Balachandran Chullikkad
ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ അനുഭവം Balachandran Chullikkad

Archives|പതനം - ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ അനുഭവം

1998 ജനുവരി 9 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Published on

1998 ജനുവരി 9 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് ഞാന്‍ താഴേക്കു നോക്കി.

ഉച്ചച്ചൂടില്‍ ഉരുകുന്ന പാതയിലൂടെ മുല്ലപ്പൂ ചൂടിയ, ചന്ദനനിറമുള്ള കൈത്തറി സാരിയുടുത്ത ശ്രിദേവിയും വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച വിജയനും കൈകോര്‍ത്തുപിടിച്ച് നടന്നുമറയുന്നു.

വിവാഹം കഴിഞ്ഞ് എന്നെ കാണാന്‍ വന്നതാണ് രണ്ടുപേരും.

ഞാന്‍ തിരികെ വന്ന് ഷര്‍ട്ടൂരിയിട്ട് ചാരുകസേരയില്‍ മലര്‍ന്നു.

മുല്ലപ്പൂവിന്റെ സുഗന്ധം ഇപ്പോഴും മുറിയില്‍ തങ്ങിനില്‍ക്കുന്നു.

ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. കൈ അറിയാതെ സ്വന്തം കവിളില്‍ തലോടിപ്പോയി.

ഈ കവിളത്താണ് ഒരിക്കല്‍ ഈ മുറിയില്‍വച്ച് ശ്രീദേവി കൈവീശി അടിച്ചത്!

ഇതുപോലെ ഒരുച്ചനേരമായിരുന്നു. ഞാന്‍ അവധിയെടുത്തിരുന്ന് Michael Maclear-ന്റെ 'Vietnam The ten thousand day war' എന്ന ചരിത്രപുസ്തകം വായിക്കുകയായിരുന്നു.

The unprecedented bombing which was supposed to reoslve the war with in six months had lasted seven times as long, and had produced only aweosme statistics 3,50,000 mission flowns, 6,55,000 tones of bombs dropped over the North-

അപ്പോഴാണ് കാളിംഗ് ബെല്‍ മുഴങ്ങിയത്. ഞാന്‍ എണീറ്റുചെന്നു വാതില്‍ തുറന്നു.

വയലറ്റുനിറമുള്ള കൈത്തറി സാരിയുടുത്ത വെളുത്തുമെലിഞ്ഞ ഒരു യുവതി. ചുരുണ്ട മുടി. നെറ്റിയില്‍ കറുത്ത പൊട്ട്. കരിമഷിയെഴുതിയ വിടര്‍ന്നു തിളങ്ങുന്ന കണ്ണുകള്‍. കഴുത്തില്‍ കറുത്ത കല്ലുമാല. കാതില്‍ കറുത്ത മുത്തുകമ്മല്‍. കൈത്തണ്ടയില്‍ കറുത്ത കുപ്പിവള. കൈയില്‍ വലിയൊരു ബാഗ്.

''അച്ചാറുകള്‍ വേണോ സാര്‍? നാരങ്ങ, കടുമാങ്ങ, നെല്ലിക്ക, വെളുത്തുള്ളി എല്ലാമുണ്ട്. അവള്‍ വാചാലയായി.

അവളുടെ ശബ്ദവും അതിന്റെ ഈണവും എനിക്ക് വളരെ ഇഷ്ടമായി.

Balachandran Chullikkad
Archives|നേരെ കള്ളുഷാപ്പിലേക്ക് പോയി, തിരിച്ച് കളത്തില്‍ വന്ന് പെട്രോമാക്സ് കത്തിച്ചു കഥയെഴുത്തു തുടങ്ങി

ഉച്ചയ്ക്ക് പത്രപ്രവര്‍ത്തക കോളനി നിശ്ശബ്ദമാണ്. ജോലിക്കാരെല്ലാം ആപ്പീസുകളിലും കുട്ടികള്‍ സ്‌കൂളുകളിലും ആയിരിക്കും. വീട്ടമ്മമാര്‍ ഉച്ചമയക്കത്തിലായിരിക്കും. എന്റെ ഭാര്യ ആപ്പീസിലും മകന്‍ സ്‌കൂളിലുമാണ്.

''വേപ്പിലക്കട്ടിയുണ്ട് സര്‍, ഇഡ്ഡിലിപ്പൊടി, ദോശപ്പൊടി, പുട്ടുപൊടി-'' യുവതിയുടെ പട്ടിക നീണ്ടു.

''വരൂ നോക്കട്ടെ.'' ഞാന്‍ ക്ഷണിച്ചു.

അവള്‍ അകത്തുകയറി ബാഗ് നിലത്തുവച്ച് കുനിഞ്ഞുനിന്നു ബാഗിന്റെ സിബ്ബു തുറന്ന് കുപ്പികളും പാക്കറ്റുകളും പുറത്തെടുക്കാന്‍ തുടങ്ങി.

ഞാന്‍ അതൊന്നുമല്ല ശ്രദ്ധിച്ചത്. കുനിഞ്ഞപ്പോള്‍ മുമ്പോട്ടൂര്‍ന്ന സാരിക്കിടയിലൂടെ അവളുടെ വെളുത്ത വയറിന്റെ പാളി!

ഞാന്‍ പുറത്തേക്കു നോക്കി. തെരുവില്‍ ആരുമില്ല. വിജനമായ മൈതാനം. തെരുവില്‍ ഒരു തെണ്ടിപശുവും അതിന്റെ പുറത്ത് ഒരു കാക്കയും മാത്രം.

എന്റെ കണ്ണുകള്‍ വീണ്ടും കുനിഞ്ഞുനിന്ന് വില്പന വസ്തുക്കള്‍ പുറത്തെടുക്കുന്ന യുവതിയുടെ വയറിന്റെ വെണ്‍പാളിയിലേക്കു തിരിഞ്ഞു.

ഒരു ഇരുണ്ട കടല്‍ത്തിര എന്റെ മനസ്സിനെ വിഴുങ്ങി. ഞാന്‍ എല്ലാം മറന്നു. എന്റെ വിറയ്ക്കുന്ന പരുക്കന്‍ വിരലുകള്‍ യുവതിയുടെ വയറിന്റെ മൃദുലതയില്‍ തൊട്ടു.

വൈദ്യുതാഘാതമേറ്റപോലെ അവള്‍ ഞെട്ടിത്തെറിച്ചുമാറിയതും ആ കണ്ണുകളില്‍ നിന്നു തീ പാറിയതും അവള്‍ കൈവീശി എന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചതും 'എന്തുവിചാരിച്ചെടാ പട്ടീ' എന്ന അവളുടെ അലര്‍ച്ച എന്റെ കാതടപ്പിച്ചതും - എല്ലാം ഒരു നൊടിയില്‍ കഴിഞ്ഞു.

ആലില പോലെ വിറച്ചുകൊണ്ട് അവള്‍ നിന്നുകിതച്ചു. ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് താണുപോകാനാഗ്രഹിച്ചുകൊണ്ട് ഞാന്‍ തലകുനിച്ചുനിന്നു.

രണ്ടു പതിറ്റാണ്ടുകള്‍ എന്റെ കവിതകളും പ്രസംഗങ്ങളും കേട്ടുകൈയടിച്ച പതിനായിരങ്ങള്‍ എന്നെ കൂവിയാര്‍ക്കുകയാണ്. യുഗങ്ങളുടെ പ്രളയാവര്‍ത്തങ്ങള്‍ താണ്ടി കുരുക്ഷേത്രത്തില്‍നിന്ന് അര്‍ജ്ജുനന്റെ ദീനരോദനം ദിഗന്തങ്ങളില്‍ മുഴങ്ങുകയാണ്.

''അഥ കേന പ്രയുക്തോയം

പാപം ചരതി പൂരുഷ:

അനിച്ഛന്നപി വാര്‍ഷ്ണേയ

ബലാദിവ നിയോജിത:''

ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ട് രണ്ടു കൈകൊണ്ടും എന്റെ തലമുടിയില്‍ അള്ളിപ്പിടിച്ചുവലിച്ചു.

''സോറി സാര്‍. സാര്‍ ഇത്തരക്കാരനാണെന്ന് ഞാന്‍ കരുതിയില്ല. സാറെനിക്ക് ഓട്ടോഗ്രാഫ് എഴുതിത്തന്നിട്ടൊള്ളതാ.

ഞാന്‍ ഞെട്ടി. ദൈവമേ! എന്നെ രക്ഷിക്കണേ.

''സാറും വിജയലക്ഷ്മി ടീച്ചറും ഞങ്ങടെ കോളേജിലു വന്നപ്പൊ.''

''മാപ്പു തരണം.'' അടഞ്ഞ ശബ്ദത്തില്‍ കൈകൂപ്പി ഞാന്‍ പറഞ്ഞു: ''അറിയാതെ പറ്റിയ അബദ്ധമാണ്. കുട്ടി ദയവുചെയ്ത് ആരോടും പറയരുത്. ഞാന്‍ കാലുപിടിക്കാം.'' ഞാന്‍ ദീനമായി കേണു.

അവള്‍ ഒരക്ഷരം മിണ്ടാതെ കുപ്പികളും പാക്കറ്റുകളും എടുത്തു ബാഗില്‍ വച്ചു.

പോകുമ്പോള്‍ അവള്‍ പറഞ്ഞു: ''ജീവിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലാഞ്ഞിട്ടാണു സാറെ ഞങ്ങളൊക്കെ ഈ പൊരിയണവെയിലത്ത് ഇങ്ങനെ വീടുതോറും കേറിയിറങ്ങണത്. സാറിനെപ്പോലൊള്ള വല്യ സാഹിത്യകാരന്മാരടെ കൈയിലിരിപ്പ് ഇതാണല്ലേ, കൊള്ളാം.''

''മാപ്പുതരണം. ആരോടും പറയരുത്.'' ഞാന്‍ വീണ്ടും കെഞ്ചി.

''ഞാനാരോടും പറയണില്ല. എനിക്കല്ലേ നാണക്കേട്. ആ വിജയലക്ഷ്മി ടീച്ചറേം ഓര്‍ക്കണല്ലോ. മേലാല്‍ സാറ് വേറാരോടും ഈ തരവഴി എടുക്കരുത്.''

അധഃപതിച്ചുനിന്ന എന്നെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് അവള്‍ ഇറങ്ങിപ്പോയി.

അന്നു രാത്രി എനിക്കുറക്കം വന്നില്ല. സ്വയം വെറുത്ത് ഞാന്‍ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ഓരോന്നു വിചാരിച്ചു.

ലോകചരിത്രത്തില്‍ രക്താദ്ധ്യായം രചിച്ച വിയറ്റ്‌നാം ജനതയുടെ വീരേതിഹാസം വായിച്ച് മനുഷ്യമഹത്വത്തിന്റെ അത്യുന്നതങ്ങളില്‍ മനസ്സുമുഴുകി ഇരുന്ന എന്നെ ഒരു പെണ്ണിന്റെ സാന്നിദ്ധ്യം എത്ര പെട്ടെന്നാണ് വെറും ഒരു മൃഗമാക്കിക്കളഞ്ഞത്. മനുഷ്യന്റെ അറിവിനും പാണ്ഡിത്യത്തിനും അവന്റെ ജന്മവാസനകളുടെമേല്‍ യാതൊരു നിയന്ത്രണവുമില്ലേ? ഒരു മനുഷ്യന്റെ യോഗ്യത നിര്‍ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രതിഭയോ പാണ്ഡിത്യമോ അല്ല. പണം, അധികാരം, സ്ത്രീ എന്നീ പ്രതിഭാസങ്ങളോട് അവന്‍ എടുക്കുന്ന നിലപാടാണ്. പണത്തിന്റേയും സ്ഥാനമാനങ്ങളുടെയും പ്രലോഭനങ്ങളെ പുല്ലുപോലെ അതിജീവിച്ചിട്ടുള്ള എനിക്ക് സ്ത്രീ എന്ന ഈ മാരക പ്രലോഭനത്തെ അതിജീവിക്കാന്‍ ഒരു തരത്തിലും സാധിക്കാത്തതെന്താണ്? ഏതു മഹാനും ഏകാന്തതയില്‍ പെണ്ണിന്റെ അടുത്തുപെട്ടാല്‍ വെറും പട്ടിയാവും. പിന്നെയല്ലേ വെറും അല്പനായ ഞാന്‍. ലോകത്തിലെ ഏറ്റവും മധുരമുള്ള വിഷമാണ് സ്ത്രീ. കണ്ടാല്‍ എടുത്തു കുടിച്ചുപോവും. കുടിച്ചാല്‍ മരണം ഉറപ്പ്.

ഇത്തരം സ്ത്രീവിരുദ്ധ വിചാരങ്ങളില്‍ ആ രാത്രി ഒടുങ്ങി.

Balachandran Chullikkad
Archives |'ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നത് അര്‍ത്ഥശൂന്യം'

പിറ്റേന്നു രാവിലെ പത്രം വായിച്ചിരിക്കുമ്പോള്‍, വിജയലക്ഷ്മി ചായ കൊണ്ടുവന്നു മേശപ്പുറത്തു വച്ചു. ശബ്ദത്തോടെയാണു വച്ചത്. അതൊരു പ്രതിഷേധ സൂചനയാണ്. ഞാന്‍ നോക്കി.

ഒരു കടലാസുപൊതി നീട്ടി വിജയലക്ഷ്മി ചോദിച്ചു. ''ഇതെന്താ?''

ഞാനതു തുറന്നുനോക്കി. പൊട്ടിയ കുപ്പിവളത്തുണ്ടുകള്‍! ഞാന്‍ നടുങ്ങി.

''ഇതെവിടുന്ന്?'' ഞാന്‍ വിറച്ചുകൊണ്ട് ചോദിച്ചു.

ഇവിടെ അടിച്ചുവാരിയപ്പോള്‍ കിട്ടിയതാ. ആരാ ഇന്നലെ ഇവിടെ വന്നത്? എന്താ ഉണ്ടായത്? സത്യം പറയണം.'' അവള്‍ കലിതുള്ളി.

ഗത്യന്തരമില്ലാതെ നടന്ന സംഭവമെല്ലാം ഞാന്‍ വിവരിച്ചു. അവള്‍ അതു വിശ്വസിച്ചോ എന്തോ. എന്തായാലും സര്‍വ്വംസഹയായ വിജയലക്ഷ്മി അതും സഹിച്ചു.

കുറേനാള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ഓഫീസു ജോലിക്കിടയില്‍ ഒന്നു ചായ കുടിക്കാനിറങ്ങി.

ട്രഷറി ഓഫീസിന്റെ ഇടനാഴിയില്‍, കമ്മീഷന്‍ വാങ്ങാന്‍ വന്ന നാഷണല്‍ സേവിംഗ്‌സിന്റെ പ്രവര്‍ത്തകരായ സ്ത്രീകള്‍ കൂട്ടംകൂടി കുത്തിയിരിക്കുന്നു. അവര്‍ക്കിടയിലൂടെ പുറത്തേക്കു ഞാന്‍ നടക്കുമ്പോള്‍ ഒരു വിളി.

''സാറേ.''

ഞാന്‍ നോക്കി.

ഒരുകൂട്ടം പെണ്ണുങ്ങള്‍ക്കിടയില്‍ പണ്ട് എന്നെ അടിച്ച ആ യുവതി!

വിവാഹവേദിയില്‍ വച്ചു മുണ്ടഴിഞ്ഞുപോയ വരനെപ്പോലെ ഞാന്‍ ചൂളി.

അവള്‍ എന്റെ അടുത്തേക്കുവന്നു. ''സാറിന് എന്നെ ഓര്‍മ്മയുണ്ടോ?''

ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

എങ്ങനെ മറക്കാനാണ്. ഒന്നും മിണ്ടാതെ, ചിരിക്കാന്‍പോലും സാധിക്കാതെ ഞാന്‍ നിന്നു.

''ആ പണി അന്നത്തോടെ ഞാന്‍ നിര്‍ത്തി. ഇപ്പൊ നാഷണല്‍ സേവിംഗ്‌സിലാ'' അവള്‍ പറഞ്ഞു.

''എന്നോട് ക്ഷമിക്കണം.'' ഞാന്‍ പിറുപിറുത്തു.

''ഹെയ്. ഞാനന്ന് ഓവറായി. എനിക്കതു സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ ശരിക്കും പേടിച്ചു. അതുകൊണ്ടാണ്. ഞങ്ങള്‍ സ്ത്രീകളുടെ പാട് നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല. സാറ് ഒന്നും വിചാരിക്കരുത്.'' അവള്‍ പറഞ്ഞു.

കാന്റീനില്‍ എന്നോടൊപ്പമിരുന്നു ചായ കുടിക്കുമ്പോള്‍ അവള്‍ സ്വയം പരിചയപ്പെടുത്തി. ശ്രീദേവി. മുഴുക്കുടിയനായ അച്ഛന്റെയും ദുഷ്ടയായ രണ്ടാനമ്മയുടെയും ദ്രോഹം സഹിക്കാനാവാതെ, പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ ഒരു വനിതാ സദനത്തില്‍ താമസിച്ച് ജോലി ചെയ്യുന്നു. ഒരേയൊരു സഹോദരന്‍ നാടുവിട്ടുപോയിട്ട് ഇതുവരെ യാതൊരു വിവരവുമില്ല.

പിന്നീട് പലതവണയും ശ്രീദേവിയെ കണ്ടു. ഒരിക്കല്‍ അവള്‍ പറഞ്ഞു:

''സാറെ എന്നെ ഒരാള്‍ സ്‌നേഹിക്കുന്നു. കല്യാണം കഴിക്കാന്‍ തയ്യാറാ.''

''ആളാരാ?''

ഞാന്‍ ആരാഞ്ഞു.

''വിജയന്‍ന്നാ പേര്. ജാതി വേറെയാ. ഒരു സ്പെയര്‍പാര്‍ട്ടുകടയിലെ സെയില്‍സ്മാനാ.''

രജിസ്റ്റര്‍ വിവാഹമായിരുന്നു ശ്രീദേവിയുടെയും വിജയന്റെയും.

മിടുക്കനും സുന്ദരനുമായ ഭര്‍ത്താവിനെയുംകൊണ്ട് അഭിമാനത്തോടെ എന്നെ കാണിക്കാന്‍ വന്നതാണ് ശ്രീദേവി.

ഉച്ചച്ചൂടില്‍ ഉരുകുന്ന എന്റെ മനസ്സിന്റെ പെരുംപാതയിലൂടെ ആ നവദമ്പതികള്‍ നടന്നുമറയുകയാണ്. അവര്‍ക്കു നന്മവരട്ടെ.

എന്റെ ഉള്ളില്‍ ഇപ്പോഴും മുല്ലപ്പൂവിന്റെ സുഗന്ധം തങ്ങിനില്‍ക്കുന്നു.

Summary

Malayalam archive, Balachandran Chullikkad memoir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com