

സ്വീഡനില്‍ 'വാംലാന്‍ഡ്' എന്നൊരു പ്രദേശമുണ്ട്. അവിടെയാണ് 'അര്‍വിക' എന്ന ചെറുപട്ടണം. അതിനുചുറ്റും ജനവാസം കുറഞ്ഞ ഗ്രാമങ്ങളാണ്. തണുത്തുമരവിച്ചു മങ്ങിയ പകല്‍വെളിച്ചം. വിശാലമായ കൃഷിയിടങ്ങള്‍. കളപ്പുരകള്‍. മഞ്ഞയും ചുവപ്പും തവിട്ടും നിറങ്ങളുള്ള ഇലകളുമായി മേപ്പിള്‍, ഓക്ക്, ബെര്‍ച്ച് തുടങ്ങിയ മരങ്ങള്‍. ചിലപ്പോള്‍ ചായംതേച്ച മനോഹരമായ ദാരുഗൃഹങ്ങള്‍. വല്ലപ്പോഴും, രോമക്കുപ്പായം ധരിച്ച ഒരു മനുഷ്യന്‍. ഒരു കുതിര. അന്തരീക്ഷത്തിലേയ്ക്കു നീല നീരാവി ഉച്ഛ്വസിച്ചുകൊണ്ട് കൂറ്റന്‍ നായയോടൊത്തു നടന്നുപോകുന്ന കമ്പിളിയുടുപ്പിട്ട ഒരു കുട്ടി. ഗ്രാമാന്തത്തില്‍ തണുത്തുറഞ്ഞുകിടക്കുന്ന തടാകം. വാര്‍ന്നുവീണുറഞ്ഞ ആകാശത്തിന്റെ ഇന്ദ്രനീലം. അതിനുമേല്‍ ഹിമപാളിയുടെ ആ ധവളരേഖ. പിന്നെ സാന്ദ്രമായ വനം.
തടാകത്തിന്റെ കരയില്‍ ചുവന്ന കല്ലും മരവും കൊണ്ടു നിര്‍മ്മിച്ച നാലഞ്ചു കെട്ടിടങ്ങള്‍. ജലത്തിന്റെ സ്ഫടികതളിമത്തില്‍ അവയുടെ വിശാലമായ പ്രതിബിംബം കാണാം. അതാണ് അര്‍വികയിലെ സംഗീതവിദ്യാലയം.
1997-ലെ ശരല്‍ക്കാലത്തിന്റെ അന്ത്യദിനങ്ങളിലൊന്നില്‍, കൊടുംതണുപ്പുള്ള ഒരു പ്രഭാതത്തില്‍, ഞങ്ങള്‍ ഇന്ത്യന്‍ എഴുത്തുകാരുടെ ചെറുസംഘം അവിടെയെത്തി.
പ്രിന്‍സിപ്പാളും സഹപ്രവര്‍ത്തകരും ചേര്‍ന്നു ഞങ്ങളെ സ്വീകരിച്ചു. കുട്ടികള്‍ ഞങ്ങള്‍ക്കുവേണ്ടി പാടി. വാദ്യോപകരണങ്ങള്‍ വായിച്ചു. സ്‌കാന്‍ഡിനേവിയന്‍ സംഗീതപാരമ്പര്യത്തിന്റെ ഒരു അമ്ലബിന്ദു ഞങ്ങളുടെ സംസ്‌കാരത്തിലും അലിഞ്ഞുചേര്‍ന്നു.
വയലിനില്‍ ഹൃദയഹാരിയായ ഒരു ഫിന്നിഷ് നാടോടിഈണം വായിച്ച പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. നരച്ച നീല ജീന്‍സും വിലകുറഞ്ഞ കറുത്ത കമ്പിളിക്കുപ്പായവും ധരിച്ച മെലിഞ്ഞു പൊക്കംകൂടിയ സ്വര്‍ണ്ണത്തലമുടിക്കാരി. നീലക്കണ്ണുകള്‍! തവിട്ടുചായം തേച്ച നേര്‍ത്ത ചുണ്ടുകള്‍. മെലിഞ്ഞുകൂര്‍ത്ത വിരലുകള്‍.
പിന്നീട് ആ പെണ്‍കുട്ടിയുടെ ഓട്ടോഗ്രാഫിന്റെ നീലത്താളില്‍ ഞാന്‍ പണ്ടെവിടെയോ വായിച്ച കവിതാശകലം എഴുതി:
''നീ സ്‌നേഹിക്കുന്നവന്‍
നിന്നെയും സ്‌നേഹിക്കുമാറാകട്ടെ.''
എന്നെ അമ്പരപ്പിച്ചുകൊണ്ട് ആ താള്‍ ചീന്തി ചുരുട്ടിയെറിഞ്ഞ് അവള്‍ ചവിട്ടിക്കുതിച്ചു തിരിച്ചുനടന്നു!
കാന്റീനില്‍ ഇരുന്ന് തിളച്ച ബ്രസീലിയന്‍ കടുംകാപ്പി ഊതിക്കുടിക്കുമ്പോള്‍ ഞാന്‍ വിഷണ്ണനായിരുന്നു. സുഹൃത്തായ സ്വീഡിഷ് എഴുത്തുകാരന്‍ സ്റ്റെഫാന്‍ ചോദിച്ചു: ''എന്തുപറ്റി.''
ഞാന്‍ ഒന്നും മിണ്ടാതെ ഒരു പാല്‍മാല്‍ സിഗരറ്റെടുത്തു ചുണ്ടത്തുവച്ചു. സ്റ്റെഫാന്‍ പറഞ്ഞു:
''പുകവലിക്കാന്‍ പ്രത്യേകം സ്ഥലമുണ്ട്. ഇവിടെ പാടില്ല.''
വലിയ ജാലകങ്ങളുള്ള നീണ്ട ഒരു ഹാള്‍. വെളുത്ത ചായംതേച്ച മേശകളും കസേരകളും അവിടവിടെ. മേശപ്പുറത്ത് ആഷ്ട്രേകള്‍. ഇതാണ് പുകവലിക്കാനുള്ള സ്ഥലം. ഞാനും സ്റ്റെഫാനും ഓരോ സിഗരറ്റ് കത്തിച്ചു.
ഞാന്‍ കുറേ കമ്പിളിവസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. രോമത്തൊപ്പി, കയ്യുറ എല്ലാമുണ്ട്. എന്നിട്ടും തണുത്തുമരവിക്കുന്നു. രാവിലെ കുറച്ചു മദ്യം അകത്താക്കാമായിരുന്നു. സിഗരറ്റുപുക ചെന്നപ്പോള്‍ അല്പം ഉന്മേഷം തോന്നി.
അപ്പോഴാണ് ഞാന്‍ കണ്ടത്. അകലെ ഒരു കോണില്‍ ആ പെണ്‍കുട്ടി. പുറത്തെ തടാകത്തിലേയ്ക്കും അതിനപ്പുറത്തെ നിബിഡമായ പൈന്‍മരക്കാടുകളിലേയ്ക്കും അലസമായി നോക്കി ഒരു കസാലയില്‍ കാലിന്മേല്‍ കാല്‍കയറ്റിയിരുന്ന് അവള്‍ സിഗരറ്റു വലിക്കുന്നു!
ഞാന്‍ അടുത്തുചെന്നു ചോദിച്ചു:
''ക്ഷമിക്കണം. നിന്റെ പേര് എന്താ?''
അവള്‍ എന്റെ മുഖത്തേയ്ക്ക് അലക്ഷ്യമായി ഒന്നു നോക്കി. വീണ്ടും തടാകത്തിലേയ്ക്കു നോക്കി സിഗരറ്റ് ആഞ്ഞുവലിച്ചു. എന്നിട്ട് ആലോചനാപൂര്‍വ്വം പറഞ്ഞു''
''ഉം... ലേനാ.''
''LENA?''
''അതെ.''
അടുത്ത കസേരയിലിരുന്നുകൊണ്ട് ഞാന്‍ ചോദിച്ചു:
''ഞാന്‍ എഴുതിയ ഓട്ടോഗ്രാഫ് നീ കീറിക്കളഞ്ഞത് എന്തുകൊണ്ടാണ്?''
