

സ്ത്രീക്കും പുരുഷനും പ്രേമപൂര്‍വ്വം ജീവിക്കാന്‍ കഴിയണം; റോസി തോമസ്
'ഇവന്‍ എന്റെ പ്രിയ സിജെ' എന്ന റോസി തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ ആദ്യ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന കാലം. 'ജീവിച്ചിരിക്കുന്ന, ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരം' കണ്ണീരില്‍ കുതിര്‍ന്ന ഒരു ഓര്‍മ്മപ്പുസ്തകമാകാതിരുന്നപ്പോള്‍ മലയാളിയുടെ (കപട) സദാചാരബോധം നെറ്റിചുളിച്ചിരിക്കണം.
പക്ഷേ, റോസി തോമസിന്റെ എഴുത്തിലെ സത്യസന്ധതയും ആര്‍ജ്ജവവും വായനക്കാരന്‍ വളരെവേഗം തിരിച്ചറിയുകയും ഹൃദയത്തിലേറ്റുകയും ചെയ്തു. അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സിജെ തോമസിന്റെ ദുര്‍ബലതകള്‍, മനോഹാരിതകള്‍, കിറുക്കുകള്‍, കഴിവുകള്‍, വൈരുദ്ധ്യങ്ങള്‍- എല്ലാം അപൂര്‍വ്വ ചാരുതയോടെ ആവിഷ്‌കരിച്ച 'പ്രിയ സിജെ' അങ്ങനെ നമ്മുടെ സാഹിത്യത്തില്‍ പൂര്‍വ്വസമാനതകളില്ലാത്ത ഒരു സംഭവമായി.
റോസി തോമസിന്റെയും വായനക്കാരന്റെയും മാസ്റ്റര്‍പീസായിത്തീര്‍ന്ന ഈ പ്രണയപുസ്തകം രചിക്കപ്പെട്ടിട്ട് 1999 ജൂലൈയില്‍ മുപ്പതുവര്‍ഷം തികഞ്ഞു. വരാപ്പുഴയ്ക്കടുത്ത് പുത്തന്‍പള്ളിയില്‍ സ്വന്തമായി പണിത 'തോമസ് വില്ല'യിലിരുന്ന് ഓര്‍മ്മകളുടെയും ഏകാന്തതയുടെയും ആഘോഷമാക്കിത്തീര്‍ത്ത ജീവിതത്തെക്കുറിച്ച്, നീണ്ട പൊട്ടിച്ചിരികളോടെ റോസി തോമസ് സംസാരിക്കുന്നു. ഒപ്പം, യാത്ര, പ്രണയം, സാഹിത്യം, രാഷ്ട്രീയം, ഈശ്വരന്‍, സൗഹൃദം, സമൂഹം എന്നിവയെക്കുറിച്ചെല്ലാം.
നാടകകൃത്തും നിരൂപകനും ചിന്തകനും ചിത്രകാരനും രാഷ്ട്രീയ പ്രവര്‍ത്തകനും എല്ലാം ചേര്‍ന്ന ഒരു അപൂര്‍വ്വ പ്രതിഭയായിരുന്നു സിജെ തോമസ്. നാടകകൃത്ത് എന്ന നിലയില്‍ മലയാള സാഹിത്യത്തിനും നാടകവേദിക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കി. 1128-ല്‍ 'ക്രൈം 27' എന്ന നാടകം മലയാള നാടകത്തെ ഒരു പുതുവഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പുസ്തകങ്ങള്‍ക്ക് കമനീയമായ പുറംചട്ട വരയ്ക്കുന്നതിന് തുടക്കമിട്ടത് സിജെ തോമസായിരുന്നു.
ഈ അതുല്യപ്രതിഭ അക്കാലഘട്ടത്തിലെ മറ്റൊരു നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന എംപി പോളിന്റെ മകള്‍ റോസിയെ പ്രേമിച്ചപ്പോള്‍ അത് മലയാളത്തിലെ ഏറ്റവും പ്രശസ്തവും വിവാദവുമായ ഒരു പ്രണയമായിത്തീര്‍ന്നു.
റോസി തോമസ്: ''കാലത്തിനുമുമ്പേ നടന്ന മനുഷ്യനായിരുന്നു സിജെ. സാധാരണ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് സിജെയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ആധുനിക ലോകനാടകങ്ങളും മറ്റും വായിക്കാനും ആസ്വദിക്കാനും ധിഷണാപരമായി ഉയര്‍ന്ന വ്യക്തിത്വമുണ്ടായിരുന്നു സിജെയ്ക്ക്. അക്കാലത്ത് പിക്കാസോയുടെയും മറ്റും പെയിന്റിങ്ങുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞവര്‍ സിജെയെയും ദേവനെയും പോലെ വളരെക്കുറച്ചുപേരേയുള്ളു. സാഹിത്യത്തില്‍ ആധുനികതയുടെ വക്താവായിരുന്നു പുള്ളി. വലിയ ഇന്റലക്ച്വലായിരുന്ന സിജെയ്ക്ക് പക്ഷേ, ജീവിക്കാന്‍ അറിഞ്ഞുകൂടായിരുന്നു. ഒന്നിലും ഉറച്ചുനിന്നില്ല. ലോകം 'പൊക്കാനുള്ള' തിരക്കില്‍ സ്വന്തം കുടുംബത്തെയും ജീവിതത്തെയും പടുത്തുയര്‍ത്താന്‍ ശ്രമിച്ചില്ല, കഴിഞ്ഞുമില്ല. ഒപ്പമുള്ളവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന അലസതയും പ്രായോഗിക ബുദ്ധിരാഹിത്യമായിരുന്നു പുള്ളിക്ക്. ഇതൊക്കെ പറഞ്ഞുകൊടുത്താല്‍ മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. അങ്ങനത്തെ പ്രകൃതമായിരുന്നില്ല. വീട്ടിലുള്ളവര്‍ എങ്ങനെ കഴിഞ്ഞുപോകുമെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. ഓരോ ജോലിയും മടുക്കുമ്പോള്‍ ഇട്ടെറിഞ്ഞുപോന്നു. ഇത്തരമൊരാളുടെ കൂടെയുള്ള ജീവിതം ദുസ്സഹമായില്ലെങ്കിലേ അത്ഭുതമുള്ളു. പ്രതിഭയും പ്രായോഗികതയും തമ്മില്‍ യോജിച്ചുപോകില്ല.''
പതിനെട്ടാമത്തെ വയസ്സിലാണ് അപ്പന്റെ കോളജില്‍ (എംപി പോള്‍ ട്യൂട്ടോറിയല്‍സ്) അദ്ധ്യാപകനായെത്തിയ സിജെ തോമസിനെ, റോസി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കടുത്ത എതിര്‍പ്പിന്റേയും വിരഹത്തിന്റേയും വേദനയുടേതുമൊക്കെയായ പ്രണയത്തിന്റെ നാലുവര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി. ജീവിതം അനിശ്ചിതത്വങ്ങള്‍ക്കുള്ളിലായിരുന്നു. വിവാഹത്തിന്റെ പത്താംവര്‍ഷം സിജെ മരിച്ചു.
റോസി തോമസ്: ''പ്രണയം സത്യത്തില്‍ ഒരെടുത്തുചാട്ടമായിരുന്നു. പ്രായത്തിന്റെ ചാപല്യം മാത്രം. ഒരു പതിനെട്ടുകാരിക്ക് ആരാധന തോന്നാനുള്ളതൊക്കെ സിജെയിലുണ്ടായിരുന്നു. നല്ല ക്യാരക്ടര്‍, മിടുക്കന്‍, കഴിവ്, വലിയ പ്രതിഭ, മാന്യന്‍, സിനിമയെടുക്കുമ്പോള്‍ നായികയാക്കാം എന്നൊക്കെപ്പറഞ്ഞാല്‍ ഏതു പെണ്ണാണ് വീണുപോകാതിരിക്കുക? സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു. പക്ഷേ, വല്ലാതെ പൊസസ്സീവ് ആയിരുന്നു സിജെ. കഴുത്തു വലിഞ്ഞുമുറുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന സ്‌നേഹം. പ്രണയാവേശത്തില്‍ ജീവിതനിലവാരത്തിലെ വ്യത്യാസങ്ങളൊന്നും എന്റെ കണ്ണില്‍പ്പെട്ടില്ല. എല്ലാവരും എതിര്‍ത്തപ്പോള്‍ വാശി കൂടി.
പലപ്പോഴും ആ സ്‌നേഹത്തില്‍നിന്നും അകന്നുപോകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ അകലുന്നത് സിജെയ്ക്ക് വലിയ ആഘാതമാകുമായിരുന്നു എന്നു ഞാന്‍ ഭയന്നു. യു കാന്‍ മേക് മീ ആര്‍ മാര്‍ മീ എന്നൊക്കെ ഒരിക്കല്‍ പുള്ളി എനിക്കെഴുതി. വലിയ അഭിമാനിയായിരുന്നെങ്കിലും പ്രണയത്തിനുവേണ്ടി എത്രയും താഴ്ന്നു. പല അപമാനങ്ങളും ഏറ്റുവാങ്ങി.
എന്നാല്‍, ഒരുമിച്ചുള്ള ജീവിതം സ്‌നേഹത്തിന്റെ പൂര്‍ണിമയിലും സുരക്ഷിതമായിരുന്നില്ല. ഞാനെന്നുവച്ചാല്‍ ജീവനായിരുന്നു. എന്റെ മുഖംവാടിയാല്‍ ആകെ തകര്‍ന്നു. പക്ഷേ, പെണ്ണിനുവേണ്ടത് സ്‌നേഹം മാത്രമല്ല, ഉറപ്പുള്ള ജീവിതം കൂടിയാണ്. അത് അദ്ദേഹം മനസ്സിലാക്കിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഞാന്‍ സിജെയ്‌ക്കൊപ്പം ശരിക്കും ബുദ്ധിമുട്ടി. സ്വപ്നം വേറെയും ജീവിതം വേറെയും ആണെന്നു മനസ്സിലാക്കി.
എങ്കിലും പശ്ചാത്താപമൊന്നുമില്ല. ആത്മക്ഷതങ്ങളുടെയും നിരാശയുടെയും തമോഗര്‍ത്തത്തില്‍ കിടന്ന ഒരാള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ എനിക്കു കഴിഞ്ഞു. ഒരുപാട് സഹിച്ചാണ് ഞാന്‍ ജീവിച്ചത്. പക്ഷേ, എന്റെ സ്‌നേഹവും സഹനവും ദുരിതവുമൊക്കെ സിജെയുടെ പ്രതിഭയെ ജ്വലിപ്പിക്കുന്നതിനു കാരണമായി എന്നത് അഭിമാനമാണ്. സിജെയുടെ മികച്ച രചനകളൊക്കെ വിവാഹശേഷമാണ് ഉണ്ടായത്. ഒന്‍പതര വര്‍ഷം ഒരു പരാതിയും കൂടാതെ സിജെയുടെ നിഴലില്‍ ഒതുങ്ങിക്കൂടി ഞാന്‍. കേരളത്തില്‍ മുഴുവന്‍ ജീനിയസായ ഒരാള്‍ക്ക് പതിനെട്ടു വയസ്സായ ഒരു കൊച്ചുപെണ്ണിന്റെ ജീവിതവും സ്‌നേഹവും വലിയൊരു തണലായല്ലോ. അതു സംതൃപ്തിയാണ്.''
എംപി പോള്‍ തന്റെ കാലഘട്ടത്തിലെ കരുത്തുറ്റ സാഹിത്യ വിമര്‍ശകനായിരുന്നു. ആംഗല സാഹിത്യകൃതികളുടെ പശ്ചാത്തലത്തില്‍ എഴുതിയ 'നോവല്‍ സാഹിത്യം', 'ചെറുകഥാപ്രസ്ഥാനം' എന്നീ കൃതികള്‍ ആ സാഹിത്യരൂപങ്ങളെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യത്തെ ലക്ഷണ ഗ്രന്ഥങ്ങളാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റേയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റേയും സ്ഥാപക പ്രസിഡന്റായിരുന്നു. കോളജ് അദ്ധ്യാപകനും പ്രശസ്തമായ 'പോള്‍സ് ട്യൂട്ടോറിയല്‍സി'ന്റെ സ്ഥാപകനുമായിരുന്നു.
റോസി തോമസ്: ''അപ്പനെ ബോണ്‍ അരിസ്റ്റോക്രാറ്റ് എന്നായിരുന്നു സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. അഭിജാതമായിരുന്നു അപ്പന്റെ രീതികള്‍. കലാസാഹിത്യാന്തരീക്ഷമായിരുന്നു വീട്ടില്‍. സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യവും ചര്‍ച്ചകളുമൊക്കെ സ്ഥിരമുണ്ടാവും. ആണ്‍മക്കളെയും പെണ്‍മക്കളെയും ഒരുപോലെയാണ് അപ്പന്‍ കണ്ടത്. ഒരിക്കല്‍ പുരോഗമന സാഹിത്യസംഘത്തിന്റെ സമ്മേളനത്തില്‍ കേശവദേവിന്റെ ഒരു നാടകത്തിലെ പാതിവേശ്യയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വരെ അപ്പന്‍ അനുവദിച്ചിരുന്നു. യഥാര്‍ത്ഥ ക്രിസ്ത്യാനിയായിരുന്നു അപ്പന്‍. അതുകൊണ്ടാണ് മരിച്ചുകഴിഞ്ഞപ്പോള്‍ തെമ്മാടിക്കുഴിയില്‍ അടക്കേണ്ടിവന്നത്! തെറ്റെന്നു തോന്നിയതിനെ അപ്പന്‍ മുഖംനോക്കാതെ എതിര്‍ത്തു. അന്നും ഇന്നും എന്റെ മാതൃകാപുരുഷന്‍ അപ്പന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ നന്മകള്‍കൊണ്ടാണ് ഇന്നും ഞങ്ങള്‍ നിലനിന്നുപോരുന്നത്. സിജെയുമായുള്ള പ്രേമബന്ധവും വിവാഹവും അപ്പനെ വേദനിപ്പിച്ചിരുന്നു. അപ്പന്റെ പെട്ടെന്നുള്ള മരണത്തിന് അതൊരു കാരണവുമായിരിക്കണം.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന് പണമുണ്ടാക്കിയതും മേല്‍വിലാസമുണ്ടാക്കിയതും അപ്പനായിരുന്നു. ദരിദ്രവാസികളായ ഈ എഴുത്തുകാര്‍ക്ക് എവിടെ നിന്നാണ് പണം? നാഷണല്‍ ബുക്സ്റ്റാള്‍ എന്ന ആശയം കൊണ്ടുവന്നതും അപ്പനായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പല ലോബികളുടെയും ശ്രമം.
കാരൂര്‍ സ്മാരകത്തിലെ സമ്മേളനഹാളില്‍ കെസിഎസ് പണിക്കര്‍ വരച്ച അപ്പന്റെ മനോഹരമായ ഒരു ഛായാചിത്രം ചുമരില്‍ പൊടിപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ഞാനൊരു ലേഖനമെഴുതി ആക്ഷേപിച്ചപ്പോഴാണ് അതിനെ നേരാംവണ്ണം സംരക്ഷിക്കുന്നത്. ഇപ്പോള്‍ മാത്രമാണ് എംപി പോള്‍ സ്മാരക ഓഫ്സെറ്റ് പ്രസ്സൊക്കെ തുടങ്ങുന്നത്.
1960 ജൂലൈ 14-ന് സിജെ മരിക്കുമ്പോള്‍ റോസി തോമസിന് മുപ്പത്തിരണ്ട് വയസ്സ് പ്രായം. കുട്ടിത്തം മാറാത്ത മൂന്ന് കുട്ടികളും. പക്ഷേ, കരഞ്ഞിരിക്കുന്ന ഒരു വിധവയാകാന്‍ റോസി ടീച്ചര്‍ തയ്യാറായിരുന്നില്ല. 'പ്രിയ സിജെ'യില്‍ അവര്‍ എഴുതി: ''എന്നെപ്പോലെ ആയിരക്കണക്കിന് വിധവകള്‍ മുക്രയിട്ടുകരഞ്ഞാലും ഈ ലോകത്തിന് ഒരു ചുക്കുമില്ല.'' ജീവിതത്തെ ഒരു വെല്ലുവിളിയായി എടുത്തു അവര്‍.
റോസി തോമസ്: ദുഃഖങ്ങള്‍ക്ക് എന്നെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. എനിക്ക് മക്കളെ പോറ്റേണ്ടിയിരുന്നു. മനുഷ്യരെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി വിധവ ചമഞ്ഞ് കരഞ്ഞിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സിജെ മരിച്ചുകഴിഞ്ഞ് ഉടന്‍ തന്നെ ഞാന്‍ ബി.എഡിനു ചേര്‍ന്നു. പിന്നെ ജോലിക്കും. പലരും കുറ്റം പറയാനുണ്ടായി. അവരോട് ''നിങ്ങള്‍ക്കെന്താണ് കഴുവേറികളെ'' എന്നു മനസ്സില്‍ ചോദിച്ചു! പുറമേയ്ക്ക് അങ്ങനെ പറയാന്‍ കഴിയില്ലല്ലോ, ടീച്ചറല്ലേ!
പലരും വിവാഹവാഗ്ദാനങ്ങളുമായി വന്നു. ഞാനതിലൊന്നും വീണില്ല. വന്നവരോട് നിങ്ങളെ എല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷേ, കല്യാണത്തിന് ഞാനില്ല എന്നു പറഞ്ഞയച്ചു. മുപ്പത്തിരണ്ടാം വയസ്സില്‍തന്നെ അനുഭവങ്ങളില്‍നിന്ന് എനിക്ക് പാകത വന്നിരുന്നു. വികാരങ്ങള്‍ക്ക് ഞാന്‍ അടിപ്പെട്ടില്ല. ആദ്യമായും അവസാനമായും ഞാനൊരു അമ്മയായിരുന്നു. മറ്റൊരാള്‍ക്ക് എന്റെ മക്കളെ സ്‌നേഹിക്കാന്‍ കഴിയില്ല. അന്ന് വിവാഹം കഴിച്ചിരുന്നുവെങ്കില്‍ എനിക്കെന്റെ മക്കളെ നഷ്ടപ്പെടുമായിരുന്നു. ഭര്‍ത്താവിന്റെ സംരക്ഷണയില്‍ കഴിയുന്ന പല വിവാഹിതരേക്കാളും ഞാന്‍ സന്തുഷ്ടയാണ്.
സത്യത്തില്‍ സ്വാര്‍ത്ഥതകൊണ്ടാണ് നമ്മള്‍ അവനവനിലേയ്ക്കു നോക്കി ദുഃഖിച്ചിരിക്കുന്നത്. ചുറ്റിലേയ്ക്കും നോക്കുക. അപ്പോള്‍ സ്വന്തം വേദനകള്‍ ഇല്ലാതാകും.''
റോസി തോമസിന്റെ ജീവിതം ഒരുകൂട്ടം എഴുത്തുകാരുടെ കൂടെയായിരുന്നു എന്നും. അപ്പന്‍, അമ്മ (മേരി പോള്‍), ഭര്‍ത്താവ്. പിന്നെ അപ്പന്റെയും സിജെയുടെയും സുഹൃത്തുക്കളായി വന്നുചേര്‍ന്നവര്‍. റോസി സ്വന്തമായി ഒരു പുസ്തകമെഴുതിയപ്പോള്‍ അതും ഒരു സംഭവമായിത്തീര്‍ന്നു. 'ഇവന്‍ എന്റെ പ്രിയ സിജെ'യ്ക്ക് മുപ്പതുവര്‍ഷത്തിനിടെ ഒട്ടനവധി പതിപ്പുകളുണ്ടായി. കഴിഞ്ഞവര്‍ഷം ഡിസി ബുക്സ് പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു.
റോസി തോമസ്: ''ഇതൊരു വിലാപകൃതിയാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത്തരം സെന്റിമെന്റലിസത്തോട് എനിക്ക് വെറുപ്പാണ്. സിജെയെക്കുറിച്ച് പുസ്തകമെഴുതുന്നു എന്നറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പലരും ഞങ്ങള്‍ കണ്ടിട്ട് പ്രസിദ്ധീകരിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു. ഞാന്‍ കൂട്ടാക്കിയില്ല. എഴുതി നേരെ മാതൃഭൂമിയില്‍ എംടിക്ക് അയച്ചുകൊടുത്തു. ആദ്യഭാഗം അച്ചടിച്ചുവന്നപ്പോള്‍ കടുത്ത വിമര്‍ശനമുണ്ടായി. ആദ്യചുംബനത്തിന്റെ വിവരണങ്ങളൊക്കെ വായിച്ച് ഭാരതസ്ത്രീയുടെ ഭാവശുദ്ധി ഇടിഞ്ഞുപൊളിഞ്ഞു വീണു എന്നൊക്കെ പലരും പറഞ്ഞു.
പക്ഷേ, വായനക്കാരുടെ അഭിനന്ദനപ്രവാഹമായിരുന്നു. കത്തുകളുടെ ഒരു കൂമ്പാരംതന്നെ കിട്ടി ദിവസവും എനിക്ക്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വായനക്കാരുടെ കത്തുകളിലും അഭിനന്ദനങ്ങള്‍ നിറഞ്ഞുനിന്നു. ആലുവ യുസി കോളജില്‍ പഠിക്കുകയായിരുന്ന എന്റെ മകളെ ഒരിക്കല്‍ ആളുകള്‍ തടഞ്ഞുനിര്‍ത്തി: ''ഇതാ റോസി തോമസിന്റെ മകളാണ് എന്നുപറഞ്ഞ് കൗതുകത്തോടെ നോക്കിനിന്നത്രെ.''
മലയാളത്തില്‍ ഫലിതസിദ്ധിയുള്ള സ്ത്രീയെഴുത്തുകാര്‍ ഇല്ലെന്നുള്ള ധാരണകള്‍ക്ക് അപവാദമാണ് റോസി തോമസ്. എന്തിനെയും വെട്ടിത്തുറന്നു പറയുകയും നര്‍മ്മഭാവനയോടെ കാണുകയും ചെയ്യുന്ന ശൈലി 'തന്റേടിയായ സ്ത്രീ' എന്നൊരു വിശേഷണംതന്നെ അവര്‍ക്കു നേടിക്കൊടുത്തു. അതില്‍ റോസി ടീച്ചര്‍ക്ക് സന്തോഷമേയുള്ളുതാനും.
ജോര്‍ജ് ഓര്‍വലിന്റെ 'അനിമല്‍ ഫാം' മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്തത് റോസി തോമസാണ്. 'ബൊക്കാച്ചിയോ കഥകളും' മൊഴിമാറ്റം നടത്തി. ചെറിയ കുറിപ്പുകളുടെയും യാത്രാനുഭവങ്ങളുടെയും ഓരോ പുസ്തകവും പ്രസിദ്ധീകരിച്ചു. കള്ളുകുടിച്ച് സുഖിയന്മാരായി കഴിയുന്ന കിഴക്കരുടെ ജീവിതരീതിയൊക്കെ വരുന്ന ഒരു നോവല്‍ മനസ്സിലുണ്ട്.
റോസി തോമസ്: ''എന്റെ ചിരി ഒരുപക്ഷേ, ദുഃഖത്തിന്റെ ബഹിര്‍സ്ഫുരണമായിരിക്കണം. നര്‍മ്മഭാവനയും ഫലിതബോധവും രക്തത്തിലൂടെ കിട്ടിയതാണ്. അപ്പന്റെ സദസ്സുകള്‍ പൊട്ടിച്ചിരിയുടെ രാജധാനിയായിരുന്നു. വീട്ടില്‍ എല്ലാവരും വീട്ടിലുള്ളവരും വിരുന്നുവരുന്നവരും- ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്തു. അപ്പന്‍ മുഖംനോക്കാതെ എന്തും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. അങ്ങനെതന്നെ ഞാനും.
മലയാളത്തില്‍ ലെറ്റര്‍ എസ്സേ എഴുതുന്ന ആളാണ് ഞാന്‍. അങ്ങനെയെഴുതുന്ന സ്ത്രീകള്‍ വേറെയില്ല എന്നു തോന്നുന്നു. നമുക്കു ചുറ്റും കാണുന്ന ചിലതൊക്കെ എങ്ങനെ എഴുതാതിരിക്കും? സമൂഹത്തെ വിമര്‍ശിക്കാനും ചിലര്‍ വേണമല്ലോ. പിന്നെ ആളുകളെ ചിന്തിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ ചിരിയിലൂടെ ചിന്തയിലേയ്ക്ക് എത്തിക്കുക എന്നതാണ്.
'അനിമല്‍ ഫാം' വിവര്‍ത്തനം ചെയ്തത് ഒരു റേഡിയോ വാങ്ങാന്‍ വേണ്ടിയായിരുന്നു. വിവര്‍ത്തനം ചെയ്തുകൊടുത്താല്‍ അഞ്ഞൂറു രൂപ കിട്ടും. അതിലായിരുന്നു നോട്ടം. ഓര്‍വലിന്റെ സറ്റൈറിക്കല്‍ ടോണ്‍ എനിക്കു പിടികിട്ടി. പരിഭാഷ വായിച്ചിട്ട് സിജെ 'കൊള്ളാം' എന്നു പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ അന്നു ഞങ്ങളെ ശത്രുക്കളായാണ് കണ്ടത്- ഭര്‍ത്താവ് ഡാര്‍ക്നസ് അറ്റ് നൂണ്‍ വിവര്‍ത്തനം ചെയ്യുന്നു. ഭാര്യ അനിമല്‍ ഫാം-ഉം. അഞ്ഞൂറു രൂപ കിട്ടിയപ്പോള്‍ അത് സിജെയെ ഏല്പിച്ച് കിട്ടാവുന്നതില്‍ ഏറ്റവും നല്ല റേഡിയോ വാങ്ങിവരാന്‍ പറഞ്ഞു ഞാന്‍!
എഴുത്തില്‍ സിജെയും 'ഞാനും' തമ്മില്‍ താരതമ്യമൊന്നുമില്ല. സിജെ വലിയ ഇന്റലക്ച്വലായിരുന്നു. രണ്ടുപേരുടെയും രണ്ടു ശൈലിയും.''
രണ്ടു തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു റോസി തോമസ്- പഞ്ചായത്തിലേയ്ക്ക്. വിജയശതമാനം- അന്‍പത്. രണ്ടിനുമിടയ്ക്ക് രാഷ്ട്രീയ നിറഭേദം സംഭവിച്ചുവെങ്കിലും രാഷ്ട്രീയക്കാരോടുള്ള പൊതുനിലപാടില്‍ മാറ്റമൊന്നുമില്ല- 'കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ഒക്കെ കണക്ക് തന്നെ.''
റോസി തോമസ്: ''സിജെയുടെ മരണശേഷം ഒരു റിലീഫിനുവേണ്ടിയാണ് ആദ്യം തിരഞ്ഞെടുപ്പിന് നിന്നത്. കോണ്‍ഗ്രസ്സായിരുന്നു പാര്‍ട്ടി. പ്രധാന പ്രചാരണവിഷയം കുടുംബാസൂത്രണം! യുവതിയായ ഒരു വിധവ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കൗതുകവും വിമര്‍ശനവുമുണ്ടാക്കി. എന്തായാലും അന്നു ജയിച്ചു. രണ്ടാമത്തേത് കമ്യൂണിസ്റ്റുകാരുടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കണമെന്നുപറഞ്ഞ് അവര്‍ വീട്ടിനുമുന്‍പില്‍ കിടപ്പായി. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ നിന്നതാണ്. ഓരോ വീട്ടിലും ഒരിക്കല്‍ മാത്രമേ വോട്ടു ചോദിച്ചു പോകൂ എന്നു പറഞ്ഞു. അവര്‍ സമ്മതിച്ചു. പക്ഷേ, ഇലക്ഷനില്‍ എട്ടുവോട്ടിന് പരാജയപ്പെട്ടു. ഫലം വന്നപ്പോള്‍ ഇവിടെ വീടിനുമുമ്പിലെ റോഡില്‍ എതിര്‍കക്ഷികളുടെ ഒരു ആഹ്ലാദപ്രകടനമുണ്ടായിരുന്നു. വലിയ ബഹളം. 'സാഹിത്യം വേണ്ട. സൗന്ദര്യം വേണ്ട. ഗ്ലാമര്‍ വേണ്ട ഞങ്ങള്‍ക്ക്' എന്നൊക്കെ മുദ്രാവാക്യവും. ഞാനാകെ ചമ്മിയിരിക്കുകയായിരിക്കും എന്നവര്‍ കരുതി. എനിക്കെന്താ? ''ഒന്നുമില്ല. മന്ത്രിയാവാനുള്ള മോഹം കൊണ്ടല്ല ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാമെന്നു കരുതി. അതവര്‍ക്കു വേണ്ട. എനിക്കൊന്നും നഷ്ടപ്പെട്ടില്ല. അത്രതന്നെ. എല്ലാ രാഷ്ട്രീയക്കാരും കണക്കാണ്. ഒറ്റയെണ്ണത്തിന് ആത്മാര്‍ത്ഥതയില്ല.
ഇതിലും കഷ്ടമാണ് സാഹിത്യത്തിലെ രാഷ്ട്രീയക്കളികള്‍. സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവില്‍ അംഗമാണ് ഞാന്‍. ആരുടെയും കാലുപിടിച്ചും കത്തെഴുതിയുമല്ല അംഗമായത്. എല്ലാ ചെകുത്താന്മാരും വന്നുകൂടിയിട്ടുണ്ട് അവിടെ. എംടിയുടെ ഇമേജുകൊണ്ട് അതു മറച്ചുവയ്ക്കാനാണ് ശ്രമം.
ഇന്ന് രാഷ്ട്രീയക്കാര്‍ക്കാണ് വില. എഴുത്തുകാരെ ആര്‍ക്കും വേണ്ട. ജീവിച്ചിരുന്നപ്പോള്‍ സിജെയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് സിമ്പോസിയങ്ങള്‍ നടത്തി അദ്ദേഹത്തെ 'പൊക്കാന്‍' ശ്രമിക്കുന്നത്. അവരോട് എനിക്ക് പുച്ഛമാണ്. അതു ഞാന്‍ തുറന്നുപറയുകയും ചെയ്യും.
എന്തായാലും ഈ ഗവണ്‍മെന്റ് സാഹിത്യത്തിനുവേണ്ടി എന്തൊക്കെയോ ചെയ്യുന്നുണ്ട്. തുഞ്ചന്‍പറമ്പിന് അരക്കോടി കൊടുത്തില്ലേ? മറ്റേ ചെകുത്താന്മാരേക്കാളും ഭേദം. നല്ലതാരു ചെയ്താലും നമ്മള്‍ അംഗീകരിക്കണമല്ലോ.''
''പെണ്‍കുട്ടി ആരുടെ കൂടെയെങ്കിലും ചാടിപ്പോയിട്ട് പിടിച്ചുകഴിയുമ്പോള്‍ ശീലാവതിയാകും. പീഡനമെന്നും പെണ്‍വാണിഭമെന്നുമൊക്കെ പറഞ്ഞ് തടിതപ്പാനുള്ള ശ്രമം'' എന്ന് റോസി തോമസ് എഴുതിയപ്പോള്‍ അതു വിവാദമായി.
റോസി തോമസ്: ''പെണ്ണിന്റെ ശത്രു പെണ്ണു തന്നെയാണ്. കോഴിക്കോട് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികളിലൊന്നാരാ? ശ്രീദേവി. പെണ്ണിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്. ശരീഅത്തിനെക്കുറിച്ച് സംസാരിക്കാന്‍ സുഗതകുമാരിയൊക്കെ ചെന്നപ്പോള്‍ മുസ്ലിം സ്ത്രീകള്‍ ഞങ്ങള്‍ക്കു കേള്‍ക്കണ്ട എന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നെന്ത് സമുദായ ഉദ്ധാരണം? സ്ത്രീകള്‍ തന്നെ മാറണം.
മുപ്പത്തിമൂന്നു ശതമാനം സംവരണംകൊണ്ടൊന്നും കാര്യമില്ല. എണ്‍പതുശതമാനം സ്ത്രീകള്‍ക്കും അതിലൊന്നും താല്പര്യമില്ല. സുരക്ഷിതമായ ജീവിതവും സ്‌നേഹവും മതി അവര്‍ക്ക്. ബോധമുള്ള പുരുഷന്മാര്‍ ഉണരണം. പെണ്‍വര്‍ഗത്തെ അവര്‍ അടിമകളായി കാണരുത്. സ്ത്രീ-പുരുഷന്മാരുടേത് പരസ്പര പൂരകമായ ജീവിതമാണ്. ഇത് പുരുഷന്‍ മനസ്സിലാക്കണം. ഇല്ലെങ്കില്‍, ഇപ്പൊ സെമന്‍ബാങ്കിന്റെയൊക്കെ കാലമാണ്. നീലക്കണ്ണോ സ്വര്‍ണ്ണത്തലമുടിയോ, ഇഷ്ടംപോലെ കുട്ടികളെ തിരഞ്ഞെടുക്കാം!
പെണ്ണ് തന്റേടവും ധൈര്യവും ഉള്ളവളാകണം. ശല്യപ്പെടുത്താന്‍ വരുന്നവന്റെ ചെകിട്ടത്തടിക്കാനുള്ള ചുണ വേണം. കരഞ്ഞുനടന്നിട്ടു കാര്യമില്ല. വ്യക്തിത്വവും പ്രതികരണശേഷിയും വികസിപ്പിക്കണം.''
ഫെമിനിസത്തിലോ പെണ്ണെഴുത്തിലോ റോസി തോമസ് തല്പരയല്ല. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം നേരിയതാണെന്ന് വിശ്വസിക്കുന്ന അവര്‍ക്ക് പറയാനുള്ളത് സ്ത്രീ ശക്തിയായി എഴുതണം എന്നാണ്.
റോസി തോമസ്: ''സ്ത്രീ-പുരുഷബന്ധത്തിന്റെ സൗന്ദര്യമാണ് ഫെമിനിസ്റ്റുകള്‍ കാണാതെ പോകുന്നത്. കലയും സാഹിത്യവും ഒക്കെ ഉണ്ടാകുന്നത് സ്ത്രീ-പുരുഷബന്ധത്തില്‍നിന്നാണ്. അതില്ലെങ്കില്‍ ശാകുന്തളവും റോമിയോ ആന്റ് ജൂലിയറ്റും ഒന്നുമില്ല. നമ്മുടെ സംസ്‌കാരത്തിന്റെ കപടതകള്‍കൊണ്ടാണ് നമുക്കിതു മനസ്സിലാവാത്തത്. ഇവിടെ സ്ത്രീകള്‍ക്ക് സ്വന്തം അനുഭവം തുറന്നെഴുതാനുള്ള സ്വാതന്ത്ര്യമില്ല. എഴുത്തുകാര്‍ക്ക് മനസ്സിന്റെ സ്വാതന്ത്ര്യം വേണം. സിജെ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ, എനിക്ക് ഒന്നും എഴുതാന്‍ കഴിയുമായിരുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ബുദ്ധിപരവും വൈകാരികവുമായ കമ്പാനിയന്‍ഷിപ്പ് ഉണ്ടാകാത്തിടത്തോളംകാലം. എഴുത്തുകാരികള്‍ എന്നല്ല പ്രതിഭയുള്ള പെണ്ണുങ്ങളൊന്നും വിവാഹം കഴിക്കരുത് എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കില്‍ ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിച്ചോട്ടെ. താലിയുടെ തുമ്പത്തല്ല ജീവിതമിരിക്കുന്നത്. ഇതൊന്നുമില്ലാതെ സ്ത്രീക്കും പുരുഷനും പ്രേമപൂര്‍വ്വം ജീവിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ 'കൂദാശ.'
പ്രണയമില്ലാതെയാണ് നമ്മുടെ ജീവിതം മുഴുവന്‍ ഇന്ന്. എല്ലാവര്‍ക്കും സ്വാര്‍ത്ഥത. സ്വന്തം കാര്യം മനസ്സിന്റെ മലിനീകരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍പോലും കണക്കുകൂട്ടുകയാണ് ഓരോ കാര്യത്തിലും- എനിക്കെന്തു കിട്ടും? ഇതൊക്കെ വളര്‍ന്നുവരുമ്പോള്‍ വല്ല പിശാചുക്കളുമാകും. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് വേദനിക്കുന്നുണ്ട്. പുറമേയ്ക്ക് ചിരിക്കുകയാണെങ്കിലും.
ഫെമിനിസത്തിന്റെയും പെണ്ണെഴുത്തിന്റെയും ലേബലൊന്നുമില്ലാതെ അരുന്ധതി റോയ് പുസ്തകമെഴുതിയില്ലേ? അതംഗീകരിക്കാന്‍ നമുക്കു മടിയാണ്. ഒരു പീക്കിരിപ്പെണ്ണ് കോടികള്‍ വാരിയതിലുള്ള 'അഷൂഷ.' ബുക്കര്‍ സമ്മാനം എന്തായാലും അങ്ങനെ വെറുതെ കിട്ടില്ലല്ലോ. പുസ്തകത്തില്‍ സെക്സുണ്ടെന്നൊക്കെയാണ് ആരോപണം. അങ്ങനെയെങ്കില്‍ എഴുപതുകളില്‍ നമ്മുടെ നോവലുകളില്‍ ആര്‍ത്തവരക്തവും ലൈംഗിക അരാജകതയും ഒക്കെയുണ്ടായിരുന്നില്ലേ? കുശുമ്പുകൊണ്ടാണ് ഇതൊക്കെ. വല്ലാതെ prejudiced ആണ് നമ്മള്‍ ആ കുട്ടീടെ പുസ്തകത്തെക്കുറിച്ച് രണ്ടുതവണ വായിച്ചു ഞാന്‍. മികച്ച രചനയാണത്.
പെണ്ണ് എങ്ങനെ ചിന്തിക്കണം. എങ്ങനെ വികാരം പ്രകടിപ്പിക്കണം എങ്ങനെ എഴുതണം എന്നൊക്കെ ആരോ തീരുമാനിച്ചിരിക്കുകയാണ്. പെണ്ണെഴുത്തല്ല നമുക്കു വേണ്ടത്. മനസ്സു തുറന്നെഴുതാനുള്ള ധൈര്യമാണ്.''
പുത്തന്‍പള്ളിയിലെ വീട്ടില്‍ റോസി തോമസ് തനിച്ചാണ്. മക്കളായ ബിനോയും പോളും ബീനയും അകലെ. പക്ഷേ, റോസി ടീച്ചര്‍ക്ക് ഏകാന്തത ഒരു തടവോ ഭാരമോ അല്ല. തൊട്ടപ്പുറത്ത് തറവാടുവീട്. അവിടെ അമ്മയുണ്ട്. പിന്നെ സുഹൃത്തുക്കള്‍. എല്ലാവരോടും ചിരിച്ചും ഇടപഴകിയും. അതിനൊക്കെ പുറമേ സിജെയുടെ അദൃശ്യസാന്നിദ്ധ്യമുണ്ട്. അപ്പന്റെയും.
റോസി തോമസ്: ''വെല്ലൂരെ ആശുപത്രിയില്‍ എന്റെ മടിയില്‍ കിടന്നാണ് സിജെ മരിച്ചത്. മരിക്കുംമുമ്പ് എന്റെ മുഖത്തുനോക്കി ചിരിച്ചു. ജീവിതതൃഷ്ണ മുഴുവനുണ്ടായിരുന്നു ആ ചിരിയില്‍. ആ ചിരി എന്റെയുള്ളില്‍ ഇപ്പോഴുമുണ്ട്. അതിന്റെ ഓര്‍മ്മയില്‍ സിജെയുടെ സാന്നിദ്ധ്യം ഞാനറിയുന്നു. മുപ്പത്തിരണ്ടു വയസ്സായപ്പോഴേയ്ക്കും അച്ഛനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു സ്ത്രീയാണ് ഞാന്‍. പക്ഷേ, ഞാന്‍ ആരുടെയും സഹതാപം തേടിയില്ല. ആഗ്രഹിച്ചുമില്ല. തിരക്കായിരുന്നു ജീവിതത്തില്‍. പിന്നീട് മക്കളൊക്കെ പോയപ്പോള്‍ വീണ്ടും തനിച്ചായി. എന്നാല്‍, തനിച്ചാണെന്ന തോന്നലില്ല. ദൈവത്തിന്റെ താങ്ങലുണ്ട് എപ്പോഴും. ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ സാധിച്ചു.
സ്ഥിരം പള്ളിയിലൊന്നും പോകാറില്ല. ഈശ്വരവിശ്വാസം തീര്‍ത്തും സ്വകാര്യമാണ്. ദൈവത്തിനും എനിക്കുമിടയില്‍ ആരുമില്ല. ആരും ആവശ്യവുമില്ല. മാനസികവിഭ്രാന്തിയിലേയ്ക്കും നിരാശയിലേയ്ക്കുമൊന്നും വീണുപോകാതെ ദൈവം എന്നെ പിടിച്ചുനിര്‍ത്തുന്നു. മൂത്തമകന്‍ ബിനോയിയുടെ മകള്‍ ടിയ കവിതയെഴുതുന്നുവെന്നും ചിത്രം വരയ്ക്കുന്നുവെന്നുമൊക്കെ വിളിച്ചുപറയുമ്പോള്‍ സന്തോഷം. അത്രതന്നെ. വാര്‍ദ്ധക്യം സുഖമാണ്. സന്തോഷവും. എങ്കിലും ഒരഞ്ചുവര്‍ഷംകൂടി കഴിയുമ്പോള്‍ മരിക്കണം. അതല്ലേ നല്ലത്?''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates