

സ്‌നേഹത്തിന്റേയും പരിഗണനയുടേയും അടയാളമെന്താണ്?
ആരോ ചോദിച്ചു.
-കാപ്പി.
ഞാന്‍ പറഞ്ഞു
എപ്പോഴെന്നില്ലാതെ വന്നു കേറുന്ന അതിഥികളെ സ്‌നേഹമുണ്ടെന്നു തെളിയിക്കാന്‍ നിരന്തരം അടുക്കളയില്‍ ഞാന്‍ കാപ്പി കൂട്ടിക്കൊണ്ടേയിരുന്ന കാലത്താണത്.
ഞാനയാളോട് പറഞ്ഞു.
അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം.
കാപ്പിക്കയറ്റുമതിയുടെ നാട്.
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോകസഞ്ചാരങ്ങള്‍ ചെയ്യുന്നു.
അടുക്കളയില്‍നിന്നു അതിഥിമുറിയിലേക്കും തിരിച്ചും കപ്പുകള്‍ പേറിയും മോറിയും കഴിഞ്ഞു പതിനഞ്ചു വര്‍ഷങ്ങള്‍.
അടുക്കളക്കാരിയെ ആരും സ്‌നേഹിച്ചില്ല. അനാരോഗ്യവതിയായ വെപ്പുകാരി ഒടുക്കം തലചുറ്റി വീണു. സ്‌നേഹരാഹിത്യത്താലും ക്ഷീണത്താലും.
മൂന്നുമാസം കൂടുമ്പോഴുള്ള പരിശോധനയ്ക്കു ചെല്ലുമ്പോള്‍ ഡോക്ടര്‍ ശാസിച്ചു.
''റെസ്റ്റില്ല. അതു ശരിയാവില്ല. റെസ്റ്റെടുത്തേ പറ്റൂ.''
എന്നാലെങ്ങനെ?
ഞാന്‍ ഭര്‍ത്താവിനോടു പറഞ്ഞു.
''ഇങ്ങനെയാണെങ്കില്‍ ഞാനൊളിച്ചോടും.''
എങ്ങോട്ട്?
ഭര്‍ത്താവിന് അത് മനസ്സിലായില്ല. ഒന്നു പെറ്റു, രോഗിണിയായ ഈ സ്ത്രീ ഇനി ആരോടൊപ്പം ഒളിച്ചോടാനാണ്?
പക്ഷേ, ആ ഒളിച്ചോട്ടം നടക്കുക തന്നെ ചെയ്തു.
കുട്ടിക്കാലം മുതല്‍ കാത്തുവെച്ച പ്രണയത്തെ പില്‍ക്കാലം ഒരാള്‍ത്തിരക്കില്‍ കണ്ടറിഞ്ഞ് ശിശുവിനെയും കൈയ്യിലെടുത്ത് അതിവേഗം അതോടൊപ്പം ഓടിപ്പോയ ക്ലേശജന്മമായ ഒരു കാമുകിയെപ്പോലെ.
ഞാന്‍ കഥയോടൊപ്പം ഒളിച്ചോടി.
ഏതു ഒളിച്ചോട്ടത്തിന്റെയും പിന്നാലെ നുണയും ഏഷണിയും അസൂയയും ചേര്‍ന്നുരുപ്പിടിപ്പിക്കുന്ന പകയുടെ വന്‍ലോകമുണ്ടെന്നു ഓര്‍മ്മിക്കാതെ.
വാക്കാണ് എന്റെ ഒരേ ഒരു സ്വത്ത്. ആരോടും വെളിപ്പെടുത്താത്ത സ്വത്ത്.
വീട്ടിലിരുന്നു വായിക്കുകയും സ്വകാര്യാനന്ദത്തിന് ഇടയ്ക്ക് എഴുതുകയും ചെയ്തിരുന്ന വീട്ടമ്മ മാത്രമായിരുന്നു ഞാനെങ്കിലും.
കാരണമുണ്ട്, എഴുത്തുമായി ബന്ധപ്പെട്ട, അതിനെ ഗൗരവമായി കണക്കാക്കുന്ന വീട്ടിലാണ് ഞാന്‍ ജനിച്ചത്. അവിടെ ഒരാള്‍ക്കു എഴുത്തുകാരിയെന്നു എളുപ്പത്തില്‍ ഞെളിഞ്ഞുകൂടാ.
അതുകൊണ്ട് അതിഗൂഢാനന്ദമായി ഞാന്‍ എഴുത്തിനേയും വായനയേയും കണ്ടു.
എന്നിട്ടും ഒരിക്കല്‍ എഴുതുകയും പരസ്യപ്പെടുത്തുകയും ചെയ്യേണ്ടിവന്നു. വളരെ ആകസ്മികമായി.
ഒരാളുടെ മരണം വേണ്ടിവന്നു എന്റെ മൗനം മുറിക്കാന്‍ എന്നു എഴുതേണ്ടി വരുന്നതില്‍ എനിക്കുള്ള വ്യസനം ചെറുതല്ല. എങ്കിലും അങ്ങനെയാണുണ്ടായത്.
അത് ശിവകുമാര്‍ സാറിന്റെ മരണമായിരുന്നു. മരണഭൂമിയുടെ ആരംഭത്തെ ഞാനും ഒരിക്കല്‍ ചെന്നു തൊട്ടിട്ടുണ്ട്. അക്കാലത്ത്, അതുപോലൊരു രോഗബാധാപീഡിതനായി പിന്നെ ചികിത്സകൊണ്ടു രക്ഷപ്പെട്ടു വന്ന ആളായിരുന്നു അദ്ദേഹം.
യാതൊരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും ആരോ പറഞ്ഞറിഞ്ഞു എന്റെ രോഗക്കിടയ്ക്കരികെവന്നു മനസ്ഥൈര്യം തന്ന കഥാകാരന്‍. ഞാനാ മരണവാര്‍ത്ത കേട്ട് വ്യസനിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. ബോധത്തിലും അബോധത്തിലും ആ മരണവാര്‍ത്ത ഞാന്‍ കൊണ്ടുനടന്നു. എനിക്കത് ഉള്ളിലടക്കാന്‍ വയ്യാതെ പോയി. തുറന്നുപറയാന്‍ അക്കാലത്ത് എനിക്കു കൂട്ടുകാരില്ല. ബന്ധുക്കളില്ല.
ഭയവും വ്യസനവും ചേര്‍ന്ന് ഉള്ളില്‍ കോളുകൊണ്ട നേരം ഞാനതെല്ലാം എഴുതിപ്പോയി.
ഒന്നാമത് വായിച്ചപ്പോള്‍ നന്നെന്നു തോന്നി. (ചീത്തയെന്നു തോന്നാന്‍ പിന്നെയും സമയമെടുക്കുമല്ലോ.) പകര്‍ത്തി. ആരെയും കാണിച്ചില്ല. തിരുത്തിച്ചില്ല. പത്രമാപ്പീസിലേക്കു തപാലിലയച്ചു.
അതു പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ ഞാന്‍ ആകുലപ്പെട്ടില്ല. ഏറ്റവും നല്ല കൂട്ടുകാരനോട് ഉള്ളുതുറന്നാലെന്നപോലെ സുഖം സ്വാസ്ഥ്യം!
പക്ഷേ, ഓര്‍ക്കാനേരത്ത് പത്രവുമായി ഒരു ദിവസം വന്ന്, ഉറങ്ങുന്ന എന്നെ ഭര്‍ത്താവ് തട്ടി വിളിച്ചു.
''ഇതെപ്പോ അയച്ചു?''
ആകാംക്ഷപൂണ്ട് ഞാന്‍ പത്രം തട്ടിപ്പറിച്ചു.
പിന്നത്തെ ആഴ്ചയില്‍ എന്റെ തപാല്‍പ്പെട്ടി അകന്നുപോയിരുന്ന എന്റെ മിത്രങ്ങളെയും ബന്ധുക്കളെയും കൊണ്ടുത്തന്നു. മിനിയെ എന്റെ സരോജേടത്തിയെ.
വിദേശ കവറിനുള്ളില്‍ പേരു പറയാത്ത, ആളെപ്പറയില്ലെന്നു നിര്‍ബന്ധമുള്ള ഒരു കൂട്ടുകാരനെ. എന്റെ ഒരേ ഒരു വായനക്കാരന്‍ താനാണെന്നും അയാള്‍ സ്വയം അവകാശപ്പെട്ടു.
ഗീത എഴുതാതിരുന്നു കൂടാ.
ആ കത്ത് അവസാനിച്ചത് ആ വരിയോടെയാണ്. അഭിമാനമായിപ്പോയി എനിക്ക്. പക്ഷേ, അഭിമാനികള്‍ അധികനേരം പുലരാന്‍ ലോകമുണ്ടോ അനുവദിക്കുന്നു.
പിറ്റേന്നു വൈകുന്നേരം ഞാനും മകളും ഉമ്മറത്തിരുന്നു ശീട്ടു കളിക്കുകയാണ്. രാജ്ഞിമാരെ രക്ഷിക്കുന്ന പടനിരയുടെ ഒരു കളി ഞങ്ങളന്നു സ്വന്തം നിലയ്ക്കു രൂപപ്പെടുത്തുകയായിരുന്നു. അപ്പോള്‍ ഒരു സന്ദര്‍ശകന്‍.
മുന്‍പ് കണ്ടിട്ടില്ലാത്തയാള്‍.
''സാറില്ലേ.''
''അച്ഛന്‍ പൊറത്തു പോയിരിക്ക്യാ'' എന്റെ മകള്‍ പറഞ്ഞു.
അയാള്‍ ഒരു നിമിഷം ശീട്ടുകളി നോക്കി, കുശലങ്ങളൊന്നുമില്ലാതെ തിരിച്ചുപോയി.
പിന്നീട് അയാള്‍ വന്ന നേരം ഭര്‍ത്താവ് ഉണ്ടായിരുന്നു. ഞാനും കുട്ടിയും അകത്തെ മുറിയില്‍ ശീട്ടുകളിയില്‍ ഭ്രമിക്കുകയും.
ശീട്ടു പകുക്കുമ്പോള്‍ കേള്‍ക്കാം. ഭര്‍ത്താവ് ആഗതനോട് പറയുകയാണ്.
''ശിവകുമാറിനെക്കുറിച്ചോ, വ്യക്തിപരമായി അനുസ്മരിക്കാന്‍ എനിക്കദ്ദേഹത്തെ അത്ര പരിചയം പോരാ.''
ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ ആഗതന്‍ ഒരു സംഘാടകനാണ്. അയാള്‍ ശിവകുമാര്‍ അനുസ്മരണം നടത്താന്‍ പോകുന്നുണ്ട്.
''അങ്ങനെ വളരെ വിശദീകരിച്ചൊന്നും വേണ്ട. വാരന്തപ്പതിപ്പിലെഴുതീരുന്നില്ലേ സാറ്. അതുപോലെ പേഴ്സനലായിട്ടെന്തെങ്കിലും.''
എന്റെ ഭര്‍ത്താവ് ചിരിച്ചു. ഞാനല്ല, ഗീതയാ അത് എഴുതിയത്. എന്റെ വൈഫ്.''
''പിന്നെയ്.''
--ഞാന്‍ ശീട്ടു താഴെയിട്ടു. ക്ഷോഭത്തിന്റെ തിര ഉള്ളില്‍ പൊട്ടി.
''സത്യം. ഗീതയാ അതെഴുതീത്.''
''വായിച്ചപ്പൊ സാറിന്റെ സ്‌റ്റൈലാണെന്നു തോന്നി.''
''അതിനു ഞാന്‍ ഗദ്യമെഴുതി താന്‍ വായിച്ചിട്ടുണ്ടോ.''
ഇല്ലെന്നു അയാള്‍ക്കും എനിക്കുമറിയാം. പക്ഷേ, അയാള്‍ നിഷേധിക്കുന്നത് എഴുതാനുള്ള എന്റെ ശേഷിയെയാണ്.
ഹേയ്, അടുക്കളക്കാരി, നിനക്കും സാഹിത്യമോ.
സാഹിത്യ മീറ്റിംഗുകളില്‍ പ്രത്യക്ഷപ്പെടാത്ത, യദൃച്ഛയാ കാണുമ്പോള്‍ എഴുത്തുകാരോട് കഴിഞ്ഞയാഴ്ച താങ്കള്‍ എഴുതിയതു വായിച്ചു എന്നു എഴുത്തുകാരെ ശ്രദ്ധിക്കാത്ത വീട്ടമ്മയ്‌ക്കോ എഴുത്ത്.
ഞാനയാളോട് വാദിക്കുന്നില്ല.
കണിശമായും നല്ല വായനക്കാര്‍ ആ സ്ത്രീഭാഷ തിരിച്ചറിയുമെന്ന ഉറപ്പിന്‍മേല്‍. പോരെങ്കില്‍ ആ ലേഖനമോ രോഗാതുരയായ ഒരു സ്ത്രീക്ക് അന്നു രുചിക്കാനായ ആ സ്‌നേഹത്തിന്റെ ഔഷധരുചിയെപ്പറ്റി അവളെപ്പോലെ മറ്റാരും എഴുതില്ല. അവളെപ്പോലെ ആരുണ്ട് അന്ന് ആ വാക്കുകളില്‍ ആശ്വാസം കൊണ്ടിട്ട്.
ഒന്നാം വായനയില്‍ത്തന്നെ ആര്‍ക്കും അതിലെ സ്ത്രീ ശബ്ദം തിരിച്ചറിയാം.
എന്നിട്ടും ഇയാള്‍ വകവെയ്ക്കുന്നില്ല.
ഞാന്‍ ആ വകവെയ്ക്കായ്കയില്‍ കലമ്പി.
അങ്ങനെയോ. എന്നാല്‍, ഇനിമേല്‍ എഴുതുക തന്നെ.
അങ്ങനെയാണ് ഞാന്‍ എഴുത്തുകാരിയാവാന്‍ ആഗ്രഹിച്ചത്. പക്ഷേ, അത് തീയില്‍ ചാടുന്നതിന് തുല്യമാണെന്നു ആവേശത്താല്‍ അന്നറിഞ്ഞില്ല.
മാത്രമോ, കൂട്ടുകാര്‍ പറയുന്നു എഴുതാനെളുപ്പം. പക്ഷേ, പ്രസിദ്ധീകരിച്ചു കിട്ടാന്‍ എളുപ്പമല്ല.
നിരസിക്കപ്പെടുകയാണെങ്കില്‍, ഞാന്‍ എന്നെ ആശ്വസിപ്പിച്ചു, സാരമില്ല. നീ ഒരു വീട്ടമ്മയാണ്.
നിനക്ക് എളുപ്പം നിന്റെ അടുക്കളയിലേക്കു മടങ്ങാം. ആരുമറിയില്ല ആ തോല്‍വി.
പക്ഷേ, വല്ലവരുടെയും ശിപാര്‍ശമേല്‍ കൃത്രിമ പ്രതിഭാശാലിനിയാകുന്നതിലും എത്രയോ ഭേദമാണ് അഭിമാനിക്കു ആ അടുക്കളയിലേക്കു തിരിച്ചുവരല്‍.
അതെന്റെ ദൃഢാഭിമാനമാണ്. എങ്ങനെയെങ്കിലും എഴുത്തുകാരിയായേ എന്റെ ജന്മം ഒടുങ്ങാവൂ എന്നൊന്നും എനിക്കു സ്വപ്നവുമില്ല.
അതുകൊണ്ട് എന്റേതല്ലാത്ത ഒരു ശിപാര്‍ശകളും രചനകളോടൊപ്പം ഒരു പത്രാധിപര്‍ക്കും ഇന്നോളം ഞാന്‍ അയച്ചിട്ടില്ല.
'അര്‍ദ്ധനാരീശ്വരന്‍' എന്ന ഗദ്യകവിത കലാകൗമുദിയിലേയ്ക്കയയ്ക്കുമ്പോള്‍ ദൃഢപ്രതിജ്ഞയെന്നാകിലും എന്റെ മനസ്സിന്റെ ഒരു പങ്ക് ആകാംക്ഷനിറഞ്ഞതായിരുന്നു.
റെക്കമന്റേഷന്‍ ഇല്ലാത്ത രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയില്ലെന്ന നാട്ടുസങ്കല്പമോ ശരി, അതോ ഞാന്‍ കരുതുമ്പോലെ-
ഞാനത് മുഴുവന്‍ ആലോചിക്കാന്‍ ബദ്ധപ്പെട്ടില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ കലാകൗമുദിയെന്നച്ചടിച്ച ഇളം പിങ്കുകവര്‍ അതാ തപാല്‍ പെട്ടിയില്‍. കണ്ടപ്പോള്‍ പരിഭ്രമമായി.
തിരിച്ചു വന്നാല്‍ വന്നോട്ടെ എന്ന എന്റെ ആദ്യത്തെ ഊറ്റമൊക്കെ പോയി. വാസ്തവത്തില്‍ ഓരോ നിരാസവും ഓരോ വ്രണങ്ങളായിത്തീരുമെനിക്ക്.
ആ പേടിയോടെ ഞാന്‍ കത്തു തുറന്നു. കവറിനുള്ളില്‍ കലാകൗമുദി പത്രാധിപരായിരുന്ന ശ്രീ. ജയചന്ദ്രന്‍ നായരുടെ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ രണ്ടു വരി. കവിത പ്രസിദ്ധീകരിക്കുന്നു.
താഴെ സൂക്ഷിച്ചുനോക്കിയാല്‍ ജെ.സി. എന്ന ഒപ്പു വായിക്കാം.
ഞാനറിയാത്ത, എന്നെ അറിയാത്ത ആ പത്രാധിപരുടെ കത്ത് സൂക്ഷിക്കുന്നുണ്ട് ഇപ്പോഴും. ഇന്നും അദ്ദേഹത്തെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.
ആ കത്ത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.
വാക്കാണ് എഴുത്തുകാരനെ ശിപാര്‍ശ ചെയ്യുക. ഇന്ന് എനിക്കതറിയാം. അതുകൊണ്ട് എനിക്ക് വാക്കിലേക്കു സ്വതന്ത്രയാവണം. വാക്കിന്റെ ധ്വനി ഉണര്‍ന്നിരിക്കലാണ് എഴുത്തിന്റെ മോഹനത്തം എന്ന ഓര്‍മ്മയാല്‍ മൗനംകൊണ്ട് സദാ വാക്കുകളെ ഞാന്‍ തേടുന്നു.
പുറംലോകം എങ്ങനെ വേട്ടയാടിയാലും. ഞാനത് ഗൗനിക്കുകയില്ല.
സ്ത്രീയുടെ ലോകം എത്രയോ ചെറുതാണ്. പുരുഷനെപ്പോലെ സഞ്ചാരിയല്ല. അറിവും കവിതയും തേടിപ്പോകാന്‍ ഒഴിവുനേരങ്ങളില്ല. അനുഭവങ്ങള്‍ തേടിച്ചെല്ലാനുള്ള വഴികളില്ല. വ്യസനക്രോധങ്ങള്‍ പുകയുന്ന ലോകം അന്തരാളങ്ങളിലൊതുക്കാം അവള്‍ക്ക്. അത്ര ചെറുത് അവളുടെ അനുഭവലോകം. എന്നിട്ടും അടുക്കളയില്‍ കഴിയുന്ന ആ ജിപ്സി സ്വഭാവിനിയായ പെണ്ണ് ഭാഷയില്‍ ഇന്നു സ്വാതന്ത്ര്യം തേടി നടപ്പാണ്.
അവളുടെ അലച്ചിലും പ്രാരാബ്ധസഞ്ചികളും കണ്ട് ആരെന്തു പറഞ്ഞാലും അതിനെ കണക്കാക്കാതെ നടക്കാന്‍ മാത്രം തീക്ഷ്ണമാണ് വാക്കില്‍ അവള്‍ കൊതിക്കുന്ന സ്വര്‍ഗ്ഗഭൂമികള്‍.
അതുകൊണ്ട് അര്‍ദ്ധനാരീശ്വരന്‍ എന്ന കവിത വായിച്ച് പരിചയക്കാരന്‍ ഭര്‍ത്താവിനോട്, താനിനി എങ്ങനെ തലയയുര്‍ത്തി കൂടെ നടക്കും? തന്നെപ്പറ്റി എഴുതിവെച്ചിരിക്കണ കണ്ടില്ലേ എന്നു പരിഹസിക്കുന്നതിനെ ഞാന്‍ എഴുതിത്തള്ളും.
പാവം. ഭര്‍തൃനിന്ദ ചെയ്യാനുള്ള എളുപ്പവഴിയാണ് സ്ത്രീക്കു കവിത എന്നയാള്‍ ധരിച്ചുവെച്ചോട്ടെ.
ചിലപ്പോള്‍ തോന്നും ഹോ ഒന്നും എഴുതേണ്ടിയിരുന്നില്ല. മിണ്ടാതെ വരുന്നവര്‍ക്ക് ചായയും കാപ്പിയും സപ്ലൈ ചെയ്ത് ആ അടുക്കളയിലിരുന്നാല്‍ മതിയായിരുന്നു. ഇതൊന്നും കേള്‍ക്കാതെ കഴിക്കാമായിരുന്നു.
ആ വംശം ഇപ്പോഴും ഒടുങ്ങിപ്പോയിട്ടില്ല. രാജലക്ഷ്മിയെ കൊല്ലിച്ച കൂട്ടരുടെ കഥ വായിക്കുന്നത് കഥകൊണ്ട് കഥാകൃത്തിനെ വേട്ടയാടാനാണെന്നു കരുതുന്ന ചിലര്‍. എഴുത്തുകാരുടെ ചോര മണപ്പിച്ചു വരികള്‍ക്കു പിന്നാലെ നടക്കുന്ന കുറ്റാന്വേഷകര്‍.
ഞാനവരെ ഭയപ്പെടുകയില്ല.
എന്തെന്നാല്‍ തുണിത്തുമ്പില്‍ തൂങ്ങിയാടിയ എഴുത്തുകാരിയുടെ പ്രേതാത്മാവ് എനിക്കു തുണ നില്‍ക്കുന്നുണ്ട്. ബാല്യം മുതല്‍. ആ ദാരുണമൃതിയിലൂടെ ഞാന്‍ എഴുത്തുകാരിയെ വേട്ടയാടുന്ന ലോകത്തെക്കണ്ടു. മുഴുവന്‍ ഒളിപ്പോരാളികളാണ്. നേര്‍ക്കു യുദ്ധമില്ല.
ഓരോ വരിയും കുലുക്കിയും മണത്തും പരിശോധിക്കും. പരിചയക്കാര്‍ കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? എഴുത്ത് ആത്മകഥാപരമോ. ഓരോ വായനയിലും കിട്ടാനാഗ്രഹിക്കുന്നത് എഴുത്തുകാരുടെ സ്വകാര്യ കുടുംബജീവിത ചിത്രങ്ങളാണ്.
പണിപ്പെട്ട് ഒരു വാക്കെങ്ങാനും കണ്ടുകിട്ടിയാല്‍ ഉടന്‍ ഉത്സാഹമായി.
രണ്ടു കൊല്ലം മുന്‍പ്, അന്ന് എന്റെ വയറിനുള്ളില്‍ ഒരു നാലുമാസക്കാരന്‍ താമസമാണ്. അയാള്‍ക്ക് അന്ന് എപ്പോഴും വിശപ്പ്. തിന്നാന്‍ കൊടുക്കാന്‍ തിടുക്കപ്പെട്ട് ഞാന്‍ അടുക്കളയിലാണ്.
വൈകിയുണ്ടായ ഗര്‍ഭമാണ്. അലസിപ്പോകാന്‍ സാധ്യത കൂടുതലെന്നു ഡോക്ടര്‍.
എനിക്ക് അവനെ വേണമെന്നു ഞാനും.
ആ ഗര്‍ഭകാലം മുഴുവന്‍ ഞാന്‍ അവനെ സൂക്ഷിച്ച്, യാത്ര ചെയ്യാതെ, ശമ്പളമില്ലാതെ, കഴിയുകയാണ്.
രാവിലെ പത്ത് മണി. അപ്പോള്‍ ഫോണ്‍. അടുപ്പുകെടുത്തി ഓടി, ഓടാതെ ഫോണെടുത്തു ചെവി ചേര്‍ത്തതേയുള്ളൂ, അരൂപി ചോദിച്ചു.
''ഹിരണ്യന്റെ വീടല്ലേ.''
''ഗീതയല്ലേ.''
''അതെ?''
''എവിടെപ്പോയി അസ്ഥിര പ്രണയി?''
എനിക്കു മനസ്സിലായില്ല.
''അസ്ഥിര പ്രണയി കാമുകിമാരോടൊത്തു ചുറ്റാന്‍ പോയോ?''
ഇപ്പോള്‍ മനസ്സിലായി. അസ്ഥിര പ്രണയി. അത് ഒരു കാഴ്ചയില്‍ ഞാനുപയോഗിച്ച വാക്കാണ്. ഇന്ത്യാ ടുഡേയില്‍ ആ ലക്കം വന്ന കഥയില്‍.
നമ്മുടെ ഒരു വായനക്കാരനാണപ്പോള്‍. കൊള്ളാം. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു.
''പറഞ്ഞില്ല. നിങ്ങളാരാണ്?''
''ഞാന്‍ ആരുമായിക്കൊള്ളട്ടെ. അസ്ഥിര പ്രണയി ഇപ്പോള്‍...'' ആ വാക്ക് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് അയാള്‍ ചെയ്ത സംഭാഷണം ഞാന്‍ പാതിയില്‍വെച്ചുനിര്‍ത്തി.
ആരുമായിക്കൊള്ളട്ടെ എന്ന അഹന്ത പറച്ചിലിന്റെ ഈണത്തില്‍നിന്നു ഞാന്‍ ആളെക്കണ്ടെത്തുകയും ചെയ്തു.
ഫോണ്‍വെച്ച് ആ പരിചയക്കാരനെ ഞാന്‍ ഉള്ളംചുട്ടു പ്രാകി. കരഞ്ഞു.
ഇതു കേള്‍ക്കാനായിരുന്നു നാല് മാസമുള്ള അനങ്ങിയാല്‍ അലസും എന്നു പേടിക്കുന്ന ഡോക്ടറുടെ ഉപദേശം കൂസാതെ ഓടി വന്നത്.
അയാള്‍ കഥയില്‍ എന്റെ ആത്മകഥ വായിച്ചെടുത്തു എന്ന മിടുക്കറിയാന്‍.
മൂന്നാലു കഥകളെ ഇതുവരെ എഴുതിയിട്ടുള്ളു. എങ്കിലും ചില പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വയം അഭിനന്ദിക്കാന്‍ തോന്നും. മിടുക്കി. കഥാ സി.ഐ.ഡികള്‍ക്ക് വേണ്ട മരുന്നിട്ടു കൊടുത്തിട്ടുണ്ട്. ഇനി എഴുത്തുകാരിയുടെ സ്വകാര്യ ജീവിതം പരതി നടക്കുകയൊന്നും അവര്‍ക്കു വേണ്ട. കഥ വായിച്ചാല്‍ മതി. പക്ഷേ, ഞാനോ!
ആശയങ്ങളിലെ സാമ്യത കണ്ട് അവളെയും അവളുടെ പരിചയക്കാരെയും കണ്ടെത്തുന്ന പുറംലോകത്തെ ഞാന്‍ മറന്നുകഴിഞ്ഞു. വാക്കുകളില്‍, എഴുത്തിന്റെ രീതിയില്‍ പുലര്‍ത്തേണ്ട വ്യത്യസ്തതയും ഏകാഗ്രതയും മാത്രമാണിനി എന്റെ ജാഗ്രത.
എഴുതുന്നവള്‍ക്കു തീര്‍ച്ചയുണ്ട്. എഴുതിയതും എഴുതാന്‍ പോകുന്നതുമായ കഥകളില്‍ പരിചയക്കാരെ പ്രവേശിപ്പിക്കുകയില്ല.
എനിക്ക് പരിചയക്കാരെ മടുത്തുകഴിഞ്ഞു.
പുതിയ ചങ്ങാത്തങ്ങള്‍. പുതിയ ലോകങ്ങള്‍. പുതിയ ഭാഷ.
അതാണാഗ്രഹം.
കോഴിക്കോടിനപ്പുറം ഭൂമിയുണ്ടെന്നു കണ്ടറിഞ്ഞിട്ടില്ലാത്ത, രാജ്യസഞ്ചാരിയല്ലാത്ത ഞാന്‍ അതുകൊണ്ട് സ്വപ്നമുരുക്കി എനിക്കായി ഭൂഗോളം തീര്‍ക്കുന്നു.
എഴുതുന്നവളുടെ ലോകം.
അവിടെ പരിചയക്കാര്‍ക്കു പ്രവേശനം നിരസിച്ചിരിക്കുന്നു.
കഥകളിലും കവിതകളിലും കേരള നിവാസികളേയില്ല. തൃശൂര്‍പ്പട്ടണ നിവാസികള്‍ തീരെയും.
ഭാവിയില്‍ വായനക്കാര്‍ ചോദിച്ചേക്കും.
ഇക്കഥയിലെ കഥാപാത്രം ഇന്നാളുടെ ഛായയും സ്വഭാവവും സാമ്യവും വഹിക്കുന്നുവല്ലോ എന്ന്.
സഹോദരാ! എനിക്കതില്‍ എന്തു ചെയ്യാനാവും. ആകാശത്തിലും സ്വപ്നലോകത്തും മനുഷ്യസ്വഭാവം ഏതാണ്ടൊരു പോലെയാണ്.
ഈ പ്രതിജ്ഞ പരസ്യപ്പെടുത്തുന്നത് അയാള്‍ കൂടി അറിയാനാണ്. എന്റെ ഏറ്റവും നല്ല ആ വായനക്കാരന്‍.
ഇന്നലെയും അയാളുടെ കത്തുണ്ടായിരുന്നു.
ഇനിയും എന്നോടു പേരു പറയാന്‍ ധൈര്യമില്ലാത്ത, തപാല്‍ നമ്പര്‍ കൂടി ഒപ്പം വെയ്ക്കാതെ എന്റെ മറുപടി നിഷേധിച്ചവന്റെ, ചുവപ്പിന്റെയും നീലയുടെയും ചരിഞ്ഞ ചെറു ചതുരങ്ങളുള്ള അരികുകള്‍ വെച്ച ആ തപാല്‍ കവര്‍ കാണുമ്പോള്‍ത്തന്നെ എനിക്കു സന്തോഷമാവുന്നു.
ചിത്രം വരപ്പുകാര്‍ ഉപയോഗിക്കുന്ന തരം കരിങ്കറുപ്പുമഷിയില്‍ ഇത്തവണ അയാള്‍ എന്താണെഴുതിയിരിക്കുന്നത്?
പക്ഷേ, ഇത്തവണ അയാളിങ്ങനെ.
''നീ എഴുതുന്ന ഓരോ വരിയും ഞാന്‍ ചങ്കിടിപ്പോടെയാണ് വായിക്കുക. ഈശ്വരാ, എന്നെക്കുറിച്ച് എന്താണ് എഴുതിയേക്കുക.''
കത്ത് മടക്കിക്കൊണ്ട് ഞാന്‍ വിചാരിക്കുന്നു.
എന്റെ ഒരേ ഒരു സ്‌നേഹിതാ.
ഞാന്‍ നിന്നെപ്പറ്റി മോശം എഴുതുകയോ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates