

'പടച്ചോനെ കാണാന്നൊന്നും ആരും നിരീക്കണ്ട സാറേ. ഓരോര്ത്തര് വിളിച്ച് കൂവണ കേട്ടാ തോന്നും പടച്ചോന്‍ ഓര്‌ടെ പോരേലാ അന്തിയൊറക്കം ന്ന്. ക്ര്‍ഷനും ക്ര്‍സൂംക്കെ വിളിച്ചാ വിളിപ്പുറത്താണേ ആശൂത്രീം വിമാനോം ട്രേനും ഉസ്‌ക്കൂളുംക്കെ നുമ്മക്ക് എന്തിനാന്നെ?'
ഒന്നൊന്നായി കൊറിച്ചു കൊണ്ടിരുന്ന കപ്പലണ്ടിക്കടല, എന്റെ വായയുടെ ഏകദേശവും നിറച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ മജീദിക്കയുടെ അഭിപ്രായത്തിന് ഉടനടി മറുപടി പറയാന്‍ സാധിച്ചില്ല. എല്ലാം ശരിവെയ്ക്കുന്ന മട്ടില്‍ ഞാന്‍ മൂളിക്കൊണ്ട് ഒന്ന് തലയാട്ടി.
വൃത്തസ്തൂപികയുടെ ആകൃതിയില്‍ മടക്കിയ കടലാസിനുള്ളില്‍ മിച്ചം വന്ന ഏതാനും കടല വലത് കൈവെള്ളയിലേക്ക് തട്ടി, കടലാസ് ചുരുട്ടി ദൂരെക്കളഞ്ഞു. ഇരുകൈകളും ചേര്‍ത്ത് ഞെരടി കടലയുടെ പുറംതോട് പൊളിച്ച ശേഷം, വറുക്കലിന്റെ ചൂരില്‍ ചെറിയ കറുത്ത പുള്ളികള്‍ വീണ വെള്ളക്കടലകള്‍ ഞാന്‍ വായ്ക്കുള്ളിലാക്കി.
'തോടോടെ കയിക്കണതാ സാറേ നല്ലത്. പഷേങ്കില്, ഇപ്പാരും തോടോടെ കയിക്കൂല്ല.'
ബീച്ചില്‍ എത്തിയ പതിവുകാരല്ലാത്തവരോട്, 'ഒന്നാണേലഞ്ചുറുപ്യ മൂന്നാണേ പത്തുറുപ്യ' എന്ന് പൊതിക്കടലയുടെ വില പറയുന്നതിനിടയില്‍ മജീദിക്കയുടെ എനിക്കായുള്ള ഉപദേശവും അഭിപ്രായവും ഒരുമിച്ചു വന്നു.
കോഴിക്കോടിന് തിരിക്കുമ്പോള്‍ ബീച്ചിലെ ബുക്ക് ഫെയറില്‍ പങ്കെടുക്കല്‍ മാത്രമായിരുന്നില്ല ഉദ്ദേശ്യം. മജീദിക്കയേയും പവിത്രനേയും കണ്ടിട്ട് മൂന്നു വര്‍ഷത്തിലേറെയായിരിക്കുന്നു.
ഇന്നലെയാണ് കോഴിക്കോടെത്തിയത്. തിരുവനന്തപുരത്ത് നിന്നും ആറിന്റെ ജനശതാബ്ദിയില്‍ കയറി. ഉച്ച കഴിഞ്ഞ് ഒന്നരയായി ഇവിടെത്താന്‍. ഇന്ന് വൈകുന്നേരം തിരിച്ചു പോകണം. കോഴിക്കോടന്‍ ഹല്‍വയും ഈന്തപ്പഴവുമായിട്ടേ വീട്ടില്‍ തിരിച്ചു കയറാവൂ എന്ന് സഹധര്‍മ്മിണിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. പര്‍ച്ചേസിന് വേണ്ടി എന്തായാലും കുറച്ചുസമയം മാറ്റിവയ്ക്കണം.
സ്റ്റേഷനില്‍ പവിത്രന്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് പവിത്രനെടുത്തു. തോള്‍ സഞ്ചിയും തൂക്കി ഞാനൊപ്പം നടന്നു.
പുറത്തിറങ്ങി, ഹോട്ടലില്‍ നിന്നും വെള്ളയപ്പവും കുറുമയും കഴിച്ചു. കോഴിക്കോടിന്റെ നോണ്‍-വെജ് വെറൈറ്റികള്‍ പരീക്ഷിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍, പവിത്രന്‍ ശുദ്ധ സസ്യാഹാരി ആയിരുന്നതിനാല്‍ ആഗ്രഹം തല്‍ക്കാലത്തേക്ക് ഒഴിവാക്കി. അതിനപ്പുറം, എന്തെങ്കിലും കഴിക്കണമല്ലോന്ന് കരുതി മാത്രം കഴിച്ചുവെന്ന് വരുത്തുന്ന പ്രകൃതമാണ് പവിത്രന്റേത്. പവിത്രന്റെ നിര്‍ബന്ധപ്രകാരം ഒരു ഗ്ലാസ് സേമിയ പായസം കൂടിയായപ്പോള്‍ വയറില്‍ ഇടമില്ലാതായി.
തുറമുഖ വകുപ്പില്‍ ഉദ്യോഗസ്ഥനായി, ഒരു ദശാബ്ദം മുമ്പാണ് തിരുവനന്തപുരത്ത് പവിത്രന്‍ ആദ്യമായി എത്തുന്നത്.
തമ്പാനൂരും പാളയത്തുമുളള വഴിയോര പുസ്തക കേന്ദ്രങ്ങളില്‍ വച്ചാണ് പവിത്രനിലെ വായനക്കാരനെ ഞാന്‍ കണ്ടുമുട്ടുന്നത്. വായിച്ച ഒന്നുരണ്ട് കഥകളെക്കുറിച്ച്, ഇടയ്ക്ക് എപ്പോഴൊക്കെയോ, സൂചിപ്പിച്ചിട്ടുണ്ട്. തരപ്പെട്ടാല്‍ വായിച്ചു നോക്കാന്‍, തീരെ നിര്‍ബന്ധമില്ലാത്ത, നിര്‍ദ്ദേശവും.
ഒരുമിച്ച് യാത്ര ചെയ്യാന്‍ വേണ്ടി മാത്രമായി ഞങ്ങള്‍ രണ്ടുപേരും കൂടി ഒരിക്കല്‍ തൃശ്ശൂരിലേക്ക് വന്നിരുന്നു. അന്ന്, തമ്പാനൂരിലെ ശ്രീകുമാര്‍ തിയേറ്ററില്‍ നിന്നും ഒരു സിനിമ കണ്ടതിനുശേഷം രാത്രി ഒമ്പതു മണിയോടെ തൃശ്ശൂര്‍ക്ക് തിരിക്കാം എന്നാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിനിടയില്‍, യാത്രയ്ക്ക് കരുതേണ്ട സാധനങ്ങള്‍ അടങ്ങിയ ബാഗ് വീട്ടില്‍ നിന്നെടുക്കാന്‍ പവിത്രന്‍ മറന്നുപോയി. തിയേറ്ററില്‍ വച്ച് ഇടവേള സമയത്താണ് പവിത്രന്‍ ഇക്കാര്യം ഓര്‍ക്കുന്നതു പോലും. സിനിമ കഴിഞ്ഞയുടന്‍, പട്ടത്തിനടുത്ത് പവിത്രന്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് ഞങ്ങള്‍ തിരിച്ചു.
'ഭക്ഷണം കഴിച്ച ശേഷം പോയാല്‍ പോരേ പവിത്രാ?' ഞാന്‍ ചോദിച്ചു.
'ആടെ ഭക്ഷണണ്ടാവും. കാശ് കളേണ്ട.' കക്ഷി വാശി പിടിച്ചു.
മറ്റു രണ്ടുപേര്‍ കൂടി ആ വീട്ടില്‍ താമസക്കാരായി ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന തൃശ്ശൂരുകാര്‍. ഇരിങ്ങാലക്കുടയും അയ്യന്തോളും സ്ഥിരതാമസം.
'അച്ഛന് തൃശൂര്‍ കലക്ടറേറ്റില്‍ ജോലിയായിരുന്നപ്പോള്‍ അയ്യന്തോളാണ് താമസിച്ചിരുന്നത്.' ഞാനെന്റെ അയ്യന്തോള്‍ ബന്ധം പൊലിപ്പിച്ചു പറഞ്ഞു.
'ഹയ്, എത്രാളായി അയന്തോള് വിട്ടിട്ട്?'
തൃശ്ശൂരുകാരുടെ മാത്രം സ്വന്തമായ ആ 'ഹയ്യി'ല്‍ ഒരു നിമിഷം എന്റെ ശ്രദ്ധ ഉടക്കി നിന്നു.
' അല്ല. ഞാന്‍ അവിടെ തങ്ങീട്ടില്ല. അച്ഛനുമമ്മയും മൂത്ത പെങ്ങളും രണ്ട് വര്‍ഷത്തോളം അവിടുണ്ടായിരുന്നു. പിന്നേം അഞ്ചാറ് കൊല്ലം കഴിഞ്ഞാണ് എന്റെ ജനനം.'
പെങ്ങളെന്ന വാക്ക് ഞാന്‍ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ് പതിവ്. ഇതിപ്പൊ ഓര്‍ക്കാപ്പുറത്ത് വായീന്ന് ചാടിയതാണ്. എന്റെ നാട്ടുഭാഷാ വഴികളിലൂടെ നടക്കാനാണ് എനിക്കെന്നും പ്രിയം. അന്യ ജില്ലക്കാരുടെ പ്രയോഗങ്ങളെങ്ങാനും നാവീന്ന് വീണു പോയാല്‍, അതിന്റെ ചളിപ്പ് മനസ്സില്‍ അങ്ങനെ കുറേ നാള്‍ ഉരുണ്ടു കയറിനില്‍ക്കും.
'അപ്പോ ന്ങ്ങള് അയ്യന്തോള് കണ്ടിട്ടില്ല്യ?'
'വന്നിട്ടുണ്ട്. എനിക്കാറോ ഏഴോ വയസ്സുള്ളപ്പോള്‍ അച്ഛനുമമ്മയും ഞാനും മൂന്നു ചേച്ചിമാരും കൂടി അവിടെ വന്നിരുന്നു. അച്ഛനുമമ്മയും പണ്ട് വാടകയ്ക്ക് താമസിച്ച വീടിന്റെ വീട്ടുകാരിയെ കണ്ടു. അവരെ തങ്കച്ചി എന്ന് വിളിക്കാനാണ് അച്ഛനുമമ്മയും പറഞ്ഞുതന്നിട്ടുള്ളത്. അവിടുന്ന് കാപ്പി കുടിച്ചു, പിന്നെ അച്ഛനുമമ്മയ്ക്കും പരിചയമുള്ള, ചില അയല്‍പക്കക്കാരുടെ വീടുകളിലും പോയിരുന്നു.'
'ശരിക്കും ജോറാണല്ലാ കേക്കാന്‍! കൃത്യായിട്ട് ലൊക്കേഷന്‍ അറിയുവോ?'
ചോദ്യത്തില്‍ അയ്യന്തോള്‍കാരന്റെ ദേശസ്‌നേഹം നിറഞ്ഞു നിന്നിരുന്നു.
'കാര്‍ത്യായനീ അമ്പലപരിസരത്താണെന്ന് അമ്മ പറഞ്ഞ അറിവുണ്ട്.'
'ന്റെ താമസം അവ്ട്ന്ന് ഏദാണ്ട് ഒന്നര കിലോമീറ്റ്‌റ് പടിഞ്ഞാട്ട് മാറീറ്റാ. തൃക്കുമാരകുടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രംന്ന് കേട്ടിട്ട്‌ണ്ടോ. അയ്‌ന്റെ തൊട്ടട്ത്തന്ന്യാ.'
'കേട്ടിട്ടുണ്ട്. അവിടുത്തെ ആനയൂട്ടിനെ കുറിച്ച് മുമ്പെപ്പോഴോ പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.'
'അതെന്നെ സ്ഥലം. അയ്യന്തോളിലെ പഴയ ബന്ധുക്കളുടെ ഡീറ്റെയില്‍സ് തന്നാല് തപ്പിപ്പിടിക്കാന്‍ നോക്കാം. നേരിട്ടറീന്ന ചങ്ങായിമാര് നാലഞ്ചെണ്ണം അവിട്‌ണ്ടേ.' അയ്യന്തോള്‍ ചങ്ങാതിയുടെ ഔപചാരികത.
'നോക്കാം. ഏല്‍പ്പിക്കാം പവിത്രനെ.' ഔപചാരികതയ്ക്ക് ഞാനും കുറവ് വരുത്തിയില്ല.
പരിചയപ്പെടലിനു ശേഷമുള്ള സംഭാഷണമധ്യേയാണ് ഞാന്‍ മനസ്സിലാക്കുന്നത്. രാത്രിയിലെ യാത്രയെക്കുറിച്ച് പവിത്രന്‍ യാതൊന്നും തന്നെ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ആഹാരവിഷയം വന്നപ്പോഴാണ് പ്രശ്‌നം സങ്കീര്‍ണമായത്.
'ന്താ പവിത്രാദ്? ചെങ്ങായിനെം കൂട്ടി വരുമ്പോ ഒന്ന് വിളിച്ച് പറഞ്ഞൂടെന്ന്?' ഇരിങ്ങാലക്കുട പരിഭവക്കെട്ട് തുറന്നു.
അയ്യന്തോള്‍ പിന്നാലെ വന്നു. 'ഈ പവിത്രന്റെ ഒരു കാര്യം! തിയേറ്റ്‌റീന്ന് എറങ്ങ്‌മ്പെങ്കിലും നിനക്ക് വിളിച്ചുടാര്‍ന്നോ? അരീടുമ്പോള്‍ ഞങ്ങക്ക് അഡ്ജസ്റ്റ് ചെയ്യാരുന്നല്ലോ.'
'സാരല്ല. ഈടൊള്ളത് മദീന്ന്,' പവിത്രന്‍ അവരെ അനുനയിപ്പിക്കാന്‍ ആവതു ശ്രമിച്ചുകൊണ്ടിരുന്നു.
പവിത്രനൊപ്പം ഞാനും കൂടി. 'നിങ്ങള് വെഷമിക്കേണ്ട ഒരു കാരിയോം ഇല്ല. ഭക്ഷണം തെകഞ്ഞില്ലേ ഞാന്‍ പുറത്തീന്ന് കഴിച്ചോളാം. പവിത്രന്‍ കഴിച്ചോ.'
പവിത്രനല്ലേ ആള്! തനിക്ക് വിശപ്പില്ല എന്നോട് കഴിച്ചേക്കാന്‍ പറഞ്ഞു.
അല്പസമയം അങ്ങോട്ടുമിങ്ങോട്ടും പന്തുരുട്ടിയശേഷം രണ്ടുപേരും ഉള്ളതിനെ പപ്പാതി ഷെയര്‍ ചെയ്യാമെന്ന് തീരുമാനിച്ചു.
പവിത്രന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കിട്ടിയതില്‍പ്പിന്നെ ഞങ്ങള്‍ തമ്മില്‍ ഒന്നുരണ്ടു വര്‍ഷത്തേക്ക് കോണ്‍ടാക്ട് തീരെയില്ലായിരുന്നു എന്നു തന്നെ പറയാം. ബീച്ചിലെ ബുക്ക് ഫെയറില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടുകൂടിയാണ് ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.
ഇപ്പോള്‍ മാനാഞ്ചിറയിലാണ് പവിത്രന്റെ താമസം.
ഹോട്ടലില്‍ നിന്നിറങ്ങി, ഒരോട്ടോയിലാണ് പവിത്രന്റെ റൂമിലേക്ക് പോയത്. ഭക്ഷണത്തിന്റെ കാശും ഓട്ടോച്ചാര്‍ജും പവിത്രന്റെ വക.
ഒരു മണിക്കൂറോളം വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
പവിത്രന്റെ കാസറഗോഡന്‍ ശൈലി എനിക്ക് ഏറെ താല്പര്യമാണെങ്കിലും, സംസാരിക്കുന്ന കാര്യത്തില്‍ പവിത്രന്‍ പൊതുവേ പിശുക്കനാണ്. നുമ്മടെ സംസാരത്തിന് പൊലിമ നല്‍കാനെന്നവണ്ണം ചില ങാ, ങും, 'അയ് ശെരി'കളില്‍ പലപ്പോഴും പവിത്രന്റെ മറുപടിയൊതുങ്ങും.
'മജീദ്ക്കാനെ കാണാന്‍ പോണ്ടേ?'
'പിന്നേ... പോകാതെ! വെളുപ്പിന്റെ വണ്ടിക്ക് ഇത്രേം ദൂരം വന്നിട്ട് ഇക്കയെ കാണാതെ പോകാനോ?'
നുമ്മടെ പ്രഥമ കോഴിക്കോടന്‍ സമാഗമത്തിന്റെ സംഭാവനയാണ് മജീദിക്കയെന്ന് പവിത്രന്‍ ഫലിതം പറയാറുണ്ട്.
സംഭവം സത്യമാണു താനും. ആദ്യവരവില്‍, പവിത്രനേയും കണ്ട്, ബുക്ക് ഫെയറില്‍ പങ്കെടുത്ത ശേഷം മടങ്ങുക എന്നുള്ളതായിരുന്നു കണക്കുകൂട്ടല്‍.
തുടക്കത്തിലെ ഏതാനും സ്റ്റാളുകളില്‍ കയറിയതിനു ശേഷം, ബാക്കി നാളെയാകാം എന്നു കരുതി പുറത്തിറങ്ങി, ചായ കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് പവിത്രന്റെ ആത്മഗതം. 'കാണേണ്ട ഒരു കക്ഷീണ്ട്. ഒന്ന് പോയിക്കണ്ടാലോ?'
'പിന്നെന്താ - പോയിക്കളയാം.' എനിക്ക് മറ്റു പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പവിത്രന്റെ പ്രൊപ്പോസലില്‍ എന്തോ സവിശേഷത മുങ്ങിക്കിടപ്പുണ്ടെന്ന് തോന്നിയതുകൊണ്ടും ഞാന്‍ സമ്മതിച്ചു.
സസ്‌പെന്‍സ് അതിന്റെ ത്രില്ലില്‍ ആസ്വദിക്കുന്നതാണ് പണ്ടേ കൂടുതല്‍ ഇഷ്ടമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചില്ല.
ബീച്ചിലെ കാലുപുതയുന്ന മണലിലൂടെ ആയാസപ്പെട്ട് നടന്നു. ദൂരേയ്ക്ക് കൈ ചൂണ്ടി, പവിത്രന്‍ പറഞ്ഞു. 'ദാ, ആ നീലക്കുപ്പായക്കാരന്‌ല്ലേ? അദാ കക്ഷി.'
നീലയെന്ന് പറയാന്‍ പറ്റില്ലെങ്കിലും, നീലിമ കലര്‍ന്ന ഒരു നരച്ച മുഴുക്കയ്യന്‍ ജുബ്ബയും ഏതാണ്ട് വെളുത്ത നിറത്തിലുള്ള പൈജാമയുമിട്ട ഒരാള്‍, തന്റെ അരികില്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഇടങ്കയ്യില്‍ തൂക്കിയ ബാഗില്‍ നിന്നും എന്തോ നല്‍കുന്നതും അതിന്റെ വില വാങ്ങി ജുബ്ബയുടെ വലതു പോക്കറ്റില്‍ ഇടുന്നതും, പവിത്രന്‍ കൈ ചൂണ്ടിയ ദിശയില്‍ ഞാന്‍ കണ്ടു.
ആളുടെ അടുത്ത് ഏതാണ്ട് എത്തിയപ്പോഴാണ് മനസ്സിലായത്; കപ്പലണ്ടിക്കടലയുടെ കച്ചവടമാണ് കക്ഷി നടത്തിക്കൊണ്ടിരിക്കുന്നത്.
'മജീദ്ക്കാ.' പവിത്രന്‍ നീട്ടിവിളിച്ചു.
'ദാരിദ് പവിത്രനാ? കൂട്ട്‌നാരാ? മുമ്പീടങ്ങനെ കണ്ട്ട്ട്ല്ലാലോ!'
പവിത്രനോടും എന്നോടുമുള്ള ചോദ്യങ്ങള്‍ ഒറ്റവണ്ടി കയറി വരുന്നതിന്റെ കൗതുകം ഞാന്‍ ആസ്വദിച്ചു.
ചുരുക്കം വാക്കുകളില്‍ പവിത്രന്‍ എന്നെ പരിചയപ്പെടുത്തി.
'തിര്വനന്തൊരത്തില്ലാത്ത പൊസ്‌തോം മേടിക്കാനാ ങ്ങള് കോയിക്കോടിന് വണ്ടി പിടിച്ച് വന്നേക്കണേ? അസ്സല് ശേല്അന്നെ പടച്ചോനെ!' നല്ലൊരു തമാശ കേട്ട മാതിരി മജീദിക്ക ഉറക്കെ ചിരിച്ചു.
'തിരുവനന്തപുരത്താകുമ്പഴ് എപ്പൊ വേണേലും വാങ്ങാമല്ലോ! പിന്നെ, അവിടെ, ഇവിടത്തെ മാതിരി പവിത്രനെ ഒപ്പം കൂട്ടാനും പറ്റില്ലല്ലോ!'
'അദ് കാര്യം. ന്നാപ്പിന്നെ, ഇനി വരുമ്പം വരുമ്പം മജീദ്‌നെക്കൂടി കാണ്‌ന്നേല് വിരോധംണ്ടോ സാറേ ങ്ങക്ക്?'
'ആയിക്കോട്ടെ. ഒരു വിരോധോമില്ല,' ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു.
'അദോ നുമ്മക്ക് കപ്പലണ്ടി കച്ചോടം ആയോണ്ട് ങ്ങക്ക് കൊറച്ചില് വല്ലോംണ്ടോ?'
'അതെന്തിനാ? ഇക്കാ അധ്വാനിച്ചല്ലേ ജീവിക്കുന്നത്? ഏത് തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍.'
മജീദിക്ക ഒരു നിമിഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
'ങ്ങനൊക്കെ വെള്ളിവെളിച്ചത്തില് ല്ലാരും പറയ്യും സാറേ. ന്നാല്, അവ്‌നോന്റെ നെഞ്ചും കൂട്ടിനകത്ത് വേറെ ആണ് വിജാരങ്ങള്.'
'പുദീയ ഫിലോസഫിക്ക് ങ്ങള് തിരി കൊളുത്തീദാ?' പവിത്രന്‍ ചെറിയ ചിരിയോടെ എന്നോട് ചോദിച്ചു.
'ഒന്നും പുദീദല്ല പവിത്രാ. ല്ലാം ഈട്ള്ളദന്നെ. നുമ്മക്കായിറ്റ് പുദീദ് ഒന്നും പറയാനും ല്ല.'
കടല വില്‍പ്പനയും കാശ് വാങ്ങലും ഇതിനൊപ്പം നടക്കുന്നുണ്ടായിരുന്നു.
'സാറ് പറയ്യ്. കല്ലില് രൂപം കൊത്തണ പണി മോശാണോ? സ്വര്‍ണ്ണപ്പണി മോശാണോ? നല്ല ശേലില് തുണി വെട്ടി തയ്ക്കണ ജോലി മോശാണോ? നന്നായി പാകം ചെയ്യണ പണി മോശാണോ സാറേ?'
മജീദിക്കയുടെ ഉള്ളില്‍ നിന്നും, തിളച്ചു മറിയുന്ന കുറേ ചോദ്യങ്ങള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചതു പോലെ എനിക്ക് തോന്നി.
'അതല്ലേ മജീദിക്കാ ഞാന്‍ നേരത്തെയും പറഞ്ഞത്; എല്ലാ തൊഴിലും മനോഹരമാണ്. മഹത്തരവുമാണ്.'
'ന്നാപ്പിന്നെ ന്താ സാറേ നുമ്മടെ നാട്ടിലെ അയ്യേസുകാരും അയ്പീയെസുകാരും ഡാക്റ്ററ്മാരുമൊന്നും അവര്‌ടെ മക്കളെ മ്മാതിരി ഒള്ള ഒന്നും പടിക്കാന്‍ അയക്കാത്തെ?'
അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ഉത്തരം മുട്ടിപ്പോയി. ഒരു പതിഞ്ഞ ചിരി കൊണ്ട് എനിക്കെന്റെ ജാള്യം മറയ്ക്കേണ്ടി വന്നു.
'ഒന്നേള്ളൂ സാറേ കാര്യം. തൊയിലിനുംണ്ട് നെലേം വെലേം. നെലേം വെലേം ഒളേളാര്ക്ക് നെലേം വെലേം ഒള്ള തൊയില്‌ന്നെ വേണംന്ന്.'
'അദ് കറക്റ്റാ.' പവിത്രന്‍ തലയാട്ടി.
'ചെലോര് മക്കളെ കലകള് പടിക്കാനയയ്ക്കും. മോഹിനിയാട്ടം, പെയിന്റിങ്ങ്, സങ്കീദം. തീര്‍ന്നു. കലകള് മുയ്വന്‍ അവ്‌ടെ തീര്‍ന്നു. നുമ്മള് പറഞ്ഞ തൊയിലുകള്‍ മുയ്വന്‍ ഒന്നാന്തരം കലകളും കൂടാ സാറേ. ന്നിട്ടെന്തേ ആര്ക്കും അദ്ഒന്നും വേണ്ടാത്തെ?'
ഒന്നു നിര്‍ത്തി, മജീദിക്ക തുടര്‍ന്നു.
'നുമ്മള് പറഞ്ഞോലെ, കലയ്ക്കും ഒണ്ട് നെലേം വെലേം. നെലേം വെലേം കൂടിയോര്ക്ക് നെലേം വെലേം ഒള്ള കലകള്, യേദ്?'
മറുത്തു പറയാന്‍ എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല.
'പറയാനാണേ ഒര്പാട്ണ്ട് സാറേ. മുഷിച്ച്‌ലാവും. അദോണ്ട് പ്പ വേണ്ട.'
ജീവിതത്തെ അളന്നു കുറിക്കാന്‍ ബുദ്ധിജീവിയൊന്നുമാകേണ്ട കാര്യമില്ലെന്ന് ആ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.
ഓരോ സാധാരണക്കാരനിലും ഒരു ജ്ഞാനി ആരാലും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.
'മജീദിക്കാ, എന്തായാലും ഞാനൊന്നുറപ്പിച്ചു. ഇനിയുള്ള എന്റെ കോഴിക്കോടന്‍ യാത്രകള്‍ മജീദിക്കാനെ കാണാന്‍ കൂടിയുള്ളതായിരിക്കും.'
'പെരുത്ത് സന്തോഷം. ന്നാപ്പിന്നെ, നുമ്മടെ വക കടലേങ്കൊറിച്ചോണ്ട് രണ്ടാളും ഈടിരിക്കീ. നുമ്മളൊന്ന് കറങ്ങീച്ചും പ്പ വരാം.'
ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഓരോന്ന് വീതം കടലപ്പൊതി നല്‍കിക്കൊണ്ട് ഇക്ക പറഞ്ഞു.
'നേരം വൈകിത്തുടങ്ങി മജീദിക്കാ. നമുക്ക് പിന്നെ കണ്ടാലോ?'
'ആയ്‌ക്കോട്ടെ. ങ്ങടെ കാരിയോം നടക്കട്ടെ. പിന്നെക്കാണാം സാറേ.'
മടക്കയാത്രയില്‍ മജീദിക്കാനെക്കുറിച്ച് കുറേ കാര്യങ്ങള്‍ പവിത്രന്‍ പറഞ്ഞു.
കേരളം മുഴുവനുമുള്ള വലിയ പ്രിന്റിംഗ് പ്രസ്സുകള്‍ക്ക് അച്ചടി പേപ്പറും കാര്‍ഡ് പേപ്പറും വിതരണം ചെയ്യുന്ന, എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ചെറുപ്പം മുതല്‍ക്കേ ജോലിക്കാരനായിരുന്നു മജീദിക്ക. ശിവകാശിയില്‍ നിന്നും ലോറിയില്‍ ആയിരുന്നു പേപ്പര്‍ എറണാകുളത്തേക്ക് കൊണ്ടുവന്നിരുന്നത്. അവിടെ വച്ച് പല സൈസുകളില്‍ കട്ട് ചെയ്ത പേപ്പര്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു രീതി.
'ഇങ്ങനെയൊക്കെ, നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടല്ലേ?'
'ആരാണ്ടൊക്കെ പറഞ്ഞ് കേട്ട അറിവാണ്. ഒറപ്പില്ല. മജീദിക്കാനോട് ഞാന്‍ നേരില് ചോദിച്ചിട്ടുംല്ല.'
'നേരാവാം. പുതിയൊരറിവിന്റെ കൗതുകം സൂചിപ്പിച്ചു എന്ന് മാത്രം.'
താന്‍ പറഞ്ഞുവരുന്ന കാര്യത്തില്‍ എനിക്ക് അവിശ്വാസമുള്ളതായി പവിത്രന് തോന്നിയതു പോലെ ഒരുനിമിഷം ഞാന്‍ പരിഭ്രമിച്ചു.
'ഒരിക്കല്‍ കട്ട് ചെയ്യുന്നതിനുള്ള പേപ്പര്‍ ഗോഡൗണില്‍ നിന്നും തലച്ചുമടായി കൊണ്ടുപോകുമ്പോള്‍ മജീദിക്കാ കാല് തെന്നി വീണു. വീഴ്ചയില്‍ മജീദിക്കാന്റെ വലദ്കാല്, പാദത്തിന് മോളില്‍ വച്ചങ്ങ്ട് ഒടിഞ്ഞ്.'
'അതാണോ ഇക്ക നടക്കുമ്പോള്‍ ഒരു ചെറിയ മുടന്തുള്ളത്?'
'അദെ. മാസങ്ങളോളം കെടക്കേല് ആര്‍ന്നത്രേ. ജോലിയും പോയി. അങ്ങനാണ് പൊതിക്കടലേടെ കച്ചോടം കക്ഷി തുടങ്ങീദ്. ഇരുപദില് കൂട്ദല് വറ്ഷം മുമ്പത്തെ കഥയാ.'
'ജീവിക്കാനുള്ളത് ഇതില്‍ നിന്നും ഇക്കായ്ക്ക് കിട്ടുന്നുണ്ടാവുമോ?' ഞാന്‍ സംശയം ചോദിച്ചു.
'തന്നെക്കുറിച്ച് ടെന്‍ഷന്‍ ഫ്രീയാ കക്ഷി. മറ്റ്‌ള്ളോരെപ്പറ്റി ആധിയും പിടിക്കും.'
പവിത്രന് അപ്പറഞ്ഞ കാര്യത്തില്‍ എനിക്കും സംശയം ഇല്ലായിരുന്നു. കുറഞ്ഞ നേരത്തെ സംഭാഷണത്തിലൂടെ ആ മനുഷ്യന്‍ എന്നെ ബോധ്യപ്പെടുത്തിയതും മറ്റൊന്നല്ലല്ലോ!
'ശിവകാശി മൊതല് കാസറ്‌ഗോഡ് വരേള്ള യാത്രേളോണ്ട് ക്കാന് കിട്ടിയ വല്യ ഗുണം ന്താച്ചാല്, ക്കണ്ട നാട്ടിലെ മൊത്തം സംസാരരീദീളും നന്നായി തിരിയും.'
ഒരു മുഴുനീള കോഴിക്കോടന്‍ സ്ലാങ്ങ് ഇക്കായുടെ സംസാരത്തില്‍ ഇല്ലല്ലോയെന്ന കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു.
'മജീദ് ക്കാന് ബീച്ചിലുള്ളോര്‌ക്കെ 'ഡാ'യും 'ഡീ'യുവാ. അരിശം വന്നാ നായേന്നാവും വിളി.'
'ആര്‍ക്കും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല?'
'ഏയ്... അങ്ങോരുടെ പ്രകൃതം എല്ലാരിക്കും തിരിയും.'
സൗഹൃദപ്പട്ടികയില്‍ ഒരു നല്ല മനുഷ്യന്‍ കൂടി കൂട്ടുചേര്‍ന്നതില്‍ മനസ്സിന് കുളിര്‍മ തോന്നി.
'യാത്ര കയിഞ്ഞ് എത്തീതല്ലേ? വേണേ ഒന്ന് മയങ്ങിക്കോ. ഫെയറിന് പൂവാന്‍ ഇനീം ഒരു മണിക്കൂറ്ണ്ടല്ലോ.' മെത്തയില്‍ പുതിയ ഷീറ്റ് വിരിച്ചു കൊണ്ട് പവിത്രന്‍ പറഞ്ഞു.
ശരിയാണ്. ഒന്ന് മയങ്ങിയാല്‍ മുറിഞ്ഞുപോയ ഉറക്കം കുറച്ച് തുന്നിച്ചേര്‍ക്കാം. മാത്രമല്ല, വെള്ളയപ്പത്തിനൊപ്പം അകത്താക്കിയ സേമിയ പായസം ഉറക്കത്തെ മാടിവിളിക്കുന്നുമുണ്ട്.
ഇരുള്‍ വീണിട്ട് ഫെയറിന് പോകാം. അല്ലെങ്കിലും, അന്തിമയങ്ങിയ കോഴിക്കോടിനാണല്ലോ ചന്തം കൂടുതല്‍!
മയങ്ങിയെണീറ്റതിനു ശേഷം കുളിച്ചു. വസ്ത്രം മാറി, പവിത്രനോടൊപ്പം ബീച്ചിലേക്കുള്ള ബസ് പിടിച്ചു. പുസ്തക പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് തന്നെ ആദ്യം പോയി.
വേദിയില്‍, ബഷീര്‍ കഥകളെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണ്. വ്യാകരണ നിയമങ്ങളെ പടിക്ക് പുറത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്റെ രചനാശൈലിയുടെ ഓരം പിടിച്ചായിരുന്നു ചര്‍ച്ച മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്.
വേദിയിലിരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രഗല്‍ഭര്‍ക്കൊപ്പം, കാണികളില്‍ നിന്നും നല്ല ഇടപെടലുകള്‍ ഉണ്ടാകുന്നത് വളരെ രസകരമായ അനുഭവമായിരുന്നു.
'ഇക്കാലത്തും ഒരു സാഹിത്യ ചര്‍ച്ചയ്ക്ക് ഇത്രയേറെ സാധാരണക്കാരുടെ സജീവമായ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിക്കുന്നത് കോഴിക്കോടിന്റെ മാത്രം പ്രത്യേകതയാണ്,' ഞാന്‍ പറഞ്ഞു.
'കേട്ട്ട്ട്‌ല്ലേ, വയ്യുന്നേരങ്ങളില് ഒരു ഹാര്‍മോണിയോം തൂക്കി കോയിക്കോടിന്റെ തെര്വ്കളില് പാടാന്‍ വന്നിരിക്കണ ബാബുരാജ് മാഷ്‌നെ കുറിച്ച്? മാഷ്‌ന് ചുറ്റും ആള്‍ക്കാര് വന്ന് നെറേമാര്ന്നത്രേ! സബാഷ് വിളിക്കാമ്മാത്രല്ല, കീശേലൊള്ളദിന്റെ വീദം കൊട്ക്കാനും ഓര്ണ്ടാര്ന്നു.'
ശരിയാണ്. ഞാനും കേട്ടിട്ടുണ്ട്.
'ബുക്ക് സ്റ്റാളില്‍ കേറണ്ടേ? ഒമ്പദ് മണിയാവുമ്പം ക്ലോസ് ചെയ്യും.' പവിത്രന്‍ ഓര്‍മിപ്പിച്ചു.
'വേണ്ട. നാളെ പകല്‍ മുഴുവന്‍ സമയമുണ്ടല്ലോ!'
എട്ടു മണിക്ക് ചര്‍ച്ച അവസാനിച്ചു.
'ഇക്ക ഫ്രീ ആയിട്ടുണ്ടാവുമോ?'
'ന്തായാലും പൂവാം. കച്ചോടം പത്ത് കയിഞ്ഞും ണ്ടാവും. ഈടേം ചെലപ്പോ വന്ന് പോയിട്ട്ണ്ടാവും.'
ബീച്ചിലെത്തിയപ്പോള്‍, ഇന്നത്തെ കച്ചവടം അവസാനിപ്പിച്ച മട്ടില്‍, ബാഗ് നിലത്ത് വച്ച് അതിനരികിലായി, കടലും നോക്കിയിരിക്കുകയാണ് ഇക്ക.
'മജീദിക്കാ' എന്ന് വിളിച്ചുകൊണ്ട് ഞാന്‍ അരികിലേക്ക് എത്തുമ്പോഴേക്കും, സന്തോഷത്തിന്റെ ചിരി ആ മുഖത്ത് വിടരുന്നത് ബീച്ചിലെ വൈദ്യുതി വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
'സാറിന്ന് വരൂന്ന് പവിത്രന്‍ പറഞ്ഞിര്ന്ന്.'
മൂന്നുവര്‍ഷത്തെ ഇടവേള കുശലാന്വേഷണങ്ങള്‍ കൊണ്ട് നിറച്ചു.
ഞങ്ങളിരുവരും മജീദിക്കയുടെ രണ്ടുവശങ്ങളിലായി ഇരിപ്പുറപ്പിച്ചു.
ഇടയ്ക്ക്, അതുവഴി വന്ന ഉന്തുവണ്ടിയില്‍ നിന്നും ഉപ്പിലിട്ട പൈനാപ്പിള്‍ പവിത്രന്‍ വാങ്ങിക്കൊണ്ടു വന്നു.
ഉപ്പുവെള്ളത്തിലിട്ട, നീളത്തിലരിഞ്ഞ പൈനാപ്പിള്‍ പഴത്തിന്റെ കഷണങ്ങള്‍ക്ക് അസാധ്യ രുചിയായിരുന്നു. അവ ഞാനാസ്വാദിച്ച് കഴിക്കുന്നത് കണ്ട്, 'മുളക് പുരട്ടിയ ഉപ്പിലിട്ട മാങ്ങയാണ് ലാലുവിന്റെ മാസ്റ്റര്‍പീസ് 'എന്ന് പറഞ്ഞുകൊണ്ട് പവിത്രന്‍ അത് വാങ്ങാനായി കടല്‍ക്കരയില്‍ നിന്നും എഴുന്നേറ്റു. 'നീ അതുമിതും മേടിച്ച് കൊടുത്ത് സാറിന്റെ വയറ് എടങ്ങേറാക്കല്ലേ പവിത്രാ.'
പവിത്രന്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ലാലുവിന്റെ അരികിലേക്ക് നടന്നു.
ലാലുവും ചില്ലു കുപ്പികളിലും ഭരണികളിലുമായി ലഘുവിഭവങ്ങള്‍ നിറച്ച ലാലുവിന്റെ നാലുചക്ര ഉന്തുവണ്ടിയും ഇതിനോടകം ഞങ്ങളില്‍ നിന്നും നൂറു മീറ്ററിലധികം അകലത്തെത്തിയിരുന്നു.
'ബംഗാളി ലാലൂന്നാ ല്ലാരും ഓനെ വിളിക്ക്‌നദ്. മദന്‍ കുമാറെന്നാ ശരിക്കും പേര്. ബീഹാറിയാ. 'അല്ലേലും കെട്ടിലും മട്ടിലും കൊറഞ്ഞ ഹിന്ദിക്കാരെല്ലാരും നുമ്മക്ക് ബംഗാളികളാണല്ലോ?''
മജീദിക്കാന്റെ നാവില്‍ ഒളിയമ്പുകള്‍ വിളയാടുന്നത് കണ്ട് എനിക്ക് ചിരിവന്നു.
' വിറ്റ് കിട്ടണേതില് പാദീക്കൂട്ദലും വയറൊട്ടിയവര്ക്കും ആശൂത്രി പൂവ്വാന്‍ നെവര്‍ത്തിയില്ലാണ്ട്രിക്കണോര്ക്കും വാരിക്കൊട്ക്കുീ. ബാക്കി ഒള്ളതോണ്ടാ ഓന്റേം ഓന്റെ കുടുംബത്തിന്റേം ജീവിദം'.
മാങ്ങാക്കഷണങ്ങള്‍ ചെറിയ പ്ലാസ്റ്റിക്ക് കവറിലാക്കി പവിത്രന് കൈമാറുന്ന ലാലുവിനെ ഞാന്‍ അത്ഭുതത്തോടും ആദരവോടും നോക്കിയിരുന്നു.
'ചെലോര് അങ്ങനാണ് സാറേ. മീണ്ടും മീണ്ടും കൊടുത്തോണ്ടേയിരിക്കും. കയ്യീ നെറയണോനൊന്നും കൊടുക്കാന്‍ മനസ്സ് കാണൂല്ല. മനസ്സുള്ളോന് കയ്യീലും കാണൂല്ല.'
'വളരെ ശരിയാണിക്കാ'.
'നാട് ഏതാന്നല്ല. മന്ഷത്തം ല്ലാടോം ഒരു പോലാ.'
മജീദിക്ക ഇങ്ങനൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോഴും എന്റെ കണ്ണുകള്‍, ആള്‍ക്കാര്‍ക്ക് താന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വിഭവങ്ങള്‍ ഒരു ചെറുപുഞ്ചിരിയോടെ സാവധാനം നല്‍കിക്കൊണ്ടിരിക്കുന്ന, ഇളം മഞ്ഞനിറത്തിലുള്ള ടീഷര്‍ട്ടും നരച്ച ജീന്‍സും ധരിച്ച ആ കൊലുന്നന്‍ യുവാവില്‍ തങ്ങിനില്‍ക്കുകയായിരുന്നു.
പാതിരാവോളം രാഷ്ട്രീയവും മതവും ഫിലോസഫിയുമൊക്കെ ചര്‍ച്ച ചെയ്തുകൊണ്ട് ഞങ്ങള്‍ കടല്‍ക്കരയിലിരുന്നു.
വാര്‍ വാച്ചിംഗ് ഡ്യൂട്ടി ഉള്ളതിനാല്‍ നാളെ വളരെ നേരത്തെ ഓഫീസില്‍ എത്തണമെന്നും വൈകിട്ട് ഏഴിന് ശേഷം മാത്രമേ ഫ്രീ ആകാന്‍ പറ്റൂ എന്നും പവിത്രന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് യാത്ര അയയ്ക്കാന്‍ സ്റ്റേഷനില്‍ വരാന്‍ പറ്റില്ലല്ലോ എന്ന സങ്കടം പവിത്രനുണ്ടായിരുന്നു.
തുറമുഖ വകുപ്പ്, ഇന്ത്യന്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവ സംയുക്തമായി തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ പലതവണ നടത്താറുള്ള സ്‌പെഷ്യല്‍ പ്രോഗ്രാമാണ് വാര്‍ വാച്ചിംഗ്. പവിത്രന്‍ ഈ ഡ്രില്ലില്‍ സ്ഥിരം കക്ഷിയാണ്.
'ദേ, താക്കോലീടെ വച്ചിട്ട്ണ്ട്. മടങ്ങാന്നേരം വന്ന് സാദനങ്ങള് എട്ത്തിട്ട്, കതക് പൂട്ടി താക്കോലീടെത്തന്നെ വച്ചാ മദി.'
ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.
പ്രഭാതഭക്ഷണം കഴിച്ച ശേഷം,
പവിത്രന്‍ ജോലി ചെയ്യുന്ന കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ ഓഫീസിലേക്ക് ഒപ്പം പോയി.
ഒരു മുറിയില്‍ വിവിധതരം ടെലിസ്‌കോപ്പുകളും മറ്റുപകരണങ്ങളും അടുക്കിവെച്ചിട്ടുള്ളത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ടെലിസ്‌കോപ്പെന്നത് എന്റെ ബാല്യകാലകൗതുകങ്ങളില്‍ ഒന്നായിരുന്നു. അതേ കൗതുകത്തോടെ കൂട്ടത്തിലുള്ള ഒന്നിനെ ഞാന്‍ എടുത്തു നോക്കി.
'ബ്രിട്ടീഷുകാരുടെ വകയാ,' പവിത്രന്‍ ഫലിതരൂപേണ പറഞ്ഞു.
'നിര്‍മ്മിതിയും പഴക്കവും കണ്ടപ്പോ എനിക്ക് തോന്നി.'
'ഈട്ള്ളദില് ഏറ്റോങ്കൂട്ദല് ക്വാളിറ്റി ഇദിനാന്നാ നിക്ക് തോന്നീട്ട്ള്ളത്.'
പഴക്കം കൊണ്ട് കറുത്തു തുടങ്ങിയ രണ്ട് മുളങ്കുഴലുകള്‍. ആയാസമധികമില്ലാതെ തന്നെ, ചലനസ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തില്‍, ഒന്ന് മറ്റൊന്നിനുള്ളിലാക്കി കടത്തിവച്ചിരിക്കുന്നു. അവയിലാണ് ലെന്‍സുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
തുറന്നിട്ട ജനല്‍ വഴി ഞാന്‍ കടലിലേക്ക് ടെലിസ്‌കോപ്പിനെ ഫോക്കസ് ചെയ്തു. മുന്നിലൊരു മൂടല്‍മഞ്ഞ് തെളിഞ്ഞു. അല്പസമയം ശ്രമിച്ചെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. പവിത്രന്‍ ഇടപെട്ടതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ തെളിച്ചമുള്ളതായി.
നീലക്കടലും വെള്ളിമേഘങ്ങള്‍ ചിതറിയ അനന്ത നീലാകാശവും ഒരു വൃത്തത്തിനുള്ളില്‍ പരിമിതപ്പെട്ടു.
വൃത്തത്തെ കീറിമുറിച്ച് കൊണ്ട് ഒരു ബോട്ട് ഇതിനിടയില്‍ കടന്നുപോയി.
ടെലസ്‌കോപ്പിന്റെ ദിശ മാറ്റിമാറ്റി നോക്കി. കടലിന്റെയും ആകാശത്തിന്റെയും സംഗമരേഖയില്‍ ഒരു ചെറിയ കപ്പല്‍ നിശ്ചലമായി കിടക്കുന്നത് കണ്ടു.
'അത്ര ചെറുദ് ഒന്നുമായിരിക്ക്ല്ല. ഇത്രേീ ദൂരേന്ന് കാണണോണ്ട് തോന്നണദാ. ഏദോ കാര്‍ഗോ വെസലാണ്.' പവിത്രന്റെ അനുഭവജ്ഞാനം.
അങ്ങകലെ, ചക്രവാളത്തെ തൊട്ടു നില്‍ക്കുന്ന ഈ കപ്പലിനുള്ളിലും ഗൃഹാതുരത്വത്തിന്റെ പിടച്ചിലുമായി കഴിയുന്ന ഒരാളെങ്കിലും ഉണ്ടാവില്ലേ? ഞാനാലോചിച്ചു.
വീട്ടിലൊന്നെത്താന്‍, അച്ഛനമ്മമാരെ കാണാന്‍, പ്രിയതമയെ നെഞ്ചോട് ചേര്‍ക്കാന്‍ അയാള്‍ കൊതിക്കുന്നുണ്ടാവില്ലേ? മക്കളുടെ കുസൃതികള്‍ക്കൊപ്പം കൂടാനും കൂട്ടുകാരൊത്ത് സൊറ പറഞ്ഞിരിക്കാനും ദാഹിക്കുന്ന മനസ്സുമായി അയാളിപ്പോള്‍ സ്വയം ദഹിക്കുകയായിരിക്കണം....
സംഘര്‍ഷങ്ങളുടെ കാര്‍ഗോ ഇറക്കാനുള്ള തുറമുഖങ്ങള്‍ തേടി, ദിനവും എത്രയെത്ര കപ്പലുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്!
ടെലിസ്‌കോപ്പ് മാറ്റിവച്ച് പുറത്തിറങ്ങി. ഓഫീസിന് പുറത്ത് അല്പം മാറി നിന്ന് കടലിലേയ്ക്ക് നോക്കിയപ്പോള്‍ പഴയ കടല്‍പ്പാലത്തിന്റെ ഏതാനും കാലുകളുടെ അവശേഷിപ്പുകള്‍ വെള്ളത്തില്‍ പൊന്തി നില്‍ക്കുന്നത് കണ്ടു. തുരുമ്പിച്ചു നാമാവശേഷമായ ആ കാലുകള്‍ കണ്ടപ്പോള്‍, കടലിന്നുമേലെ, ആര്‍ട്ടിസ്റ്റ് നമ്പൂതിരി കോന്ത്രപ്പല്ലുകള്‍ വരച്ചുവച്ചതുപോലെ എനിക്ക് തോന്നി.
പവിത്രന്‍ ഡ്യൂട്ടിക്ക് കയറിയതിനാല്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.
ബുക്ക് ഫെയറിലേയ്ക്ക് കയറി. സ്റ്റാളുകളെല്ലാം ചുറ്റിക്കറങ്ങി കുറേ പുസ്തകങ്ങള്‍ വാങ്ങി.
പുറത്തിറങ്ങുമ്പോള്‍ സമയം രണ്ട് കഴിഞ്ഞിരുന്നു.
ഉച്ചഭക്ഷണം നോണ്‍വെജ് തന്നെയാക്കി.
രുചികരമായിരുന്നു വിഭവങ്ങളെങ്കിലും തനിച്ചുള്ള കഴിപ്പായതിനാല്‍ തീരെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
ആഹാരശേഷം, പവിത്രന്റെ താമസസ്ഥലത്തേയ്ക്ക് പോയി. വാങ്ങിയ പുസ്തകങ്ങളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ലഗേജ് ബാഗിലും ഒരെണ്ണം പവിത്രനുള്ള സമ്മാനമായി മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു.
അരമണിക്കൂര്‍ ചെറുതായൊന്ന് മയങ്ങി. എണീറ്റ് ദേഹവും മുഖവും കഴുകി വസ്ത്രം മാറിയ ശേഷം, വാതില്‍ പൂട്ടി താക്കോല്‍ പവിത്രന്‍ പറഞ്ഞ സ്ഥാനത്ത് ഭദ്രമായി വച്ചു.
ബസ്സ്‌റ്റോപ്പിലേയ്ക്ക് നടന്നു. ബീച്ചിലെത്തിയപ്പോള്‍ നാലര മണി കഴിഞ്ഞെങ്കിലും ചൂടിന് കുറവുള്ളതായി തോന്നിയില്ല.
മജീദിക്കാനൊപ്പം അല്പസമയം കപ്പലണ്ടിക്കച്ചവടത്തില്‍ പങ്കുചേരാമെന്നു വച്ചു. ആറ് മണിക്ക് ശേഷം റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകാനാണ് പ്ലാന്‍.
'സാറിന്റെ ഈ ഭാണ്ഡം സൈനുവിന്റെ പീടികേല് വയ്ക്കാം.' ഇതും പറഞ്ഞ് മജീദിക്ക എന്റെ ലഗേജടങ്ങിയ ബാഗ് തൊട്ടടുത്തുള്ള ഒരു കടയിലേല്‍പ്പിച്ചു. വിവിധ തരം ഷെയ്ക്കുകള്‍ വില്‍ക്കുന്ന ഒരു കടയായിരുന്നത്.
കടലക്കച്ചവടത്തിനിടെ ഞാനും ഒന്നുരണ്ടു പൊതി കടല അകത്താക്കി.
'സമയം അഞ്ചര കയിഞ്ഞിറ്റ്ണ്ടാവും. സാറിന് പൂവ്വാന്‍ നേരമാവുന്നല്ലോ? സൈനുവിന്റെ പീടികേന്ന് ഓരോ ഷെയ്ക്ക് അകത്താക്കാം .എന്നിറ്റ് പൂവ്വാം. എന്തേ?'
' ശരി ഇക്ക.' ഞാന്‍ പറഞ്ഞു
ഷെയ്ക്ക് കടയിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഏകദേശം പത്തുവയസ്സുള്ള, ദാരിദ്ര്യം നിഴലിക്കുന്ന ഒരു പയ്യന്‍ മജീദിക്കാനെ കൈയില്‍ ഞോണ്ടിവിളിച്ചു കൈനീട്ടി.
കടലയാണ് അവന്റെ ആവശ്യമെന്ന് മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.
' പോടാ സെയ്ത്താനെ. എന്നും അനക്ക് ചുമ്മാതെ തരാന്‍ എനിക്കാരും ഒന്നും വെര്‍ദെ കൊണ്ടേത്തന്നിട്ടില്ലാ.'
ഇതും പറഞ്ഞ് മജീദിക്ക ദേഷ്യത്തില്‍ അവന്റെ നേര്‍ക്ക് കയ്യോങ്ങി. പയ്യന്‍ പേടിച്ച് തിരിഞ്ഞോടി.
' ഇങ്ങട്ട് വാടാ സെയ്ത്താനെ.' രണ്ട് കടലപ്പൊതി കയ്യിലെടുത്തു കൊണ്ട് മജീദിക്ക പയ്യനെ പിന്നാലെ വിളിച്ചു.
അവന്‍ രൂക്ഷമായി ഒന്ന് നോക്കിയശേഷം തലവെട്ടിച്ച് നടന്നുപോയി.
' ചെക്കന്റെ കുറുമ്പ് കണ്ടാ സാറേ? സാരംല്ല. ഓന്‍ മീണ്ടും ഈടെത്തന്നെ വര്ം.'
'ആത്മാഭിമാനത്തിന് പ്രായവും പണവുമൊന്നും വിഷയമല്ലിക്കാ.'
' അദ് ശെരിയാ സാറേ.'
ഷെയ്ക്ക് കുടിച്ച ശേഷം സൈനുവിന്റെ കടയില്‍ നിന്നും ലഗേജ് ബാഗും എടുത്തുകൊണ്ട് പുറത്തിറങ്ങി. കാശ് മജീദിക്കാന്റെ പറ്റില്‍ വരവുവച്ചു.
പുറത്തിറങ്ങിയപ്പോള്‍ത്തന്നെ, ഒരൊഴിഞ്ഞ ഓട്ടോ വരുന്നത് കണ്ടു മജീദിക്ക കൈ കാണിച്ചു നിര്‍ത്തി.
ഇക്കയോട് യാത്ര പറഞ്ഞ് ഓട്ടോയില്‍ കയറി.
ഓട്ടോ പത്തോ പതിനഞ്ചോ മീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ ഞാന്‍ വെറുതെ പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി. കൈയോങ്ങി നില്‍ക്കുന്ന മജീദിക്കാനെയും പേടിച്ചോടാന്‍ നില്‍ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയും കണ്ടു.
ഓട്ടോ ഒരു വളവു തിരിഞ്ഞു. പിന്നിലെ കാഴ്ച കണ്ണില്‍ നിന്നും മറഞ്ഞു. പക്ഷേ, തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ എനിക്ക് അകക്കണ്ണിലൂടെ വ്യക്തമായി കാണാം. എന്റെ കണ്ണുകള്‍ ഞാനറിയാതെ ഈറനണിഞ്ഞു. ഉള്ളിന്റെയുള്ളില്‍ നിന്നും ആരോ പറഞ്ഞു.
' ചെലോര് അങ്ങനാണ് സാറേ!'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates