

നഗരത്തിലെ തിരക്കു പിടിച്ച റോഡിലൂടെ അയാള്‍ ജീവച്ഛവം പോലെ നടന്നു നീങ്ങി.
കോടതി റോഡിലേയ്ക്കു ചേരുന്ന നഗര പാതയിലൂടെ ഈ വൈകുന്നേരത്തിനകം എത്രയോ
തവണ കടന്നു പോയിട്ടുണ്ടാകാം. ഓരോ പ്രാവശ്യവും അയാളുടെ മുഖം വ്യാകുലത കൊണ്ട് നിറയുകയായിരുന്നു. ദുഃഖവും നിരാശയും അയാളെ ആകെ തളര്‍ത്തി.
ഓണാഘോഷത്തിന്റെ ഉത്സവത്തിമിര്‍പ്പിലാണ് നഗരം മുഴുവന്‍. കനത്ത മഴയില്‍ മരവിച്ച നഗരം പെട്ടെന്ന് ആവേശം കൊണ്ടുണര്‍ന്നത് ഈ ഓണനാളിലാണ്. അരുണിനെ പുസ്തക വില്‍പ്പനക്കാരന്റെ അടുത്തുവച്ചു കാണുന്നതുവരെ അയാളിലും ഉത്സവത്തിന്റെ ആവേശം നിറഞ്ഞു നിന്നിരുന്നു.
ഇക്കാലത്ത് ഓണം പൂര്‍ണമാകുന്നത് കമ്പോളത്തിലാണെന്ന് മറ്റുള്ളവരെപ്പോലെ ഗോപിനാഥനും
മനസ്സിലാക്കിയിരുന്നു. ഉപഭോക്തൃജീവിതം സാംസ്‌കാരികവും സാമൂഹികവുമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന ചിന്തകള്‍ ഉള്ളില്‍ ഉറഞ്ഞുപോകുമ്പോഴും വിപണികള്‍ക്ക് ഒരു സൃഷ്ടിപരമായ സര്‍ഗാത്മകതയും ഉദാരതയും ഉണ്ടെന്ന് ഗോപിനാഥന്‍ തിരിച്ചറിഞ്ഞിരുന്നു. അത് അങ്ങേയറ്റം ആസ്വദിക്കുകയും പ്രയോജനപ്പെടുത്തുകയും വേണമെന്ന വിശ്വാസക്കാരനായിരുന്നു അയാള്‍. അതുകൊണ്ടാണ് തിരക്കുള്ള ബസില്‍ ഏറെ ദൂരം യാത്ര ചെയ്ത് മകനേയും കുട്ടി ഓണം പൂക്കുന്ന നഗരത്തിലെത്തിയത്.
ഓണച്ചന്തകളിലെ ഉത്സവാലങ്കാരങ്ങള്‍ ആസ്വദിച്ചും ആ ബഹളത്തില്‍ മുങ്ങി വിലക്കിഴിവില്‍ കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടുകയും വേണം. തനിക്ക് ഓണത്തെക്കുറിച്ച് ഇങ്ങനെയൊരു കാഴ്ചപ്പാടുണ്ടായത് എന്നു മുതലാണെന്ന് ഗോപിനാഥന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഗൃഹം മോടി കൂട്ടാനുള്ള പല സാധനങ്ങളേയും സംബന്ധിച്ചിട്ടുള്ള ഭാര്യയുടെ ആവശ്യങ്ങളെല്ലാം ഓണം വരെ നീട്ടിക്കൊണ്ടു പോകുകയാണ് പതിവ്. വമ്പിച്ച ഓഫറുകളോടെ കരസ്ഥമാക്കാമെന്ന കണക്കു കൂട്ടലുകള്‍ നിരത്തും. ഓഫറുകള്‍ ഒരു കുരുക്കാണെന്ന് ആരു പറഞ്ഞാലും അത് അവള്‍ക്ക് നല്‍കാന്‍ കഴിയുന്ന പ്രതീക്ഷയുടെ പിടി വള്ളികൂടിയാണെന്ന് അയാള്‍ക്കറിയാമായിരുന്നു.
എന്നാല്‍ ഇപ്രാവശ്യം ഒരു ശരാശരി ക്ലര്‍ക്കിന് ശമ്പളവും ഉത്സവ ബത്തയും കൊണ്ട് അവശ്യസാധനങ്ങള്‍ വരെ വാങ്ങിക്കാന്‍ തികയില്ലെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഭാര്യ ഈയ്യിടെ പറഞ്ഞുതുടങ്ങിയ അലക്കുമെഷീന്‍ സ്വപ്നം തകരുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
കഴിഞ്ഞ ഓണത്തിന് അവളുടേയും മക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ടി.വി.വാങ്ങുകയും അത് കുടുംബത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിന് വിഘ്‌നം വന്നതും കൂടാതെ ഇ.എം.ഐ.അടയ്ക്കുന്നതിന്റെ ക്ഷീണവും നന്നേ അനുഭവിക്കുന്നതാണ്.
റേഡിയോ ഉള്ളത് മതിയായിരുന്നു. തനിക്ക് ഇന്നും പ്രിയപ്പെട്ടത് റേഡിയോ തന്നെ. രാത്രിയില്‍ തലയ്ക്കരികില്‍ റേഡിയോ വെച്ച് കിടന്നുകൊണ്ട് കേള്‍ക്കുന്ന പാട്ടുകള്‍ എന്തു സുഖകരം. അതിന്റെ ചിറകില്‍ ഉറക്കത്തിലേയ്ക്ക് അറിയാതെ പറന്നിറങ്ങും. കുട്ടിക്കാലം മുതല്‍ റേഡിയോ നൊസ്റ്റാള്‍ജിയോയും വീക്കനസ്സും ആണ്. സുപ്രഭാതം കേട്ടുണരുന്ന ഓരോ ദിവസവും എത്ര ആനന്ദപ്രദം. യമുനയുടേയും മക്കളുമൊപ്പം ഏറെ നേരം ടെലിവിഷനു മുന്നില്‍ ഗോപിനാഥന്‍ ഇരിക്കാറില്ല. റേഡിയോ ആകാശവും ടെലിവിഷന്‍ കടലും പോലെയെന്നാണ് ഗോപിനാഥന്‍ പറയുക. വിസ്മയ കാഴ്ചകളാണ് കടല്‍ നല്‍കുന്നതെങ്കിലും നിലയില്ലാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്നുപോകും. ഉയര്‍ന്നെഴുന്നേല്ക്കുക പ്രയാസം. ആകാശത്താണെങ്കില്‍ ഒരു അപ്പൂപ്പന്‍താടിപോലെ മുകളിലിരുന്ന് കാഴ്ചകള്‍ കണ്ട് അങ്ങനെ പറന്നു നടക്കാം. അതൊന്നും പറഞ്ഞാല്‍ അവര്‍ക്കറിയില്ല.
അവളെ ആശ്വസിപ്പിക്കാനായി ഗോപിനാഥന്‍ ഒടുവില്‍ പറഞ്ഞു നോക്കി.
-യഥാര്‍ത്ഥത്തില്‍ നമുക്കിങ്ങനെയൊരു അലക്കുയന്ത്രത്തിന്റെ ആവശ്യമുണ്ടോ, നീ പറഞ്ഞേ.
-ആവശ്യമുണ്ട്. ഇപ്പോള്‍ ഇവിടെ എല്ലാവര്‍ക്കും അതുണ്ടല്ലോ. ഇപ്പോഴായാല്‍ വിലക്കുറച്ച് ലഭിക്കുകയുംചെയ്യും, ടിവിയില്‍ പരസ്യം ഉണ്ടായിരുന്നല്ലോ.
-അതൊക്കെ വെറും വാഗ്ദാനങ്ങള്‍ മാത്രമല്ലേ.
അങ്ങനെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് തന്റെ വാക്കുകളില്‍ അവള്‍ അര്‍പ്പിച്ച വിശ്വാസത്തിന് കത്തി വെയ്ക്കലാണെന്ന് ഓര്‍ത്തതോടെ ഉടന്‍ വാക്കുകളില്‍ എല്ലാ സ്‌നേഹവും ചാലിച്ച് പതുക്കെ ചോദിച്ചു.
-അതുമല്ല അത്തരം ആര്‍ഭാടമൊക്കെ നമുക്ക് വേണോ യമുനേ..
-ഇന്നത്തെ കാലത്ത് ഇതൊന്നും ഒരു ആര്‍ഭാടമേ അല്ല ഗോപിയേട്ടാ. നമുക്കൊഴികെ ഇവിടെ ഏതെങ്കിലും വീട്ടില്‍ ഇതില്ലാതുണ്ടോ..
.-യമുനേ, നോക്ക് നമുക്കിവിടെ നല്ലൊരു കുളക്കടവും അലക്കു കല്ലും ഉള്ള സ്ഥിതിക്ക് ഇങ്ങനെയൊരു യന്ത്രം ആവശ്യമുണ്ടോ, അതു മാത്രമല്ല മറ്റു നൂറുകൂട്ടം കാര്യങ്ങള്‍ ഉള്ളപ്പോള്‍. അത്ര അത്യാവശ്യമാണോ.
-നിങ്ങള്‍ക്കെന്റെ ബുദ്ധിമുട്ട് അറിയാഞ്ഞിട്ടാ.
അവളില്‍ സങ്കടം നിറഞ്ഞുവന്നു.
-അതു കൊണ്ടൊന്നുമല്ല. ജീവിതത്തില്‍ ഈ യന്ത്രം ഉണ്ടാക്കുന്ന അലസതയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ.
യുക്തിപരമായ ഒരു ചോദ്യം തൊടുത്തു.
-ഞാന്‍ എന്തു പറഞ്ഞാലും കാണും നിങ്ങള്‍ക്കോരോ മുടന്തന്‍ ന്യായങ്ങള്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാമെന്ന് പറഞ്ഞപ്പോഴും ഉണ്ടായി ഒരു കണ്ടുപിടുത്തം. റേഡിയേഷന്‍ കാ?ര?ണം തലച്ചോറിലെ കോശങ്ങള്‍ നശിക്കും. പോരാത്തതിന് സ്വകാര്യത നശിപ്പിക്കും. അതിന്റെ അടിമയാകും... എന്തെല്ലാം ന്യായീകരണങ്ങള്‍.
ഈ ലോകത്ത് നമുക്ക് മാത്രമേ ഉള്ളൂ ഇതൊക്കെ ബാധകം. അല്ല ഗോപിയേട്ടാ നിങ്ങളിങ്ങനെ പഴഞ്ചനായിപ്പോയല്ലോ. ഭഗവാനേ..
അമര്‍ഷം വാക്കുകളില്‍ ഒതുക്കി അവള്‍ എഴുന്നേറ്റു പോയി.
ടിവിയിലെ ഡ്രസ്സ് അലക്കുന്ന പരസ്യ കുടുംബം അവളുടെ സ്വപ്നത്തില്‍ നിന്നും ഒഴിഞ്ഞു പോയതായി ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇത് നഗരത്തിലേക്കുള്ള അവളുടെ ഉത്സാഹത്തെ പൂര്‍ണമായും കെടുത്തിയതായി അയാള്‍ക്കുതോന്നി.
തനിയെ പോയാല്‍ മതിയെന്നു പറഞ്ഞ് അവള്‍ പിന്‍വാങ്ങുക തന്നെ ചെയ്തു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ വരാന്‍ കൂട്ടാക്കിയില്ല. അച്ഛന്റെകൂടെ വന്നാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് മകളും ഒഴിഞ്ഞു.
കൂടാതെ ഡ്രസ്സൊക്കെ ഓണ്‍ലൈനില്‍ വാങ്ങാമെന്ന അവളുടെ ഉപദേശവും.
തുണിക്കടകളിലെ വര്‍ണ്ണപ്രപഞ്ചം. അതിലെ പുത്തന്‍ തുണിയുടെ മണവും സ്പര്‍ശവും ഏറ്റവാങ്ങുന്നതിന്റെ ഒരു സുഖം ഇവള്‍ക്ക് അറിയില്ലല്ലോ..
ഒടുവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകനേയും കൂട്ടി അയാള്‍ നഗരത്തിലേയ്ക്ക് പുറപ്പെട്ടു. ബസ്സുകളിലെല്ലാം വലിയ തിരക്ക്.
സ്റ്റോപ്പില്‍ നിര്‍ത്താതെ വളരെ മുമ്പില്‍ കൊണ്ടു പോയിനിറുത്തുക. ഓടിയെത്തുമ്പോഴേയ്ക്കും ബസ്സ് വിടുക. തിരക്കുള്ള ദിവസങ്ങളിലെ അതേ പരിപാടി. മോനേയും കൊണ്ട് ഓടിയെത്തിയെങ്കിലും വലിഞ്ഞുകയറാനാവാതെ പിന്‍വാങ്ങി. പിന്നാലെയെത്തിയ ബസ്സിലേയ്ക്ക് കിളി ആഞ്ഞു തള്ളിക്കയറ്റി. മകന്‍ ആളുകള്‍ക്കിടയില്‍ അമര്‍ന്നുപോകുമെന്ന് പേടിച്ച് അയാള്‍ ആശങ്കപ്പെട്ടു. ഒരു സ്‌കൂട്ടി സ്വന്തമായി വാങ്ങാനുള്ള യമുനയുടെ ആവശ്യം ശരിയാണെന്ന് തോന്നിയ നിമിഷമായിരുനു അത്.. ഈ കഷ്ടപ്പാട് ഇത്രയും സമയം മതിയല്ലോ. സ്‌കൂട്ടി ഉണ്ടാക്കാവുന്ന ഓരോ പൊല്ലാപ്പ് ഓര്‍ത്താല്‍ വാങ്ങാത്തത് നന്നായി എന്ന് ഉടനെ സമാധാനപ്പെട്ടു.
ഓണത്തിന് ഇനി രണ്ടു നാള്‍ കൂടിയേ ബാക്കിയുള്ളു. അതിന്റെ തിടുക്കം ഓരോരുത്തര്‍ക്കുമുണ്ട്.
ഓണത്തിനായുള്ള സ്‌പെഷ്യല്‍ സ്റ്റാളുകളും വഴിവാണിഭവും നഗരത്തെ ഉത്സാഹവതിയാക്കി തീര്‍ത്തിട്ടുണ്ട്.
പ്രശസ്ത ചാനലും നഗരത്തിലെ ജ്വല്ലറി ഷോപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാഷോയുടെ കൂറ്റന്‍ ഫ്‌ളക്‌സ് നഗരകവാടത്തില്‍ അവരെ സ്വാഗതം ചെയ്തു. അതില്‍ അണിനിരന്ന ചലച്ചിത്ര താരങ്ങളും റാപ്പ് ഗായകരും അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഏറ്റവും വിലകുറച്ചുള്ള വില്‍പ്പന കേന്ദ്രങ്ങളിലാണ് ആളുകള്‍ ഏറെ പറ്റിക്കൂടി നില്‍ക്കുന്നത്.
പിന്നേയും വിലകുറച്ചു ലഭിക്കുമെന്ന ചിന്തയാണ് ഓരോരുത്തര്‍ക്കും. തെരുവോരക്കച്ചവടം പൊടിപൊടിക്കുന്ന ബാങ്ക് റോഡിലൂടെ നടന്നപ്പോള്‍ അത്യാവശ്യം വാങ്ങിക്കേണ്ടവ ഓരോന്നായി മനസ്സില്‍ കുറിച്ചിട്ടു.
ഭാര്യയുടെ പിണക്കം തീര്‍ക്കാന്‍ അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഒന്ന് വാങ്ങിക്കണം. ഓണത്തിന്റെ സന്തോഷം അതില്‍ അവള്‍ കണ്ടത്തട്ടെ.
ഈ നഗരം തനിക്കെന്നും വിസ്മയം ജനിപ്പിച്ചിട്ടേ ഉള്ളൂ. കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ വന്നപ്പോഴാണ് ഈ നഗരം താന്‍ ആദ്യം കാണുന്നത്. നഗരത്തിലെ സുഖസൗകര്യങ്ങളോട് വല്ലാത്ത ആകര്‍ഷണവും നാട്ടുമ്പുറത്തോട് ആകെ വെറുപ്പുമായിരുന്നു. നഗരവാസികളോട് ഒരാരാധനയും. പിന്നീട് എപ്പൊഴാണ് അത് മാറിയത്.
ആളുകളുടെ ഓണാവേശം കാണാന്‍ നഗരത്തില്‍ തന്നെ വരണം. ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. എന്തൊരു ഉത്സാഹമാണ് എല്ലാവര്‍ക്കും.
മാര്‍ക്കറ്റ് റോഡിലേയ്ക്ക് കയറിയപ്പോള്‍ പണ്ട് പാലക്കുന്ന് ഭരണി ഉത്സവത്തിന് അച്ഛനോടൊപ്പം പോയത് ഓര്‍ത്തു പോയി. അച്ഛനോടൊപ്പം അങ്ങനെ ഒരുമിച്ച് യാത്ര ചെയ്ത നിറമുള്ള ഓര്‍മ്മകളൊന്നും അധികമില്ല. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഒഴുകുന്ന ജനപ്രളയത്തിലൂടെ അന്ന് അച്ഛന്റെ കയ്യില്‍ തൂങ്ങി നടന്നപ്പോള്‍ എന്തൊരു പേടിയായിരുന്നു.എത്രയെത്ര ആളുകള്‍. അച്ഛന്റെ കൈവിട്ടു പോയാല്‍ താന്‍ അവരുടെ ഇടയില്‍ ഒറ്റയ്ക്ക് എന്തുചെയ്യുമെന്ന ഭയമായിരുന്നു മനസ്സു നിറയെ.
ഗോപിനാഥന്‍ മകന്റെ കൈ ഒന്നു കൂടെ മുറുകെ പിടിച്ചു. മകന്‍ കൈവിട്ടു പോകുമോ എന്ന പേടിയാണിന്ന്. താന്‍ കൈ മുറുകെ പിടിക്കുന്നത് മകന് ഇഷ്ടമായില്ലെന്ന് അവന്റെ കൊച്ചു മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
കാലം വരുത്തിയ മാറ്റത്തെക്കുറിച്ച് അയാള്‍ ആലോചിച്ചു പോയി.
ആദ്യം മോള്‍ക്ക് ഒരു ഉടുപ്പു വാങ്ങാം. കൂടുതല്‍ സെലക്ഷന്‍ ഉണ്ടാകുമെന്ന് തോന്നിയ ഒരു കടയിലേക്ക് ഗോപിനാഥനും മകനും കയറി. വലിയ ചില്ലു കൂടിനകത്ത് ആകര്‍ഷകമായി തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ ഉടുപ്പുകള്‍ തന്നെ നോക്കി പരിഹസിക്കുന്നതായി അയാള്‍ക്ക് തോന്നി.
മനസ്സിന് തൃപ്തി തോന്നുന്ന ഒന്നും കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
വേറെ കടയില്‍ കുറേ കൂടി മെച്ചമായവ കണ്ടേക്കാം. മറ്റാര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത എല്ലാവരും അസൂയപ്പെടുന്ന ഏറ്റവും മികച്ചതു തന്നെ മോള്‍ക്കു വാങ്ങിക്കണം. വില ഒതുങ്ങിക്കിട്ടുകയും വേണം.
ഡ്രസ് സെലക്ഷന്‍ ഒരു കല തന്നെയാണ്. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുടെ പ്രശംസ അയാള്‍ പിടിച്ചു പറ്റിയിട്ടുമുണ്ട്. മുന്നില്‍ ഏറെ ഉടുപ്പുകള്‍ വലിച്ചിട്ട സെയില്‍സ്മാന്റെ വെറുപ്പ് നിറഞ്ഞ മുഖം കാണാതെ മകനേയും കൂട്ടി മുഖം ആര്‍ക്കും നല്‍കാതെ തിടുക്കത്തില്‍ പുറത്തിറങ്ങി. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നു സ്വയം സമാധാനിച്ചു. മകന്റെ മുഖത്ത് ഒളികണ്ണിട്ടു നോക്കി. തന്റെ പ്രവൃത്തി മകനെ നിരാശപ്പെടുത്തിയിരിക്കണം.
അവന്റെ മുഖത്തെ നീരസം അയാള്‍ കണ്ടില്ലെന്നു നടിച്ചു.
കോടതി റോഡില്‍ കയറിയപ്പോഴാണ് വഴിയില്‍ പുസ്തക വില്‍പ്പന കണ്ടത് വളരെ വിലക്കിഴിവില്‍. സെക്കന്റ് ഹാന്റ് പുസ്തകങ്ങളാണ്. ആദ്യംകണ്ടപ്പോള്‍ എല്ലാ പുസ്തകങ്ങളും വാങ്ങിക്കാന്‍ പറ്റിയ സന്ദര്‍ഭമെന്നു കരുതി മനസ്സ് ആഹ്‌ളാദം കൊണ്ടു നിറഞ്ഞു. ഓണച്ചന്തയില്‍ ഇങ്ങനെയൊരു കച്ചവടകേന്ദ്രം ഉണ്ടാകുമെന്ന് വിചാരിച്ചതേ അല്ല. സൂക്ഷ്മം പരിശോധിച്ചപ്പോള്‍ ഓരോ പുസ്തകവും തള്ളേണ്ടവയാണെന്നറിഞ്ഞു.
'വ്യാഴവട്ടസ്മരണ'കളില്‍ മുങ്ങിത്താണു കൊണ്ടിരുന്നപ്പോള്‍ ആ പരിചിത ശബ്ദം അയാളെ ഉണര്‍ത്തി.
-ഗോപിയേട്ടാ കുടുംബമൊന്നുമില്ലാതെ ഒറ്റയ്ക്കാണോ.
-ങാഹാ, അരുണോ ഉണ്ടല്ലോ. മോനുണ്ട്.
ഇതും പറഞ്ഞ് മകന്‍ നിന്ന ഭാഗത്ത് നോക്കിയപ്പോള്‍ അയാള്‍ അമ്പരന്നു പോയി. കുറച്ച് അപ്പുറത്ത് എവിടയെങ്കിലും കാണുമെന്ന പ്രതീക്ഷ നഷ്ടമായതോടെ അയാള്‍ ആകെ വിവശനായി. എവിടെപ്പോയി. ഇതുവരെ തന്റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ.പുസ്തക മറവിലെവിടെയെങ്കിലും... ഇല്ല എവിടേയും ഇല്ല.
ഈ ജനപ്രളയത്തില്‍ മകന്‍ എവിടേയ്ക്ക് പോയി.
ലക്ഷ്യമില്ലാതെ അയാള്‍ ആള്‍ക്കൂട്ടത്തിനടയില്‍ പരക്കം പായാന്‍ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും
തനിക്കെന്റെ പുത്രന്‍ നഷ്ടപ്പെടുകയാണെന്ന എന്ന ഭീതി അയാളില്‍ വേരുറയ്ക്കാന്‍ തുടങ്ങി.
ഓണത്തിന്റെ എല്ലാ ആഹ്ലാദവും അയാളില്‍ നിന്നും വാര്‍ന്നുപോയി. അരുണിന്റെ ആശ്വാസ വാക്കുകള്‍
അയാള്‍ കേട്ടില്ല. നഗരത്തിലെ ഓരോ പാതയിലൂടെയും പലയാവര്‍ത്തി അയാള്‍ കടന്നു പോയി. വളരെ തിടുക്കത്തോടെ അടുത്ത നിമിഷം മകന്റെ മുഖം കണ്ടെത്താന്‍ കഴിയുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. ഓരോ ആള്‍ക്കൂട്ടത്തേയും പിന്‍ തളളി കടന്നു പോവുമ്പോഴും അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തന്റെ മകന്‍ തൊട്ടു മുന്നില്‍ ഉണ്ടാവണേ എന്ന്. ആളുകള്‍ അയാള്‍ക്ക് തടസ്സമായി. ചിലരെ തട്ടിമാറ്റി ഓടിയപ്പോള്‍ പലരുടേയും
പരിഹാസം നിറഞ്ഞ ശകാരം കേള്‍ക്കാമായിരുന്നു.പക്ഷെ അതൊന്നും അയാളെ ബാധിച്ചതേയില്ല.
ചാറ്റല്‍ മഴ നഗരത്തെ ഈറനണിയിച്ചു കൊണ്ടിരുന്നു.
എന്നിട്ടും അയാള്‍ വിയര്‍പ്പില്‍ കുളിച്ചു. ഒരു കടവരാന്തയില്‍ തളര്‍ന്നിരുന്നു. അരുണ്‍ അയാളെ കുലുക്കി വിളിച്ചു.
ഇങ്ങനെ തളരല്ലെ. നമുക്ക് വഴിയുണ്ടാക്കാം.
അയാള്‍ അതൊന്നും കേട്ടില്ല. അപരിചിതത്വത്തിന്റെ ഓരോ മുഖവും അയാളെ പേടിപ്പെടുത്തി.
ഈ വലിയ നഗരത്തില്‍ തന്റെ മകന്‍ എവിടെയായിരിക്കും.? തനിക്കവനെ കണ്ടെത്താന്‍ കഴിയുമോ ?
റോഡേതെന്നറിയാതെ ബസ്സറിയാതെ അവന്‍ കരയുകയായിരിക്കും. ഒരുപക്ഷേ വല്ലവരും... ചിന്ത അത്രത്തോളമായപ്പോഴേക്കും മനസ്സും ശരീരവും തളര്‍ന്നു. താന്‍ ഈ ലോകത്ത് ഒറ്റയ്ക്കായതുപോലെ...
നിലവിളി തൊണ്ടയില്‍ കുടുങ്ങി.
ലക്ഷ്യ ബോധം നഷ്ടപ്പെട്ടവനെ പോലെ കോടതി റോഡിലൂടെ.. ബാങ്ക് റോഡിലൂടെ.. എം.ജി റോഡിലൂടെ..
അയാള്‍ പലവട്ടം അലഞ്ഞു.. ഓരോ കുടുംബവും കൈ നിറയെ പൊതിക്കെട്ടും മനം നിറയെ ആഹ്‌ളാദവുമായി മടങ്ങിത്തുടങ്ങി. നേരം ഇരുട്ടിത്തുടങ്ങുകയാണ്. വൈദ്യുത വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങിയതോടെ നഗരം കൂടുതല്‍ വശ്യതയാര്‍ന്നു. ഇരുളിലെവിടെയോ തന്റെ മകനെ ഒളിപ്പിച്ച് പരിഹസിച്ച് ചിരിക്കുകയാണോ?
ഈ നഗരത്തില്‍ നിന്നും മുമ്പ് കേട്ട പല വാര്‍ത്തകളും ഇപ്പോള്‍ അയാളില്‍ ഭയം നിറച്ചു.
കോളജ് പഠനകാലത്താണ് നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍ പല ദുരൂഹതകളും ഉണ്ടെന്നറിഞ്ഞത്.
പ്രകാശത്തിനപ്പുറത്തെ ഇരുള്‍ അയാളെ ഭയപ്പെടുത്തിയിരുന്നു. രാത്രിയില്‍ സജീവമാകുന്ന
റെയില്‍ സ്റ്റേഷനപ്പുറത്തെ പഴയ കെട്ടിടം, ടവര്‍ ക്ലോക്കിനടുത്തെ പഴയപാലം, മാര്‍ക്കറ്റിന്റെ പിന്‍വശം എല്ലാം പലതിന്റേയും രഹസ്യകേന്ദ്രങ്ങളായിരുന്നു. ഇന്നും മാറ്റം വന്നിട്ടുണ്ടാവില്ല. പത്രങ്ങളിലെ സ്ഥിരം വാര്‍ത്താ കേന്ദ്രങ്ങള്‍. അടുത്ത ദിവസം പത്രത്തില്‍ കണ്ടേക്കാവുന്ന വാര്‍ത്താ ശകലം ഓര്‍ത്ത് അയാളുടെ ചങ്കു പൊട്ടി.
-യമുന അവള്‍..മകനില്ലാതെ.. ഞാനിനി...
അരുണ്‍ ആശ്വസിപ്പിച്ചു.
-യമനേച്ചി വിളിച്ചിരുന്നോ.
അപ്പോഴാണ് പോക്കറ്റിലെ മൊബൈലിന്റെ ഓര്‍മ്മ അയാളില്‍ ഉണ്ടായത്.
ബട്ടണ്‍ അമര്‍ത്തി.
ഡിസ്പ്‌ളെ തെളിയുന്നുണ്ടായിരുന്നില്ല.
അരുണ്‍ സഹതാപത്തോടെ അതില്‍ നോക്കി. വാങ്ങി. തിരിച്ചു നല്‍കി.
-നമുക്ക് പൊലീസില്‍ അറിയിക്കാം. അതാണു ബുദ്ധി ഗോപിയേട്ടാ... അരുണിന്റെ നിര്‍ദ്ദേശം
അയാള്‍ക്ക് സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അന്വേഷണത്തിന്റെ ഓരോ നിമിഷത്തിലും അവനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. അതു കൊണ്ട് ആദ്യം അരുണ്‍ ഇത് പറഞ്ഞപ്പോള്‍ ദേഷ്യമാണ് തോന്നിയത്.
ട്രാഫിക് പൊലീസുകാരനോട് പറഞ്ഞപ്പോള്‍ അയാള്‍ പരിഹസിച്ചു.
-മോനെ കാണാനില്ലെന്നോ വല്ല സാധനവും കളഞ്ഞതു പോലാണല്ലോ താന്‍ പറയുന്നത്. മോന്റെ ഫോട്ടോ ഉണ്ടോ..മൊബൈലിലോ മറ്റോ..
തന്റെ നിസ്സഹായത മുഴുവന്‍ ഗോപിനാഥന്‍ പൊലീസുകാരന്റെ മുന്നില്‍ തുറന്നു കാട്ടി. ആ നിഷ്‌കളങ്കത പൊലീസുകാരന്‍ നന്നായി ആസ്വദിച്ചു,
-ശരി, ശരി ഇങ്ങനെ കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല. ഒരു കാര്യം ചെയ്യ്. ടൗണ്‍ സ്റ്റേഷനില്‍ ഒരു പരാതി റിട്ടണ്‍ ആയി നല്‍ക്, ഉം, വേഗം പോയ്‌ക്കോ.
ഒടുവില്‍ പരാതിയും ചോദ്യം ചെയ്യലും ഒക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അയാളിലെ എല്ലാ പ്രതീക്ഷയും നശിച്ചു കഴിഞ്ഞിരുന്നു. അരുണിന്റെ വാക്കുകളില്‍ ഒരു സമാധാനവും കാന്റെ പിന്നാലെ നടന്നു. ഒരു പൊങ്ങു തടി പോലെ വെറുതെ നീങ്ങുകയായിരുന്നു.
അരുണ്‍ കൈ മുറുകെ പിടിച്ചിരുന്നത് അയാള്‍ അറിഞ്ഞില്ല. അവിടെ നഗരപാലകര്‍ സ്ഥാപിച്ച വലിയ സ്‌ക്രീനിനു മുന്നിലെ ആള്‍ക്കൂട്ടത്തിന്റെ ആരവം അയാളെ അലോസരപ്പെടുത്തി.
കൂറ്റന്‍ വേദിയില്‍ ചാനല്‍ മെഗാഷോ അരങ്ങുതകര്‍ക്കുന്നു. ഏതു ദുരിതകാലത്തും നഗരത്തില്‍ ഓണാഘോഷം കൊഴുപ്പിച്ചെടുക്കുകയും ടൂറിസ വിപണിയെന്ന സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പുതിയ കാലത്തെക്കുറിച്ച് അനവസരത്തിലാണെന്ന ബോധ്യം ഉണ്ടായിട്ടും മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് അരുണ്‍ വെറുതെ സംസാരിച്ചുകൊണ്ടിരുന്നു.
ഗോപിനാഥന്റെ ആഴത്തിലുള്ള മൗനവും നോട്ടവും അരുണിനെ ഭയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.
ഫ്യൂഷന്‍ഡാന്‍സിലും റാപ്പ് പാട്ടുകളിലും ജനം ആര്‍ത്തുല്ലസിച്ചു. ഗായകന്‍ ഉറഞ്ഞാടുകയാണ്. മുന്നില്‍
നിഴലുകളായി തടിച്ചുകൂടിയ ആയിരങ്ങളും.
എന്നാല്‍ അതൊന്നും ഗോപിനാഥന്റെ കണ്ണിലോ മനസിലോ കയറിയില്ല. നഗരത്തില്‍ അലയടിച്ചുയരുന്ന ആവേശക്കടലിന്റെ വിശേഷങ്ങള്‍ അരുണ്‍ അതിശയത്തോടെ വര്‍ണ്ണിച്ചുകൊണ്ടിരുന്നു.
-യുവ ഗായകനും നര്‍ത്തകരും വേദി തകര്‍ക്കുകയാണ്. ആട്ടവും പാട്ടും. കേട്ടില്ലേ ആര്‍പ്പുുവിളികള്‍.
ജനവും ഒപ്പം ആടിത്തിമിര്‍ക്കുന്നു. എന്തൊരു ആവേശം !
അയാള്‍ അത് കേട്ടില്ല.
വീട്ടില്‍ യമുനയും മോളും തങ്ങളുടെ വരവിനു വേണ്ടി കാത്തിരിക്കുകയായിരിക്കും.
മോനില്ലാതെ..അയാള്‍ വിതുമ്പി. ഒരു നിമിഷം ആരവമടങ്ങി. കൂട്ടം അയഞ്ഞു. വെളിച്ചത്തിന്റെ തെളിഞ്ഞൊഴുക്കില്‍ അരുണ്‍ പെട്ടെന്ന് വിളിച്ചു കൂവി.
-അതാ ഗോപിയേട്ടാ നമ്മുടെ വിജയ് സ്‌ക്രീനനരികില്‍.
അരുണിന്റെ വാക്കുകള്‍ വിശ്വസിക്കാനാവാതെ അയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു.
നഷ്ടമായ ഒരു ജീവിതം തിരിച്ചു കിട്ടിയതു പോലെ ഗോപിനാഥന്‍ ആഹ്‌ളാദം കൊണ്ടു.
മനസ്സില്‍ ഓണപ്പൂക്കള്‍ വിടരുന്നത് അയാള്‍ അനുഭവിച്ചറിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates