'അയാളുടെ ഭയത്തെ ഒരുമ്മ കൊണ്ടു മയപ്പെടുത്താനാണപ്പോള്‍ തോന്നിയത്'

സ്മൃതിസഞ്ജീവനി - എം മഞ്ജു എഴുതിയ കഥ
Malayalam Short Story
എം മഞ്ജു എഴുതിയ കഥ Malayalam Short StoryAi Image
Updated on
4 min read

'വെല്ല്യച്ചനെ കാണാനില്ല' മറുതലക്കലെ ശബ്ദം പരിഭ്രാന്തമായി.

തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും ജയന്‍ പിന്നില്‍ നിന്നു വിളിച്ചു.

'നില്‍ക്ക് ഒറ്റയ്ക്കുപോവണ്ട. വയസ്സാംകാലത്ത് ഓരോരോ മാരണങ്ങള്‍'. കാറ് സ്റ്റാര്‍ട്ടാക്കും മുന്‍പ് അവള്‍ വീടുപൂട്ടിയിറങ്ങി.

'നിനക്കല്പം മെനയ്ക്ക് തുണിചുറ്റിക്കൂടെ' ജയന്റെ ദേഷ്യം അടങ്ങിയിട്ടില്ല. ദേഷ്യപ്പെടലിനുപിന്നാലെ തന്നെ ഒരു കാരണം ബോധിപ്പിക്കലുമുണ്ടാവും.

'എനിക്കും ചെറിയ പ്രായമല്ല. ഇങ്ങനെ എടുത്തോ പിടിച്ചോയെന്നു പറഞ്ഞോടാന്‍ ശരീരമനുവദിക്കില്ല. ഞാന്‍ വീണാലും നീ തന്നെ താങ്ങണ്ടേ'

വലതുകൈകൊണ്ടു ജയന്‍ വയര്‍ തടവി. അവിടെ പിടയ്ക്കുന്നതും സ്വന്തം കരളാണല്ലോ എന്നോര്‍ത്തപ്പോള്‍ ജയനോടവള്‍ക്ക് സഹതാപം തോന്നി.

എവിടെപ്പോയതാവും. ഷുഗര്‍ പേഷ്യന്റാണ്. ഇന്‍സുലിന്‍ മുടങ്ങിയാലാ കെ തകിടംമറിയും. ഇനി പൊട്ടാസ്യം ലെവലെങ്ങാനും കുറഞ്ഞു കാണുമോ?

കഴിഞ്ഞ തവണ മടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു 'എന്നാണിനി വരുന്നത്?'

'ശനിയാഴ്ച. ശാന്തയോട് വഴക്കടിക്കരുത്. അവര്‍ മുഷിഞ്ഞാല്‍ അടുക്കള സമരത്തിലാവും. മരുന്നു കഴിക്കുന്നതാണെന്നോര്‍മ്മ വേണം'

നഖങ്ങള്‍ കക്കകള്‍ പോലെയുറച്ചിരുന്നു. അവയുടെ കാഠിന്യം കുറയ്ക്കാനായി വെള്ളത്തില്‍ മുക്കിവെച്ചതും അയാള്‍ നിസ്സഹായതയോടെ നോക്കി. തണുപ്പസഹ്യമായിരിക്കണം. അവളതിലേക്കല്പം ചൂടുവെള്ളം കലര്‍ത്തി. കുതിര്‍ന്ന വിരലുകളിലെ നഖം വെട്ടുമ്പോള്‍ വിരല്‍ മുറിയുമോയെന്ന ആകുലതയോടെ നഖത്തില്‍ തന്നെയായിരുന്നു അയാളുടെ ശ്രദ്ധ. അയാളുടെ ഭയത്തെ ഒരുമ്മകൊണ്ടുമയപ്പെടുത്താനാണപ്പോള്‍ തോന്നിയത്. അത് അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കിയാലോയെന്നു കരുതി അവളാതോന്നല്‍ വേണ്ടെന്നു വെച്ചു.

'നറിഷ് ലണ്ടന്‍' പാദങ്ങളില്‍ പുരട്ടി അവ മുഖത്തുരുമ്മികൊണ്ടയാള്‍ പറയുമായിരുന്നു 'എന്തൊരോമനത്തമാണല്ലേ. കുറുകിയിരിക്കുന്ന പ്രാവുകള്‍ പോലെ'

'ഇത്രയും തുക കാലില്‍തേച്ചു കളയുന്നത് ഭ്രാന്താണ്'

'ഇത്തരം ചില ഭ്രാന്തുകള്‍ എനിക്കിഷ്ടമാണ്'

'സോഷ്യലിസവും നറിഷ് ലണ്ടനും. നല്ലകോമ്പിനേഷനാണ്' അവളയാളെ കളിയാക്കി.

അച്ഛന്റെ മരണത്തെ തുടര്‍ന്ന് പ്രൊവിഡന്റ് ഫണ്ടുപേപ്പറുകള്‍ ശരിയാക്കാനായി ഏജീസ് ഓഫീസില്‍ ചെന്നപ്പോഴാണയാളെ പരിചയപ്പെട്ടത്.

ഡെസ്‌ക്ടോപ്പിലെ ഗോതമ്പു പാടങ്ങളില്‍ നിന്നുയരുന്ന കാക്കകളെ നോക്കി നില്‍ക്കെ ഒരു കുട്ടിയോടെന്നപോലെ അയാള്‍ ചോദിച്ചു

'ചിത്രമിഷ്ടമായോ'

വാന്‍ഗോഗിനെ ഡെസ്‌ക്ടോപ്പില്‍ പ്രദര്‍ശിപ്പിച്ച്, ചുള്ളിക്കാടിനേയും വിനയചന്ദ്രന്‍മാഷിനേയും ഉറക്കെചൊല്ലുന്ന, അസ്തിത്വദുഃഖം മൂലം കാല്‍ക്കാശിനു പണിയെടുക്കാത്ത ധാരാളം ഉദ്യോഗസ്ഥരായ ബുദ്ധിജീവികളെ ഇക്കാലത്തിനുള്ളില്‍ കണ്ടുപരിചയിച്ചിട്ടുള്ളതിനാല്‍ ആദ്യം ഒരുത്തരം കൊടുക്കാനവള്‍ക്കുതോന്നിയില്ല. ഇനിയും എത്ര തവണയീ ഡെസ്‌ക്ടോപ്പു കാണേണ്ടിവരുമെന്ന വീണ്ടുവിചാരം അവളെക്കൊണ്ടു പറയിച്ചു 'ബ്രഷ് ടച്ചസ് എത്ര പെര്‍ഫക്ഷനാണല്ലേ?'

'പെയിന്റിങ് വശമുണ്ടോ'

'കുറേശ്ശെ. സാറിനോ?

'ഇല്ല. ഡിഗ്രിക്കെന്താണ് മെയിന്‍'

'സുവോളജി'

'എന്റെ മോനും സുവോളജി ആയിരുന്നു.'

ഇത്തവണത്തേതും കൂടികൂട്ടിയാല്‍ എട്ടാമത്തെ തവണയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അയാളാ സീറ്റിലേക്ക് അടുത്തിടെ സ്ഥലംമാറിയെത്തിയതാണ്. 'ഞാനും ആലപ്പുഴക്കാരനാണ്. അമ്പലപ്പുഴയാണു വീട്'

ഒത്തിരിനൂലാമാലകള്‍ ഭേദിച്ച് പി എഫ് തുക അനുവദിച്ചുകിട്ടിയതിന്റെ നെടുവീര്‍പ്പിലന്നവള്‍ പറഞ്ഞു 'ദൈവമേ രക്ഷപെട്ടു. ഒരുപാടു നന്ദി സര്‍'

അങ്ങനെയൊരു ദൈവമുണ്ടോ എന്നയാള്‍ സന്ദേഹിച്ചിരുന്ന നാളുകള്‍ കൂടിയായിരുന്നു അത്. അയാളുടെ മകനെ ന്യുമോണിയ കവര്‍ന്നിട്ടധികമായിരുന്നില്ല. 'ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ' മെലിഞ്ഞ ചുമലുകള്‍ കുലുക്കി അയാള്‍ യാത്ര പറഞ്ഞു.

Malayalam Short Story
'തിര്വനന്തൊരത്തില്ലാത്ത പൊസ്‌തോം മേടിക്കാനാ ങ്ങള് കോയിക്കോടിന് വണ്ടി പിടിച്ച് വന്നേക്കണേ?'

മകനില്‍ തീരുകയായിരുന്നു അയാളുടെ ദാമ്പത്യം. ശത്രുരാജ്യങ്ങള്‍ക്കിടയിലെ ബഫര്‍‌സ്റ്റേറ്റൊഴിഞ്ഞപോലെ അവന്റെ തിരോധാനം അയാള്‍ക്കും ഭാര്യക്കുമിടയില്‍ ശൂനൃത നിറച്ചു. ഇത്രമാത്രം ചേര്‍ച്ചക്കുറവുകള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നവര്‍ തിരിച്ചറിഞ്ഞതപ്പോള്‍ മാത്രമാണ്. ഒരു കൂട്ടുജീവിതം വേണ്ടെന്ന ഭാര്യയുടെ തീരുമാനം ആദ്യമൊന്നുമയാളെ ഉലച്ചില്ല. പക്ഷേ അത്രകാലം കൂടെയുണ്ടായിരുന്ന നിഴല്‍ നഷ്ടമായതിന്റെ അന്ധാളിപ്പില്‍നിന്ന് അയാളെ മോചിപ്പിക്കാന്‍ ഹൃദയത്തിനപ്പുറം ജൈവമെന്നുമാത്രം വിളിക്കാവുന്ന അയാളുടെ പെണ്‍ സൌഹൃദങ്ങള്‍ പരാജയപ്പെട്ടു. അത്തരം വേഴ്ചകളില്‍ ശരീരം മാത്രമാണിടപെടുന്നതെന്ന തിരിച്ചറിവ് അയാളെ മനസ്സുടഞ്ഞ കുട്ടിയാക്കി.

രണ്ടാമതായളെ കാണുമ്പോള്‍ അയാള്‍ പഴയതിലും ക്ഷീണിച്ചിരുന്നു. ഒഴിയാത്ത ആശങ്കകള്‍ക്കും മടുപ്പുകള്‍ക്കും പരിഹാരമെന്നപോലെയാണ് യൂണിവേഴ്റ്റി കോളജില്‍ അവള്‍ക്ക് ഉദ്യോഗം തരപ്പെട്ടത്. ഓര്‍ത്തെടുക്കുമ്പോള്‍ കാലം പഴയ നോവും വേവുമെല്ലാം ചോര്‍ന്ന് നിര്‍മ്മമമാവും. എന്നാലും അക്കാലത്തതങ്ങനെയായിരുന്നില്ലല്ലോ. എത്ര രാത്രികള്‍ ഉറക്കമില്ലായ്മയും നെഞ്ചില്‍ കരിങ്കല്ലുതോല്‍ക്കുന്ന ഭാരവും പേറി തള്ളിനീക്കിയിരുന്നു. തിരുവനന്തപുരത്തേക്കു കുടിയേറുമ്പോള്‍ നല്ലൊരു ഹോസ്റ്റല്‍ തരപ്പെടുത്താന്‍ മാത്രമായിട്ടാണ് അയാളെ വിളിച്ചത്. അതിനപ്പുറത്തേക്കാ പരിചയത്തെ വളര്‍ത്തുവാന്‍ അയാള്‍ക്കോ അവള്‍ക്കോ താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ ജീവിതത്തെ വിചാരണ ചെയ്യാന്‍ അവള്‍ക്കൊരു കേള്‍വിക്കാരനാവശ്യമായിരുന്നു. അത് അയാളായതു യാദൃച്ഛികം. അത്രത്തോളം അസഹ്യമായിരുന്നു അവളുടെ ദാമ്പത്യം.

കാഴ്ചയില്‍ സുമുഖന്‍, അച്ഛന്റെ ആത്മസുഹൃത്തിന്റെ മകന്‍, ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍- വരനെ തീര്‍ച്ചപ്പെടുത്തുമ്പോള്‍ ജയന്റെ യോഗ്യതകളില്‍ അവള്‍ക്കും അതൃപ്തി തോന്നിയില്ല. പക്ഷേ യോഗ്യതയേറെയുള്ള ഒരുവനെ ചുളുവില്‍ കൈവശമായിട്ടും തഞ്ചത്തില്‍ കൂടെനിര്‍ത്താനോ ലക്കുകെട്ട കൂട്ടുകെട്ടുകളില്‍നിന്ന് പിന്‍തിരിപ്പിക്കാനോ പോന്ന സാമര്‍ത്ഥ്യമില്ലാത്ത ഒരു പാഴ്വസ്തുവായി അവള്‍ ബന്ധുക്കള്‍ ക്കിടയില്‍പോലും. അവഗണന കടുത്തപ്പോഴും കരയാനോ കാലുപിടിക്കാനോ അവള്‍ കൂട്ടാക്കിയില്ല.

ജയന്റെ ഉത്തരവാദിത്തമില്ലായ്മയും മദ്യപാനവുമൊക്കെയായിരുന്നു ജീവിതം മുഷിപ്പിക്കുന്നതിനു കാരണങ്ങളായി നിരത്തിയതെങ്കിലും സൃഷ്ടി ദൌതൃം പൂര്‍ത്തീകരിച്ച മാമുനിയെപ്പോലെ മോന്റെ ജനനശേഷം സഹശയനം പോലും ഉപേക്ഷിച്ചതിന്റെ ആത്മ ക്ഷതങ്ങള്‍ ...ഹൈഡ്രകളെപ്പോലെ സ്വയം പൂക്കാനാവാത്തതിലവള്‍ക്കന്നു സങ്കടംതോന്നിയിരുന്നു.

മറ്റാര്‍ക്കും വെളിപ്പെടാത്ത ആത്മസംഘര്‍ഷങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ സേഫ്റ്റി വാല്‍വായിരുന്നു അയാള്‍. അയാള്‍ക്കു പകരം മറ്റാരായിരുന്നെങ്കിലും ഇതൊക്കെതന്നെ സംഭവിച്ചേനെ. അയാളുടെ രഹസ്യ വേഴ്ചകളെക്കുറിച്ചവള്‍ കേട്ടിരുന്നു. അതവളെയൊട്ടും അലോസരപ്പെടുത്തിയില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് അഞ്ചുമിനിട്ട് കഷ്ടിയെടുത്താല്‍ ഏജീസ് ഓഫീസിലെത്താം. ക്യാന്റീനില്‍നിന്ന് കാപ്പികുടിച്ച് ഹോസ്റ്റല്‍വരെ അയാളും കൂടെ കൂടും.

സാഹചര്യങ്ങളല്ല മറിച്ച് ആവശ്യങ്ങളുടെ തേടല്‍ തന്നെയാണ് ബന്ധങ്ങളെ നിര്‍വചിക്കുന്നത്. തിടുക്കങ്ങളില്ലാത്ത, മുന്‍വിധിയില്ലാത്ത ഒരു കേള്‍വിക്കാരിയെയായിരുന്നു അയാള്‍ക്കാവശ്യം. അവള്‍ക്കു മുന്നിലയാള്‍ തന്നെ നാട്യങ്ങളില്ലാതെ തുറന്നുവെച്ചു.

കോവളം ബീച്ചിലേക്കും കന്യാകുമാരിയിലേക്കുമുള്ള വാരാന്ത്യയാത്രകള്‍. ആകാശം നോക്കി മലര്‍ന്നുകിടന്നു കൊണ്ടയാള്‍ അവളെ കേള്‍ക്കും. കേള്‍വിക്കൊടുവില്‍ വിരല്‍ വിരലോടുചേര്‍ത്തയാള്‍ ചോദിക്കും 'ഇതിനിടയിലെവിടെയാണെനിക്കിടം'

'വാര്‍ന്നുവാര്‍ന്ന് ഞാനൊഴിയട്ടെ. ശൂന്യമാകുമ്പോളാകെ നിറഞ്ഞോളൂ'

'നീ നരച്ചുതുടങ്ങി'

'പ്രായമായവരുമായല്ലേ സഹവാസം'

'നിനക്കെന്നെയും മടുത്തു തുടങ്ങിയോ? '

'പകരമൊന്നു കണ്ടെത്തും വരെ മടുക്കില്ല' അവളുടെ കണ്ണുകളില്‍ കുസൃതി നിറയും

അതുതന്നെയായിരുന്നു ശരി. എല്ലാകാലത്തേക്കുമായി ഒന്നുമില്ല. നിര്‍വചനങ്ങള്‍ തോല്‍ക്കുന്ന ചില ബന്ധങ്ങളുണ്ട്. പലകാലങ്ങളില്‍ പലരൂപത്തില്‍ പരിണമിക്കുന്ന ബന്ധങ്ങള്‍. അതിന്റെ ആര്‍ജ്ജവം മറ്റാര്‍ക്കും മനസ്സിലാവില്ല, അതില്‍ കെട്ടുപിണഞ്ഞുചേര്‍ന്നവര്‍ക്കല്ലാതെ.

കുറച്ചേറെ പഴയ ആളാതുകൊണ്ടാവണം മകനെയോര്‍മ്മിപ്പിക്കുന്ന എന്തോ അവളില്‍ അയാള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ലൈറ്റ്‌ഹൌസിനു പിന്നിലെ ചെമ്പകച്ചോട്ടില്‍വെച്ച് പ്രണയത്തിന്റെ നനവൂറുന്നതു കണ്ടയാള്‍ വേവലാതിപ്പെട്ടു. അവളുടെ വിറയാര്‍ന്നചുണ്ടുകള്‍ അയാളുടെ തണുത്ത ചുണ്ടുകളെ സാന്ത്വനിപ്പിച്ചു. കൊച്ചുകൊച്ചു പിണക്കങ്ങള്‍. ഇണക്കങ്ങള്‍. ചിലപ്പോഴൊക്കെ താനൊരു ബഫൂണ്‍ വേഷം കെട്ടിയാടുകയാണോ എന്നയാള്‍ പരിഭ്രമിച്ചു. ജീവിതമങ്ങനെ അഴിഞ്ഞും പിരിഞ്ഞും മുന്നോട്ടു നീങ്ങവേ ആദ്യം നിലതെറ്റിയതയാള്‍ക്കായിരുന്നു. എറണാകുളത്തേക്കവള്‍ ട്രാന്‍സ്ഫറായതിന്റെ നാലാം പക്കം അയാളുടെ ഹൃദയധമനികള്‍ പണിമുടക്കി.

ഓരോ കൂടിക്കാഴ്ചയിലും അവള്‍ മാറിക്കൊണ്ടേയിരുന്നു. കാലം പുതിയ റോളുകളവള്‍ക്കായി മാത്രം എഴുതുംപോലെ. പണ്ട് എന്തുചെയ്യണമെന്നറിയാതെ കീഴ്ചുണ്ട് കടിച്ചമര്‍ത്തി സങ്കോചത്തോടെ മുന്നില്‍ നിന്ന പെണ്‍കുട്ടിതന്നെയോ അവളെന്നയാള്‍ ഇച്ഛാഭംഗത്തോടെയോര്‍ത്തു. പിന്നീടുള്ള ഓരോ കൂടിക്കഴ്ചയിലും അയാളും മാറുന്നുണ്ടായിരുന്നു. വാര്‍ദ്ധക്യവും അടിക്കടിയുള്ള രോഗങ്ങളും അയാളെ വല്ലാതെ അവശനാക്കി. നാട്ടിലേക്കയാളെ പറിച്ചുനടാന്‍ അവള്‍തന്നെയാണ് തീരുമാനിച്ചത്. വീടു തരപ്പെടുത്താനും വെപ്പുകാരിയെ കണ്ടെത്താനുമൊക്കെ അവള്‍ തന്നെയാണുത്സാഹിച്ചത്.

ഒട്ടൊരു മടുപ്പോടെ ജയന്‍ ചോദിച്ചു 'ഇത്രക്കടുപ്പം തോന്നാന്‍മാത്രമെന്താണ്'

Malayalam Short Story
കുറേ നാളുകള്‍ക്കു ശേഷം അയാള്‍ എഫ്ബിയില്‍ ഒരു പോസ്റ്റിട്ടു

'അടുപ്പമുണ്ട്. കൈവിടാനാകില്ല'. ഉത്തരം ജയനെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും പലയിടങ്ങളില്‍നിന്നുകിട്ടിയ റെഫറന്‍സുകളില്‍ അയാള്‍ക്ക് അച്ഛ9റെയും ലോക്കല്‍ ഗാഡിയന്റെയുമൊക്കെ സ്ഥാനമായിരുന്നു. അവളുടെ പഴയ പലചോദ്യങ്ങള്‍ക്കും തെളിച്ചമുള്ള ഉത്തരങ്ങളൊന്നും കൊടുക്കാനാവാത്തതിനാല്‍ കൂടുതല്‍ ചോദിക്കാന്‍ ധൈര്യംതോന്നിയില്ല. ആഘോഷങ്ങളില്‍ കുതിര്‍ന്നു കേടുപറ്റി പൂതലിച്ച കരളിനുപകരമായൊരു തുണ്ട് കരള്‍ പകുത്തുവാങ്ങിയതോടെ അവള്‍ക്കുമുന്നില്‍ വീട്ടാനാവാത്ത ബാധ്യതക്കാരനുമായി. പ്രണയത്തോളം പോന്ന ആശങ്കകളും ഉത്കണ്ഠയും അവളെ കരുതിയുണ്ടെന്നു പറഞ്ഞാല്‍ നേരംതെറ്റിയ തമാശയായവള്‍ ചിരിച്ചു തള്ളുമെന്ന് ജയനറിയാം.

എല്ലാ ശനിയാഴ്ചകളിലും അവളെ കാത്തയാള്‍ ഉമ്മറത്തുണ്ടാവും. നടക്കാന്‍ നല്ല പ്രയാസമുണ്ട്. കൈകള്‍ക്കും ചലനവേഗം കുറവാണ്..

ആഴ്ചയിലൊരിക്കലാണ് കുളി. മറ്റുദിവസങ്ങളില്‍ ചൂടുവെള്ളത്തില്‍ നനച്ച ടൌവല്‍കൊണ്ടു തുടച്ചുവൃത്തിയാക്കും. എല്ലാ ശനിയാഴ്ചയും പിയേഴ്‌സ് സോപ്പിന്റെ സുഗന്ധത്തില്‍ പതഞ്ഞുനില്‍ക്കുമ്പോള്‍ അയാള്‍ മൂക്കു വിടര്‍ത്തി കണ്ണുകളടച്ച് ചിരിക്കും.

മടങ്ങാനായി കുടയും ബാഗുമെടുക്കുമ്പോള്‍ ശാന്ത അയാള്‍ കേള്‍ക്കെ ഉറക്കെ പറയും ''ഇന്നും നാളെയുമിനിയെന്നെ കണ്ടുകൂട. എന്തു കൊണ്ടു മുന്നില്‍വെച്ചാലും തട്ടിയെറിയും. എന്തുചോദിച്ചാലും കാതുപൊട്ടനെപ്പോലെയിരിക്കും''

'എവിടേക്കെങ്കിലും പോകുമെന്നു പറഞ്ഞിരുന്നോ?'

'മിനിയാന്ന് സഞ്ചി കഴുകിയിടീച്ചിരുന്നു. എവിടെപ്പോന്നെന്നു ചോദിച്ചപ്പം മോളിലോട്ടൊന്നുനോക്കി'

'ഓ മൂപ്പര് തയ്യാറെടുത്താണിറങ്ങിയത്. അപ്പോള്‍ പോയിവരട്ടെ' ജയന്‍ അലസമായി പറഞ്ഞു

കുറിപ്പെന്തെങ്കിലും മുറിയിലെഴുതിവെച്ചിട്ടുണ്ടോ എന്നറിയാനായി മുറിയാകെയവള്‍ പരതി. ഓരോ സാധനങ്ങള്‍ക്കുമോരോ ഇടമുണ്ട്. സൈഡ്‌ടേബിളിലെ ജഗ്ഗ്, ഡ്രോയറിലെ ടാബ്ലറ്റ് ബോക്‌സ്, കട്ടിലിനു പിന്നിലെ തടിയലമാരയിലെ പുസ്തകങ്ങളുടെ ക്രമം... ഇലയാകെ തളിര്‍ത്ത് പൂവിട്ട ചെമ്പകം ഡിസംബറിന്റെ മുഖച്ചിത്രമായി കലണ്ടറിലുണ്ട്.

ഇന്നലെയും വിളിച്ചിരുന്നു. വിളികള്‍ വെറും സുഖാന്വേഷണത്തില്‍, മരുന്നിന്റെ ചിട്ടകളോര്‍മ്മപ്പെടുത്തുന്നതില്‍ ഒതുങ്ങുന്നത് അയാളെ വേദനിപ്പിച്ചിരുന്നോ. അതിലപ്പുറമൊന്നും ചോദിക്കാനവള്‍ക്കു തോന്നുന്നുണ്ടായിരുന്നില്ല. അവസാനമായി അയാള്‍ചോദിച്ചത് ആ ചെമ്പകത്തെക്കുറിച്ചായിരുന്നു.''ആ ചെമ്പകം പൂത്തുകാണുമോ..?'' അതവള്‍ക്കറിയില്ലായിരുന്നു. മരങ്ങള്‍ക്കേ വീണ്ടും തളിരിടാനാവൂ. പൊഴിഞ്ഞ പൂവിനും ഇലകള്‍ക്കുമൊപ്പം കാലവും മണ്ണില്‍ നഷ്ടമാവും. പിന്നിലേക്കോടാനോ,മുന്നോട്ട് ധൃതിപ്പെടാനോ അവള്‍ ശ്രമിച്ചിട്ടില്ല. ഒഴുക്കിനൊത്തലയുക മാത്രം.

''തണുപ്പല്ലേ ഒരു സ്വെറ്റര്‍ വാങ്ങിവെച്ചിട്ടുണ്ട് ''എന്നാണവളപ്പോള്‍ പറഞ്ഞത്.

'തിരുവനന്തപുരത്തേക്കായിരിക്കും പോയത്. നമുക്കവിടെവരെയൊന്നുപോകാം'

'ഇപ്പോഴോ. എനിക്കു വയ്യ അത്രദൂരം ഡ്രൈവുചെയ്യാന്‍. നാളെ രാവിലെ ഇന്റര്‍സിറ്റിക്കുപോവാം. നീ പരിചയക്കാരെയൊക്കെയൊന്ന് വിളിച്ചന്വേഷിക്ക്. അഹങ്കാരമല്ലേ. നിന്നോടെങ്കിലുമൊന്ന് വിളിച്ചു പറയാമായി രുന്നില്ലേ. നീയാണയാളെ ചീത്തയാക്കുന്നത്'

'പോകാതെ പറ്റില്ല ജയാ.. ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കി തന്നാല്‍മതി'

തിരുവനന്തപുരം അയാളുടെ പ്രിയനഗരമാണ്. ശ്രീമൂലം ക്‌ളബ്ബിലെ സ്യൂട്ട്‌റൂം. അവിടെ അയാള്‍ വര്‍ഷത്തില്‍ രണ്ടു തവണ സുഹൃത്തുക്കള്‍ക്കൊപ്പം കൂടാറുണ്ടായിരുന്നു. ഒരിക്കലുമാനഗരം അയാള്‍ക്കു മടുത്തി രുന്നില്ല. അവിടെയൊരു 3 ബിഎച്ച്‌കെ ഫ്‌ളാറ്റ്. അതയാളുടെ സ്വപ്നമായിരുന്നു. കോവളം ബീച്ചിനോളം സുന്ദരമായൊരു ബീച്ചുണ്ടോ എന്നയാള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കും

ക്‌ളബ്ബിലയാളില്ലെന്നറിഞ്ഞപ്പോള്‍ ജയന്‍ വീണ്ടും ദേഷ്യപ്പെട്ടു. 'ഇനിയെന്താണു പ്‌ളാന്‍. സുഹൃത്തുക്കളെയെല്ലാം വിളിച്ചില്ലേ. ആര്‍ക്കറിയാം എങ്ങോട്ടാണ് കെട്ടിയെടുത്തതെന്ന്. പോയപോലെ വന്നോളും. തിരികെ പ്പോകാം'

'കോവളം ലൈറ്റ്‌ഹൌസ്' ഒരുള്‍വിളിപോലെയവള്‍ പറഞ്ഞു

'ഈ രാത്രിയോ'

'കടുത്ത മഞ്ഞാണ്. ആസ്മകടുക്കാനതുമതി. ഒരാഴ്ചയായി ശ്വാസം മുട്ടലിനുള്ള മരുന്നു കഴിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍'

'ഇനിയിതിലധികമെന്തു സംഭവിക്കാനാണ്, കൂടെക്കൂടിപ്പോയില്ലേ' ജയന്‍ കാറിനരികിലേക്കു നടന്നു.

ലൈറ്റഹൌസിനു പിന്നിലെ കല്ലൊതുക്കുകള്‍ കയറുമ്പോള്‍ ജയന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.

എന്തു മഞ്ഞാണ്. അയാള്‍ക്കു താങ്ങാനാവുകയില്ല. ജയനെ പിന്നിലാക്കിയവള്‍ ലൈറ്റ്‌ഹൌസിന്റെ കിഴക്കേ ചെരിവിലേക്കോടി. നിയോണ്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ചെമ്പകത്തിന്റെ ചുറ്റുതറയില്‍ പഴംതുണിച്ചുരുളുപോലെയൊരു രൂപം. ചുറ്റുതറയിലിരുന്നുകൊണ്ടവള്‍ അയാളെ കുലുക്കിവിളിച്ചു. അയാള്‍ പതുക്കെ എഴുന്നേറ്റിരുന്നു. കണ്ണുകള്‍ തിരുമ്മി, കൈകള്‍ മുകളിലേക്കു ചൂണ്ടി സന്തോഷത്തോടെ പറഞ്ഞു. 'നിന്റെ ചെമ്പകം പൂത്തുതുടങ്ങി'

'എന്റെ ദൈവമേ..' കരഞ്ഞുകൊണ്ടവള്‍ അയാളെ നെഞ്ചോടുചേര്‍ത്തു.

Summary

Malayalam short story written by M Manju

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com