

നഗരോരക്കടലിൽ
പകലെരിയുന്നു, കര-
ക്കാറ്റു വീശുന്നു
വെളിച്ചത്തിലമരും നഗരം
നാനാവർണ്ണക്കെട്ടിടങ്ങൾ
സർക്കാരിൻ മദ്യശാലതൻ
ചുറ്റുഗോവണികയറി
കൗണ്ടറിൻ മുന്നിലെത്തി
ചുമരിലാടുന്ന
നരകപടം നോക്കി!
"മോർഫ്യൂസ്..."
"ബ്രാണ്ടിയോ വിസ്കിയോ?"
എന്താകിലെന്ത്, വിഷമല്ലേ
വിഷത്തോടുചേർന്ന് അവളുടെ-
യോർമ്മകളെരിയുകില്ലെ...
ചോരവറ്റിയ ഞരമ്പും
ഞരമ്പുകളിലൊഴുകും
കവിതതൻ ലഹരിയും
കണ്ണീരിൻ ബീജം കലർന്ന്
പെറ്റുപോയ് അനേകമോർമ്മകൾ
ഈറ്റില്ലമെൻ ഹോസ്റ്റൽമുറി!
കടുംകാപ്പിയിൽ കുതിർന്ന
ചങ്ങാത്ത രാത്രികൾ
നിലാവു ചേർത്തുതുന്നിയ
രാത്രിസഞ്ചാരങ്ങൾ
നിറയുന്ന പാനപാത്രങ്ങൾ
ഒഴിയുന്ന ദുഃഖസഞ്ചയികകൾ
പ്രണയപ്പതാകതൻ
കൊടിമരത്തണ്ടൊടിഞ്ഞ്
രാസതീർത്ഥപ്പെരുങ്കടൽ-
ച്ചുഴിയിലാടിയുലയുന്ന
കപ്പൽപോലെയാ മരക്കട്ടിലിൽ
കിടന്നുമോങ്ങവേ,
“നിർത്തെടാ നായിന്റെ മോനേ”...യെന്ന്
ശാസനപുറപ്പെടുവിക്കുന്നൂ
കൂടെപിറപ്പാം കൂട്ടുകാരൻ
ഒരു പ്ലേവുഡുപലകയ്ക്കു
നാൽവശമിരുന്ന് ചിരിക്കുമ്പോഴി-
ടയിലെൻ പുകയുന്ന കരളും
ഉയരുന്ന കടുങ്കറപ്പുകയും
തകർക്കുന്നു ബോധപാളികൾ
ചിതറുന്നു തലയോട്ടികൾ
ചുവന്ന കോയിനും
തൊട്ടടുത്തതും തൊടുത്ത്
കളിജയിക്കുവാൻ
കൊതിയ്ക്കും കൺകളും
വിറക്കാത്ത വിരലും
ശ്രമിക്കുമ്പഴൊക്കെയും
വിധി മുഖംതിരിക്കുന്നു
ജീവിതംപോലുലയുന്നു
ബോർഡും നാലുകുഴികളും
ഛർദ്ദിലും സിഗരറ്റുകുറ്റിയും
ചുറ്റിലും നിറയുന്നൂ
ബോർഡിൻ നടുവിലെ
ചെങ്കനൽപ്പൊട്ടുയരുന്നു,
രാവറ്റുവീണു പുലരിയാകുന്നു,
ഇനിയൊരു രാത്രിവന്നില്ലയെങ്കി-
ലെന്നു ഞാൻ കൊതിക്കുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates