

ക്ലച്ച് എത്ര താങ്ങിയിട്ടും പുറകോട്ട് ഊര്‍ന്നുപോകുന്ന ജീപ്പ് ഫസ്റ്റ് ഗിയറിലിട്ട് നിര്‍ത്തി ടോമിച്ചന്‍ പുറത്തിറങ്ങി. ചുറ്റിലും കുറ്റാക്കൂരിരുട്ട്, കൂടെ ചീവിടുകളുടെ ഗാനമേളയും. ഇരുട്ടിലേക്ക് വെറുതെ ടോര്‍ച്ചടിച്ചു നോക്കിയ ടോമിച്ചന് അവിടെയാരോ നില്‍ക്കുന്നതു പോലെ തോന്നി. ഇതുപോലുള്ള യാത്രകളില്‍ ഇത്തരം തോന്നലുകള്‍ പതിവാണല്ലോയെന്ന് അയാള്‍ സ്വയം ആശ്വസിപ്പിച്ചു. പിന്നെ ടോര്‍ച്ച് നിലത്തേക്കടിച്ച് വണ്ടിക്കെന്താണ് പറ്റിയതെന്ന് പരിശോധിക്കാന്‍ തുടങ്ങി. കഴിഞ്ഞ വരവിന് പെങ്ങള്‍ സെലിന്‍ ജര്‍മ്മനിയില്‍ നിന്ന് കൊണ്ടുവന്നുതന്ന നല്ല വെളിച്ചമുള്ള ലൈറ്റാണ്. ഈ ഹൈറേഞ്ച് യാത്രയില്‍ അവന്‍ പലപ്പോഴുമൊരു ഉപകാരിയാണ്. ടയറൊരു കല്ലില്‍ കയറാന്‍ പറ്റാതെ നില്‍ക്കുകയാണ്. തിരികെ ഡ്രൈവര്‍ സീറ്റിലേക്ക് കയറാന്‍ നോക്കുമ്പോഴാണ് കാലില്‍ പുതഞ്ഞിരിക്കുന്ന അട്ടകളെ ടോമിച്ചന്‍ കണ്ടത്. അവയെ ഒരു പതിവുകാരനെപ്പോലെ നുള്ളിയെടുത്ത് കാട്ടിലേക്കെറിഞ്ഞ് ഒരു തെറി വാക്ക് പറഞ്ഞശേഷം അയാള്‍ സീറ്റിലേക്ക് കയറി അമര്‍ന്നിരുന്നു. വണ്ടി പുറകോട്ട് ഒന്നിറക്കി ഇരപ്പിച്ച് ക്ലച്ച് താങ്ങി തടസമായിരുന്ന കല്ല് കടന്ന് ടോമിച്ചന്റെ ജീപ്പ് മലയുടെ അഗ്രം തേടി വളഞ്ഞൊടിഞ്ഞ് കയറിത്തുടങ്ങി. അങ്ങ് മലയടിവാരത്തില്‍ എപ്പോഴും പ്രകൃതിയുടെ വിളക്ക് പോലെ ഒരു വെളിച്ചം കാണാം. എത്ര പോയാലും എത്തിച്ചേരാനാകാത്ത ആ അറ്റത്തെയോര്‍ത്ത് ടോമിച്ചന്‍ പതിവുപോലെ ഇത്തവണയും അത്ഭുതപ്പെട്ടു. കറങ്ങിക്കറങ്ങി മടുത്ത് വിശ്രമം ആഗ്രഹിക്കുന്ന വൈപ്പര്‍ കിരുകിരാ ശബ്ദത്തോടെ മഴത്തുള്ളികളെ ദുര്‍ബലമായി കുടഞ്ഞെറിഞ്ഞു. ഇതുവരെ ടാറിങ്ങേല്‍ക്കാത്ത പരുക്കന്‍ കല്ലുകള്‍ മത്സരിച്ച് ടോമിച്ചന് വഴിയൊരുക്കി കൊടുത്തു. വണ്ടി പതിയെ പതിയെ മല കയറി തുടങ്ങി.
വൈപ്പറിന്റെ ദുര്‍ബലമായ കറക്കവും കോടയും ടോമിച്ചന്റെ കാഴ്ചകളെ ഏതാണ്ട് മറച്ചിരുന്നു. എന്നാല്‍ സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് അയാള്‍ക്ക് ഡ്രൈവിംഗ് അത്ര ദുഷ്‌കരമായിരുന്നില്ല. ഒരു വളവ് തിരിഞ്ഞ് മുകളിലേക്ക് കയറാന്‍ നോക്കുമ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ പാളിയ വെട്ടത്തില്‍ ഒരാള്‍ നില്‍ക്കുന്നത് അയാള്‍ അവ്യക്തമായി കണ്ടത്. അപരിചിതന്‍ ജീപ്പിന് കൈ നീട്ടി. ആദിവാസികളല്ലാതെ ആരും വരാത്ത ഈ വഴിക്ക്, അതും ഒരു സന്ധ്യക്ക് ഒരു അപരിചിതനെ കണ്ട് അയാള്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ തനിക്കറിയാത്ത സ്ഥലമല്ലല്ലോ ഇതെന്നോര്‍ത്ത് ആശ്വസിച്ചു. മുഖത്തെ മഴവെള്ളം കുടഞ്ഞെറിഞ്ഞ് തല നീട്ടി അയാള്‍ അപരിചിതനോട് ചോദിച്ചു. ''എവിടാ പോകണ്ടെ. എന്താ ഇവിടെ''. രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ അയാള്‍ വേഗത്തില്‍ ജീപ്പിന്റെ മുന്‍സീറ്റിലേക്ക് കയറിയിരുന്നു. തുടര്‍ന്ന് കയ്യിലിരുന്ന കനപ്പെട്ടൊരു ബാഗ് ആയാസപ്പെട്ട് പുറകിലെ സീറ്റിലേക്ക് വെച്ചു. പിന്നെ കയ്യിലിരുന്ന വെള്ളക്കുപ്പി തുറന്ന് മടുമടാ കുടിച്ചു. ഈ കൊടും മഴയത്തും ആര്‍ത്തിയോടെ വെള്ളം കുടിക്കുന്ന അയാളെ ടോമിച്ചന്‍ അത്ഭുതത്തോടെ നോക്കി. അപ്പോഴാണ് അയാളുടെ കയ്യില്‍ വലിയൊരു ബാന്‍ഡേജുള്ളത് ടോമിച്ചന്‍ കണ്ടത്.
'എന്നതാ കൈക്ക് പറ്റിയത്'' കുറച്ച് നല്ല റോഡായപ്പോള്‍ സെക്കന്‍ഡ് ഗിയറിലേക്കിടുന്നതിനൊപ്പം ടോമിച്ചന്‍ ചോദിച്ചു.
'ഒന്നുമില്ല. ഒരുത്തന്‍ കുത്തിയതാ. ചങ്കിനാരുന്നു. തടഞ്ഞകൊണ്ട് ഇത്രേ പറ്റിയൊള്ളു'' വളരെ ലാഘവത്തോടെ പറഞ്ഞ ശേഷം അയാള്‍ ഒരു ബീഡി കത്തിച്ച് പുറത്ത് ഇരുട്ടിലേക്ക് പുകയൂതി.
'ഇവിടെങ്ങോട്ടാ. ഈ ഭാഗത്തെങ്ങും മുന്‍പ് കണ്ടിട്ടില്ലല്ലോ'' മടിച്ചു മടിച്ച് ടോമിച്ചന്‍ ചോദിച്ചു.
അതിനയാള്‍ മറുപടി പറഞ്ഞില്ല, പകരം പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ഒരു മദ്യക്കുപ്പി എടുത്ത് പൊട്ടിച്ച് നേരെ തൊണ്ടയിലേക്ക് കമിഴ്ത്തിയ ശേഷം ചോദിച്ചു. 'ഇതിലിരുന്ന് അടിച്ചാല്‍ കുഴപ്പമില്ലല്ലോ അല്ലേ?'
ഇല്ലെന്ന് ടോമിച്ചന്‍ തലകുലുക്കി. ജീപ്പിലിരുന്ന് ആരെയും മദ്യം കഴിപ്പിക്കാന്‍ സമ്മതിക്കാത്ത തനിക്കെന്ത് പറ്റിയെന്ന് ടോമിച്ചനോര്‍ത്തു.
വണ്ടി ഇരമ്പിയിരമ്പി കുന്ന് കയറുകയാണ്. അപരിചിതന്‍ ബീഡിപ്പുക പുറത്തേക്കൂതി അത് കോടയില്‍ ലയിക്കുന്നത് ആസ്വദിച്ചിരിക്കുകയാണ്.
'എവിടുന്ന് വരുന്നു'' ടോമിച്ചന് തന്റെ ജിജ്ഞാസ അടക്കാനായില്ല, മാത്രമല്ല, തികച്ചും അപരിചിതനായ ഒരാള്‍, അതും നിഗൂഢ സ്വഭാവങ്ങളുള്ള ഒരാളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ അപകടവും ആ സമയം അയാളോര്‍ത്തു.
'കള്ളിനി എവിടെ കിട്ടും' കയ്യിലെ കാലിക്കുപ്പി കാട്ടിലെക്കറിയുന്നതിനൊപ്പമുള്ള മറുചോദ്യമായിരുന്നു അയാളുടെ ഉത്തരം
'അത് മലയില്‍ കിട്ടും. വാറ്റുണ്ട്''
'മലയിലേക്ക് എത്ര ദൂരമുണ്ട്'' അടുത്ത ബീഡി കാറ്റിനെതിരെ ആയാസപ്പെട്ട് കത്തിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
'കുറച്ചേ ഉള്ളു'' അയാളെ പേടിച്ചെന്ന പോലെ ടോമിച്ചന്‍ പറഞ്ഞു.
വണ്ടി ഇരമ്പിയിരമ്പി കുന്ന് കയറുകയാണ്. അപരിചിതന്‍ ബീഡിപ്പുക കാറ്റിനെതിരെ കോടയിലേക്ക് ഊതിക്കൊണ്ടിരുന്നു. തണുപ്പ് വല്ലാതായപ്പോള്‍ വലിക്കുന്ന ശീലമില്ലെങ്കിലും തനിക്കും ഒരു ബീഡി കിട്ടിയിരുന്നെങ്കിലെന്ന് ടോമിച്ചനോര്‍ത്തു. ബീഡി ചോദിച്ചാലോ എന്നോര്‍ത്ത് ടോമിച്ചന്‍ അപരിചിതനെ നോക്കിയെങ്കിലും അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
നിരപ്പായ ഒരു സ്ഥലമെത്തിയപ്പോള്‍ ടോമിച്ചന്‍ വണ്ടി നിര്‍ത്തി.
'ഇറങ്ങ്' ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി മൂരി നിവരുന്നതിനൊപ്പം ടോമിച്ചന്‍ അയാളോട് പറഞ്ഞു. അയാള്‍ സീറ്റില്‍ നിന്നിറങ്ങിയ ഉടന്‍ അടുത്ത ബീഡി കത്തിച്ച് പുക കോടയിലേക്ക് ഊതി.
'സാധനം എവിടെ കിട്ടും'' അയാള്‍ അക്ഷമയോടെ ടോമിച്ചനെ നോക്കി.
ഒരു മിനിറ്റേ എന്ന് പറഞ്ഞ ശേഷം ടോമിച്ചന്‍ ചായക്കട പോലെ തോന്നുന്ന പൊളിഞ്ഞ ഒരു ചായ്പിലേക്ക് മഴ നനയാതെ ഓടിക്കയറി. ഏതാനും മിനിറ്റുകള്‍ക്കകം മെലിഞ്ഞ് ഒരു രോഗിയപ്പോലെ തോന്നുന്ന 50 വയസ് തോന്നുന്ന ഒരാള്‍ പുറത്തേക്കിറങ്ങി. അയാള്‍ ചുമ നിയന്ത്രിക്കാനാകാതെ അപരിചിതനെ നോക്കി കൈ കൊണ്ട് അകത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു. കയ്യിലെ ബീഡിക്കുറ്റി നിലത്തേക്കിട്ട് ഒന്ന് കാര്‍ക്കിച്ച് തുപ്പിയ ശേഷം അയാള്‍ ചായ്പിന് നേരെ നടന്നു. അപ്പോള്‍ അവിടെ നിന്ന് തലമുടി വാരിക്കെട്ടി 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് വന്നു. ചുണ്ടുകള്‍ക്കിടയില്‍ കടിച്ചുപിടിച്ചിരുന്ന ക്ലിപ്പ് മുടിയില്‍ തിരുകി അവര്‍ അയാളോട് പറഞ്ഞു.
'സാറേ വന്നാട്ടെ. എല്ലാം ഇരിപ്പുണ്ട്'
അവരുടെ നിതംബചലനം നോക്കിക്കൊണ്ട് അയാള്‍ അകത്തേക്ക് കയറി. വീടിനകത്ത് വലിയ ബോട്ടിലുകള്‍ നിറയെ പച്ചവെള്ളം പോലെ തോന്നിക്കുന്ന മദ്യക്കുപ്പികള്‍. അയാളാ കുപ്പികളാകെ നോക്കി നിന്നപ്പോള്‍ തൊട്ടടുത്ത് തൊട്ടടുത്തു വന്നു നിന്ന് അവര്‍ പറഞ്ഞു 'നോക്കണ്ട സാറേ. ഇത് ബാറ്ററിയും തേളുമൊന്നുമല്ല. നല്ലൊന്നാന്തരം നെല്ല് വാറ്റിയതാ. സാറിനെപ്പോലുള്ള മാന്യന്‍മാര്‍ക്ക് വേണ്ടി സ്‌പെഷ്യലായി ഉണ്ടാക്കീതാ' വീണ്ടും മുടി കെട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ക്ക് അവരുടെ കക്ഷത്തിന്റെ മണമടിച്ചു. അയാളെ മാദകഭാവത്തില്‍ നോക്കി അവര്‍ പറഞ്ഞു. 'വാ സാറേ അകത്ത് എല്ലാം ഇരിപ്പുണ്ട്. വന്നാട്ടെ.'അയാളുടെ കൈ പിടിച്ചുവലിച്ചുകൊണ്ട് അവരൊരു മുറിയിലേക്ക് കയറി.
അയാള്‍ കൊടുത്ത അഞ്ഞൂറിന്റെ നോട്ടുകള്‍ ബ്രായിലേക്ക് തിരുകി വെച്ച ശേഷം അവര്‍ ഒരു കുപ്പി തുറന്ന് വെള്ളം ചേര്‍ക്കാതെ ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അയാള്‍ക്ക് നേരെ നീട്ടീ. ഒറ്റ വലിക്കാ ഗ്ലാസ് കാലിയാക്കിയ ശേഷം അയാള്‍ അവരുടെ ബ്ലൗസിന്റെ കൊളുത്ത് ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അവര്‍ പുഞ്ചിരിയോടെ അയാളെത്തന്നെ നോക്കി നിന്നു.
ആ സമയം ചായ്പിന് പുറത്ത് ടോമിച്ചനും ചായക്കടയുടമയും മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെള്ളം ചേര്‍ക്കാതെ രണ്ട് ഗ്ലാസ് കഴിച്ച ശേഷം ചായക്കടയുടമ പറഞ്ഞു. 'കുറേയായി രണ്ടെണ്ണം അടിച്ചിട്ട്. നീ വല്ലപ്പോഴും ഇതുപോലെ വരുമ്പോഴേ ഞാനടിയുളളല്ലോ. അതാരിക്കും പെട്ടെന്ന് പിടിച്ചത്. അതുപോട്ടെ. ഏതവനാ വണ്ടീല്‍ വന്നത്. എവിടുത്തുകാരനാ. 'ഒരൈഡിയേമില്ല. ഏതോ വരത്തനാ. ഒരു കാട്ടുപോത്തിന്റെ സ്വഭാവമാ. അതുകൊണ്ട് ഞാന്‍ കാര്യമായൊന്നും ചോദിക്കാന്‍ പോയുമില്ല' കുടിച്ച ഗ്ലാസ് ശക്തിയോടെ ബെഞ്ചിലേക്ക് വയ്ക്കുന്നതിനൊപ്പം ടോമിച്ചന്‍ പറഞ്ഞു.
'അതു കൊള്ളാം. നമ്മുടെ നാട്ടില്‍ വന്നിട്ട് ചോദിക്കാനും പറയാനും ആരുമില്ലെന്നോ. ഞാന്‍ ചോദിക്കാം. എനിക്കാരേം പേടിയില്ല. അത് നിനക്കും അറിയാവുന്നതാന്നല്ലോ'' അടുത്ത ഗ്ലാസ് കൂടി ഒഴിച്ച് ഒറ്റപ്പിടുത്തത്തിന് കുടിച്ച ശേഷം ചായക്കടയുടമ പറഞ്ഞു. അയാള്‍ വേച്ചുവേച്ച് അവരിരുവരും കയറിയ റൂമിന് നേരെ നടന്നു.
'ഗ്രേസമ്മേ ഗ്രേസമ്മേ വാതില് തുറക്ക് ' അയാള്‍ വാതിലിന് മുട്ടി. കുറച്ച് സമയം കഴിഞ്ഞിട്ടും തുറക്കാതായപ്പോള്‍ അയാള്‍ ശക്തമായി വാതിലിനിടിച്ചു 'തുറക്കെടീ പുണ്ടച്ചി മോളേ, നീയവിടെ എന്നാ അവരാതിക്കുവാ' ശക്തമായ മുട്ട് കേട്ട് അയാളുടെ ഭാര്യ ഒരു ബെഡ്ഷീറ്റും പുതച്ച് വാതിലിനരിലികിലേക്ക് വന്നു.
വാതിലിന് പുറത്ത് കുടിച്ച് അവശനായി നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ട് അവര്‍ പറഞ്ഞു.
'നിങ്ങക്കിതെന്തിന്റെ സൂക്കേടാ. കുടിച്ച് വല്ലടത്തും കെടന്നാ പോരേ. വല്ലപ്പോഴുമാ പത്ത് കാശൊക്കുന്നത്. അതും സമ്മതിക്കൂലേ. നിങ്ങള്‍ക്കോ ഒരു പണിക്കും പോകാന്‍ പറ്റൂല. പണിയെടുക്കുന്നവരെ സമ്മതിക്കുകേമില്ല''
അത് പറഞ്ഞ ശേഷം അവര്‍ വാതില്‍ വലിച്ചടച്ച് കുലുക്കി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി കട്ടിലിന് പുറത്തേക്ക് വീഴാറായ ബെഡ്ഷീറ്റ് നേരെയാക്കി കവച്ച് കിടന്നു, കയ്യിലിരുന്ന ബീഡിക്കുറ്റി എറിഞ്ഞ ശേഷം അപരിചിതന്‍ അവര്‍ക്ക് മുകളിലേക്ക് അമര്‍ന്നു. പഴയ ഫാനിന്റെ അരോചക ശബ്ദത്തിനൊപ്പം അവരുടെ ശബ്ദം അലിഞ്ഞുചേര്‍ന്നു.
ചായക്കടക്കാരന്‍ കുറച്ചധികം മദ്യമൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. 'അച്ചായാ എന്നാ ഇത്. എന്നാ മുടിഞ്ഞ കുടിയാ. ഇന്ന് തന്നെ ചാകാനാണോ ഉദ്ദേശ്യം' ടോമിച്ചന്‍ ശാസിക്കുന്നതുപോലെ പറഞ്ഞു.
തീരാറായ അച്ചാറ് പാത്രത്തില്‍ കൈവിരലിട്ട് കറക്കി നക്കിയ ശേഷം അയാള്‍ പറഞ്ഞു. 'ആരുടെ അച്ചായന്‍. അതൊക്ക റബ്ബറും എസ്റ്റേറ്റുമൊക്കെയുള്ള കാശുകാര്. ഞാനൊക്കെ ജീവിക്കാന്‍ എരഗെതീം പരഗെതീമില്ലാതെ ഈ ഹൈറേഞ്ചില്‍ കുടിയേറിയ ക്രിസ്ത്യാനി. അച്ചായന്‍ പോലും. മൈരാണ്' അയാള്‍ ആത്മനിന്ദയോടെ അടുത്ത ഗ്ലാസൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു.
ടോമിച്ചന്‍ പുറത്തേക്ക് നോക്കിയിരുന്നുകൊണ്ട് ഗ്ലാസിലെ മദ്യം പതിയെ കുടിച്ചു. പുറത്ത് കോട പെയ്ത് ഒന്നും കാണാത്ത പോലൊയിയിട്ടുണ്ട്. ചായക്കടക്കാരന്‍ കുനിഞ്ഞിരുന്ന് എന്തോ പിറുപിറുക്കുന്നുണ്ട്. അടുത്ത നിമിഷം അയാള്‍ താഴെ നിലത്തേക്ക് ചെരിഞ്ഞുവീണു. ടോമിച്ചന്‍ അടുത്ത ഗ്ലാസ് പതിയെ ഒഴിച്ചു. ചായക്കടക്കാരന്‍ നിലത്ത് കിടന്നു പിറുപിറുത്തു 'ഗ്രേസമ്മേ മറ്റവളേ നീ എന്നെ ചതിച്ചല്ലേ. ഇത് ജോസപ്പാ .. പഴേ ജോസപ്പ് പോലല്ല ക്ഷമിക്കില്ല. നിന്റെ....'
ടോമിച്ചന് മദ്യം തലക്ക് പിടിച്ചു. അയാള്‍ക്ക് പതിവില്ലാതെ എന്തോ ഒരു സന്തോഷം തോന്നി. മലയോടും കോടയോടും ചെങ്കുത്തായ കയറ്റത്തിനോടുമൊക്കെ അയാള്‍ക്ക് ഇഷ്ടം തോന്നി. ഈ സ്ഥലത്തിനൊക്കെ ഇത്രക്ക് ഭംഗിയുണ്ടോ എന്ന് അയാളാലോചിച്ചു. നിലത്ത് വീണുകിടക്കുന്ന ചായക്കടക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു ബീഡിയെടുത്ത് അയാള്‍ കത്തിച്ച് ആഞ്ഞുവലിച്ച ശേഷം പാടി
'നഗരം നഗരം മഹാസാഗരം' അപ്പോള്‍ താഴെ അങ്ങകലെ ഏതോ ഒരു നഗരം അയാള്‍ കണ്ടു. ആ നഗരം ലക്ഷ്യമാക്കി അയാള്‍ പൂകയൂതി വിട്ടു. ആ പുക ഏതാനും സെക്കന്‍ഡുകള്‍ക്കകം അയാള്‍ക്കടുത്ത് തന്നെ അസ്തമിച്ചു. അയാള്‍ തിരിച്ച് നടന്ന് ചായക്കടക്കാരനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ചായക്കടക്കാരന്‍ പിടിതരാതെ തളര്‍ന്ന ചേമ്പിന്‍ തണ്ട് പോലെ താഴേക്ക് തന്നെ വീണു.
വലിയൊരു ശബ്ദത്തോടെ ചായക്കടയുടെ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് അപരിചിതന്‍ തന്റെ ബാന്‍ഡേജിട്ട കൈ തട്ടാതെ മറ്റേ കൈ കൊണ്ട് വാതിലില്‍ പിടിച്ച് പുറത്തേക്കിറങ്ങി. വയ്യാത്ത കൈ കൊണ്ട് ആയാസപ്പെട്ട് അയാള്‍ ഷര്‍ട്ട് വലിച്ചുകയറ്റി. അപ്പോഴാണ് ടോമിച്ചന്‍ അയാളുടെ കരുത്തുറ്റ മസിലുകള്‍ ശ്രദ്ധിച്ചത്. ആ സമയം ചായക്കടക്കാരന്‍ തിരിഞ്ഞുകിടന്ന് എന്തോ മുഴുത്ത തെറി വിളിച്ചുപറഞ്ഞു. അത് ശ്രദ്ധിച്ചുകൊണ്ട് നിഗൂഢമായ ചിരിയോടെ ഗ്രേസമ്മ പുറത്തേക്ക് വന്നു. ''ഇങ്ങേരിതുവരെ ഓഫായില്ലേ'' അവര്‍ അപരിചിതനെ നോക്കി നാണിച്ച് ചിരിച്ചു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ ഒരു ബീഡി കത്തിച്ച് പുകയൂതി വിട്ടു. ഗ്രേസമ്മ ആരും കാണാത്തതുപോലെ അഭിനയിച്ച് മുലകള്‍ ബ്രായിലേക്ക് തിരുകിവെച്ചു.
അപരിചിതന്‍ പുറത്തിറങ്ങി ഒരു ബീഡി കത്തിച്ച് പുകയൂതി വിട്ടു. അതിനടുത്തായി പോയി നിന്ന് ടോമിച്ചന്‍ ധൈര്യം സംഭരിച്ച് ചോദിച്ചു
''സാറേങ്ങോട്ടാ എവിടാ ഇറക്കേണ്ടത്'' കയ്യിലിരുന്ന ബീഡിക്കുറ്റി നിലത്തേക്കിട്ട് ചവിട്ടിയ ശേഷം രൂക്ഷമായൊരു നോട്ടമായിരുന്നു അയാളുടെ മറുപടി.
ഗ്രേസമ്മയെ തിരിഞ്ഞുപോലും നോക്കാതെ അയാള്‍ ജീപ്പിന്റെ മുന്‍സീറ്റിലിരുന്ന ശേഷം ടോമിച്ചനോട് പറഞ്ഞു. ''പോകാം''
സംശയത്തോടെ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ടോമിച്ചന്‍ ഇരപ്പിച്ച് കുന്നുകള്‍ കയറിക്കൊണ്ടിരുന്നു. ''സാറെങ്ങോട്ടാ ഇതുവരെ പറഞ്ഞില്ല'' കുപ്പിയില്‍ നിന്ന് നേരെ കുടിക്കുന്ന അയാളോട് ടോമിച്ചന്‍ ചോദിച്ചു.
''വണ്ടി വിട്'' പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നൊരു സിഗരറ്റ് പാക്കറ്റ് പുറത്തെടുത്ത് അതിലൊന്ന് കത്തിച്ച ശേഷം അയാള്‍ പറഞ്ഞു. ജീപ്പ് ചെങ്കുത്തായ മലകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. അയാള്‍ കയ്യിലെ കുപ്പിയില്‍ നിന്ന് ഇടക്കിടെ മദ്യം കുടിച്ചും സിഗരറ്റ് വലിച്ചും കൊണ്ടുമിരുന്നു. മുകളിലേക്ക് മല കയറും തോറും ടോമിച്ചന്റെ ഉള്ളിലെ ധൈര്യം കുറഞ്ഞുവന്നുകൊണ്ടിരുന്നു. മടിച്ചുമടിച്ച് ടോമിച്ചന്‍ ചോദിച്ചു
''സാറെങ്ങോട്ടാ ഇതുവരെ പറഞ്ഞില്ല'
ഇത്തവണ അയാള്‍ പ്രതികരിച്ചു. ''പറഞ്ഞില്ലല്ലേ. ശരിയാണല്ലോ. താന്‍ മുകളിലേക്ക് വിട്' ബീഡിപ്പുകയ്ക്കുള്ളിലൂടെ അയാളുടെ ശബ്ദം പുറത്തേക്ക് വന്നു.
''മുകളിലേക്കെന്ന് പറഞ്ഞാല്‍. സാറിനെങ്ങോട്ടാ പോകണ്ടത്'' ടോമിച്ചന്‍ ചോദിച്ചു.
''അങ്ങനൊന്നുമില്ല. എവിടാ തന്റെ വീട്' ടോമിച്ചനെ നോക്കാതെ അയാള്‍ ചോദിച്ചു.
''അങ്ങ് മലയടിവാരത്താ. എന്താ സാറേ''
''ഒന്നുമില്ലെടോ. താന്‍ നേരെ നോക്കി വണ്ടിയോടിക്ക്''കുപ്പിയില്‍ നിന്ന് നേരെ തൊണ്ടയിലേക്ക് മദ്യം ഒഴിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല. ജീപ്പ് പതിയെ നിരതെറ്റിയിരിക്കുന്ന കല്ലുകളില്‍ ആയാസപ്പെട്ട് പിടിച്ചുപിടിച്ച് മുകളിലേക്ക് കയറി. അപരിചിതന്‍ ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്നു. ടോമിച്ചന്‍ ആ തണുപ്പിലും വിയര്‍പ്പ് ഒപ്പിക്കൊണ്ടിരുന്നു.
''തന്റെ വീട്ടില്‍ ആരൊക്കെയുണ്ട്'' അയാള്‍ പെട്ടെന്ന് ചോദിച്ചു. അതുകേട്ട് ടോമിച്ചന്റെ കയ്യില്‍ നിന്ന് സ്റ്റിയറിംഗ് പാളി വണ്ടി റോഡിന് പുറത്തേക്ക് നീങ്ങി.
''എന്താടോ ഒരു ടെന്‍ഷന്‍ ഞാനോടിക്കണോ'' അയാള്‍ ചോദിച്ചു.
''വേണ്ട. വേണ്ട സാറേ'' ടോമിച്ചന്‍ തുപ്പലിറക്കി.
'വേണേല്‍ ഞാനോടിക്കാടോ. ഞാന്‍ പണ്ട് നെല്ലിയാമ്പതീല്‍ ജീപ്പോടിച്ചോടിച്ചോണ്ടിരുന്നതാ. ആ കയറ്റത്തിന് മുന്‍പില്‍ ഇതൊക്കെ വെറും ശിശു'' അയാള്‍ വലിയൊരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. അതുവരെ ഗൗരവഭാവത്തില്‍ വന്നിരുന്ന അയാളുടെ പൊടുന്നനെയുള്ള ചിരി കേട്ട് ടോമിച്ചന്‍ ആകെ പരിഭ്രമിച്ചു.
''വേണ്ട സാറേ ഇതാ എത്താറായി'' മുഖം തുടച്ചുകൊണ്ട് ടോമിച്ചന്‍ പറഞ്ഞു.
''എന്നാലും തന്റെയൊരു പേടി. ഞാന്‍ കടിച്ചുതിന്നാനൊന്നും പോകുന്നില്ല. ആരൊക്കയുണ്ട് വീട്ടിലെന്ന് താന്‍ പറഞ്ഞില്ലല്ലോ''
''ഭാര്യ' ടോമിച്ചന്‍ വിറച്ചുവിറച്ച് പറഞ്ഞു.
''ഭാര്യ മാത്രേ ഉള്ളോ''
''പിന്നെ മകനും..''
''മകനും പിന്നെ'
''പെങ്ങളും''
''ആഹാ പെങ്ങളുണ്ടോ. എത്ര വയസുണ്ട് അവള്‍ക്ക്'' അയാളൊന്ന് നിവര്‍ന്നിരുന്നു.
''32 '' ടോമിച്ചന്‍ മടിച്ചുമടിച്ച് പറഞ്ഞു.
''കല്യാണം കഴിഞ്ഞതാണോ''
''ഇല്ല''
''അതെന്താ ഇത്ര പ്രായമായിട്ടും കഴിക്കാഞ്ഞെ''
ടോമിച്ചന് മറുപടിയൊന്നും പറഞ്ഞില്ല. ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധിക്കുന്നതുപോലെ അയാള്‍ അഭിനയിച്ചു. അങ്ങകലെ മലയടിവാരത്തില്‍ ഒരു പ്രകാശം അയാളെ മാത്രം പ്രതീക്ഷിച്ചെന്ന പോലെ കത്തിനിന്നു. അപരിചിതനും പിന്നെ ടോമിച്ചനോട് ഒന്നും ചോദിച്ചില്ല. ജീപ്പ് പതിയെ കുന്ന് കയറിക്കൊണ്ടിരുന്നു.
ഒടുവില്‍ ജീപ്പ് ഇഴഞ്ഞിഴഞ്ഞ് നിരപ്പായ ഒരിടത്ത്, ഓടിട്ട ഒരു ചെറിയ വീടിനടുത്ത് ചെന്നുനിന്നു. ജീപ്പവിടെ നിന്നയുടന്‍ വെളുത്ത നിറമുള്ള ഒരു പട്ടി ഓടിയെത്തി ടോമിച്ചന്റെ മുകളിലേക്ക് ചാടിക്കയറി സ്‌നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി. ടോമിച്ചനവനെ സ്‌നേഹത്തോടെ താങ്ങി താഴേക്ക് നിര്‍ത്തി. ആ നിമിഷം അപരിചിതനെ കണ്ട് പട്ടി കുര തുടങ്ങി. അയാളാകട്ടെ പട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ മലയടിവാരത്തിലേക്ക് നോക്കി നിന്ന് അടുത്ത ബീഡി കത്തിച്ചു.
''സാറേ വാ അകത്തേക്കു വാ'' ടോമിച്ചന്റെ ശബ്ദം കേട്ട് അയാള്‍ ബീഡി എറിഞ്ഞുകളഞ്ഞു.
ആജാനബാഹുവായ അയാള്‍ ഉയരം കുറഞ്ഞ വാതിലില്‍ തലയിടിക്കാതെ അകത്തേക്ക് കയറി.
''സാറേ ഇരിക്ക്. ഇവിടെ സൗകര്യമൊക്കെ കുറച്ച് കുറവാ'' ഒരു പ്ലാസ്റ്റിക് കസേര വലിച്ചിട്ടുകൊണ്ട് ടോമിച്ചന്‍ പറഞ്ഞു.
കസേരയിലിരുന്ന് കൊണ്ട് അയാള്‍ ചുറ്റും നോക്കി. രണ്ട് പെണ്ണുങ്ങളും സ്‌കൂളില്‍ പഠിക്കുന്ന പ്രായമുള്ള ഒരു പയ്യനും അവിടെ നില്‍ക്കുന്നു. അയാള്‍ പെണ്ണുങ്ങളെ ആകെ ഉഴിഞ്ഞ് നോക്കി.
''സാറേ ഇതെന്റെ ഭാര്യ ആനി. ഇത് പെങ്ങളാ. പേര് ട്രീസ'' ടോമിച്ചന്‍ അവരെ പരിചയപ്പെടുത്താന്‍ തുടങ്ങി. അപരിചിതന്റെ നോട്ടമേറ്റ ട്രീസ നെഞ്ചിലേക്ക് കൊന്ത വലിച്ചിട്ടു.
''ഇതാണല്ലേ പെങ്ങള്‍'' അയാള്‍ ചോദിച്ചു.
''അതെ സാര്‍'' ടോമിച്ചന്‍ പറഞ്ഞു.
''എടീ ആനീ നീ എന്നാ നോക്കിയിരിക്കുവാ സാറിന് തൊട്ടുനക്കാന്‍ എന്തേലും കൊണ്ടുവാ. ഇടിയിറച്ചി ഇരിപ്പില്ലേ'' ടോമിച്ചന്‍ ദേഷ്യപ്പെട്ടു.
''സാറേ ഇടിയിറച്ചി കൊഴപ്പമില്ലല്ലോ അല്ലേ മ്ലാവാ'' ആത്മവിശ്വാസമില്ലാത്ത ചിരിയോടെ ടോമിച്ചന്‍ ചോദിച്ചു.
അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. പകരം മദ്യം നുണഞ്ഞുകൊണ്ടിരുന്നു. ട്രീസ അകത്തേക്ക് പോയി.
ടോമിച്ചന്‍ ഒരു കസേര വലിച്ചിട്ട് അയാള്‍ക്കരികിലിരുന്നു, ശേഷം കുപ്പി തുറന്ന് കനത്തിലൊഴിച്ച് ഒറ്റയടിക്ക് കുടിച്ചു. ചുണ്ട് തുടച്ച ശേഷം ടോമിച്ചന്‍ പറഞ്ഞു.
''സാറേ ഇക്കാലത്ത് ഒരുത്തനേം വിശ്വസിക്കാന്‍ പറ്റുകേല. എല്ലാം വ്യാജന്‍മാരാ'' ടോമിച്ചന്‍ പറഞ്ഞു.
''പിന്നെ സാറിനെ കണ്ടപ്പോള്‍ എനിക്ക് ജെനൂയിനായി തോന്നി, അതാ ഒരു പരിചയവുമില്ലാഞ്ഞിട്ടും വീട്ടിലേക്ക് കൊണ്ടുവന്നത്'' ടോമിച്ചന്‍ തുടര്‍ന്നു.
ഇതിനിടെ ആനി ഒരു ചെറിയ പാത്രം നിറയെ ഇടിയിറച്ചി കൊണ്ടുവച്ചു. അപരിചിതന്‍ മാറിടം കാണുന്നത് ഒഴിവാക്കാനായി ആനി കുനിയുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു. തിരിയുമ്പോള്‍ അവള്‍ അയാളെ നോക്കി ചിരിച്ചെന്ന് വരുത്തി.
''സാറെന്താ നോക്കിയിരിക്കുന്നെ കഴിക്കെന്നേ. ഒറിജിനല്‍ മ്ലാവാ. ഇതൊന്നും ടൗണില്‍ കിട്ടുകേല'' അപരിചിതനരികിലേക്ക് പ്ലേറ്റ് നീക്കിവെച്ച് ടോമിച്ചന്‍ പറഞ്ഞു. അയാള്‍ പോക്കറ്റില്‍ നിന്ന് ഏതാനും അഞ്ഞൂറിന്റെ നോട്ടുകളെടുത്ത് ടോമിച്ചന് നേരെ നീട്ടി. അത് വാങ്ങി കയ്യില്‍ മുറുകെ പിടിച്ച് ടോമിച്ചന്‍ പറഞ്ഞു. ''സാറെന്താ നോക്കിയിരിക്കുന്നെ എടുത്ത് കഴിക്കെന്നേ'' പാത്രത്തില്‍ നിന്ന് ഒരു കഷണം ഇറച്ചിയെടുത്ത് കടിച്ചുവലിച്ചുകൊണ്ട് ടോമിച്ചന്‍ പറഞ്ഞു. അയാളൊന്നും മിണ്ടാതെ അകത്ത് ആനി പോയ വഴിയിലേക്ക് നോക്കിയിരുന്നു.
ഗ്ലാസുകള്‍ നിറഞ്ഞു. ഇടക്കിടെ ഇടിയിറച്ചിയും അച്ചാറും വെള്ളവുമായി ആനി വന്നും പോയുമിരുന്നു. ട്രീസയെ അവിടെയെങ്ങും കണ്ടില്ല. അവള്‍ ടോമിച്ചന്റെ മകന് സ്‌കൂളിലെ ഏതോ പാഠം പഠിപ്പിച്ചുകൊടുക്കുകയാണെന്ന് തോന്നുന്നു. അകത്തുനിന്ന് പഠിപ്പിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. മദ്യപാനം അത്ര പതിവില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ടോമിച്ചന്‍ തളര്‍ന്ന് വശംകെട്ട് കസേരയിലേക്ക് ചാഞ്ഞു. ടോമിച്ചനെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അപരിചിതന്‍ കുടി തുടര്‍ന്നുകൊണ്ടിരുന്നു,
ഏറെ നേരമായിട്ടും ശബ്ദമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ട്രീസ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. നിലത്ത് ചര്‍ദ്ദിലില്‍ കിടക്കുന്ന സഹോദരനെ കണ്ട് അവള്‍ക്ക് അതിയായ ദേഷ്യം തോന്നി. അവളെത്തന്നെ നോക്കിയിരിക്കുന്ന അപരിചിതനെ അവഗണിച്ച് അവള്‍ തിരികെ മുറിയിലേക്ക് കയറി.
മുറിയുടെ കുറ്റിയിടുമ്പോള്‍ അവളുടെ കയ്യില്‍ ബലിഷ്ടമായൊരു കൈ പിടുത്തമിട്ടു. അത് അയാളാണെന്ന് അവള്‍ക്കുറപ്പായിരുന്നു. ട്രീസയുടെ കൈ ടിവി സ്റ്റാന്‍ഡിലിരുന്ന ഫ്‌ളവര്‍വേസിലേക്ക് നീണ്ടു. അത് ഒറ്റയടിക്ക് തെറുപ്പിച്ച് വന്യമായ കരുത്തോടെ അയാള്‍ ട്രീസയേയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. അവളുടെ നൈറ്റി തുടവരെ ഉയര്‍ന്നു. അവളയാളെ പ്രതിരോധിച്ചുകൊണ്ടിരുന്നു. അകത്ത് മുറിയില്‍ നിന്ന് ടോമിച്ചന്റെ മകന്‍ പഠിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. ഇതൊന്നുമറിയാതെ ടോമിച്ചന്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.
നെറ്റി പിളരുന്ന ഒരു അടിയേറ്റ് അപരിചിതന്‍ നിലത്തേക്ക് വീണു. അയാള്‍ കൈകള്‍ കൊണ്ട് നെറ്റി അമര്‍ത്തിപ്പിടിച്ചു. കുടുകുടാ ചോരയൊഴുകി അയാളുടെ വസ്ത്രമാകെ നനഞ്ഞു. അടുത്ത നിമിഷം ഒരു പിടച്ചിലോടെ അയാളുടെ ശരീരം നിലച്ചു. വസ്ത്രങ്ങള്‍ നേരെയാക്കി ട്രീസ പുറത്തേക്കിറങ്ങി. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഭാവമായിരുന്നു അവള്‍ക്ക്.
'എന്താ ട്രീസാ എന്താ ശബ്ദം കേട്ടത്' ഓടിയെത്തിയ ആനി ചോദിച്ചു. ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കുഞ്ഞമ്മയെ കണ്ട് ടോമിച്ചന്റെ മകനും അമ്പരന്നു. ആന്റീ എന്ന് വിളിച്ചുകൊണ്ട് അവന്‍ ട്രീസയെ കെട്ടിപ്പിടിച്ചു. അവരവനെ ചേര്‍ത്തുപിടിച്ച് അനങ്ങാതെ നിന്നു.
'ഞാനവനെ കൊന്നു ചേച്ചീ. അവന്‍ ചത്തെന്ന് തോന്നുന്നു'ട്രീസ പറഞ്ഞു. ആനി മറുപടിയൊന്നും പറഞ്ഞില്ല. പകരം ട്രീസയുടെ കൈ മുറുകെ പിടിച്ചു.
'നീ വാ'ട്രീസയുടെ കൈ പിടിച്ചുകൊണ്ട് ആനി പുറത്തേക്ക് നടന്നു. പുറത്ത് ഇരുട്ടിലേക്ക് നോക്കി ട്രീസ നിന്നു, ആരുമൊന്നും മിണ്ടിയില്ല.
''ചേച്ചീ എനിക്ക് കുറച്ച് മദ്യം വേണം' ട്രീസ ഇരുട്ടിലേക്ക് നോക്കി നിന്ന് പറഞ്ഞു. ആനി അകത്തേക്ക് കയറി. അവിടെ ചര്‍ദിച്ച് കിടക്കുന്ന ഭര്‍ത്താവിനെ കണ്ട് അവള്‍ക്ക് അതിയായ ദേഷ്യം തോന്നി. അയാളുടെ അടുത്ത് നിന്ന് അളവൊന്നുമറിയാതെ ഒരു ഗ്ലാസിലേക്ക് മദ്യം ഒഴിച്ചെടുത്ത് ആനി തിരിച്ചിറങ്ങി
'കഴിക്ക്'' ആനി ട്രീസക്ക് നേരെ ഗ്ലാസ് നീട്ടി. ട്രീസ ഒറ്റ വലിക്കാ മദ്യം കുടിച്ചു. എന്നിട്ട് ആ മലയടിവാരത്തിലേക്ക് തന്നെ നോക്കി നിന്നു.
''എടീ നമുക്കവന്റെ ബോഡി കുഴിച്ചിടണ്ടേ. വല്ല കേസും വന്നാലോ'' ആനി ട്രീസയോട് പറഞ്ഞു.
''എനിക്കൊരു പേടിയുമില്ല നാത്തൂനേ. ഈ നാറിയെ കൊന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും ഞാനൊരുക്കമാ''ട്രീസ പറഞ്ഞു. ട്രീസയുടെ മുഖത്തേക്ക് നോക്കാന്‍ പോലും ആനിക്ക് ധൈര്യം വന്നില്ല.
''എടീ അവന്റെ ഒരു വെല്യ ബാഗ് വണ്ടിക്കാത്തിരിപ്പൊണ്ടെന്ന് അച്ചായന്‍ പറഞ്ഞാരുന്നു. അതെന്താണെന്ന് നോക്കിയാലോ'' ആനി പറഞ്ഞു.
മറുപടിക്ക് കാത്തുനില്‍ക്കാതെ അവള്‍ ജീപ്പിന് നേരെ നടന്നു. ബാഗിന്റെ ഭാരം കൊണ്ട് അവള്‍ക്കത് വലിച്ചെടുക്കാനായില്ല, ശ്രമപ്പെട്ട് ആനിയാ ബാഗിന്റെ സിപ്പഴിച്ചു
അതില്‍ നിന്നൊരു സ്ത്രീയുടെ ചോരയൊലിക്കുന്ന തല പുറത്തേക്ക് വന്നു. അവരുടെ മുഖത്ത് മനോഹരമായ മൂക്കുത്തിയും ചീകി വെച്ച കട്ടിയുള്ള മുടിയും അവള്‍ മിന്നായം പോലെ കണ്ടു.
ആനി പുറകോട്ട് മറിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates