CPIM leader MA Baby interview archive
MA Baby interview archiveFile

Archives |'ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നത് അര്‍ത്ഥശൂന്യം'

1997 നവംബര്‍ 28 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Published on

1997 നവംബര്‍ 28 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ടിയന്തരാവസ്ഥ നിലവിലിരിക്കുന്ന കാലം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ രഹസ്യമായി പഠനക്ലാസ്സുകള്‍ നടക്കുന്നു. പുനലൂര്‍ എസ്.എന്‍. കോളേജിനടുത്ത് നടന്ന ഒരു ക്ലാസ്സില്‍ സംസാരിച്ച ശേഷം മടങ്ങിവരികയായിരുന്നു വിദ്യാര്‍ത്ഥി നേതാക്കളായ എം.എ. ബേബിയും സുഹൃത്തുക്കളും. പെട്ടെന്നാണ് ഒരു പൊലീസുകാരന്‍ എതിരെ വരുന്നതു കണ്ടത്. സംശത്തിനൊന്നും ഇടകൊടുക്കാതെ ബേബിയും സുഹൃത്തുക്കളും അടത്തുകണ്ട ഒരിടവഴിയിലേക്ക് തിരിഞ്ഞ് നടപ്പാരംഭിച്ചു. അല്പം കഴിഞ്ഞാണ് അവര്‍ക്കു മനസ്സിലാകുന്നത് അതൊരു വീട്ടിലേക്കുള്ള വഴിയാണെന്ന്. പൂമുഖത്തുണ്ടായിരുന്ന വീട്ടുകാര്‍ ഈ ചെറുപ്പക്കാരനെ കാണുകയും ചെയ്തു. തിരിച്ചുചെന്നാല്‍ ഒരുപക്ഷേ, പൊലീസ് കാത്തുനില്‍പ്പുണ്ടാവും. എന്നാല്‍, അവര്‍ ആ സന്ദിഗ്ദ്ധാവസ്ഥയെ അതിവിദഗ്ദ്ധമായി തരണം ചെയ്തു. നേരെ ആ വീട്ടിലേക്ക് കയറിച്ചെന്ന് ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു. പരിസരം വീക്ഷിച്ചപ്പോള്‍ അവിടെക്കണ്ട റബര്‍ ഷീറ്റുകളില്‍നിന്നും ആ വീട്ടുകാര്‍ റബ്ബര്‍ കര്‍ഷകരാണെന്നു മനസ്സിലാക്കിയ ബേബി സംഭാഷണത്തെ റബ്ബറിന്റെ കമ്പോളനിലവാരത്തിലേക്ക് തിരിച്ചു. പാര്‍ട്ടി ലഘുലേഖകളിലുണ്ടായിരുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ കൃഷിയെക്കുറിച്ചും അതിന്റെ കമ്പോളത്തെക്കുറിച്ചും ആധികാരികമായി സംസാരിച്ച ആ യുവാക്കളോട് വീട്ടുകാര്‍ക്ക് വലിയ സ്‌നേഹമായി. ഏതാനും മണിക്കൂറുകള്‍ അവിടെ ചെലവഴിച്ച് മടങ്ങുമ്പോള്‍ ഒരു തുക സംഭാവനയായും നല്‍കിയാണ് അവര്‍ ബേബിയേയും സംഘത്തേയും യാത്രയയച്ചത്.

കഠിനകാലങ്ങളിലൂടെയുള്ള രാഷ്ട്രീയയാത്രയില്‍ ഇത്തരത്തിലോര്‍ക്കുവാന്‍ അനേകം കഥകള്‍ എം.എ. ബേബിക്കുണ്ട്. അവസരത്തിനൊത്തുയര്‍ന്നതിന്റെയും ഉയരാതിരുന്നതിന്റേയും രസകരവും വേദനാപൂര്‍ണ്ണവുമായ അനുഭവസാക്ഷ്യങ്ങള്‍. 1954 ഏപ്രില്‍ അഞ്ചാം തീയതി പി.എം. അലക്സാണ്ടര്‍-ലില്ലി ദമ്പതിമാരുടെ പുത്രനായി കൊല്ലത്തു ജനിച്ച എം.എ. ബേബി എസ്.എഫ്.ഐ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇടതുപക്ഷാശയമുള്ളവരും സാഹിത്യാസ്വാദകരും സംഗീതപ്രേമികളും ധാരാളമുണ്ടായിരുന്ന കുടുംബത്തില്‍നിന്ന് ആ സാംസ്‌കാരികധാരകള്‍ ബാല്യത്തിലേ ബേബി സ്വാംശീകരിച്ചു. 1986-ല്‍ ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമായി കാണാം. തുടരെയുള്ള രണ്ട് അവസരങ്ങള്‍. അടുത്ത വര്‍ഷം ജനുവരിയില്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി തീരുകയാണ്. ഇത്രയും കാലത്തിനുള്ളില്‍ കേരളം - ദേശീയ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ എണ്ണപ്പെടുന്ന സംഭാവനകള്‍ നല്‍കുവാന്‍ എം.എ. ബേബിക്ക് ഒരു രാജ്യസഭാംഗം എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ട്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയില്‍ വായനയ്ക്കും സംഗീതാസ്വാദനത്തിനുമായി മാറ്റിവയ്ക്കാന്‍ ചുരുക്കം സമയം മാത്രമേ അദ്ദേഹത്തിനു ലഭിക്കാറുള്ളു. എങ്കിലും മലയാള സാഹിത്യത്തിലെ എല്ലാ മാറ്റങ്ങളും അതീവശ്രദ്ധയോടെ ബേബി വീക്ഷിക്കുന്നു. അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച 'സ്വരലയ' എന്ന സംഗീതപോഷണസഭ അദ്ദേഹത്തിന്റെ ഒരു ബൗദ്ധികസന്തതിയാണെന്നു പറയാം. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. സമ്മേളനത്തിന് പുറപ്പെടുന്നതിന് മുന്‍പ്, സി.പി.ഐ(എം)ന്റെ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ തിരക്കുകളൊഴിയാത്ത ഒരു രാത്രിയില്‍ എം.എ. ബേബി എം.പി. 'മലയാള'ത്തിനുവേണ്ടി ദീര്‍ഘമായി സംസാരിച്ചു. പ്രസക്തഭാഗങ്ങള്‍ ചുവടെ.

CPIM leader MA Baby interview archive
Archives |ഒരു സര്‍വ്വകലാശാലയുടെ ജനനം; എ ശ്രീധരമേനോന്‍ എഴുതിയ ലേഖനം

ചോദ്യം: അടിയന്തരാവസ്ഥയുടേയും അതിനെത്തുടര്‍ന്ന് നിലവില്‍വന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നല്ലോ താങ്കളുടെ രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെട്ടത്. അക്കാലത്തെ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുവാദം തന്നെ കൂടാതെ താങ്കള്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതായി കേട്ടിട്ടുണ്ട്. ആ അവസരത്തില്‍ പാര്‍ട്ടിക്ക് താങ്കളോടും താങ്കള്‍ക്ക് പാര്‍ട്ടിയോടുമുള്ള സമീപനം എന്തായിരുന്നു?

എം.എ. ബേബി: രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെട്ടു എന്ന ആരോപണം ഞാന്‍ ശക്തിയായി നിഷേധിക്കുകയാണ് (ചിരിക്കുന്നു). നീണ്ട കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ചില സാമൂഹ്യവീക്ഷണങ്ങള്‍ നമ്മില്‍ രൂപംകൊള്ളുകയും അതിനനുസൃതമായി ജീവിക്കുവാനും പ്രവത്തിക്കുവാനും തീരുമാനിക്കുകയും ചെയ്യും. പൊതുജീവിതത്തില്‍ അടിയന്തരാവസ്ഥക്കാലം ഒരു വഴിത്തിരിവാണ് എന്നു പറയുന്നത് തികച്ചും ശരിയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ തലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ അഗാധമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഒരു സംഭവവികാസമായിരുന്നു അടിയന്തരാവസ്ഥ. ഒരാളിന്റെ രാഷ്ട്രീയാസ്തിത്വത്തെക്കുറിച്ച് ഒരു ആത്മപരിശോധന നടത്താനുള്ള അവസരം കൂടിയായിരുന്നു അത്. വ്യക്തിയിലേക്ക് ചുരുങ്ങണമോ സമൂഹത്തിലേക്ക് വളരണമോ എന്ന അടിസ്ഥാനപരമായ പ്രശ്നമാണ് എന്നെപ്പോലുള്ളവര്‍ അഭിമുഖീകരിച്ചത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടാകുന്നത് 1975 ജൂണ്‍ 25-നാണ്.

ഈ സംഭവത്തിനെതിരെ സ്വാഭാവികമായുണ്ടാകുന്ന അമര്‍ഷം എന്നിലുമുണ്ടായി. അതിനെതിരെ സമരം ചെയ്യണമെന്ന ആഹ്വാനം സി.പി.ഐ(എം) നേതൃത്വത്തില്‍നിന്നും ഉടന്‍ തന്നെ ഉണ്ടായി. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ശ്രീ. എ.കെ.ജിയുടെ പ്രസ്താവന 'ശ്രീമതി ഇന്ദിരാഗാന്ധി: പെണ്‍ ഹിറ്റ്ലര്‍' എന്ന്. ദേശാഭിമാനിയില്‍ അത്തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും ഞാനോര്‍ക്കുന്നു. പാര്‍ട്ടി ആഹ്വാനമനുസരിച്ച് നീങ്ങുവാനല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്ക് അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. 1975 ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നേതൃത്വം വഹിക്കുകയും മര്‍ദ്ദനമേല്‍ക്കുകയും ജയിലില്‍ പോവുകയുമൊക്കെ ചെയ്തെങ്കിലും ആ സമരത്തിന്റെ ആശാസ്യതയെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും പുറത്തുമൊക്കെ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. അത് സ്വാഭാവികമായിരുന്നു. ഓരോ സമരത്തില്‍നിന്നും പാഠങ്ങളുള്‍ക്കൊള്ളേണ്ടിയിരുന്നു.

ഏതു രാജ്യവും ഒരു രാഷ്ട്രീയ പ്രക്ഷുബ്ധതയെ അഭിമുഖീകരിക്കുമ്പോള്‍ അത് വ്യക്തിജീവിതത്തിലും പ്രതിഫലിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഒരു ക്രിയാത്മക രാഷ്ട്രീയ പ്രവര്‍ത്തകന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരം കൂടിയായിരുന്നു അടിയന്തരാവസ്ഥ. സ്വാതന്ത്ര്യസമരകാലത്ത് ജീവിച്ചിരുന്നവരുടെ ത്യാഗത്തിന് നേര്‍ക്കുള്ള അസൂയ പോലും ഈ പീഡനകാലത്തിലൂടെ കടന്നുപോകുമ്പോഴുണ്ടായി. മറ്റൊരര്‍ത്ഥത്തില്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പരീക്ഷണശാലയായി അടിയന്തരാവസ്ഥയെ വിലയിരുത്തുന്നതില്‍ തെറ്റില്ല.

ചോദ്യം: താങ്കളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് അല്പം സംസാരിക്കുമോ?

എം.എ. ബേബി: അച്ഛന്‍ ഇടതുപക്ഷ വിശ്വാസിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനുമായിരുന്നു. കൊല്ലത്ത് ഒരു സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് പല പ്രമുഖ സാഹിത്യകാരന്മാരുമായും നിരന്തരം ബന്ധമുണ്ടായിരുന്നു. എന്റെ ജ്യേഷ്ഠനും എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.

എന്റെ അമ്മ അന്നും ഇന്നും ഒരു തികഞ്ഞ ദൈവവിശ്വാസിയാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നും പള്ളിയില്‍ പോവുകയും അവിടെ അച്ചന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. അതില്‍നിന്നും ഞാന്‍ നീങ്ങുന്നത് യുക്തിവാദത്തിലേക്കാണ്. എം.സി. ജോസഫ്, എ.ടി. കോവൂര്‍ തുടങ്ങിയവരുടെ കൃതികളായിരുന്നു വഴികാട്ടികള്‍. എറണാകുളത്തുവച്ച് ഒരിക്കല്‍ യുക്തിവാദി സമ്മേളനം നടന്നു. അതില്‍ പങ്കെടുക്കാന്‍ പോകാന്‍ കൈയില്‍ കാശില്ല. അമ്മയോടു മാത്രമേ ചോദിക്കാനാകൂ. വീട്ടിലാകട്ടെ പണവുമിരിപ്പില്ല. അമ്മയ്ക്കറിയാം ഈ കാശു ചോദിക്കുന്നത് യുക്തിവാദം നടത്താനാണെന്ന്. യുക്തിവാദികളുടെ കുഴപ്പമായി ഞാനിപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നത് അവര്‍ യുക്തിരഹിതമായി പെരുമാറും എന്നതാണ്. വിശ്വാസികളെയെല്ലാം യുക്തിയിലൂടെ തര്‍ക്കിച്ച് യുക്തിവാദികളാക്കാം എന്ന വ്യാമോഹം ഇന്നുമവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ഞാനുമൊരു തികഞ്ഞ യുക്തിവാദിയായിരുന്നു അന്ന്. അമ്മയുമായി തര്‍ക്കിച്ച് ദൈവമില്ല എന്നൊക്കെ ഇടയ്ക്ക് അമ്മയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുമായിരുന്നു. ആ അവസരത്തിലാണ് യുക്തിവാദസമ്മേളനത്തിന് പോകാന്‍ കാശില്ല എന്ന തികച്ചും യുക്തിരഹിതമായ സത്യം വെളിപ്പെടുന്നത്. എങ്കിലും അമ്മ അടുത്ത വീട്ടില്‍നിന്നും കടംവാങ്ങി പണമെനിക്കു തന്നു.

ദൈവവിശ്വാസിയായ അമ്മയില്‍നിന്നും പഠിച്ച ഒരു മഹത്തായ സോഷ്യലിസ്റ്റ്, ജനാധിപത്യപാഠം ഈ സഹിഷ്ണുതയായിരുന്നു. മറിച്ച് ചിന്തിച്ചാല്‍ ഒരു കമ്യൂണിസ്റ്റുകാരനെ ആശ്രയിച്ചുനില്‍ക്കുന്ന ഒരു ദൈവവിശ്വാസിക്ക് ഈ സഹായം ലഭിക്കുമോ എന്ന സംശയമെനിക്കുണ്ട്. ഇത്തരം യാന്ത്രിക നിലപാടുകള്‍ക്കുവേണ്ട ഒരു പരിസരം എങ്ങനെയോ ഉണ്ടായിപ്പോയി എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു തോന്നുന്നു. കമ്യൂണിസ്റ്റനുകൂലയല്ലാത്ത, ദൈവവിശ്വാസിയായ അമ്മയുടെ ആ പെരുമാറ്റം എന്നെ ഒരു കമ്യൂണിസ്റ്റുകാരനാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.

CPIM leader MA Baby interview archive
Archives | ഒരുപാടു പേര്‍ വന്നു, പക്ഷേ അയാള്‍ മാത്രമായിരുന്നു അങ്ങനെ

ചോദ്യം: ഈയൊരു നിരീക്ഷണവുമായി ബന്ധപ്പെടുത്തി താങ്കള്‍ക്ക് നമ്മുടെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താമോ?

എം.എ. ബേബി: നമ്മുടെ വര്‍ത്തമാനകാല സാഹചര്യങ്ങളിലെ കമ്യൂണിസ്റ്റ് നിലപാടുകളിലേക്ക് വെളിച്ചംവീശുന്ന പല നിരീക്ഷണങ്ങളും മാര്‍ക്സ് അദ്ദേഹത്തിന്റെ കാലത്തുതന്നെ നടത്തിയിട്ടുണ്ട്. ഇന്ന് മാര്‍ക്സിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന പലര്‍ക്കും ഇവ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്. ഉദാഹരണമായി ജര്‍മനിയില്‍ ചില മതവിഭാഗങ്ങളെ ബിസ്മാര്‍ക്ക് നിരോധിക്കുകയുണ്ടായി. അതിനെക്കുറിച്ച് മാര്‍ക്സ് പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള നിരോധനങ്ങള്‍കൊണ്ട് ഈ മതസ്ഥാപനങ്ങള്‍ക്ക് ഒരു ക്ഷീണവും വരുത്താനാവില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ചില മതവിഭാഗങ്ങള്‍ സ്വാഭാവികമായിത്തന്നെ മരണമടയാന്‍ സാദ്ധ്യതയുണ്ട്. നിരോധനങ്ങള്‍ അവയെ ഒരുപക്ഷേ, പുനരുജ്ജീവിപ്പിക്കും എന്നദ്ദേഹം നിരീക്ഷിച്ചു. നിരോധനവും ആശയപരമായ ബലപ്രയോഗവും ഒന്നിനും പോംവഴിയല്ല. മാര്‍ക്സിസം നിര്‍ദ്ദേശിക്കുന്നത് തെറ്റായ ചിന്തകള്‍ നിലവില്‍ വരാനിടയായ സാമൂഹിക പരിസരത്തെ തിരുത്തുക എന്നതാണ്. ആശയപരമായ ബലപ്രയോഗത്തിലൂടെ എന്തും നേടാമെന്നു കരുതിയതിന്റെ ഫലമാണ് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ച.

ചോദ്യം: രാജ്യസഭാ മെമ്പര്‍ എന്നാല്‍ 'തലമൂത്ത' ആള്‍ എന്നാണല്ലോ പൊതുധാരണ. എന്നാല്‍, വളരെ ചെറുപ്പത്തിലേതന്നെ താങ്കള്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായി താങ്കളുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

എം.എ. ബേബി: എന്റെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി തീരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നത് യാദൃച്ഛികമാണെങ്കിലും കൗതകകരമാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാന്‍ ഒരവസരം കിട്ടി എന്നത് വളരെ പ്രധാനമാണ്. ഈ അരനൂറ്റാണ്ടുകാലത്തിനുള്ളില്‍ ശക്തമായ ഒരു പാര്‍ലമെന്ററി പാരമ്പര്യം സൃഷ്ടിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ബലഹീനതകളേറെയുണ്ട്. അവ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ സാമാജികരെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നുവരുന്നത് ഏറ്റവും അപമാനകരമായ ഒരവസ്ഥയാണ്. ബൂത്ത് പിടിച്ചടക്കല്‍, സമ്മതിദായകരുടെ വോട്ട് വിലകൊടുത്തു വാങ്ങല്‍ തുടങ്ങിയവ നടക്കുന്നുണ്ടെങ്കിലും നമ്മുടെ അയല്‍രാജ്യങ്ങളിലെപ്പോലെ പട്ടാള അട്ടിമറികള്‍ നടക്കുന്നില്ല എന്നുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആപേക്ഷിക ആരോഗ്യത്തെയാണ് കാണിക്കുന്നത്. കമ്മറ്റി സമ്പ്രദായം നമ്മുടെ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ഗുണപരമായ വശമാണ്. എന്നാല്‍, വിരുദ്ധാഭിപ്രായങ്ങളെ ശബ്ദമലിനീകരണത്തിലൂടെ ഒതുക്കുക എന്നത് ഇതിന്റെ മറ്റൊരു ഭാഗമാണ്.

ഏറ്റവുമൊടുവില്‍ നടന്ന ദുഃഖകരമായ ഒരു കാര്യം പറയാം. എം.പിമാരുടെ ശമ്പളവും അലവന്‍സുകളും കൂട്ടണം എന്ന ആവശ്യമുന്നയിച്ച് ദിവസങ്ങളോളം രാജ്യസഭായോഗം കലുഷമാവുകയുണ്ടായി. മറ്റനേകം പ്രശ്‌നങ്ങള്‍ പരിഹരിക്കാനിരിക്കേ തങ്ങളുടെ സൗകര്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യുന്നവിധത്തില്‍ എം.പിമാരുടെ ബോധത്തില്‍ വീഴ്ച വന്നുവെന്നത് ഏറ്റവും അപഹാസ്യമാണ്. ഇതിനോട് വിയോജിപ്പുള്ള ഇടതുപക്ഷ എം.പിമാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മറ്റ് എം.പിമാര്‍ തടയുകയുണ്ടായി. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ അഭിപ്രായ സ്വാതന്ത്ര്യം അതിന്റെ ഉന്നതപീഠത്തില്‍ വച്ച് കവലമുഷ്‌ക് ഉപയോഗിച്ച് തടയുകയാണ്, ഈ രാജ്യത്തിന്റെ നീറുന്ന പ്രശ്‌നം എം.പിമാരുടെ ശമ്പളവര്‍ദ്ധനയല്ല. അവര്‍ക്കിപ്പോള്‍ ആവശ്യമുള്ള സൗകര്യങ്ങളെല്ലാമുണ്ട്. അന്‍പതു വര്‍ഷത്തിനുള്ളില്‍ നാം പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിലെ പ്രശ്‌നങ്ങളാലോചിച്ചാല്‍ നമുക്കിങ്ങനെ ജീവിക്കാന്‍ അര്‍ഹതയുണ്ടോ എന്നുപോലും തോന്നിപ്പോകും.

ചോദ്യം: ഒരു സാധാരണ മലയാളി സാഹിത്യത്തിലൂടെയും സിനിമയിലൂടെയും വാര്‍ത്തകളിലൂടേയും മാത്രമറിയുന്ന ഡല്‍ഹിയെ താങ്കള്‍ അടുത്തുനിന്ന് മനസ്സിലാക്കിയത് എങ്ങനെയാണ്? ഈ നഗരത്തെക്കുറിച്ച്, ഇതിലെ പൊതു-സ്വകാര്യ ജീവിതധാരകളെക്കുറിച്ച് എല്ലാ നാട്ടില്‍നിന്നുമുള്ള ജനങ്ങളുമായി ഒത്തുകഴിഞ്ഞുപോകുന്ന മലയാളികളെക്കുറിച്ച് ഒക്കെ താങ്കള്‍ പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ഒന്നു വിശദീകരിക്കാമോ?

എം.എ. ബേബി: ഡല്‍ഹിയുടെ മുഖങ്ങള്‍ പലതാണ്. അധികാരവുമായി ബന്ധപ്പെട്ട എല്ലാ വൃത്തികേടുകളുടെയും തലസ്ഥാനം എന്നൊരു വിശേഷണവും ഡല്‍ഹിക്കു ചേരും. നല്ല ഉദ്ദേശ്യത്തോടെയും ചീത്ത ഉദ്ദേശ്യത്തോടെയും ജനം ഇവിടേയ്ക്ക് എത്തുന്നുണ്ട്. രാഷ്ട്രീയരംഗത്ത് നിലനില്‍ക്കുന്ന വൃത്തികേടുകള്‍ സമസ്ത ജീവിതമേഖലയിലും പ്രതിഫലിക്കുന്നതിനാല്‍, എല്ലാവരും അവയ്ക്ക് അറിഞ്ഞോ അറിയാതെയോ ഇരകളായിത്തീരാറുമുണ്ട്. കലാ-സാംസ്‌കാരിക രംഗങ്ങളെടുത്താല്‍ ഏറ്റവും കൃത്രിമമായതിനെ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ ഏറെയുണ്ട്. ചെറിയ നഗരങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന കൃത്രിമ സംസ്‌കാരങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന മഹാനഗരം കൂടിയാണ് ഡല്‍ഹി. സത്യസന്ധത എത്രയുണ്ടെങ്കിലും അല്പമെങ്കിലും അത് പണയപ്പെടുത്താതെ ഇവിടെ കഴിയാന്‍ വയ്യ. ഇതില്‍നിന്ന് വിമുക്തി നേടി ശരിയായ സാമൂഹിക പരിസരം സൃഷ്ടിക്കുക എന്നതുമാത്രമാണ് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ചെയ്യാന്‍ കഴിയുക. ഇതൊക്കെ മലയാളികളും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചോദ്യം: അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യയുടെ രാഷ്ട്രീയ സ്വത്വത്തിനേറ്റ മറ്റൊരു കനത്ത അടിയായിരുന്നു 'അയോദ്ധ്യ സംഭവം'. ഇതിനു ശേഷം എ.കെ.ജി സെന്ററില്‍ നടന്ന സെമിനാറില്‍ താങ്കള്‍ മതമൗലികവാദികളുമായി പരിപൂര്‍ണ്ണ നിസ്സഹകരണം പ്രഖ്യാപിക്കുന്ന ഒരു പ്രബന്ധം (Appeasing the muslims) അവതരിപ്പിച്ചിരുന്നല്ലോ. എന്നാല്‍ 'അയോദ്ധ്യ'യ്ക്കുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വര്‍ഗീയ പാര്‍ട്ടികളുമായി ഒത്തുപോകേണ്ടിവന്നിട്ടുണ്ട്. താങ്കളുടെ കാഴ്ചപ്പാടില്‍ ഇത് സൈദ്ധാന്തിക ശരികളുടെ അപ്രായോഗികതയായാണോ അതോ സിദ്ധാന്തവും പ്രയോഗവും രണ്ടും രണ്ടായി നില്‍ക്കുമെന്ന വിശ്വാസമായാണോ വരുന്നത്?

എം.എ. ബേബി: ഏതു പ്രസ്ഥാനത്തോടും സംഭവത്തോടും എങ്ങനെ ഒരു പുരോഗമന പ്രസ്ഥാനം പ്രതികരിക്കണമെന്നുള്ളത് സ്ഥലകാലങ്ങളാണ് നിര്‍ണ്ണയിക്കുന്നത്. വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ആത്മനിഷ്ഠമായ ആഗ്രഹങ്ങളല്ല സഹകരണവും നിസ്സഹകരണവും നിശ്ചയിക്കുന്നത്. അത് കാലസന്ദര്‍ഭങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചരിത്രത്തില്‍ ഒരുപോലുള്ള സാഹചര്യങ്ങള്‍ മറ്റൊരിക്കല്‍ ഉണ്ടാകാത്തതിനാല്‍ ഏതേതു സന്ദര്‍ഭങ്ങളില്‍ സഹകരണവും നിസ്സഹകരണവുമൊക്കെ ആകാം എന്നുള്ളതിന് ഒരു പട്ടിക തയ്യാറാക്കിവെയ്ക്കാന്‍ സാദ്ധ്യമല്ല. കടമ്മനിട്ട തന്റെ കവിതയില്‍ പറയുന്ന പോലെ 'ഒന്നും എന്നും ഒരുപോലെ ആയിരിക്കുകയില്ല' മാര്‍ക്‌സിയന്‍ വൈരുദ്ധ്യാത്മകവാദത്തിന്റെ അന്തഃസത്ത ഈ വരിയിലുണ്ട്.

സമൂഹത്തില്‍ അസ്വീകാര്യമായ പ്രവണതകളിലൊന്നാണ് മതത്തിന്റെ പേരിലുള്ള കടുംപിടിത്തം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഈ മൗലികവാദം പോലും പുരോഗമനാത്മകമാകാം. ഉദാഹരണമായി അടിയന്തരാവസ്ഥക്കാലത്ത് അതിനെ എതിര്‍ക്കുവാന്‍ സി.പി.ഐ, ആര്‍.എസ്.പി ഒഴികെ ബാക്കിയുള്ള ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാര്‍ തയ്യാറായപ്പോള്‍, തങ്ങളുടേതായ കാരണങ്ങളാല്‍ ആര്‍.എസ്.എസ്സും അതിനു തയ്യാറായി. എഴുപത്തിയേഴിലെ തെരഞ്ഞെടുപ്പില്‍ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ ആര്‍.എസ്.എസ്സിന് വോട്ട് ചെയ്തിട്ടുണ്ട്. ഇതു പറയുന്നന്നതില്‍ കുറ്റബോധമൊന്നുമില്ല. കാരണം ആര്‍.എസ്.എസ്സിനെത്തന്നെ എതിര്‍ക്കുന്നതിന് അനുപേക്ഷണീയമാണ് ജനാധിപത്യ സ്വാതന്ത്ര്യം. അടിയന്തരാവസ്ഥ തുടരുക എന്നതിനര്‍ത്ഥം ആര്‍.എസ്.എസ്സിനെപ്പോലുള്ള സംഘടനകളെ എതിര്‍ക്കാനുള്ള സാഹചര്യം പോലും നഷ്ടപ്പെടുക എന്നതാണ്.

ഇടതുപക്ഷത്തില്‍ പൊതുവെയും സി.പി.എമ്മില്‍ പ്രത്യേകിച്ചും മതസംഘടനകള്‍ക്ക് നേരെയെടുക്കേണ്ട നിലപാടുകളെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ അയോദ്ധ്യാ സംഭവം പോലുള്ള ഇന്ത്യന്‍ അനുഭവങ്ങള്‍ പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്. ഹിന്ദുമത മൗലികവാദവും ന്യൂനപക്ഷങ്ങളുടെ മൗലികവാദവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുക എന്നത് അര്‍ത്ഥശൂന്യമാണ്. വീര്യം കൂടിയ വര്‍ഗ്ഗീയതയ്ക്ക് തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ മാറ്റുരയ്ക്കാനുള്ള ഒരവസരം കൂടിയാണ് ന്യൂനപക്ഷ വര്‍ഗ്ഗീയത നല്‍കുന്നത്.

അതുകൊണ്ടുതന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായി സഹകരിക്കാനും കഴിയില്ല. ഇത് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുമായും സഹകരണമാവശ്യമല്ലെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഇര്‍ഫാന്‍ ഹബീബിന്റെ ചില പ്രസംഗങ്ങളും ഇ.എം.എസ്സിന്റെ സുധീരമായ നിലപാടും ഈ തീരുമാനത്തിന് ഉപോദ്ബലകങ്ങളായിട്ടുണ്ട്. എന്നാല്‍, മാറുന്ന സാഹചര്യമനുസരിച്ച് ഒരിക്കല്‍ പാര്‍ട്ടിയെടുത്ത നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നതില്‍ ഒരപാകതയുമില്ല. എന്റെ പ്രബന്ധത്തിന്റെ നിലപാട് പാര്‍ട്ടി നിലപാടിനെ ഊന്നിപ്പറയുന്നതായിരുന്നു. സഖാവ് ഇ.എം.എസ്സിന്റെ ഒരു ലേഖനവുമായി താരതമ്യം ചെയ്തുകൊണ്ട് ചില പത്രങ്ങള്‍ ഈ പ്രബന്ധത്തെ വിവാദവിഷയമാക്കി എന്നൊരു ദൗര്‍ഭാഗ്യവും കൂടി ഈ അവസരത്തിലുണ്ടായി. ചോദ്യത്തില്‍ സൂചിപ്പിച്ചതുപോലെയുള്ള ഒരു മായം ചേര്‍ക്കലുകളും പാര്‍ട്ടി നിലപാടില്‍ ഉണ്ടായിട്ടില്ല.

ചോദ്യം: നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയ കലാപമെന്ന പേരില്‍ രാഷ്ട്രീയ- മാഫിയാ പ്രേരിത സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ ഭരണകൂടത്തിന് പൊലീസ്, പട്ടാളം തുടങ്ങിയ മര്‍ദ്ദനോപകരണങ്ങളുപയോഗിച്ച് അവയെ അടിച്ചമര്‍ത്താനും അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുവാനുമല്ലാതെ, യഥാര്‍ത്ഥ മാനവിക/മതവികാരങ്ങളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുന്നില്ല എന്ന ആരോപണത്തെക്കുറിച്ച് താങ്കള്‍ക്കെന്തു തോന്നുന്നു?

എം.എ.ബേബി: മത-ജാതീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ തല്‍ക്കാലസ്ഥിതിയെ ശാന്തമാക്കാന്‍ ഭരണപരമായ ഇടപെടലുകള്‍ അത്യാവശ്യമാണ്. സമൂഹത്തിലെ വിവിധ കൂട്ടായ്മകള്‍ ഇത്തരത്തിലുള്ള സ്ഥാപിത താല്പര്യ പ്രേരിത സംഘട്ടനങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ജനങ്ങളുടെ ശക്തി അവരുടെ കൈകളില്‍ത്തന്നെയാണെന്ന ബോധം ജനങ്ങളിലുണ്ടാക്കുക എന്നതാണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അര്‍ത്ഥവത്തായി ചെയ്യാന്‍ കഴിയുന്ന കാര്യം. ഈ ദിശയില്‍ ലോകത്തിനുതന്നെ മാതൃകയാകാവുന്ന ധീരവും നൂതനവുമായ ഒരു പരീക്ഷണമാണ് ജനകീയാസൂത്രണം എന്ന പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അധികാരം ജനങ്ങളിലേക്ക് എത്തിക്കുക മാത്രമല്ല, അത് നിറവേറ്റാനുള്ള ചുമതല കൂടി അവരുടെ ചുമലുകളിലാണെന്ന ബോധവും ജനകീയാസൂത്രണം വഴി പകരുന്നുണ്ട്. ബഹുമുഖമായ പ്രത്യാഘാതങ്ങളും ഫലങ്ങളും ഉണ്ടാകാവുന്ന ഈ പദ്ധതിയുടെ പ്രധാന നേട്ടമായി എനിക്കു തോന്നുന്നത് ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടത്തെ ഗ്രാമങ്ങളില്‍നിന്ന് തുടച്ചുമാറ്റാന്‍ കഴിയുന്നു എന്നതാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബാഹ്യശക്തികള്‍ക്ക് കടന്നുകയറാന്‍ കഴിയുകയില്ല. വര്‍ഗ്ഗീയത തുടച്ചുമാറ്റും എന്നതിലേയ്ക്കു കൂടിയെത്തും ഈ ജനകീയാസൂത്രണത്തിന്റെ ക്രിയാത്മകത. ചോദ്യത്തിലെ വിമര്‍ശനം അര്‍ത്ഥവത്താണ്. എങ്കിലും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ഒരുമിച്ചുനിന്നാല്‍ മാത്രമേ വര്‍ഗ്ഗീയവിരുദ്ധ, മാനവിക പോഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയൂ.

ചോദ്യം: പത്തുവര്‍ഷത്തോളമായി താങ്കള്‍ തലസ്ഥാന നഗരിയിലിരുന്ന് ഭരണത്തിന്റെ സൂക്ഷ്മതകളും പൊതുജീവിതത്തിന്റെ പ്രശ്നങ്ങളും കണ്ടു മനസ്സിലാക്കിയല്ലോ. താങ്കളെ കേരളം വിളിക്കുകയാണെന്ന് കരുതുക... അതിനെ നയിക്കുവാന്‍. എന്തൊക്കെയായിരിക്കും താങ്കളുടെ അജണ്ടയിലെ മുഖ്യ ഇനങ്ങള്‍? പ്രത്യേകിച്ച് യുവജന സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്ന താങ്കള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ-മാനവശേഷി വികസന പ്രശ്‌നങ്ങളില്‍ തീര്‍ച്ചയായും പുതിയ ചില പദ്ധതികളുണ്ടാകുമെന്ന് വിശ്വാസമുണ്ട്.

എം.എ. ബേബി: ഇപ്പോള്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ എവിടെയെങ്കിലും ഉണ്ട് എവിടെയെങ്കിലും ഇല്ല എന്നുപറയാന്‍ കഴിയുകയില്ല. എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് നടത്തുന്നത്. അതിനെന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഏതു മേഖലയിലായാലും പാര്‍ട്ടി കൂട്ടായ ചര്‍ച്ചയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ മറ്റേതൊരു പാര്‍ട്ടിയംഗത്തെപ്പോലെ ഞാനും സന്നദ്ധനായിരിക്കും.

ചോദ്യം: മാര്‍ക്സിനേക്കാളേറെയോ ഒപ്പമോ എംഗല്‍സിനെയും താങ്കളിഷ്ടപ്പെടുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ ഇഷ്ടത്തെക്കുറിച്ച് വിശദീകരിക്കാമോ?

എം.എ. ബേബി: അന്യാദൃശമായ ഒരു സൗഹൃദമായിരുന്നു മാര്‍ക്‌സും എംഗല്‍സും തമ്മിലുണ്ടായിരുന്നത്. ശാസ്ത്രീയ വിശകലനത്തില്‍ തുല്യപങ്കാളികളായിരിക്കേ, മാര്‍ക്സിനെ അല്പം മുന്നിലേക്കുനിര്‍ത്തി അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന സൗഹാര്‍ദ്ദാധിഷ്ഠിതമായ ഹൃദയവിശാലത എംഗല്‍സിനുണ്ടായിരുന്നു. മാര്‍ക്‌സിന് പൂര്‍ണ്ണ സമയ ഗവേഷണത്തില്‍ മുഴുകാനും അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി സാമ്പത്തിക സഹായം സ്വരൂപിക്കാനുമുള്ള സഹായങ്ങള്‍ എപ്പോഴും എംഗല്‍സ് ചെയ്തിരുന്നു. ഈ ത്യാഗസന്നദ്ധതയെ അംഗീകരിച്ചും ബഹുമാനിച്ചുമുള്ള മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ എംഗല്‍സുമായി നടത്തിയ കത്തിടപാടുകളില്‍ ധാരാളമായുണ്ട്. മാര്‍ക്‌സിന്റെ മരണശേഷം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് എംഗല്‍സ് എഴുതിയ മുഖവുരയിലും താത്വികചിന്തയില്‍ മാര്‍ക്സിനുള്ള ഔന്നത്യം എംഗല്‍സ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. 'മൂലധന'ത്തിനെ മൗനത്തില്‍ മുക്കിക്കൊല്ലുക എന്ന മുതലാളിത്ത ചിന്താഗതിയുടെ ഗൂഢാലോചന തകര്‍ത്തത് എംഗല്‍സാണ്. ബൗദ്ധികമായ ഒരു പ്രവൃത്തിവിഭജനം മാര്‍ക്സിനും എംഗല്‍സിനുമിടയിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ തുല്യമായി പ്രവര്‍ത്തിക്കേ എംഗല്‍സ് ശാസ്ത്രം, സൈനികശാസ്ത്രം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മാര്‍ക്സിന്റെ പ്രവര്‍ത്തനം സാമ്പത്തികശാസ്ത്രത്തിലുമായിരുന്നു. പരസ്പരം നിശിതവിമര്‍ശനങ്ങളിലൂടെ കടത്തിവിട്ടാണ് അവരിരുവരും തങ്ങളുടെ ചിന്തകളെ പൂര്‍ണ്ണരൂപത്തിലെത്തിച്ചത്.

CPIM leader MA Baby interview archive
Archives |'കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസത്തില്‍ വിശ്വാസമുണ്ടെങ്കിലല്ലേ ആ പ്രസ്ഥാനം വളരൂ'

ചോദ്യം: സാഹിത്യരംഗത്ത് താങ്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ്? വി.കെ.എന്നിനോട് വല്ലാത്തൊരഭിനിവേശം തന്നെയുണ്ടെന്ന് അറിയാം. സാഹിത്യകാരന്മാര്‍ രാഷ്ട്രീയ പുണ്യവാളന്മാരുടെ മേലങ്കിയണിഞ്ഞ് 'വര്‍ഗ്ഗീയ വിരുദ്ധ വായാടിത്തം' നടത്തുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?

എം.എ. ബേബി: ആധുനിക മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഭാഷ സൃഷ്ടിച്ച കഥാകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിനു മുന്‍പ് അനുകരണീയമായ സംഭാവന നല്‍കിയ മറ്റൊരു കഥാകാരനാണ് ബഷീര്‍. പിന്നെ രണ്ടുപേര്‍ക്കും പൊതുവായുള്ള മറ്റൊരു സവിശേഷത അധികം അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ല എന്നതാണ്. ഒരു സാഹിത്യകാരന്‍ മഹാനായ കലാകാരനാകുന്നത് പ്രചാരലുപ്തമായ പദങ്ങള്‍ അര്‍ത്ഥസാന്ദ്രതയോടെ അവതരിപ്പിക്കുമ്പോഴോ, സാധാരണപദങ്ങള്‍ക്ക് അപ്രതീക്ഷിതമായ അര്‍ത്ഥങ്ങള്‍ നല്‍കുമ്പോഴോ ആണ്. ഈയര്‍ത്ഥത്തില്‍ ബഷീറിനും വി.കെ.എന്നിനുമുള്ളിടത്തോളം മഹത്വം മറ്റൊരു മലയാള സാഹിത്യകാരനുമില്ല. മറ്റു പല അര്‍ത്ഥങ്ങളിലും പ്രതിഭാശാലികളായ എഴുത്തുകാര്‍ കേരളത്തിലുണ്ട്. കവിതയും ഗദ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞ മറ്റൊരു എഴുത്തുകാരനാണ് ടി. പത്മനാഭന്‍. വളരെ വ്യത്യസ്തമായ ശില്പചാതുരി പുലര്‍ത്തുന്ന ആധുനിക കഥാകാരനാണ് എന്‍.എസ്. മാധവന്‍.

എഴുത്തച്ഛന്‍, ഉണ്ണായിവാരിയര്‍, കുമാരനാശാന്‍ തുടങ്ങി കവികളുടേതായ ഒരു മഹാപാരമ്പര്യം നമുക്കുണ്ട്. ആധുനിക കവിതയില്‍ വൈലോപ്പിള്ളിയും കടമ്മനിട്ടയും വളരെ ശ്രദ്ധേയരാണ്. കടമ്മനിട്ടയ്ക്ക് ഒരു പുതിയ കാവ്യഭാഷ തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മലയാളഭാഷയുടെ മഹത്വം ലോകം തിരിച്ചറിഞ്ഞിട്ടില്ല എന്നുള്ളത് വലിയൊരു പരിമിതിയാണ്. പരിഭാഷയ്ക്ക് അധികമൊന്നും വഴങ്ങാത്ത ഭാഷയാണ് മലയാളം.

സാഹിത്യകാരന്മാരും മനുഷ്യരാണ്. സമൂഹത്തിലെ പല പ്രവണതകളോടും അവര്‍ പ്രതികരിക്കുക സ്വാഭാവികമാണ്. ചിലര്‍ തങ്ങളുടെ സാഹിത്യമാദ്ധ്യമം തന്നെ പ്രതികരണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം പ്രസ്താവനകളിലേക്കോ ലേഖനങ്ങളിലേക്കോ തിരിയുന്നു. അതുകൊണ്ട് സാഹിത്യകാരന്മാര്‍ സാഹിത്യേതര മാദ്ധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു തെറ്റും കാണേണ്ടതില്ല. ഇതൊക്കെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്.

ചോദ്യം: കേരള ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ചുകൊണ്ടും ബന്ത് നിരോധിച്ചുകൊണ്ടും ഉത്തരവിറക്കിയിട്ടുണ്ടല്ലോ. ഇതിനെ ഖണ്ഡിച്ചുകൊണ്ടും ശ്ലാഘിച്ചുകൊണ്ടും അഭിപ്രായങ്ങളുണ്ടായി. താങ്കളുടെ നിലപാടെന്താണ്?

എം.എ. ബേബി: ഉത്തരവാദിത്തവും ഉള്ളടക്കവുമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് ഇതിന് ഏകപരിഹാരം. ക്ലാസ്സ്മുറികളില്‍നിന്ന് ലഭിക്കുന്നതിനേക്കാളേറെ അറിവ് സംഘടനാപ്രവര്‍ത്തനത്തിലൂടെ ലഭിക്കും. എന്നാല്‍, അനഭിലഷണീയമായ പ്രവണതകളെ കോടതി ഉത്തരവിലൂടെ തടയാം എന്നു കരുതുന്നതില്‍പ്പരം അബദ്ധം വേറൊന്നില്ല. സമൂഹത്തിലെ ദുഷ്പ്രവണതകളെ കോടതി ഉത്തരവിലൂടെ തടയാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ത്രീധനവും തൊട്ടുകൂടായ്മയും തീവ്രവാദവുമൊക്കെ ഇല്ലാതാകണമായിരുന്നല്ലോ. അപ്പോള്‍ ബോധവല്‍ക്കരണമാണ് ആവശ്യം, കോടതി ഉത്തരവല്ല. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യബോധം ആവശ്യപ്പെടുമെങ്കില്‍ പഠിപ്പുമുടക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നാല്‍, എന്തിനും ഏതിനും പഠിപ്പുമുടക്കുക എന്ന പ്രവണത സംഘടിതമായ ബോധവല്‍ക്കരണത്തിലൂടെ ഇല്ലാതാക്കുകയും വേണം.

Summary

Malayalam Archives, MA Baby interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com