

മധ്യാഹ്ന സൂര്യന്‍ ആകാശത്തിന്റെ ഉച്ചിയില്‍ നിന്ന് കഠിനമായ പ്രഭ ചൊരിഞ്ഞുകൊണ്ടിരുന്നു. പച്ചക്കറിക്കടകളില്‍ ചുവപ്പന്‍ തക്കാളിയും മഞ്ഞ വാഴപ്പഴവും പച്ചമുളകും ദഹിപ്പിക്കുന്ന ആ പ്രകാശത്തിലും ക്ഷണികമായൊരു തിളക്കത്തോടെ തയ്യാറായി നിന്നു. പക്ഷേ, ആ കടുംവെളിച്ചത്തില്‍ പോലും, കിട്ടുന്ന ചെറിയ നിഴലുകള്‍ക്കുവേണ്ടി മത്സരം നടത്തുന്നവരുടെ കാഴ്ചയായിരുന്നു ചന്തയിലെങ്ങും.
അയാള്‍ ഇന്നും കൃത്യസമയത്ത്ബസ് സ്റ്റാന്‍ഡ്് പരിസരത്ത് എത്തിയിട്ടുണ്ട്. ഒന്നുരണ്ടാഴ്ചയായി ഈ ഭാഗത്ത് കാണാന്‍ തുടങ്ങിയിട്ട്. നിഴല്‍ വളരാന്‍ നേരമാവുമ്പോള്‍എവിടെ നിന്നോ പ്രത്യക്ഷപ്പെടും. എന്നിട്ട് പച്ചക്കറിമാര്‍ക്കറ്റിലെ കച്ചവടക്കാരോടെല്ലാം 'നിഴല്‍ വേണോ?' എന്ന് ചോദിക്കും. പലരും പരിഹസിക്കുമെങ്കിലും ഒരു മടുപ്പുമില്ലാതെ അടുത്തയാളെ തേടി അയാള്‍ നടന്നു നീങ്ങും.
നിഴലുവേണോ നല്ല നീളമുള്ള നിഴല്? നിഴലന്റെ ചോദ്യം പടവലങ്ങ വില്‍ക്കുന്ന അണ്ണാച്ചിയോടായിരുന്നു.
'അതോടെ ബല്‍ത് നാന്‍ തരാടാ അനക്ക്'
അണ്ണാച്ചി തമിഴാളത്തില്‍ അയാളോടു കയര്‍ത്തു. കേട്ടു നിന്നവര്‍ ചിരിച്ചയുടന്‍ ഭ്രാന്തന്‍, തണ്ണിമത്തന്‍ വില്‍ക്കുന്ന ലാസറേട്ടന്റെ അടുത്തേക്ക് പോയി.
'നിഴല് വേണോ? പത്തുറുപ്യ മതി' നിഴലന്‍ തുടര്‍ന്നു.
'ന്റെഷ്ട്‌ടോ മ്പളൊക്കെ വേസ്റ്റാക്യ നെഴല്ണ്ടാര്‌ന്നെങ്കി മാര്‍ക്കറ്റ് മൊത്തം വാങ്ങ്യേര്ന്ന്' ലാസറേട്ടന്റെ സങ്കടാഭിനയം കണ്ട് എല്ലാവരും ചിരിച്ചു.
ഭ്രാന്തന്‍ അടുത്തയാളെത്തേടി നടന്നു നീങ്ങി.
നിഴലന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ കൂടി നില്‍ക്കുന്നിടത്തേക്ക് നടന്നു.
'ക്ടാങ്ങള് വട്ട് ലൂസാക്കും പ്പോ'
ഓട്ടോക്കാരന്റെ കമന്റില്‍ നഗരത്തിരക്ക് ഒന്നായി ചിരിച്ചു.
ചിലര്‍ അയാളില്‍ നിന്ന് നിഴലുകള്‍ വാങ്ങി. അവരുടെ മുഖത്ത് നിന്ന് ആലസ്യം നീങ്ങി, കണ്ണുകളില്‍ ആശ്വാസം തെളിഞ്ഞു കണ്ടു. ജീവിതോഷ്ണത്തിന്റെ ശക്തമായ പ്രഹരങ്ങളില്‍ നിന്ന് അവര്‍ ഒരു നിമിഷം അഭയം കണ്ടെത്തിയിരിക്കുന്നു. അയാള്‍ വില്‍ക്കുന്നത് കേവലം സൂര്യതാപത്തില്‍ നിന്നുള്ള മോചനമല്ല -മനസ്സിലെ പൊള്ളലുകള്‍ക്കൊരു ശമനമാണ്, ആത്മദാഹത്തിനൊരു ശീതമാണ്, ഹൃദയനിരാശകള്‍ക്കൊരു ശാന്തിയാണ്, ആത്യന്തികമായി നിഴല്‍ വില്‍പ്പന അയാളുടെ ദുഃഖം വിറ്റഴിക്കുവാനുള്ള ഭ്രമാത്മകമായ ഒരു ശ്രമമായിരുന്നു.
പ്രതിഫലമായി കിട്ടിയ നാണയങ്ങള്‍ കൊണ്ട് അയാള്‍ ചായയും വടയും കഴിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ അയാളുടെ ഛായമങ്ങിയതായി തോന്നി - മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കിയതിന്റെ വില അയാള്‍ തന്റെ ഉള്ളില്‍ നിന്ന് തന്നെ കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കുന്തോറും അയാളുടെ തണല്‍ വീണ്ടും കറുക്കാന്‍ തുടങ്ങി - അടുത്ത നിമിഷം തന്നെ മറ്റുള്ളവര്‍ക്ക് പകരാനായുള്ള ഒരുക്കംകൂട്ടല്‍.
തെരുവില്‍ അലഞ്ഞുനടക്കുന്ന ആളുകളുടെ കണ്ണുകള്‍ വായിച്ചുകൊണ്ട് നിഴലന്‍ വീണ്ടും വില്‍പ്പനക്കിറങ്ങി - ആര്‍ക്കാണ് നിഴല്‍ വേണ്ടത്, ആര്‍ക്കാണ് ജീവിതത്തിന്റെ ചൂടില്‍ നിന്ന് ഒരു നിമിഷം അഭയം വേണ്ടത്, ആര്‍ക്കാണ് മനസ്സിലെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ ഒരു ശാന്തത വേണ്ടത്. അയാള്‍ വില്‍ക്കുന്ന ഛായ കേവലം ഇരുട്ടല്ലായിരുന്നു - അത് പ്രത്യാശയുടെ നിറവായിരുന്നു, സാന്ത്വനത്തിന്റെ സ്പര്‍ശമായിരുന്നു, മനുഷ്യമനസ്സിന്റെ അനന്തമായ ആകാംക്ഷകള്‍ക്കൊരു അപൂര്‍വ്വമായ മറുമരുന്നായിരുന്നു.
എല്ലാ ദിവസവും നിഴലന്‍ ഇതു തുടര്‍ന്നു. ഉച്ചച്ചൂടില്‍ ഉരുകിയൊലിച്ച് നിഴല്‍ നീട്ടി പട്ടണത്തില്‍ അലഞ്ഞു. അപൂര്‍വ്വമായി തണല്‍ വിറ്റു. വൃക്ഷശാഖകള്‍ നിലത്തു വിരിക്കുന്ന കറുത്ത പട്ടുതുണിപോലെ, ചിലപ്പോള്‍ അയാളുടെ ഛായ വനപ്രാന്തങ്ങളിലെ നിഗൂഢമായ ഇരുട്ടുകളെപ്പോലെ നീണ്ടുകിടന്നു.
ഡ്യൂട്ടിയിലുള്ള പൊലീസുകാരോടും അയാള്‍ പ്രതിബിംബം വില്‍പ്പനക്കുണ്ടെന്ന് അറിയിക്കും. കച്ചവടശ്രമം നടത്തും. കൈവശം വാങ്ങാന്‍ പറ്റാത്തതാണെങ്കിലും ആ വില്‍പ്പനവസ്തുവിന് അവരില്‍ ചിലരും പലപ്പോഴും നോട്ടെടുത്തു കൊടുക്കും. ഇരുട്ടിന് കാവല്‍ നില്‍ക്കുന്നവരെക്കാള്‍ കൂടുതല്‍ നിഴലിനെ മറ്റാര്‍ക്കും അറിയില്ലല്ലോ.
നിഴല് വ്യാപാരിയുടെ അടുത്ത ഉപഭോക്താക്കള്‍ രണ്ടു കോളജ് വിദ്യാര്‍ത്ഥിനികളായിരുന്നു.
'ഇന്ന് ആരും ഒരു ഛായക്കഷ്ണം പോലും വാങ്ങിയില്ല,' അയാള്‍ സങ്കടത്തോടെ പിറുപിറുത്തു.
'ശ്യാമ ഉണ്ടായിരുന്നെങ്കില്‍ വാങ്ങുമായിരുന്നു.' നിഴലന്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ചോദിച്ചു. 'നിങ്ങള്‍ക്ക് വേണോ?'
പെണ്‍കുട്ടികള്‍ അയാളുടെ കണ്ണുകളിലെ ദൈന്യതയിലേക്ക് നോക്കി. അവരുടെ നിഴലുകള്‍ മഷിപോലെ കാല്‍ച്ചുവട്ടിലേക്ക് ഒലിച്ചിറങ്ങി.
'ആരാണ് ശ്യാമ?'
കൗതുകം നിറഞ്ഞ മുഖത്തോടെ അവര്‍ ചോദിച്ചു.
നിഴലന്റെ മുഖം, നഷ്ടപ്പെട്ട കഥകളുടെ ഭാരത്താല്‍ ചുളിഞ്ഞു. വാക്കുകളില്ലാതെ അയാള്‍ കൈ അവരുടെ നേരെ നീട്ടിഅസംഖ്യം സൂര്യാസ്തമയങ്ങളുടെയും അവ മോഷ്ടിച്ച നിഴലുകളുടെയും കഥ പറയുന്ന കൈപ്പത്തി. അയാളുടെ കൈയില്‍ ഇരുട്ട് കറങ്ങുകയും ശ്വസിക്കുകയും ചെയ്യുന്നതായി തോന്നി. രഹസ്യം പോലെ അവര്‍ക്കിടയില്‍ ഒരു ധാരണ രൂപപ്പെട്ടു. പെണ്‍കുട്ടികള്‍ പണം നല്‍കി, അയാള്‍ പുഞ്ചിരിച്ചു. വെളിച്ചവും നിഴലും തമ്മില്‍ അസംഖ്യം നൃത്തമാടിയ ഒരാളുടെ ഭ്രാന്തന്‍ പുഞ്ചിരി. സ്വന്തം പ്രതിബിംബം വിശ്വസ്ത സഹയാത്രികനെപ്പോലെ അയാളുടെ പിന്നില്‍ സന്തോഷത്തോടെ അലഞ്ഞു. അന്നു വൈകുന്നേരം, പെണ്‍കുട്ടികള്‍ സുഹൃത്തുക്കളോട് അയാളെക്കുറിച്ച് പറഞ്ഞു. അവരില്‍ ഒരു കഥാകാരന്‍ ഉണ്ടായിരുന്നു. വാക്കുകളുടെ നെയ്ത്തുകാരന്‍, മനുഷ്യ രഹസ്യങ്ങളുടെ കഷണങ്ങള്‍ വിലപിടിപ്പുള്ള രത്‌നങ്ങള്‍ പോലെ ശേഖരിക്കുന്നവന്‍. അയാള്‍ നിഴല്‍ വ്യാപാരിയെക്കുറിച്ചുള്ള കഥ കേട്ടു, അനന്തരം, തന്റെ ഏകാന്തതയുടെ നിശ്ശബ്ദ നീലിമയില്‍ കഥാകൃത്ത് നിഴലനെക്കുറിച്ച് എഴുതാന്‍ തുടങ്ങി. അയാള്‍ രചിച്ച കഥയില്‍ നിഴലുകള്‍ വെറും വെളിച്ചത്തിന്റെ മറുപുറമല്ല, സ്വപ്നങ്ങളുടെയും ഓര്‍മ്മകളുടെയും പകല്‍ വെളിച്ചത്തില്‍ വഹിക്കാന്‍ കഴിയാത്ത നമ്മുടെ എല്ലാ ഭാഗങ്ങളുടെയും ഭണ്ഡാരമാണെന്ന് മനസ്സിലാക്കിയ ഒരു മനുഷ്യനെക്കുറിച്ചായിരുന്നു. അയാളുടെ കഥയുടെ അരികുകളില്‍ എവിടെയോ ശ്യാമയുടെ ആത്മാവ് ജീവിച്ചിരുന്നു - നഷ്ടപ്പെട്ടതും കണ്ടെത്തിയതും തമ്മിലുള്ള ഇടത്തില്‍ നിലനില്‍ക്കുന്ന ശാശ്വത സാന്നിധ്യമായി.
കഥാകൃത്തിന്റെ ആഖ്യാനം വായനക്കാരുടെ മുന്നില്‍ ചലച്ചിത്രം പോലെ വിരിഞ്ഞു. വാസ്തവത്തില്‍ ഒരു ഹ്രസ്വചിത്രത്തിന്റെ എല്ലാ ഗുണങ്ങളും അതിനുണ്ടായിരുന്നു. പാലക്കാടന്‍ ഗ്രാമത്തിന്റെ ഭംഗി, പ്രേമത്തിന്റെ മാധുര്യം, വേര്‍പാടിന്റെ വേദന, നിഴലുകളോടുള്ള പോരാട്ടം - എല്ലാം ദൃശ്യകാവ്യത്തിന്റെ മനോഹാരിതയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ആ ആഖ്യാനം വായിക്കുന്ന ഓരോരുത്തരിലുംകഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതുപോലെമുന്നിലെത്തിയിരുന്നു - എഴുത്തിന്റെയും സിനിമയുടെയും അതിരുകള്‍ ഇല്ലാതാക്കുന്ന ഒരു കലാസൃഷ്ടിയായി അതു മാറി.
നിഴലുകള്‍
മരങ്ങളും കാടും പൊന്തയും നിറഞ്ഞു നില്‍ക്കുന്ന കോളജ് ക്യാമ്പസിനകത്തെ മണ്‍പാതയില്‍ വെച്ചേപ്പോഴോ ആണ് വിനയന്‍ ആദ്യമായി ശ്യാമയെ കാണുന്നത്. പിന്നീടൊരിക്കല്‍ വരാന്തയിലൂടെ കാമറയും തൂക്കി നടന്നുപോകുമ്പോള്‍, സായാഹ്ന വെളിച്ചത്തില്‍ അവള്‍ സംഭാഷണശകലങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞ് അഭ്യസിക്കുന്നതുകൂടി കണ്ടപ്പോഴാണ്, വിനയന്‍ അവളെ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അവളുടെ ശബ്ദംഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തേക്ക് പുകപോലെ ഒഴുകിപ്പടര്‍ന്നുകൊണ്ടിരുന്നു.
'നീ എന്നെയാണോ നോക്കുന്നത്, അതോ വെളിച്ചത്തെയാണോ?' തിരിഞ്ഞു നോക്കാതെ അവള്‍ ചോദിച്ചു.
'വെളിച്ചം നിന്റെ ദൃഷ്ടിക്കായി എങ്ങനെ ആഗ്രഹിക്കുന്നുവെന്നറിയാനാണ് എന്റെ നോട്ടം,' ആ ഡയലോഗും കഴിഞ്ഞപ്പോള്‍ കാമറയുമായി നിഴലുകളില്‍നിന്ന് വിനയന്‍പുറത്തേക്ക് വന്നു.
അവര്‍ ഇരുവരും പാലക്കാട്ടുകാരായിരുന്നു,ഒരേ വയസ്സുകാരും. വിനയന്റെ പ്രധാന അഭിനിവേശമായിരുന്നു വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫി, എന്നാല്‍ സാഹചര്യങ്ങള്‍ അവനെ നഗരത്തിലെ ഈ കോളജിലെത്തിച്ചു. ശ്യാമ സ്റ്റേജിന് വേണ്ടി ജനിച്ചവളായിരുന്നു. നാടകപഠനമായിരുന്നു അവളുടെ ഇഷ്ടവിഷയം എങ്കിലും വിധി
അവളെയും എത്തിച്ചത് അതേ കലാലയത്തിലായിരുന്നു. എന്നാണ് അവര്‍അനുരാഗബദ്ധരായതെന്ന് ഓര്‍ത്തെടുത്താല്‍ അതൊരു നാടകയരങ്ങില്‍ വെച്ചാണ് എന്നു പറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കും. നാടകം അവള്‍ക്കു ജീവനായിരുന്നതുപോലെ വിനയനും ആയിത്തുടങ്ങുന്നത് സഹവാസം കൊണ്ടുതന്നെയാവണം.
വളഞ്ഞുപുളഞ്ഞ ഗ്രാമത്തിലെ റോഡുകളിലൂടെയുള്ള മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ കാമുകന്റെ അരക്കെട്ടില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ശ്യാമ പറയും:
'ചിലപ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് നമ്മള്‍ മറ്റാരുടെയോ കഥയ്ക്കുള്ളില്‍ ജീവിക്കുകയാണെന്ന്.'
'അപ്പോഴാണ് നമുക്ക് നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങളെ കണ്ടെത്താനുള്ള യാത്രപോകാന്‍ കഴിയുന്നത്,'
വിനയന്‍ കാറ്റിനോടെന്ന പോലെ തിരിഞ്ഞു നോക്കാതെ മറുപടി പറയും.
സോണല്‍ മത്സരത്തിന് മൂന്നുമാസം മുന്‍പാണ് ശ്യാമ ഒരു നാടകവുമായി അവനെ സമീപിക്കുന്നത്. മരിച്ചുപോയ തന്റെ പ്രണയിനിയുടെ വീട്ടിലേക്ക് യാത്രപോകുന്ന ഒരു യുവാവിന്റെ കഥ.
'എന്താണ് നാടകത്തിന്റെ പേര്?' വിനയന്‍ ചോദിച്ചു.
'നിഴലുകള്‍.' അവള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
സ്റ്റേജും സജ്ജീകരണങ്ങളും ലളിതമായിരുന്നു - ഒരു കസേരയും ഒരു ജനല്‍ ഫ്രെയിമും മാത്രം. കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്തേക്ക് യുവാവ് മടിച്ചുമടിച്ച് പ്രവേശിക്കുന്നു, അവന്റെ കാലടി ശബ്ദം നിശ്ശബ്ദതയില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
'നിന്റെ അസാന്നിധ്യത്തിന്റെ രൂപം നമ്മുടെ ഓര്‍മ്മകളാണ്,' അവന്റെ ശബ്ദം ചെറുതായി ഇടറി.
ഒരു നിഴല്‍ ഭിത്തിയില്‍ കൂടി നീങ്ങാന്‍ തുടങ്ങി. ആ ഛായയ്ക്ക് ശ്യാമയുടെ ശബ്ദമായിരുന്നു, എങ്കിലും അവള്‍ പ്രത്യക്ഷപ്പെട്ടില്ല.
'മറക്കുക എന്നത് ഓര്‍ക്കുന്നതിന്റെ വിപരീതമല്ല പ്രിയനേ. അത് സൂക്ഷിക്കുന്നതിന്റെ മറ്റൊരു രൂപമാണ്.'
'എന്നാല്‍ നീ പോയിക്കഴിഞ്ഞു...'അവന്‍ പറഞ്ഞു.
'പോയി എന്നത് എല്ലായിടത്തും ഒരേ സമയത്ത് ഉണ്ടെന്നുള്ളതിന്റെ മറ്റൊരു വാക്കാണ്. ഈ ജനലിലൂടെ വരുന്ന പ്രഭാതവെളിച്ചത്തില്‍, രാത്രികാറ്റിനോട് നീ ചോദിക്കുന്ന ചോദ്യങ്ങളില്‍...' നിഴല്‍ പറഞ്ഞു.
യുവാവ് മുട്ടുകുത്തി. 'വിട പറയാനാണ് ഞാന്‍ വന്നത്.'
'വിട അവസാനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. നമ്മള്‍ ഒരവസാനമല്ല - നമ്മള്‍ ഒരു പരിവര്‍ത്തനമാണ്. ഞാന്‍ ഇപ്പോള്‍ നിഴലാണ്, നീ വെളിച്ചവും. ഒരുമിച്ച്, നമ്മള്‍ ലോകത്തെ പ്രകാശമാനമാക്കുന്നു.' നിഴല്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
വെളിച്ചം പതുക്കെ മങ്ങിത്തുടങ്ങിയപ്പോള്‍ നിഴല്‍ ഇരുട്ടില്‍ ദൃശ്യമാവാന്‍ തുടങ്ങി, യാഥാര്‍ത്ഥ്യത്തേക്കാള്‍ യഥാര്‍ത്ഥമായി തോന്നുന്ന ഒരു സാന്നിദ്ധ്യം.
തൃശൂര്‍ ടൗണ്‍ ഹാളിലെ ഡി. സോണ്‍ മത്സരത്തില്‍ അവരുടെ പ്രകടനം അത്രയും ഗാഢമായ മൗനം സൃഷ്ടിച്ചു, പ്രേക്ഷകരില്‍ ചിലര്‍ സ്റ്റേജില്‍ ഒരു മൂന്നാം സാന്നിദ്ധ്യം കണ്ടുവെന്ന് അവകാശപ്പെട്ടു. അവര്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ ശ്യാമ വിനയന്റെ ചെവിയില്‍ പതിയെ മന്ത്രിച്ചു: 'നമ്മള്‍ അഭിനയം നിര്‍ത്തിയതുകൊണ്ടാണ് വിജയിച്ചത്. നമ്മള്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥ തന്നെ ആയിത്തീര്‍ന്നു.'
ഇന്റര്‍സോണ്‍ മത്സരത്തിന് മൂന്നുദിവസം മുന്‍പാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള കാട്ടുപാതയില്‍ അവരുടെ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പെടുന്നത്. രക്തത്തില്‍ കുളിച്ചു കിടക്കുമ്പോഴും ശ്യാമ തന്റെ പ്രിയപ്പെട്ടവനോട് മന്ത്രിച്ചുകൊണ്ടിരുന്നത്:
'വിനൂ, ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു നിഴലായി മാറാന്‍ പോകുകയാണെന്ന് തോന്നുന്നു.' എന്നാണ്
മൂന്നുമാസം കഴിഞ്ഞ്കോമയില്‍നിന്ന് ഉണരുമ്പോള്‍ വിനയന്‍ ഒരു വിചിത്ര വിശ്വാസത്തിന്റെ ചിന്തയിലായിക്കഴിഞ്ഞിരുന്നു. അവന് എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നിയിരുന്നില്ല എന്തോ നേടിയിരിക്കുന്നു എന്ന തോന്നലായിരുന്നു അവന്റെ പെരുമാറ്റങ്ങളില്‍ അപ്പോഴും. ശ്യാമയുടെ വേര്‍പാട് അവന്‍ മനസ്സിലാക്കിയിരുന്നോ എന്ന് ആര്‍ക്കും അവനില്‍ നിന്ന് വേര്‍ത്തിരിച്ചെടുക്കാനാവുന്നില്ലായിരുന്നു. വിനയന്‍ അപ്പോഴേക്കും രണ്ടു ലോകങ്ങളിലേയും കാഴ്ചകള്‍ കാണാന്‍ കഴിയുന്ന മാനസീകനിലയിലേക്കെത്തിയിരുന്നു: വെളിച്ചത്തിന്റെ ലോകവും ശ്യാമ നിറഞ്ഞുനില്‍ക്കുന്ന നിഴലുകളുടെ ലോകവും.
അല്‍പ്പകാലങ്ങള്‍ക്കു ശേഷം അവന്‍ നഗരത്തിന്റെ തെരുവുകളിലേക്ക് നിഴലുപോലെ ഒഴുകിവന്നു: 'നിഴലുകള്‍ വില്‍പ്പനയ്ക്ക്! പുതിയ നിഴലുകള്‍! ജീവനുള്ള നിഴലുകള്‍!'
ആളുകള്‍ അവന്‍ ഭ്രാന്തനാണെന്നു പ്രഖ്യാപിച്ചു. എന്നാല്‍ വിനയന് അവര്‍ക്കാര്‍ക്കും കാണാന്‍ കഴിയാത്തത് കാണാമായിരുന്നു - ഓരോ മനുഷ്യനും ഒന്നിലധികം നിഴലുകള്‍ സൃഷ്ടിക്കുന്നു. അവര്‍ ആരാണോ, അവര്‍ ആരാണെന്ന് നടിക്കുന്നുവോ, അവര്‍ ആരാകുമെന്നു ഭയപ്പെടുന്നുവോ അതിന്റെ നിഴല്‍. വെളിച്ചവും ഇരുട്ടും തമ്മിലുള്ള നൃത്തത്തില്‍ നിഴലുകള്‍ അഭാവമല്ല, സാന്നിധ്യത്തിന്റെ മറ്റൊരു രൂപമാണെന്ന് അവന്‍ മനസ്സിലാക്കി.
ഒരു സന്ധ്യയില്‍ തെരുവു മൂലയിലെവിടെയോ നിന്നുകൊണ്ട് അവന്‍ നിലത്ത് നീണ്ടുകിടന്നിരുന്ന സ്വന്തം നിഴലിലേക്ക് നോക്കി. ഒരു നിമിഷം അത് സ്വതന്ത്രമായി കൈവീശുന്നതുപോലെ അവനു തോന്നി.
'നമ്മള്‍ ഒരവസാനമല്ലല്ലോ?' അവന്‍ നിഴലിനോട് മന്ത്രിച്ചു. 'നമ്മള്‍ ഒരു പരിവര്‍ത്തനമാണ്.'
നിഴല്‍ തലയാട്ടി, ആ ആംഗ്യത്തില്‍ ഭൂതവും വര്‍ത്തമാനവും, ഓര്‍മ്മയും യാഥാര്‍ത്ഥ്യവും, വെളിച്ചവും ഇരുട്ടും ഒന്നായി നൃത്തം ചെയ്തു.
ചിലപ്പോള്‍, വിനയന്‍ മനസ്സിലാക്കിയിരുന്നിരിക്കണം, ഏറ്റവും യഥാര്‍ത്ഥമായ കാര്യങ്ങള്‍ നിഴലുകളില്‍ മാത്രമേ കാണാന്‍ കഴിയൂ.
ശുഭം
എല്ലാവര്‍ക്കും കഥ ഇഷ്ടമായി - വാക്കുകളുടെ നിഗൂഢമായ ശക്തി അവരെയും തൊട്ടിരുന്നു. കൂട്ടുകാര്‍ ചേര്‍ന്ന് അതൊരു ഷോര്‍ട്ട് ഫിലിമായി രൂപാന്തരപ്പെടുത്തി. കാമറയുടെ കണ്ണുകളിലൂടെ അവന്റെ കഥാപാത്രം ജീവിച്ചു തുടങ്ങി. ഭ്രാന്തന്റെ രൂപസാദൃശ്യം പൂര്‍ണമായി വന്നപ്പോള്‍ - അല്ലെങ്കില്‍ അവന്റെ ഉള്ളിലെ ഭ്രാന്ത് പുറത്തേക്കൊഴുകിയപ്പോള്‍ - വീഡിയോ വൈറലായി. ഇന്റര്‍നെറ്റിന്റെ അദൃശ്യമായ ചരടുകളിലൂടെ ആ ചിത്രം പടര്‍ന്നുപിടിച്ചു. ആയിരങ്ങള്‍ അവനെക്കണ്ടു, ചിരിച്ചു, പങ്കുവച്ചു. എന്നാല്‍ അവരാരും അറിഞ്ഞില്ല, സ്‌ക്രീനിലെ ആ മുഖത്തിനു പിന്നില്‍ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കുടുങ്ങിക്കിടക്കുന്നുവെന്ന്. കഥാകൃത്തിന് അന്നുരാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. തന്റെ കഥയിലെ നായകന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ആളാണ് എന്നതിനാല്‍ അയാളുടെ ഉത്തരവാദിത്വ ബോധം അയാളില്‍ പുതിയ ചുമതലകള്‍ നിറച്ചു.
'നമ്മള്‍ അയാളെ ഉപയോഗിച്ചു, അയാള്‍ സുഹൃത്തുക്കളോട് പറഞ്ഞു, നമ്മുടെ കലയ്ക്കായി അയാളുടെ വേദനയെ നമ്മള്‍ വിനോദമാക്കി. നമുക്ക് അയാളോട് കടപ്പാടുണ്ട്.
മറ്റൊരു സുഹൃത്ത് പറഞ്ഞു: 'നമുക്ക് എന്തു ചെയ്യാന്‍ കഴിയും? നമ്മള്‍ ഡോക്ടര്‍മാര്‍ അല്ലല്ലോ? '
'കുറഞ്ഞത് അയാള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയെങ്കിലും വേണ്ടേ.' കഥാകൃത്ത് പറഞ്ഞു.
അവര്‍ അയാളെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായത്തോടെ, ചികിത്സക്കായി മനസീകാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു പോയി.
ആശുപത്രിയിലെ ചികിത്സയില്‍ അവന്റെ മനസ്സിലെ ക്രമക്കേടുകള്‍ പതുക്കെ ക്രമത്തിലേക്ക് മടങ്ങിവന്നു. എങ്കിലും സ്വന്തം നിഴല്‍ നഷ്ടപ്പെട്ടുപോയെന്ന ഭ്രമം അയാളില്‍ നിലനിന്നു. ശ്യാമയുടെ മരണത്തോടെ തന്റെ ഛായ അവളെ പിന്തുടര്‍ന്നുപോയെന്ന് അയാള്‍ വിശ്വസിച്ചു. എന്നിരുന്നാലും മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കാന്‍ തന്റെ ദുഃഖത്തിന്റെ നിഴലില്‍ അയാള്‍ ജീവിച്ചു.
മാനസിക കേന്ദ്രത്തിലെ മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ കുട്ടികളെ വിളിച്ച്അയാളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ശ്രമിക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഏകാന്തതയും ചുമരുകള്‍ക്കുള്ളിലെ ജീവിതവും അയാളെ വീണ്ടും പഴയ ലോകത്തേക്ക് നയിക്കും എന്ന്ഡോക്ടര്‍ ആശങ്കപ്പെട്ടു. അദ്ദേഹത്തിന്റെ ശബ്ദത്തിന് അനുഭവത്തിന്റെ ഭാരം ഉണ്ടായിരുന്നു. ചില മനസ്സുകള്‍ മരുന്നുകളാലല്ല മറിച്ച് മണ്ണിന്റെ ഗന്ധം, കാറ്റിന്റെ സ്പര്‍ശം, കുയിലിന്റെ നാദം, പ്രിയപ്പെട്ടവരുടെ സ്‌നേഹം ഇവയൊക്കെയാലാണ്ജീവിതത്തിലേക്ക് തിരിച്ചു വരിക എന്നയാള്‍ക്ക് അറിയാമായിരുന്നു.
സാമൂഹിക പ്രവര്‍ത്തകരും ഡോക്ടറും ചേര്‍ന്ന് അവനെ നാട്ടിലേക്ക് അയച്ചു. കുട്ടികള്‍ എല്ലാവരും കൂടി ഒരു സഹപാഠിയുടെകാറിലാണ് യാത്ര. നെല്‍ക്കൃഷിയുടെ പച്ചയും മഞ്ഞയും ചേര്‍ന്ന മേടുകള്‍, വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയുടെ കൈവഴികള്‍, ചെറിയ കുളങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന ആമ്പല്‍പ്പൂക്കള്‍, കരുവേലകത്തിന്റെ നിഴലുകള്‍ - എല്ലാം ഒരു സ്വപ്ന ശകലങ്ങള്‍ പോലെ നീണ്ടു കിടന്നു.
നായകന്‍ കാറിന്റെ പിന്‍സീറ്റില്‍ പശ്ചിമഘട്ട മലനിരകളിലേക്ക് നോക്കിക്കിടന്നു. ആ മലകള്‍ ഇരുണ്ട നിറത്തില്‍ നിന്ന് പലപ്പോഴും കടുംപച്ചനിറത്തിലേക്ക് മാറിക്കൊണ്ടിരുന്നു, മേഘങ്ങള്‍ അവയുടെ കൊടുമുടികളില്‍ മൃദുവായി ചേര്‍ന്നിരുന്നു. കണ്ണുകളില്‍ ആ ദൃശ്യം പതിഞ്ഞപ്പോള്‍, അയാളുടെ മനസ്സിനുള്ളില്‍ എന്തോ മിന്നിമറഞ്ഞു. ആശുപത്രിയിലെ നിര്‍ജീവമായ വെളിച്ചത്തിനുപകരം ഇപ്പോള്‍ സൂര്യപ്രകാശത്തിന്റെ സ്വര്‍ണനിറം അവനിലേക്ക് ഒഴുകിക്കയറാന്‍ തുടങ്ങിയിരിക്കുന്നു.
കാറിന്റെ എഞ്ചിന്‍ ശബ്ദം പതുക്കെ മാന്ത്രിക ഈരടികളായി മാറി. റോഡിലെ കുഴികളും വളവുകളും അവനെ ഒരു പുതിയ താളത്തിലേക്ക് കൊണ്ടുപോയി. കഥാകൃത്തിന്റെയും കൂട്ടുകാരുടെയും സംഭാഷണശകലങ്ങള്‍ ദൂരെ നിന്നുള്ള മുഴക്കം പോലെ അയാള്‍ കേട്ടു. ഇത് വെറുമൊരു യാത്രയല്ലെന്ന് അയാള്‍ അറിയുന്നുണ്ടായിരുന്നു. ഇതൊരു തിരിച്ചുപോക്കാണ്. നഷ്ടപ്പെട്ട സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്ക്.
മലകള്‍ അടുത്തടുത്തായി വന്നുകൊണ്ടിരുന്നു. അവയുടെ വിചിത്രമായ നിഴലുകള്‍ കാറിനു മേല്‍ വീഴാന്‍ തുടങ്ങി.
അസാധാരണവും വ്യത്യസ്തവുമായ ഈ നിഴലുകള്‍, ലോകത്തിന്റെ സാധാരണ നിയമങ്ങള്‍ക്കെതിരായി ഉയരുന്ന ഭ്രാന്തിന്റെ അസാധാരണ കലാപം പോലെ അയാള്‍ക്കു തോന്നി. ഭ്രാന്ത് ഓരോ കാലഘട്ടത്തിലും ലോകത്തെ ഉപദേശിക്കാന്‍ വരുന്ന നിശ്ശബ്ദ ദാര്‍ശനികമാണെങ്കില്‍, ഈ നിഴലുകളും അതുപോലെത്തന്നെയായിരുന്നു.
കാര്‍ ഇപ്പോള്‍ കൊല്ലങ്കോട് പാടശേഖരങ്ങളുടെ നടുവിലൂടെ ഓടുകയാണ്. പൊള്ളാച്ചി റൂട്ടിലേക്കാണ് അവരുടെ യാത്ര. ഒരു ചെറിയ കവലയും കടന്ന് വാഹനം ഒരു ചെമ്മണ്‍ പാതയിലേക്ക് തിരിഞ്ഞു. മലയാളിത്തം അല്‍പ്പം കുറഞ്ഞ ചില ആളുകള്‍ നടന്നു നീങ്ങുന്നുണ്ട്.
അവര്‍ അപ്പോഴാണത് ശ്രദ്ധിക്കുന്നത് - എല്ലാവരുടെയും നിഴലുകളുടെ രൂപഭാവങ്ങള്‍ മാറിയിരിക്കുന്നു. ഒരാളുടെ നിഴല്‍ അയാളുടെ കാലുകളില്‍ കുരുങ്ങിപ്പിടിച്ചിരിക്കുന്നു, മറ്റൊരാളുടേത് അയാളെ മുന്നിലേക്ക് വലിച്ചിഴക്കുന്നതുപോലെ. കുട്ടികളുടെ നിഴലുകള്‍ മാത്രം സ്വതന്ത്രമായി നൃത്തം ചെയ്യുന്നു, അവരുടെ നിഷ്‌കളങ്കമായ ഭാവിയുടെ സാധ്യതകള്‍ പോലെ.
കുറച്ചു ദൂരം സഞ്ചരിച്ചു കാണണം. ഇടതുവശത്തു കണ്ട ഒരു പെട്ടിക്കടക്കു സമീപം അവര്‍ കാര്‍ ഒതുക്കി. കഥാകൃത്ത് ഇറങ്ങി കടയിലുള്ള ആള്‍ക്ക് കയ്യിലുള്ള കവര്‍ നീട്ടി. കടക്കാരന്‍ അതില്‍ നിന്നൊരു കത്തു തുറന്നു വായിച്ചു. അയാളുടെ മുഖത്ത് ഒരു വിചിത്രമായ ഭാവം പ്രകടമായി, ആ ഗ്രാമീണന്‍ തന്റെ കടയില്‍ നിന്ന് ഇറങ്ങി വന്ന് കാറിലിരിക്കുന്ന ആളെക്കണ്ട് കണ്ണു തുറിച്ചു. അയാളുടെ മുഖം വിവര്‍ണ്ണമാവാന്‍ തുടങ്ങി.
'അയ്യോ, നിങ്ങള്‍ ആരാണ്? എന്തിനാണ് അയാളെത്തിരയുന്നത്?'
മറുപടിയുമായി എഴുത്തുകാരന്‍ കച്ചവടക്കാരന്റെ തോളില്‍ കയ്യിട്ട് മുന്നോട്ട് നടന്നു നീങ്ങി.
'അയാളും ശ്യാമയും പ്രണയിതാക്കളായിരുന്നു എന്ന കഥയിലെ ആദ്യ ഭാഗം ശരിയായിരുന്നു,' കഥകൃത്തിനുള്ള മറുപടിയുമായി കച്ചവടക്കാരന്‍ പറഞ്ഞു തുടങ്ങി. 'പക്ഷേ നിഴലന്റെ പേര് വിനയന്‍ എന്നല്ല, രവി എന്നാണ്. വളരെ വിപ്ലവകരമായ വിവാഹത്തിനു ശേഷം പണക്കാരനായ അയാളും പാവപ്പെട്ടവളായ അവളും നല്ലൊരു കുടുംബ ജീവിതം തുടങ്ങിയതായിരുന്നു.'
'ശ്യാമ തിയേറ്റര്‍ ഞങ്ങളുടെ നാട്ടിലെ ഒരേയൊരു സിനിമ തിയേറ്റര്‍ ആയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് സിനിമാ മോഹം തലയ്ക്കു പിടിച്ച് രവി ഒരു സിനിമ നിര്‍മ്മിക്കുന്നത്. 'നിഴല്‍കള്‍ വാഴ്വതില്ലൈ ' എന്നായിരുന്നു സിനിമയുടെ പേര്.'
കച്ചവടക്കാരന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴേയ്ക്കും ചുറ്റുമുള്ള നിഴലുകള്‍ ചലനാത്മകമാവാന്‍ തുടങ്ങി. പാടശേഖരങ്ങളിലെ നിഴലുകള്‍ പതുക്കെ സിനിമയുടെ രംഗങ്ങള്‍ പോലെ കളിച്ചു തുടങ്ങി.
'സിനിമ എട്ടുനിലയില്‍ പൊട്ടി. സാമ്പത്തിക ബാധ്യതകള്‍ അയാളെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കി. അയാളുടെ വഴിവിട്ട ജീവിതത്തെത്തുടര്‍ന്ന് അവര്‍ തമ്മില്‍ വഴക്കിടുകയും അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തു.'
കഥ പറയുമ്പോള്‍ കടക്കാരന്റെ കാലുകള്‍ക്കടിയില്‍ പതുക്കെ ഒരു നിഴല്‍ രൂപപ്പെടാന്‍ തുടങ്ങി. പഴയ ഓര്‍മ്മകള്‍ വീണ്ടും ജീവിക്കുമ്പോള്‍ ഛായ തിരിച്ചുവരുന്നതുപോലെ.
'തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ശ്യാമ അവളുടെ വീട്ടിലേക്ക് പോയി. രവി കയ്യിലുള്ളതും കടം വാങ്ങിയതും അവളുടെ ആഭരണങ്ങളും എല്ലാം വിറ്റു തുലച്ച് കൂടുതല്‍ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടു.'
നിസ്സഹായാവസ്ഥയില്‍ ശ്യാമ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നു,' കടക്കാരന്റെ വാക്കുകള്‍ വായുവില്‍ തൂങ്ങിനിന്നു. 'അന്ന് മുതല്‍ അയാളുടെ ഛായ അയാളെ വിട്ടുപോയി. അന്നു മുതല്‍ രവി സ്വന്തം നിഴലിനെ തേടി നടക്കുകയാണ്. മറ്റു നിഴലുകള്‍ കാണുമ്പോള്‍ വില്‍പ്പനക്ക് ശ്രമിക്കുകയാണ്. നിഴല്‍ ഇല്ലാത്ത മനുഷ്യന് ആത്മാവില്ല എന്ന് പറയുന്നതു കേട്ടിട്ടില്ലേ എല്ലാം വെടിഞ്ഞ് അവളിലേക്കുള്ള പ്രയാണം തുടങ്ങുന്നതിനുള്ള ശ്രമമമായിരിക്കാം ഒരു പക്ഷെ' കടക്കാരന്‍ പറഞ്ഞു നിര്‍ത്തി. ഇതിനിടയിലാണ് കാറില്‍ നിന്ന് രവി ഇറങ്ങി നിഴലിനു പിന്നാലെ ഓടാന്‍ തുടങ്ങുന്നത്. ഓടുമ്പോള്‍ അയാള്‍ അലറി അലറിച്ചിരിക്കുന്നുണ്ടായിരുന്നു. 'ശ്യാമേ... ശ്യാമേ... എന്റെ ഛായ തിരികെയെടുക്കൂ...' അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
കച്ചവടക്കാരനും കഥാകൃത്തും ഈ കാഴ്ചക്കണ്ട് കാറിനടുത്തേക്ക് നടന്നെത്തി. കഥാകൃത്ത് ചിന്തിച്ചു: ഈ മനുഷ്യന്‍ എന്തിനാണ് സ്വന്തം നിഴലിനെ വില്‍ക്കാന്‍ ശ്രമിക്കുന്നത്? ഛായ എന്നത് നമ്മുടെ ഭൂതകാലമാണോ? അതോ നമ്മുടെ യഥാര്‍ത്ഥ സ്വത്വമാണോ?
കടക്കാരന്‍ സംശയത്തോടെ ചോദിച്ചു: 'നിഴല്‍ വില്‍ക്കുവാനുള്ള ശ്രമം എന്നത് സ്വന്തം കഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്. പക്ഷേ നിഴല്‍ ഇല്ലാത്ത മനുഷ്യന്‍ എങ്ങനെ പൂര്‍ണ്ണനാകും?'
കാറിലെ മറ്റുള്ളവര്‍ ചിന്തിച്ചു: നിഴല്‍ എന്നത് നമ്മളിലെ ഇരുണ്ട വശമാണോ? അതോ നമ്മുടെ പൂര്‍ണ്ണതയുടെ ഭാഗമാണോ? നായകന്റെ കഷ്ടപ്പാടുകള്‍ അയാളുടെ നിഴലില്‍ അടങ്ങിയിരിക്കുന്നുണ്ടോ?
പശ്ചിമഘട്ട മലനിരകള്‍ക്ക് ചുവട്ടില്‍ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന കൊല്ലങ്കോട്ടെ പാടശേഖരങ്ങള്‍ക്കു മുകളില്‍, സൂര്യന്‍ പതുക്കെ മറയുമ്പോള്‍ നിഴലുകള്‍ നീണ്ടു തുടങ്ങി.
രവി തന്റെ നിഴലിനെത്തിരഞ്ഞ് അലയുകതന്നെയാണ്. അയാളുടെ കാലുകള്‍ക്കടിയില്‍ ഒരു ഇരുണ്ട രൂപരേഖ രൂപപ്പെടുന്നുണ്ടെങ്കിലും അത് അയാള്‍ക്ക് കാണാന്‍ കഴിയുന്നില്ല.
'ശ്യാമേ... എന്റെ ഛായ എവിടെ? എന്റെ ആത്മാവ് എവിടെ?' അയാള്‍ അലറി.
'എനിക്ക് എന്തുകൊണ്ട് സ്വന്തം നിഴല്‍ കാണാന്‍ കഴിയുന്നില്ല?'
'ആ ദിവസത്തിനുശേഷം... നീ പോയതിനുശേഷം... എനിക്കു തോന്നി തുടങ്ങി, എന്റെ നിഴലും നിനക്കുപിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു എന്ന്. എന്റെ സ്‌നേഹം, എന്റെ സന്തോഷം, എന്റെ ഭാവി എല്ലാം.'
അയാള്‍ ആഴത്തില്‍ നിശ്വസിച്ചു. 'പക്ഷേ ഇത്രയും കാലം ഞാന്‍ മറ്റുള്ളവര്‍ക്ക് നിഴല്‍ വിറ്റുകൊണ്ടിരുന്നു. എന്റെ കഷ്ടപ്പാടുകള്‍, എന്റെ ദുഃഖം, എന്റെ അനുഭവങ്ങള്‍ - അതെല്ലാം പലര്‍ക്കും ആശ്വാസമായി മാറിയിരിക്കുന്നു. എനിക്കില്ലാത്ത നിഴല്‍ എങ്ങിനെ അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു?'
മാനസീക സംഘര്‍ഷം അയാളുടെ ചിന്തകളെ അനന്തതയിലേക്ക് പായിച്ചുകൊണ്ടിരുന്നു.
കഥാകൃത്തിനും വലിയ ആന്തരിക പിരിമുറുക്കം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. 'ഞാന്‍ വിനയന്റെ കഥ എഴുതിയപ്പോള്‍, അത് എന്റെ ഭാവനയില്‍ നിന്ന് ഉത്ഭവിച്ച ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് കരുതിയിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ രവി എന്ന് പേരുള്ള ഒരു യഥാര്‍ത്ഥ മനുഷ്യന്‍ അതേ മാനസിക തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വിനയനും രവിയും വ്യത്യസ്ത വ്യക്തികളാണ്, എന്നാല്‍ അവരുടെ വേദനയുടെ സ്വരൂപം ഒന്നുതന്നെ.' കഥാകൃത്ത് ഓര്‍ത്തു.
'ഒരുപക്ഷേ ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ നിഴലായിരിക്കാം. എന്റെ കഥാപാത്രങ്ങള്‍ എവിടെയെങ്കിലും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നു, അവരുടെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. ഒരു കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തോട് മത്സരിക്കുന്ന ഒരു നിഴലാണോ? അതോ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണോ?' അയാള്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും നടുവില്‍ അകപ്പെട്ട് നിസ്സഹായനായി.
'മറ്റൊരാളുടെ വേദനയെ കലയാക്കി മാറ്റാനുള്ള അവകാശം എനിക്കുണ്ടോ? പക്ഷേ അതേ സമയം, എന്റെ വിനയനിലൂടെ രവിയുടെ കഥ ലോകത്തിന് കാണിച്ചുകൊടുത്തതിലൂടെ അവന് സഹായം കിട്ടുകയും ചെയ്തു.'
'നമ്മള്‍ അവന്റെ വേദനയെ വിനോദമാക്കി. അവന്റെ ഭ്രാന്തിനെ മീം ആക്കി. നമ്മുടെ വീഡിയോ വൈറലായപ്പോള്‍ നമ്മള്‍ ഫെയിമസായി, പക്ഷേ അവന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണുണ്ടായത്.'കഥാകൃത്ത് കൂട്ടുകാരോട് പറഞ്ഞു.
അയാളുടെ ആശങ്കകളോടുള്ള കൂട്ടുകാരുടെ പ്രതികരണം പ്രായോഗികതയിലൂന്നിയുള്ളതായിരുന്നു.
'നമ്മള്‍ അയാളെ ഇവിടെ തിരികെ കൊണ്ടുവന്നല്ലോ, ചികിത്സയും ഏര്‍പ്പാടാക്കി. അതൊക്കെ വളരെ നല്ല ആത്മാര്‍ഥ സമീപനങ്ങളല്ലേ?.'
'പക്ഷേ അതു മതിയാകുമോ?' കഥാകൃത്ത് ചോദിച്ചു.
'നമ്മള്‍ അയാളുടെ കഥ പറഞ്ഞ വിവരം അയാള്‍ക്ക് അറിയില്ല. മാത്രമല്ല നമ്മുടെ വേര്‍ഷനും അവന്റെ യഥാര്‍ത്ഥ ജീവിതവും ഒരുപാട് വ്യത്യാസവുമുണ്ട്!'
ഇതിനിടയില്‍ കടക്കാരന്‍ രവിയുടെ പഴയ കഥകള്‍ ഓര്‍ത്തെടുത്ത് എല്ലാവരോടുമായി പറയാന്‍ തുടങ്ങി.
'രവിയില്‍ നിന്നു തന്നെ കടക്കാരന്‍ അറിഞ്ഞതു പ്രകാരം, സിനിമയിലൂടെ ശ്യാമയ്ക്ക് അമരത്വം നല്‍കാനായിരുന്നു രവിയുടെ ആഗ്രഹം. 'നിഴല്‍കള്‍ വാഴ്വതില്ലൈ' എന്ന സിനിമയില്‍ ശ്യാമയെ നായികയായി തിരഞ്ഞെടുത്തതേ അതിനായിരുന്നു. അവളെ ലോകം എന്നേക്കുമായി ഓര്‍ത്തുവയ്ക്കാന്‍. പക്ഷേ സിനിമ പരാജയമായപ്പോള്‍ ശ്യാമക്ക് കടുത്ത നിരാശയുണ്ടായിരുന്നെത്രെ.'
കടക്കാരന്‍ തുടര്‍ന്നു: 'ട്രെയിന്‍ ദുരന്തത്തിന് മുന്‍പ് അവള്‍ അവസാനമായി അവനോട് പറഞ്ഞത് ഇതായിരുന്നു: 'രവി, നീ ഒരിക്കലും എന്റെ നിഴലായി തീരരുത്. നീ തന്നെ നിന്റെ വെളിച്ചം കണ്ടെത്തണം.'
ആ വാക്കുകള്‍ കേട്ടപ്പോള്‍ പെട്ടെന്ന് രവി നിന്നു. അയാളുടെ കണ്ണുകളിലെ വ്യക്തത തിരിച്ചുവരാന്‍ തുടങ്ങി.
' ശരിയാണ്, ശ്യാമ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വന്തം വെളിച്ചം കണ്ടെത്താന്‍. പക്ഷേ ഞാന്‍ അവളുടെ നിഴലില്‍ മറഞ്ഞുകൊണ്ടേയിരുന്നു. അവളുടെ ഓര്‍മ്മകളുടെ ഇരുട്ടില്‍ ജീവിച്ചുകൊണ്ടേയിരുന്നു.'
'മറ്റുള്ളവര്‍ക്ക് നിഴല്‍ വില്‍ക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്റെ വേദനയെ പങ്കുവയ്ക്കുകയായിരുന്നു. ആ വേദന വഹിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം കിട്ടിയിരുന്നു. പക്ഷേ എനിക്ക് തോന്നിയിരുന്നു ഞാന്‍ കേവലം നിഴല്‍ മാത്രമാണെന്ന്.'
രവി പതുക്കെ നിലത്തേക്ക് നോക്കി. സൂര്യാസ്തമയത്തിന്റെ സ്വര്‍ണപ്രകാശത്തില്‍ സ്വന്തം നിഴല്‍ അവന്‍ വ്യക്തമായി കണ്ടു.
ഇതിനിടയില്‍ കഥാകൃത്ത് രവിയുടെ അടുത്തേക്ക് നടന്നു ചെന്നു.
'രവി... എന്റെ പേര് അര്‍ജ്ജുന്‍. ഞാന്‍ ഒരു എഴുത്തുകാരനാണ്. നിന്നെ അറിയാതെ, വിനയന്‍ എന്ന പേരില്‍ നിന്നെപ്പോലെയുള്ള ഒരാളെക്കുറിച്ച് ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഞാന്‍ കരുതിയത് അത് എന്റെ ഭാവനയിലെ കഥാപാത്രമാണെന്നാണ്. പക്ഷേ ഇപ്പോള്‍ മനസ്സിലായി - നീയും വിനയനും രണ്ടുപേരാണെങ്കിലുംനിങ്ങളുടെ വേദനയുടെയും നഷ്ടത്തിന്റെയും മാനസിക തലങ്ങള്‍ ഒന്നുതന്നെയാണെന്ന്.'
രവി അര്‍ജ്ജുനെ നോക്കി. അവന്റെ കണ്ണുകളില്‍ കോപമോ വെറുപ്പോ ഇല്ലായിരുന്നു.
'നിന്റെ വിനയന്‍... എന്റെ പോലെയാണോ?'
'അതെ. അയാളും നിഴലിനെ തിരഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്കും തന്റെ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടു. അയാളുടെ പ്രണയവും പൂവിട്ടത്അഭിനയത്തിനിടയിലായിരുന്നു. വിശദാംശങ്ങള്‍ വ്യത്യാസമുണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ.'
അര്‍ജ്ജുന്‍ തുടര്‍ന്നു: 'ഒരുപക്ഷേ എഴുത്തുകാരും യാഥാര്‍ത്ഥ്യത്തോട് മത്സരിക്കുന്ന നിഴലുകളാണ്. അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ എവിടെയെങ്കിലും, ഏതെങ്കിലും രൂപത്തില്‍ ജീവിച്ചിരിക്കുന്നുണ്ടാവാം. സത്യത്തില്‍ നമ്മുടെ കലയും യാഥാര്‍ത്ഥ്യവും തമ്മില്‍ അദൃശ്യമായ ചരടുകള്‍ ഉണ്ട്.'
രവി പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറയാന്‍ തുടങ്ങി: 'ശ്യാമ പറയാറുണ്ടായിരുന്നു, കഥകള്‍ എന്നത് വെറും വാക്കുകളല്ല, അവയിലൂടെ ആളുകള്‍ പരസ്പരം തിരിച്ചറിയുന്നുണ്ട് എന്ന്. എന്റെ കഥ നിനക്കെങ്ങനെ അറിയാന്‍ കഴിഞ്ഞു? എന്റെ മനസ്സില്‍ നിന്ന് അത് നിന്റെ മനസ്സിലേക്ക്എങ്ങനെ പ്രവേശിച്ചു?'
അര്‍ജ്ജുന്‍ ചിന്തിച്ചു. 'ഒരുപക്ഷേ...എല്ലാവരുടെയും കഷ്ടപ്പാടുകള്‍ സമാനമാണ്. സ്‌നേഹവും വേര്‍പാടും നഷ്ടവും... ഇതെല്ലാം മനുഷ്യരുടെ പൊതുവായ അനുഭവങ്ങളാണ്.'
രവി തന്റെ നിഴലിലേക്ക് വീണ്ടും നോട്ടമയച്ചു. സൂര്യാസ്തമയത്തില്‍ അത് നീണ്ടു കിടക്കുന്നുണ്ടായിരുന്നു.
'എന്റെ നിഴല്‍ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു,' രവി മന്ത്രിച്ചു. 'ഞാനാണ് അതിനെ കാണാന്‍ വിസമ്മതിച്ചത്. കാരണം അതില്‍ എന്റെ കുറ്റബോധവും വേദനയും ഉണ്ടായിരുന്നു. പക്ഷേ അതില്‍ എന്റെ സ്‌നേഹവും ഓര്‍മ്മകളും കൂടി ഉണ്ടായിരുന്നു.'
അയാള്‍ പതുക്കെ കുനിഞ്ഞ് തന്റെ നിഴലില്‍ കൈ വച്ചു.
'ശ്യാമേ, നീ എന്റെ നിഴലില്‍ ജീവിക്കുന്നു. പക്ഷേ ഞാന്‍ നിന്റെ നിഴലായിത്തീരില്ല. ഞാന്‍ എന്റെ സ്വന്തം വെളിച്ചം കണ്ടെത്തും.'
രവി അര്‍ജ്ജുനോടും കൂട്ടുകാരോടും പറഞ്ഞു: 'നിങ്ങള്‍ എന്റെ കഥ പറഞ്ഞതിന് നന്ദി. അത് ഒരിക്കലും നുണയായിരുന്നുന്നില്ല. കഷ്ടപ്പാടുകള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അവ കുറയുന്നു എന്നല്ലേ പറയാറ്?'
'പക്ഷേ ഇനി ഞാന്‍ മറ്റുള്ളവര്‍ക്ക് നിഴല്‍ വില്‍ക്കില്ല. പകരം അവരെ സ്വന്തം നിഴലുമായി സൗഹൃദം കൂടാന്‍ ഞാന്‍ സഹായിക്കും. നിഴല്‍ എന്നത് ഭയക്കേണ്ട ഒന്നല്ല - അത് നമ്മുടെ പൂര്‍ണ്ണതയുടെ ഭാഗമാണ്.'
സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിച്ചപ്പോള്‍, എല്ലാവരുടെയും നിഴലുകള്‍ ഇരുട്ടില്‍ ലയിച്ചു. പക്ഷേ അവര്‍ എല്ലാവരും താന്താങ്ങളുടെ പൂര്‍ണ്ണതയോടെ അവിടെത്തന്നെ നിന്നു - നിഴലും വെളിച്ചവും ചേര്‍ന്ന സമ്പൂര്‍ണ്ണ മനുഷ്യരായി.
രാത്രി വീട്ടിലെത്തിയ അര്‍ജ്ജുന്‍ ചിന്തിച്ചു: 'രവിയുടെ കഥ ഞാന്‍ മാറ്റിയെഴുതും. വിനയനും രവിയും - രണ്ട് വ്യക്തികള്‍, എന്നാല്‍ ഒരേ മാനുഷിക സത്യത്തിന്റെ രണ്ട് പ്രതിഫലനങ്ങള്‍. എന്റെ കല്പനയിലെ വിനയനും യാഥാര്‍ത്ഥ്യത്തിലെ രവിയും തമ്മില്‍ അദൃശ്യമായ ഒരു പാലം ഉണ്ട്.'
'എല്ലാ കഥാകൃത്തുക്കളും യാഥാര്‍ത്ഥ്യത്തിന്റെ നിഴലുകളാണ്. നമ്മള്‍ സൃഷ്ടിക്കുന്ന എല്ലാ കഥാപാത്രങ്ങളും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നു, അവരുടെ വേദനകള്‍ അനുഭവിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ കഥകളും അവരുടെ ജീവിതവും പരസ്പരം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ്.'
'കഥകള്‍ വെറും വിനോദമല്ല. അവ യാഥാര്‍ത്ഥ്യത്തിന്റെ നിഴലുകളാണ്, സുഖപ്പെടുത്തുന്ന മരുന്നുകളാണ്. ആ മരുന്നിന്റെ ഉത്തരവാദിത്വപൂര്‍വ്വകമായ ഉപയോഗം വേണമെന്നു മാത്രം.'
പശ്ചിമഘട്ടത്തിന്റെ നിഴലില്‍ കൊല്ലങ്കോട് ഗ്രാമം സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നു. രവി തന്റെ പഴയ വീടിനടുത്തുള്ള ചെറിയ കുന്നിന്‍മേല്‍ ഇരുന്നു നക്ഷത്രങ്ങളെ കണ്ടു.
'ശ്യാമേ,' അയാള്‍ ആകാശത്തോട് മന്ത്രിച്ചു, 'നിന്റെ സ്‌നേഹം എന്റെ വെളിച്ചമായി മാറി. നിന്റെ ഓര്‍മ്മകള്‍ എന്റെ ബലമായി മാറി. ഞാന്‍ ഇനി നിന്റെ നിഴലല്ല - ഞാന്‍ നിന്റെ സ്‌നേഹത്തിന്റെ തുടര്‍ച്ചമാത്രം.'
രാത്രി കാറ്റില്‍ എവിടെനിന്നോ ഒരു മൃദുലമായ ശബ്ദം കേട്ടതായി അയാള്‍ക്ക് തോന്നി: 'പോയി എന്നത് എല്ലായിടത്തും ഒരേ സമയത്ത് ഉണ്ടെന്നുള്ളതിന്റെ മറ്റൊരു വാക്കാണ്...'
രവി പുഞ്ചിരിച്ചു. തന്റെ മനസ്സിന്റെയാണോ കാറ്റിന്റെയാണോ ആ ശബ്ദം എന്നതിന് പ്രധാന്യമില്ല. പ്രണയം എന്നത് മരണത്തേക്കാള്‍ ശക്തിയേറിയ ഒന്നാണെന്ന് അയാള്‍ മനസ്സിലാക്കി.
അടുത്ത പ്രഭാതം, രവി ഗ്രാമത്തിലെ കുട്ടികളോടൊത്ത് കളിക്കാന്‍ തുടങ്ങി. അവര്‍ക്ക് നിഴലുകളുടെ കഥകള്‍ പറഞ്ഞു കൊടുത്തു - നിഴലും വെളിച്ചവും ചേര്‍ന്ന് നടത്തുന്ന സുന്ദര നൃത്തത്തിന്റെ കഥകള്‍.
രവി തന്റെ സുഖപ്പെടലിന്റെ യാത്ര ആരംഭിച്ചു - മറ്റുള്ളവരെ സുഖപ്പെടുത്തുന്നതിലൂടെ സ്വയം സുഖപ്പെടുന്ന യാത്ര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates