'പള്ളിസെമിത്തേരിയിലടക്കിയതൊന്നും മാന്തിപ്പൊളിച്ച് മാറ്റാന്‍ പറ്റത്തില്ല....'

ജ്ഞാനപ്പന്‍ ജനനം: 1875 മരണം: 1925 വിക്രമന്‍ പട്ടാഴി എഴുതിയ കഥ
malayalam story
വിക്രമന്‍ പട്ടാഴി എഴുതിയ കഥ malayalam storyAI Image
Updated on
4 min read

രാത്രിയുടെ മൂന്നാം യാമത്തില്‍ നിര്‍ജ്ജീവമായ കല്ലറയ്ക്കു മുകളില്‍ ആത്മാക്കളുടെ ഒത്തുചേരലുണ്ടായി. ദേവസിയും സെബാസ്റ്റ്യനും അന്തോണിയുമെല്ലാം ജ്ഞാനപ്പന്റെ ചുറ്റുമിരുന്നു. മഞ്ഞു പെയ്യുന്നതിനൊപ്പം ചീവീടുകളുടെ രാത്രി സങ്കീര്‍ത്തനം.

സ്ത്രീകളുടെ ഏതാനും ആത്മാവുകള്‍ ഒറ്റ തിരിഞ്ഞതു പോലെ ചില കല്ലറകള്‍ക്കു മുകളില്‍ ഇരിക്കുന്നുണ്ട്. എല്ലാ ആത്മാക്കളും അവരുടെ ജീവന്‍ ശരീരത്തില്‍ നിന്നിറങ്ങി പോകുമ്പോഴുള്ള അതേ വസ്ത്രധാരണ നിറത്തില്‍ തന്നെയാണ് കാണുന്നതു്.

വെളുപ്പു വസ്ത്രമണിയിച്ച് പെട്ടിയില്‍ കിടത്തിയിട്ടാണ് കല്ലറയിലടക്കം നടത്തുന്നതെങ്കിലും നിര്‍ജ്ജീവ ശരീരവസ്ത്രം ഉപേക്ഷിക്കപ്പെട്ടവരില്‍ ജ്ഞാനപ്പന്റെ വേഷത്തിന് വെളുത്ത നിറമായിരുന്നു. ഈട്ടിത്തടി കൊണ്ടു തീര്‍ത്ത കസേരയിലിരുന്ന് പ്രാര്‍ത്ഥന ഉരുവിടുമ്പോഴായിരുന്നു ജ്ഞാനപ്പന്റെ മരണം,

അമ്പതാമത്തെ വയസ്സില്‍ ഹൃദയം നിലച്ചിരുന്നതു് ഒരു രാത്രിയും പകലും, ആരുമറിഞ്ഞില്ല ജ്ഞാനപ്പന്റെ മരണം, അറിയാനുള്ളവര്‍ ആരും ജ്ഞാനപ്പന്റെ അടുത്തില്ലായിരുന്നു.

പഴയ ചാപ്പല്‍ കല്ലറയില്‍ അടക്കം ചെയ്ത പിതാവ് ലവറാന്തിയോസിന്റെ ചാര്‍ച്ചയില്‍ പെട്ട കന്യാസ്ത്രീ വന്നില്ലായിരുന്നുവെങ്കില്‍ ചീഞ്ഞഴുകി വല്ലാതെ നാറ്റം വമിക്കുന്നിടം വരെ ജ്ഞാനപ്പന്‍ അവിടെ തന്നെ ഇരിക്കുമായിരുന്നു. പെട്ടിയില്‍ കിടത്താന്‍ പറ്റാതെ ഇരുന്ന ദേഹം ഈട്ടിക്കസേരയില്‍ അതേപടി കുഴിയിലേക്കിറക്കി വച്ചാണ് ജ്ഞാനപ്പനെ അടക്കം ചെയ്തിരിക്കുന്നതു്.

പുതിയ പള്ളിയും പള്ളിയോടു ചേര്‍ന്ന് പിന്നാമ്പുറത്തുള്ള പുതിയ സെമിത്തേരിയുടെ ആദ്യ അവകാശിയും ജ്ഞാനപ്പന്‍ തന്നെ.

പഴയ ചാപ്പല്‍ പള്ളിയുടെ ചെറിയ സെമിത്തേരിക്കല്ലറയില്‍ അപ്പന്‍ ലവറാന്തിയോസിനോടൊപ്പം പറ്റിച്ചേരാതെ പുതിയ കല്ലറയ്ക്കുള്ളില്‍ ജ്ഞാനപ്പനു ശേഷം കല്ലറയ്ക്കവകാശി പരമ്പരകളില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

ഒരു നൂറ്റാണ്ടിനിപ്പുറം സെമിത്തേരിയില്‍ കല്ലറകള്‍ പെരുകുകയും ആത്മാക്കളുടെ എണ്ണം വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.

പുതിയ കല്ലറ തീര്‍ക്കാന്‍ സ്ഥലമില്ലാതെ ആരോരുമെത്തി നോക്കാത്ത പഴയ കല്ലറകള്‍ ഇടിച്ചു നിരത്തി പുതിയ മാര്‍ബില്‍ കല്ലറകള്‍ തീര്‍ക്കണമെന്ന അഭിപ്രായങ്ങളേറി വരുന്നു.

ജ്ഞാനപ്പനെ അടക്കം ചെയ്ത് കുറച്ചു കാലത്തേക്ക് ചിലപ്പോഴെങ്കിലും ലവറാന്തിയോസിന്റെ വകേലൊള്ള കന്യാസ്ത്രി വന്ന് മെഴുകുതിരി കത്തിക്കുകയും ഒന്നു രണ്ടു പനിനീര്‍പ്പൂക്കള്‍ കല്ലറയ്ക്കു മുന്നില്‍ വച്ച് ജ്ഞാനപ്പന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്,

പിന്നീടെപ്പോഴോ അതു നിലച്ചു, മറ്റേതോ പള്ളി സെമിത്തേരിയില്‍ അവരുടെ ആത്മാവും തിരുവസ്ത്രത്തില്‍ തന്നെ കിടപ്പുണ്ടാകും.

പക്ഷെ, ജ്ഞാനപ്പന്റെ കല്ലറയ്ക്കു മുകളില്‍ മെഴുകുതിരിയും പൂക്കളുമര്‍പ്പിച്ചു പ്രാര്‍ത്ഥന ചൊല്ലിയില്ലെങ്കിലും ഈ പള്ളിപ്പറമ്പിലെത്തുന്നവരുടെയെല്ലാം മനസ്സിലെ പ്രാര്‍ത്ഥനയില്‍ ജ്ഞാനപ്പനുണ്ടാകും,

കാരണം സെമിത്തേരിയുടെ കവാടത്തിലേക്കെത്തുമ്പോള്‍ ആദ്യം കാണുന്നത് ജ്ഞാനപ്പന്റെ കല്ലറയും കല്‍ക്കുരിശുമാണ്

ജ്ഞാനപ്പന്‍

ജനനം: 1875

മരണം: 1925

കാവല്‍ക്കാരനെ പോലെ നില്‍ക്കുന്ന കുരിശുകല്ലില്‍ മനസ്സുടക്കാതെ ആര്‍ക്കും സെമിത്തേരിയിലേക്ക് പ്രവേശനമില്ല.

malayalam story
അരണ്ട നിലാവെളിച്ചത്തില്‍ ആ കാഴ്ചകണ്ട് ഞെട്ടി, കുഴിയില്‍ ദേവിയുടെ ആഭരണപ്പെട്ടി

ഒരുപാട് പേരുടെ മനസ്സിനെ അലസോരപ്പെടുത്തുന്നതാണ് ജ്ഞാനപ്പന്റെ കല്ലറ.

അനാഥരുടെ കൂട്ടത്തില്‍പ്പെടുത്തി കല്ലറ പൊളിച്ചു മാറ്റുമ്പോള്‍ മാര്‍ബില്‍ കല്ലറകള്‍ക്കടുത്തുള്ള അവലക്ഷണം പിടിച്ച ജ്ഞാനപ്പന്റെ കല്ലറയും ഇല്ലാതാകുമല്ലൊ?.

ജ്ഞാനപ്പന്റെ നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്താനെന്നതു പോലെ തനിക്ക് ശേഷം കല്ലറയിലെത്തിയ സെബാസ്റ്റ്യന്‍ ചോദിച്ചു;

'എന്റെ അപ്പനുമമ്മയും ദൈവത്തിന്റെ ഇടതും വലതും ഇരിക്കുന്നുണ്ടാകും.. എനിക്കെപ്പോഴാകും അവിടെയൊന്നെത്താന്‍ കഴിയുക?'

ചോദ്യം ജ്ഞാനപ്പനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞതു് അന്തോണിയായിരുന്നു.

'സ്വര്‍ഗ്ഗത്തില്‍ എത്താന്‍ നിന്നേക്കാല്‍ മുന്നേയെത്തിയ എനിക്ക് കഴിഞ്ഞിട്ടില്ല.. ദാ.. നോക്ക്.. ഈ സെമിത്തേരിയില്‍ ആദ്യമെത്തിയ ജ്ഞാനപ്പനും ഇതുവരെ സ്വര്‍ഗ്ഗകവാടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ''നമ്മളൊക്കെ എപ്പോഴെങ്കിലും അവിടെ എത്തിച്ചേരുമോ??'- സെബാസ്റ്റ്യന്റെ സംശയം

'ഈ സെമിത്തേരിയില്‍ അടക്കം ചെയ്ത ഒരാത്മാക്കളും സ്വര്‍ഗ്ഗരാജ്യത്തിലെത്തിയതായിട്ടറിയില്ല.. അങ്ങനൊരു സ്വര്‍ഗ്ഗരാജ്യം കാണുമോ?'

'കാണും.. കാണാതിരിക്കില്ല.. ഒരു പക്ഷെ സ്വര്‍ഗ്ഗരാജ്യത്തിനവകാശികളാകാനുള്ള യോഗ്യത നമുക്കില്ലാത്തതു കൊണ്ടായിക്കൂടെ..?'

സംശയനിവാരണത്തിനായി അവര്‍ ജ്ഞാനപ്പന്റെ വാക്കിനായി കാത്തിരുന്നു.

ജ്ഞാനപ്പന്‍ മുകളിലേക്കു നോക്കി,

വെണ്‍മേഘങ്ങളുടെ കൂടെയെത്താനെന്നതു പോലെ കരിമേഘങ്ങള്‍ പിന്നാലെയുണ്ട്, അതിനിടയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയാണ് അര്‍ദ്ധചന്ദ്രിക,

ഇതിനിടയിലെവിടെയാണ് സ്വര്‍ഗ്ഗവാതില്‍..?

ശരീരം നശിച്ചാല്‍ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ചെന്നെത്തേണ്ടതാണ്,

ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും സ്വര്‍ഗ്ഗവരമ്പിലെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല, അതിനര്‍ത്ഥം സ്വര്‍ഗ്ഗമില്ലെന്നാണോ..?

സ്വര്‍ഗ്ഗമുണ്ട്; ഭൂമിയുടെ അന്ത്യഘട്ടത്തില്‍ സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള പ്രധാന വാതില്‍ തുറന്നിടും, അവിടെയെത്താന്‍ ഇനിയും കാത്തിരിക്കണം.

ജ്ഞാനപ്പന്റെ വിചാരഗതികളറിഞ്ഞതു പോലെ അന്തോണിയും സെബാസ്റ്റ്യനും ദേവസിയുമെല്ലാം മേഘപാളികള്‍ക്കിടയിലേക്ക് നോക്കിയിരുന്നു.

വിശുദ്ധിയുടെ വെള്ളവസ്ത്രം ധരിക്കാതെ തെമ്മാടിക്കുഴിയില്‍ കിടക്കുന്ന ഒരാത്മാവ് നൂല്‍ബന്ധമില്ലാതെ കുഴിത്തലയ്ക്കല്‍ കുത്തിയിരിക്കുന്നു.

ഭ്രഷ്ട് കല്പിക്കപ്പെട്ട അവന്റെ സ്ഥാനം സ്വര്‍ഗ്ഗത്തിലോ..നരകത്തിലോ?

തെമ്മാടിക്കുഴികളുടെ എണ്ണം കൂടി വരുന്നു.

അടുത്ത കാലത്തായിട്ടടക്കം ചെയ്തത് ഒരു സ്ത്രീയുടെ ശരീരമായിരുന്നു,

തെമ്മാടിക്കുഴിയിലേക്ക് അവള്‍ എത്താനുള്ള മഹാപാപം എന്തായിരിക്കും ചെയ്തിരിക്കുന്നത്?

സെമിത്തേരി വിട്ട് മറ്റെങ്ങോട്ടും ആത്മാവുകള്‍ സഞ്ചരിക്കാറില്ല.

വികാരങ്ങളില്ലാത്ത ആത്മാക്കള്‍ക്ക് കഴിഞ്ഞു പോയതിനേപ്പറ്റിയുള്ള വിചാരങ്ങളുണ്ടാകാം

സെബാസ്റ്റ്യനും ദേവസിയും അന്തോണിയുമെല്ലാം വിചാരങ്ങളേറെയുള്ള ആത്മാവുകളാണ്.

ദേവസിയുടെ ആത്മാവ് ജ്ഞാനപ്പനോടൊരിക്കല്‍ പറഞ്ഞു;

' ഈ സെമിത്തേരിയിലെ ആദ്യത്തെ ആളല്ലെ..? മറ്റൊരാത്മാവിനും ലഭിക്കാത്ത കഴിവുകളുമുണ്ടെന്നറിയാം.. ഞാനൊരു കാര്യം ചോദിക്കട്ടെ..?'

ജ്ഞാനപ്പന്‍ ദേവസിയുടെ മുഖത്തേക്ക് നോക്കി.

ദേവസി എന്താണ് ചോദിക്കാന്‍ പോകുന്നതെന്നറിയാം

എങ്കിലും അവന്റെ വാക്കിനെ ശ്രവിച്ചു,

'ഞാന്‍ മരിച്ചാല്‍ എന്നോടൊപ്പം വരുമെന്നു പറഞ്ഞവളാണ് എന്റെ ക്ലാരമ്മ .എന്റെ കല്ലറയ്ക്കുള്ളില്‍ എന്നോടു പറ്റി ചേര്‍ന്നു കിടക്കണമെന്ന് അവള്‍ പറഞ്ഞിരുന്നു..പക്ഷെ..?'

ദേവസിയുടെ ആത്മാവിന്റെ നിശബ്ദത ജ്ഞാനപ്പന്റെ ആത്മാവിനെ ഉണര്‍ത്തി,

'നിന്നോടു പറ്റി ചേരാന്‍ ക്ലാരമ്മ വരില്ല ദേവസീ..അവളുടെ മനസ്സും ശരീരവും ഇപ്പോഴും മറ്റൊരാളുടെ ചൂടുപറ്റി കിടക്കുകയാണ്..നിന്നേക്കാല്‍ ഇരുപതു വയസ്സിനിളപ്പമായിരുന്നില്ലെ ക്ലാരമ്മ'

വികാരം നഷ്ടപ്പെട്ട വിചാരത്തോടെ ദേവസിയുടെ ആത്മാവ് തല താഴ്ത്തി.

ജ്ഞാനപ്പന് ഒന്നുകൂടി പറയണമെന്നുണ്ടായിരുന്നു;

വേണ്ട... ദേവസിയുടെ ആത്മാവിനെ മുറിപ്പെടുത്തേണ്ട.. വല്ലപ്പോഴും വന്ന് ദേവസിയുടെ കല്ലറയ്ക്കു മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും മെഴുകുതിരി തെളിക്കുകയും ചെയ്യുന്ന മകള്‍ ശലോമി ദേവസിയുടെ രക്തത്തില്‍ പിറന്നതല്ലെന്ന കാര്യം ജ്ഞാനപ്പനടക്കി വച്ചു.

ഈ സെമിത്തേരിയിലുള്ള ഓരോ ആത്മാക്കളുടെ ജീവചരിത്രവും ജ്ഞാനപ്പനറിയാം

മറ്റൊരാത്മാവിനും ലഭിക്കാത്ത സിദ്ധിയാണ്.

ബ്രഹ്മചര്യത്തിന്റെ വിശുദ്ധിയും പ്രാര്‍ത്ഥനയുടെ ശക്തിയുമാണത്.

കല്ലറ പൊളിച്ചാല്‍ ഇരിപ്പിടത്തില്‍ ജ്ഞാനപ്പനങ്ങനെ തന്നെ ഇപ്പോഴുമുണ്ട്, ശരീരത്തില്‍ നിന്നൂറിയിറങ്ങിയ നെയ്യ് ഈട്ടിക്കസേരയ്ക്ക് കൂടുതല്‍ ഉറപ്പും തിളക്കവുമേകുന്നു.

തൊലിയുണങ്ങി പറ്റിപ്പിടിച്ച എല്ലുകളിലെ മജ്ജയും നീരും ചിതലുകളെ അകറ്റി നിര്‍ത്തുന്നു,

പഴക്കത്തിന്റെ പായല്‍ പിടിച്ച കുരിശു കല്ലിന് നേരിയ ഇളക്കവും ചരിവും വന്നിട്ടുണ്ട്.

ജ്ഞാനപ്പനെന്ന് കല്ലില്‍ കൊത്തി വച്ച പേരിനു മുകളില്‍ വ്യക്തതയ്ക്കു വേണ്ടിയെന്നതു പോലെ ആരോ ഒരാള്‍ ബാക്കി വന്ന വെളുത്ത പെയിന്റ് ബ്രഷ് കൊണ്ട് കോറിയിട്ടതിന് വലിയ ഭംഗിയില്ലെങ്കിലും സെമിത്തേരിയിലേക്കെത്തുന്നവരുടെ കണ്ണില്‍ പെട്ടെന്ന് തെളിഞ്ഞു നില്‍ക്കുമായിരുന്നു.

പള്ളിക്ക് ഒരു ഗുണവുമില്ലാത്ത ജ്ഞാനപ്പന്റെ കല്ലറ അവിടെ നിന്ന് മാറ്റി ശരീരാവശിഷ്ടങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പഴയ ചാപ്പല്‍ പള്ളിയില്‍

ജ്ഞാനപ്പന്റെ അപ്പന്‍ ലവറാന്തിയോസിന്റെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിച്ചാലോ എന്നൊരാലോചനയും വന്നു.

ഒരു ചെറിയ വിഭാഗം എതിര്‍ത്തു.

'പള്ളിസെമിത്തേരിയിലടക്കിയൊതൊന്നും മാന്തിപ്പൊളിച്ച് മാറ്റാന്‍ പറ്റത്തില്ല.. സ്ഥലമില്ലെങ്കില്‍ വേറെ കണ്ടെത്തണം'

പുതിയ തലമുറപിളേളരുടെ അറിവ് കേടിനെ തല്‍ക്കാലമൊന്നടക്കി നിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലുംജ്ഞാനപ്പന്റെ കല്ലറയ്ക്കക്കിളക്കം തട്ടാനധികം നാളുകളില്ല.

പുതിയതായി വരുന്ന ആത്മാക്കള്‍ കല്ലറയിലെ ചൂട് സഹിക്കാന്‍ കഴിയാത്തതു പോലെ മാര്‍ബില്‍ കല്ലറയുടെ മുകളില്‍ വന്നു കിടക്കുന്നുണ്ട്,

അവര്‍ കാഴ്ചശക്തി നശിച്ചവരേപ്പോലെയും കേഴ്‌വിഭംഗം വന്നവരേ പോലെയുമാണ്.

അവര്‍ക്കവരേയല്ലാതെ മറ്റേതൊരാത്മാക്കളേയും കാണാന്‍ കഴിയില്ല.

എഴുതി വയ്ക്കപ്പെടാത്ത നിയമങ്ങള്‍ പാലിക്കപ്പെടേണ്ടവരാണാത്മാക്കള്‍...എന്നാലും ക്രമേണ അവര്‍ക്ക് അവരില്‍ നിന്നും മറ്റുള്ളവരിലേക്കെത്തെപ്പെടാനും ശബ്ദ സന്ദേശങ്ങള്‍ തിരിച്ചറിയാനും കഴിയുന്നുണ്ട് പരിമിതമായ അധികാര പരിധി്ക്കപ്പുറത്തേക്ക് പോകാനോ വരാനോ ആത്മാവിനവകാശമില്ല. കാഴ്ചഭംഗി ആസ്വദിക്കാനും ആത്മാവിനു കഴിയില്ല,

എന്നാല്‍ ജ്ഞാനപ്പനങ്ങനല്ല

അദൃശ്യതയ്ക്കപ്പുറത്തേക്ക് ജ്ഞാനപ്പന്റെ ആത്മാവ് സഞ്ചരിക്കും.

ഇവിടിരുന്നാല്‍ മതി, മുന്നിലൂടെ കടന്നുപോകുന്ന ശബ്ദങ്ങളും ചലനങ്ങളുമെല്ലാം അറിയാന്‍ കഴിയുന്നുണ്ട്, പാദചലനങ്ങള ടക്കി,അന്നടക്കം ചെയ്ത പെണ്‍കല്ലറ തിരയുന്ന കുഴിവെട്ടുകാരനും കുശിനിക്കാരനും സെമിത്തേരിയില്‍ ചില രാത്രികളില്‍ കറങ്ങി നടക്കും.. ഉറക്കമില്ലാതെ നടക്കുന്ന ജീവാത്മക്കളായിരുന്നു അവര്‍.

malayalam story
'അയാളുടെ ഭയത്തെ ഒരുമ്മ കൊണ്ടു മയപ്പെടുത്താനാണപ്പോള്‍ തോന്നിയത്'

ആത്മാക്കളെ ഭയമില്ലാത്തവര്‍ കുഴിവെട്ടുകാരന്‍ മാത്രമല്ലായിരുന്നു.

മാര്‍ബില്‍ കല്ലറകള്‍ പലരുടേയും ശരീരത്തെ തണുപ്പിക്കാറുണ്ട്,

വിയര്‍പ്പാറ്റുന്ന ശരീരങ്ങള്‍ക്ക് അവിഞ്ഞ ശവംനാറിപ്പൂക്കളുടെ ഗന്ധമായിരുന്നു.

ജ്ഞാനപ്പന്‍ തൊട്ടടുത്തിരുന്ന ആത്മാക്കളോടു പറഞ്ഞു;

'ദാ..അവിടേക്ക് നോക്കുക..'

ദേവസിയും അന്തോണിയും സെബാസ്റ്റ്യനും ജ്ഞാനപ്പന്‍ പറഞ്ഞ ഭാഗത്തേക്കു നോക്കി.

' ഒറ്റ തിരിഞ്ഞിരിയ്ക്കുന്ന ഒരു യുവതിയുടെ ആത്മാവിനെ കാണുന്നില്ലെ?'

'കാണുന്നുണ്ട്.. കാണുന്നുണ്ട്...'

'അവള്‍ മരിച്ചതിനു ശേഷം മോര്‍ച്ചറിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടവളാണ്'

ജ്ഞാനപ്പനിതെല്ലാം എങ്ങനറിയുന്നു ?

ആത്മാക്കളില്‍ പലരും ചിന്തിക്കാറുണ്ട്,

ഈ സെമിത്തേരിയില്‍ എതയെത്ര ആത്മാവുകളുണ്ടാവും?

അതില്‍ ഏറ്റവും വിശുദ്ധി നിറഞ്ഞവന്‍ ജ്ഞാനപ്പനല്ലെ?

ജീവശ്യാസം ശരീരത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ ജ്ഞാനപ്പന്‍ ചെയ്ത നന്മയുടെ പ്രകാശമായിരിക്കാം ജ്ഞാനപ്പനെ ആത്മാക്കള്‍ നിറഞ്ഞ കുഴിമാടങ്ങളുടെ കഥ പറയാന്‍ നിയോഗിക്കപ്പെട്ടത്.

ലവറാന്തിയോസിനും റീത്തക്കും കൂടി ജന്മം കൊണ്ട കുട്ടിക്ക് മാമോദിസപ്പേര് ലാസറെന്നായിരുന്നു.

വളര്‍ന്നു വരുന്തോറും ലാസര്‍ പൊട്ടനാണോ.. ബുദ്ധിമാനാണോ..അതോ?

എന്നാലും ആത്മീയമായ ഒരു പ്രകാശം അവനിലുണ്ടെന്ന് പലരും തിരിച്ചറിഞ്ഞു.

ബാലചാപല്യങ്ങളില്ലാതെ ഒഴിഞ്ഞു മാറി ഒറ്റയ്ക്കിരുന്നു വായിക്കുകയും ധ്യാനനിരതനായിട്ടിരിക്കുകയുമൊക്കെ ചെയ്തതു കൊണ്ടാകാം.. ജ്ഞാനപ്പനെന്ന വിളിപ്പേരിലറിയപ്പെട്ടത്.

ലവറാന്തിയോസ് മരണക്കിടക്കയില്‍ വച്ചും പറഞ്ഞത് സന്തതി പരമ്പര നിലനിര്‍ത്തണമെന്നായിരുന്നു.

എന്നിട്ടോ..?

ലവറാന്തിയോസിന്റെ ആത്മാവ് ജ്ഞാനപ്പനോട് ക്ഷമിച്ചു കാണുമോ?

പുതിയ പള്ളിപ്പറമ്പില്‍ ജ്ഞാനപ്പനോടൊപ്പം തീര്‍ന്നില്ലെ..എല്ലാം.

എണ്ണിയെടുക്കാന്‍ അത്ര എളുപ്പമല്ല പള്ളിപ്പറമ്പിലെ കല്ലറകള്‍, അതില്‍ പലതിലും ഭൂമിജീവിതത്തിന്റെ കാലാവധി തീര്‍ന്ന വംശപരമ്പരകളുടെ പെട്ടികള്‍ കൊണ്ടു വയ്ക്കാറുണ്ട്... ജീവിച്ചിരിക്കുന്ന അതിലെ അവസാനത്തെ ഏതെങ്കിലുമൊരു കണ്ണി മെഴുകുതിരിയോ.. പുഷ്പങ്ങളോ കൊണ്ടു വയ്ക്കുമ്പോള്‍ ആരും വരാനില്ലെന്നറിയുമ്പോഴും ജ്ഞാനപ്പന്റെ ആത്മാവ് ആഗ്രഹിച്ചിട്ടുണ്ട്.. കുറച്ചു ലില്ലിപ്പൂക്കള്‍ ഈ കല്ലറയില്‍ ആരെങ്കിലും വച്ചിരുന്നെങ്കില്‍..

ഒരു മഴക്കാറ്റ് വീശുന്നുണ്ട്.. നിലാചന്ദ്രികയുടെ നിഴലാട്ടം മഴമേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു തുടങ്ങി.

ആത്മാക്കളുടെ ഇങ്ങനെയുള്ള ഒത്തുചേരല്‍ എപ്പോഴുമുള്ളതല്ല,ആത്മാക്കളെ നിയന്ത്രിക്കാനും അദൃശ്യമായ ഒരു ശക്തി ചുറ്റിലുമുണ്ട്.

സ്ത്രീകളുടെ ആത്മാവുകള്‍ കല്ലറകളിലേക്ക് മടങ്ങി കഴിഞ്ഞു.

ദേവസിയും അന്തോണിയും സെബാസ്റ്റ്യനുമെല്ലാം ജ്ഞാനപ്പനോടൊപ്പം എഴുനേറ്റു.

ആത്മാവുകള്‍ യാത്ര പറയാറില്ല,

കല്ലറകള്‍ സമാധാനത്തിന്റെ കിടപ്പാടമാണ്,

മാര്‍ബില്‍ കല്ലറയ്ക്കുള്ളിലേക്ക് വിലയം പ്രാപിക്കുന്ന ആത്മാവുകള്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ചാണ് കിടക്കുന്നത്..എന്നാലും

അസമാധാനത്തിന്റെ നെടുവീര്‍പ്പുകള്‍ ആത്മാക്കളുടെ കല്ലറകളിലും വീര്‍പ്പുമുട്ടി കിടക്കുന്നുണ്ട്,

കുരിശിന്റെ അടയാളത്തെ നെഞ്ചിലേറ്റി ഭയന്ന് നിശബ്ദരാകുകയാണവര്‍.

ലോകത്തിന്റെ വലിപ്പം ഇത്രമാത്രമാണന്ന് സെമിത്തേരി കല്ലറകളില്‍ വരുമ്പോഴാണ് മനസിലാകുന്നതു്.

കല്ലറയിലടക്കി നൂറ്റാണ്ട് തികച്ച ജ്ഞാനപ്പനും ഇടവേളകളില്‍ എത്തിയവരും ഇന്നിന്റെ ആത്മാവുകളാണ്.

ആത്മാവിന് വേര്‍തിരിവുകളില്ല.

ഇരുളും വെളിച്ചവും ദിവസവും മാസവും സംവത്സരങ്ങളുമെല്ലാം ആത്മാക്കള്‍ക്ക് ഇന്നുകള്‍ മാത്രമാണ്,

എല്ലാ ആത്മാക്കള്‍ക്കുമായി ചെമ്പന്‍ ചീവീടുകള്‍ സങ്കീര്‍ത്തനമാലപിക്കാറുണ്ട്.

കാറ്റ് കരുത്തോടെ വീശാന്‍ തുടങ്ങുകയാണ്.

കല്ലറകള്‍ക്കുള്ളിലെ ചൂടിനെ കുറയ്ക്കാനെന്നതു പോലെ മഴത്തുള്ളിള്‍ വീണു തുടങ്ങി.

ചീവീടുകളും മൗനത്തിലാണ്ടതുപോലെ നിശബ്ദരായി.

സെമിത്തേരിയുടെ നേരെ നടന്നു വരുന്നതാരാണ്...?

കുഴിവെട്ടുകാരനോ അതോ? പരിചിതമായ വഴിയിലൂടെ നടന്നു വരുന്ന അവര്‍ കുഴിവെട്ടുകാരനും കുശിനിക്കാരനുമല്ലെന്നുറപ്പായി.

ഏതു മാര്‍ബില്‍ കല്ലറയാണവര്‍ തെരഞ്ഞെടുക്കുന്നത് ?

സെമിത്തേരിയുടെ കവാടത്തിലെത്തിയ അവര്‍ ഒന്നു നിന്നു.

രാത്രിയുടെ മൂന്നാം യാമത്തിന്റെ അന്ത്യഘട്ടത്തില്‍ മെഴുകുതിരി തെളിയ്ക്കാനും പനിനീര്‍പ്പൂക്കളര്‍പ്പിയ്ക്കാനും വേണ്ടിയല്ല വരുന്നതെന്നു വ്യക്തം,

പക്ഷെ...?

ജ്ഞാനപ്പന്‍ തിരിച്ചറിഞ്ഞ പുരുഷ രൂപത്തിന് സാത്താന്റെ മുഖമായിരുന്നു. വാക്കുകള്‍ക്ക് സാത്താന്റെ ഭാഷ്യമായിരുന്നു.

അവര്‍ സെമിത്തേരിയിലേക്കിറങ്ങാനുള്ള മൂന്നു പടികളിലെ ഒന്നാം പടിയില്‍ കാല്‍പാദമെടുത്തു വച്ചു.

മഴയ്ക്ക് മുന്‍പുള്ള ഒന്നാമത്തെ മിന്നലിന്റെ വെളിച്ചവും പിന്നാലെയെത്തിയ ഇടിമുഴക്കവും പുരുഷകരത്തെ മുറുകെ പിടിച്ചിരുന്ന സ്ത്രീരൂപത്തെ ഭയപ്പെടുത്തി. കാലുകളൊന്നു വഴുതിമാറിയപ്പോള്‍ ജ്ഞാനപ്പന്റെ കല്ലറയിലെ കുരിശുകല്ലില്‍ പിടുത്തം കിട്ടി.

നേരത്തേ തന്നെ ചരിഞ്ഞു നിന്ന കുരിശു കല്ല് താഴേക്കടര്‍ന്നു വീണു.

കല്ലറയ്ക്കു മുകളില്‍ തെളിഞ്ഞ പ്രഭാവലയം കണ്ട് അവര്‍ അമ്പരപ്പോടെ നോക്കി, ആത്മാവിന്റെ വെള്ളിവെളിച്ചം; ഭയം മാറിയ മനസ്സുകളില്‍ കുരിശിന്റെ ശക്തി തിരിച്ചറിഞ്ഞപ്പോള്‍

അവരുടെ അശുദ്ധമനസ് ശുദ്ധീകരിച്ചതുപോലെ തിരിച്ചു നടക്കുന്നത് ജ്ഞാനപ്പന്‍ കണ്ടു.

പിറ്റേന്ന് പ്രഭാതത്തില്‍ ജ്ഞാനപ്പന്റെ കല്ലറയ്ക്കു മുകളില്‍ ഒരു മെഴുകുതിരി തെളിഞ്ഞു.. പിന്നീടുള്ള നാളുകളിലും മെഴുകുതിരികള്‍ കെടാവിളക്കു പോലെ തെളിയുകയും.. മാര്‍ബില്‍ പതിപ്പിച്ച കല്ലറയില്‍ പനിനീര്‍ മൊട്ടുകളും ലില്ലിപ്പൂക്കളും അര്‍പ്പിച്ച് പോകുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

അതെ...അത്ഭുതപ്രവര്‍ത്തികളുടെ സാക്ഷ്യപ്പെടുത്തലില്‍ ജ്ഞാനപ്പന്‍ വിശുദ്ധതയിലേക്കുയരുകയായിരുന്നു.

Summary

Malayalam short story written by Vikraman Pattazhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com