

1998 ഡിസംബര്‍ 11 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
വൈക്കം മുഹമ്മദ് ബഷീറിന്റെ മത-ഈശ്വരവിശ്വാസങ്ങളെപ്പറ്റി ഈയിടെ ഒരു മലയാളവാരികയില്‍ വന്ന ലേഖനങ്ങളും കത്തുകളുമാണ് ഈ സംഭവകഥ എഴുതാന്‍ ലേഖകനെ പ്രേരിപ്പിച്ചത്. വളരെ മടിയോടുകൂടിയാണെങ്കിലും. മടി മറ്റൊന്നുകൊണ്ടുമല്ല. കഥയിലെ ആറു പാത്രങ്ങളില്‍ നാലുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. ജീവിച്ചിരിപ്പുള്ള രണ്ടുപേരില്‍ ഒരാള്‍ ബഷീറിന്റെ ഭാര്യ ഫാബിയാണ്. ബേപ്പൂരിലെ അവരുടെ വീട്ടുമുറ്റത്ത് എത്രയോ പേര്‍ വന്നിരുന്ന് ചായ കുടിച്ചതും വര്‍ത്തമാനം പറഞ്ഞതുമാണ്. അവരില്‍ പലരുടെയും മുഖച്ഛായയോ പേരോ അവരോര്‍ത്തേയ്ക്കും. ഒരിക്കലും ആ സംഭാഷണങ്ങളില്‍ പങ്കെടുക്കാറില്ലാത്ത അവര്‍ക്ക് അതിനപ്പുറമൊന്നും ഓര്‍മ്മിക്കാനുണ്ടാവില്ല; വ്യക്തിപരമായി അവര്‍ക്കെന്നെ പരിചയമുണ്ടെങ്കിലും.
കാലം എഴുപതുകളുടെ തുടക്കം. ഇതെഴുതുന്നയാള്‍ കലയും സാഹിത്യവുമൊക്കെ പൂട്ടിവച്ച് ഒരു കച്ചവടക്കാരന്റെ വേഷത്തില്‍ പട്ടണത്തില്‍ താമസിക്കുന്നു. ഒരു വൈകുന്നേരം കണ്ടമ്പുള്ളി ബാലന്‍ എന്ന സുഹൃത്ത് വിളിച്ചുപറയുന്നു; നാളെ കാലത്ത് ബഷീറിനെ കാണാന്‍ ബേപ്പൂരില്‍ പോകണം. താനും വരണം. പോക്ക് 'ഇതുവഴി'യാക്കാമെങ്കില്‍ ഞാനിവിടെ കാത്തിരിക്കാം. അല്ലെങ്കില്‍ തൃശൂര്‍ വഴി വരാം.
ഇപ്പറഞ്ഞ കണ്ടമ്പുള്ളി ബാലനെ ഇന്നത്തെ ഏറെ വായനക്കാര്‍ക്കും അറിയാനിടയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയുടെ മാനേജരായി ഒന്നിലധികം തവണ ലോകപര്യടനം നടത്തിയയാളാണ്. സര്‍ക്കസ്സിനെയും സര്‍ക്കസ്സുകാരെയുംപറ്റി ആദ്യമായി മലയാളത്തില്‍ സാഹിത്യമെഴുതിയ ദേഹം. മാതൃഭൂമി വാരികയില്‍ ഈ കാലത്തുവന്ന ബാലന്റെ ലേഖനങ്ങള്‍ക്കു നല്ല പ്രചാരമുണ്ടായിരുന്നു. തൃശൂരില്‍നിന്ന് ഞാന്‍ വീട്ടിലേയ്ക്കു പോകുന്ന വഴിയിലാണ് ബാലന്റെ വീട്- ആഞ്ഞൂര്‍ എന്ന സ്ഥലത്ത്. കെ.എസ്. മേനോന്റെ ഭാരത് സര്‍ക്കസ് ആ ആഴ്ചയില്‍ കോഴിക്കോട് തുടങ്ങാന്‍ പോകുന്നതിന്റെ ശ്രമത്തിലാണ് ബാലന്‍. പറ്റിയെങ്കില്‍ ബഷീറിനെ സര്‍ക്കസ്സിനൊന്നു കൊണ്ടുപോകണം. ബഷീറും ഞാനും തമ്മില്‍ മുമ്പേ പരിചയമുണ്ടെന്ന കാരണത്താലാണ് എന്നെ കൂട്ടിനു വിളിക്കുന്നത്.
