഈ ക്ഷേത്രം വളരെ മനോഹരമായ രീതിയില്‍ താമരയുടെ രൂപത്തില് കൊത്തുപണികള്‍ കൊണ്ട് സമ്പന്നമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Halebidu
ഹൊയ്‌സാലേശ്വര ക്ഷേത്രം

ഹാലെബിഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം ശിവന്‍ ആരാധനാമൂര്‍ത്തിയായിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പൂജകള്‍ ഒന്നുമില്ലാതെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തില്‍ ചരിത്ര സ്മാരകമായി നിലകൊള്ളുന്നതാണ്. ഹൊയ്‌സാലരുടെ ശില്പചാരുതയും കരവിരുതും ഇവിടെയും ദൃശ്യമാണ്.

travelogue
ഹോജായുടെ ഏഴാം കാലാന്തരം

ഹൊയ്‌സാലേശ്വര ക്ഷേത്രത്തില്‍ നിന്നും നടന്നുപോകാവുന്ന സ്ഥലത്താണ് ജൈന ക്ഷേത്രങ്ങളായ ആദിനാഥബസതി, പാര്‍ശ്വനാഥബസതി, ശാന്തിനാഥ ബസതി എന്നിവ. ഒന്നാമത്തെയും പതിനാറാമത്തെയും ഇരുപത്തിമൂന്നാമത്തെയും ജൈന തീര്‍ത്ഥങ്കരന്മാരാണ് ഇവര്. ഈ ക്ഷേത്രങ്ങളില്‍ നിന്നും മറ്റൊരു ശിവക്ഷേത്രമായ കേദാരേശ്വര ക്ഷേത്രത്തിലേക്ക് നടന്നുപോകുന്നിടത്ത് ഹാലെബിഡുവിന്റെ മനോഹരമായ കൃഷിക്കാഴ്ചകള്‍ കാണാവുന്നതാണ്.

Halebidu
ഹാലെബിഡുവിലെ ചോളപ്പാടം

ചെറിയ ചെറിയ കര്‍ഷക വീടുകളും അതിനു മുന്നില്‍ കിടക്കുന്ന കാളവണ്ടിയും ട്രാക്ടറുകളും ഇവിടുത്തെ തനി പച്ചയായ ഗ്രാമീണ ജീവിത നിലവാരത്തിന്റെ നേര്‍ കാഴ്ചകളാണ്. കുറച്ചു ചെല്ലുമ്പോള്‍ വലിയൊരു ചോളം കൃഷി ചെയ്യുന്ന പാടമാണുള്ളത്. അതിനടുത്തു തന്നെ കരിമ്പ് കൃഷിയുമുണ്ട്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഈ കൃഷിസ്ഥലത്തിന്റെ വരമ്പത്തുകൂടി നടക്കുമ്പോള്‍ കാട്ടിനകത്ത് അകപ്പെട്ടപോലെ തോന്നും.

Halebidu
മൂന്നുംകൂടിയൊരു കവലയാണ് ഹാലെബിഡു. അതിന്റെ ഒരുവശത്ത് അത്യാവശ്യം വലിയൊരു പച്ചക്കറി മാര്‍ക്കറ്റുണ്ട്

ഒരുവശത്ത് കമുകിന്റെ ഒരു തോട്ടവും അതിനടുത്തായി പയര്‍ കൃഷിയും കണ്ടു. കമുക് തോട്ടത്തിന് നടുവില്‍ അടയ്ക്ക കുലയോടെ പറിച്ചത് കൂട്ടിയിട്ടിരിക്കുന്നു. ഒരാള്‍ തൊട്ടടുത്തുള്ള തോട്ടത്തില് നിന്നും നീളന്‍ പയര്‍ പറിച്ചത് ഒരു ടാര്‍പായില്‍ നിരത്തിയിട്ടിരിക്കുന്നത് കെട്ടുകളായി ചാക്കില്‍ കയറ്റി ബൈക്കിന്റെ പിന്നില്‍ വച്ചുകെട്ടി ചന്തയിലേക്കോ മറ്റോ കൊണ്ടുപോകുന്നു.

റോഡിന് നേരേ എതിര്‍ വശത്ത് ദീര്‍ഘമായൊരു തക്കാളി കൃഷിത്തോട്ടമാണുള്ളത്. തക്കാളിച്ചെടികള്‍ വിളവെടുപ്പ് കഴിഞ്ഞ് പ്രായമായി പറിച്ചുകളയാന്‍ പാകത്തിന് ഉണങ്ങി നില്ക്കുകയാണ്. ചെടികളില്‍ അവിടവിടെ ഒന്നോ രണ്ടോ ചെറിയ തക്കാളികള്‍ മാത്രമുള്ളത് ഒരു സ്ത്രീ പറിച്ചെടുക്കുന്നുണ്ട്. ഇതിന് ഇടവിളയായി കമുക് വളര്‍ന്നു വരുന്നുണ്ട്.

Halebidu

മൂന്നുംകൂടിയൊരു കവലയാണ് ഹാലെബിഡു. അതിന്റെ ഒരുവശത്ത് അത്യാവശ്യം വലിയൊരു പച്ചക്കറി മാര്‍ക്കറ്റുണ്ട്. കടമുറികളുള്ള മാര്‍ക്കറ്റല്ല. നിലത്ത് പായ വിരിച്ച് വില്ക്കുന്നതും ടെന്റ് കെട്ടി അതിനുള്ളില്‍ കച്ചവടം നടത്തുന്നതുമായ ഒരു നാടന്‍ ചന്തയാണിത്. വലിയൊരു ചുവന്ന ടെന്റിനകത്ത് തക്കാളി, വെളുത്തുള്ളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ നിരത്തിയിട്ടിരിക്കുന്നു. ടെന്റിന്റെ നിറവും കൂടിയാകുമ്പോള്‍ തക്കാളിക്കും സവാളയ്ക്കും കടും ചുവപ്പ് നിറം അനുഭവപ്പെട്ടു.

തുണികൊണ്ട് നിര്‍മ്മിച്ച ക്യാരി ബാഗുകള്‍, കുട്ട, മുറം, പുല്‍ച്ചൂല്‍, പലതരത്തിലും നിറത്തിലുമുള്ള ചന്ദനത്തിരികള്‍ കെട്ടുകളായി വില്ക്കുന്നത് ഒക്കെ കാണാനുണ്ടിവിടെ. മറ്റൊന്ന് ആടുമാടുകളെ കെട്ടാനുള്ള കയറിന്റെ വില്പനയാണ്. പല വലിപ്പത്തിലും നിറത്തിലുമുള്ള കയറുകള്‍ ഇവിടെ ലഭ്യമാണ്. ഉച്ചസമയത്തും ജമന്തിപ്പൂക്കള്‍ മാലകളായി കെട്ടി നിലത്ത് വട്ടത്തില് ചുറ്റിവച്ച് വില്പനയും നടക്കുന്നു.

ഉച്ചഭക്ഷണത്തിനായി ഹോട്ടല്‍ തിരഞ്ഞെങ്കിലും നല്ലതൊന്നും കാണാന്‍ കഴിയാതെ ചുറ്റിത്തിരിയുമ്പോഴാണ് റോഡിന്റെ ഒരു ഭാഗത്ത് കുറേ ആള്‍ക്കാര്‍ പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വാങ്ങി അവിടെയിരുന്ന് കഴിക്കുന്നത് കണ്ടത്. ബസ് ജീവനക്കാരും നില്‍ക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ടെത്തി. നമ്മുടെ നാട്ടിലെ സപ്താഹം പോലെ അവിടെയൊരു ചെറിയ ക്ഷേത്രത്തിലെ എന്തോ വിശേഷത്തിന്റെ അന്നദാനമാണ്. പുലാവ് പോലെ കുറച്ച് ചോറും കുക്കുംബറും തുവരയും തൈരും ചേര്‍ത്ത സലാഡ് കറിയും മധുരമുള്ള അരി പായസവുമായിരുന്നു വിളമ്പിയത്. ഇനിയൊരിക്കല്‍ക്കൂടി ഇവിടേക്ക് വരാന്‍ വിദൂരസാധ്യത പോലും ഇല്ലാത്തതിനാല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനില്‍ നിന്നും ഒരു കൂട് ചന്ദനത്തിരിയും ക്ഷേത്രത്തിലെ അന്നദാനത്തിലും പങ്കെടുത്ത് മൂന്നുമണിയോടെ ഹൊയ്‌സാലരുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തോട് വിടപറഞ്ഞു.

travelogue
അരങ്ങ് - സതീഷ് മാമ്പ്ര എഴുതിയ കഥ
travelogue
കണക്കുപുസ്തകം - അഖില്‍ പുതുശ്ശേരി എഴുതിയ കവിത
Summary

Halebidu is a revenue subdivision located in Hassan District, Karnataka, India. Historically known as Dwārasamudra, Halebidu became the regal capital of the Hoysala Empire in the 11th century CE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com