അവള്‍ ചാടിയെണീറ്റു. സിഗരറ്റ് നീരസത്തോടെ ആഷ്ട്രേയില്‍ കുത്തി. എന്നെ തറപ്പിച്ചു നോക്കി. എന്നിട്ടു പറഞ്ഞു:
''ഞാന്‍ ഈ സ്‌നേഹത്തിലൊന്നും വിശ്വസിക്കുന്നില്ല. തട്ടിപ്പാണത്. വെറും ആത്മവഞ്ചന.
അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അനുനയത്തില്‍ പറഞ്ഞു:
''നോക്കൂ എത്രയോ സമുദ്രങ്ങള്‍ താണ്ടി നിന്റെ രാജ്യത്തെയും നിന്നെയും പരിചയപ്പെടാന്‍ വന്ന കവിയാണ് ഞാന്‍. എന്നെ അവഗണിച്ചുപോകാതിരിക്കുക. നമുക്ക് അല്പം സംസാരിച്ചുകൂടെ?''
അവള്‍ സംശയത്തോടെ എന്നെ നോക്കി.
കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ലേന ചോദിച്ചു.
''ഇന്ത്യക്കാര്‍ക്ക് മനുഷ്യന്റെ കഴിഞ്ഞ ജന്മങ്ങളെക്കുറിച്ച് അറിയാമെന്നു കേട്ടിട്ടുണ്ട്. ശരിയാണോ?''
''ശരിയാണ്.'' ഞാന്‍ ചിരിച്ചു.
''എങ്കില്‍ പറയൂ. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ആരായിരുന്നു?'' അവള്‍ ഉത്സാഹത്തോടെ ഇളകിയിരുന്നു.
''കൈ നോക്കട്ടെ.'' ഞാന്‍ അല്പം ഗൗരവത്തില്‍ ആവശ്യപ്പെട്ടു. അവള്‍ ഉടന്‍ കൈനീട്ടി.
റോസാപ്പൂനിറമുള്ള ആ ഉള്ളംകൈയിലേയ്ക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി.
എന്റെ മനസ്സിന്റെ വെള്ളിത്തിരയില്‍നിന്ന് എല്ലാ ചിത്രങ്ങളും മാഞ്ഞുപോയി. തിളങ്ങുന്ന വെളുപ്പുമാത്രമായി. പതുക്കെപ്പതുക്കെ വന്യമായ ഒരു സംഗീതം കേട്ടുതുടങ്ങി. നിറങ്ങളും രൂപങ്ങളും തെളിഞ്ഞുവന്നു. ഇരമ്പിയൊഴുകുന്ന നദി ഇടതൂര്‍ന്ന വനം. മുളങ്കുഴലുകളുടെ നാദം. കാട്ടുചെണ്ടകളുടെ മുഴക്കം. നദീജലത്തിനുമുകളില്‍ പാറിപ്പറക്കുന്ന വര്‍ണ്ണച്ചിറകുള്ള ചിത്രശലഭങ്ങള്‍. കടുംനീലയും കടുംചുവപ്പും പുള്ളികളുള്ള വലിയ ചിത്രശലഭം.
ഞാന്‍ ലേനയോടു പറഞ്ഞു: ''കഴിഞ്ഞ ജന്മത്തില്‍ നീ ആമസോണ്‍തടങ്ങളിലെ ഒരു ചിത്രശലഭമായിരുന്നു. അതിമനോഹരിയായ ഒരു ചിത്രശലഭം.''
അവളുടെ കണ്ണുകള്‍ ഒരുനൊടി തിളങ്ങി. പിന്നെ അവള്‍ പൊട്ടിച്ചിരിച്ചു.
ആ നിമിഷം മുതല്‍ ഞാനും ലേനയും അപരിചിതരല്ലാതായി.
തടാകതീരത്തെ ഒരു സത്രത്തിലായിരുന്നു ഇന്ത്യന്‍ എഴുത്തുകാരുടെ താമസം. വളരെനേരത്തെ ഇരുട്ടുവീണു. മഞ്ഞുപൊഴിയാന്‍ തുടങ്ങി. തണുപ്പ് ഉഗ്രമായി.
സത്രത്തിന്റെ വിശാലമായ ഹാളിലും തീന്‍മുറിയിലും വലിയ മൊഴുകുതിരികള്‍ ജ്വലിച്ചുനിന്നു. അവ വെളിച്ചം വിതറുകയും അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുകയും ചെയ്തു. ഹാളിന്റെ ഒത്ത നടുക്ക് തീക്കുണ്ഡം എരിഞ്ഞുകൊണ്ടിരുന്നു. അതിനുചുറ്റും ഞങ്ങള്‍ പാനപാത്രങ്ങളുമായി ഇരുന്നു. വീഞ്ഞുകുടിച്ചു തുടുത്ത ഞങ്ങളുടെ മുഖങ്ങള്‍ തീജ്വാലകളുടെ ചുവന്ന വെളിച്ചം പുളഞ്ഞുകൊണ്ടിരുന്നു.
അപ്പോള്‍ പലതരം ഓടക്കുഴലുകളുമായി വൃദ്ധനായ ഒരു ഗ്രാമീണ ഗായകനും ഒരു നാടന്‍കവിയും ഞങ്ങളെ കാണാന്‍ വന്നു. അവരോടൊപ്പം കടുംചുവപ്പു കമ്പിളിയുടുപ്പിട്ട ലേനയും! അവളുടെ കൈയില്‍ വയലിന്‍പെട്ടി.
ഈ സത്രത്തില്‍ അതിഥികള്‍ വന്നാല്‍ അവരെ രസിപ്പിക്കാന്‍ രാത്രി ഗ്രാമത്തിലെ കലാകാരന്മാര്‍ വന്നുകൂടും. നല്ല വീഞ്ഞും തീച്ചൂടും ചെറിയ പ്രതിഫലവും അവര്‍ പ്രതീക്ഷിക്കുന്നു. ലേനയും ഇടയ്ക്ക് ഇവിടെ വരാറുണ്ട്.
ഗ്രാമീണ ഗായകന്‍ ഓടക്കുഴലുകളില്‍ പല വിചിത്ര ഈണങ്ങളും വായിച്ചു. നാടന്‍കവി ചൊല്ലിയ സ്വീഡിഷ് കവിതകള്‍ ഞങ്ങള്‍ക്കു മനസ്സിലായില്ല. ലേന വയലിനില്‍ രണ്ടു ഗാനങ്ങള്‍ വായിച്ചു. ഹേമന്തത്തിന്റെ വിഷാദം വഴിയുന്നതായിരുന്നു ഒരു ഗാനം. മറ്റൊന്ന് വസന്തത്തിന്റെ ഉത്സവം നിറഞ്ഞ ഗാനവും.
അതിനുശേഷം ഞങ്ങളോടൊപ്പമുണ്ടായിരുന്ന സ്വീഡിഷ് നോവലിസ്റ്റ് ലാര്‍സ് തന്റെ ഏറ്റവും പുതിയ നോവലിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയുടെ ഒരുഭാഗം വായിക്കാന്‍ തുടങ്ങി. പതിനേഴാം നൂറ്റാണ്ടില്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ഒരു കപ്പലിനെക്കുറിച്ചും അതു വീണ്ടെടുക്കാന്‍ ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും.
എനിക്കു വിരസത തോന്നി. ഞാന്‍ ലേനയോടു പറഞ്ഞു:
''ബോറടിക്കുന്നു. എന്റെ മുറിയില്‍ വോഡ്കയുണ്ട്.''
മച്ചിലും ചുവരുകളിലും നിലത്തും മരപ്പലകകള്‍ പതിച്ച മുറി. എരിയുന്ന നെരിപ്പോടിനരികിലിരുന്ന് ഞങ്ങള്‍ വോഡ്ക പകര്‍ന്നു. 'Absolute' എന്നുപേരുള്ള വീര്യംകൂടിയ സ്വീഡിഷ് വോഡ്കയുടെ തീയലകള്‍ വളരെ സാവധാനമാണ് ചോരക്കുഴലുകളില്‍ പടരുക.
എന്റെ മേശപ്പുറത്തിരുന്ന കുടുംബചിത്രം എടുത്തു കൗതുകത്തോടെ നോക്കിയിട്ട് ലേന ലേശം പരിഹാസത്തോടെ പറഞ്ഞു:
''താങ്കളുടെ തിരുക്കുടുംബം!''
