Archives |ഒരു സര്‍വ്വകലാശാലയുടെ ജനനം; എ ശ്രീധരമേനോന്‍ എഴുതിയ ലേഖനം
മലയാളം വാരികയുടെ ലക്കം ഇരുപത്തിയാറില്‍ (1997 നവംബര്‍ 7) എ ശ്രീധരമേനോന്‍ എഴുതിയ ലേഖനം
1937 നവംബര്‍ ഒന്നിനാണ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ഒരു രാജകീയ വിളംബരം വഴി തിരുവിതാംകൂര്‍ സര്‍വ്വകലാശാല (പില്‍ക്കാലത്ത് കേരള സര്‍വ്വകലാശാല) നിലവില്‍ വന്നത്. ഈ സംഭവം കേരളത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പതിനാറാമത്തേതും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാമത്തേതുമായിരുന്നു തിരുവിതാംകൂര്‍ സര്‍വ്വകലാശാല.
തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിതമായിട്ട് അറുപതുവര്‍ഷം ഈ 1997 നവംബര്‍ ഒന്നിന് തികഞ്ഞു. ഈ അവസരത്തില്‍ ഈ സര്‍വ്വകലാശാല സ്ഥാപനത്തിന് വഴിതെളിച്ച സംഭവപരമ്പരയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് രസാവഹമായിരിക്കും.
പുതിയ കലാശാലയ്ക്കുവേണ്ടി
1937 വരെ, കേരളത്തിലെ മൂന്ന് ഭൂവിഭാഗങ്ങളിലും മലബാര്‍, കൊച്ചി-തിരുവിതാംകൂറിലുംപെട്ട കോളേജുകള്‍ മദ്രാസ് സര്‍വ്വകലാശാലയോട് ചേര്‍ക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം പുരോഗതി പ്രാപിച്ചതോടുകൂടി കേരളത്തിന് സ്വന്തമായ ഒരു സര്‍വ്വകലാശാല വേണമെന്ന നിര്‍ദ്ദേശം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് പ്രയോജനം ലഭിച്ച ബുദ്ധിജീവികള്‍, പ്രത്യേകിച്ച് തിരുവിതാംകൂറില്‍, ഈ ആവശ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു. മലയാളഭാഷയും കേരള സംസ്‌കാരവും സബംന്ധിച്ച പഠനങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്നതിനും, അതുവഴി കേരളത്തിന്റെ പ്രതിഭാശക്തി അതിന്റെ മുഴുവന്‍ ഉള്‍ക്കരുത്തോടെ വികസിപ്പിച്ചെടുക്കുന്നതിനും കേരളീയരുടെതായ ഒരു സര്‍വ്വകലാശാലയ്ക്ക് മാത്രമേ സാധിക്കൂ എന്നും ഈ സംസ്ഥാനത്തെ വിദ്യാസമ്പന്നര്‍ ദൃഢമായി വിശ്വസിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയ്‌ക്കോ, ഒരു കൊച്ചുനാട്ടുരാജ്യം മാത്രമായിരുന്ന കൊച്ചിക്കോ, ഈ കാര്യത്തില്‍ മുന്‍കൈ എടുക്കാനുള്ള വിഭവശേഷിയോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു മാതൃകാ സംസ്ഥാനം എന്നു ഇന്ത്യ ഒട്ടുക്ക് പ്രശസ്തിയാര്‍ജിച്ച തിരുവിതാംകൂറിന് മാത്രമേ ഈ രംഗത്ത് കാര്യമായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. തിരുവനന്തപുരത്തെ സംസ്‌കാര സമ്പന്നരും ബുദ്ധിജീവികളും പ്രത്യേകിച്ച്, മഹാരാജാസ് കോളേജിലെ പ്രബുദ്ധരായ അദ്ധ്യാപകസമൂഹം ഈ ലക്ഷ്യപ്രാപ്തിക്കായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആരംഭിച്ചു. ഇത് അഖിലേന്ത്യാതലത്തില്‍ പോലും ജനശ്രദ്ധ പിടിച്ചുപറ്റി.
തിരുവനന്തപുരം ആസ്ഥാനമായി ഒരു സര്‍വ്വകലാശാല ഉയര്‍ന്നുവരാനുള്ള സാദ്ധ്യതയെപ്പറ്റി, 1882-ല്‍ തന്നെ റിപ്പണ്‍ പ്രഭു വൈസ്രോയി ആയിരുന്ന കാലത്ത് സര്‍ വില്യം വില്‍സണ്‍ ഹണ്‍ടര്‍ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട വിദ്യാഭ്യാസ കമ്മിഷന്‍ സൂചിപ്പിച്ചിരുന്നു. മഹാരാജാസ് കോളേജിലെ പ്രൊഫസറായിരുന്ന ആര്‍.എസ്. ലെപ്പര്‍ 1912-ല്‍ അന്തര്‍ സര്‍വ്വകലാശാല കമ്മിഷന്‍ മുമ്പാകെ തിരുവിതാംകൂറിന് ഒരു പ്രത്യേക സര്‍വ്വകലാശാല വേണമെന്ന ആവശ്യം ഉന്നയിച്ചു. തിരുവിതാംകൂറിലെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.സി. മിച്ചല്‍ തന്റെ യാത്രയയപ്പുയോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍ ഈ ആവശ്യത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ എല്‍.ഡി. ഹോഡ്ഗ്‌സണും 1914-ല്‍ ഇതേ ആശയം ശക്തിയായി അവതരിപ്പിച്ചു. മദ്രാസ് പ്രവിശ്യയിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ പ്രഥമ അംഗമായിരുന്ന സര്‍ ഹരോള്‍ഡ് സ്റ്റുവര്‍ട്ട് 1915-ല്‍ ചെയ്ത ഒരു ഔദ്യോഗിക പ്രസ്താവനയിലും തമിഴ്-തെലുങ്ക്- മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങള്‍ക്ക് പ്രത്യേകം സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് സൂചിപ്പിച്ചു. ദക്ഷിണേന്ത്യയിലെ വര്‍ത്തമാനപത്രങ്ങളും പൊതുവേ ഈ ആവശ്യത്തിന് പൂര്‍ണ പിന്തുണ നല്‍കി.
കേരളപാണിനിയുടെ സംഭാവന
പാശ്ചാത്യരായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍, പ്രത്യേക സര്‍വ്വകലാശാലയ്ക്ക് വേണ്ടി, ഇങ്ങനെ ശബ്ദമുയര്‍ത്തിയപ്പോള്‍ നാട്ടുകാരായ അദ്ധ്യാപകരും ബുദ്ധിജീവികളും സജീവമായി രംഗത്തുവന്നു. ഇക്കൂട്ടത്തില്‍ പ്രമുഖന്‍ മഹാരാജാസ് കോളേജിലെ നാട്ടുകാരനായ ആദ്യത്തെ പ്രിന്‍സിപ്പാള്‍ എന്ന ബഹുമതി നേടിയ എ.ആര്‍. രാജരാജവര്‍മ (കേരളപാണിനി) ആയിരുന്നു. 1913-ല്‍ കോളേജിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കേരളത്തിന്റേതായ പ്രത്യേക സര്‍വ്വകലാശാല എങ്ങനെയായിരിക്കണമെന്ന തന്റെ സങ്കല്പം കേരളപാണിനി അവതരിപ്പിച്ചു. മഹാരാജാസ് കോളേജ്, വിദൂരമല്ലാത്ത ഭാവിയില്‍ ദക്ഷിണ കാനറ മുതല്‍ കന്യാകുമാരി വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനകേന്ദ്രവും. പാശ്ചാത്യ-പൗരസ്ത്യ ആദര്‍ശങ്ങളുടെ സമന്വയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രവുമായ ഒരു പുതിയ സര്‍വ്വകലാശാലയില്‍ വികസിക്കും എന്നതായിരുന്നു അദ്ദേഹം തന്റെ ശ്രോതാക്കള്‍ക്കു മുന്‍പില്‍ കാഴ്ചവച്ച സ്വപ്നം. കന്നട ഭാഷയുടെ ഉന്നമനത്തിനായി 1916-ല്‍ മൈസൂര്‍ സര്‍വ്വകലാശാല സ്ഥാപിതമായപ്പോള്‍ 'അനന്തശയനം' (തിരുവനന്തപുരം നഗരം) ഉടനെ തന്നെ ഒരു പുതിയ സര്‍വ്വകലാശാലയുടെ ആസ്ഥാനമാകുമെന്ന ആശ അദ്ദേഹം പ്രകടിപ്പിച്ചു. 'മലയാള വിദ്യാമന്ദിര'മെന്നാണ് താന്‍ വിഭാവനം ചെയ്ത സര്‍വ്വകലാശാലയ്ക്ക് കേരളപാണിനി പേരിട്ടത്. 1917-ല്‍ ശ്രീമൂലം തിരുനാളിന്റെ ഷഷ്ഠിബ്ദപൂര്‍ത്തി ആഘോഷവേളയില്‍ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഒരു പുതിയ സര്‍വ്വകലാശാലയ്ക്കനുകൂലമായ പൊതുജനാഭിപ്രായം മാനിച്ച് 1917 നവംബര്‍ 23-ാം തീയതി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഈ പ്രശ്‌നം പഠിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ആര്‍.സി. ഹോഡ്ഗ്‌സണ്‍ അദ്ധ്യക്ഷനായി ഒരു സര്‍വ്വകലാശാല കമ്മിറ്റിയെ നിയമിച്ചു. പതിനാറ് അംഗങ്ങളായിരുന്നു ഈ കമ്മിറ്റിയില്‍. എ.ആര്‍. രാജരാജവര്‍മയും ഇവരില്‍ ഉള്‍പ്പെട്ടിരുന്നു. കമ്മിറ്റിയുടെ ഒന്നാമത്തെ യോഗം 1918 ഫെബ്രുവരിയില്‍ (1093 കുംഭം മൂന്നാം തീയതി) കൂടി. അന്ന് ദിവാനായിരുന്ന മന്ദത്ത് കൃഷ്ണന്‍ നായരാണ് അതിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു മാസത്തിനകം വീണ്ടും കൂടാനുള്ള തീരുമാനമെടുത്ത് ആ യോഗം പിരിഞ്ഞു. ഈ തീരുമാനമനുസരിച്ച് കമ്മിറ്റി വീണ്ടും കൂടിയപ്പോള്‍, തിരുവിതാംകൂറിന് പ്രത്യേകമായ ഒരു സര്‍വ്വകലാശാലയുടെ ആവശ്യമുണ്ടോ എന്ന വിഷയത്തെക്കുറിച്ച് തന്നെ അതിലെ അംഗങ്ങള്‍ അര്‍ത്ഥശൂന്യമായി ചര്‍ച്ച നടത്തി നാലുദിവസം നഷ്ടപ്പെടുത്തി. അതിലെ പല അംഗങ്ങളും ആ ഘട്ടത്തില്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ഈ സംഭവവികാസത്തില്‍ എ.ആര്‍. രാജരാജവര്‍മ്മ തികച്ചും നിരാശനായിരുന്നു. സര്‍വ്വകലാശാലയുടെ തുടര്‍ന്നുള്ള യോഗം നടക്കുന്നതിന് മുന്‍പ് 1918 ജൂണ്‍ 18-ന് അദ്ദേഹം ചരമമടഞ്ഞു. എങ്കിലും ഏത് ആശയത്തിനുവേണ്ടി ആ പണ്ഡിതശ്രേഷ്ഠന്‍ നിലകൊണ്ടിരുന്നോ അതിന് സര്‍വകലാശാല കമ്മിറ്റിയില്‍നിന്ന് തുടര്‍ന്ന് അങ്ങോട്ട് ആത്മാര്‍ത്ഥമായ പിന്തുണ ലഭിച്ചു.
ഹോഡ്ഗ്‌സണ്‍ കമ്മിറ്റി റിപ്പോര്‍ട്ട്
ഹോഡ്ഗ്‌സണ്‍ കമ്മിറ്റി 1919-ല്‍ അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. ഒരു യൂണിറ്ററി സ്വഭാവമുള്ള റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല സ്ഥാപിക്കേണ്ടതാണെന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഈ സര്‍വ്വകലാശാല സ്വന്തമായി പുതിയ വകുപ്പുകള്‍ തുടങ്ങി പഠനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതാണെന്നും കമ്മിറ്റി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിന് സമീപം പ്രകൃതിഭംഗിക്ക് പ്രശസ്തിയാര്‍ജിച്ച അരുവിക്കരയില്‍ 1875 ഏക്കര്‍ സ്ഥലം കിട്ടുമെന്നും ഇവിടെ പുതിയ സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. നഗരജീവിതത്തിന്റെ ഭാഗമായ അനാശാസ്യ പ്രേരണകള്‍ക്ക് വിധേയരാകാതെ വിദ്യാഭ്യാസത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അനുയോജ്യമായൊരു അന്തരീക്ഷം അരുവിക്കരയില്‍ ലഭ്യമാകുമെന്നായിരുന്നു ഈ നിര്‍ദ്ദേശത്തിന് ആധാരമായി ചൂണ്ടിക്കാണിച്ചത്. അന്ന് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ കോളേജുകളും നിര്‍ദ്ദിഷ്ട സര്‍വ്വകലാശാലയോട് ചേര്‍ക്കേണ്ടതാണെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ഹോഡ്ഗ്‌സണ്‍ കമ്മിറ്റിയുടെ പുതുമയാര്‍ന്ന ഒരു നിര്‍ദ്ദേശം എടുത്തുപറയേണ്ടതുണ്ട്. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ സര്‍വ്വകലാശാലയ്ക്ക് ഗവണ്‍മെന്റ് ഭൂമി ദാനമായി നല്‍കണമെന്നായിരുന്നു അത്. ഭാവിയില്‍ ഭൂമിവില കൂടാന്‍ സാദ്ധ്യതയുണ്ടെന്നും തങ്ങള്‍ക്ക് ദാനമായി ലഭിക്കുന്ന ഭൂമി അപ്പോള്‍ പാട്ടത്തിന് കൊടുത്ത് അതില്‍നിന്നുള്ള ആദായം സര്‍വ്വകലാശാല സ്വന്തം ചെലവുകള്‍ക്കായി വിനിയോഗിക്കണമെന്നും ആയിരുന്നു ഈ പുതിയ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ഉദ്ദേശം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച ശേഷം 1920 ജനുവരി എട്ടിന് ഗവണ്‍മെന്റ് പുതിയ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചു.
പക്ഷേ, താമസിയാതെ തന്നെ ഗവണ്‍മെന്റ് ഈ നിലപാടില്‍നിന്നും പിന്മാറി. 1920 മാര്‍ച്ച് രണ്ടിന് സര്‍വ്വകലാശാല കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഇതിനിടെ ഉണ്ടായ രണ്ടു പ്രധാന സംഭവങ്ങളാണ് ഈ തീരുമാനത്തിന് വഴിതെളിച്ചത്.
പുതിയ സര്‍വ്വകലാശാല എന്ന ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന മന്ദത്ത് കൃഷ്ണന്‍ നായര്‍ ദിവാന്‍ പദം ഒഴിയുകയും പകരം രാഘവയ്യ ആസ്ഥാനം ഏല്‍ക്കുകയും ചെയ്തു. ഫീസ് വര്‍ദ്ധനയ്‌ക്കെതിരായ ശക്തമായ വിദ്യാര്‍ത്ഥി സമരം അമര്‍ച്ച ചെയ്യുന്നതിലാണ് പുതിയ ദിവാന്റെ ശ്രദ്ധ പതിഞ്ഞത്. കൂടാതെ, സാഡ്ലര്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മദ്രാസ് സര്‍വകലാശാല പുനഃസംഘടിപ്പിക്കുവാനുള്ള നീക്കവും പുതിയ സര്‍വ്വകലാശാലയുടെ ഉടനെയുള്ള സ്ഥാപനത്തെ പ്രതികൂലമായി ബാധിച്ചു. മദ്രാസ് നിയമനിര്‍മാണസഭ 1923 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം അനുസരിച്ച് പുനഃസംഘടിപ്പിക്കപ്പെട്ട മദ്രാസ് സര്‍വ്വകലാശാല നിലവില്‍ വരികയും അതിന്റെ പുതിയ വൈസ് ചാന്‍സലറായി ഡോ. മാക്‌ഫെയില്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. ഈ സര്‍വ്വകലാശാലയുടെ പരിധിക്കുള്ളിലുള്ള ഭൂപ്രദേശത്ത് ഓരോ ഭാഷ സംസാരിക്കുന്ന ജനവിഭാഗത്തിനും പ്രത്യേകം സര്‍വകലാശാല സ്ഥാപിക്കേണ്ടതാണെന്ന് അദ്ദേഹം നയപ്രഖ്യാപനവും നടത്തി.
പുതിയ സര്‍വ്വകലാശാല ഉടനെ സ്ഥാപിക്കേണ്ടതില്ല എന്ന തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ തീരുമാനം സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെയിടയില്‍ അസംതൃപ്തി ഉളവാക്കി. 1922 നവംബര്‍ 22-ന് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയില്‍ ഒരു പുതിയ സര്‍വ്വകലാശാല സംസ്ഥാനത്ത് ഉടന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം ടി.കെ. വേലുപ്പിള്ള അവതരിപ്പിച്ചു. പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ പുതിയ ഒരു സര്‍വ്വകലാശാല കമ്മിറ്റിയെ ഉടന്‍ നിയമിക്കുന്നതാണെന്ന് ഗവണ്‍മെന്റിനുവേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍.ഡി. ഹോഡ്ഗ്‌സണ്‍ സഭയ്ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് ടി.കെ. വേലുപ്പിള്ള തന്റെ പ്രമേയം പിന്‍വലിച്ചു.
1923 ഏപ്രില്‍ 15-ന് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റ് ആയിരുന്ന കെ.എ. കൃഷ്ണസ്വാമി അയ്യങ്കാര്‍ അദ്ധ്യക്ഷനായി ഒരു പുതിയ സര്‍വ്വകലാശാല കമ്മിറ്റി നിയമിക്കപ്പെട്ടു. അതിലെ അംഗങ്ങളുടെ കൂട്ടത്തില്‍ മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.വി. രംഗസ്വാമി അയ്യങ്കാര്‍ (കമ്മിറ്റിയുടെ കണ്‍വീനര്‍), മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഡോ. ജോണ്‍ മത്തായി, സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള, ടി.കെ. വേലുപിള്ള എന്നിവരുമുണ്ടായിരുന്നു. ഡോ. ജോണ്‍ മത്തായി അനേക ദിവസം തിരുവിതാംകൂറില്‍ താമസിച്ച് ഈ കമ്മിറ്റിക്കും അതിന്റെ രണ്ട് സബ് കമ്മിറ്റികള്‍ക്കും വേണ്ടി തന്റെ സമയം വിനിയോഗിക്കുകയുണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍, അദ്ദേഹം ഈ കമ്മിറ്റിയില്‍ അംഗമായിരുന്നതിന് ചരിത്രപരമായ പ്രത്യേക പ്രാധാന്യമുണ്ടെന്ന് കാണാം. 1957-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഡോ. ജോണ്‍ മത്തായി ആണല്ലോ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആയി നിയമിതനായത്.
കൃഷ്ണ അയ്യങ്കാര്‍ കമ്മിറ്റി നാലുപ്രാവശ്യം യോഗം ചേര്‍ന്നു പ്രശ്‌നം ചര്‍ച്ച ചെയ്തു. ഈ നാലു യോഗങ്ങളും കൂടി 24 ദിവസമെടുത്തു. തിരുവിതാംകൂറിന് മാത്രമല്ലാതെ കേരളത്തിനാകെ ഉപകരിക്കാത്തവിധം ഒരു അഖില കേരള സര്‍വ്വകലാശാല വേണമെന്ന നിര്‍ദ്ദേശം കമ്മിറ്റിയുടെ ഗൗരവമായ പരിഗണനയ്ക്ക് വന്നു. രാഷ്ട്രീയ കാഴ്ചപ്പാടില്‍ കൂടി നോക്കുമ്പോള്‍ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ അന്ന് പല പ്രായോഗിക വൈഷമ്യങ്ങളുമുണ്ടായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ ഭൂവിഭാഗങ്ങള്‍ വ്യത്യസ്ത ഗവണ്‍മെന്റുകളുടെ കീഴിലായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക പ്രയാസമായിരുന്നു. പുതിയ സര്‍വ്വകലാശാല കേരളക്കരയുടെ മദ്ധ്യഭാഗത്തെവിടെയെങ്കിലും സ്ഥാപിക്കുകയായിരിക്കും അഭികാമ്യമെന്ന് പല കേന്ദ്രങ്ങളില്‍നിന്നും നിര്‍ദ്ദേശം വന്നു.
കൊച്ചിയില്‍ ഇക്കാലത്ത് വിദ്യാഭ്യാസ ഡയറക്ടറായിരുന്നത് ഡോ. ജോണ്‍ മത്തായിയുടെ സഹോദരനായിരുന്ന ചെറിയാന്‍ മത്തായി ആയിരുന്നു. ആലുവയും തൃശൂരും പുതിയ സര്‍വ്വകലാശാലയുടെ ആസ്ഥാനമായി പരിഗണിക്കാന്‍ അര്‍ഹതയുള്ള കേന്ദ്രങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹം കമ്മിറ്റി അംഗങ്ങളടക്കം പല വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും കത്തുകളയക്കുകയുണ്ടായി. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ പെരിയാറിന്റെ തീരത്ത് ആലുവയില്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ പറ്റിയ ഒരു സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് എറണാകുളം സന്ദര്‍ശിച്ച് അന്ന് കൊച്ചി ദിവാനായിരുന്ന പരുവക്കാട്ട് നാരായണ മേനോനുമായി പ്രശ്‌നത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകളും നടത്തി. ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല. അവസാനം തലസ്ഥാനനഗരമായ തിരുവനന്തപുരം തന്നെ ആസ്ഥാനമാക്കി പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുകയാണ് ഏറ്റവും അനുയോജ്യമായ നടപടിയെന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിച്ചേര്‍ന്നത്. ഈ സര്‍വ്വകലാശാലയുടെ ഘടനയെക്കുറിച്ചും അതിന്റെ കീഴില്‍ തുടങ്ങേണ്ട പുതിയ ഫാക്കല്‍ട്ടികള്‍, കോളേജുകള്‍ എന്നിവയെക്കുറിച്ചും വിശദമായ പല നിര്‍ദ്ദേശങ്ങളും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആയുര്‍വ്വേദം, മലയാളഭാഷയും സാഹിത്യവും, കേരളചരിത്രവും സംസ്‌കാരവും, കേരളത്തിലെ ജന്തുക്കളും സസ്യജാലങ്ങളും, ദക്ഷിണേന്ത്യാചരിത്രം, ഇന്ത്യന്‍ തത്വശാസ്ത്രം എന്നീ വിവിധ മേഖലകളിലുള്ള പഠനങ്ങള്‍ക്ക് പുതിയ സര്‍വകലാശാല ഊന്നല്‍ കൊടുക്കേണ്ടതാണെന്ന് സര്‍വ്വകലാശാല കമ്മിറ്റി അഭിപ്രായപ്പെട്ടു.
കൃഷ്ണ അയ്യങ്കാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ സത്വരക പരിഗണനയ്ക്ക് വിധേയമായില്ല. 1931-ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഭരണമേറ്റത്, പുതിയ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധിക്കുമെന്ന്, ജനങ്ങളില്‍ പ്രതീക്ഷ ഉളവാക്കി. ഈ പ്രശ്‌നം ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.എം. സ്റ്റാത്താമിന്റെ അദ്ധ്യക്ഷതയില്‍ 1932 ഡിസംബറില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. മദ്രാസ് സര്‍വ്വകലാശാലയുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ ഒരു സര്‍വ്വകലാശാല ഉടനെ തന്നെ തുടങ്ങുന്നതിനോട് സ്റ്റാത്താം കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷേ, പല ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അവര്‍ മുമ്പോട്ടുവച്ചു. തിരുവിതാംകൂറിന്റെ സാമ്പത്തികവും വ്യാവസായികവുമായ ആവശ്യങ്ങളെ കണക്കിലെടുത്ത് സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന കൊടുക്കണമെന്നും ഈ ലക്ഷ്യപ്രാപ്തിക്കായി എന്‍ജിനീയറിംഗ്, മെഡിക്കല്‍ എന്നീ വിഷയങ്ങള്‍ക്കായി പ്രത്യേക സ്ഥാപനങ്ങള്‍ തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചു.
പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള തീരുമാനം പിന്നെയും നീണ്ടുപോയി. 1936 ഏപ്രിലില്‍ ശ്രീമൂലം പ്രജാസഭയില്‍ ഈ പ്രശ്‌നത്തെച്ചൊല്ലി നിരവധി അംഗങ്ങള്‍ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി മുന്നോട്ടുവന്നു. ടി.കെ. വേലുപിള്ള, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കെ. കുഞ്ഞുകൃഷ്ണപിള്ള, എ.എസ്. ദാമോദരനാശാന്‍ എന്നിവരായിരുന്നു ഇതില്‍ പ്രമുഖര്‍. ഗവണ്‍മെന്റിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഡോ. എന്‍ കുഞ്ഞന്‍പിള്ള ചെയ്ത പ്രസംഗത്തില്‍ പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള സാമ്പത്തികശേഷി തല്‍ക്കാലം ഗവണ്‍മെന്റിനില്ല എന്ന് വ്യക്തമാക്കി. കൂടാതെ, ഇങ്ങനെ ഒരു നടപടി എടുക്കുന്നതിന് തിരുവിതാംകൂറിലെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷം അനുവദിക്കുന്നില്ലെന്നും സൂചിപ്പിച്ചു. മുപ്പതുകളുടെ ആദ്യപകുതി, തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ നിവര്‍ത്തനപ്രസ്ഥാനം ശക്തിപ്രാപിച്ചുവന്ന കാലഘട്ടമായിരുന്നു എന്നോര്‍ക്കണം. അന്നത്തെ ദിവാനായിരുന്ന സര്‍ മുഹമ്മദ് ഹബീബുള്ള പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ ഉദാസീനമായ ഒരു നിലപാടാണ് സ്വീകരിച്ചതും.
സര്‍. സി.പിയുടെ പങ്ക്
നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ക്കായി 1931 മുതല്‍ മഹാരാജാവിന്റെ ഉപദേശകനായിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യര്‍ 1936 ഒക്ടോബറില്‍ സംസ്ഥാനത്തെ ദിവാനായി സ്ഥാനമേറ്റു. രാഷ്ട്രീയരംഗത്ത് 'കിരാതഭരണം' കാഴ്ചവച്ച സര്‍ സി.പി. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗമനപരവും പ്രബുദ്ധവുമായ നയപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. തിരുവിതാംകൂര്‍ സര്‍വ്വകലാശാലാ സ്ഥാപനം ഇതിന് മകുടോദാഹരണമാണ്. വികസനകാര്യങ്ങളില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് പുതിയ ദിവാനുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ സാമ്പത്തികോന്നമനത്തിനായി വിപുലമായ തോതില്‍ ഒരു വ്യവസായവല്‍ക്കരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു. സര്‍ സി.പിയുടെ ദൃഷ്ടിയില്‍ വ്യവസായവല്‍ക്കരണവും സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പുരോഗതിയും പരസ്പരപൂരകങ്ങളായ പ്രക്രിയകളായിരുന്നു. ഈ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ മദ്രാസ് സര്‍വ്വകലാശാലയില്‍നിന്നും വേര്‍പെട്ട് ഒരു പുതിയ സര്‍വ്വകലാശാല തിരുവിതാംകൂറില്‍ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ലക്ഷ്യപ്രാപ്തിക്കായി സര്‍ സി.പി. സത്വര നടപടികള്‍ സ്വീകരിച്ചു. 1939 മേയ് മാസത്തില്‍ അന്ന് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സി.വി. ചന്ദ്രശേഖരനെ പുതിയ സര്‍വ്വകലാശാലയുടെ സ്ഥാപനത്തിന് വിഘാതമായി നിന്നിരുന്നത് കേന്ദ്രത്തിലെയും മദ്രാസ് പ്രവിശ്യകളിലെയും ഗവണ്‍മെന്റുകളായിരുന്നു. ദിവാന്‍ തന്റെ വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് രണ്ട് കേന്ദ്രങ്ങളില്‍നിന്നുമുള്ള എതിര്‍പ്പുകളെ തരണം ചെയ്തു. ബ്രിട്ടീഷ് റസിഡണ്ടായിരുന്ന സി.പി. സ്‌ക്രൈനിനെക്കൊണ്ട് ലിന്‍ലിത്ത്‌ഗോ പ്രഭുവിന് പുതിയ സര്‍വ്വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു കത്ത് അയപ്പിച്ചു. 1937 മേയ് 28-ന് അയ്യച്ച ഈ കത്തില്‍ പുതിയ സര്‍വ്വകലാശാലയുടെ 'വിസിറ്റര്‍ പദം' സ്വീകരിക്കാന്‍ വൈസ്രോയിയോടുള്ള മഹാരാജാവിന്റെ അപേക്ഷയും അടങ്ങിയിരുന്നു.
തിരുവിതാംകൂറില്‍ പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെതിരായി മദ്രാസ് ഗവണ്‍മെന്റ് മുഖ്യമായും രണ്ട് വാദമുഖങ്ങളാണ് അവതരിപ്പിച്ചത്. മദ്രാസ് സര്‍വ്വകലാശാലയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വരവിന് ഇടിവു തട്ടുമെന്നായിരുന്നു ഒന്നാമത്തെ വാദം. മദ്രാസ് സര്‍വ്വകലാശാല നടത്തിവന്നിരുന്ന കോഴ്സുകള്‍ തന്നെ പുതിയ സര്‍വ്വകലാശാലയിലും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു രണ്ടാമത്തെ തടസ്സം.
മദ്രാസ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സെക്രട്ടറി സി.എച്ച്. മാസ്റ്റര്‍മാന്‍ ഒരു കത്ത് മുഖേന ഇന്ത്യാഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന സര്‍ അക്ബര്‍ ഹൈദരിയെ ഈ വാദങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ വാദമുഖങ്ങള്‍ക്ക് വിശദമായ ഒരു മറുപടി സര്‍ സി.പി തന്നെ സി.പി സ്‌ക്രൈന്‍ മുഖാന്തിരം മദ്രാസ് ഗവണ്‍മെന്റിന് അയക്കുകയുണ്ടായി. കൂടാതെ, ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സി.വി. ചന്ദ്രശേഖരന്‍ സിംല സന്ദര്‍ശിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് യുക്തമായ വിശദീകരണങ്ങളും നല്‍കി. ഇതിനെല്ലാം പുറമെ, സര്‍ സി.പി. രാമസ്വാമി അയ്യര്‍ മദ്രാസില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയെ നേരിട്ടുകണ്ട് തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹത്തിന്റെ വിലപ്പെട്ട പിന്തുണയും നേടി. ഇതിനിടെ സി.വി. ചന്ദ്രശേഖരന്‍ രൂപം നല്‍കിയ വിശദമായ 'മെമ്മോറാണ്ട'ത്തിന്റെ പ്രതി മദ്രാസ് മന്ത്രിസഭയുടെ മുന്‍കൂട്ടിയുള്ള അറിവിനും പരിഗണനയ്ക്കുമായി അയച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ സര്‍ സി.പിയുടെ ആത്മാര്‍ത്ഥമായ പരിശ്രമഫലമായി പുതിയ സര്‍വ്വകലാശാല സ്ഥാപിക്കാനുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടി. 1937 നവംബര്‍ ഒന്നിന് (തുലാം 16, 1113) ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ 26-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച രാജകീയ വിളംബരം വഴി (തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി ആക്ട് 1937) പുതിയ തിരുവിതാംകൂര്‍ സര്‍വ്വകലാശാല ജന്മമെടുത്തു.
തിരു. സര്‍വ്വകലാശാല നിയമം 1937
തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി ആക്ടില്‍ ഈ സര്‍വ്വകലാശാലയുടെ ഘടനയേയും പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ച് വിശദമായ വകുപ്പുകളുണ്ടായിരുന്നു. സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വികസനം, ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാനപരമായ ഗവേഷണം, കേരളകലകള്‍ക്കും സംസ്‌കാരത്തിനും പ്രോത്സാഹനം എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നു. സെനറ്റും സിന്‍ഡിക്കേറ്റുമായിരുന്നു പ്രധാന ഭരണസമിതികള്‍. അക്കാഡമിക് കാര്യങ്ങളില്‍ സര്‍വ്വകലാശാലയ്ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കിലും ഭരണപരമായ കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് വിധേയമായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരിതിരുനാള്‍ ബാലരാമവര്‍മ സര്‍വ്വകലാശാലയുടെ ചാന്‍സലറും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ അതിന്റെ വൈസ് ചാന്‍സലറും ആയി നിയമിതനായി. സര്‍വ്വകലാശാലയുടെ ആസ്ഥാനം നഗരത്തില്‍ തന്നെ വേണമെന്ന് തീരുമാനിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജ് ഓഫ് സയന്‍സിനോട് (ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കോളേജ്) ചേര്‍ന്നുള്ള കുറേ സ്ഥലവും നായര്‍ പട്ടാളത്തിന്റെ തലവന്‍ താമസിച്ചിരുന്ന ബംഗ്ലാവും സര്‍വ്വകലാശാലയുടെ ആസ്ഥാനമായി വളര്‍ത്തിയെടുക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. കൂടാതെ, സര്‍ക്കാരിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന കോളേജുകളും തിരുവനന്തപുരം പബ്ലിക് ലൈബ്രറി, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, ടെക്സ്‌റ്റൈല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും ഘട്ടംഘട്ടമായി സര്‍വകലാശാലയുടെ നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവന്നു. ശാസ്ത്രഗവേഷണത്തിനായി ഒരു സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ക്രമേണ സ്ഥാപിച്ചു. തിരുവനന്തപുരത്തിനു പുറത്തുള്ള സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജുകള്‍ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. ഇങ്ങനെ ഒരു സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളോടും സ്ഥാപനങ്ങളോടും കൂടി തിരുവിതാംകൂര്‍ സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. പുതിയ സര്‍വ്വകലാശാല അതിന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചത് 'പഞ്ചതന്ത്ര'ത്തില്‍ വിഷ്ണുശര്‍മ്മയുടെതായ ഒരു പദ്യത്തില്‍ നിന്നെടുത്ത 'കര്‍മ്മണി വ്യജ്യതെ പ്രജ്ഞാ' എന്ന വാക്കുകളായിരുന്നു. മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയുടെ ക്യൂറേറ്റര്‍ ആയിരുന്ന സാംബശിവശാസ്ത്രിയാണത്രെ ഉചിതമായ ഈ ആദര്‍ശവാക്യം സര്‍വ്വകലാശാലയ്ക്കുവേണ്ടി തിരഞ്ഞെടുത്തത്.
ഇന്ന് കേരളത്തില്‍ ഏഴു സര്‍വ്വകലാശാലകള്‍ നിലവിലുണ്ട്. സര്‍വ്വകലാശാല വിദ്യാഭ്യാസം സാര്‍വ്വത്രികവും ആയിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഇതിന്റെ എല്ലാം അടിസ്ഥാനശിലയിട്ടത് 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ സ്ഥാപനത്തോടെയാണെന്ന് കാണാം. പല വിഷമങ്ങളും തരണം ചെയ്ത് ഈ സര്‍വ്വകലാശാലയുടെ ആത്യന്തികമായ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത പൂര്‍വ്വികരെ കൃതജ്ഞതയോടെ സ്മരിക്കേണ്ടത് ഇന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം വെറും കടമ മാത്രമാണ്.
A Sreedhara Menon writes about birth of Kerala University
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

