'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

വിത്ത് -ബൈജു സി പി എഴുതിയ കഥ
Malayalam Story
ബൈജു സി പി എഴുതിയ കഥ AI Image
Updated on
7 min read

'പാടുക സൈഗാള്‍ പാടൂ..' എന്ന മൊബൈല്‍ റിങ് ടോണ്‍ അഞ്ചാം തവണയും പാടി നിന്നതും സൂചിത്തണുപ്പിന്റെ ദംശനങ്ങളില്‍ കുടുങ്ങി പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന നീലു ചാടിയെണീറ്റു.

അമലിന്റെ വിളിയാണ്.

ഫോണെടുത്ത് സ്‌ക്രീനില്‍ നോക്കുമ്പോള്‍ അമലിന്റെ പാഴായി പോയ പതിനൊന്ന് വിളികള്‍. ഇന്ന് അവന്റെ വായില്‍ നിന്ന് തൃശൂര്‍പൂരത്തെ വെല്ലുന്ന വെടിക്കെട്ടാവുമെന്ന് നീലു തെല്ല് പേടിയോടെ ഓര്‍ത്തു.

ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത് മുതല്‍ പുതിയ പുതിയ കണ്ടന്റുകള്‍ തേടിയുള്ള യാത്രയില്‍ അവനാണ് എന്നും കൂട്ട്. ജേര്‍ണലിസത്തിന് ഒപ്പം പഠിച്ചവനാണ്. ഒന്നാം റാങ്കില്‍ ഗോള്‍ഡ് മെഡലോടെയാണവന്‍ വിജയിച്ചത്. ക്യാമ്പസ് സെലക്ഷനില്‍ മികച്ച കോര്‍പ്പറേറ്റ് മീഡിയയില്‍ ജോലിയും കിട്ടി. എല്ലാവര്‍ക്കും അഭിമാനമായവനായിരുന്നു അമല്‍. അവന്‍ ലോകത്തിന്റെ നെറുകയിലിരുന്ന് വാര്‍ത്തകള്‍ എഴുതുന്നത് ഞങ്ങള്‍ തെല്ല് അസൂയയോടെ കണ്ടിരുന്നു. ഒരു ദിവസം അമല്‍ രാജി വെച്ച് നാട്ടിലെത്തി എന്ന വാര്‍ത്ത ഞങ്ങളിലേക്കെത്തി. അപ്പോളും പേനയുന്തിയും മൈക്ക് പിടിച്ചും അരക്ഷിതമായ ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപ്പെടുകയായിരുന്നു ഞങ്ങള്‍. ഇവനിതെന്തു പരിപാടിയാണ് കാണിച്ചതെന്ന് കാറ്റിലാടുന്ന ഞങ്ങളുടെ ജീവന്‍ മുറുക്കെ പിടിച്ച് ഞങ്ങള്‍ പരസ്പരം ചോദിച്ചു. ചോദ്യങ്ങള്‍ക്കൊന്നും അവന്‍ ഉത്തരം പറഞ്ഞില്ല. എല്ലാവരോടും അവന്റെ വീട്ടിലേക്ക് ചെല്ലാന്‍ മാത്രം പറഞ്ഞു.

Malayalam Story
അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്!

അന്നാണ് അമലിന്റെ നാട് ആദ്യമായി കാണുന്നത്. മലകളുംതോടുകളും കവുങ്ങിന്‍ തോട്ടവും പാടവുമൊക്കെയുള്ള കുളിര്‍മ്മയുള്ള ഒരു നാട്. അവന്റെ വീട് വിശാലമായ നെല്‍പാടത്തിന്റെ അരികിലായിരുന്നു. ഞങ്ങള്‍ ചെല്ലുന്നത് ഒരു വേനല്‍ കാലത്താണ്. കൊയ്ത്തു കഴിഞ്ഞ് സ്വര്‍ണ്ണ നിറമാര്‍ന്ന നെല്‍മണികള്‍ കൂട്ടിയിടുന്ന മനോഹരമായിരുന്ന കാഴ്ചയായിരുന്നു അവിടെ. ഞങ്ങളെല്ലാം അതിനു ചുറ്റും കൂടിയിരുന്നു. കനമുള്ള നെല്‍മണികള്‍ വൈകുന്നേരത്തെ മഞ്ഞ വെയിലില്‍ കിടന്ന് തിളങ്ങിക്കൊണ്ടിരുന്നു. നെല്‍മണികള്‍ക്കടുത്തിരുന്ന് ഞങ്ങളവനോട് എന്തിനാണ് ജോലി ഉപേക്ഷിച്ച് തിരിച്ച് വന്നതെന്ന് വലിയ അധികാര സ്വരത്തില്‍ ചോദിച്ചു. ആ ചോദ്യം കേട്ട അമല്‍ നെല്‍ക്കൂമ്പാരത്തില്‍ നിന്ന് നെല്‍മണികള്‍ കൈക്കുമ്പിളിലെടുത്തു കൊണ്ട് ഉറക്കെ പറഞ്ഞു.

'ഇത് നെല്‍മണികളല്ലടാ.. പൊന്‍മണികളാ..'

അമലിന്റെ തീരുമാനം ആ മറുപടിയിലുണ്ടായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്കുള്ള മറുപടി.

അവന്‍ നെല്‍മണികള്‍ കൈകളില്‍ മുറുക്കിപ്പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു.

'പണം എത്രണ്ടായിട്ടും കാര്യല്ല.. അത് കൊടുത്ത് വാങ്ങാന്‍ ഇവിടെ ഒന്നും ബാക്കിയില്ലെങ്കില്‍' ഈ മണികളിലൊക്കെ മനുഷ്യന്റെ വിയര്‍പ്പ് വീണ് കുതിര്‍ന്നിട്ടുണ്ട്. ആ വിയര്‍പ്പില്‍ കുതിര്‍ന്ന നെല്‍മണികളാണ് നമ്മളെ പട്ടിണിയില്ലാത്തവരാക്കി നിലനിര്‍ത്തുന്നത്. അതിനേക്കാള്‍ വലിയ സാമൂഹ്യ പ്രവര്‍ത്തനം വേറെന്താണുള്ളത്?..'

അവന്‍ ചിരിച്ചു കൊണ്ട് ഞങ്ങളുടെ തലച്ചോറിലേക്ക് നെല്‍മണികളുടെ അതിജീവന വിത്തുകള്‍ കൂടി വാരിയിട്ടു.

അമല്‍ ഇനി ഒപ്പമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ അന്ന് അവിടെ നിന്ന് പോരുമ്പോള്‍ അവന്റെ തീരുമാനം ശരിയാണോയെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. പത്ര പ്രവര്‍ത്തനം വിട്ടു കൃഷിപ്പണിയിലേക്കിറങ്ങാന്‍ അവന്‍ കാണിച്ച സാഹസത്തെക്കുറിച്ച് ഞങ്ങള്‍ വാചാലരായി.

'നീ വാ, അങ്ങനൊരു മനുഷ്യന്‍ ഇവിടെ ണ്ട്. അങ്ങനെയുള്ളവരും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് എല്ലാരുമറിയട്ടെ.'

ഓണ്‍ലൈന്‍ ചാനലില്‍ ചേര്‍ന്നുവെന്നറിഞ്ഞപ്പോള്‍ അമല്‍ വിളിച്ചിരുന്നു.

'ടോ ഈ ലോകത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്ന വാര്‍ത്തകള് കണ്ടെത്തണം. മനുഷ്യരെ തമ്മിലടിപ്പിക്കാനല്ല, ഒന്നിപ്പിക്കാന്‍ കഴിയുന്ന വിഷയങ്ങള് കണ്ടെത്തണം. നീ വിളിച്ചാ സഹായത്തിന് ഞാനും വരാം നിന്റെ കൂടെ'

വേറിട്ട മനുഷ്യരെ പരിചയപ്പെടുത്തുന്നതിനായി ഒരു വാര്‍ത്ത ചെയ്യാന്‍ ചാനല്‍ ഹെഡ് പറഞ്ഞപ്പോള്‍ അമലിനെ വിളിച്ചതാണ്. അവനത് ആവേശപൂര്‍വ്വം ഏറ്റെടുത്തു.

'നീ വാ, അങ്ങനൊരു മനുഷ്യന്‍ ഇവിടെ ണ്ട്. അങ്ങനെയുള്ളവരും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് എല്ലാരുമറിയട്ടെ.'

അങ്ങനെയാണ് അമലിനേയും കൂട്ടി ആമനുഷ്യനെ കാണാന്‍ തയ്യാറായത്.

അമല്‍ വീണ്ടും വിളിച്ചു. അവന്‍ താമസസ്ഥലത്തിന് താഴെ നിന്ന് ഹോണടിക്കുന്നു. വേഗത്തില്‍ ബാഗെടുത്ത് മുറി പൂട്ടി നീലു ചാടിയിറങ്ങി. വൈകിയതിന് അവന്റെ കണ്ണു പൊട്ടുന്ന ചീത്ത പ്രതീക്ഷിച്ചാണ് അവള്‍ അടുത്തേക്ക് ചെന്നത്. അവന്‍ പക്ഷേ ഒന്നും പറയാതെ വണ്ടി സ്റ്റാര്‍ട്ടാക്കി.

'നീ കഴിച്ചിരുന്നോ..?' അവന്റെ ആ ഒരു ചോദ്യത്തിനു അവള്‍മൂളിക്കൊണ്ട് മറുപടി നല്‍കി. നഗരത്തിന്റെ തിരക്കുകള്‍ വിട്ട് വണ്ടി പച്ചപ്പുകള്‍ നിറഞ്ഞ നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

വഴിയോരങ്ങളില്‍ പടര്‍ന്നു നിന്ന മരങ്ങള്‍, തലയാട്ടുന്ന കവുങ്ങുകള്‍, തെങ്ങുകള്‍, ആകാശ വെളിച്ചത്തിലേക്ക് കണ്‍ ചിമ്മി നോക്കുന്ന നെല്‍ചെടികള്‍. ഞങ്ങള്‍ പുതിയൊരു ലോകത്തിലൂടെ കടന്നുപോവുകയായിരുന്നു.

Malayalam Story
പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം, 'രതിനിര്‍വേദം'

രാവിലെ ഫോണെടുക്കാത്തതിന്റെ ചൂട് ഈ കാലാവസ്ഥയില്‍ അലിഞ്ഞു പോയിട്ടുണ്ടാവുമെന്ന് കരുതി നീലു അമലിനോട് സംസാരിക്കാന്‍ തുടങ്ങി. അവള്‍ സംഭാഷണത്തിന് തുടക്കമിട്ടപ്പോള്‍ തന്നെ അമല്‍ സംസാരിക്കാന്‍ തുടങ്ങി.

'അതെ, ഏതു ജോലിക്കും കൃത്യനിഷ്ഠ മസ്റ്റാ.. പ്രത്യേകിച്ച് പത്രപ്രവര്‍ത്തനത്തിന് അതാദ്യം പഠിക്ക്..' അവന്റെ ഉറക്കെയുള്ള സംഭാഷണത്തെ തണുപ്പിക്കാന്‍ അവള്‍ ക്ഷമ ചോദിക്കലിന്റെ വലിയൊരു പൂക്കുട തന്നെ വാരിയെറിഞ്ഞു. അമല്‍ ചിരിച്ചു കൊണ്ട് മൂളിപ്പാട്ടു പാടാന്‍ തുടങ്ങിയപ്പോള്‍ നീലു വീണ്ടും വര്‍ത്തമാനം തുടങ്ങി.

'നമ്മളാരേയാ കാണാന്‍ പോകുന്നേ'

'സമയ നിഷ്ഠയുള്ള ഒരാളാ.. നമ്മുടെ സമയത്തിന് ചെന്നാ കിട്ടൂലാ.. അവര്‍ക്ക് അവരുടെ സമയത്തിന് നല്ല വെലയാണ്..'

അതും പറഞ്ഞ് അവന്‍ ബൈക്കിന്റെ വേഗം ഒന്നു കൂടി കൂട്ടി. അവന്റെ തോളുകളില്‍ വെറുതെ ഇടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

'സമയത്തിന് അത്ര വെലയുള്ള ആളാണെന്ന് പറയുമ്പോ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ' അതും പറഞ്ഞവള്‍ ഉറക്കെ ചിരിച്ചു. അവളുടെ ചിരിയുടെ അലകള്‍ കൊണ്ട് കാറ്റ് വളരെ വേഗത്തില്‍ പറന്നു പോയി.

'എല്ലാ മനുഷ്യര്‍ക്കും സമയത്തിന് വെലയുണ്ട്. അതില് വലിപ്പ ചെറുപ്പമൊന്നുമില്ല.' അവനിലെ വാക്കുകള്‍ കാറ്റിനെ തോല്‍പ്പിച്ച് അവളുടെ കാതുകളിലേക്കെത്തി.

വണ്ടിയിപ്പോള്‍ ഒരു മലയുടെ താഴ്‌വാരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ബിഎം ബിസി ചെയ്ത റോഡിന്റെ എണ്ണക്കറുപ്പുള്ള ഉപരിതലത്തിലൂടെ അവര്‍ ഒഴുകി നീങ്ങി. കോടമഞ്ഞിന്‍ പടലങ്ങള്‍ താഴ്‌വരയിലെ മരങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നത് അവര്‍ കൗതുകത്തോടെ നോക്കി.

അഞ്ചാമത്തെ വളവിലെ ഒറ്റ മരത്തിനു താഴേയുള്ള ചായക്കൂടക്കരികില്‍ അമല്‍ വണ്ടി നിര്‍ത്തി ഓരോ ചായക്ക് ഓര്‍ഡര്‍ കൊടുത്ത ശേഷം മരപ്പലകകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ടേബിളില്‍ അവള്‍ ഇരുന്നു. ടേബിളില്‍ താളം പിടിച്ചിരിക്കുന്ന നീലുവിന് അമല്‍ അപ്പോള്‍ മൊബൈലില്‍ നിന്നും ഒരു ഫോട്ടോ എടുത്ത് കാണിച്ചു.

'ഇതാണ് നമ്മള്‍ കാണാന്‍ പോകുന്ന ആള്.'

'ചില സാധാരണ മനുഷ്യര്‍ നിശബ്ദമായി ചെയ്തുണ്ടാക്കിയതാണ് നമ്മുടെ ഈ ലോകം. പക്ഷേ അവരൊന്നും വാര്‍ത്തയായില്ല.

അമല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണിച്ചു തന്ന ചിത്രത്തിലേക്ക് നീലു ഒന്നു നോക്കി. ആ ചിത്രമൊന്ന് സൂം ചെയ്ത് നോക്കി അവള്‍ അമലിനോട് പറഞ്ഞു.

'ഇതൊരു സാധാരണ മനുഷ്യനല്ലേ? ഇദ്ദേഹമെങ്ങനെയാണ് നമ്മുക്കൊരു വാര്‍ത്തയാവുന്നത്?'

ചായക്കോപ്പ ചുണ്ടോടമര്‍ത്തിപ്പിടിക്കുന്നതിനു മുമ്പായി അമലിന്റെ മറുപടിയെത്തി.

'ചില സാധാരണ മനുഷ്യര്‍ നിശബ്ദമായി ചെയ്തുണ്ടാക്കിയതാണ് നമ്മുടെ ഈ ലോകം. പക്ഷേ അവരൊന്നും വാര്‍ത്തയായില്ല. കാരണം അവരുണ്ടാക്കിയത് അവരുടെ മാത്രം ലോകമല്ല.. എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവരുടേതും കൂടിയായിരുന്നു.'

അമലിന്റെ മറുപടിക്ക് നീലു തിരിച്ചൊന്നും പറഞ്ഞില്ല.

അമല്‍ തുടര്‍ന്നു.

'ഇതാണ് മിച്ചഭൂമി നീലാണ്ടന്‍ എന്ന കര്‍ഷക തൊഴിലാളി. പ്രായം എണ്‍പതിനോടടുത്തിട്ടുണ്ട്. ഇന്നും ഊര്‍ജ്ജസ്വലതയോടെ ജീവിക്കുന്ന ഒരു പച്ച മനുഷ്യന്‍. സാധാരണ മനുഷ്യരുണ്ടാക്കിയ അസാധാരണമായ ലോകത്തെ നീലാണ്ടേട്ടനിലൂടെ കാണാമ്പറ്റും'

അതും പറഞ്ഞ് അമല്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. ഇനിയും കുറേ വളവുകള്‍ കൂടി താണ്ടണം മിച്ചഭൂമി നീലാണ്ടേട്ടന്റെ അടുത്തേക്കെത്താന്‍. ഈ മനുഷ്യനിന്‍ നിന്നും എങ്ങനെയാണ് ഒരു അസാധാരണ സ്റ്റോറി കണ്ടെത്തുകയെന്ന ആശങ്കയോടെ നീലു യാത്ര തുടര്‍ന്നു. മലയടിവാരത്തെ ചുറ്റിപ്പിണര്‍ന്ന് പറന്നു പോകുന്ന വണ്ടിയിലിരിക്കവേ അമലിന്റെ ചുണ്ടുകളിലൂടെ മിച്ചഭൂമി നീലാണ്ടന്‍ എന്ന സാധാരണ മനുഷ്യന്റെ ജീവിതം നീലുവിന്റെ കാതുകളിലേക്ക് പാറിയെത്തികൊണ്ടിരുന്നു.

ഈ മലയുടെ താഴ്‌വാരത്തെ നെല്‍വയലുകളില്‍ നിന്നാണ് നീലാണ്ടന്‍ എന്ന മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നത്. കര്‍ഷക തൊഴിലാളികളായ ചാത്തന്റേയും മാതയുടേയും പത്താമത്തെ മകന്‍. കണ്ണെത്താദൂരത്തോളംനീണ്ടു കിടക്കുന്ന കാറ്റാടിപ്പാടത്ത് ജീവനും വിയര്‍പ്പുമൊഴുക്കിക്കൊണ്ട് ജീവിച്ചിരുന്നവര്‍. നേരം പുലരുന്നതു മുതല്‍ കാറ്റാടിപ്പാടത്തേക്ക് സൂര്യന്‍ താഴ്ന്നു പോകും വരെ പാടത്ത് അദ്ധ്വാനിപ്പിച്ചിരുന്നവര്‍. കാറ്റാടിപ്പാടത്തെ കര്‍ഷക തൊഴിലാളികള്‍ ജന്‍മിന്മാരുടേയും കാര്യസ്ഥന്‍ന്മാരുടെയും ദ്രോഹങ്ങള്‍ക്കെതിരേയും കൂലി വര്‍ദ്ധനവിന് വേണ്ടിയും വലിയൊരു സമരം നടത്തി. കാറ്റാടിപ്പാടത്തിന്റെ വരമ്പുകളിലൊക്കെ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളുമായി തൊഴിലാളികള്‍ നടന്നു. അവരുടെ കൈകളില്‍ നിന്ന് ചുവന്ന കൊടികള്‍ ആകാശത്തേക്ക് പ്രതീക്ഷയുടെ അലകളായി പറന്നുകൊണ്ടിരുന്നു.

ഒരു ദിവസം നീണ്ടു നിന്ന സമരത്തെ ജന്മികളും ഗുണ്ടകളും ആദ്യം നേരിട്ടു. നിരായുധരായ തൊഴിലാളികള്‍ പലരും മരിച്ചു വീണു. പിറ്റേന്ന് പ്രഭാതത്തില്‍ ചേറില്‍ ചവിട്ടി താഴ്ത്തിയ ചാത്തന്റേയും മാതയുടേയും മൃതദേഹത്തിന് മുന്നിലിരുന്ന് കരയുന്ന നീലാണ്ടന്‍ എന്ന കുട്ടിയെ എല്ലാര്‍ക്കും ഓര്‍മ്മയുണ്ട്. പിന്നീടൊരിക്കലും നീലാണ്ടന്‍ കരയുന്നത് ആരും കണ്ടിട്ടില്ല.

Malayalam Story
'അല്ല നായരേ, മ്മള ചെട്ടിയാര് ഇങ്ങോട്ട് വന്നിരുന്നോ? കണ്ടിട്ട് ചെട്ട്യാരുടെ കെട്ട് പോലെ........'

അവിടെ നിന്നാണ് നീലാണ്ടന്‍ എന്ന മനുഷ്യന്‍ ആ നാടിന്റെ പ്രിയപ്പെട്ടവനായി തീരുന്നത്. അച്ഛനും അമ്മയും മരിച്ചതോടെ അമ്മാവന്റെ ഒപ്പമായിരുന്നു നീലാണ്ടന്റെ താമസം. ആറാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. അമ്മാവന്റെ കൂടെ പണിക്കിറങ്ങി. അമ്മാവന്റെ കയ്യില്‍ നിന്ന് പണികളൊക്കെ നീലാണ്ടന്‍ പഠിച്ചെടുത്തു. വിത്തെറിയല്‍, കന്നുപൂട്ടല്‍, വരമ്പിടല്‍, കണ്ടും കേട്ടും നിന്ന് പഠിച്ച് നീലാണ്ടന്‍ പണികളൊക്കെ ചെയ്തു തുടങ്ങി.

നീലാണ്ടന്‍ യുവാവായിരിക്കുമ്പോഴാണ് കാറ്റാടി പാടത്തെ തൊഴിലാളികളെയൊക്കെ കുടിയിറക്കാന്‍ നോട്ടീസ് വന്നത്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്തവരായിരുന്നു അവരൊക്കെ. ചട്ടിയും കലവും കുട്ടികളും ഒക്കെയായി എവിടേക്ക് പോകണമെന്നറിയാതെ ആ ദിവസങ്ങള്‍ അവരുടെ ജീവിതത്തെ നീറ്റി കൊണ്ടിരുന്നു.

അവിടെ നിന്നാണ് നീലാണ്ടന്‍ എന്ന സാധാരണ മനുഷ്യന്‍ അസാധാരണമായ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കുടിയിറക്കപ്പെട്ടവരെ കൂട്ടി ശക്തമായ സമരം തുടങ്ങി. നൂറു കണക്കിന് വരുന്ന മനുഷ്യരുടെ കണ്ണീരു കൊണ്ട് നനഞ്ഞ മണ്ണില്‍ നിന്ന് പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. സമരത്തിന്റെ ഉള്‍ച്ചൂടില്‍ അഹങ്കാരങ്ങള്‍ ഉരുകിയൊലിച്ചു. കുടിയിറക്കപ്പെടാതെ അവര്‍ സംരക്ഷിക്കപ്പെട്ടു. അതോടെ നീലാണ്ടന്‍ ഗുണ്ടകളുടേയും നിയമപാലകരുടേയും ശത്രുവായി. പക്ഷെ അയാള്‍ തല ഉയര്‍ത്തി നടന്നു. അതിനു പിറകെ ഒരു നാട് മുഴുവന്‍ നടന്നു.

അതിനിടെ അമ്മാവന്‍ ചാത്തു മരിച്ചു. നീലാണ്ടന്‍ വീണ്ടും ഒറ്റക്കായി. വെള്ളപ്പാറയിലെ കുന്നിന്‍ മുകളിലായിരുന്നു അവരുടെ വീട്. അമ്മാവന്റെ മരണത്തോടെ നീലാണ്ടനോട് ഒരു കല്ല്യാണം കഴിക്കാന്‍ എല്ലാവരും പറഞ്ഞു. പക്ഷേ കേട്ടില്ല. അയാള്‍ തൊഴിലാളികള്‍ക്കിടയിലൂടെ അവരുടെ ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു.

വെള്ളപ്പാറയിലെ മനുഷ്യര്‍ അഭിമാനത്തോടെ ജീവക്കുന്നവരായി. റോഡും സ്‌കൂളും വാഹനങ്ങളും ആശുപത്രിയും ഒക്കെ വന്ന് ആ നാട് വളര്‍ന്നു വലുതായി.

രാത്രി കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന് നീലാണ്ടന്റെ പാട്ടു കേള്‍ക്കും. ചാത്തുമ്മാവന്റെ തുടിയില്‍ ഇടക്കിടെ നീലാണ്ടന്‍ താളമിടും. സങ്കടങ്ങളുടെ പാട്ടല്ല പോരാട്ടങ്ങളുടെ കഥകളായിരുന്നു നീലാണ്ടന്റെ പാട്ടുകളിലേറേയും.

വെള്ളപ്പാറയിലെ മിച്ചഭൂമി സമരമാണ് നീലാണ്ടന്റെ പേര് മാറ്റിയത്. മിച്ചഭൂമി വേലായുധന്‍ എന്ന അനശ്വര നാമധേയത്തിലേക്ക് നീലാണ്ടന്‍ എന്ന മനുഷ്യനെ വളര്‍ത്തിയത് മിച്ചഭൂമി സമരമാണ്. മാസങ്ങളോളം നീണ്ട സമരം കുട്ടികളും വൃദ്ധരും യുവാക്കളും എല്ലാം അണിനിരന്ന സമരം. വെള്ളപ്പാറയിലെ മിച്ചഭൂമിയില്‍ നിറയെ ചെങ്കൊടികള്‍ പൂക്കളെ പോലെ മുളച്ചു പൊന്തി. അതിന്റെ കൂടെ മനുഷ്യരുടെ ഇരമ്പലുകള്‍ വന്ന് വെള്ളപ്പാറയെ പിടിച്ചു കുലുക്കി.

സമരക്കാര്‍ നീലാണ്ടന്റെ നേതൃത്വത്തില്‍ മിച്ചഭൂമി പിടിച്ചെടുക്കാന്‍ മാര്‍ച്ച് ചെയ്ത് ഭൂമിയില്‍ പ്രവേശിച്ച സമയം പൊലീസ് ലാത്തി ചാര്‍ജ്ജു നടത്തി. കൊടിയ മര്‍ദ്ദനത്തിന്റേയും പ്രതിരോധത്തിന്റെയും അലയൊലികളാല്‍ വെള്ളപ്പാറകുന്ന് മുഖരിതമായി. രക്തം തെറിച്ച് മണ്ണും ചെടികളും ചുവന്നു. തല പൊട്ടിതെറിച്ച് രക്തം വാര്‍ന്നൊഴുകുന്ന നീലാണ്ടനെ തൂക്കിയെടുത്ത് പൊലീസ് ഇടി വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു.

പരിക്കു പറ്റിയും മൃത പ്രായരായും നീങ്ങിയവര്‍ ആശുപത്രികളിലെത്തി. പക്ഷെ സമരം നിന്നില്ല. ആറു മാസത്തെ ജയില്‍ വാസത്തിനു ശേഷം നീലാണ്ടന്‍ പുറത്തു വന്നപ്പോഴേക്കും മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

വെള്ളപ്പാറയിലെ മിച്ചഭൂമിയിലേക്ക് റോഡ് വെള്ളം ഇതൊക്കെ എത്തിക്കാനുള്ളതായിരുന്നു പിന്നീട് നീലാണ്ടന്റെ പ്രവര്‍ത്തനം. കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന് ആറ് മണിക്കയാള്‍ പുറത്തിറങ്ങും. പിന്നെ നാട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും. വെള്ളപ്പാറയിലെ ഏത് വീട്ടില്‍ ചെന്നാലും നീലാണ്ടന് ഭക്ഷണം റെഡിയായിരിക്കും. റോഡ്, വീട്, സ്‌കൂള്‍ അങ്ങനെ അങ്ങനെ പുതിയ പുതിയ കിനാവുകളുടെ സാക്ഷാല്‍ക്കാരത്തിനായി അയാള്‍ നിരന്തരം കുന്നിന്‍ ചെരുവിലൂടെ നടന്നു കൊണ്ടിരുന്നു. അയാളുടെ പാദങ്ങള്‍ തൊടാത്ത ഒരൊറ്റ മണ്‍തരി പോലും വെള്ളപ്പാറയിരുണ്ടായിരുന്നില്ല. വെള്ളപ്പാറയിലെ അയാള്‍ മാറ്റികൊണ്ടിരുന്നു. വെള്ളപ്പാറയിലെ മനുഷ്യര്‍ അഭിമാനത്തോടെ ജീവക്കുന്നവരായി. റോഡും സ്‌കൂളും വാഹനങ്ങളും ആശുപത്രിയും ഒക്കെ വന്ന് ആ നാട് വളര്‍ന്നു വലുതായി. ആ മറ്റത്തിനുപിന്നില്‍ മിച്ചഭൂമി നീലാണ്ടനെന്ന മനുഷ്യനാണെന്ന് ആ നാടിന്റെ ഓരോ ചെടിത്തുമ്പുകള്‍ക്ക് പോലുമറിയാമായിരുന്നു. കാലം വേഗത്തില്‍ കടടന്നു പോയി. വെള്ളാപ്പാറയില്‍ തലമുറകള്‍ മാറി വന്നു. തലമുറകള്‍ മാറി മാറി പോയപ്പോള്‍ നീലാണ്ടനേയും ആളുകള്‍ മറന്നു. സമരങ്ങളുടെ ചോരതെറിച്ച ഏടുകള്‍ എത്രയോ പിറകിലേക്ക് മിറഞ്ഞു മിറഞ്ഞു പോയി.

Malayalam Story
അപ്പോഴാണ് നേരത്തെ സെന്‍ഡ് ആകാതെ കിടന്ന മെസേജ് ലിജിയുടെ ഓര്‍മ്മയില്‍ വന്നത്

മയിലാട്ടപ്പാറയിലെ പുതിയ തലമുറകള്‍ക്ക് പക്ഷേ മിച്ചഭൂമി നീലാണ്ടനെ സമര നായകനായിട്ടല്ല “Tree man” എന്ന പേരിലാണ് അിറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളാപ്പാറയുടെ പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും ഒറ്റക്ക് മരങ്ങള്‍ വെച്ച് പിടിപ്പിക്കുകയാണ് നീലാണ്ടന്റെ ജോലി. പഴയൊരു സൈക്കിളില്‍ മരത്തൈയ്യും മണ്‍വെട്ടിയും കുട്ടയുമായി അയാള്‍ രാവിലെ ഇറങ്ങും. പുതിയൊരു മരം നടുകയും, പഴയതിനൊക്കെ വെള്ളമൊഴിച്ചും ശുശ്രൂഷിച്ചും ഒരുപാട് സമയം ചെലവഴിക്കും. വെള്ളാപ്പാറയിലെ പുഴയെ ചുറ്റി പോകുന്ന വഴിത്താരയില്‍ നിറയെ നീലാണ്ടന്‍ വളര്‍ത്തിയ മരങ്ങളാണ്. മാവുകളും സപ്പോട്ടയും പ്ലാവുകളും തുടങ്ങി ചെറുതും വലുതുമായ മരങ്ങള്‍, ചെടികള്‍, വിശാലമായ ആ പുറമ്പോക്ക് ഭൂമി മനോഹരമായ ഒരുദ്ദ്യാനമായി മാറിയിട്ടുണ്ട്. പലതരം പക്ഷികള്‍ പൂമ്പാറ്റകള്‍ വഴി നടന്നു തളര്‍ന്ന മനുഷ്യര്‍, എല്ലാവരും അവിടെ വന്നിരിക്കും. പുഴയെ ചുറ്റി നീണ്ടു പോകുന്ന ആ വഴിത്താരകളിലൂടെ വെറുതെ നടക്കും. ആ തണലുകള്‍ തരുന്ന മരങ്ങളൊക്കെ നീലാണ്ടന്‍ വെച്ചതായിരുന്നു.

എന്നും രാവിലെ കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിച്ച് അയാള്‍ ഇപ്പോഴും മരങ്ങള്‍ നട്ടുകൊണ്ടേയിരിക്കുകയാണ്.

അമല്‍ പറഞ്ഞ കഥ കേട്ട് നീലുവിന്റെ ഉള്ളില്‍ ഒരാവേശം തിളച്ചു പൊന്തി. എന്തൊരു വ്യത്യസ്തനായ മനുഷ്യനെയാണ്. കാണാന്‍ പോകുന്നതെന്ന അിറവില്‍ അവള്‍ ആഹ്ലാദ ഭരിതയായി.

ഒറ്റയടിപ്പാത ആരംഭിക്കുന്നിടത്ത് അമല്‍ വണ്ടി നിര്‍ത്തി. 'ദാ ഇനിയങ്ങോട്ട് നടക്കണം... ആ മുകളില്‍ കാണുന്നതാ നീലാണ്ടന്റെ വീട്' - അമല്‍ പറഞ്ഞു.

'നാടിന് വഴികാട്ടിയ ആള്‌ടെ വീട്ടിലേക്ക് ഇപ്പോളും വഴിയായില്ലല്ലേ'- നീലു ചിരിച്ചു കൊണ്ട് ചോദിച്ചു. അമല്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

കുത്തനെയുളള ഒറ്റയടിപ്പാതയിലൂടെ അവര്‍ മുകളിലേക്ക് നടന്നു. തണുത്ത കാറ്റ് ഞങ്ങളിലൂടെ പടര്‍ന്ന് കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഓടിട്ട ചെറിയൊരു വീട്. അതിനോട് ചേര്‍ന്ന് ഓലത്തടുക്കുകളാല്‍ മേഞ്ഞ ചതുരാകൃതിയിലുള്ള മറ്റൊരു കെട്ടിടം. അവിടെ അതിന്റെ നടുത്തളത്തില്‍ ഒരു പുല്‍പ്പായയിലിരുന്ന് എന്തോ പണിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു നീലാണ്ടന്‍. അവരെ കണ്ടപ്പോള്‍ നിറഞ്ഞ ചിരിയോടെ വരവേറ്റു. ചൂടിക്കയര്‍ കൊണ്ട് വരിഞ്ഞുണ്ടാക്കിയ ബെഞ്ചില്‍ അവരോടിരിക്കാന്‍ പറഞ്ഞു. പണിയായുധങ്ങള്‍ ഒരിടത്ത് ഒതുക്കി വെച്ച് അയാള്‍ അവര്‍ക്കരികില്‍ വന്നിരുന്നു.

എന്തിനാണ് വന്നതെന്ന് ചിരിച്ചു കൊണ്ടയാള്‍ തിരക്കി. നീലാണ്ടേട്ടന്റെ ജീവിതത്തെ കുറിച്ച് എഴുതാനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി. പിന്നെ മെലിഞ്ഞുണങ്ങിയ കൈകള്‍ കൂട്ടി തിരുമ്പി പണിതു വെച്ച കുട്ടകളില്‍ തലോടി. പിന്നെ ചെറു ചിരിയോടെ പറഞ്ഞു.

'എഴുതാന്‍ മാത്രം ന്റെ കയ്യിലൊന്നൂല്ല. മന്‌സന്മാരുടെ നെലവിളി, അവര്‌ടെ ഇല്ലായ്മകളും വല്ലായ്മകളും.. അത് തല്‍കാലത്തേക്കെങ്കിലും ഒന്ന് കൊറയാന്‍.. ന്നെ പോലെ കൊറേ മനുഷ്യര് പണിയെടുത്തിട്ടുണ്ട്.. ചെലോര് മരിച്ചു പോയി.. ചോലോര് എവിടെയോ പോയി. ഞാന്‍ മാത്രം ഇപ്പോളും ഇവിടെ ങ്ങനെ ണ്ട്.. അത്ര മാത്രം..' നീലുവിന്റെ ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി പറഞ്ഞു തുടങ്ങി. തുടക്കത്തില്‍ നീലുവിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറഞ്ഞില്ല. പക്ഷേ - പിന്നീടയാള്‍ സംസാരിച്ചു തുടങ്ങി. മക്കളെ പോലെ അമലിനോടും നീലുവിനോടും ഉറക്കെ ഉറക്കെ സംസാരിച്ചു കൊണ്ടിരുന്നു. തീ പാറിയ കാലത്തിന്റെ കനലുകള്‍ അയാള്‍ വാക്കുകളിലൂടെ കോരിയിട്ടു കൊണ്ടിരുന്നു. പഴയ ആമുറിയില്‍ പണിയായുധങ്ങള്‍, പത്രകട്ടിങ്ങുകള്‍, ഫോട്ടോകള്‍ എന്നിവയൊക്കെ മനോഹരമായി എടുത്തു വെച്ചിരുന്നു.

ഇതൊക്കെ കാണാന്‍ ആരെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തിന് നീലാണ്ടന്‍ ഇങ്ങനെ മറുപടി പറഞ്ഞു.

'ഇതൊക്കെ കഴിഞ്ഞു പോയ കാലത്തുള്ളതല്ലേടോ? മാറ്റങ്ങള് വന്നില്ലേ. പഴയതൊന്നും കാണാനും ഓര്‍ക്കാനും ആര്‍ക്കും സമയമില്ല. ലോകം തന്നെ എത്ര മാറി'

മരത്തിന്റെ ഫ്രെയിമുകളാല്‍ തീര്‍ത്ത വലിയൊരു ഫോട്ടോയിലേക്ക് അമല്‍ വിരല്‍ ചൂണ്ടി. അത് സഖാവ് എകെജിയുടെ ചിത്രമായിരുന്നു. ജാഥ നയിച്ചു വരുന്ന ഒരു മനുഷ്യന് എകെജി കൊടി നല്‍കുന്ന ഒരു ബ്ലാക്ക് ആന്റ് ചിത്രമായിരുന്നു അത്.

നീലു ആ ഫോട്ടോയിലേക്കും നീലാണ്ടന്റെ മുഖത്തേക്കും നോക്കി. ഇത് നീലാണ്ടേട്ടനാണോ.. അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അയാള്‍ കരയുകയായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മിച്ചഭൂമി നീലാണ്ടന്‍ എന്ന മനുഷ്യന്‍ ആ ഫോട്ടോയിലേക്ക് നോക്കി കരഞ്ഞു കൊണ്ടിരുന്നു. അമലും നീലുവും എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ചു.

പൊടുന്നനെ കണ്ണീര് തുടച്ച് അദ്ദേഹം ചിരിച്ചു. നെയ്തു കൊണ്ടിരുന്ന പായയുടെ ബാക്കി ഭാഗം മാറ്റി വെച്ച് പതുക്കെ എണീറ്റു.

മുളങ്കൂടയില്‍ നിന്നും രണ്ട് മൂന്ന് മാമ്പഴങ്ങള്‍ എടുത്ത് അവള്‍ക്ക് നേരെ നീട്ടി. നീലു അതിന്റെ തൊലി കളഞ്ഞ് പൂണ്ട് തിന്നാന്‍ തുടങ്ങി. അന്നേ വരെ തിന്നിട്ടില്ലാത്ത മധുരമായ ഒരാനന്ദം അവരില്‍ നിറഞ്ഞു.

'മധുരണ്ടോ.. ഇത് പോലത്തെ കുറേ എണ്ണം മാവ്കള് ഞാനീ നാട്ടില്‍ നട്ടീട്ട്ണ്ട്. ഓരോരോ കാലത്തും നമ്മളെ കൊണ്ട് പറ്റണ പണി.. അത്രേ ഞാന്‍ ചെയ്തിട്ടുള്ളൂ.. എഴുതി വെക്കാന്‍ മാത്രം.. ന്റെ ജീവിതത്തില്.. ഒന്നൂല്ല മക്കളേ..'

നീലുവും അമലും നീലാണ്ടന്റെ കരങ്ങളില്‍ ചേര്‍ത്തു പിടിച്ചു. അറിയപ്പെടാത്ത മനുഷ്യരുണ്ടാക്കിയ ലോകത്തിന്റെ ചരിത്രങ്ങള്‍ മിടിപ്പുകളായി അവരിലേക്ക് പടര്‍ന്നു കൊണ്ടിരുന്നു.

യാത്ര പറയുമ്പോള്‍ എത്രയോ വിത്തുകളെറിഞ്ഞ ആ വിരലുകളെ അമല്‍ ചേര്‍ത്തു പിടിച്ചു.

'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

നീലാണ്ടേട്ടന്‍ അത് പറഞ്ഞ് മുഷ്ടി ചുരുട്ടി കൊണ്ട് അവരെ അഭിവാദ്യം ചെയ്തു. കുന്നിന്‍ ചെരുവിലേക്ക് തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. നീലാണ്ടേട്ടന്‍ നട്ടു വളര്‍ത്തിയ മരങ്ങളിലെ കൂടുകള്‍ തേടി പക്ഷികള്‍ പറന്നു വന്നു കൊണ്ടിരുന്നു. ആകാശം നിറയെ ചെത്തിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതു പോലെ അവര്‍ക്കു തോന്നി.

നീലാണ്ടേട്ടന്റെ വീട്ടില്‍ നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ അദ്ദേഹം നട്ടു പിടിപ്പിച്ച തണല്‍ മരങ്ങള്‍ക്കിടയിലൂടെ തീയില്‍ കുരുത്ത വാക്കിന്റെ വിത്തുകളുമായി വേഗത്തില്‍ യാത്ര തുടങ്ങി.

story writer
ബൈജു സി പി
Summary

Malayalam short story written by Byju CP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com