അല്പം വഴി വളഞ്ഞാലും ആഞ്ഞൂര്‍ വഴി പോകാമെന്നുവെച്ചത് എന്റെ ബാല്യകാലസുഹൃത്തും ബിസിനസ് പാര്‍ട്ട്ണറും എല്ലാവരും ഇ.എം.എസ് എന്നു വിളിക്കുന്നയാളുമായ എളേടം ശങ്കരനാരായണന്‍ കാരണമാണ്. മലബാറില്‍ അക്കാലത്ത് പ്രോഹിബിഷന്‍ നിലവിലിരിക്കുന്നു. അതുകൊണ്ട് കോഴിക്കോട്ടേയ്ക്ക് പോകുമ്പോള്‍ എന്തെങ്കിലും കൈയില്‍ കരുതുന്നതാണ് ബുദ്ധി. എളുപ്പംനോക്കി ഷൊര്‍ണ്ണൂര്‍ വഴി പോയാല്‍ ചിലപ്പോള്‍ മുളങ്കുന്നത്തുകാവിലെ ചെക്കുപോസ്റ്റിനു മുന്നിലിരുന്ന് സ്റ്റോക്ക് തീര്‍ക്കേണ്ടിവരും. കൈപ്പറമ്പുവഴി ആ കുഴപ്പമില്ല. അവിടുത്തെ ചെക്ക്‌പോസ്റ്റിലുള്ളവരൊക്കെ നാട്ടുകാരും അറിയുന്നവരുമാണ്. അങ്ങനെ രാത്രിതന്നെ എന്റെ ഫോര്‍ഡ് സഫയര്‍ കാറിന്റെ സീറ്റിനടിയില്‍ രണ്ടു കുപ്പി ഹെര്‍ക്കുലിസ് റം വാങ്ങി സൂക്ഷിക്കാന്‍ വരെയെത്തി ഇ.എം.എസ്സിന്റെ ബുദ്ധി.
ഈ ഇ.എം.എസ്സിനെപ്പറ്റികൂടി ഒരു വാക്കു പറയട്ടെ. അദ്ദേഹം വാതരോഗിയായി ശയ്യാവലംബിയാകുംവരെ ഒരാളോടും ഒരു കാര്യവും വയ്യ എന്നോ പറ്റില്ല എന്നോ പറഞ്ഞ ചരിത്രമില്ല. ദക്ഷിണധ്രുവത്തിലെ കരടിയുടെയോ ചന്ദ്രബിംബത്തിലെ മുയലിന്റെയോ ഇറച്ചിയാണെങ്കിലും ഇ.എം.എസ്സിനോടാവശ്യപ്പെട്ടാല്‍ ഇപ്പോള്‍ വേണോ അടുത്ത ഞായറാഴ്ച പോരേ എന്നേ മറുപടി വരുകയുള്ളു. ഒരു മനുഷ്യനെ ഒരിക്കല്‍ കണ്ടാല്‍ അയാള്‍ മറക്കില്ല. ബോംബെയിലായാലും ഡല്‍ഹിയിലായാലും കാറിന്റെ മുന്‍സീറ്റിലിരുന്ന് ഒരു തവണ പോയ സ്ഥലങ്ങളിലേക്കൊക്കെ അയാള്‍ ഒരു വിഷമവും കൂടാതെ കൊണ്ടുപോകും. ഒരു കാര്യത്തിലും തന്റേതെന്നും നിന്റേതെന്നുമുള്ള വ്യത്യാസം കാണിച്ചതായി ഓര്‍ക്കാന്‍ പറ്റില്ല. സാഹിത്യത്തിലും സംഗീതത്തിലും അതിതാല്പര്യം. മലയാളത്തില്‍ അയാള്‍ വായിക്കാത്ത പുസ്തകം കുറവായിരുന്നു. ബഷീറിനെ കാണാന്‍ പോവുക എന്നുകേട്ടപ്പോള്‍ ഒരു ജീവിതസാക്ഷാത്കാരം പോലെയാണയാള്‍ പ്രതികരിച്ചത്. ''അതിനു കാരണമുണ്ട്. ഞാനദ്ദേഹത്തോട് നേരിട്ടു പറഞ്ഞുകൊള്ളാം.'' സ്‌നേഹിതന്‍ പറഞ്ഞു.
പിറ്റേന്നു ബേപ്പൂര്‍ സുല്‍ത്താനെ കാണാന്‍ പോകാന്‍ ഈ സംഘത്തിലൊരാളും കൂടിയായി രാത്രിയില്‍. നീലാണ്ടേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുറിയേടം നീലകണ്ഠന്‍ നമ്പൂതിരി. അമരകോശം മുഴുവനും ഹൃദിസ്ഥമായ ആ മനുഷ്യന്‍ വായിക്കാത്ത കവിത മലയാളത്തിലും സംസ്‌കൃതത്തിലും കുറവായിരുന്നു. ശ്ലോകങ്ങളോടാണ് കൂടുതല്‍ കമ്പം. തന്നെ വല്ലാതെ ആകര്‍ഷിച്ച ശ്ലോകങ്ങള്‍ക്കൊക്കെ അല്പം അശ്ലീലച്ചുവയുള്ള പാരഡിയുണ്ടാക്കുക ഇഷ്ടന്റെ ഒരു ഹോബിയായിരുന്നു. എന്നാല്‍, മറ്റാര്‍ക്കും ഇല്ലാത്തൊരു പ്രത്യേകതയുണ്ട് ആ മനുഷ്യന്. നാലു കാര്യങ്ങളിലേ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നുള്ളു. അക്ഷരശ്ലോകം, ശീട്ടുകളി, കാറില്‍ യാത്ര ഈ മൂന്നിനും തരപ്പെട്ടില്ലെങ്കില്‍ നാലാംഭാവം സ്വീകരിച്ച് നീണ്ടുനിവര്‍ന്ന് കിടന്നുറങ്ങും.
കാലത്ത് എട്ടുമണിക്ക് ഞങ്ങള്‍ മൂന്നുപേര് ബാലന്റെ വീട്ടിലെത്തുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് റെഡി. പൂട്ടും കടലയും പഴം പുഴുങ്ങിയതും. കൂട്ടത്തില്‍ ഓരോ ഗ്ലാസ് പരിശുദ്ധമായ, അവിടെ ചെത്തി ഇറക്കിയ തെങ്ങിന്‍കള്ളും. നീലാണ്ടേട്ടന്‍ കള്ളുകുടിക്കില്ല. വായയും മൂക്കും അടുത്തടുത്തുണ്ടാക്കിയ ഈശ്വരനോട് അപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരുമായിരുന്നു. അഞ്ചുലിറ്റര്‍ കൊള്ളുന്നൊരു പ്ലാസ്റ്റിക് കാന്‍ നിറയെ കള്ളുമായി കാറിന്റെ പിന്നിലെ ഫ്‌ലോറിലും സ്ഥാനം പിടിച്ചു.
പത്തര-പതിനൊന്നായിക്കാണും ഞങ്ങള്‍ സുല്‍ത്താന്റെ കോട്ടയിലെത്തുമ്പോള്‍. മെയിന്‍ റോഡില്‍ കാര്‍ നിറുത്തി പാര്‍ക്ക് ചെയ്യുമ്പോള്‍ ബാലനൊരു സംശയം, പാനീയം അങ്ങോട്ടെടുക്കണോ?
''വേണ്ട വേണ്ട.'' ബഷീറിനെ ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെപ്പറ്റി ഞങ്ങളേക്കാളൊക്കെ കൂടുതല്‍ പഠിച്ചിരുന്ന ഇ.എം.എസ് ആണ് അതുപറഞ്ഞത്. ''മൂപ്പരിപ്പോ നല്ലൊരു ഇസ്ലാമായിട്ടാണത്രെ ജീവിക്കുന്നത്. കാണണമല്ലോ.''
വീട്ടില്‍ ചെല്ലുമ്പോള്‍ ആരുമില്ല. മരച്ചുവട്ടിലുള്ള കസേരകളില്‍ കാക്കകളിരുന്ന് കലപില കൂട്ടുന്നു. വളരെ പരിചയഭാവത്തില്‍ ഞാന്‍ ഇവിടെ ആരുമില്ലേ എന്നുറക്കെ ചോദിച്ചു. വീട്ടിനകത്തു കയറിയപ്പോള്‍ അകത്തൊരു മുറിയില്‍ ഒരു സ്ത്രീയെ കണ്ടു. ''ഉണ്ട്.'' സ്ത്രീശബ്ദം. ''ദേ, ഉമ്മറത്താരാണ്ട് വന്ന്‌നി'' കോഴിക്കോട് ശീലില്‍.
വീടിന്റെ കിഴക്കേ അറ്റത്തെ മുറിയില്‍ നിന്നും ബഷീര്‍ പുറത്തുവന്നു. ഒരു കൈലിമുണ്ടു മാത്രം വേഷം. ദൂരത്തുനിന്ന് കണ്ടിട്ടു മനസ്സിലായില്ലെന്നു തോന്നി 'ഏ' എന്നൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അടുത്തെത്തിയപ്പോള്‍ ''ദാ നോക്കിക്ക്യേ ആരാ വന്നടക്ക്ണ്. നമ്മടെ മന്ത്രവാദിയാണ്. ഫാബി മോള്‍ക്കിനി മന്ത്രച്ചരടോ ഉറുക്കോ എന്തുവേണേല്‍ പറ. പറ്റിയ ആളിതാ വന്നിരിക്കുന്നു.''
പൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ചു പുറത്തുകടന്നപ്പോഴാണ് മുറ്റത്തു നില്‍ക്കുന്ന സുഹൃത്തുക്കളെ കണ്ടത്. നീലാണ്ടനെ ബഷീറിന് നേരത്തെ പരിചയമുണ്ട്. പലവട്ടം തൃശൂര്‍ മംഗളോദയത്തില്‍ വച്ച് കണ്ടിട്ടും വര്‍ത്തമാനം പറഞ്ഞിട്ടുമുണ്ട്. എം.പി.(പ്രേംജി)യുടെ ബന്ധു കണ്ടമ്പുള്ളി ബാലന്റെ പേരുപറഞ്ഞപ്പോള്‍ ബഷീറിന് വലിയ ആഹ്ലാദമായി. സര്‍ക്കസ് മൂപ്പര്‍ക്ക് വലിയ ഇഷ്ടാണത്രെ. വടക്കേ ഇന്ത്യയില്‍ ഒരു സര്‍ക്കസ് സംഘത്തിന്റെ കൂടെക്കൂടി കുറേ നാള്‍ നടന്നിട്ടുപോലുമുണ്ടെന്നും പറഞ്ഞു. ബാലന്‍ ആയിടെ എഴുതിയ സര്‍ക്കസ് ലേഖനം വായിച്ചിട്ടുമുണ്ട്. മൂന്നാമത്തെ ആളുടെ അടുത്തെത്തുമ്പോഴേയ്ക്കും ഇ.എം.എസ് മുന്നോട്ടുവന്നു പറഞ്ഞു. എന്നെ ആരും പരിചയപ്പെടുത്തേണ്ട. പരിചയപ്പെടുത്തേണ്ട ഒരഡ്രസ്സും എനിക്കില്ല. പേര്‍ ശങ്കരനാരായണന്‍. ജാതി നമ്പൂതിരി. ഇഷ്ടപേര്‍ എളേടം. അടുത്ത സുഹൃത്തുക്കള്‍ ഇ.എം.എസ് എന്നുവിളിക്കും. ബഷീറിനെ കാണാന്‍ വന്നതാണ്. കാര്യമായി കുറച്ചു സംസാരിക്കണമെന്നുമുണ്ട്.
''അതിനെന്താ, നമുക്കങ്ങോട്ടിരിക്കാം. ആ മരത്തണലില്‍. കുറച്ചു ചായയടിക്കാം.''
ആരുടെയെങ്കിലും മറുപടി വരുംമുമ്പേ ബഷീര്‍ അകത്തേയ്ക്കു കയറി. ഞങ്ങള്‍, കോലായില്‍നിന്ന് രണ്ടു കസേര കൂടിയെടുത്ത് മരച്ചോട്ടിലേയ്ക്ക് നീങ്ങി.
രണ്ടുമൂന്ന് മിനിറ്റില്‍ ബഷീര്‍ ഒരു പ്ലേറ്റുമായി വന്നു. പഴവും റോസ്റ്റ് ചെയ്ത ബ്രഡ്ഡും. ''ഇതു വെറും റോസ്റ്റല്ല.'' തന്റെ ദേഹദണ്ഡ പരിചയത്തെപ്പറ്റി വീമ്പിളക്കിക്കൊണ്ട് ബഷീര്‍ പറഞ്ഞു. ഇതാണ് ബോംബെ ടോസ്റ്റ്. മുട്ട പാലും പഞ്ചസാരയും ചേര്‍ത്തടിച്ച് അതില്‍ മുക്കിയാണിതു പൊരിച്ചെടുക്കുക.
കോഴിമുട്ട തിന്നാത്ത നീലാണ്ടേട്ടന്‍ പഴവും ചായയും കഴിച്ചു. റോസ്റ്റ് തിന്നുമ്പോള്‍ ബാലനൊരു സംശയം: ''മറ്റതിത്തിരി എടുക്കണോ?''
ഞാന്‍ ഒച്ചവയ്ക്കാതെ ബഷീറിന്റെ ചെവിട്ടില്‍ ചോദിച്ചു. നല്ല തെങ്ങിന്‍കള്ളും ഹെര്‍ക്കുലീസ് റമ്മും കാറിലുണ്ട്. താങ്കളിപ്പോള്‍ കുടിക്കാറില്ലെന്ന് കേട്ടതുകൊണ്ടാണ് എടുക്കാത്തത്. പിന്നെ, ഈ വീടിന്റെ 'രാഷ്ട്രീയവും' എനിക്കറിയില്ലല്ലോ.
'ശരിയാണ്, ശരിയാണ്ട്ടോ.' കസേര കുറച്ചുകൂടി ഞങ്ങളോടടുപ്പിച്ച്, അതുവരെ ജനലില്‍ കണ്ടിരുന്ന മുഖത്തിന്റെ ഉടമ പോലും കേള്‍ക്കില്ലെന്നുറപ്പുള്ള ശബ്ദത്തില്‍ ബഷീര്‍ പറഞ്ഞു: ''കല്ല്യാണം കഴിഞ്ഞ് ഈ വീട്ടില്‍ കൂടിയശേഷം കഴിച്ചിട്ടില്ല.'' കണ്ണുകളാല്‍ ചെറിയൊരു വേദാന്തം പറയുംപോലെ തുടര്‍ന്നു. ''കുറേ കുടിച്ചതല്ലേ. എനിയൊന്നു വിശ്രമിക്കാമെന്നു തോന്നി.''
''I beg to differ'' ഒരു മൂന്നര പെഗ്ഗടിച്ചാല്‍ മാത്രം വരുന്ന ഇംഗ്ലീഷ് വെറും രണ്ടു ഗ്ലാസ് കള്ളില്‍ പുറത്തുവരുന്നതുകണ്ട് എല്ലാവരും ഇ.എം.എസ്സിനെ നോക്കി. അയാള്‍ ആവേശഭരിതനായി പറയുകയാണ്.
''ബഷീര്‍, താങ്കള്‍ എന്നെപ്പോലുള്ളവരോടു ചെയ്തത് കൊടുംചതിയാണ്. ക്രൂരതയാണ്.''
പെട്ടെന്നാര്‍ക്കും ഒന്നും പിടികിട്ടിയില്ല. തുടര്‍ന്നു പറഞ്ഞു: ഒരു പഴയ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഓത്തും പൂജയുമൊക്കയായി വളര്‍ന്ന ഞാന്‍ നിരീശ്വരവാദിയായത് ബഷീറിന്റെ കഥകള്‍ വായിച്ചിട്ടാണ്. സ്‌നേഹവായ്പാണ് എന്റെ ഈശ്വരനെന്നും അതിനപ്പുറം ഒരു ഈശ്വരനിലും കര്‍ത്താവിലും അള്ളായിലും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ബഷീര്‍ പറഞ്ഞതുകേട്ട് ഞാനും വിശ്വസിച്ചു. എന്നെപ്പോലെ പലരും.
ആര്‍ക്കും ഒന്നും അങ്ങോട്ടു പറയാന്‍ അവസരം കൊടുക്കാതെ ഇ.എം.എസ് പറഞ്ഞു. ഈയിടെ പൊറ്റക്കാടാണ് അദ്ദേഹത്തോടു (തൃശൂരിലെ കാട്ടുമാടത്തിന്റെ വീട്ടില്‍ കൂടിയപ്പോള്‍) പറഞ്ഞത് ബഷീര്‍ ഇപ്പോള്‍ ഒന്നാന്തരം ഇസ്ലാമായിരിക്കുന്നു. അഞ്ചുനേരവും നിസ്‌കരിക്കും. വെള്ളിയാഴ്ച പള്ളിയില്‍ പോകും. മുടങ്ങാതെ നോയമ്പുകളെല്ലാം പിടിക്കും. മിക്ക വൈകുന്നേരങ്ങളിലും ബഷീറിന്റെ വീട്ടില്‍ മുസലിയാന്മാരിരുന്ന് മൗലൂദ് ചെയ്യുന്നു എന്നൊക്കെ... ''ഞാനീ കേട്ടതൊക്കെ ശരിയാണോ, ബഷീറേ. ആണെങ്കില്‍ ഈ നിമിഷത്തില്‍ ഞാന്‍ പ്രഖ്യാപിക്കും ബഷീര്‍ എന്നൊരു ഗുരു എനിക്കില്ലെന്ന്. ശരിയല്ലെങ്കില്‍ വരൂ കാറിലേയ്ക്ക്. ഒരു ഗ്ലാസ്സ് തെങ്ങിന്‍കള്ളെങ്കിലും കുടിക്കൂ.''
സത്യത്തില്‍, ഇ.എം.എസ്സിന്റെ ആവേശഭരിതമായ പ്രസ്താവന കേട്ടുകൊണ്ടിരുന്ന ബഷീറിന്റെ ഹൃദയത്തില്‍ എന്തെല്ലാമോ കോളിളക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ആ മുഖം വ്യക്തമാക്കിയിരുന്നു.
ഇ.എം.എസ് നിറുത്തി. പതിവുപോലെ ഏതു വികാരത്തിനടിമപ്പെട്ടാലും ശബ്ദം പുറത്തുവരാതാവുകയും കണ്ണീര്‍ പുറത്തുവരികയും ചെയ്യുന്ന ആ മുഖം ഇപ്പോഴുമെന്റെ മുമ്പിലുണ്ട്.
നിശ്ശബ്ദമായ അഞ്ചെട്ടു നിമിഷങ്ങള്‍ കഴിയുമ്പോള്‍ ബഷീര്‍ എഴുന്നേറ്റു. മൂന്നാള്‍ക്കുകൂടി ഉച്ചഭക്ഷണം വേണമെന്നു വീട്ടുകാരോട് പറയാന്‍ പുറപ്പെട്ടത് ഞങ്ങള്‍ തടഞ്ഞു. ഭാരത് സര്‍ക്കസ്സുടമ കെ.എസ്. മേനോന്‍ ഞങ്ങളെ കാത്തിരിക്കുകയാണെന്ന ഒരു നുണയും പറയേണ്ടിവന്നു. ഉടന്‍ ബഷീര്‍ വന്ന് ഇ.എം.എസ്സിന്റെ തോളില്‍ കൈയിട്ടു വിളിച്ചുപറഞ്ഞു: ''അനിയനിങ്ങോട്ടു വരൂ. എനിക്കിത്തിരി പറയാനുണ്ട്.''
അവര്‍ പടിക്കലേയ്ക്കു നടന്നു. ആദ്യം ചവിട്ടുപടിയുടെ രണ്ടുഭാഗത്തുമിരുന്ന് കുറേയെന്തൊക്കെയോ പറഞ്ഞു. അതുകഴിഞ്ഞ് ആ ഇടവഴിയിലൂടെ എതിര്‍വശത്തേയ്ക്കു നടന്ന് ഞങ്ങളുടെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായി.
മുറ്റത്തു നടക്കുന്ന നാടകമെല്ലാം അകലെയിരുന്ന് വീക്ഷിച്ചിരുന്ന ഫാബി ബഷീര്‍ കോലായില്‍നിന്നുകൊണ്ട് ചോദിച്ചു. ഓരോ ചായ കൂടി എടുക്കട്ടെ. ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞു. സിഗരറ്റും ബീഡിയും വലിച്ച് പത്തുനാല്‍പ്പതു മിനിറ്റ് കഴിഞ്ഞുകാണും. അപ്പോഴുണ്ട് ബഷീറും ഇ.എം.എസ്സും അങ്ങോട്ടുപോയതില്‍നിന്ന് വളരെ വ്യത്യസ്തമായ മുഖഭാവങ്ങളോടെ കളിച്ചുചിരിച്ചു തമാശപറഞ്ഞു നടന്നുവരുന്നു.
''ഇ.എം.എസ്സിന്റെ മേല്‍ ബഷീര്‍ എന്തോ മന്ത്രം പ്രയോഗിച്ച മാതിരിയുണ്ടല്ലോ'' ബാലന്റെ ആത്മഗതം. ഞാനത് ഉറക്കെ കാച്ചിയപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.
യാതൊന്നും സംഭവിക്കാത്തമട്ടില്‍ ഞങ്ങള്‍ ബഷീറിനോടു യാത്രപറഞ്ഞുപിരിഞ്ഞു. കാട്ടുമാടംമന കാണാന്‍ അടുത്തുതന്നെ വരുന്നുണ്ടെന്നു ഒരിക്കല്‍കൂടി പറയുകയും ചെയ്തു.
കാറില്‍ കയറി ഒരു ഗ്ലാസ്സ് കള്ളുകൂടി കുടിച്ചപ്പോള്‍ ബാലനൊരു സംശയം - ഇ.എം.എസ്സിനെ എങ്ങനെ ബഷീര്‍ കീഴടക്കി?''
അതു കീഴടക്കലായിരുന്നില്ല. കീഴടങ്ങലായിരുന്നു. അയാള്‍ ആത്മഗതം പോലെ തുടര്‍ന്നു.
അമ്പതുകൊല്ലത്തിലേറെ ലോകം മുഴുവന്‍ തെണ്ടിനടന്നു. താനൊന്നും നേടിയില്ലെങ്കിലും രാജ്യം നന്നാവുമെന്നു വിചാരിച്ചു. എല്ലാം കഴിഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ ഭ്രാന്ത് പിടിച്ചു വല്ലപ്പുഴ വൈദ്യന്റെ ചികിത്സയിലായിരുന്നു. എപ്പോഴെങ്കിലും അല്പം ബോധം വന്ന് പിന്നിലേയ്ക്കു നോക്കുമ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്നവരൊക്കെ പലപല സ്ഥാനങ്ങളിലുമെത്തിയിട്ടുള്ളതായി കാണുന്നു. തന്നോടൊപ്പം എഴുതാന്‍ തുടങ്ങിയ പലരും പലതരം ജോലികളിലേര്‍പ്പെട്ടു. എഴുത്തില്‍ തന്നെ വലിയൊരു വരുമാനം സ്വരൂപിച്ചു. വീടായി, കുടുംബമായി, കാറുള്ളവര്‍ പോലുമുണ്ടായിരുന്നു. അതു വായിക്കുന്തോറും ഭ്രാന്ത് പുതിയ രൂപവും ഭാവവും കൈവരിക്കുന്നതായ തോന്നല്‍.
അപ്പോഴുണ്ട് ചില നല്ല സമരിയക്കാര്‍ വരുന്നു. പ്രാഥമിക വിദ്യാഭ്യാസമുള്ള കണ്ടാല്‍ മോശമല്ലാത്ത ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുക്കമുണ്ടോ? താനോ? തനിക്കൊരു മുസ്ലീമായി ജീവിക്കാന്‍ പറ്റുമോ? ശ്രമിച്ചുനോക്കൂ. കുട്ടിയുടെ അച്ഛന്‍ അദ്ധ്യാപകനാണ്. പറഞ്ഞാല്‍ മനസ്സിലാവുന്ന ആള്‍. മകളുടെ ഓഹരിക്ക് ഒരു വീടും കുറച്ചു പറമ്പുമുണ്ട്. ഒരു പുതിയ ജീവിതം തുടങ്ങാന്‍ മോഹമുണ്ടെങ്കില്‍ ഇതിലും നല്ലൊരവസരം കിട്ടില്ല.
അവിടുന്നങ്ങോട്ടു നടന്നതിനൊന്നിനും ഞാന്‍ ബഷീറിനെ കുറ്റപ്പെടുത്തുകയില്ല. അതേവരെ കുറ്റപ്പെടുത്തുകമാത്രം ചെയ്ത ഇ.എം.എസ് തുടര്‍ന്നു. ബഷീര്‍ എനിക്കൊരു പുതിയ വാതില്‍ തുറന്നുതന്നു, സുഹൃത്തുക്കളെ. വാക്കുപാലിച്ചു. താനൊന്നിച്ചു പൊറുക്കാന്‍ നിശ്ചയിച്ച പെണ്ണിനോടു സത്യസന്ധത പുലര്‍ത്തുന്നു.
അനന്തരകാലം സമാധാനപരമായി കഴിയാന്‍ വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്തുവെന്നല്ലേ ഇതിനര്‍ത്ഥമുള്ളൂ. നീലാണ്ടേട്ടന്റെ സംശയം.
ആണോ? എന്റെ മനസ്സില്‍ ആ ചോദ്യത്തിനു ശരിയായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. ബഷീറിന് ഉള്ളിന്റെയുള്ളില്‍ അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നെങ്കില്‍, കട്ടിട്ടോ കവര്‍ന്നിട്ടോ ഇരന്നിട്ടോ ഒരു സ്വര്‍ഗ്ഗം (Fortune എന്ന ഇംഗ്ലീഷ് വാക്കാണിവിടെ വിവക്ഷ) പണിയാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ എത്രയോ ഉണ്ടായിരുന്നുവല്ലോ. മാസത്തിലൊരു പുസ്തകമെഴുതിക്കൊടുക്കാമെന്നേറ്റാല്‍ തൃശൂരില്‍ അദ്ദേഹത്തിന് താമസിക്കാനൊരു വീടു വാങ്ങിക്കൊടുക്കാമെന്ന് മംഗളോദയം പ്രസ്സുടമ നമ്പൂതിരിപ്പാട് പലതവണ ബഷീറിനോടു പറഞ്ഞിട്ടുള്ളതായി മുണ്ടശ്ശേരി മാസ്റ്റര്‍ ഓര്‍ക്കാറുണ്ട്. അറുപതുകളായപ്പോഴേയ്ക്കും ഒരെഴുത്തുകാരനെന്ന നിലയില്‍ നാല്‍പ്പതുകളിലെ ബഷീറിനുതന്നെ രാജോചിതമായി ജീവിക്കാനുള്ള പശ്ചാത്തലം ഇവിടെ ഒരുങ്ങിയിരുന്നു. ഇതൊന്നും അറിയാത്ത മണ്ടനൊന്നുമായിരുന്നില്ല വൈക്കം മുഹമ്മദ് ബഷീര്‍.
പിന്നെ?
അന്‍പതുകളില്‍ 'മംഗളോദയ'ത്തിന്റെ അതിഥിയായി തൃശൂര്‍ പ്രീമിയര്‍ ലോഡ്ജില്‍ ചെലവഴിച്ചിട്ടുള്ള വൈകുന്നേരങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു: ബഷീര്‍ എന്നെങ്കിലും ആര്‍ക്കെങ്കിലും കീഴടങ്ങും. അത്രയ്ക്ക് കുറ്റബോധം അനുഭവപ്പെടാറുണ്ട് ആ അബോധമായ പെരുമാറ്റങ്ങളില്‍.
എന്നിട്ടും ആര്‍ക്കും അദ്ദേഹം നൂറു ശതമാനം കീഴടങ്ങിയില്ല. വിട്ടുവീഴ്ച ചെയ്തതേയുള്ളൂ. മകനെ ''ഓത്ത്' പഠിപ്പിക്കാന്‍ വിട്ടകാലത്ത്, ഒരുച്ചയ്ക്ക് രണ്ട് പെഗ്ഗ് സ്‌കോച്ച് അടിച്ചുകഴിഞ്ഞപ്പോള്‍ പറഞ്ഞു: പഴയ എന്നെ ഓര്‍ക്കണമെങ്കില്‍ മദ്യപിക്കേണ്ടിവന്നിരിക്കുന്നു. അതു മറന്നുകൂടാ. പക്ഷേ, വീട്ടിലെത്തി പുതിയ മുഖംമൂടി ധരിക്കുമ്പോള്‍ ഇതിന്റെ മണംകൂടി പാടില്ല. (ഈ സമയത്ത് ഒരു പ്രസിദ്ധ സാഹിത്യകാരന്‍ കൂടെയുണ്ടായിരുന്നു എന്നോര്‍ക്കുന്നതുപോലും ഇഷ്ടമല്ലെന്നു തുറന്നുപറയുന്ന ആ മനുഷ്യന്റെ പേര്‍ ഞാന്‍ പറയുകയില്ല).
എന്നാലും ഇ.എം.എസ്സിന്റെ വാചകമാണെന്റെ ഓര്‍മ്മയില്‍: ബഷീര്‍ നിസ്‌കരിക്യോ നോയമ്പ് നോക്വോ ഒക്കെ ചെയ്യട്ടെ. എപ്പോഴെങ്കിലും കമ്പനി കൂടുമ്പോള്‍ രണ്ടെണ്ണം വിട്ടശേഷം കാണുന്ന ആ രൂപം ഒരു നഷ്ടമായിത്തന്നെ തോന്നുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates