ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്

മഴ തോരുന്നേയില്ല..... സജീവ് ടി കെ എഴുതിയ കഥ
malayalam Story Image
representative image created by AI image generatorAI image
Updated on
4 min read

നേരം വെളുത്തുവരുന്നതേയുള്ളൂ.

ഏതു നിമിഷവും മഴ പൊട്ടിവീണേക്കാം. ഒരു കറുത്ത കമ്പളം വലിച്ചുകെട്ടി വെളിച്ചത്തെ കടത്തി വിടില്ലെന്ന വാശിയിലെന്നപോലെ ആകാശം ഇരുണ്ടുകിടക്കുകയാണ്. രാത്രി മുഴുവന്‍ മഴയായിരുന്നു. ഇപ്പോഴൊന്നു തോര്‍ന്നതേയുള്ളൂ. കരഞ്ഞു തളര്‍ന്ന ഒരു കുട്ടിയെപ്പോലെ മരം ഇപ്പോഴും പെയ്യുന്നുണ്ട്. റോഡ് വിജനമാണെന്നുതന്നെ പറയാം. ഒറ്റപ്പെട്ട വാഹനങ്ങള്‍ മാത്രമേയുള്ളൂ. ഓരങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടക്കുന്നു. ഇടക്ക് പാല്‍ പാത്രവും തൂക്കിപ്പോകുന്ന ചില സൈക്കിള്‍ യാത്രക്കാര്‍. പാല്‍സൊസൈറ്റിയിലേക്ക് പോവുകയായിരിക്കും. ആദ്യമായാണ് ഇത്ര പുലര്‍ച്ചെ ഡ്രൈവ് ചെയ്യുന്നത്. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. എന്തിനായിരിക്കും വരാന്‍ പറഞ്ഞത്. ഒരെത്തും പിടിയും കിട്ടുന്നില്ല. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞില്ലേ. ഓര്‍മകളല്ലാം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകള്‍ക്കും പുനര്‍ജ്ജന്മം ഉണ്ടാവുമോ.. ഉണ്ടാവുമായിരിക്കും.. ചിന്തകള്‍ മാറുമ്പോള്‍ റോഡിലെ കുഴിയില്‍ പെട്ടുപോകുന്നുണ്ട്. പ്രധാന പാതയുടെ ഇടതുവശത്തായി വലിയൊരു കമാനം. അതിലൂടെ ചെറിയൊരു റോഡാണ് പിന്നെ. ഇപ്പോഴും ഓര്‍ക്കുന്നു. മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങുമ്പോഴും എത്ര വേഗതയിലാണ് ഓര്‍മ്മകള്‍ പിന്നോട്ട് സഞ്ചരിക്കുന്നത്. അന്ന് ചെറിയൊരു സൂചനാ ബോര്‍ഡേ ഉണ്ടായിരുന്നുള്ളൂ. അമ്പലത്തിന്റെ പേരെഴുതി അമ്പടയാളം ഇട്ട്.

'ഇവിടെ അടുത്ത് കടല്‍ത്തീരത്തു മനോഹരമായ ഒരമ്പലം ഉണ്ടെന്ന് കേട്ടു. മാഷ്‌ക്ക് അറിയോ..'

പ്രസീദ് ആണ് ചോദിച്ചത്. ഞങ്ങള്‍ എക്‌സാം ഡ്യൂട്ടി കഴിഞ്ഞ് വരികയായിരുന്നു. പിന്‍സീറ്റില്‍ ഗായത്രീം ഉണ്ട്.

' പ്രസീദേ കാണേണ്ടത് തന്ന്യാ അത്. കടല്‍ത്തീരത്ത് കൂറ്റന്‍ പാറക്കെട്ടുകള്‍. അതിനു മുകളിലായ് കുന്നിന്‍ ചരിവ്. ആ ചരിവിലാണ് അമ്പലവും കുളവും. പാറക്കെട്ടുകളില്‍ കോണ്‍ക്രീറ്റ് വിരിച്ച് ബലിത്തറ. അവിടെ നില്‍ക്കുമ്പോള്‍ കടലിന് മുകളില്‍ നില്‍ക്കുമ്പോലെ തോന്നും. അങ്ങനൊരു ഭൂപ്രകൃതി ആരെയാ വിസ്മയിപ്പിക്കാത്തത്.'

ഞാന്‍ വാചാലനായി. 'ന്റെ ക്ലാസില്‍ പഠിച്ച സുരേഷിന്റെ വീട് അവിടാ. അന്നൊക്കെ ഞങ്ങള്‍ അവിടെപ്പോയിരിക്കുമായിരുന്നു. പാറക്കെട്ടുകളിലിരുന്നു കടലുകാണാന്‍ ന്ത് ഭംഗിയായിരിക്കും. അമ്പലമുറ്റത്ത് ഒരു കുളമുണ്ട്. എംടിയുടെ ഒരു സിനിമ ഒരിക്കല്‍ ഇവിടെവച്ചു ഷൂട്ട് ചെയ്തിരുന്നു. അന്നൊക്കെ ആരും നോക്കാനില്ലാത്തൊരു അമ്പലം. ആകെ കാട്പിടിച്ചിരുന്നു. മാസത്തില്‍ ഒരിക്കല്‍ മാത്രമേ പൂജ ഉണ്ടായിരുന്നുള്ളൂ. ചുരുങ്ങിയ കാലം കൊണ്ടാ ഇത്ര പുരോഗമിച്ചേ. ഇപ്പൊ നൂറുകണക്കിന് ഭക്തരാ ദിവസോം വന്നുപോകുന്നേ. വയനാട്ടിലെ തിരുനെല്ലി പോലെ.'

പ്രസീദ് തിരുവനന്തപുരത്തുകാരനാ. സ്‌കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു നാളേ ആയുള്ളൂ. എന്റെ പറച്ചില്‍ കേട്ടപ്പോ അവനവിടെ പോയേ മതിയാവൂ.

'നമുക്കൊരു ദിവസം അവിടെ പോണം.'

'ഓ... നാളെത്തന്നെ പോകാല്ലോ.'

'നാളെ വേണ്ട. നാളെ എനിക്ക് ഓഫാ.'

'ന്നാ മറ്റൊരുദിവസം ആക്കാം... ന്താ.. '

'ശരി.. ഞാനിവിടെ ഇറങ്ങാ.'

malayalam Story Image
'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

ഇവിടടുത്താണ് അവന്‍ വാടകയ്ക്ക് താമസിക്കുന്നത്. ചെറിയൊരു വീട്. കുറച്ചൂടെ സൗകര്യമുള്ളൊരു വീട് അവന്‍ അന്വേഷിക്കുന്നുണ്ട്. എന്നിട്ട് വേണം കുടുംബത്തെ കൊണ്ടുവരാന്‍. അവന്‍ ഇറങ്ങിയതില്‍ പിന്നെ ഗായത്രി മുന്‍ സീറ്റിലേക്ക് വന്നിരുന്നു. അതുവരെ മൗനത്തിലായിരുന്ന അവള്‍ പൊടുന്നനെയാണ് ചോദിച്ചത്.

'ന്നേം കൊണ്ടൊവോ...?'

'എവിടെ?'

'ആ അമ്പലത്തില്‍'

'നമ്മളെത്ര തീരത്തിരുന്നു കാറ്റുകൊണ്ടതാ. നീം മതിയായില്ലേ.. '

'ന്നാ ഞാന്‍ വരുന്നില്ല.'

അവള്‍ ദേഷ്യപ്പെട്ടു.

'ഞാന്‍ വെറുതെ പറഞ്ഞതല്ലേ.. മ്മക്ക് നാളെത്തന്നെ പോകാം. നാളെ ന്തായാലും എക്‌സാം നേരത്തെ കഴിയും.'

'ഉം.' അവള്‍ക്ക് സമ്മതം.

അവളുടെ മറുപടി എപ്പോഴും ഒറ്റവാക്കില്‍ മാത്രം ഒതുങ്ങിപ്പോകും. വാക്കുകള്‍ക്ക് ഇത്ര പിശുക്ക് കാണിക്കുന്നതെന്തിനാണെന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഒരു ചിരി മാത്രമായിരിക്കും മറുപടി.

രാത്രി വെറുതെ ഫോണില്‍ നോക്കിയിരിക്കുമ്പോഴാണ് അവളുടെ മെസ്സേജ് കണ്ടത്.

'അറിഞ്ഞില്ലേ'

'ന്ത്'

'ടീവീല്‍ വാര്‍ത്ത നോക്ക്'

ടിവി ഓണ്‍ ചെയ്തു. വലിയ അക്ഷരങ്ങളില്‍ ഫ്‌ലാഷ് ന്യൂസ് മാറി മാറി..

'കേരളം അടച്ചുപൂട്ടലില്‍'

'എല്ലാ പരീക്ഷകളും അനിശ്ചിതമായി മാറ്റിവച്ചു '

വല്ലാത്തൊരു നിരാശ തോന്നി. മനസിന്റെ താളുകളില്‍ നാം ഓരോരോ സ്വപ്നങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. ഒരു ചുവന്ന മഷിപ്പേനയുമായിവന്ന് ദൈവം എല്ലാം വെട്ടിമാറ്റുന്നു. എല്ലാ മൊട്ടുകളും പൂവായിവിരിയണമെന്നില്ലല്ലോ.

malayalam Story Image
അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്!

മഹാമാരി കവര്‍ന്നെടുത്തത് മനുഷ്യജീവനുകളെ മാത്രമായിരുന്നില്ല. ആത്മ സൗഹൃദങ്ങളെപ്പോലും അതെന്നെന്നേക്കുമായി അകറ്റിക്കളഞ്ഞു. കോവിഡ് മാറി കാലം തെളിഞ്ഞു വരുമ്പോഴേക്കും അവള്‍ പാലക്കാട്ടേക്ക് സ്ഥലംമാറി പോയിരുന്നു. ആദ്യമൊക്കെ ചില മെസ്സേജുകള്‍ അയക്കുമായിരുന്നു. ക്രമേണ അതും നിലച്ചു. നിറഞ്ഞ നിലാവ് ഇരുളിലേക്ക് മാറാന്‍ അത്ര സമയമൊന്നും വേണ്ടാലോ.. ഒടുവില്‍ എല്ലാം ഒരോര്‍മ മാത്രമായി..

കമാനം കടന്ന് ചെറിയ റോഡിലേക്ക് പ്രവേശിച്ചു. വെള്ളക്കെട്ട് കാരണം റോഡിലെ കുഴികളൊന്നും തിരിച്ചറിയാത്തതിനാല്‍ വേഗം വളരെ കുറച്ചാണ് ഡ്രൈവ് ചെയ്തത്. അപ്പോഴും മനസ്സില്‍ അത് തന്നെയായിരുന്നു. എന്തിനായിരിക്കും വരാന്‍ പറഞ്ഞത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞില്ലേ. ഒന്ന് കാണണമെന്ന് ഏറെ കൊതിച്ച ഒരാളെ കാണരുതേയെന്ന് പ്രാര്‍ത്ഥിക്കുക. എന്തൊരു വിരോധാഭാസം. രണ്ടു ദിവസം മുമ്പത്തെ ആ ഫോണ്‍ വിളിയാണ് എല്ലാം മാറ്റിമറിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിളി. നമ്പര്‍ മാത്രം കാണിച്ചിരുന്നതിനാല്‍ ഫോണെടുക്കാന്‍ ആദ്യം മടിച്ചിരുന്നു. വീണ്ടും റിങ് ചെയ്തപ്പോഴാ എടുത്തത്. സൗമ്യമായൊരു ശബ്ദം.

'മാഷല്ലേ?'

'അതെ'

അയാള്‍ പേരും സ്ഥലവും പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. പേര് കേട്ടപ്പോഴേ ഉള്ളൊന്നു പിടഞ്ഞു. ഹൃദയതാളം ക്രമതീതമാവുന്നു.

'അമ്മ പറഞ്ഞിട്ടാ വിളിക്കുന്നെ. അടുത്ത ദിവസം ഞങ്ങളങ്ങോട്ട് വരുന്നുണ്ട്. മാഷ് ണ്ടാവണം ന്ന് പറഞ്ഞു'

'ഉം'

കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല. എന്തായിരിക്കും ഇപ്പൊ ഇങ്ങനൊരു തോന്നല്‍. കുറച്ചു ദൂരം പിന്നിട്ടപ്പോഴേ കടലിരമ്പം കേള്‍ക്കാം കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ ഭിത്തിയുടെ മറുവശം കാര്‍ പാര്‍ക്കുചെയ്തു. ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്നു. കട്ടിയുള്ള കണ്ണടയിലൂടെ അയാള്‍ ആര്‍ദ്രമായി നോക്കി. പതിഞ്ഞ ശബ്ദം.

'മാഷല്ലേ'

'ഉം'

വെളുത്തു നേര്‍ത്തൊരു കുട്ടി. വസ്ത്രത്തിനുള്ളില്‍ അവളുണ്ടോ എന്നുപോലും സംശയിച്ചുപോകും. അത്രയ്ക്ക് മെലിഞ്ഞു പൊക്കം കൂടിയൊരു കുട്ടി.

ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത ഒരാളെ അവന്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്നോര്‍ത്ത് അമ്പരന്നുപോയി. ഏതോ മുജ്ജ്ന്മ ബന്ധം. അയാളുടെ ഒപ്പം അമ്പലത്തിലേക്ക് നടക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ക്കുതാഴെ അമ്പലം ഇരുള്‍ മൂടിക്കിടക്കുകയായിരുന്നു. വളരെക്കുറച്ചുപേരെ അവിടെ ഉള്ളൂ. അല്ലെങ്കിലും ഈ കനത്ത മഴയില്‍ ആര് വരാനാണ്. ഒരു പെണ്‍കുട്ടിയുടെ നേര്‍ക്കാണ് അയാള്‍ നടന്നത്. ബാഗിന് കാവലെന്നോണം ഇരുന്ന അവള്‍ ഞങ്ങളെ കണ്ടതും എഴുന്നേറ്റുനിന്നു. വെളുത്തു നേര്‍ത്തൊരു കുട്ടി. വസ്ത്രത്തിനുള്ളില്‍ അവളുണ്ടോ എന്നുപോലും സംശയിച്ചുപോകും. അത്രയ്ക്ക് മെലിഞ്ഞു പൊക്കം കൂടിയൊരു കുട്ടി.

'ഇത് പെങ്ങളാ'

ഓര്‍ക്കുന്നു. അന്ന് കുഞ്ഞായിരുന്നു. ഉങ്ങ് മരച്ചോട്ടില്‍ വെറുതെയിരിക്കുമ്പോള്‍ അവിചാരിതമയാണ് കുഞ്ഞിനെയുമെടുത്തു അങ്ങോട്ട് വന്നത്. മെറ്റേര്‍നിറ്റി ലീവില്‍ ആയിരുന്ന അവള്‍ എന്തോ ആവശ്യത്തിന് ഓഫീസില്‍ വന്നതായിരുന്നു. അമ്മയുടെ ഒക്കത്തിരിക്കുന്ന മോള്‍ക്ക് നേരെ കൈനീട്ടി. തന്റെ കൈകളിലേക്ക് ചാടി വീഴുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ഇപ്പൊ ഇരുപത്തി രണ്ട് വയസായിക്കാണും. കണ്ണുകള്‍ അപ്പോഴും മാറ്റൊരാള്‍ക്കുവേണ്ടി ഉഴറി നടക്കുകയായിരുന്നു. ക്ഷമ കെട്ടപ്പോള്‍ അറിയാതെ നാവിന്‍തുമ്പില്‍നിന്നും വീണുപോയി...

'അമ്മ...?'

ബാഗില്‍നിന്നും എന്തോ തിരയുന്നതിനിടയില്‍ അയാള്‍ ഞാന്‍ പറഞ്ഞത് ഗൗനിച്ചതേയില്ല. ബാഗില്‍ നിന്നും ഒരു സഞ്ചിയെടുത്ത് സാവധാനം തുറന്നു. ചുവന്ന തുണികൊണ്ട് വായ് മൂടിക്കെട്ടിയ ഒരു ചെറിയ മണ്‍കുടം. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സ്തംഭിച്ചു പോയി. ഒരു നിമിഷം ലോകം നിശ്ചലമായപോലെ. ഹൃദയം പിളര്‍ത്തി ഒരു മിന്നല്‍പ്പിണര്‍ ദേഹമാസകലം പ്രസരിക്കുന്നു. അങ്ങ് താഴെ ബലിത്തറയില്‍ ഒരു നിറകുടം വീണു ചിതറുന്നു... ഒന്നും മിണ്ടാന്‍ പറ്റുന്നില്ല..

malayalam Story Image
പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം, 'രതിനിര്‍വേദം'

ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്.

'മാഷ് ണ്ടാവണം ന്ന് അമ്മ നിര്‍ബന്ധം പിടിച്ചിരുന്നു.' പെണ്‍കുട്ടിയാണ് പറഞ്ഞത്.

'ഞങ്ങള്‍ക്ക് ഇവിടെ പരിചയൊന്നൂല്ല.' അവന്‍ കൈകള്‍ മുറുകെ പിടിച്ചു. ഏതോ മുജ്ജന്മ ബന്ധത്തില്‍ ഒന്നായപോലെ.

കൗണ്ടറില്‍ പോയി പേരും നക്ഷത്രവും പറഞ്ഞു ശീട്ടാക്കി.

'നക്ഷത്രം അറിയാര്‍ന്നോ'.

അവന്റ സംശയത്തിന് മറുപടിയൊന്നും പറഞ്ഞില്ല.

'ഇനി ഉടുത്ത വസ്ത്രം മാറി ഒരു തോര്‍ത്ത് ഉടുക്കാ.. ന്നിട്ട് കുളത്തില്‍ ഒന്ന് മുങ്ങാ..'

അവള്‍ ബാഗ് തുറന്ന് ഒരു തോര്‍ത്തുമുണ്ട് കൊടുത്ത് മാറിയ വസ്ത്രം ബാഗില്‍ അടുക്കുവച്ചു.

'അങ്ങനെ മുങ്ങൊന്നും വേണ്ട ട്ടോ.. പടികളില്‍ നല്ല വഴുക്കലാ.. ഒന്ന് നനഞ്ഞിങ് കയറിയാ മതി'.

ഈറനുടുത്ത് ബലിദ്രവ്യങ്ങള്‍ വാങ്ങി പടികളിറങ്ങി ബലിത്തറയിലേക്ക് നടന്നു. ആകാശംമുട്ടേ ഉയര്‍ന്നുവരുന്ന തിരമാല. ഞങ്ങള്‍ക്ക് മുമ്പേ വന്ന ആള്‍ തര്‍പ്പണം ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ മാത്രേ ഉള്ളൂ.

'വലതുകാല്‍മുട്ട് നിലത്തുകുത്തി ഇരിക്കാ.. മരിച്ച ആളെ മനസ്സില്‍ ധ്യാനിക്കാ..'

കര്‍മ്മിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവന്‍ തര്‍പ്പണം ചെയ്തു തുടങ്ങി. ഇടയ്ക്കിടെ തിരമാലകള്‍ ഞങ്ങളുടെ കാലുകള്‍ തഴുകി തിരിച്ചു പോകുന്നു. ബലിദ്രവ്യങ്ങളിലെ ധന്യമണികള്‍ കൊത്തിപ്പെറുക്കാന്‍ വരുന്ന പ്രാവുകളെ അവള്‍ തെളിച്ചകറ്റുന്നുണ്ട്. കര്‍മങ്ങള്‍ പൂര്‍ത്തിയായ ശേഷം അവന്‍ എഴുന്നേറ്റു.

'ഇനി കടലിന് പുറംതിരിഞ്ഞു നിന്ന് തലയ്ക്ക് മുകളിലൂടെ എല്ലാം കടലിലേക്ക് എറിഞ്ഞോളൂ..'

അവന്‍ അനുസരിച്ചു.

ആയിരക്കണക്കിന് ആത്മാക്കളെ തന്നിലേക്ക് ഏറ്റുവാങ്ങിയ കടലമ്മ തന്റെ ഹൃദയത്തിന്നാഴങ്ങളിലേക്ക് ഒരത്മാവിനെക്കൂടി ഏറ്റുവാങ്ങി. ഒരു തണുത്ത കാറ്റ് ആഞ്ഞുവീശി.

'ഞാന്‍ മരിച്ചാല്‍ നീ വരുമോ..' 'ഇല്ല' 'അതെന്താ' 'അതിനു നീയെനിക്കു മരിക്കുന്നില്ലല്ലോ'

മഴ.......

കെട്ടിനിറുത്തിയ കയര്‍ ആരോ അറുത്തിട്ടപോലെ. നിമിഷനേരം കൊണ്ട് പേമാരിയായി. തിരമാലകള്‍ ആകാശത്തോളം ഉയര്‍ന്ന് പാറക്കെട്ടുകളില്‍ ചിന്നി ബലിത്തറയില്‍ ചിതറി മറ്റൊരു മഴയാവുന്നു.

ദക്ഷിണയും സ്വീകരിച്ച് കര്‍മ്മി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു. ധന്യമണികള്‍ കൊത്തിപ്പെറുക്കിയിരുന്ന പ്രാവുകള്‍ കൂട്ടത്തോടെ പറന്നുപൊങ്ങി എങ്ങോമറഞ്ഞുപോയി. ഒരു നിമിഷം കടലിലേക്ക് മുഖം തിരിച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.

'ദൈവമേ.. ഈ ആത്മാവിന് നിത്യശാന്തി നല്‍കേണമേ... '

മുന്നില്‍ ശാന്തമായൊരു കടല്‍ തെളിഞ്ഞു വരുന്നു.

തീരത്ത് മണലില്‍ പുതഞ്ഞു നില്‍ക്കുമൊരു തോണിയില്‍ ചാരി... അനന്തമായ കടലിലേക്ക് കണ്ണുനട്ട് രണ്ടുപേര്‍.. ദീര്‍ഘ മൗനത്തിനു വിരാമമിട്ട് അവന്‍...

'ഞാന്‍ മരിച്ചാല്‍ നീ വരുമോ..'

'ഇല്ല'

'അതെന്താ'

കാറ്റില്‍ അലസമായി പാറിക്കളിക്കുന്ന മുടിയിഴകളെ ഒരുകൈകൊണ്ട് കോതി തോളിലൂടെ മുന്നിലേക്കിട്ട്, ഉറക്കെ ചിരിച്ചുകൊണ്ട് ഏതോ ഒരു കവിതാശകലം മറുപടിയായി പറഞ്ഞു.

'അതിനു നീയെനിക്കു മരിക്കുന്നില്ലല്ലോ'

അവളുടെ ചിരി ആ തണുത്തകാറ്റില്‍ അലിഞ്ഞലിഞ്ഞില്ലാതായി.

കണ്ണുതുറന്നപ്പോള്‍ ആര്‍ത്തലയ്ക്കുന്ന കടല്‍.

അങ്ങ് അനന്തതയില്‍ ഇരുട്ടുപരന്ന് ആകാശവും കടലും ഒന്നായിത്തീരുന്നു. വെള്ളിയാങ്കല്ല് ഒരു നിഴല്‍ പോലെ കാണാം. ഇപ്പോള്‍ ഒരു തുമ്പികൂടി അവിടെ ചിറകടിച്ചു തുടങ്ങിയിട്ടുണ്ടാവും. അജ്ഞാതമായ ഒരാത്മ ബന്ധത്തിന്റെ അദൃശ്യമായ ചരടില്‍ ബന്ധിക്കപ്പെട്ട്. മഴയില്‍ നനഞ്ഞു കുതിര്‍ന്ന് മൂന്നു മനുഷ്യരൂപങ്ങള്‍മാത്രം ബലിത്തറയില്‍ ബാക്കിയായി. അവള്‍ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ തലോടുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളിലെ ഉപ്പുരസം അനുഭവിക്കുകയായിരുന്നു. അവളുടെ അടക്കിയ തേങ്ങലുകള്‍ ഹൃദയത്തില്‍ മറ്റൊരു മിടിപ്പാകുന്നു.

പടികള്‍ കയറി അമ്പലത്തിലേക്ക്. തൊഴുതു പ്രസാദം വാങ്ങി വിശ്രമമുറിയില്‍ ചെന്ന് ഈറന്‍ മാറി. ഒരു സെറ്റ് വസ്ത്രം കരുതിയത് എത്ര നന്നായി.

ഭക്ഷണശാലയിലിരുന്ന് പ്രാതല്‍ കഴിക്കുമ്പോഴും തകര മേല്‍ക്കൂരയില്‍ മഴ ചടുലതാളത്തില്‍ നൃത്തം ചെയ്യുക തന്നെയായിരുന്നു.

'ന്തായിരുന്നു..?'

ഏറെനേരമായി ചോദിക്കാന്‍ ഓങ്ങി വച്ചതായിരുന്നു അത്. അങ്ങനൊരു ചോദ്യം അവന്‍ പ്രതീക്ഷിച്ചതു പോലെ.

'കുറച്ചുനാളായി തീരെ കിടപ്പിലായിരുന്നു. അവസാന നാളിലാ അമ്മ മാഷെക്കുറിച്ച് പറഞ്ഞത്. ചടങ്ങിനു മാഷ് ണ്ടാവണമെന്ന് നിര്‍ബന്ധിച്ചിരുന്നു. വേറെ ആരും വേണ്ടന്നും. മാഷ് വരും ന്ന് അമ്മക്കെന്തോ ഉറപ്പുണ്ടായിരുന്നതുപോലെ. എല്ലാം മുന്‍കൂട്ടി തീരുമാനിച്ച പോലെയാണ് അമ്മ അന്നൊക്കെ പെരുമാറിയിരുന്നത്. ചിലപ്പോഴൊക്കെ എന്തെങ്കിലും വായിക്കും. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' കിടക്കയില്‍ തന്നെ ഉണ്ടാവും. വേദന അസഹ്യമാവുമ്പോ അതെടുത്തു വായിക്കും. ഒടുവില്‍...'

അവനു മുഴുമിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എഴുന്നേറ്റ് കൈകഴുകാന്‍ പോയപ്പോള്‍ അവള്‍ ചേര്‍ന്നിരുന്നു.

'മാഷെക്കുറിച്ച് ഒരീസം അമ്മ എന്നോട് പറഞ്ഞിരുന്നു'.

അവന്‍ കൈതുടച്ചുകൊണ്ട് വന്നു.

'ഞങ്ങള്‍ പോവാ.. ഇനീപ്പം മഴ തോരുംന്നൊന്നും തോന്നുന്നില്ല'.

ഒരുമിച്ചാണ് പുറത്തേക്കിറങ്ങിയത്. അവരെ യാത്രയാക്കി അല്‍പനേരം കടലിലേക്ക് കാണ്ണ്‌നട്ടു നിന്നു. എല്ലാം ഏറ്റുവാങ്ങുന്ന കടല്‍...

അല്പദൂരം പോയശേഷം എന്തെ കാര്‍ നിറുത്തി...?. അവള്‍ ഇറങ്ങി വരുന്നു.

എന്തെങ്കിലും മറന്നോ..?

അവള്‍ അടുത്തേക്ക് വന്നു.

'ഏട്ടന്‍ അടുത്താഴ്ച പോകും. അതിനു മുമ്പ് മാഷ് ഒരീസം വീട്ടിലേക്ക് വരോ..?'

'വരാം'

പറയാന്‍ മറ്റൊരു മറുപടിയും ഉണ്ടായിരുന്നില്ല.

അവള്‍ പതിയെ നടന്നു നീങ്ങുമ്പോഴും മഴ പെയ്യുകതന്നെയായിരുന്നു.

Summary

Malayalam short story written by Sajeev TK

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com