

ചിലപ്പോള്‍ എന്തോ
വഴിവക്കില്‍ തട്ടും
ഞൊണ്ടുന്നതിനിടയില്‍
ഞെട്ടിത്തിരിയും
ആരെയോ കയ്യെത്തിപ്പിടിക്കും
റാം റാം എന്ന് ചുണ്ടിലൂറും.
ബാപ്പുജീ ന്ന് തേങ്ങി
ആളുകള്‍ ചുറ്റിലും കൂടും.
പതിമുഖം കണ്ട്
ആഞ്ഞുകൊത്താന്‍
അറിയാത്തോന്‍
വിണ്ടുകീറിയ കാലുകള്‍ താങ്ങി
കാതങ്ങള്‍ താണ്ടി
ഉപ്പ് കുറുക്കും,
നടുവൊന്നു നീര്‍ക്കും
ചമ്രം പടിഞ്ഞു
ചര്‍ക്കയില്‍ നൂല് നൂല്‍ക്കും.
പാതിരാകോഴി കൂവും വരെ
പുത്തന്‍ കിനാവിന്റെ
ചിത്രം വരയ്ക്കും
മുറിപ്പെന്‍സിലും
കീറക്കടലാസ്സുമായി
നീണ്ട കത്തുകള്‍ എഴുതും...
പ്രപഞ്ചമൊന്നാകെ
മുഷിയാതെ കാത്തുനില്‍ക്കും,
സൂര്യോദയം തീര്‍ക്കും.
മനവും മേനിയും
പിന്നെയും മുന്നോട്ടായും.
വടക്കുതൊട്ട് തെക്കു വരെ
പടിഞ്ഞാറുതൊട്ട് കിഴക്കുവരെ
യുദ്ധം മുതല്‍ സമാധാനം വരെ
മൗനം മുതല്‍ അലര്‍ച്ചവരെ
രവീന്ദ്രന്‍ മുതല്‍ നാരായണന്‍ വരെ
ഐന്‍സ്റ്റീന്‍ മുതല്‍ ടോല്‍സ്‌ടോയ് വരെ
ക മുതല്‍ മ വരെ
നിങ്ങള്‍ മുതല്‍ നമ്മള്‍ വരെ,
യാത്രയാണ്...
സത്യാന്വേഷണ യാത്ര!
പലവട്ടം പിന്നാലെ കൂടി
പലരും പലതും.
ഒടുവില്‍ ഒരുണ്ട,
ഒരു വെടിയുണ്ട
നെഞ്ചു തുളച്ചയുണ്ട
ജീവനെടുത്ത ഉണ്ട
ആശയറ്റ ഉണ്ട
ആശയത്തിനു നേരേ ഒരുണ്ട...
എവിടെയെങ്കിലും തീരണ്ടേ
തീര്‍ക്കണ്ടേ,
ബിര്‍ലാഹൗസ് ചരിത്രമായി.
വെടിയുണ്ടയുടെ
രസതന്ത്രം എന്തെന്നിപ്പോഴും
ചികയുന്നുണ്ട് വേതാളങ്ങള്‍
തോളില്‍ തൂങ്ങി
വാലില്‍ തൂങ്ങി...
അക്ഷരങ്ങളന്നും
ചര്‍ക്കയില്‍ വിരിഞ്ഞു,
റാം റാം!
ഉപ്പില്‍ നുണഞ്ഞു,
രഘുപതി രാഘവ രാജാറാം
റാം റാം...
സ്മൃതിമണ്ഡപം ഉയര്‍ന്നു.
വേറെയെന്തു ചെയ്യാന്‍,
വേറിട്ടെന്തു ചെയ്യാന്‍!
പിടി തരാതെ
നേര്‍ത്തൊരു നിഴലായി
ദൂരെ ദൂരെ
നീളന്‍ വടി
നേര്‍ത്ത കണ്ണട
നഗ്‌നത മറച്ച ദോത്തി...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates