കറുപ്പന്റെ രാമൻ - വികാസ് പട്ടത്ത് എഴുതിയ കഥ

Malayalam Story
വികാസ് പട്ടത്ത് എഴുതിയ കഥrepresentational image created by Ai image generator
Updated on: 
1 min read

അരയിൽ മുഷിഞ്ഞ മുണ്ടുണ്ടെങ്കിലും അത് കയറുപോലെ പിരിച്ചാണ് ഉടുത്തിരിക്കുന്നത്; പുറകിൽനിന്ന് നോക്കുമ്പോൾ പരിപൂർണ്ണ നഗ്നനായിട്ടാണ് കാണുക. കക്ഷത്തിൽ പഴയ ചെരിപ്പുകൾ തിരുകിയിട്ടുണ്ട്, കയ്യിൽ നീളൻ വടി, ജട പിടിച്ച്, കയറുപോലെ നീണ്ടുപിരിഞ്ഞ മുടി. ആളുകൾക്കിടയിൽ നിൽക്കുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല. ഇടയ്ക്ക് മാത്രമാണ് അനങ്ങുന്നത്. ചിരിക്കുന്നില്ല, മിണ്ടുന്നുമില്ല.

ഞായറാഴ്ചയുടെ തിരക്കാണ് തെരുവിൽ. ആൾക്കൂട്ടം മുഴുവനും ആട്ടിറച്ചി വിൽക്കുന്ന കടയ്ക്ക് മുൻപിലാണ്; അവിടെ പതിവുപോലെ അയാളും. പ്രതിമപോലെയാണ് നിൽപ്പ്.

വിദേശരാജ്യങ്ങളിൽ പണത്തിനായി ആളുകൾ വേഷം കെട്ടി പ്രതിമപോലെ നിൽക്കുന്ന അതേ പ്രതീതി. പക്ഷേ ഇവിടെ അയാൾക്ക് ആരും പണം നൽകുന്നില്ല. അയാൾ അത് പ്രതീക്ഷിക്കുന്നുമില്ല. അയാളുടെ കണ്ണുകൾക്കുപോലും അനക്കമില്ല. അയാൾ ആളുകളെ നിരീക്ഷിക്കുകയാണോ, അതോ ആളുകളെ ചിന്തിപ്പിക്കുകയാണോ?

എന്നും അയാളെ കാണുമ്പോൾ മനസ്സിൽ ഉദിക്കുന്ന പതിവ് ചോദ്യം. ആട്ടിറച്ചി വാങ്ങി പുറത്തിറങ്ങി, സ്ഥിരം പോകുന്ന കടയിലേക്ക് നടന്നു. കട പൂട്ടിയിട്ടിരിക്കുന്നു. എത്തിനോക്കിയപ്പോൾ ഉള്ളിൽനിന്നും വിളിച്ചുപറഞ്ഞു: “തുറക്കാൻ ആളെത്തിയിട്ടില്ല.”

കടയ്ക്കകത്ത് പ്ലാസ്റ്റിക് നാടകൾ നെയ്ത ഇരുമ്പുകട്ടിലിൽ അയാൾ കിടപ്പുണ്ട്. അയാളുടെ വീടും കടയും ലോകവും ഇതാണ്. ഞാൻ പുറത്തുനിൽക്കുമ്പോൾ ഓടിക്കിതച്ചുവന്നൊരാൾ പുറത്തുനിന്നും പൂട്ടിയ ഗ്രില്ലുകൾ തുറന്നു. അകത്തുകയറിയപ്പോൾ അയാൾ കട്ടിലിൽ ഇരിക്കുകയാണ്. ഒരു കാൽ മുറിച്ചുകളഞ്ഞതാണ്; മറ്റേ കാലിന് പാദവുമില്ല. വെളുത്ത ബനിയനും കള്ളിമുണ്ടുമാണ് സ്ഥിരവേഷം.

നരച്ചുതുടങ്ങിയ താടിയും മുടിയും. ചിരിയില്ലാതെ ഒരിക്കൽപ്പോലും കാണാൻ കഴിയില്ല.

പഞ്ചർ ഒട്ടിക്കലാണ് പ്രധാന ജോലി; കൂടെ നാളികേരം, ചെറുനാരങ്ങ എന്നിവ കൂടി വിൽക്കും. ഇതെന്താണ് ഈ വ്യത്യസ്ത കച്ചവടസംരംഭമെന്ന് എപ്പോഴും സംശയം തോന്നാറുണ്ട്.

Malayalam Story
ചരിത്രത്തില്‍ വേദനയോടെ പതിഞ്ഞ ചെരിപ്പുകള്‍

എന്നെ കണ്ടതും പറഞ്ഞു: “നാളികേരമെല്ലാം ചെറുതാണ്, കുലുങ്ങുന്നുമില്ല. അടുത്ത ആഴ്ച വരുമ്പോൾ തരാം.” അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പുറത്ത് പ്രതിമപോലെ നിന്ന ആൾ കടയുടെ ഗ്രില്ലിൽ തട്ടി നിൽക്കുന്നു. “പണം തരൂ” എന്ന് വ്യക്തമായും ഉച്ചത്തിലും ചോദിച്ചു. കട്ടിലിലുള്ള ഇരുമ്പുപെട്ടിയിൽ കയ്യിട്ട് പത്തു രൂപ നീട്ടി. അയാൾക്ക് അകത്തുവന്നാലേ വാങ്ങാനാകൂ; അയാൾ വരുന്നില്ല. ഞാൻ വേഗം എന്റെ പഴ്സിൽനിന്നും ഇരുപത് രൂപയെടുത്ത് അയാൾക്ക് നീട്ടി. അയാൾ അതു വാങ്ങി പോയി.

“ചായ കുടിക്കാനാണ്.  എന്നോട് പറഞ്ഞു.

ചുറ്റിലും നിറയെ കടകളുണ്ട്, ആളുകളും. എന്നിട്ടും കാലില്ലാതെ കട്ടിലിൽ കഴിയുന്നയാളുടെ അടുത്തുവന്നാണ് പണം ചോദിക്കുന്നത്.

എന്റെ ചിന്ത ഇങ്ങനെ പോകുമ്പോൾ പെട്ടെന്ന് എന്നോട് ചോദിച്ചു: “എന്താണ് ജോലി? ആഴ്ചയിൽ ഒരിക്കലേ കാണുന്നുള്ളൂ.”

“ഞാനോ? ഞാൻ ഫോട്ടോഗ്രാഫറാണ്. ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലാണ് കൂടുതൽ സമയവും. ഇടക്ക് ഒഴിവ് കിട്ടുമ്പോൾ ഇവിടെ വരും. ആ പുഴയുടെ അടുത്തുള്ള വീട്ടിലാണ് താമസം. ആകെയുള്ള സമ്പാദ്യമാണ്; അത് നശിക്കാതിരിക്കാൻ ഇവിടെ വരുന്നു, താമസിക്കുന്നു.”

സംസാരിക്കുന്നതിനിടയിൽ എന്റെ പേര് ചോദിച്ചു. “സ്റ്റാലിൻ.” എന്റെ പേരുകേട്ടപ്പോൾ അയാളുടെ കണ്ണിലൊരു തിളക്കം. “എന്താണ് നിങ്ങളുടെ പേര്?” അയാൾ കറുത്ത പല്ലുകൾ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു: “കറുപ്പൻ.”

കറുപ്പൻ. പ്രായത്തിനേക്കാൾ മൂത്തയാളാണ്. എങ്ങനെ പേര് വിളിക്കും? പക്ഷേ ഞാനൊന്നും വിളിച്ചില്ല.

“സ്റ്റാലിൻ, ആ സഞ്ചിയെടുക്കാമോ?” എന്നോട് പറഞ്ഞു.

ഞാൻ എടുത്തുകൊടുത്ത സഞ്ചിയിൽനിന്ന് ചെറിയ നാളികേരങ്ങളെടുത്ത് കുലുക്കിനോക്കുവാൻ തുടങ്ങി. മുഴുവൻ നാളികേരങ്ങളും കുലുക്കിനോക്കിയിട്ടും ആകെ നാലെണ്ണം മാത്രമാണ് അയാൾ തിരഞ്ഞെടുത്തത്. അത് എനിക്കുനേരെ നീട്ടി: “ഇത് കുലുങ്ങുന്നുണ്ട്, കുഴപ്പമുണ്ടാകില്ല.”

അവിടെ താഴെ കിടന്ന പ്ലാസ്റ്റിക് കൂട്ടിലേക്ക് കൈ ചൂണ്ടി. അയാൾക്കുള്ള ഭക്ഷണം കൊണ്ടുവരുന്ന ഹോട്ടലിലെ കവറാണെന്ന് ഒറ്റനോട്ടത്തിലറിയാം. ഞാനതെടുത്തു നീട്ടി. അതിലേക്ക് കറുപ്പൻ നാളികേരങ്ങൾ ഒന്നൊന്നായിട്ടു.

കവർ തന്നപ്പോൾ ഞാൻ ചോദിച്ചു: “പൈസ എത്രയായി?”

“അയ്യോ, പൈസ വേണ്ട. അയാൾക്കുള്ള ചായക്കാശുപോലും ഇന്ന് മോനാണ് നൽകിയത്. ഇതിനൊന്നും തരണ്ട.”

ഞാൻ കയ്യിലുള്ള നൂറു രൂപയെടുത്ത് കറുപ്പന് എത്താത്ത രീതിയിൽ വെച്ചു. പറന്നുപോകാതിരിക്കുവാൻ അവിടെയിരുന്ന പുസ്തകവും കയറ്റിവെച്ചു. അയാൾ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും എഴുന്നേറ്റുവന്ന് പൈസ തിരിച്ചുതരുവാൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ ചിരിച്ചുകൊണ്ടിറങ്ങി.

വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് മുഴുവൻ കറുപ്പനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഒരു ജീവിതം മുഴുവൻ കടയിൽ ജീവിച്ചുതീർക്കുന്നു. എപ്പോൾ കണ്ടാലും മുഖത്ത് ചിരിമാത്രം. പരാതിയില്ല, പണത്തിനോട് ആർത്തിയില്ല.

ഇനി വരുമ്പോൾ കുറച്ചുകൂടി കാര്യങ്ങൾ ചോദിക്കണം.

വീട്ടിലെത്തിയിട്ട് ആട്ടിറച്ചി കഴുകി വെള്ളം പോകാനായി വെച്ചിട്ട് സിനിമ കാണാൻ തുടങ്ങി. സിനിമയിൽ മുഴുകി സമയം പോയതറിഞ്ഞില്ല. സിനിമ നിർത്തി ആട്ടിറച്ചി അടുപ്പത്ത് വെച്ച്, അരച്ചുവെച്ച മസാലയും ചേർത്ത് മൂടിവെച്ച് കുളിക്കാൻ കയറി. കുളിച്ചുവന്നിട്ട് ചോറും കുക്കറിൽ വെച്ചു.

ആട്ടിറച്ചിയും ചോറും മാത്രം. വയറുനിറയെ കഴിച്ച് തറയിൽത്തന്നെ കിടന്നുറങ്ങി.

എഴുന്നേറ്റപ്പോൾ വൈകീട്ടായി. വേഷം മാറി ചായ കുടിക്കാൻ പുറത്തിറങ്ങി.

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ കറുപ്പനെക്കുറിച്ചുള്ള ചിന്ത വന്നു.

പതിവില്ലാതെ വീണ്ടും അവിടേക്ക് നടന്നു.

പണിക്കാരൻ ബൈക്കിന്റെ പഞ്ചറൊട്ടിക്കുന്നു. ഞാൻ അവിടെ എത്തിയതും കസേരയിലിരിക്കാൻ പറഞ്ഞു.

ചായ വാങ്ങാൻ പയ്യനോട് പറഞ്ഞു. ഞാൻ കുടിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല.

അവൻ ചായക്കടയിലേക്ക് ഓടി.

ഞാനൊന്നും ചോദിച്ചില്ല.

കുറെ കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു: “ഒറ്റയ്ക്കാണോ?”

“അതെ. ഒറ്റയ്ക്കാണ്.”

“എന്തേ കല്യാണം കഴിക്കാത്തത്?”

“അത് നടന്നില്ല. നോക്കണം.”

“അപ്പോൾ ഇതുവരെ അന്വേഷിച്ചില്ലേ?”

“ഉവ്വ്, അന്വേഷിച്ചു. പക്ഷേ ശരിയായില്ല. നിങ്ങളോ? ഒറ്റയ്ക്കാണോ?”

“ഞാനോ? ഞാൻ ഒറ്റയ്ക്കാണ്. കുറെയായി. ഇപ്പോൾ ആ പയ്യനുണ്ട്.”

“ഈ കട?”

“ഇത് മാത്രമാണ് എനിക്കിപ്പോഴുള്ളത്. ഇതും പോകുമെന്നാണ് കേൾക്കുന്നത്. റോഡ് വീതികൂട്ടാൻ പോകുന്നുണ്ടെന്നും ഞങ്ങളെ മാറ്റുമെന്നും. പണം തന്ന് ഒഴിവാക്കാനാണ് പദ്ധതി. എനിക്ക് പണം വേണ്ട; എനിക്കിവിടെ കിടന്ന് മരിച്ചാൽ മതി. അല്ലെങ്കിൽ ഇവിടെനിന്നും പോകുമ്പോൾത്തന്നെ ഞാൻ മരിക്കും. ഈ കടയും ആളുകളും, ഇതെല്ലാമാണ് എന്റെ ജീവൻ. എനിക്കെന്തിനാണ് പണം? എനിക്കിവിടം മതി. ഇതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല.”

Malayalam Story
ഹോജായുടെ ഏഴാം കാലാന്തരം

പയ്യൻ ചായയുമായി എത്തി.

വീണ്ടും ചായ കുടിക്കുന്നതിന്റെ മടുപ്പൊന്നുമില്ല.

ചായ കുടിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

വൈകീട്ടായപ്പോൾ വീണ്ടും അയാൾ ഗ്രില്ലിന് മുൻപിൽ വന്നു.

പയ്യൻ വേഗം ഇരുപത് രൂപയെടുത്ത് അയാൾക്ക് കൊടുത്തു.

“ ഇയാളുടെ പേര്?”

“അയാൾ ഇവിടെ കൂടിയിട്ട് വർഷങ്ങളായി. പേര് ആർക്കുമറിയില്ല, അയാൾക്കും. ഞാൻ രാമനെന്ന് വിളിക്കും. ഭക്ഷണത്തിന് വേണ്ടിയുള്ള പണത്തിന് ഇവിടെ വരും. . ഞാൻ പോയാൽ അയാൾ പട്ടിണികിടന്ന് മരിക്കും,” കറുപ്പൻ പതുക്കെ മുറുമുറുത്തു.

“വയസ്സ് എത്രയായി?”

“എനിക്കോ? മുപ്പത്തഞ്ചായി.”

“അപ്പോൾ കല്യാണം കഴിക്കാനുള്ള സമയമായല്ലോ? കാര്യമായി നോക്കിക്കോ. നാല്പതിന് മുൻപ് നടത്തണം.”

“അതെ, അതെ. നാല്പതിന് മുൻപ് നടത്തണം.”

“വീട്ടിലെ ജോലിയൊക്കെ ആരാണ് ചെയ്യുക?”

“അത് ഞാൻ തന്നെ. പണിയെടുക്കാൻ മടിയില്ല. ഒറ്റയ്ക്കുള്ള മടുപ്പുണ്ട്. അതുകൊണ്ടാണ് കൂടുതൽ യാത്ര ചെയ്യാൻ വേണ്ടി ഈ ജോലി തിരഞ്ഞെടുത്തത്.”

“അതെന്താ സ്റ്റുഡിയോ ഇടാത്തത്? അപ്പോൾ യാത്ര പോകേണ്ടല്ലോ.”

“അയ്യോ, എനിക്കത് പറ്റില്ല. എനിക്ക് യാത്ര ചെയ്യണം. ഞാൻ സിനിമാസെറ്റുകളിലാണ് കൂടുതലായും ജോലി ചെയ്യുന്നത്. അതുകൊണ്ട് യാത്രയ്ക്ക് ഒരു കുറവുമില്ല.”

“പിന്നെ കൂടുതൽ അലച്ചിലാണ്.”

“അതും ഒരു രസം.”

“അതെ, നമ്മൾ ആളുകളെ കാണാൻ പോകുന്നതും പോകുന്ന ആളുകളെ നമ്മൾ കാണുന്നതും രണ്ടും രണ്ടാണ്,” കറുപ്പൻ മെല്ലെ പറഞ്ഞു.

ഇഷ്ടംപോലെ എങ്ങോട്ടും പോകുവാൻ കഴിയാത്തതിന്റെ എല്ലാ വിഷമങ്ങളും അതിലുണ്ടായിരുന്നു.

അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

നേരം ഇരുട്ടിത്തുടങ്ങി. ഞാൻ അവിടെനിന്നും എഴുന്നേറ്റു.

“അപ്പോൾ ഞാൻ ഇറങ്ങട്ടെ. നാളെ കൂർഗിലേക്ക് പോകും; ഇനി ഒരു മാസം അവിടെയായിരിക്കും. തിരിച്ചുവരുമ്പോൾ കാണാം.”

ജീപ്പിൽ കൂർഗിലേക്ക് പോകുമ്പോഴും കറുപ്പനെക്കുറിച്ചുള്ള ചിന്ത എന്നിൽനിന്നും വിട്ടുപോകുന്നേയില്ല. വഴിയുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ മരങ്ങൾ, കോടമഞ്ഞ്, ഇടയ്ക്കിടെ ഓടിമറയുന്ന മാനുകൾ.

കറുപ്പന് നഷ്ടമാകുന്നത് ഈ കാഴ്ചകളാണ്. യാത്രയുടെ സന്തോഷത്തിലും, അയാൾക്കിതൊന്നും കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം എന്റെ മനസ്സിൽ കുഴഞ്ഞുകൊണ്ടേയിരുന്നു.

സിനിമ തുടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. റിസോർട്ടിൽ മുറിയും ഭക്ഷണവും ഉള്ളതിനാൽ കാര്യങ്ങൾ നന്നായി പോകുന്നുണ്ട്.

ക്യാമറ കയ്യിലെടുത്താൽ കറുപ്പന്റെ മുഖം.

കറുപ്പനെ ഒരിക്കൽ ഇതെല്ലാം കാണിക്കണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നു. ഷൂട്ടിങ് തുടങ്ങിയപ്പോൾ ദിവസങ്ങൾ വേഗത്തിലാണ് പോയത്.

ഇപ്പോൾ വന്നിട്ട് ഒരു മാസം കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ ഇടുക്കിയിലാണ്; ഒരു മാസം ഇടവേളയുണ്ട്. “എന്താ പരിപാടി?” എന്ന് പ്രൊഡ്യൂസർ സ്റ്റീഫൻ ചേട്ടൻ എല്ലാവരോടും ചോദിക്കുന്നുണ്ട്. എന്നോടും ചോദിച്ചു. “ഞാൻ നാട്ടിൽ പോകുന്നു. ഷൂട്ടിങ് തുടങ്ങുമ്പോൾ വരാം” എന്ന് പറഞ്ഞിറങ്ങി.

വീട്ടിലെത്തിയപ്പോൾ വെളുക്കാറായി. വന്നപോലെ തറയിൽ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ ഉച്ചയായി. കുളിച്ച് കവലയിലെ ഹോട്ടലിലേക്ക് പോയി. ചോറും മീൻകറിയും. അത് കഴിച്ചപ്പോഴാണ് കർണാടകയിൽനിന്നും രക്ഷപ്പെട്ടതിന്റെ പ്രതീതി വന്നത്.

ഊണ് കഴിഞ്ഞ് കറുപ്പന്റെ കടയിലേക്ക് പോയി. എന്നെ കണ്ടപ്പോഴേക്കും കസേര വലിച്ചിട്ട് ചെക്കനെ ചായ വാങ്ങാൻ വിട്ടു. അവനോട് ഞാൻ വിളിച്ചുപറഞ്ഞു, ചായ വേണ്ട, കരിമ്പിൻജ്യൂസ് മതിയെന്ന്. അവൻ കേട്ടോ ആവോ?

ഞാൻ കർണാടകയിലെ തണുപ്പും കാപ്പിയും കുരുമുളകും അവിടെ കഴിച്ച ഭക്ഷണവുമെല്ലാം വിശദമായി വിവരിച്ചുകൊടുത്തു.

സിനിമ കാണുന്നപോലെ എല്ലാം കേട്ടുകൊണ്ടിരുന്നു.

“കുട്ടിയായിരുന്നപ്പോൾ എന്നെയും കൊണ്ട് അച്ഛൻ കടൽ കാണിക്കാൻ പോയിട്ടുണ്ട്. ഇവിടമല്ലാതെ ആകെയുള്ള ഓർമ്മ അതാണ്. പിന്നെ എല്ലാം ഇവിടെ മാത്രം. നല്ല പ്രായത്തിൽ കടയും ജോലിയും മാത്രം; അപകടശേഷം ഈ കട്ടിലിൽ മാത്രം.”

കരിമ്പിൻജ്യൂസ് കുടിക്കുന്നതിനിടയിൽ പുറത്തെ ഗ്രില്ലിലൊരു തട്ട്. നോക്കിയപ്പോൾ രാമനാണ്. ഇന്നും തുണിയുടുത്തിട്ടില്ല; അരയിൽ തോർത്തുപോലെ കീറിയ എന്തോ ഒരു തുണി മാത്രം. പതിവുപോലെ പയ്യൻ പണമെടുത്ത് കൊടുത്തു. അയാൾ പോയതും ഞാൻ ചോദിച്ചു: “ഇയാളെ എന്താണ് ആളുകൾ വിളിക്കുന്നത്?”

“പല പേരുകളാണ്. കൂടുതൽ പേരും വട്ടനെന്നാണ് വിളിക്കുന്നത്; ചിലർ പ്രാന്തൻ, ചിലർ അടിമക്കണ്ണ്. അങ്ങനെ പേരിനൊരു കുറവുമില്ല. പക്ഷേ യഥാർത്ഥത്തിൽ ഇയാൾക്ക് പേരുണ്ടോ എന്നറിയില്ല. സർക്കാർരേഖ പ്രകാരം ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പില്ല. അതാണ്.”

“അയാൾ എല്ലാ കടയിൽനിന്നും പണം ചോദിക്കുമോ?”

“ഇല്ല. അയാൾ ഇവിടെനിന്നും മാത്രമാണ് പണം വാങ്ങുക. ഞാൻ ഇപ്പോഴും ഇവിടെ ഉള്ളതിനാൽ അയാൾ വേറൊരാളെക്കുറിച്ച് ചിന്തിച്ചുകാണില്ല. അയാളെ കുളിപ്പിച്ച് മുടിവെട്ടിച്ച് വൃത്തിയാക്കി വിടണമെന്ന് ഇടയ്ക്ക് തോന്നും. എന്റെ കാര്യം തന്നെ നോക്കാൻ വയ്യാത്ത ഞാൻ അങ്ങനെ ആലോചിക്കുന്നതുതന്നെ തെറ്റാണ്. അതുകൊണ്ട് ഇപ്പോൾ കൂടുതൽ ചിന്തിക്കാറില്ല. ദിവസവും ഭക്ഷണത്തിനുള്ള പണം കൊടുക്കും.”

“ഇവിടത്തെ കച്ചവടം എങ്ങനെയുണ്ട്?”

“കച്ചവടമോ? ഒരു ദിവസം കഴിയാനുള്ളത് കിട്ടണം; അത് കിട്ടുന്നുണ്ട്. പണം കൂട്ടിവെച്ചിട്ട് എന്തിനാണ്? ലാഭത്തെക്കുറിച്ച് എനിക്ക് മനസ്സിലാവാറില്ല, അതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിക്കാറുമില്ല.”

അയാളുടെ മറുപടിയിൽ സങ്കടഭാവമില്ല; ചിരിച്ചുകൊണ്ടുമാത്രമേ മറുപടി പറയൂ. എന്നാലും വർഷങ്ങളോളം ഒരേ മുറിയിൽത്തന്നെ. ആലോചിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല. ജീവിതം വളരെ നിഗൂഢമാണെന്ന് പറഞ്ഞുകേട്ടത് എത്ര ശരിയാണ്.

എന്റെ ജോലിയെക്കുറിച്ച് കറുപ്പൻ എന്നോട് ചോദിച്ചു: “ഇനിയെന്നാണ് ജോലിക്ക് പോകുന്നത്?”

“ഒരുമാസത്തിനുള്ളിൽ പോകും, ചിലപ്പോൾ അതിനുമുൻപും. സിനിമയുടെ കാര്യമല്ലേ, മുൻകൂട്ടി പറയാൻ കഴിയില്ല. അവിടെ ചെന്നാലും പണി നടക്കുമോ എന്നും അറിയില്ല. പക്ഷേ പണം കൃത്യമായി തരും.”

Malayalam Story
അരങ്ങ് - സതീഷ് മാമ്പ്ര എഴുതിയ കഥ

വീട്ടിലെത്തി കിടന്നിട്ടും ഉറക്കം വരുന്നില്ല.

പാതിവഴിയിൽ നിർത്തിയ സിനിമക്കഥയുടെ പുസ്തകം എടുത്തു. ഈ പുസ്തകം തുറക്കുന്നത് കൂടുതൽ സന്തോഷം വരുമ്പോഴും കൂടുതൽ ദുഃഖം വരുമ്പോഴും മാത്രമാണ്. അപ്പോൾ മാത്രമാണ് എഴുതണമെന്ന് തോന്നുന്നത്.

ഈ പുസ്തകം തുറന്നിട്ട് ഇപ്പോൾ കുറെയായി. “കൊലപാതകം നടത്തിയവർ അലക്ഷ്യമായി വണ്ടിയോടിച്ച് വേഗത്തിൽ കവലയിലൂടെ പോകുന്നു.” ഇതാണ് അവസാനം എഴുതിയിരിക്കുന്ന വരി.

പിന്നെ കഥയ്ക്ക് മുന്നോട്ടുള്ള ഗതി കിട്ടിയില്ല; അതിനാൽ നിർത്തിയതാണ്.

ഇനി എങ്ങനെ ഇതിനെ മുന്നോട്ട് കൊണ്ടുപോകാം?

പെട്ടെന്നാണ് രാമനെയും കറുപ്പനെയും കുറിച്ച് ഓർത്തത്.

വീണ്ടും എഴുതാൻ തുടങ്ങി. അലക്ഷ്യമായി കാറോടിക്കുന്നതിനിടയിൽ സ്പീഡ് ബ്രേക്കറിൽ വണ്ടി പറന്നുകയറിയിറങ്ങി, റോഡിൽനിന്നും തെന്നിമാറി റോഡരികിലൂടെ പാഞ്ഞു. പെട്ടെന്നൊരു ശബ്ദം. പൊടിപടലം മൂടൽമഞ്ഞുപോലെ കാഴ്ച മറച്ച ആ നിമിഷം അന്തരീക്ഷത്തിൽനിന്നും ഒരാൾ പറന്ന് റോഡിലേക്ക് വീണു.

കണ്ണാടിയിൽ അയാളുടെ രൂപം വ്യക്തമായി കണ്ട ഡ്രൈവർ അറിയാതെ ബ്രേക്കിൽ കാലമർത്തി.

വണ്ടിയുടെ വേഗത കുറഞ്ഞതും കൂടെയുള്ളവർ വേഗത്തിൽ പോകാൻ ആജ്ഞാപിച്ചു. അയാൾക്ക് മറുത്തൊന്നും പറയാൻ കഴിയാത്തതിനാൽ വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ട് പോയി.

ഏറെ കോളിളക്കം സൃഷ്ടിക്കുമെന്ന് കരുതിയ ആ സംഭവം പിറ്റേദിവസത്തെ പത്രത്തിലെ ഒരു ചെറിയ വാർത്തയിലൊതുങ്ങി: അജ്ഞാതവാഹനമിടിച്ച് അജ്ഞാതൻ മരിച്ചു.

രണ്ടു വർഷങ്ങൾക്കുശേഷം നാടിനെ ഇളക്കിമറിച്ചുകൊണ്ട് ഒരു വാർത്ത വന്നു: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. വാർത്ത കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം, തീപിടിത്തമുണ്ടായിട്ടും യാത്രക്കാരാരും ഡോർ തുറക്കാനോ ഇറങ്ങിയോടാനോ നോക്കിയില്ല എന്നതാണ്.

അന്വേഷണം നടക്കുന്നുണ്ട്.

കഥ ഇത്രയുമായപ്പോൾ, ഇനി ആരെയെങ്കിലും കേൾപ്പിച്ചിട്ട് എഴുതാമെന്ന് തീരുമാനിച്ചു.

കോട്ടയത്തെ ഷെഡ്യൂൾ തുടങ്ങി. ഒരു ദിവസം വൈകുന്നേരമായപ്പോൾ പ്രൊഡ്യൂസർ സ്റ്റീഫൻ ചേട്ടന് ടൗൺ വരെ പോകുവാനായി എന്നെ വിളിച്ചു. വണ്ടി ഓടിക്കുവാനാണ്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനാണ് പോകുന്നത്. വഴിനീളെ ഫോൺവിളി തന്ന. ഇടയ്ക്ക് ദേഷ്യപ്പെടുന്നു, ചിലപ്പോൾ പിറുപിറുക്കുന്നു. ഞങ്ങൾ ഏതെൻസ് ഹോട്ടലിലേക്കാണ് പോകുന്നതെന്ന് മാത്രമറിയാം. ഗൂഗിൾ മാപ്പ് ഇട്ടിട്ടുണ്ട്. വഴി ചോദിക്കാനും പറ്റില്ല; സ്റ്റീഫൻ ചേട്ടൻ ആകെ ദേഷ്യത്തിലാണ്. കാർ നിർത്തിയതും ഫോണിൽ സംസാരിച്ചുകൊണ്ട് ഇറങ്ങിപ്പോയി. കാർ പാർക്ക് ചെയ്ത് മൊബൈലിൽ പാട്ട് കേട്ടുകൊണ്ടിരുന്നു. ചൂടെടുത്തപ്പോൾ പുറത്തിറങ്ങാമെന്ന് കരുതിയപ്പോളാണ്  സീറ്റിലുള്ള പേപ്പറും ഫയലും കാണുന്നത്.

തിടുക്കത്തിൽ പോയപ്പോൾ മറന്നതാകും. ഞാൻ അതെല്ലാം കൂടിയെടുത്ത് ഹോട്ടലിലേക്ക് നടന്നു. അവിടെ റിസപ്ഷനിൽ കുറെ ആളുകൾ ഇരിക്കുന്നു. പെട്ടെന്നാണ് ഞാൻ ഫയലുമായി സ്റ്റീഫൻ ചേട്ടന്റെ മുന്നിൽ ചെന്നത്. 

ഞാൻ ചെന്നപ്പോൾ സ്റ്റീഫൻ ചേട്ടൻ കയ്യിലുള്ള ബാഗിൽ എന്തോ തിരയുകയാണ്. ഞാൻ കയ്യിലുള്ള പേപ്പറുകളും ഫോട്ടോയും മറ്റും സ്റ്റീഫൻ ചേട്ടന് നേരെ നീട്ടി. ദേഷ്യത്തിൽ എന്നെ നോക്കിയെങ്കിലും കയ്യിലുള്ള പേപ്പറുകൾ കണ്ടപ്പോൾ ആളുടെ കണ്ണ് വിടർന്നു. ഞാൻ ഇത്രയും നേരം ഇതെല്ലം തപ്പുകയായിരുന്നു.

കിട്ടിയല്ലോ ഭാഗ്യം.

ഞാൻ വേഗം തിരിച്ചുനടന്നു. പെട്ടെന്ന് പുറകിൽനിന്നും വിളി: “സ്റ്റാലിൻ!”

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ ചെന്നതും എന്നെ അവർക്ക് പരിചയപ്പെടുത്തി, ഇരിക്കാൻ പറഞ്ഞു. അവിടെ ഇരുന്നപ്പോഴാണ് മനസ്സിലായത്, പ്രൊഡ്യൂസർ ഒരു സിനിമാതിയേറ്റർ വാങ്ങാനുള്ള ചർച്ചയായിരുന്നു നടന്നത്. അഡ്വാൻസും കൊടുത്തു.

കുറച്ചുകഴിഞ്ഞപ്പോൾ അവർ ഇറങ്ങി. അപ്പോൾ എന്റെ അടുത്തേക്ക് വന്നിരുന്ന് പറഞ്ഞു: “ഞാൻ നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോളാണ് നീ ആ ഫയലുമായി വന്നത്. അതുകൊണ്ട് മാത്രമാണ് ഈ ഡീൽ നടന്നത്.  എന്തായാലും നിനക്ക് രാശിയുണ്ട്.”

ഭക്ഷണം കഴിക്കാൻ കയറി. അതിനിടയിൽ ഒന്നിനുപുറകെ ഒന്നായി ഫോൺവിളികൾ. സന്തോഷത്തോടെയാണ് മറുപടികൾ.

തിരിച്ച് വണ്ടി ഞാൻ ഓടിക്കാമെന്ന് പറഞ്ഞ് സ്റ്റീഫൻ ചേട്ടൻ തന്നെയാണ് വണ്ടി ഓടിച്ചത്. പ്രൊഡ്യൂസർ ഡ്രൈവർ, ഞാൻ യാത്രക്കാരൻ.

കുറച്ചുദൂരം ചെന്നപ്പോൾ ഞാൻ എഴുതുന്ന സിനിമക്കഥയെക്കുറിച്ച് പറഞ്ഞു. ഉടനെ വണ്ടി സൈഡൊതുക്കി നിർത്തി, എന്നോട് കഥ മുഴുവനായി പറയാൻ പറഞ്ഞു. കഥ പറഞ്ഞപ്പോൾ എഴുതാത്ത ക്ലൈമാക്സും ഉണ്ടാക്കി പറഞ്ഞു. ആ മരിച്ചയാളെക്കുറിച്ച് ഓർക്കുന്ന ഒരാളേ അവിടെ ഉണ്ടായിരുന്നുള്ളൂ: കാലില്ലാത്ത കറുപ്പൻ. അയാളാണ് പ്രതികാരം ചെയ്യുന്നത്. അതിനായി അവരെ കണ്ടുപിടിച്ച്, അവരുടെ വണ്ടിയിലെ എസിയിൽ ടങ്സ്റ്റൺ ഹെക്സാഫ്ലൂറൈഡ് വിഷം കലർത്തി അവരെ കൊല്ലുന്നു. കഥ കേട്ടതും പ്രൊഡ്യൂസർക്ക് സംശയം: “കാലില്ലാത്ത ആൾക്ക് എങ്ങനെ ടങ്സ്റ്റൺ ഹെക്സാഫ്ലൂറൈഡ് കിട്ടും?”

ഞാൻ അത്രയും ആലോചിച്ചിരുന്നില്ല. പെട്ടെന്ന് പറഞ്ഞു, അയാൾക്ക് പഴയ സ്ക്രാപ്പ് വിൽക്കുന്ന ആളുകളുമായി ബന്ധമുണ്ടായിരുന്നു, അവർ വഴി സംഘടിപ്പിച്ചുവെന്ന്.

“കഥ കൊള്ളാമെന്ന് തോന്നുന്നു. ഞാൻ ഒന്നുകൂടി ആലോചിച്ചുപറയാം.”

എന്തെന്നില്ലാത്ത സന്തോഷം. ആദ്യമായി എഴുതിയ കഥ ഒരാൾക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു, അതും ഒരു പ്രൊഡ്യൂസർക്ക്.

പിറ്റേന്ന് എന്നെ കണ്ടപ്പോൾ പറഞ്ഞു: “കഥ നമുക്ക് ചെയ്യാം. തിരക്കഥ തുടങ്ങിക്കോളൂ. ഡയറക്ടർ നമ്മുടെ ഈ പടത്തിന്റെ ആളുതന്നെ ആകട്ടെ, അപ്പോൾ കൂടുതൽ എളുപ്പമാകും. കാസ്റ്റിങ് തുടങ്ങിക്കോളൂ. പ്രധാന നായകൻ, അതായത് കാലില്ലാത്ത ആൾ, അയാളുടെ കാസ്റ്റിങ് നന്നായി ആലോചിച്ച് തീരുമാനിക്കണം.”

അന്ന് വൈകുന്നേരം ഇതായിരുന്നു പ്രധാന ചർച്ചാവിഷയം.

സ്റ്റീഫൻ ചേട്ടനാണ് കൂടുതൽ സംസാരിച്ചത്: “നമ്മുടെ നായകൻ മനുഷ്യത്വവും പ്രതികാരവും ഒരുപോലെ പ്രതിഫലിക്കുന്ന രീതിയിൽ അഭിനയിക്കാൻ കഴിയുന്ന ആളായിരിക്കണം. കൂടാതെ അയാൾക്ക് സ്റ്റാർ വാല്യൂ കൂടി ഉണ്ടെങ്കിലേ പണം തിരിച്ചുവരൂ. അതുകൊണ്ട് സൂക്ഷിച്ചുവേണം തീരുമാനിക്കുവാൻ.”

കുറച്ചുകഴിഞ്ഞപ്പോൾ സ്റ്റീഫൻ ചേട്ടൻ പറഞ്ഞു: “നമുക്ക് ധനഞ്ജയിന്റെ അഭിപ്രായം ചോദിക്കാം. അദ്ദേഹം സമ്മതിച്ചാൽ നമ്മൾ രക്ഷപ്പെട്ടു.”

സ്റ്റീഫൻ ചേട്ടൻ അപ്പോൾത്തന്നെ വിളിച്ചു സംസാരിച്ചു.

സ്റ്റീഫൻ ചേട്ടനോട് മറുത്തുപറയാൻ ആർക്കും കഴിയില്ല; അതെല്ലാവർക്കുമറിയാം. പ്രതീക്ഷിച്ചതുപോലെ ധനഞ്ജയ് സമ്മതിച്ചു. പക്ഷേ ആ കഥാപാത്രത്തിന് യോജിച്ച ഒരു റഫറൻസ് സംഘടിപ്പിക്കണമെന്ന് പറഞ്ഞു.

ചർച്ച വീണ്ടും നീണ്ടു. ധനഞ്ജയ് ജനപ്രിയനാണ്. അയാൾക്ക് വില്ലൻ രൂപമുള്ള കഥാപാത്രം ചെയ്യുവാൻ കുഴപ്പവുമില്ല. പക്ഷേ റഫറൻസ് എവിടെനിന്ന് കൊടുക്കും?

ചോദ്യം എന്നോടായി.

“എന്താണ് ശരിക്കും വേണ്ടത്?” ഞാൻ ചോദിച്ചു.

“ശരിക്കും കാലില്ലാത്ത ഒരാൾ എങ്ങനെ ജീവിക്കുന്നു എന്ന് കണ്ടുമനസ്സിലാക്കണം. പെട്ടെന്ന് തീരുമാനിക്കേണ്ട. ഒരുമാസത്തിനുള്ളിൽ മറുപടി കൊടുത്താൽ മതി.”

ഇപ്പോൾ ബോൾ വീണ്ടും എന്റെ കോർട്ടിലായി.

ഞാൻ ആലോചനയുടെ മുറിയിലേക്ക് നടന്നു.

മുറിയിൽ എത്തിയതുമുതൽ ചിന്ത കൂടുതൽ ആഴത്തിലായി.

എന്ത് ചെയ്യും?

കിട്ടിയ അവസരം പോകുമോ?

ധനഞ്ജയിനെ നാട്ടിലെ കറുപ്പനെ കാണിക്കാം. കറുപ്പന്റെ കടയിൽ പോയി കാണാം. പക്ഷേ നമ്മുടെ നായകൻ വരുമ്പോൾത്തന്നെ ആളുകൂടും; കുഴപ്പമാകും.

അല്ലെങ്കിൽ കറുപ്പനെ ഇവർ പറയുന്ന ഇടത്തേക്ക് കൊണ്ടുവന്നാലോ?

അതുകൊണ്ട് ഗുണമുണ്ടാകില്ല. പുതിയ സ്ഥലത്ത് എങ്ങനെ ജീവിക്കണമെന്ന് കറുപ്പനുതന്നെ അറിയില്ല. എന്തായാലും കാര്യം പറയാം: “ഇതാണ് എനിക്ക് തോന്നിയ വഴി. പറ്റുമെങ്കിൽ ശ്രമിക്ക്. അല്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും വഴി നോക്ക്.”

വൈകുന്നേരം സ്റ്റീഫൻ ചേട്ടൻ വരുമെന്ന് പറയുന്നുണ്ട്. അപ്പോൾ പറഞ്ഞുനോക്കാം.

ലൈറ്റ് കുറഞ്ഞതിനാൽ ഷൂട്ട് നേരത്തെ നിർത്തി.

ഞാൻ പുറത്തിറങ്ങി താഴെയുള്ള പുഴയരികിലേക്ക് നടന്നു. ആരുമില്ല. സാധാരണ നിറയെ ആളുകളുണ്ടാകുന്ന സ്ഥലമാണ്.

ചെരുപ്പ് ഊരിവെച്ച് വെള്ളത്തിൽ കാലിട്ട് പാറയിൽ ഇരുന്നതും മീനുകൾ വന്ന് കൊത്താൻ തുടങ്ങി. ഞാൻ വിളിച്ചതുപോലെയാണ് അവർ വന്നത്.

മീനുകളെല്ലാം തിരക്കിലാണ്. ഓട്ടം തന്നെ ഓട്ടം. മഹാനഗരങ്ങളിലെ മനുഷ്യരെപ്പോലെ എല്ലാവരും ഓടുന്നു; കണ്ടുമുട്ടുന്നവർ മിണ്ടുന്നത് ക്ഷണികനേരത്തേക്ക് മാത്രം. എത്ര വേഗത്തിൽ, എങ്ങോട്ടാണ് പോകുന്നത്? ഊളിയിട്ടുപോകുന്ന മീനുകൾ പോയതിലും വേഗത്തിൽ തിരിച്ചുവരുന്നു. ഇത്ര വേഗം തിരിച്ചുവരാനാണെങ്കിൽ എന്തിനാണ് വേഗത്തിൽ പായുന്നത്?

അവർക്ക് വേഗതയാണെന്ന് എനിക്ക് തോന്നുന്നതാണോ? അവർക്കത് സ്വാഭാവിക യാത്രയാകുമോ?

അതെ, അത് ശരിയാണ്. എനിക്കെങ്ങനെ അത് പറയാൻ കഴിയും?

ജനിച്ചതുമുതൽ ചലിക്കുന്ന ഇവരുടെ ചലനം നിൽക്കുന്നത് വെള്ളത്തിന് പുറത്തേക്ക് പോകുമ്പോൾ മാത്രമായിരിക്കുമോ? ഇവർ എങ്ങനെ ഉറങ്ങും? അല്ലെങ്കിൽ ഉറക്കം എന്നത് ഒരു മിഥ്യയാണോ? കാലുകൾക്കിടയിലേക്കുള്ള മീനുകളുടെ വരവ് കൂടി. മീനുകളാൽ പൊതിഞ്ഞ കാലുകൾ. കാലുകളുടെ രൂപംതന്നെ മാറി.

ഞാൻ ഉപദ്രവിക്കില്ലെന്ന് അറിഞ്ഞതിനാൽ അവർക്ക് ഭയവും പോയെന്ന് തോന്നുന്നു.

അപ്പോൾ ഭയം എന്നത് ക്ഷണികമാണ്. അത് ഉറപ്പുവരുത്താനോ, അതിലും ക്ഷണികമായ നേരം മതി.

പുറത്ത് തണുപ്പാണെങ്കിലും വെള്ളത്തിന് നല്ല ചൂടുണ്ട്. പാറയിൽ ഉരസിവരുന്ന ചൂടുവെള്ളത്തിൽ മതിമറന്നിരുന്നു.

മരക്കൊമ്പിൽ തൂക്കിയ സഞ്ചിയിലിരുന്ന് മൊബൈൽ അടിക്കുന്നുണ്ട്. അടിക്കട്ടെ. എഴുന്നേറ്റാൽ ഈ രസം പോകും. എന്നെ തിരക്കാൻ അധികം ആരുമില്ല. ഇരുട്ട് ചീവീടുകൾക്ക് സ്വാതന്ത്ര്യം കൊടുത്തപോലെ അവ ചിലയ്ക്കാൻ തുടങ്ങി. അരുവിയുടെ ഒഴുക്കിന്റെ അലയൊലി ഇപ്പോൾ വ്യക്തമായി കേൾക്കാം. കാറ്റിൽ എന്റെ തലയിൽ തൊടാൻ വരുന്ന ഈറ്റയിലകളുടെ ചൂളവും. മീനുകളെല്ലാം പോയോ? ഇരുട്ടായപ്പോൾ പോയതാകും. പുതിയ ചില മീനുകൾ മണലിലൂടെ ഇഴയുന്നു, കൊമ്പുള്ള കൂരിമീനുകൾ. ഇവരെല്ലാം ഇത്രയും നേരം എവിടെയായിരുന്നു?

ഇവിടെത്തന്നെ കിടന്നുറങ്ങണമെന്നുണ്ട്. മഴ വരും; അല്ലെങ്കിൽ ഉറങ്ങാമായിരുന്നു. വിശപ്പിന്റെ വിളി. ഇപ്പോൾ പോയില്ലെങ്കിൽ അത്താഴം കിട്ടില്ല.

വെള്ളത്തിൽനിന്നും കാലെടുത്തപ്പോഴാണ് കാറ്റിന് കൂടുതൽ തണുപ്പ് തോന്നിയത്. മരക്കൊമ്പിൽനിന്നെടുത്ത തോൾസഞ്ചിയുമായി നടന്നു.

മുറിയിലെ ബഹളം ഇങ്ങുവരെ കേൾക്കാം. അപ്പോൾ അവിടെ വെള്ളമടി തുടങ്ങി. എന്നെ കണ്ടതും അവർ ഉറക്കെ കൂകിവിളിക്കുന്നുണ്ട്. ചെന്നപ്പോൾ സ്റ്റീഫൻ ചേട്ടനുമുണ്ട്. “നീയെന്താണ് ഫോൺ എടുക്കാത്തത്?”

“അയ്യോ, ഞാൻ പുഴയിൽ കാലിട്ട് ഇരിക്കുകയായിരുന്നു. രസച്ചരട് മുറിക്കേണ്ട എന്ന് കരുതി അവിടെനിന്നും അനങ്ങിയില്ല.”

“അത് പോട്ടെ. നാളെ രാവിലെ നമുക്ക് എറണാകുളത്ത് പോയി ധനഞ്ജയിനെ ഒന്നുകൂടി കാണണം. രാവിലെ അഞ്ചുമണിക്ക് ഇറങ്ങാം.”

Malayalam Story
മഥനം - ഇവി സുജനപാല്‍ എഴുതിയ കവിത

രാവിലെ സമയത്തുതന്നെ ഇറങ്ങി.

തിരക്കുള്ള നടനാണ് ധനഞ്ജയ്. അഭിനയിക്കാമെന്ന് ഏറ്റതുതന്നെ വലിയ കാര്യം.

ഞങ്ങൾ എത്തിയപ്പോഴേക്കും കുറെ ആളുകൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റീഫൻ ചേട്ടനെ പുറത്തെ ക്യാമറയിൽ കണ്ടുകാണണം; അകത്തുനിന്നും ഒരാൾ പുറത്തുവന്ന് ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഞങ്ങൾ ഇരുന്നതും ധനഞ്ജയ് വന്നു.

“കഥ നന്നായി. എന്നാൽ ഇത് അഭിനയിച്ചുഫലിപ്പിക്കാൻ പ്രയാസമാണ്. കൃത്യമായി ചെയ്തില്ലെങ്കിൽ ആകെ നാണക്കേടാകും. കാലില്ലാത്ത ആളുകളെ എല്ലാവരും കാണുന്നതാണ്. അതുകൊണ്ട് കൃത്യമായിത്തന്നെ ചെയ്യണം. ഡീറ്റെയിലായി കാണണം; അതിനാണ് നിങ്ങളെ നേരിട്ട് കാണാമെന്ന് ഞാൻ പറഞ്ഞത്. കുറച്ച് സമയം ചെലവാക്കിയാലും അത് സിനിമയ്ക്ക് ഗുണം ചെയ്യും. അപ്പോൾ പറയൂ, എന്ത് ചെയ്യാം?”

സ്റ്റീഫൻ ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഞാനെന്തുപറയാൻ!

കുറെ കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: “എന്റെ നാട്ടിൽ കറുപ്പൻ എന്നൊരാളുണ്ട്. അയാളെ കണ്ടതുമുതലാണ് ഈ കഥ എന്നിൽ രൂപംകൊണ്ടത്. അയാളെ കണ്ടാൽ മതിയാകുമോ?”

“അത് മതി. പക്ഷേ നമ്മൾ സിനിമ ചെയ്യുന്നുണ്ടെന്ന കാര്യം അയാളോട് പറയരുത്. അയാളുടെ സ്വാഭാവിക ചലനങ്ങളും സംസാരവുമാണ് നമുക്ക് പഠിക്കേണ്ടത്. അങ്ങനെയാണെങ്കിൽ അടുത്ത ആഴ്ച ഞാൻ സ്റ്റാലിന്റെ നാട്ടിലേക്ക് വരാം.”

അതിനിടയിൽ സ്റ്റീഫൻ ചേട്ടൻ പറഞ്ഞു: “ഞാൻ കാണത്തില്ല. മുൻപേ ഏറ്റ ഒരു ദുബായ് സ്റ്റേജ് ഷോ ഉണ്ട്. എനിക്ക് പോകാതിരിക്കാൻ കഴിയില്ല.”

“അത് കുഴപ്പമില്ല, സ്റ്റാലിൻ ഉണ്ടാകുമല്ലോ,” ധനഞ്ജയ് പറഞ്ഞു.

പുറത്തിറങ്ങിയപ്പോൾ മാനേജർ വന്ന് എന്റെ നമ്പർ വാങ്ങി. വരുന്ന ദിവസവും സമയവും അറിയിക്കാമെന്ന് പറഞ്ഞു.

മൂന്നാറിലെ ഷെഡ്യൂൾ നീണ്ടുപോയി. മഴയും മൂടൽമഞ്ഞും; ഒന്നും നടക്കുന്നില്ല. ഒരുവിധം അവസാനിപ്പിച്ചുവെന്ന് വേണം പറയുവാൻ. കഴിഞ്ഞ അന്നുതന്നെ ഞാനും തിരിച്ചുപോന്നു.

വീട്ടിലെത്തിയപ്പോഴേക്കും നേരം വെളുത്തു. വീട് മുഴുവൻ പൊടി; ഉറങ്ങാൻ പറ്റുന്ന സാഹചര്യമില്ല. അടിച്ചുവാരി തുടച്ചു, ഷീറ്റെല്ലാം മാറ്റിവിരിച്ചു. സമയം ഉച്ചയായി. വിശപ്പും ക്ഷീണവും. വേഗം കുളിച്ച് പുറത്തിറങ്ങി. കിട്ടിയ ഓട്ടോയിൽ ഹോട്ടലിലേക്ക് പോയി. ഭക്ഷണം കഴിക്കാൻ പതിവിൽ കൂടുതൽ ആളുകൾ. ബഹളമില്ലാതെ കഴിക്കാനാണ് ഇവിടെ വരുന്നത്. ഇപ്പോൾ ഇവിടെയും തിരക്കായി.

കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത്: നാഷണൽ ഹൈവേ അതോറിറ്റിയുടെ ആളുകളാണ്. സ്ഥലം ഏറ്റെടുക്കുന്ന പണി നടക്കുന്നു. അതിനുവേണ്ടി കൊണ്ടുവന്ന പണിക്കാരാണ് കൂടുതൽ പേരും.

ഉച്ചഭക്ഷണം കഴിച്ച് കറുപ്പന്റെ കടയിലേക്ക് നടന്നു. പതിവുപോലെ ആളുണ്ട്. പഞ്ചർ ഒട്ടിക്കുന്നു. സഹായി അടുത്തുതന്നെയുണ്ട്; അവൻ മൊബൈലിൽ എന്തോ കളിക്കുന്നുണ്ട്. പഞ്ചർ ഒട്ടിച്ചുകൊടുത്തപ്പോൾ അവൻ മൊബൈൽ പോക്കറ്റിലേക്കിട്ട് വണ്ടിയുടെ അടുത്തേക്ക് പോയി.

ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമയുടെ വിശേഷം മാത്രം പറഞ്ഞു. സംസാരിക്കുന്നതിനിടയിൽ മൊബൈൽഫോൺ അടിച്ചു. ധനഞ്ജയിന്റെ മാനേജരാണ്. നാളെ രാവിലെ പത്തുമണിക്ക് എത്തുമെന്ന് പറഞ്ഞു. ഞാൻ ഫോണെടുത്ത് പുറത്തിറങ്ങി. ധനഞ്ജയിനോട് സംസാരിക്കണമെന്ന് പറഞ്ഞു. കുറച്ചുനേരം ഹോൾഡിൽ വെച്ചശേഷം അങ്ങേത്തലയ്ക്കൽ ‘ഹലോ’ ശബ്ദം.

“നാളെ വരുമ്പോൾ ആളുകൾ തിരിച്ചറിയില്ലേ? എന്തുചെയ്യും?”

“ഞാൻ ഒരു ടാക്സി കാറിൽ വരാം. നീളൻ മുടിയുടെ ഒരു വിഗ് വെക്കാം. അപ്പോൾ തിരിച്ചറിയില്ല.”

തിരിച്ചുവന്നപ്പോഴേക്കും കറുപ്പൻ അടുത്ത പഞ്ചർ ജോലിയിലേക്ക് കടന്നിരുന്നു.

നാളെ ഉണ്ടാകുമോ എന്ന് ചോദിക്കാൻ വന്നു; പക്ഷേ ചോദിച്ചില്ല.

ഇറങ്ങി നടന്നു; നടത്തം വീടുവരെയെത്തി. നാളത്തെ കാര്യങ്ങളെക്കുറിച്ചാണ് ചിന്ത മുഴുവൻ.

രാവിലെ നേരത്തെ എഴുന്നേറ്റ് വേഷം മാറി ഫോൺവിളി കാത്തിരുന്നു. കൃത്യം പത്തുമണിക്ക് വിളി വന്നു, ഞാൻ അയച്ച ലൊക്കേഷനിലേക്ക് ഒരു ടാക്സി കാറും.

ഞാൻ പുറകിൽ കയറി. കറുപ്പന്റെ കടയിൽത്തന്നെ നിർത്തി. ഡ്രൈവർ ടയറിലെ എയർ നോക്കാൻ പറഞ്ഞു. സഹായിയായ പയ്യൻ, സോനു, എയർ ചെക്ക് ചെയ്യുവാൻ പുറത്തേക്ക് വന്നു. ആ സമയത്ത് ഞാൻ അകത്തേക്ക് കയറി, കൂടെ ധനഞ്ജയും. എന്നെ കണ്ടതും ഇരിക്കാൻ പറഞ്ഞു. ഞാൻ ധനഞ്ജയിനെ പരിചയപ്പെടുത്തി.

കറുപ്പൻ അവിടെയുള്ള മരക്കസേര ചൂണ്ടിക്കാണിച്ചു. ഞാൻ അതിലുള്ള ചായഗ്ലാസും പത്രവും പഴവും എടുത്ത് അടുത്തുള്ള മേശയിലേക്ക് വെച്ച് ധനഞ്ജയിനോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ സംസാരം തുടങ്ങി. ധനഞ്ജയ് ഒന്നും ചോദിച്ചില്ല. ഞാൻ വിശേഷം പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ ഞങ്ങൾ വന്ന കാറിന്റെ ഡ്രൈവർ വന്ന്, പെട്രോൾ അടിച്ചിട്ട് വരാമെന്ന് പറഞ്ഞു. അയാൾ പോയപ്പോഴേക്കും പഞ്ചറായ മറ്റൊരു കാർ വന്നു; പഴയൊരു അംബാസഡർ.

സോനു പോയി ടയർ അഴിച്ചുകൊണ്ടുവന്നു.

ടയർ കയ്യിൽ കിട്ടിയപ്പോൾ കറുപ്പൻ വലിയ കമ്പിയും സ്പാനറും ഉപയോഗിച്ച് ട്യൂബ് ഊരിയെടുത്തു. ടയർ നല്ല ശക്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. അയാൾ അതിൽ തൂങ്ങിയാണ് അഴിച്ചെടുത്തത്. അയാൾ വീഴുമെന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു; പക്ഷേ വളരെ കൃത്യമായി അഴിച്ചെടുത്തു, പഞ്ചറും ഒട്ടിച്ചു.

അതിനിടയിൽ ഞങ്ങൾക്കുള്ള ചായ വന്നു.

ഇടയ്ക്ക് നാളികേരവുമായി ഒരു പയ്യൻ സൈക്കിളിൽ വന്നു.

ചാക്ക് മൂലയ്ക്ക് ചാരിവെച്ച് അവൻ പറഞ്ഞു: “നാല്പത്തഞ്ചെണ്ണമുണ്ട്.”

കറുപ്പൻ പണമെടുത്ത് അവന് കൊടുത്തു.

എന്നോടാണ് കൂടുതൽ സംസാരിക്കുന്നത്; ഇടയ്ക്കിടെ ധനഞ്ജയിനെയും നോക്കുന്നുണ്ട്.

കുറെ കഴിഞ്ഞപ്പോൾ കാർ തിരിച്ചുവന്നു.

അപ്പോൾ ഞങ്ങൾ ഇറങ്ങി.

കാറിൽ കയറിയതും വിഗ് ഊരിവെച്ചു.

“സ്റ്റാലിൻ, അയാൾ ചെയ്യുന്നതെല്ലാം അയാൾതന്നെ ചെയ്ത് പാകപ്പെടുത്തിയ രീതികളാണ്. അതുപോലെ നമുക്ക് ചെയ്യുവാൻ കഴിയില്ല. പിന്നെ ചെയ്യാവുന്ന കാര്യം, അതുപോലെ നമ്മൾ കുറച്ചുദിവസം ശരിക്കും ജീവിക്കുക എന്നതാണ്. അത് വേണമെങ്കിൽ ആലോചിക്കാം. ഞാൻ അതേക്കുറിച്ച് ഡോക്ടറോട് സംസാരിച്ചിരുന്നു. ഏറെനേരം കാല് കെട്ടിവെച്ചിരിക്കാൻ കഴിയില്ല, അത് രക്തയോട്ടം കുറയ്ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ചുസമയം ചെയ്യാം; അതിനുശേഷം വിശ്രമം നൽകണം. അങ്ങനെ ചെയ്താൽ കുഴപ്പമുണ്ടാകില്ല.”

എന്തായാലും ഒരു ഏകദേശരൂപം കിട്ടി. സന്തോഷത്തോടെയാണ് അവർ തിരിച്ചുപോയത്.

പിന്നീടെല്ലാം വേഗത്തിൽ നടന്നു. അടുത്ത മാസം പത്താം തീയതി ഷൂട്ട് തുടങ്ങും. ആദ്യ ഷെഡ്യൂൾ വയനാട്ടിലാണ്.

എല്ലാം കൃത്യമായി നടന്നു. ദിവസങ്ങൾ പോയതറിഞ്ഞില്ല. ആദ്യ ഷെഡ്യൂൾ കഴിയാൻ മൂന്ന് മാസമെടുത്തു.

മൂന്ന് മാസം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴേക്കും റോഡെല്ലാം മാറി.

സ്ഥലമെടുപ്പ് നടക്കുന്നു. കറുപ്പന്റെ കട അടുത്ത ആഴ്ച പൊളിക്കുമെന്ന് അവിടെ ആളുകൾ പറയുന്നുണ്ട്.

ഞാൻ നേരെ അവിടേക്ക് പോയി. പതിവില്ലാതെ കറുപ്പൻ കിടക്കുകയാണ്.

സോനു അവിടെ ഇരിക്കുന്നുണ്ട്.

എന്നെ കണ്ടതും കറുപ്പൻ എഴുന്നേറ്റിരുന്നു.

ചായ വാങ്ങാൻ സോനുവിനെ വിട്ടു.

എന്ത് പറയണമെന്നറിയാതെ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു: “പുതിയ സ്ഥലം നോക്കിയോ?”

“അവർതന്നെ പുതിയ സ്ഥലവും കടയും തരും. പണവും. എനിക്ക് വേണ്ടാത്ത മൂന്ന് കാര്യങ്ങൾ. എന്നാലും ഇത് പൊളിക്കുന്നത് കാണുവാനുള്ള ശേഷിയില്ല. എങ്ങോട്ടെങ്കിലും പോകണം. അവർ പൊളിക്കട്ടെ. ഞാൻ പോയാൽ അവന്റെ കാര്യമാണ് കഷ്ടം. ആരും തിരിഞ്ഞുനോക്കില്ല.”

ഗ്രില്ലിൽ ഒരു ശബ്ദം. നോക്കിയപ്പോൾ അയാൾ.

പണത്തിന് വന്നതാകും എന്ന് കരുതി ഞാൻതന്നെ പണമെടുത്ത് നീട്ടി.

എന്നാൽ പണം വാങ്ങാതെ അയാൾ പോയി.

“ഇപ്പോൾ പണം വാങ്ങാൻ വന്നതല്ല. എന്നെ കാണാനാകും. എനിക്ക് ആകെ ശൂന്യതയാണ്. പുതിയ സ്ഥലത്തേക്ക് വരാൻ അവനോട് പറഞ്ഞിട്ട് മനസ്സിലാകുന്നില്ല. എന്ത് ചെയ്യും? എന്തായാലും ഇത് പൊളിക്കുന്നതിന് മുൻപ് ഞാൻ പോകും. എനിക്കത് താങ്ങാൻ കഴിയില്ല.”

അയാളുടെ ശബ്ദമിടറി.

“അങ്ങനെയെങ്കിൽ എന്റെ സിനിമയുടെ അടുത്ത ഷെഡ്യൂൾ അടുത്ത ആഴ്ച തുടങ്ങും. അങ്ങോട്ട് വരുന്നോ? സിനിമയുടെ പിന്നണിപ്രവർത്തനം കാണാം. താമസവും ഭക്ഷണവും എല്ലാം ഞാൻ നോക്കാം. വരുന്നോ?”

എന്നെ ദയനീയമായാണ് നോക്കുന്നത്.

തീരുമാനമെടുക്കാൻ കഴിയാത്ത നോട്ടം.

“അപ്പോ നമുക്ക് പോകാം. അയാൾക്ക് രണ്ടുനേരവും ഭക്ഷണം ഏർപ്പാടാക്കാം. ഹോട്ടലിൽ പണം ഏൽപ്പിച്ചിട്ട് പോകാം.”

അത് കേട്ടപ്പോഴാണ് കറുപ്പന്റെ മുഖം തെളിഞ്ഞത്.

“സോനുവിനെ കാര്യങ്ങളെല്ലാം ഏൽപ്പിക്ക്. നമുക്ക് നാളെത്തന്നെ പോകാം.”

പിറ്റേന്ന് ഞാൻ എത്തുമ്പോഴേക്കും കറുപ്പൻ തയ്യാറായി ഇരിക്കുന്നുണ്ട്. ഗ്രില്ലിൽ പിടിച്ച് അയാളും.

ഞാൻ ഒരു വീൽചെയർ കൂടി കൊണ്ടുവന്നിരുന്നു.

അതിലേക്ക് കറുപ്പൻ ചാടിക്കയറി.

പുറകിലെ സീറ്റ് നേരത്തെ അഴിച്ചുമാറ്റിയിരുന്നതിനാൽ വണ്ടിയിൽ ഇരിക്കാൻ പ്രയാസമുണ്ടായില്ല.

ഞങ്ങൾ ഇറങ്ങുമ്പോഴും അയാൾ ഗ്രില്ലിൽ പിടിച്ച് അകത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളെ നോക്കിയതേയില്ല.

ഷൂട്ടിങ് സ്ഥലത്ത് പ്രത്യേക മുറി ഒരുക്കിയിരുന്നു.

കറുപ്പൻ എളുപ്പത്തിൽ അവിടം മുഴുവൻ പരിചിതസ്ഥലമാക്കി മാറ്റി.

എല്ലാവർക്കും പ്രിയപ്പെട്ട ആളായി മാറി.

ദിവസങ്ങൾ പോയി. ഞാൻ ഇടയ്ക്ക് മാത്രമാണ് കറുപ്പനെ കാണാൻ പോകുന്നത്. എങ്കിലും കറുപ്പൻ തിരക്കിലാണ്.

സ്ഥലവും പുതിയ കടയും കൈമാറാനായി കറുപ്പനെ കൊണ്ടുചെല്ലാൻ കലക്ടർ പറഞ്ഞെന്ന് സോനു വിളിച്ചുപറഞ്ഞു.

തിരിച്ചുപോകാമെന്ന് പറഞ്ഞപ്പോൾ കറുപ്പന്റെ മുഖത്തും പുഞ്ചിരി.

ഞങ്ങൾ അവിടെ എത്തിയപ്പോൾ ആകെ ബഹളം.

നല്ല കടയും കിടക്കാനുള്ള മുറിയും എല്ലാം ചേർന്നതാണ്.

സോനു ഓടിനടന്ന് ജോലി ചെയ്യുന്നുണ്ട്.

ചെന്നപ്പോൾത്തന്നെ കറുപ്പൻ സോനുവിനോട് അയാളെക്കുറിച്ച് ചോദിച്ചു. സോനു കേൾക്കാത്തപോലെ പോയി.

ഉദ്ഘാടനം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി.

കറുപ്പൻ ഇടയ്ക്കിടെ ആരോടൊക്കെയോ ചോദിക്കുന്നുണ്ട്. പക്ഷേ ആരും മറുപടി പറയുന്നില്ല.

കുറെ കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു: “സ്റ്റാലിൻ, പറ്റുമെങ്കിൽ പഴയ കടയുടെ പരിസരത്ത് പോയി അയാളെ ഒന്ന് കൊണ്ടുവരാമോ? എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും.”

ഞാൻ കാറിൽ പഴയ കടയിരുന്ന സ്ഥലത്തേക്ക് പോയി. അവിടം പൊടിപടലംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു ഗ്രൗണ്ട് പോലെ. ഒരു കടയുമില്ല.

ദൂരെ ഒരു ഹോട്ടൽ മാത്രമുണ്ട്. ഞാൻ അവിടേക്ക് പോയി. അവിടെച്ചെന്നപ്പോൾ ആർക്കും അറിയില്ലെന്ന് അവർ പറഞ്ഞു.

കുറെ കഴിഞ്ഞപ്പോൾ എന്നെ പരിചയമുള്ള ഗണേശൻ അവിടെ വന്നു. ഞാൻ കാര്യം തിരക്കി. അപ്പോഴാണ് മനസ്സിലായത്: കറുപ്പൻ പോയതുമുതൽ അയാൾ ആ ഗ്രില്ലിൽ പിടിച്ചുതന്നെ നിൽക്കുകയായിരുന്നു. ഭക്ഷണം കഴിക്കാതെ അവശനായി.

ജെസിബി വന്ന് കട പൊളിച്ച അന്ന് രാമൻ അലറിവിളിച്ചുകൊണ്ടേയിരുന്നു.

പിറ്റേദിവസം രാവിലെ വന്നപ്പോൾ അയാൾ അവിടെ മണ്ണിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റി. അന്ന് രാത്രിതന്നെ മരിച്ചു.

ഗണേശന്റെ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.

ഞാൻ അവിടെത്തന്നെ ഇരുന്നു. ഇനി ഞാൻ കറുപ്പനോട് എന്ത് പറയും?

Summary

Malayalam short story written by Vikas Pattath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER