ദില്ലി കാ കലാകാര്‍ ആദ്മി അഥവാ സമാന്തര നാടക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരേട്

book review
ദില്ലി കാ കാലാകാര്‍ ആദ്മി പുസ്തക പരിചയം book review
Updated on
6 min read

റാഷ് എന്ന് അറിയപ്പെടുന്ന കവിയും വിവര്‍ത്തകനുമായ എന്‍ രവിശങ്കറിന്റെ ദില്ലി അനുഭവക്കുറിപ്പുകളാണ് പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കിയ ദില്ലി കാ കലാകാര്‍ ആദ്മി. പുസ്തകത്തിന്റെ ആദ്യ വായനയില്‍ തന്നെ ദില്ലി അനുഭവക്കുറിപ്പുകള്‍ എന്നതിന് അപ്പുറം ഇന്ത്യയിലെ സമാന്തര നാടക പ്രസ്ഥാനത്തിന്റെ ഒരു കാലഘട്ടം രേഖപ്പെടുത്തുന്നു എന്ന നിലയിലും ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. കലാകാര്‍ ആദ്മി എന്നാല്‍ പ്രാദേശിക ഭാഷാ വഴക്കത്തില്‍ വട്ടന്‍ എന്നാണ് അര്‍ത്ഥമെന്ന് കലാനിരൂപകന്‍ ജോണി എം.എല്‍ ഈ പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കുറച്ച് കൂടി മേന്മയുള്ള വട്ടന്‍ എന്നോ മാറിച്ചിന്തിക്കുന്നവന്‍ എന്നോ ആകാമെന്നാണ് റാഷ് പറയുന്നത്. അല്ലാതെ താനൊരു കലാകാരനാണെന്ന നാട്യമൊന്നും പുസ്തകത്തിന്റെ തലക്കെട്ട് കൊണ്ട് അര്‍ത്ഥമില്ലെന്നും അദ്ദേഹം ജാമ്യമെടുത്തിട്ടുണ്ട്. എന്തായാലും ദില്ലി കേന്ദ്രീകരിച്ച് ഒരുകാലത്ത് മാറി ചിന്തിച്ച ഒട്ടനവധി വ്യക്തികളെ ഈ പുസ്തകത്തിന്റെ ഓരോ പേജിലും കണ്ടുമുട്ടാന്‍ സാധിച്ചു.

പി നാരായണ കുറുപ്പ് വഴി സാഹിതീസംഘത്തില്‍ അംഗമായതോടെയാണ് രവിശങ്കര്‍ ദില്ലിയിലെ കലാസാംസ്‌കാരിക സദസ്സില്‍ എത്തിച്ചേരുന്നത്. പണിക്കേഴ്സ് ടവറിന് മുന്നില്‍ വച്ച് സാക്ഷാല്‍ ഇടമറുകിനെ കാണുന്നതും അദ്ദേഹത്തിന്റെ കുടുംബവുമായി പരിചയപ്പെടുന്നതും രവിശങ്കര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 'പണിക്കര്‍ പദ്ധതിയിട്ട ഒരു വാരികയുടെ എഡിറ്റര്‍ ആയി എത്തിയതായിരുന്നു ഇടമറുക്. ഇടമറുകിന്റെ മേശപ്പുറത്ത് എപ്പോഴും കുറെ ഹിന്ദി മാസികകളും പത്രങ്ങളും കാണാം. അതില്‍ വരുന്ന പലതും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താണ് കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നോടും ഉപദേശിച്ചതാണ് അങ്ങനെ വല്ലതും ചെയ്ത് സമ്പാദിക്കാന്‍. എനിക്ക് അതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.'

ഗീത ഇടമറുക് അന്ന് വളര്‍ന്നുവരുന്ന കഥാകൃത്താണ്. കേരള ക്ലബ്ബില്‍ ആഴ്ചയില്‍ സംഘടിപ്പിക്കുന്ന സാഹിതീസംഘത്തില്‍ അവര്‍ പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നു. സാഹിതീസംഘത്തില്‍ ഓരോ വെള്ളിയാഴ്ചയും ഓരോ എഴുത്തുകാരുടെയും കഥകളും കവിതകളും വായിച്ച് വിലിയിരുത്തുമായിരുന്നു. നോര്‍ത്ത് അവന്യൂവിലെ ക്ലബ്ബില്‍ മാസത്തില്‍ രണ്ട് തവണ നടന്നിരുന്ന കഥകളികളെക്കുറിച്ചും രവിശങ്കര്‍ വിവരിക്കുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം കോട്ടയത്ത് കഥകളി കണ്ടതിന് ശേഷം ഏറ്റവും കൂടുതല്‍ കഥകളി കണ്ടത് ദില്ലിയിലാണെന്നും രവിശങ്കര്‍ പുസ്തകത്തിലൂടെ ഓര്‍ക്കുന്നു.

book review
നായയുടെ മടങ്ങിവരവ് - ശ്രീജിത് ശ്രീകുമാര്‍ എഴുതിയ കവിത

1982ല്‍ പ്രസിദ്ധീകരണ വിഭാഗത്തിലേക്ക് മലയാളം എഡിറ്ററായി ഡെപ്യൂട്ടേഷനില്‍ പോയ കുറുപ്പ് സാര്‍ ഏഷ്യന്‍ ഗെയിംസ് സംബന്ധിച്ച് ഹിന്ദിയിലുള്ള ഒരു സ്പോര്‍ട്സ് പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി മലയാളത്തിലാക്കാന്‍ ഏല്‍പ്പിച്ചു. കവി എന്നത് പോലെ വിവര്‍ത്തകന്‍ എന്ന നിലയിലും ഇന്ന് അറിയപ്പെടുന്ന റാഷിന്റെ ആദ്യ വിവര്‍ത്തന പുസ്തകം അങ്ങനെ പുറത്തിറങ്ങി. 'സ്പോര്‍ട്സ് രംഗത്ത് ഇന്ത്യ'. അലിഗഞ്ചിലേക്ക് താമസം മാറിയതിന് ശേഷമാണ് രവിശങ്കര്‍ ദില്ലിയിലെ നാടകരംഗത്ത് എത്തിച്ചേര്‍ന്നത്.

ഒരുദിവസം കേരളഹൗസില്‍ ഏതോ നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞു. മധു മാസ്റ്ററിന്റെ പടയണിയായിരുന്നു നാടകം. അവിടുത്തെ ജീവനക്കാരനായിരുന്ന സദാനന്ദന്‍ ആയിരുന്നു സംവിധായകന്‍. മാര്‍ക്സിസം അരച്ച് കലക്കിക്കുടിച്ചയാളാണ് ജനകീയ സാംസ്‌കാരിക വേദിയുടെ അംഗം കൂടിയായ സദാനന്ദന്‍. അലിഗറി ഭരണകൂടത്തിന്റെ പ്രതീകമായി രാജാവും അടിമയും എല്ലാം ഉണ്ട്. വിപ്ലവകാരിയുടെ പേര് അഗ്‌നിശര്‍മ്മന്‍. കര്‍ഷകനായ അന്നപാലന്റെ വേഷം എഴുത്തുകാരന്. എല്ലാവരും ചേര്‍ന്ന് ഒടുവില്‍ രാജാവിനെ തുരത്തുന്നു. നാടകം മ്ലാവങ്കല്‍ ഹാളിലും പിന്നീട് ഡല്‍ഹി ഐ.ഐ.ടി ഹാളിലും കളിച്ചു. ഹിന്ദി നാടകസംഘത്തിലേക്കുള്ള രവിശങ്കറിന്റെ യാത്ര അവിടെ തുടങ്ങുന്നു.

പടയണിക്ക് ശേഷം കേരള ക്ലബ്ബില്‍ നടന്ന മറ്റൊരു നാടക റിഹേഴ്സലിലും രവിശങ്കര്‍ ഭാഗമായി. നാട്ടിലെ നാടകങ്ങളുടെ രീതിയല്ല അവിടെ എന്നതിനാല്‍ അദ്ദേഹം അവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. ബ്രഹ്ത്തിന്റെ 'അമ്മ'യായിരുന്നു നാടകം. മലയാളം അറിയാത്ത എന്നാല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അനുരാധ കപൂറും കുറച്ച് മാത്രമറിയാവുന്ന നെഹ്രു കോളജിലെ ഇംഗ്ലീഷ് ലക്ചറര്‍ മായാ റാവും ആയിരുന്നു സംവിധായകര്‍. അമ്മയായി മായാ റാവുവിന്റെ ഭാനുമതി റാവു വേഷമിട്ടു. കേതന്‍ മേഹ്തയുടെ 'മിര്‍ച്ചി മസാല'യില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് ഭാനുമതി. പറയുന്നത് വിവര്‍ത്തനം ചെയ്യുന്നതും പാട്ടുകള്‍ എഴുതുന്നതും അവയ്ക്ക് ഈണം നല്‍കുന്നതും പാടുന്നതും അഭിനയിക്കുന്നതും അങ്ങനെ നാടകത്തിലെ എല്ലാ വകുപ്പുകളിലും രവിശങ്കര്‍ ഇതില്‍ പ്രവര്‍ത്തിച്ചു. ധീരനായ തൊഴിലാളി വെടിയേറ്റ് മരിച്ചതിന് ശേഷം അമ്മ ഒറ്റയ്ക്ക് വിഷാദനായി ഇരിക്കുന്ന രംഗത്ത് വടക്കന്‍ പാട്ടിന്റെ ഈണത്തില്‍ നല്‍കിയ പാട്ടിന് നല്ല സ്വീകാര്യത ലഭിച്ചു.

അരീന തിയറ്ററിന്റെ രീതിയില്‍ ഒരുക്കിയ നാടകം ശ്രീരാം സെന്ററിന്റെ ബേസ്മെന്റിലാണ് ഒരുക്കിയത്. പ്രധാന വേദിയുടെ ചുറ്റിലുമായി കാണികളെ ഇരുത്തുന്ന രീതിയാണ് അരീന തിയറ്റര്‍. ശ്രീരാം തിയറ്ററില്‍ കാണികളെ ഇരുത്തുന്നത് നിലത്ത് ഇട്ടിരിക്കുന്ന കുഷ്യനുകളിലായിരുന്നതിനാല്‍ അക്കാലത്ത് ഈ നാടകം അവതരിപ്പിക്കാന്‍ പറ്റിയ ദില്ലിയിലെ ഏക ഇടമായിരുന്നു ഇത്. നാടകം ഹിറ്റായതോടെ രവിശങ്കറിന് മലയാളികളല്ലാത്ത ഒരു സുഹൃദ് വലയം ഉണ്ടാകുകയും അനുരാധയും മായയും ചേര്‍ന്ന് നടത്തിയിരുന്ന ഹിന്ദി തെരുവ് നാടക സംഘത്തിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. ഗോഗോളിന്റെ 'ഗവണ്‍മെന്റ് ഇന്‍സ്പെക്ടറെ' അടിസ്ഥാനപ്പെടുത്തി യു.പിയിലെ നൗടങ്കി ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത 'ആലാ അഫ്സര്‍' എന്ന നാടകത്തില്‍ ഹിന്ദി മാധ്യമരംഗത്തെ പ്രധാനിയായിരുന്ന വിനോദ് ദുവയ്ക്ക് പകരം രവിയാണ് പാട്ടുപാടിയത്. നമ്മുടെ പൊറാട്ട് നാടകങ്ങളെയാണ് നൗടങ്കി ശൈലി ഓര്‍മ്മിപ്പിക്കുന്നത്.

ആലാ അഫ്സറിന് മുമ്പ് ഈ സംഘം സതിയെ അടിസ്ഥാനമാക്കി ഒരു നാടകം മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് അവരെ സംബന്ധിച്ചും ഒരു പുതിയ അനുഭവമായിരുന്നു. സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനനാട്യ മഞ്ച്, സി.പി.ഐ.എംഎല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിഷാന്ത് നാട്യ മഞ്ച് എന്നിവ മാത്രമായിരുന്നു അന്ന് ദില്ലിയിലുണ്ടായിരുന്ന തെരുവുനാടക സംഘങ്ങള്‍. ഇടതു അനുഭാവം ഉണ്ടെങ്കിലും ഏറെക്കുറെ അരാഷ്ട്രീയമായിരുന്നു ഇവരുടെ തിയറ്റര്‍ യൂണിയന്‍ എന്ന സംഘം. രാഷ്ട്രീയത്തിലുപരി നാടക സങ്കേതങ്ങളിലാണ് ഇവര്‍ ശ്രദ്ധ പതിപ്പിച്ചത്.

നഗരത്തില്‍ പാര്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള നാടകങ്ങള്‍ ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്. അല്ലാതെ, ഇന്ത്യയിലെ നാനാവിധ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദി ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഉറച്ച് പോയ ഒരു തെരുവ് നാടകശൈലി അവര്‍ക്കില്ലായിരുന്നു. പൊലിമ കൂട്ടി കാണികളെ പിടിച്ചിരുത്തുക എന്ന തന്ത്രമായിരുന്നു അവരുടേത്. ധാരാളം വര്‍ണ്ണ വസ്ത്രങ്ങളും നൃത്തങ്ങളും ഗാനങ്ങളും നാടകത്തിന്റെ ഭാഗമായിരുന്നു. യൂണിഫോം ഇടുന്ന നാടകങ്ങള്‍ അല്ലായിരുന്നു അവ. ഡയലോഗുകള്‍ വെറും പേച്ചുകള്‍ മാത്രമായിരുന്നില്ല. മുദ്രാവാക്യങ്ങള്‍ തീര്‍ത്തും ഇല്ലായിരുന്നു, പ്ലക്കാര്‍ഡുകളും.

പടയണിക്കും അമ്മയ്ക്കും ശേഷം ആലാ അഫ്സറിന്റെ റിഹേഴ്സലിലേക്കാണ് സംഘം കടന്നത്. ഇതിനിടയില്‍ ബംഗാളിയായ അലോക് കറിനെ പരിചയപ്പെട്ടതോടെ ബാദല്‍ സര്‍ക്കാരിന്റെ സ്പാര്‍ട്ടക്കസിന്റെ പ്രവര്‍ത്തനങ്ങളിലും രവി ഇടപെട്ടു. 1983 ഫെബ്രുവരിയില്‍ അസമില്‍ മാത്രമായി നടന്ന നടന്ന തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ചുമതലകള്‍ക്ക് ശേഷം ദില്ലിയില്‍ തിരിച്ചെത്തിയ അലോകും രവിയും ജനസംസ്‌കൃതിയുടെ പേരില്‍ സ്പാര്‍ട്ടക്കസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സ്പാര്‍ട്ടക്കസിന്റെ ഒറിജനല്‍ ബംഗാളി വെര്‍ഷനും പി.എം ആന്റണിയുടെ സ്പാര്‍ട്ടക്കസ് സ്‌ക്രിപ്റ്റും ബാദല്‍ സര്‍ക്കാരിന്റെ ഹിന്ദി വിവര്‍ത്തനവും ചേര്‍ത്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി.

കേരള ക്ലബ്ബിലാണ് സ്പാര്‍ട്ടക്കസിന്റെ റിഹേഴ്സല്‍ നടന്നത്. തോമസ് മാത്യുവിന് ഒപ്പമുണ്ടായിരുന്ന പുരുഷോത്തമന്‍, അപ്പുക്കുട്ടന്‍, ശക്തിധരന്‍, വേണു, സാറാമ്മ എന്നിവരും നാടകത്തില്‍ പങ്കാളികളായതോടെ സ്പാര്‍ട്ടക്കസ് ജനസംസ്‌കൃതിയുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി. 1983ല്‍ ശ്രീരാം സെന്ററില്‍ വച്ച് സ്പാര്‍ട്ടക്കസിന്റെ അവതരണം നടന്നു. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ഒരു വശത്ത് കുശിയനുകള്‍ ഇട്ട് ഒരുവശത്ത് കുശിയനുകളും മറുവശത്ത് ദീപസംവിധാനങ്ങളും ഒരുക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. അടിമകള്‍ കൈകള്‍ ഉയര്‍ത്തി ഭിത്തിയില്‍ നിഴല്‍ രൂപങ്ങള്‍ സൃഷ്ടിച്ച് 'തിരിച്ച് വരും ഞങ്ങള്‍, തിരിച്ച് വരും ഞങ്ങള്‍' എന്ന് പ്രഖ്യാപിക്കുന്നതോടെ നാടകം അവസാനിച്ചു. തെരുവ് നാടകത്തിന്റെയും പ്രൊസീനിയം നാടകത്തിന്റെയും അംശങ്ങള്‍ ഇടകലര്‍ത്തി അവതരിപ്പിച്ച സ്പാര്‍ട്ടക്കസ് വന്‍ വിജയമായിരുന്നു. ഡല്‍ഹിയിലെ നാടക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു ഇത്.

സ്പാര്‍ട്ടക്കസിന്റെ വിജയത്തിന് ശേഷം സംഘത്തന്റെ ശ്രദ്ധ ബാദല്‍ സര്‍ക്കാരിന്റെ മിച്ചീല്‍ എന്ന നാടകത്തില്‍ പതിഞ്ഞു. അതിന്റെ ഹിന്ദി വിവര്‍ത്തനമായ ജുലൂസിന്റെയും അലോകിന്റെയും സഹായത്തോടെ രവി അത് ഘോഷയാത്ര എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ബാദല്‍ സര്‍ക്കാരിന്റെ മൂന്നാം തിയറ്റര്‍ വേദി എന്ന സങ്കല്‍പ്പം പൂര്‍ണ്ണമായും പ്രതിനിധീകരിക്കുന്ന നാടകമായിരുന്നു മിച്ചീല്‍. നാടന്‍ കലാരൂപങ്ങളെയും നാഗരികമായ അരങ്ങിനെയും നിരാകരിക്കുന്നതാണ് മൂന്നാം തിയറ്റര്‍ സങ്കല്‍പ്പം. കാണികളും നടന്മാരും സുതാര്യമായ ഒരു നാലാം ഭിത്തിയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു എന്ന സങ്കല്‍പ്പവും ഇതില്‍ ഇല്ല. ഇവിടെ നടന്മാര്‍ പരസ്പരവും കാണികളോടും സംഭാഷണം നടത്തുന്നു. അരങ്ങോ സ്ഥിരമായ ഇരിപ്പിടങ്ങളോ ദീപസംവിധാനങ്ങളും ടിക്കറ്റോ പോലും മൂന്നാം തിയറ്ററില്‍ ഇല്ല. തിരുവല്ലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡയനാമിക് ആക്ഷന്‍ എന്ന മാസികയ്ക്ക് രവി ഘോഷയാത്ര അയച്ചുകൊടുക്കുകയും അത് അച്ചടിച്ച് വരികയും ചെയ്തു. അങ്ങനെ കേരളത്തില്‍ പല ഭാഗത്തും രവി അറിയാതെ തന്നെ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. തെരുവ് നാടക സങ്കല്‍പ്പത്തിന് അത്രമാത്രം യോജിച്ചതായിരുന്നു ഈ നാടകം.

ബാദല്‍ സര്‍ക്കാര്‍ 1974ല്‍ എഴുതി സംവിധാനം ചെയ്ത മിച്ചീല്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത് രവി ഉള്‍പ്പെടുന്ന സംഘമാണ്. ശ്രീരാം സെന്ററില്‍ തന്നെയാണ് ഈ നാടകവും അവതരിപ്പിക്കപ്പെട്ടത്. സ്പാര്‍ട്ടക്കസില്‍ നിന്ന് വിഭിന്നമായി കാണികള്‍ക്കും നാടകത്തിനുമായി പ്രത്യേകം ഇടം തിരിച്ചിടാതെ കാണികള്‍ക്കിടയില്‍ തന്നെയാണ് ഘോഷയാത്ര നടന്നത്. ഘോഷയാത്രകള്‍ കടന്നുപോകുന്നത് നിരത്തുകളിലായതിനാലും നിരത്തിന്റെ ഇരുവശവും കാണികള്‍ ഉണ്ടാകുമെന്നതിനാലുമാണ് അവര്‍ ഈ മാതൃക സ്വീകരിച്ചത്. സിപിഎമ്മിന്റെ ജനസംസ്‌കൃതിയില്‍ നിന്ന് പോലും ഈ നാടകത്തിന് അഭിനന്ദനം ലഭിച്ചു.

ഇതിനിടയിലും തിയറ്റര്‍ യൂണിയന്റെ 'ആലാ അഫ്സര്‍' എന്ന നാടകത്തിന്റെ പ്രവര്‍ത്തനത്തിലായിരുന്നു രവി. തിയറ്റര്‍ യൂണിയന്‍ അതിന് മുമ്പ് അവതരിപ്പിച്ചത് 'ഓം സ്വാഹാ' എന്ന നാടകം സ്ത്രീധന കൊലപാകത്തിന് എതിരായായിരുന്നു. ദില്ലിയുടെ അതിരില്‍ സ്ഥിതി ചെയ്യുന്ന ചിത്പുര്‍ എന്ന ഗ്രാമത്തിലാണ് ആലാ അഫ്സര്‍ അവതരിപ്പിച്ചത്. നൗട്ടങ്കി മാത്രം കണ്ട് ശീലിച്ചിട്ടുള്ള ഗ്രാമീണര്‍ക്ക് നാടകം ഒരു പുതിയ അനുഭവമായിരുന്നു. 'കസ്ബാ ചിത്പുര്‍ നാം കാ, ബസാ ഷെഹര്‍ സെ ദൂര്‍ (ചിത്പുര്‍ എന്ന ഗ്രാമം നഗരത്തില്‍ നിന്ന് അകലെ) എന്ന ഗാനം കൂടിയായതോടെ ആലാ അഫ്സര്‍ ചിത്പൂരിന്റെ സംസ്‌കാരത്തോട് യോജിച്ചു. അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മയത്തിലുള്ള വിമര്‍ശനമായിരുന്നു അതിലൂടെ അവതരിപ്പിക്കപ്പെട്ടത്.

ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച 1984 ഒക്ടോബര്‍ 31ന് നാട്യജാത്ര എന്ന സംഘത്തിന്റെ ക്ഷണപ്രകാരം തെരുവ് നാടകമേളയില്‍ പങ്കെടുക്കാനായി ഈ സംഘം ബോംബെയിലായിരുന്നു. നവംബറില്‍ നിശ്ചയിക്കപ്പെട്ട മേള രാജ്യത്ത് അന്ന് നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വം മൂലം പ്രതിസന്ധിയിലായി. ഒടുവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സംഘങ്ങള്‍ താല്‍ക്കാലികമായി താമസിച്ചിരുന്ന രബീന്ദ്ര നാട്യ മന്ദിറില്‍ വച്ച് ഓരോ സംഘങ്ങളുടെയും നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. 'ഓം സ്വാഹ'യും 'ആലാ അഫ്സറും' ആണ് ഇവര്‍ നാടകമത്സരത്തിനായി തയ്യാറാക്കിയത്. അവിടെ വച്ച് ഇവര്‍ വിവിധ തരത്തിലുള്ള നാടകങ്ങള്‍ പരിചയപ്പെട്ടു. അമൃത്സര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഗംഭീരമായ അവതരണവും പാട്ടുകളും മറ്റ് കാഴ്ചക്കാരെപ്പോലെ ഇവരെയും ആകര്‍ശിച്ചു. നിശാന്ത് നാട്യമഞ്ചിന്റെ ഏതാണ്ട് വണ്‍ മാന്‍ ഷോയായ നാടകം. പിന്നീട് ബോളിവുഡിലെ താരമായി മാറിയ മനോജ് വാജ്പേയി ആ സംഘത്തിനൊപ്പമുണ്ടായിരുന്നു.

മുന്‍കൂറായി നടന്ന പ്രദര്‍ശനത്തില്‍ ആലാ അഫ്സര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെ തെരുവ് നാടക മത്സരത്തില്‍ ഓം സ്വാഹ മാത്രം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. കണ്ടുശീലിച്ച തെരുവു നാടക സങ്കേതങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിറമുള്ള വസ്ത്രങ്ങളുള്ള എന്നാല്‍ മുദ്രാവാക്യങ്ങളില്ലാത്ത ആലാ അഫ്സര്‍ വരേണ്യവര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നായിരുന്നു വിമര്‍ശനം. അതേസമയം സ്ത്രീധന മരണങ്ങള്‍ പ്രതിപാദിച്ച ഓം സ്വാഹയ്ക്ക് വന്‍ കയ്യടി ലഭിച്ചു. പിന്നീട് ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും ഓം സ്വാഹ അവതരിപ്പിച്ചു.

1995ല്‍ തിയറ്റര്‍ യൂണിയന്റെ അടുത്ത നാടകം തയ്യാറായി. ദാരിയോ ഫോയുടെ ആക്സിഡന്റല്‍ ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റാണ് ഇത്തവണ തെരഞ്ഞെടുത്തത്. 1971ല്‍ ഇറ്റലിയില്‍ ഒരു പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ നാലാം നിലയില്‍ നിന്ന് ചോദ്യം ചെയ്യലിനിടെ ഒരു തൊഴിലാളി വീണുമരിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നാടകം ഒരുക്കിയത്. ഭ്രാന്താശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തി പൊലീസുകാരെ വിചാരണ ചെയ്യുന്ന രീതിയിലാണ് നാടകം ഒരുക്കിയിരുന്നത്.

ടോബോ ടേക് സിംഗ് ആയിരുന്ന രവി ശങ്കറിന്റെയും നാടകസംഘത്തിന്റെയും അടുത്ത ഇടപെടല്‍. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര രാജ്യമായി മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലെയും പാകിസ്ഥാനിലെയും അധികാരികള്‍ ഇരു രാജ്യങ്ങളിലെയും ഭ്രാന്താശുപത്രികളില്‍ കഴിയുന്നവരെ പരസ്പരം കൈമാറാന്‍ തീരുമാനിച്ചതിനെ അടിസ്ഥാനമാക്കിയാണ് ടോബോ ടേക് സിംഗ് തയ്യറാക്കിയത്. ഇന്ത്യയില്‍ കഴിയുന്ന മുസ്ലിം ഭ്രാന്തന്മാരെ പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍ കഴിയുന്ന ഹിന്ദു ഭ്രാന്തന്മാരെ ഇന്ത്യയിലേക്കും അയയ്ക്കുന്ന ഭ്രാന്തന്‍ ചിന്ത. ലാഹോറില്‍ കഴിയുന്ന ബിഷന്‍ സിംഗ് എന്ന ഭ്രാന്തന്‍ ഈ വിവരം അറിഞ്ഞ് 'ടോബോ ടേക് സിംഗ് കഹാം ഹേ' എന്ന് ചോദിക്കുന്നു. പാകിസ്ഥാനിലുള്ള ടേക് സിംഗിന്റെ കുളം എവിടെയാണ് എന്നാണ് അയാള്‍ ചോദിക്കുന്നത്. അയാള്‍ക്ക് അവിടേക്കാണ് മടങ്ങിപ്പോകേണ്ടത്. എന്നാല്‍ വിഭജനത്തിന് ശേഷം ഈ കുളം ഏത് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആയെന്ന് ആര്‍ക്കും വ്യക്തമാക്കാന്‍ ആകുന്നില്ല. ടോബോ ടേബ് സിംഗിലേക്ക് തന്നെ തിരിച്ച് പോകണമെന്ന് ഇയാള്‍ തീരുമാനിക്കുന്നതിന് കാരണം അയാളുടെ മകള്‍ അവിടെയാണ് എന്നതിനാലാണ്. കൈമാറ്റദിവസം ഹിന്ദുവിന്റെയും മുസ്ലിമിന്റെയും അല്ലാത്ത അതിര്‍ത്തിയില്‍ ബിഷന്‍ സിംഗ് തന്റെ ചോദ്യം ആവര്‍ത്തിച്ച് കൊണ്ട് മരിച്ചുവീഴുന്നിടത്ത് നാടകം അവസാനിക്കുന്നു. രവിശങ്കറാണ് ബിഷന്‍ സിംഗിന്റെ വേഷം ചെയ്തത്.

book review
കുറേ നാളുകള്‍ക്കു ശേഷം അയാള്‍ എഫ്ബിയില്‍ ഒരു പോസ്റ്റിട്ടു

ആയിടയ്ക്കാണ് ആലപ്പുഴയിലെ കയര്‍ മുതലാളിയായിരുന്ന സോമശേഖരനെ ആരൊക്കെയോ ചെര്‍ന്ന് കൊലപ്പെടുത്തിയത്. മറ്റെവിടെയോ നാടകം അവതരിപ്പിക്കുകയായിരുന്ന ആന്റണിയുടെ പേരും പ്രതിപ്പട്ടികയില്‍ എഴുതിച്ചേര്‍ത്തു. അങ്ങനെ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ ഇടമറുകും മകന്‍ സനലുമാണ് കേസ് നടത്തിപ്പിന് പണം മുടക്കിയത്. പകരം ആറാം തിരുമുറിവ് പ്രസിദ്ധീകരിക്കാനുള്ള അനുമതി ആന്റണി അവര്‍ക്ക് നല്‍കി.

സുപ്രിംകോടതി ആന്‍ണിയെ കുറ്റവിമുക്തനാക്കിയ ശേഷം അദ്ദേഹം പുതിയ പരിപാടി തുടങ്ങി. അരങ്ങത്തുനിന്നും അടുക്കളയിലേക്ക് എന്ന ഈ സംവിധാനത്തില്‍ നാടക സംഘം സൈക്കിളില്‍ സഞ്ചരിച്ച് വീടുകളിലെത്തി നാടകങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വിപ്ലവകരമായ ആശയമായിരുന്നു ഇത്.

ആക്സിഡന്റല്‍ ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റ് മലയാളത്തില്‍ ചെയ്യുന്നതായിരുന്നു അടുത്ത ഉദ്യമം. ഇറ്റാലിയന്‍ നഗരമായ മിലാനില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിയാണെന്ന് ആരോപിച്ച് പിടിച്ചുകൊണ്ട് വന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജനല്‍ വഴി താഴേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തെ ദാരിയോ ഫോ ഒന്ന് മാറ്റിപ്പിടിച്ചു. അടുത്തുള്ള മാനസിക രോഗാശുപത്രിയില്‍ നിന്ന് ചാടിപ്പോന്ന ഡോ. സിഫിലിസ് സെഡക്ടസ് സോളമന്‍ എന്ന കിറക്കുന്‍ ഒരു ഉന്നത കേന്ദ്രത്തില്‍ നിന്ന് അയച്ചതാണെന്ന് പറഞ്ഞ് പൊലീസ് ആസ്ഥാനത്ത് എത്തി. ഒരു മുറിയില്‍ കയറി നിന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ചോദ്യം ചെയ്ത് സത്യം തെളിയിക്കുന്നു. അതിനൊപ്പം ബോംബ് സ്ഫോടനം നടത്തിയത് സര്‍ക്കാരിന്റെ ഏജന്റുകള്‍ തന്നെയാണെന്നും തെളിയിക്കപ്പെടുന്നു.

മള്‍ട്ടി നാഷണല്‍ കമ്പനികള്‍ നടത്തുന്ന കൊള്ളയായിരുന്നു പിന്നീട് ഇവര്‍ തെരഞ്ഞെടുത്ത വിഷയം. 'മര്‍സ് സേ മുനാഫാ' അഥവാ രോഗിയില്‍ നിന്ന് ലാഭം എന്ന നാടകം വിവിധ കോളജുകളില്‍ അവതരിപ്പിക്കപ്പെട്ടു. 89 സെപ്തംബറില്‍ ട്രേഡ് ഫെയര്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ത്രീ വിഷയങ്ങള്‍ പ്രമേയമാകുന്ന നാടകങ്ങളുടെ മേള നടത്താന്‍ തീരുമാനിച്ചു. തിയറ്റര്‍ യൂണിയനും അതിന്റെ ക്ഷണം കിട്ടി. ദാരിയോ ഫോയുടെ 'കാണ്‍ട് പേ, വോണ്‍ട് പേ' എന്ന നാടകമാണ് ഇവര്‍ തെരഞ്ഞെടുത്തത്. വിലക്കയറ്റത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന പോരാട്ടമായി ഫോ 1974ല്‍ എഴുതിയ ഈ നാടകം ഇന്ത്യയില്‍ എവിടെയും അവതരിപ്പിക്കപ്പെട്ടിരുന്നില്ല. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. അതിന് അവര്‍ പറയുന്ന ന്യായം 'കാശ് ഇല്ല, കാശ് തരില്ല' എന്നാണ്.

വാസ്തവത്തില്‍ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയുള്ള നാടകമായിരുന്നു ഇത്. മുതലാളിത്തവുമായി ചരിത്രപരമായ സന്ധിയില്‍ ഒത്തുചേരാനുള്ള നയമായിരുന്നു പാര്‍ട്ടിയുടെ നയമാറ്റം. നേതാക്കള്‍ ഇതിന് മുതിരുമ്പോള്‍ അണികള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഈ നാടകം അവതരിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷം മിലാനിലെ സ്ത്രീകള്‍ സംഘടിച്ച് സൂപ്പര്‍ ബസാറുകള്‍ കയ്യേറി വിലക്കയറ്റത്തിന് മുമ്പുള്ള വിലകള്‍ മാത്രമേ തങ്ങള്‍ നല്‍കൂവെന്ന് പറഞ്ഞ് സാധനങ്ങള്‍ കൊള്ളയടിച്ചു. നാടകം അത്രമാത്രം അവരില്‍ സ്വാധീനം ചെലുത്തി. ഈ കേസില്‍ ഫോ വിസ്തരിച്ചപ്പോള്‍ പെട്ടെന്ന് വിലകള്‍ കൂട്ടിയ മുതലാളിമാരാണ് ജനങ്ങളെ കൊള്ളയടിച്ചതെന്നായിരുന്നു വിശദീകരണം. മര്‍സ് സേ മുനാഫ റിഹേഴ്സല്‍ നടത്തിയ ലാജ്പത് ഭവനില്‍ 'കാശ് ഇല്ല, കാശ് തരില്ല'യും റിഹേഴ്സല്‍ നടത്തി. നാടകത്തില്‍ ഉള്‍പ്പെടുത്താനായി തിയറ്റര്‍ യൂണിയന്റെ മേല്‍വിലാസത്തില്‍ ഒരു ശവപ്പെട്ടി എത്തിച്ചിരുന്നു. അത് അറംപറ്റി. ശവസംസ്‌കാരം നടന്നെന്ന പോലെ തിയറ്റര്‍ യൂണിയന്‍ പിന്നീട് നാടകങ്ങളൊന്നും കളിച്ചില്ല.

Summary

Dilli ka kalakar aadmi- book review by Arun T Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com