ആ അവസരമാണ് ലേനയുടെ കുടുംബത്തെക്കുറിച്ച് ചോദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഒരാഴ്ചയ്ക്കുള്ളില്‍ പലപ്പോഴായി അവളുടെ ജീവിതത്തിന്റെ ദയനീയമായ ഒരു രേഖാചിത്രം എനിക്കു കിട്ടി.
ഡെന്മാര്‍ക്കുകാരനായ ഒരു ട്രക്ക് ഡ്രൈവര്‍ കുറച്ചുകാലം ഒരു സ്വീഡിഷ് തയ്യല്‍ക്കാരിയുടെ കൂടെ അര്‍വികയില്‍ താമസിച്ചു. ആ ബന്ധത്തിലുണ്ടായ മകളാണ് ലേന. അവളുടെ ശൈശവത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ലേന സംഗീതവിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ അമ്മ ഒരു നോര്‍വീജിയന്‍ വ്യാപാരിയോടൊപ്പം ഓസ്ലോ നഗരത്തിലേയ്ക്കു പോയി. അനാഥയായ ലേന തന്റെ സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ പരിചാരികയായി നിന്ന് പഠനം തുടര്‍ന്നു.
സംഗീതാദ്ധ്യാപികയുടെ ഭര്‍ത്താവ് ലേനയെ വശീകരിച്ചു. അവള്‍ പതിനാലാം വയസ്സില്‍ ഗര്‍ഭിണിയായി. അതോടെ ആ വീട്ടില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. കരുണയുള്ള സംഗീതാദ്ധ്യാപിക അവള്‍ക്കു ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുകയും മോശമല്ലാത്ത ഒരു തുക നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. അതുകൊണ്ട് ലേന കേസുകൊടുക്കാനൊന്നും പോയില്ല.
എണ്‍പതു വയസ്സുകഴിഞ്ഞ ഒരു മുന്‍പട്ടാളക്കാരനും അയാളുടെ എഴുപത്തഞ്ചുകാരി ഭാര്യയും മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ അവരുടെ പരിചാരികയായി നിന്നുകൊണ്ടാണ് ഇപ്പോള്‍ ലേന സംഗീതപഠനം തുടരുന്നത്. സംഗീതജ്ഞയായി അമേരിക്കയിലേയ്ക്കു കുടിയേറണമെന്നും ധാരാളം പണം സമ്പാദിക്കണമെന്നുമൊക്കെയാണ് ആ പെണ്‍കുട്ടിയുടെ മോഹം.
അര്‍വികയില്‍ ലേന എനിക്കു വഴികാട്ടിയായി. ഒരു ഗ്രാമീണ മ്യൂസിയത്തില്‍ അവളെന്നെ കൊണ്ടുപോയി. ആ ഭൂവിഭാഗത്തിലെ പുരാവസ്തുക്കള്‍, പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ചിത്രങ്ങള്‍, വിവരണങ്ങള്‍, പ്രാചീന ആയുധങ്ങള്‍, പണ്ടത്തെ ഉപകരണങ്ങള്‍ തുടങ്ങി പലതും ആ മ്യൂസിയത്തില്‍ സംഭരിച്ചിരുന്നു. ആ പ്രദേശത്തെ കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ആര്‍ട്ട്ഗ്യാലറിയും മ്യൂസിയത്തോടുചേര്‍ന്ന് ഉണ്ടായിരുന്നു. മ്യൂസിയത്തിന്റെ സൂക്ഷിപ്പുകാരന്‍ ഒരു നല്ല പക്ഷിനിരീക്ഷകന്‍ കൂടിയായിരുന്നു. അയാള്‍ സലിം ആലിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടത്രെ!
ഒരു ദിവസം ലേന എന്നെ അവള്‍ താമസിക്കുന്ന വീട്ടിലേയ്ക്കു കൊണ്ടുപോയി. ഗൃഹനാഥനായ ആല്‍ബി എന്ന മുന്‍ പട്ടാളക്കാരന്‍ ചെടികള്‍ക്കു വളംചേര്‍ത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. തവിട്ടുനിറമുള്ള ബൂട്ട്‌സും കറുത്ത കമ്പിളിപ്പാന്റും ചാരനിറത്തിലുള്ള രോമക്കുപ്പായവും വലിയ ഒരു രോമത്തൊപ്പിയും ധരിച്ച ഒരു വന്‍വേഷം. ആറടിയിലധികം പൊക്കവും ഉറച്ച ശരീരവുമുള്ള ആ മനുഷ്യനെക്കണ്ടാല്‍ എണ്‍പതു വയസ്സുകഴിഞ്ഞെന്ന് ആരും പറയില്ല. പക്ഷേ, അയാളുടെ ഭാര്യ രോഗിണിയാണ്. വിളറി ശോഷിച്ച ആ സ്ത്രീക്ക് വീല്‍ചെയര്‍ വേണം.
''ഗ്ലെന്‍ഫിഡിഞ്ച്' എന്ന സിംഗിള്‍മാള്‍ട്ട് വിസ്‌കി തന്നാണ് ആല്‍ബി എന്നെ സല്‍ക്കരിച്ചത്. വിലകൂടിയ ഒരു ഹവാനാ ചുരുട്ടും തന്നു. മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ വൃദ്ധന്‍ പട്ടാളക്കഥകള്‍ തുടങ്ങി.
''എന്റെ കൗമാരത്തില്‍ ഒന്നാംലോക മഹായുദ്ധം പൊട്ടി. എനിക്ക് സ്വീഡിഷ് അതിര്‍ത്തിയില്‍ അഞ്ചുകൊല്ലം നിര്‍ബന്ധിത സൈനികസേവനം. അതുകഴിഞ്ഞുവന്നു ഞാന്‍ കല്ല്യാണം കഴിച്ച് ജീവിതമാരംഭിച്ചു. അപ്പോഴതാ രണ്ടാംലോക മഹായുദ്ധം. വീണ്ടും അതിര്‍ത്തിയിലെ കൊടുംതണുപ്പിലും ഏകാന്തതയിലും അഞ്ചുകൊല്ലം! രണ്ടു ലോകമഹായുദ്ധങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പത്തുവര്‍ഷങ്ങള്‍ തട്ടിപ്പറിച്ചു. ആനന്ദിച്ചുജീവിക്കേണ്ട പത്തുവര്‍ഷങ്ങള്‍ മഞ്ഞിലും ഏകാന്തതയിലും! ഒന്നോര്‍ത്തുനോക്കിയേ എല്ലാറ്റിനും കാരണം ആ ജര്‍മന്‍കാരാണ്. ജര്‍മനി നശിക്കട്ടെ. ജര്‍മന്‍ പട്ടികള്‍ തുലയട്ടെ.''
വൃദ്ധന്‍ ക്രുദ്ധനായി ശപിക്കാന്‍ തുടങ്ങി.
''എന്തു പ്രശ്‌നമുണ്ടായാലും അപ്പാപ്പന്‍ ജര്‍മന്‍കാരെയാണ് തെറിവിളിക്കുക.'' പിന്നീടൊരിക്കല്‍ ലേന പൊട്ടിച്ചിരിച്ചുകൊണ്ടുപറഞ്ഞു.
മറ്റൊരു ദിവസം ലേന എന്നെ ഒരു ചെറിയ നദിയിലേയ്ക്കു കൊണ്ടുപോയി. ഉറഞ്ഞുകിടക്കുന്ന നദി. കൊടുംതണുപ്പ്. നദിക്കരയില്‍ നിബിഡമായ ഹരിതവനം. കാറ്റില്ലാത്തതിനാല്‍ സ്തംഭിച്ചുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍. പ്രപഞ്ചത്തേക്കാള്‍ പഴക്കമുള്ള നിശ്ശബ്ദത!
നദീജലത്തിന്റെ ഉപരിതലം ഉറഞ്ഞു മഞ്ഞുകട്ടയായിപ്പോയി. അതില്‍ തുളയുണ്ടാക്കി ചൂണ്ടലിട്ട് അടിയിലെ ഉറയാത്ത ജലത്തില്‍നിന്നു മീന്‍പിടിക്കുകയാണ് ഒരു വൃദ്ധന്‍!
നദിയിലെ മഞ്ഞുപാളിക്കുമുകളിലൂടെ കാട്ടുകമ്പുകള്‍ കുത്തിപ്പിടിച്ച് ഞാനും ലേനയും പതുക്കെ നടന്നു. സൂക്ഷിക്കണം. പിളര്‍പ്പുകള്‍ ഉണ്ടാവും. ഞാന്‍ കുനിഞ്ഞുനോക്കി. സുതാര്യമായ മഞ്ഞുകട്ടയ്ക്കടിയിലെ ഉറയാത്ത ജലത്തില്‍ വലിയ മത്സ്യങ്ങള്‍ നീന്തുന്നു! കട്ടിച്ചില്ലിലൂടെയെന്നപോലെ അവയുടെ വെള്ളിമിന്നായങ്ങള്‍ കാണാം! അവിശ്വസനീയവും അവര്‍ണ്ണനീയവുമായ കാഴ്ച.
ഒരു സന്ധ്യയ്ക്ക് മുറിയില്‍ എരിയുന്ന നെരിപ്പോടിന്റെ അരികിലിരുന്ന് തീകായുമ്പോള്‍ എന്റെ തോളില്‍ തലചായ്ച്ച് ലേന ചോദിച്ചു:
''എനിക്കൊരു ഇന്ത്യന്‍കഥ പറഞ്ഞുതരുമോ?''
ഞാനവള്‍ക്കു പറഞ്ഞുകൊടുത്തു. ഇന്ത്യയുടെ ഹൃദയം ഒരിക്കലും മറക്കാത്ത ആ പ്രണയദുരന്തകഥ. രാമന്റെയും സീതയുടെയും ശോകകഥ.
കഥകേട്ട് ലേനയുടെ ഉള്ളിലെ മഞ്ഞുപാളികള്‍ ഉരുകിയിരിക്കണം. അവളുടെ നനഞ്ഞ കവിളില്‍ നെരിപ്പോടിലെ ചുവന്ന കനലുകള്‍ പ്രതിബിംബിച്ചു.
അങ്ങനെയങ്ങനെ അര്‍വികയിലെ എന്റെ ദിനങ്ങള്‍ അവസാനിച്ചു. ഞങ്ങള്‍ക്കു ഗോട്ടെന്‍ബെര്‍ഗിലേയ്ക്കു പോകേണ്ട പ്രഭാതം എത്തിച്ചേര്‍ന്നു. വാഹനങ്ങള്‍ തയ്യാറായി. പെട്ടികളെല്ലാം എടുത്തുവെച്ചു.
എന്റെ കണ്ണുകള്‍ പരതി. ലേന എവിടെ? അവള്‍ വരുമോ?
പാതയുടെ അറ്റത്ത് കമ്പിളിയുടുപ്പിന്റെ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടു. ലേന സൈക്കിളില്‍ പാഞ്ഞുവന്നിറങ്ങി. അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ വായില്‍നിന്ന് നീലനീരാവി പറന്നു. എന്റെ നേരെ രണ്ടു കടലാസുകള്‍ നീട്ടി അവള്‍ പറഞ്ഞു:
''ഈ കടലാസുകളില്‍ ഒപ്പിട്ടുതന്നാല്‍ എനിക്ക് എന്റെ ഔദ്യോഗിക രേഖകളില്‍ പിതാവിന്റെ സ്ഥാനത്ത് താങ്കളുടെ പേര് ചേര്‍ത്ത് എഴുതാം. എനിക്ക് ഒരു ഇന്ത്യന്‍ പിതാവ്.''
ലേന വിശദീകരിച്ചു.
പെണ്‍മക്കളില്ലാത്ത ഞാന്‍ ഒരു നിമിഷം നിശ്ശബ്ദനായി വിങ്ങി. ഒപ്പിടുമ്പോള്‍ എന്റെ കൈ വിറച്ചു. അവളെ ഞാന്‍ ദത്തെടുക്കുകയായിരുന്നോ? അതോ അവള്‍ എന്നെ ദത്തെടുക്കുകയായിരുന്നോ?
ആര്‍ക്കറിയാം!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates