പാറ്റ റിപ്പബ്ലിക്ക് - സൗബിന്‍ നാഥ് എഴുതിയ കവിത

malayalam Poem
സൗബിന്‍ നാഥ് എഴുതിയ കവിതAI Image
Updated on
1 min read

1

രണ്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തിഒന്‍പത്

നവംബര്‍ ഒന്‍പതിന്

പടിഞ്ഞാറേ ബെര്‍ലിനും

കിഴക്കന്‍ ബെര്‍ളിനുമിടയില്‍

വേലികെട്ടിത്തിരിക്കാത്തൊരു

ടൗണ്‍ സ്‌ക്വയറിന്റെ തിണ്ടില്‍

ഹിറ്റ്‌ലറിന്റെ ഒന്‍പതാം

തലമുറയെന്നവകാശപ്പെടുന്ന

ബെനിറ്റോ വൈഡല്‍

'ട്രൂത് സോഷ്യലില്‍' നിന്നും

ഹോളോഗ്രാം ഇല്ലാതെ

ലൈവായി ജര്‍മ്മനിയെ

അഭിസംബോധന ചെയ്യുന്നു.

''ജര്‍മ്മന്‍ പുരുഷന്‍മാരെ,

സ്ത്രീകളെ..

നിര്‍മ്മിതബുദ്ധി

നാടുവാഴുന്ന ജര്‍മ്മനിയില്‍

പരമ്പരാഗത വിനിമയ

മാര്‍ഗമായ ഇന്റര്‍നെറ്റിലൂടെ

നിങ്ങളെ

കാണാന്‍ കഴിഞ്ഞതില്‍

ഞാന്‍

'സന്തോഷത്തിലൂടെ ആര്‍ജ്ജവം കണ്ടെത്തുന്നു'1

ഈ തെരെഞ്ഞെടുപ്പില്‍

ഞാന്‍ ജര്‍മ്മനിയുടെ ചാന്‍സിലറാകാന്‍

മത്സരിക്കുന്നു.

ഇന്ത്യയില്‍ നിന്നുമുള്ള

മുസ്ലീങ്ങളും,

ആഫ്രിക്കന്‍ അമേരിക്കന്‍സും

മാല്‍ദീവ്സിലെയും,

ടുവാലുവിലെയും

ജനമൊട്ടാകയും

അഭയാര്‍ഥികളായി

ജര്‍മ്മന്‍ നഗരങ്ങള്‍

കയ്യടക്കുമ്പോള്‍,

യുക്രൈനില്‍ ആരംഭിച്ച്

ഫിന്‍ലന്‍ഡും

സ്വീഡനും

ബാള്‍ട്ടിക് രാജ്യങ്ങളും താണ്ടി

റഷ്യ പോളണ്ടിന്റെ

അതിര്‍ത്തിയില്‍

'ചരിത്രം' തിരയുമ്പോള്‍,

ഹിറ്റ്‌ലര്‍ തിരിച്ച് വരികതന്നെ വേണം.

എന്നിലൂടെ നമ്മുടെ 'ഫ്യുറര്‍'2

ജര്‍മ്മനിയെ ഭരിക്കും.''

'മേക് ജര്‍മ്മനി ഗ്രേറ്റ് എഗൈന്‍'

malayalam Poem
ഒരു ചിത്രശലഭത്തിന്റെയും പല്ലിയുടേയും അസ്തിത്വ പ്രതിസന്ധി

2

ആരുടെയോ കമന്റ്

'ലക്ഷകണക്കിന്

ജൂതരെ കൊന്ന

നാസികളെ ജര്‍മ്മനി

ഇനിയും തിരഞ്ഞെടുക്കും എന്ന്

കരുതുന്നുണ്ടോ മൂഢരെ?'

'ഈ കാലത്ത് ആരാണ് ഇന്റര്‍നെറ്റിലെ

ഡെയ്റ്റകളെ വിശ്വസിക്കുക?

നിര്‍മ്മിതബുദ്ധികളാല്‍

തീവ്ര വോക്കിസ്റ്റുകള്‍,

അര്‍ബന്‍ നക്‌സലുകള്‍

പടച്ചുവിടുന്ന ജങ്ങുകളില്‍

ഇന്നത്തെ തലമുറ വീണുപോകുമോ?'

'അങ്ങനെ ഒന്നും ഉണ്ടായില്ല എന്നാണോ?'

'ഫോക്‌സ്‌മെയ്‌നഷാഫ്റ്റില്‍3 മൂന്നുതരം

മനുഷ്യരെ ഉണ്ടായിരുന്നുള്ളു

ആര്യന്മാര്‍,

നാസികള്‍,

ജൂതന്മാര്‍.

മനുഷ്യജന്മത്തിന്റെ ഔന്നത്യത്തെ

ആര്യത്വം എന്ന് വിളിച്ചു.

ഒരുവന്‍ ജന്മംകൊണ്ട് ആര്യനാകുന്നില്ല,

കര്‍മ്മംകൊണ്ടേ ആര്യനാകൂ.

ജൂതരെ ഞങ്ങള്‍

പരിശീലനകേന്ദ്രങ്ങളിലേക്കയച്ചു.

ആര്യന്മാരാകാന്‍ പരിശീലിപ്പിച്ചു.

അവരുടെ അടിമവാസനകളെ

ഹോളോകോസ്സ് ചെയ്തു.

അവവനവനില്‍ അടിഞ്ഞുകൂടിയ

ആത്മബോധത്തിന്റെ പേരാണ്

ജൂതത്വം.''

''ജൂതത്വത്തില്‍നിന്നുമുള്ള

യേശുവിന്റെ

സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു

കുരിശു മരണം.''

''അല്ലെങ്കില്‍ ഒന്നോര്‍ക്കു,

ഞങ്ങളുടെ ഏറ്റവും വലിയ

പിന്തുണക്കാര്‍

ഇസ്രായേലാണ്.

അവരെന്തിന് ഞങ്ങള്‍

വീണ്ടും വരാന്‍

ആഗ്രഹിക്കണം?'

malayalam Poem
കാസര്‍കോട് - സുറാബ് എഴുതിയ കവിത

3

മറ്റൊരു കമന്റ്:

'മെയിന്‍ കാഫിലെ

ടോട്ടാലിറ്റേറിയന്‍ ആശയങ്ങളെ

തള്ളിപ്പറയാതെ

എങ്ങനെ നിങ്ങള്‍

ജനാധിപത്യത്തിലേക്ക് വരും?'

'അങ്ങനെയൊന്ന് നിങ്ങള്‍ക്ക്

എത്രതെരഞ്ഞാലും

അതില്‍ കണ്ടെത്താന്‍

കഴിഞ്ഞുകൊള്ളണം

എന്നില്ല.''

ഒരു വിശുദ്ധ ഗ്രന്ഥത്തെ

അതിന്റെ വാച്യാര്‍ത്ഥത്തില്‍മാത്രം

അപഗ്രഥിക്കുന്നതില്പരം

മൗഢ്യം മറ്റെന്തുണ്ട്?

ആഴത്തിലുള്ള വായനയില്‍

അതില്‍ തെളിയുന്നത്

സനാതന കാലത്തേക്കുള്ള

ജനാതിപത്യ മൂല്യങ്ങളാണ്.''

malayalam Poem
ചായക്കടയില്‍ - ഇവി സുജനപാല്‍ എഴുതിയ കവിത

4

'ഉണരൂ ജര്‍മ്മനി

നമുക്ക് ഒരു ജനതയാകാം

ഒരു സാമ്രാജ്യമാകാം4

അതിന്റെ തലപ്പത്തു

ഹിറ്റ്‌ലറിന്റെ പ്രതിപുരുഷനായി

'ചോരയും മണ്ണും'5

ചേര്‍ത്തുപിടിക്കാന്‍

ഞാനുമുണ്ടാകാം.

അല്ലങ്കിലും ഞാന്‍

ദൈവത്താല്‍

തെരെഞ്ഞടുക്കപ്പെട്ടവനാണെന്ന്

എനിക്കിടക്ക് തോന്നാറുണ്ട്.

അധികാരത്തിലേറ്റിയാല്‍

നിങ്ങളെനിക്ക്

അറുപത് ദിവസം നല്‍കൂ.

ഇന്നത്തെ 'ജൂതന്മാര്‍'

ഇവിടെനിന്നും ഓടിയില്ലങ്കില്‍,

റഷ്യ മുട്ടുകുത്തിയില്ലെങ്കില്‍,

എന്നെ നിങ്ങള്‍

പ്ലൂട്ടോണിയത്തില്‍

അടക്കിക്കൊള്ളൂ.'

വൈഡല്‍ നിന്ന തിണ്ടിന്റെ

കല്ലിളകി.

ഒരു കല്ല്

പടിഞ്ഞാറോട്ടും

ഒരു കല്ല്

കിഴക്കോട്ടും

ഉരുണ്ടുവീണു.

നടുക്ക്

അയാള്‍ മതിലുപോലെ

നിന്നു.

1. 'Strength Through Joy' (Kraft durch Freude)

2. Hitler was widely referred to as 'der Führer' ('the Leader')

3. 'Volksgemeinschaft'

4. 'Ein Volk, ein Reich, ein Führer!' ('One people, one empire, one leader!')

5. 'Blut und Boden' ('Blood and soil')

poet
സൗബിന്‍ നാഥ്
Summary

Malayalam poem written by Saubin Nath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com