

വിജനമായ ഉള്‍പ്രദേശത്തെ ഒറ്റപ്പെട്ട റിസോട്ടില്‍ താനും അഗസ്റ്റിയും മാത്രമാണുള്ളതെന്ന ബോധം പെടുന്നനെ ഇടിവെട്ടേറ്റ പോലെയാണ് ക്രിസ്റ്റഫര്‍ ഡേവിസണ്‍ എന്ന ക്രിസ്റ്റിക്കുണ്ടായത്. ഉള്‍ക്കിടിലത്തോടെ അവന്‍ അഗസ്റ്റിയെ നോക്കി.
താഴ്വാരത്തുകൂടി ഒഴുകുന്ന നദിയുടെ ദൂരക്കാഴ്ചയിലേക്ക് നോക്കി, ചിന്തയിലാണ്ടിരിക്കുകയാണ് അഗസ്റ്റി. വലതുകൈയിലെ വിരലുകള്‍ക്കിടയില്‍ പുകയുന്ന സിഗരറ്റ്. മറുകൈയില്‍ ചായക്കപ്പ്. പല്ലിറുമ്മിയും ഞരമ്പുകള്‍ തുടുത്തും മുറുകി ചുവന്ന മുഖം.
എങ്ങനെയാണ് നാട്ടിലെ കൊലപാതകങ്ങളിലേക്ക് ചര്‍ച്ച ചെന്നെത്തിയതെന്ന് ക്രിസ്റ്റി ഓര്‍ത്തുനോക്കി. ചെറിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങി രാഷ്ട്രീയത്തിലൂടെയും സിനിമയിലൂടെയും സഞ്ചരിച്ച് ഒടുവില്‍ ചര്‍ച്ച നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചായി. യാദൃച്ഛികമായി എത്തിച്ചേര്‍ന്നതല്ലെന്ന് നടുക്കത്തോടെ ക്രിസ്റ്റി തിരിച്ചറിഞ്ഞു. ബോധപൂര്‍വ്വം അഗസ്റ്റി ചര്‍ച്ച അവിടെ കൊണ്ടെത്തിച്ചതാണ്.
ഏറ്റവും അടുപ്പമുള്ള ഒരാളെ കൊല്ലാന്‍ എളുപ്പമാണ് - അഗസ്റ്റിയുടെ ആ വാക്കുകള്‍ വിറയലോടെ ക്രിസ്റ്റി ഓര്‍ത്തു. അങ്ങനെയുള്ള കൊലപാതകങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുകയില്ലെന്നാണ് അവന്‍ പറഞ്ഞത്. അതൊക്കെ സ്വാഭാവിക മരണങ്ങളായോ അപകട മരണങ്ങളായോ ആണ് തോന്നുക. ആസ്വദിച്ച് കൊലപാതകം നടത്തുന്ന ചിലര്‍ അവരുടെ മാത്രമായ ഒരു അടയാളം മൃതശരീരത്തിലോ പരിസരങ്ങളിലോ ബാക്കിവെക്കുമത്രേ. എന്നിട്ടും കൊലപാതകങ്ങള്‍ തിരിച്ചറിയപ്പെടാതെ സ്വാഭാവികമോ അപകട മരണമോ ആയി അവസാനിപ്പിക്കുന്നു. ഇതൊക്കെ പറയുമ്പോഴുള്ള അഗസ്റ്റിയുടെ മുഖഭാവം, ആ നോട്ടം....
ക്രിസ്റ്റി വിയര്‍ത്തു.
ഇയാള്‍ക്ക് ഓര്‍മ്മയുണ്ടോ നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത്? - അഗസ്റ്റിയുടെ ചോദ്യത്തിലേക്ക് ക്രിസ്റ്റി ഞെട്ടിയുണര്‍ന്നു. കണ്ണിലേക്കുറ്റു നോക്കിയാണ് അഗസ്റ്റിയുടെ ചോദ്യം.
തിരക്കുള്ള കഫെയില്‍ എന്റെ മുമ്പിലെ ഒഴിഞ്ഞ സീറ്റിലേക്ക് അനുവാദം ചോദിച്ചുകൊണ്ട് കയറിവന്നതല്ലേ..
ക്രിസ്റ്റിയുടെ മറുപടി കേട്ട് അഗസ്റ്റി ചിരിച്ചു.
അല്ല. ഒരിക്കലുമല്ല. അത് യാദൃച്ഛികമായിരുന്നില്ല. എത്ര മാസങ്ങളെടുത്താണ് ഞാന്‍ ഇയാളെ കണ്ടെത്തിയതെന്ന് അറിയാമോ? കണ്ടെത്തിയിട്ടും എത്രയോ ദിവസങ്ങളെടുത്തു പരിചയപ്പെടാന്‍- അഗസ്റ്റി പകച്ചുനില്‍ക്കുന്ന ക്രിസ്റ്റിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു.
എന്തിന് എന്ന് ചോദിക്കാനുള്ള ത്രാണി ക്രിസ്റ്റിക്കുണ്ടായില്ല. കെണിയില്‍ വീണ ഇരയെ പോലെ അവന്‍ വിറച്ചു.
അഗസ്റ്റി... വിറയാര്‍ന്ന സ്വരത്തില്‍ അവന്‍ വിളിച്ചു.
അഗസ്റ്റി.. ഹഹ.. നിന്നെ പരിചയപ്പെടാന്‍ ഞാന്‍ എനിക്കിട്ട പേര്. ഞാനെന്നത് ആ പേരിലില്ല- അഗസ്റ്റിയുടെ വാക്കുകള്‍ കേട്ട് ക്രിസ്റ്റി സ്തബ്ധനായി.
ഇയാക്കുമുണ്ടല്ലോ കുറേ ഒളിപ്പേരുകള്‍- അഗസ്റ്റിയുടെ ചോദ്യം വെടിച്ചീളു പോലെ അവന്റെ കാതുകളില്‍ തുളച്ചുകയറി.
അതിലൊന്നു മാത്രം ഞാനിപ്പ പറയാം : ജാക്ക് ദ റിപ്പര്‍!
ഭൂമി പിളര്‍ന്ന് ആഴങ്ങളിലേക്ക് വീണു പോകുന്നതായി ക്രിസ്റ്റിക്ക് തോന്നി.
1888 ല്‍ നടന്ന കൊലപാതക പരമ്പരയുടെ ഇന്നുവരെ കണ്ടെത്താന്‍ കഴിയാതെപോയ പ്രതിക്ക് ബ്രിട്ടീഷ് പൊലിസ് ഇട്ട പേര്. വൈറ്റ്ചാപ്പല്‍ തെരുവില്‍ പല സമയങ്ങളിലായി അഞ്ചു വേശ്യകളെയാണ് അയാള്‍ കൊന്നത്. മൃതദേഹങ്ങള്‍ ഒരേപോലെ വികൃതങ്ങളാക്കി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പേനാക്കത്തി ആയിരുന്നു അയാളുടെ ഉപകരണം. അതുകൊണ്ട് അയാള്‍ ഒരു സര്‍ജന്‍ ആയിരിക്കാമെന്നാണ് നിഗമനം. ഓരോ കൊലപാതകത്തെ കുറിച്ചും വിവരിച്ച് ഊമക്കത്തുകള്‍ അയച്ച് അയാള്‍ അധികൃതരെ പരിഹസിച്ചു. എന്നിട്ടും അതാരാണെന്ന് കണ്ടെത്താന്‍ ആര്‍ക്കുമായില്ല- ഇത്രയും പറഞ്ഞു അഗസ്റ്റി ഒന്നനങ്ങി ഇരുന്നു.
ജാക്ക് ദ റിപ്പര്‍ ആദ്യമായി താന്‍ പിടിക്കപ്പെട്ടിരിക്കുന്നുവെന്ന് ക്രിസ്റ്റി തിരിച്ചറിഞ്ഞു. വേഷം മാറിയെത്തിയ സൈബര്‍ പൊലീസാകാം അഗസ്റ്റി എന്ന് സംശയിച്ചു. നെഞ്ചിടിപ്പും ശ്വാസവും കൂടിക്കൂടി വരുന്നതായി അവനു തോന്നി. എഫ്ബിയില്‍ മറഞ്ഞിരുന്ന് ഇരപിടിച്ചും, ഇരകളെ മരണത്തിലേക്ക് തള്ളിവിട്ടും, ആ ആത്മഹത്യാ വാര്‍ത്തകള്‍ കണ്ടും വായിച്ചും ആനന്ദനിര്‍വൃതികൊണ്ടവന്‍, ജാക്ക് ദ റിപ്പര്‍ പിടിക്കപ്പെട്ടിരിക്കുന്നു.
ഒടുവിലത്തെ ഇരയെയാണ് ക്രിസ്റ്റിക്ക് പെട്ടെന്ന് ഓര്‍മ്മവന്നത്. ഗോവര്‍ദ്ധന്‍!
അടുത്ത ഇര ആരായിരിക്കണമെന്ന തിരച്ചിലിനിടെയാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍ കണ്ണില്‍പ്പെടുന്നത്. മറ്റ് ഇരകളെപ്പോലെ അയാളെയും ക്രിസ്റ്റിക്ക് അറിയില്ല. എഫ്ബിയിലും ഇന്‍സ്റ്റയിലും സജീവമായ അയാള്‍ക്ക് നിരവധി പേര്‍ ആരാധകരായുണ്ട്. താന്‍ ഏറെ ആരാധിക്കുന്ന ഒരാളെ ഗോവര്‍ദ്ധന്‍ വിമര്‍ശിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിച്ചു വരുന്ന ഒരാളെ ഇങ്ങിനെ വിമര്‍ശിക്കുന്നതും അപമാനിക്കുന്നതും ക്രിസ്റ്റിക്ക് സഹിച്ചില്ല. മാത്രമല്ല ന്യൂജന്‍ കാഴ്ചപ്പാടുകളോടൊക്കെ പുച്ഛം. എന്തിനും ഏതിനും അയാള്‍ക്കു പറയാന്‍ ന്യായങ്ങളുണ്ട്. അധ്യാപകനാണത്രേ. പ്രൊഫൈലുകള്‍ അരിച്ചു പെറുക്കിയതില്‍ നിന്നും മനസ്സിലായത് എല്ലാവരെയും ആകര്‍ഷിച്ച് സൗഹൃദത്തിലാക്കുന്ന വിദ്യ അയാള്‍ക്ക് അറിയാമെന്നാണ്. അടുത്ത ഇരയെ ഉന്നം വെച്ച് ക്രിസ്റ്റി ശ്രമങ്ങള്‍ ആരംഭിച്ചു.
അന്ന് സ്‌കൂള്‍കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗോവര്‍ദ്ധന്‍ കുളിയും കഴിഞ്ഞ് സോഫയില്‍ വന്നിരുന്ന് മൊബൈല്‍ നോക്കുമ്പോഴാണ് എഫ്ബിയില്‍ നോട്ടിഫിക്കേഷന്‍ കണ്ടത്. ഭാര്യ കൊണ്ടുവന്ന കടുപ്പമുള്ള ചായ ഒന്നു മോണ്ട് നോട്ടിഫിക്കേഷന്‍ തുറന്നു നോക്കി. ജാക്ക് ദ റിപ്പര്‍ എന്ന ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റാണ്. പേരില്‍ കൗതുകം തോന്നി. തലക്കടിച്ച് ആളുകളെ കൊന്ന് രസിക്കുന്ന റിപ്പറെയാണ് ഓര്‍മ്മവന്നത്. എന്നിട്ടും അയാളെ സുഹൃത്തായി സ്വീകരിച്ചു. പിന്നീട് അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി. വിദേശത്തു കഴിയുന്ന മലയാളിയായവന്‍ അങ്ങിനെ ഒരു പേരിട്ടതില്‍ അത്ഭുതം തോന്നിയില്ല. വിദേശത്ത് എവിടെയാണെന്ന് അയാള്‍ പറഞ്ഞുമില്ല, പിന്നീട് അത് ചോദിച്ചുമില്ല.
പിന്നെപ്പിന്നെ ഗോവര്‍ദ്ധന്റെ ഓരോ പോസ്റ്റുകളോടും അയാള്‍ സൗമ്യമായി പ്രതികരിച്ചു കൊണ്ടിരുന്ന. അങ്ങിനെ സൗഹൃദം വളര്‍ന്നുകൊണ്ടിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. ജാക്ക് ദ റിപ്പറിന്റെ പ്രതികരണ രീതികള്‍ മാറുന്നു. ഒരര്‍ത്ഥവും ഇല്ലാത്ത വിമര്‍ശനങ്ങള്‍. പോകെ പോകെ തന്റെ രാഷ്ട്രീയ, സാമൂഹിക പോസ്റ്റുകള്‍ക്ക് കീഴെ സഭ്യമല്ലാത്ത വിധമായി പ്രതികരണങ്ങള്‍. അയാള്‍ ഗോവര്‍ദ്ധന് ബാധ്യതയായി കനം വെച്ചു. രണ്ടുമൂന്നു ദിവസത്തെ നിശബ്ദതയ്ക്കുശേഷം ജാക്ക് ദ റിപ്പറെ സൗഹൃദ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്തിനു പിന്നാലെ അയാള്‍ മെസ്സഞ്ചറില്‍ വന്നു. ഒരു സ്ത്രീയുടെ പടമിട്ട് ഇവരെ അറിയുമോ എന്ന് ചോദിച്ചു.
പടം കണ്ട് ഗോവര്‍ദ്ധന്‍ ഞെട്ടി അപവാദങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആ സ്ത്രീയെ ഗോവര്‍ധന് അറിയാം. നിങ്ങള്‍ നശിപ്പിച്ചവളാണ് എന്നു പറഞ്ഞു ജാക്ക് ചാറ്റ് നിറുത്തി. സ്തബ്ധനായ ഗോവര്‍ദ്ധന് കുറേ നേരത്തേക്ക് അനങ്ങാനായില്ല. അവരെ എത്രയോ തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ഒരിക്കലും അവരോട് മോശമായി പെരുമാറിയിട്ടില്ല. ഒരു അശ്ലീല ചുവപോലും അവരില്‍ നിന്നും ഉണ്ടായിട്ടുമില്ല. ഗോവര്‍ദ്ധന്‍ വിയര്‍ത്തു. പിന്നീട് കുറെ നാളത്തേക്ക് ജാക്ക് പ്രത്യക്ഷപ്പെട്ടില്ല.
തന്റെ എഫ്ബി വാളില്‍ നിന്നാവാം ആ പടം അയാള്‍ എടുത്തതെന്ന് ഗോവര്‍ദ്ധന്‍ ഊഹിച്ചു. അവരുടെ രണ്ടു മൂന്നു പടങ്ങളും കവിത ചൊല്ലുന്നതിന്റെ ഒരു വീഡിയോയും എഫ് ബി വാളിലുണ്ട്. മരിച്ചപ്പോള്‍ അവര്‍ക്ക് അര്‍പ്പിച്ച ആദരാഞ്ജലിയുമുണ്ട്.
ഗോവര്‍ദ്ധന് ജീവിതത്തിന്റെ താളം പിഴച്ചു തുടങ്ങി. മുഖത്തെ തിളക്കവും ചിരിയും മാഞ്ഞു. പതിവ് സരസമായ സംസാരങ്ങള്‍ ഇല്ലാതായി. എപ്പോഴും ആധി. മാറ്റങ്ങള്‍ ഭാര്യ ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ അവളോട് ഒന്നും പറഞ്ഞില്ല. അകാരണമായ ഒരു ഭയം അയാളെ പിടികൂടി.
കുറേ നാളുകള്‍ക്കു ശേഷം അയാള്‍ എഫ്ബിയില്‍ ഒരു പോസ്റ്റിട്ടു. തന്റെ വിദ്യാര്‍ത്ഥിനിയുടെ കവിതയായിരുന്നു അത്. പകല്‍ മാന്യന്‍ പഠിപ്പിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വളരും എന്നൊരു പരിഹാസ കമന്റുമായി ജാക്ക് പ്രത്യക്ഷപ്പെട്ടു. ആ കമന്റ് പതിയെ നീക്കം ചെയ്‌തെങ്കിലും ഗോവര്‍ദ്ധന്‍ അസ്വസ്ഥനായി. തന്റെ പ്രൊഫൈലിലെ പെണ്‍ ചിത്രങ്ങള്‍ക്ക് കീഴെ അശ്ലീല കമന്റുകള്‍ വന്നുതുടങ്ങി. ഇതെല്ലാം ഭാര്യയും അറിയുന്നുണ്ടായിരുന്നു. ഇതോടെ ജാക്കിനെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചു. ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് മെസഞ്ചറില്‍ അവന്‍ ഒരു വീഡിയോ ഇട്ടത്.
വീഡിയോ തുറന്ന് ഗോവര്‍ദ്ധന്‍ വിയര്‍ത്തു സ്വപ്നത്തില്‍ പോലും സംഭവിക്കാത്ത തന്റെ അശ്ലീല വീഡിയോ. അതും അവരുമൊത്ത്. അയാള്‍ ജാക്കിനെ ഉടനെ ബ്ലോക്ക് ചെയ്തു.
പിന്നീട് ഗോവര്‍ദ്ധന് ഉറങ്ങാന്‍ കഴിഞ്ഞില്ല. രണ്ടുദിവസം നല്ല പനിയായിരുന്നു. ആ വീഡിയോ അയാളെ ഇഞ്ചിഞ്ചായി കൊല്ലുകയായി. അവന്‍ മറ്റു വിധേന ആ വീഡിയോ പ്രചരിപ്പിക്കും. അതോടെ തന്റെ എല്ലാം തകരും. കേസാകും. മാനം പോകും. നിരപരാധിത്വം തെളിയിക്കാന്‍ ഒരു വിധത്തിലും സാധിക്കില്ല. സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കും മുമ്പേ ജനങ്ങള്‍ വിധിയെഴുതും. ഭാര്യ, മക്കള്‍, സഹപ്രവര്‍ത്തകര്‍, പഠിപ്പിച്ച കുട്ടികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്ത് ഒപ്പം നിന്നവര്‍.. അവരെയെല്ലാം ഓര്‍ത്ത് അയാള്‍ക്ക് സമനില നഷ്ടപ്പെട്ടു. അപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വരാന്‍ കാല്‍ മണിക്കൂറിലേറെ സമയമെടുക്കും. ഗോവര്‍ദ്ധന്‍ സ്വയം തിടുക്കം കൂട്ടി.
ഗോവര്‍ദ്ധന്റെ മെസഞ്ചറില്‍ വീഡിയോ അയച്ചതിനു തൊട്ടു പിന്നാലെ ക്രിസ്റ്റി, ജാക്ക് ദ റിപ്പര്‍ എന്ന പ്രൊഫൈല്‍ ഉപേക്ഷിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പേപ്പറുകള്‍ അരിച്ചു പെറുക്കി. സമൂഹമാധ്യമങ്ങളിലും പരതി; തന്നെ രസിപ്പിക്കുന്ന ആ വാര്‍ത്തയ്ക്ക് വേണ്ടി. ഒടുവില്‍ അവനത് കണ്ടു. തൂങ്ങിമരണം ആയിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ക്രിസ്റ്റി പതിവുപോലെ ലഹരിയില്‍ മുങ്ങിത്താണു. ഗോവര്‍ദ്ധന്റെ അവസാന നിമിഷത്തെ ആ പിടച്ചില്‍ അവന്‍ സങ്കല്‍പ്പിച്ചു. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ആനന്ദിച്ചുല്ലസിച്ച് ഓടി. ഒരാളെ കൂടി താന്‍ കൊന്നിരിക്കുന്നു എന്ന് കണ്ണാടിയില്‍ മുഖത്തുനോക്കി അവന്‍ ആസ്വദിച്ച് പറഞ്ഞു. ഗോവര്‍ദ്ധന്റെ അവസാനത്തെ പിടച്ചില്‍ അവന്‍ കണ്ണാടിക്കു മുമ്പില്‍ അഭിനയിച്ചു.
ബ്രിട്ടനിലെ ജാക്ക് ദ റിപ്പര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെങ്കിലും ഇവിടുത്തെ ജാക്ക് ദ റിപ്പര്‍ പിടിക്കപ്പെട്ടിരിക്കുന്നു- അഗസ്റ്റിയുടെ വാക്കുകള്‍ കേട്ട് ക്രിസ്റ്റി ഓര്‍മയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
കെണിയില്‍ വീണ കാട്ടുമൃഗത്തെ പോലെ ക്രിസ്റ്റി പേടിച്ചു നിന്നു. ഇനി എന്തു ചെയ്യും. ഓടി രക്ഷപ്പെടാനാകില്ല. ലഹരി പിടിച്ച കാലുകളുമായി അതിവേഗത്തില്‍ അതിദൂരം ഓടാനാകില്ല. അഗസ്റ്റി ഒരു പോലീസുകാരന്‍ തന്നെ. അവന്‍ ഉറപ്പിച്ചു. അഗസ്റ്റി സിഗരറ്റ് വലിച്ചൂതി അവനെ തുറിച്ചുനോക്കി. പിടിക്കപ്പെട്ടു എന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഓടി രക്ഷപ്പെട്ടിട്ടും കാര്യമില്ല. താന്‍ വെളിപ്പെട്ടു കഴിഞ്ഞു. അല്ലെങ്കില്‍ അഗസ്റ്റിയെ വകവരുത്തണം. മറഞ്ഞിരുന്ന് അപവാദങ്ങള്‍ പരത്തി ആത്മഹത്യയിലേക്ക് തള്ളിയിടുന്നത് പോലെ അത്ര എളുപ്പമല്ല ഒരാളെ നേരിട്ട് കൊലപ്പെടുത്തുന്നത്. അതിനുള്ള കായിക ശക്തിയുമില്ല. അവന്‍ ഓടി മുറിയില്‍ കയറി വാതില്‍ അടച്ചു.
അടഞ്ഞു കിടന്ന വാതിലില്‍ നോക്കി നിന്ന് അഗസ്റ്റി രണ്ടുമൂന്നു പുക കൂടിയെടുത്തു. ഒന്നും സംഭവിക്കാത്തത് പോലെ അഗസ്റ്റി തന്റെ സാന്നിധ്യത്തിന്റെ തെളിവുകള്‍ മാച്ചു. കുറച്ചുനേരം കൂടി അവിടെ നിന്ന ശേഷം ഇറങ്ങി നടന്നു.
അഗസ്റ്റി നഗരത്തിലെ തന്റെ മുറിയില്‍ എത്തിയത് അര്‍ദ്ധരാത്രി കഴിഞ്ഞാണ്. മതിമറന്ന് ഉറങ്ങിയ അയാള്‍ രാവിലെ എഴുന്നേറ്റില്ല. രാത്രി ഒമ്പതരക്ക് വൈജയന്തിയെ കാണാനുള്ളത് ഒഴിച്ചാല്‍ ഇന്ന് മറ്റൊന്നും ചെയ്യാനില്ല. അവന്‍ ഉറങ്ങി. ഉച്ചയൂണിനും ഉണര്‍ന്നില്ല.
വൈകിട്ട് നാലരയ്ക്കാണ് അഗസ്റ്റി ഉറക്കമുണര്‍ന്നത്. പല്ലുതേക്കും മുമ്പേ കാപ്പിയുണ്ടാക്കി കുടിച്ചു. കുറച്ചു നേരം പകലുറക്കത്തിന്റെ ക്ഷീണത്തോടെ സോഫയില്‍ ഇരുന്നു. ക്ലൈന്റിന് കൊടുത്ത വാക്ക് പാലിക്കാനായതില്‍ അവന് സംതൃപ്തി തോന്നി.
സൈബര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ക്രിസ്റ്റിയിലേക്ക് എത്താന്‍ മാസങ്ങളെടുത്തു. ഒരു ഭീരു ആയിരുന്നു അവന്‍. തിരിച്ചറിഞ്ഞതില്‍ പിന്നെ കുറച്ചു നാളുകള്‍ അവനെ പിന്തുടര്‍ന്നു. ആഴ്ചയിലൊരിക്കല്‍ അവന്‍ വരാറുള്ള കഫെക്ക് പുറത്ത് അതിനുവേണ്ടി കാത്തു നിന്നു. എല്ലാം ദൈവം സെറ്റ് ചെയ്തത് പോലെയായിരുന്നു. അവനിരുന്ന ടേബിളില്‍ അല്ലാതെ മറ്റെവിടെയും ആ കഫേയില്‍ ഒഴിവുണ്ടായിരുന്നില്ല. ആ പരിചയപ്പെടല്‍ കരുതലോടെ സൗഹൃദത്തില്‍ കൂട്ടിയിണക്കാനായി. ആളെ കണ്ടെത്തുക മാത്രമായിരുന്നു ജോലി എങ്കിലും ഗോവര്‍ദ്ധന്‍ ഉള്ളിലിരുന്ന് നിയന്ത്രിക്കുന്നത് പോലെ തോന്നി.
പുറപ്പെടാന്‍ സമയമായെന്ന് പെട്ടെന്നാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്. കുളിച്ചൊരുങ്ങി പുറത്തിറങ്ങുമ്പോള്‍ സമയം ഏഴോടടുക്കാറായി. ക്രിസ്റ്റിയെ ആദ്യമായി കണ്ട കഫെയില്‍, അന്ന് അവനൊപ്പം ഇരുന്ന അതേ കസേരയില്‍ ഇരുന്ന്, അന്ന് അവനൊപ്പം കഴിച്ച അതേ വിഭവങ്ങള്‍ ഓര്‍ഡര്‍നല്‍കി. ഒരു തിടുക്കവും ഇല്ലാതെ പതിയെ ആസ്വദിച്ച് അയാള്‍ ഭക്ഷണം കഴിച്ചു.
വെസ്റ്റ് സൈഡ് മാളിന്റെ പാര്‍ക്കിങ്ങില്‍ കാണാം എന്നാണ് വൈജയന്തി പറഞ്ഞത്. അവന്‍ അങ്ങോട്ടു പുറപ്പെട്ടു. ഒഴിഞ്ഞ ഭാഗത്ത് ബൈക്ക് നിറുത്തി. ഒമ്പതര കഴിഞ്ഞ് നാലഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് അവള്‍, അയാളുടെ ക്ലൈന്റ് പ്രത്യക്ഷപ്പെട്ടത്. വൈജയന്തി ഗോവര്‍ദ്ധന്‍! അവളുടെ വിവരണങ്ങളില്‍ നിന്നും ഗോവര്‍ദ്ധന്‍ അനുഭവിച്ച വ്യഥകളത്രയും തെന്നിലേക്ക് കുടിയേറിയതായി അയാള്‍ക്കന്ന് തോന്നിയിരുന്നു.
റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റഫര്‍ ഡേവിസണ്‍ (35) ന്റെ വാര്‍ത്ത ചാനലുകളില്‍ കണ്ടു- വന്നപാടെ ഉപചാരങ്ങള്‍ക്കൊന്നും നില്‍ക്കാതെ അവള്‍ പറഞ്ഞു. അഗസ്റ്റി ചെറുതായൊന്നു പുഞ്ചിരിച്ചു.
എന്നാലും ആര്‍ക്കും പിടികൊടുക്കാത്ത ജാക്ക് ദ റിപ്പറെ ഞങ്ങള്‍ക്ക് വേണ്ടി കണ്ടെത്തിക്കളഞ്ഞല്ലോ നന്ദിയുണ്ട് - അവള്‍ പറഞ്ഞു. പറഞ്ഞ തുകയത്രയും ഉണ്ടെന്നു പറഞ്ഞ് പെട്ടെന്ന് കൈയിലെ ബാഗ് അവന് നേരെ നീട്ടി. അവനത് വാങ്ങിയില്ല.
ഇനിയും എന്തൊക്കെയോ അവള്‍ക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. അതൊക്കെ ഉള്ളില്‍ വിങ്ങി നിന്നതല്ലാതെ പുറത്തുവന്നില്ല. അവന്‍ ബൈക്കിലിരുന്ന് ഹെഡ് ലൈറ്റിട്ട് പുറപ്പെടാന്‍ ഒരുങ്ങവെ അവള്‍ വിളിച്ചു: യുഗേന്ദ്രാ
യുഗേന്ദ്ര.. ഹഹ.. ക്രിസ്റ്റിക്ക് ഞാന്‍ അഗസ്റ്റിയായിരുന്നു! - ഒന്നു ബൈക്ക് നിറുത്തി അവന്‍ പറഞ്ഞത് കേട്ട് അവള്‍ അമ്പരന്നു. യഥാര്‍ത്ഥ പേര് എന്തെന്ന് ചോദിക്കും മുമ്പേ ബൈക്കുമായി അയാള്‍ നിരത്തിലെ ഇരുട്ടിലേക്ക് മറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates