

പൊതുശ്മശാനത്തിന്റെ പുകക്കുഴലിലൂടെ മനുഷ്യശരീരം പുകയായി ആകാശത്തേക്കുയര്‍ന്നു. പെയ്ത കനത്ത മഴയില്‍ പുകച്ചുരുളുകള്‍ കത്തിയമര്‍ന്ന ശരീരം പോലെ മാഞ്ഞുപോയി. പഴക്കമുള്ള കെട്ടിടത്തിന്റെ ചില ഓടുകള്‍ വീണു പോയിട്ടുണ്ടായിരുന്നു. കഴുക്കോലുകള്‍ ഒടിഞ്ഞു തൂങ്ങിയും കിടന്നു. അവിടേക്കുള്ള ഒരു മണ്‍പാതയൊഴിച്ചാല്‍ ചുറ്റും കാടുകള്‍ പടര്‍ന്ന് ശ്മശാനമൂകതയുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. ചിതയുടെ ചുറ്റിലും വീണു കിടന്ന ചാരത്തിനു മങ്ങിയ നിറമായിരുന്നു. കത്തിതീരാത്ത അസ്ഥിക്കഷണങ്ങളില്‍ ചിലത് മനുഷ്യനെ തുറിച്ചു നോക്കി. അനാഥശവങ്ങളുടെ ദഹനം പലപ്പോഴും പൂര്‍ത്തിയാവാറില്ല. ജീവിതം പോലെ അപൂര്‍ണ്ണമായ പ്രഹേളികയായി അതും മാറും.
ഉണ്ണിയേട്ടാ...... ഒരു സ്ത്രീയുടെ ഹൃദയം നുറുങ്ങിയ ശബ്ദം. ഉച്ചത്തില്‍ കരയുകയാണ്. കരഞ്ഞുകരഞ്ഞ് ഇടറിയ ശബ്ദത്തിന് അവരുടെ ജീവനോളം ആഴമുള്ളതു പോലെ തോന്നി. പക്ഷെ ആളെ കാണുന്നില്ല. അപ്പോഴാണ് ഭയന്ന് പോയത്... ചുറ്റിലും ആരുമില്ല. സംസ്‌കാരത്തിനായി എത്തിയിരുന്ന ജനക്കൂട്ടം കുടയുടെ കീഴിലും വാഹനങ്ങള്‍ക്കുള്ളിലുമായി അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു. ദൂരെ ചിലര്‍ നടന്നു മറയുന്നതു കാണാം എന്നതിനപ്പുറം വിജനമായിരുന്നു അവിടം.
എന്റെ ഉണ്ണിയേട്ടാ..... വീണ്ടു തേങ്ങലുയര്‍ന്നു. ആ ദിക്കിലേക്ക് മെല്ലെ ഞാന്‍ നടന്നു. വശങ്ങളിലൊന്നും ആരെയും കാണാനായില്ല. നടന്ന് കെട്ടിടത്തിന്റെ പിന്നിലെത്തി. അവിടെ കെട്ടിടത്തിന്റെ ഭിത്തിയില്‍ ചാരിയിരിക്കുകയാണൊരു സ്ത്രീ. പുറത്തു പെയ്യുന്ന ശക്തമായ മഴയില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ വസ്ത്രങ്ങള്‍ നനഞ്ഞുകുതിര്‍ന്നതൊന്നും അവരറിയുന്നില്ല. ചാരിയിരുന്നിരുന്ന അവര്‍ തളര്‍ന്ന് മെല്ലെ ചാഞ്ഞു വീഴുകയാണ്. ആളുകള്‍ ചവിട്ടിക്കുഴച്ച ചളിയിലേക്കവര്‍ മറിഞ്ഞു വീഴുമെന്ന് തോന്നിയപ്പോള്‍ അവരെ പിടിച്ചു നേരെയിരുത്തി.
എന്റെ ഉണ്ണിയേട്ടാ... അസ്തിത്വബോധം പോലും നഷ്ടം വന്ന ആ സ്ത്രീ ഉണ്ണിയെന്ന ആളായി സ്വയം മാറിയത് പോലെ. അവരുടെ തേങ്ങല്‍ പോലും ഉണ്ണിയേട്ടാ എന്നുള്ള വിളിയായി മാറിയിരിക്കുന്നു. മഴച്ചാലുകള്‍ അവരുടെ വസ്ത്രങ്ങളിലും ശരീരത്തിലും പടര്‍ത്തിയ തണുപ്പിനെ ചികഞ്ഞു നോക്കാനവര്‍ തുനിയുന്നില്ല. തണുപ്പില്‍ അവര്‍ മെല്ലെ വിറക്കാന്‍ തുടങ്ങി. ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ.. എന്ന വിളിയില്‍ ശ്വാസോഛ്വാസം പോലും അവസാനിക്കുകയാണ്.
നിങ്ങള്‍ ആരാണ്? എഴുന്നേല്‍ക്കൂ. ഈ കൊടും തണുപ്പിനെ നിങ്ങള്‍ക്ക് അതിജീവിക്കാനാവില്ല. അതിനുള്ള ആരോഗ്യവും നിങ്ങള്‍ക്കില്ല. വരൂ. വിജനമായ ഈ പ്രദേശത്തു ഇരുട്ട് പരന്നാല്‍ താഴെയെത്തുക ദുഷ്‌കരമാകും.
എത്ര ക്ഷണിച്ചിട്ടും അവര്‍ എഴുന്നേല്‍ക്കുന്നില്ല.. അവരെ മെല്ലെ എഴുന്നേല്‍പ്പിച്ചു. അധികം വെള്ളക്കെട്ടില്ലാത്ത കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്കവരെ മാറ്റിയിരുത്തി.
മരിച്ചയാളുടെ ആരാണ് നിങ്ങള്‍? ഉറ്റവരെന്നു പറയുന്നവരെല്ലാം മടങ്ങിപ്പോയല്ലോ. നിങ്ങള്‍ ഒറ്റക്ക് ഈ വിജനതയില്‍?
എന്റെ ഭര്‍ത്താവാണ് മരിച്ചത്.
അയാളുടെ ഭാര്യ മരിച്ചു പോയെന്നാണല്ലോ ബന്ധുക്കള്‍ പറഞ്ഞത്.
ഞാനാണ് ഭാര്യ. മരിച്ചത് എന്റെ ഉണ്ണിയേട്ടനാണ്. അവര്‍ എന്തോ പുലമ്പുന്നത് പോലെയാണെനിക്ക് തോന്നിയത്. അവരുടെ കണ്ണുനീര്‍ വറ്റിയ നേത്രങ്ങളുടെ ആഴം കണ്ടു ഞാന്‍ ഭയപ്പെട്ടു. അതിനുള്ളിലേക്ക് ഞാന്‍ നോക്കിയില്ല. എന്നോട് സംസാരിക്കാനായി ഇടയ്ക്കിടെ അത് പുറത്തേക്ക് തള്ളിവരുന്നത് മാത്രം ഞാന്‍ പേടിയോടെ നോക്കുകയും ശ്രവിക്കുകയും ചെയ്തു.
ഞാനാണ് ഭാര്യ. ഞാന്‍ മരിക്കാതെ ജീവനോടെയിരിക്കുന്നത് കാണാനാവുന്നില്ലെ നിങ്ങള്‍ക്ക്. എന്റെ ഉണ്ണിയേട്ടാ... എഴുന്നേല്‍ക്കൂ.
നിങ്ങളെ വീട്ടില്‍ വിടാന്‍ ഞാന്‍ സഹായിക്കാം. ഞാനവരെ കൈപിടിച്ചുയര്‍ത്തി. കെട്ടിടത്തിന്റെ മുന്‍വശത്ത് കൊണ്ടുവന്നു തൂണില്‍ ചാരിയിരുത്തി. കുടിക്കുവാന്‍ വെള്ളം കൊടുത്തു. അതിലിത്തിരി അവര്‍ മോന്തി. കുഴിഞ്ഞ കണ്ണുകള്‍ പുറത്തു വന്ന് വിദൂരതയിലേക്ക് തുറിച്ചു നോക്കി.
എന്റെ ഉണ്ണിയേട്ടനെ ആര്‍ക്കും വേണ്ടായിരുന്നു. എല്ലാരും ആട്ടിപ്പുറത്താക്കിയതാ. വീട്ടുകാരും ബന്ധുക്കളും മക്കളുമെല്ലാം. ഞാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ അദ്ദേഹത്തെ സ്‌നേഹിക്കാന്‍. എനിക്കും ഉണ്ണിയേട്ടന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. ഈ ലോകം ഞങ്ങളുടേത് മാത്രമായിരുന്നു. സ്ത്രീ എന്തെല്ലാമോ ഒക്കെ പറയുകയാണ്. അവരുടെ ഹൃദയങ്ങളില്‍ വിരിഞ്ഞ വാക്കുകള്‍ക്ക് പക്ഷെ നൈര്‍മല്യത്തിന്റെ തെളിമയുണ്ടെന്ന് തോന്നി.
അസാന്മാര്‍ഗിയായ ഒരു മനുഷ്യന്റെ മരണം തന്നെയായിരുന്നു ഇത്. ലക്ഷ്യബോധമില്ലാതെ ജീവിച്ചയാള്‍. ആരോടും കടപ്പാടില്ലാത്തയാള്‍. സ്വന്തം ശരികള്‍ക്ക് പിന്നാലെയോടി ജീവിതം തകര്‍ത്തയാള്‍. ഒരിടത്തും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരിടത്തും തിരുത്തിയുമില്ല. മദ്യപാനം, വ്യഭിചാരം, വഴക്കുകള്‍. ഉണ്ണിയേട്ടനങ്ങനെ തന്നെ ആയിരുന്നു. അതായിരുന്നു ഉണ്ണിയേട്ടന്‍. സ്ത്രീയുടെ വാക്കുകളില്‍ ഭ്രാന്തമായ എന്തോ അവ്യക്തതകള്‍ ചിതറിക്കിടക്കുന്ന പോലെ തോന്നിത്തുടങ്ങി. അവര്‍ കുറെ നിശ്വാസങ്ങളില്‍ ഏറെ നേരം കുടുങ്ങിക്കിടക്കുകയും ചങ്കിലിടിക്കുകയും ചെയ്തു. അപ്പോഴൊക്കെ അവരെ പിന്തിരിപ്പിക്കാന്‍ ആവുന്നത് ചെയ്യുവാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്തു.
ആദ്യം മറ്റൊരാളെ വിവാഹം ചെയ്തത് ഉണ്ണിയേട്ടന്റെ ഇഷ്ടപ്രകാരമായിരുന്നില്ല. അവള്‍ ഉണ്ണിയേട്ടനെ ചതിച്ചതാണ്. അവളുടെ ജോലിയുടെ പത്രാസ്സില്‍ അങ്ങേരെ മയക്കി. മക്കളുണ്ടായി ..പക്ഷേ ജീവിക്കാന്‍ ദൈവം അനുവദിച്ചില്ല. എന്റെ ഉണ്ണിയേട്ടനെ തട്ടിയെടുത്തവള്‍ക്ക് അത്ര ആയുസ്സ് മതി...
ആദ്യഭാര്യ മരിച്ചോ ...ഞാന്‍ ചോദിച്ചു.
മ് ...അവള്‍ ദേഷ്യം കടിച്ചമര്‍ത്തി ശക്തിയായി മൂളി.
ഒരു വലിയ കാറ്റ് അതുവഴി ആഞ്ഞുവീശി കടന്നു പോയി. പെയ്തു തീരാത്ത മഴയുടെ കനമുള്ള തുള്ളികള്‍ മുഖത്തേക്ക് വീശിത്തെറിച്ചു. ശൈത്യത്തിന്റെ തണുപ്പുകലര്‍ന്ന വായു വെളുത്ത മഞ്ഞിന്റെ പുതപ്പു വിരിക്കും പോലെ മുകളില്‍ പരക്കാന്‍ തുടങ്ങി. ഏറെ നേരമായി തുടങ്ങിയ മഴയാണ്. സൂര്യനെ മറച്ച കരിമേഘങ്ങള്‍ ഇപ്പോഴും വെളിച്ചത്തിനുമേല്‍ കട്ടിയുള്ള ആവരണം തീര്‍ത്തിരിക്കുകയാണ്. ഒരുപക്ഷേ ഇനിയും ഈ പകല്‍ രാത്രിയിലേക്ക് തന്നെയാകാം കുഴിഞ്ഞ നേത്രങ്ങള്‍ ഇനിയും തുറക്കാന്‍ പോകുക.
പക്ഷേ... ഈ സ്ത്രീ. അവര്‍ പോകാന്‍ തുനിയുന്നില്ല. വീണ്ടും വീണ്ടും തനിയെ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയും പറയുകയുമാണ്. പറയുന്നു എന്നതിനേക്കാള്‍ എന്തോ പുലമ്പുകയാണോ? അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് തന്നെ പുറത്തുവരുന്ന വാക്കുകള്‍. അതിന് സത്യസന്ധതയുടെയോ ആഴമുള്ള സ്‌നേഹത്തിന്റെയോ ഒക്കെ നിറച്ചാര്‍ത്തുകളുണ്ടായിരുന്നു . അവരെ കേള്‍ക്കണമെന്ന് തോന്നി.
എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞു. സഹോദരങ്ങള്‍ക്ക് നില്ക്കാന്‍ സമയമില്ലായിരുന്നു. മകനും മകളും വലിയ തിരക്കിലായിരുന്നു. അച്ഛന്റെ മരണം കഴിഞ്ഞിരിക്കുന്നു. ഏതു വിധേനയും അതൊന്നൊഴിവാക്കി കിട്ടിയാല്‍ രക്ഷപ്പെടാമായിരുന്നു എന്നതായിരുന്നു അവരുടെ ഭാവം. അടക്കം പറഞ്ഞ നാട്ടുകാരും ഒരസാന്മാര്‍ഗിയുടെ അപഥസഞ്ചാരങ്ങളുടെ അവസാനത്തെ നോക്കി ന്യായങ്ങള്‍ തേടുകയായിരുന്നു.
അയ്യോ! പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആ സ്ത്രീ ഉച്ചത്തില്‍ കരഞ്ഞു. പടിഞ്ഞാറ് ഇരുള്‍ പരക്കാറായിരിക്കുന്നു. ശ്മശാനം പൂട്ടുവാന്‍ നേരമായി. രാത്രിയില്‍ ദഹിപ്പിക്കാന്‍ ആരെയും കൊണ്ട് വരാറില്ല. ഇവിടെ വെളിച്ചക്കുറവുണ്ട്. ഇന്നത്തെ കാറ്റിലും മഴയിലും പ്രത്യേകിച്ച് വൈദ്യുതി ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അവരെ പറഞ്ഞയച്ചാല്‍ എനിക്കും പോകാമായിരുന്നു.
സഹോദരി, എഴുന്നേല്‍ക്കൂ. നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് അവിടെ ഞാന്‍ വിടാം. സന്ധ്യയായിരിക്കുന്നു. നിങ്ങളിനി ഒറ്റക്ക് എങ്ങനെ പോകാനാണ്?
ഉണ്ണിയേട്ടനെ വിട്ട് ഞാനെവിടേക്കുമില്ല. എല്ലാവരും തള്ളിക്കളഞ്ഞപ്പോള്‍ ചേര്‍ത്ത് പിടിച്ചത് ഞാന്‍ ആണ്. എന്നെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇനിയെന്ത്? മരണാനന്തരവും ഈ കാത്തിരുപ്പ് വ്യര്‍ത്ഥമല്ലേ? ഞാന്‍ ചോദിച്ചു.
എന്റെ കൗമാരസ്വപ്നങ്ങളില്‍ പ്രണയത്തിന്റെ വസന്തം തീര്‍ത്തയാളാണ്. ജീവിതത്തിന്റെ വഴിയോരങ്ങളില്‍ എന്റെ കൈപിടിച്ച് നടക്കുമെന്ന് വാക്കുപറഞ്ഞയാളാണ്. എന്നെ കാണാതെ നടന്ന പോയ വഴികളില്‍ അവഗണിക്കപ്പെട്ടിട്ടും ഞാന്‍ എന്നും പിന്തുടര്‍ന്നിരുന്നു. ഒടുവില്‍ രോഗഗ്രസ്തനായി ശയ്യാവലംബിയായി അബോധാവസ്ഥയില്‍ ഞാന്‍ കാണുന്നത് എല്ലാരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഞാനാണ് പിന്നെ ശുശ്രൂഷിച്ചത്. പഴുത്ത മുറിവുകളില്‍ നിന്നും ചലം തുടച്ചെടുത്തത്. മരുന്നുകള്‍ വച്ച് കെട്ടിയത്. പ്രാഥമീകാവശ്യങ്ങള്‍ക്ക് തുണയായത്.
ആശുപത്രിയിലെത്തിക്കുമ്പോഴേ ഉണ്ണിയേട്ടന്റെ ഉയിര് പോയിരുന്നു. നിങ്ങള്‍ അയാളെ ഇത്തരത്തില്‍ പരിചാരിച്ചില്ലായിരുന്നുവെങ്കില്‍ പണ്ടേ അയാള്‍ തീരുമായിരുന്നെന്ന് എന്നെ കുറ്റപ്പെടുത്തിയത് ഉണ്ണിയേട്ടന്റെ രക്തത്തില്‍ പിറന്ന മക്കള്‍ തന്നെയായിരുന്നു. അവര്‍ക്ക് ഞാന്‍ അച്ഛന്റെ അവിഹിതബന്ധത്തിലുള്ള ഒരു സ്ത്രീ മാത്രമായിരുന്നു. ഞാന്‍ അവരുടെ കണ്ണുകളിലെ വൃത്തികെട്ട രൂപമായിരിക്കുമ്പോഴും ഉണ്ണിയേട്ടന്റെ മനസ്സിലൊരു സ്ഥാനം എനിക്കുണ്ടായിരുന്നെന്ന് ഞാന്‍ കരുതി. മക്കളോടും ബന്ധുക്കളോടും പോരാടി ഉണ്ണിയേട്ടനെ പരിചരിച്ചു.
എന്തിന് ....?
ഒന്നിനും വേണ്ടിയല്ലാതെ ..
ഇവര്‍ പറഞ്ഞു വരുന്നത് പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും കഥ മാത്രമല്ലെന്നെനിക്ക് മനസ്സിലായി. പച്ചയായ മനുഷ്യത്വത്തിന്റെ തീഷ്ണജ്വാലയുടെ ജീവനുള്ള ഉദാഹരണമാണിവരെന്നെനിക്ക് തോന്നി. സന്ധ്യയുടെ ഇരുളിന് പുലരിയുടെ ശോഭ ആദ്യമായി എനിക്ക് തോന്നി. മഴ അപ്പോഴും ചാറിക്കൊണ്ടേയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates