Archives|'എന്റെ മകള്‍ക്ക് കല്യാണാലോചന പോലും വരില്ല എന്നൊക്കെ ചിലര്‍ പറയുന്നുണ്ടായിരുന്നു'; മേരി റോയി സംഭാഷണം

മേരി റോയിയുമായി സംഭാഷണം; 1997 ജൂലൈ 4 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Image of Arundhati and mother
അരുന്ധതി റോയിയും അമ്മ മേരി റോയിയും File
Updated on

മേരി റോയിയുമായി സംഭാഷണം; 1997 ജൂലൈ 4 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ന്റെ മക്കള്‍ സ്വാതന്ത്ര്യബോധമുള്ള വ്യക്തികളായെങ്കില്‍ അത് അവര്‍ സ്‌കൂളിലൊന്നും അധികം പഠിച്ചിട്ടില്ല എന്നതുകൊണ്ടായിരിക്കണം. മോന്‍ അഞ്ചാം ക്ലാസ്സിലാണ് ആദ്യം സ്‌കൂളില്‍ പോകുന്നത്. മോള്‍ ആറാംക്ലാസ്സിലും. എന്തുദ്ദേശത്തിലാണ് അന്ന് അങ്ങനെ ചെയ്തതെന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഇടയ്ക്ക് കുറച്ചുനാള്‍ അവളെ (അരുന്ധതി) ഇവിടെ (കോട്ടയത്ത്) ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. അധികകാലമൊന്നും അവിടെ പഠിച്ചില്ല. എന്താ ചെയ്യേണ്ടതെന്ന കൃത്യമായ ധാരണയൊന്നും എനിക്കും ഇല്ലായിരുന്നു. സമയം കിട്ടുമ്പോള്‍ അറിയാവുന്നതൊക്കെ അവര്‍ക്കു പറഞ്ഞുകൊടുത്തു. അവരുടെ ജീവിതത്തിലുണ്ടായ ഒരു നല്ല കാര്യം അതായിരുന്നിരിക്കണം. സൂസി (അരുന്ധതിയുടെ പേര്) തന്നെ അങ്ങനെ എഴുതിയിട്ടുണ്ടല്ലോ. കോര്‍പ്പസ്‌ക്രിസ്റ്റിയിലെ ഒരുപാട് ജോലി ഞങ്ങള്‍ അവരെ ഏല്പിച്ചിരുന്നു. അവരായിരുന്നുവല്ലോ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടികള്‍. പിന്നെ എവിടെയായാലും ഒത്തിരി കാശും ഒരുപാട് സൗകര്യങ്ങളും ഒക്കെ ഇല്ലാതെ തന്നെ വളര്‍ന്നുവരുന്ന പിള്ളേരാണ് കുറേക്കൂടി ഭേദം എന്നു തോന്നുന്നു. അവര്‍ക്കതിന്റെ കരുത്ത് കാണും. ഇവിടെ കടയില്‍ പോകുമ്പോള്‍ തന്നെ കാണാമല്ലോ - ചില പിള്ളേര്‍ കാറില്‍ വന്നിറങ്ങി ഡ്രൈവറുടെ അകമ്പടിയോടെ കടയിലേക്കു കയറിപ്പോകുന്നത്. സാധാരണക്കാര്‍ക്കാണെങ്കില്‍ സ്വന്തം കാര്യങ്ങളെങ്കിലും കുറേയൊക്കെ നോക്കി നടത്തേണ്ടിവരുന്നുണ്ട്. 'ഉയര്‍ന്ന' കുടുംബത്തില്‍ പിറന്ന് ഏറ്റവും മികച്ച സ്‌കൂളുകളില്‍ പഠിച്ച കുട്ടികള്‍ക്കാണെങ്കില്‍ ജോലിപോലും സ്വന്തമായി കണ്ടെത്തേണ്ടി വരുന്നില്ല. അതെല്ലാം ആരെങ്കിലും ചെയ്തുകൊടുക്കും.

ഒന്നാലോചിച്ചാല്‍, നമ്മുടെ കുടുംബഘടന തന്നെ വ്യക്തികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും അവരെ പിറകോട്ടു പിടിച്ചു വലിക്കുകയും ചെയ്യുന്ന ഒന്നല്ലേ? സാമൂഹ്യശാസ്ത്രപരമായി അതൊരു ഗൗരവമേറിയ പ്രശ്‌നമാണ്. എനിക്കു നേരിടേണ്ടിവന്നത് മറ്റൊരുതരം സാഹചര്യമായിരുന്നു.

'അയ്മനം'കാരാണെങ്കില്‍ ''ഇവിടിനിയും കേറുകയേ വേണ്ട'' എന്നാ പറയുന്നത്. മോള്‍ക്ക് അറിയത്തില്ല അതൊന്നും. ഇനി ചിലപ്പോള്‍ 'പാലത്തിങ്കലെ'യോ 'അയ്മന'ത്തെയോ ആയിരിക്കുന്നതിന്റെ 'ഭയങ്കരമായ' പ്രാധാന്യം അവള്‍ക്ക് അറിയാവുന്നതുകൊണ്ടുമാവാം

ഞാനൊരു ബംഗാളിയെയാണല്ലോ വിവാഹം കഴിച്ചത്. അതുകൊണ്ട് എനിക്കൊരു കുടംബപ്പേര് ഇല്ല. ഞാനെപ്പോഴും പറയും ''എനിക്കൊരു മേല്‍വിലാസം ഇല്ല.'' ഏതു കുടുംബത്തിലേയാണ്? എന്നു മാത്രമല്ല, ഞാനെന്റെ അമ്മ വീട്ടിലാണ്. അതു കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. 'അയ്മനം' എന്നു പറയുന്നത് എന്റെ അമ്മയുടെ വീടാണ്. മോളുടെ നോവലില്‍ എന്റെ അച്ഛനെ അയ്മനത്താക്കി - അമ്മവീട്ടിലാക്കി. അച്ഛന്‍ പാലത്തിങ്കലേയാണ്. അച്ഛനു വീടില്ലാഞ്ഞിട്ട് അയ്മനത്തില്‍ കൊണ്ടുപോയതുപോലെ. സമൂഹത്തിന്റെ കണ്ണില്‍ അതൊരു ഭയങ്കര തെറ്റായിപ്പോയി. 'അയ്മനം'കാരാണെങ്കില്‍ ''ഇവിടിനിയും കേറുകയേ വേണ്ട'' എന്നാ പറയുന്നത്. മോള്‍ക്ക് അറിയത്തില്ല അതൊന്നും. ഇനി ചിലപ്പോള്‍ 'പാലത്തിങ്കലെ'യോ 'അയ്മന'ത്തെയോ ആയിരിക്കുന്നതിന്റെ 'ഭയങ്കരമായ' പ്രാധാന്യം അവള്‍ക്ക് അറിയാവുന്നതുകൊണ്ടുമാവാം. അവളൊരു വ്യക്തിയാണ്, ആന്‍ ഇന്‍ഡിവിഡുവല്‍. ഞാന്‍ ഞാനാണ് എന്നുള്ള ശക്തിയുണ്ട്. ഇവിടെയുള്ളവര്‍ ഇത്തരം ചെറിയ കാര്യങ്ങളില്‍ കയറിപ്പിടിക്കും. പക്ഷേ, അത് ധാരാളം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.

എന്റെ സഹോദരന്‍ ഈയിടെ മരിച്ചു. കാനഡയില്‍വെച്ച്. 'എന്റെ ഭൗതികാവശിഷ്ടങ്ങള്‍ അയ്മനത്തുകൊണ്ടുവന്ന് അവിടുത്തെ പള്ളിയില്‍ സംസ്‌കരിക്കണമെന്ന്' അയാള്‍ എഴുതിവെച്ചിരുന്നു. എന്തുകൊണ്ടാണയാളങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. അയാളൊരു വലിയ ക്രൈസ്തവ വിശ്വാസിയോ 'കുടുംബ സ്‌നേഹിയോ' ഒന്നും ആയിരുന്നില്ല. ഇതൊരു വലിയ പ്രശ്‌നമായി. എന്റെ അച്ഛന്റെ മകനല്ലേ? അച്ഛനാണെങ്കില്‍ കോട്ടയത്തു നിന്നാണ്, അയ്മനത്തൂന്നല്ല. ഞങ്ങളാണെങ്കില്‍ കോട്ടയം വലിയ പള്ളിക്കാരാണ്. (ഞാനിപ്പോ അല്ല. കാരണം ഞാനൊരു പെണ്ണായിപ്പോയില്ലേ?) എന്റെ സഹോദരന് അവിടെ സ്ഥാനമുണ്ട്. പക്ഷേ, കോട്ടയത്തു വേണല്ലോ അയാളെ സംസ്‌കരിക്കുവാന്‍. അതിനു പകരം അയാളെഴുതി വെച്ചതാവട്ടെ അയ്മനത്ത് അടക്കണമെന്നും! അവരെന്തായാലും അത് അനുവദിക്കുമോ? ഒടുവില്‍ വലിയ സ്വാധീനമൊക്കെ ചെലുത്തിയിട്ട് അപ്പൂപ്പന്റെ ശവകുടീരത്തിന്റെ ചുവട്ടിലായി ഒരു കുഴിയുണ്ടാക്കി അതില്‍ വെക്കുവാന്‍ സമ്മതിച്ചു. ഇറ്റ് വാസ് സൊ സ്റ്റുപ്പിഡ്.

മോള് അവിടെ കയറിച്ചെന്നപ്പോള്‍ (കുറച്ച് പ്രശ്‌നമുണ്ടാവുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു.) വലിയ ബഹളമായി. ''നിങ്ങളീ പുസ്തകം ഞങ്ങളുടെ അംഗീകാരം കിട്ടുന്നതിനു മുന്‍പു കയറി പ്രസിദ്ധീകരിച്ചത് തീരെ ശരിയായില്ല. ഞങ്ങള്‍ക്ക് അതിന്റെ പ്രതി തരണമായിരുന്നു''- എന്നൊക്കെ. അപ്പോഴേക്കും പ്രസിദ്ധീകരണമൊക്കെ കഴിഞ്ഞു. അവര്‍ ഇതൊന്നും അറിഞ്ഞുകൂടാത്ത ആളുകളല്ല. പിന്നെയെന്താ ഇങ്ങനെ പറഞ്ഞതെന്നറിയില്ല. അമേരിക്കയിലുള്ള വളരെ സമ്പന്നനായ ഒരു കസിന്റെ അമ്മയാണ് പറഞ്ഞത് - അവനെ കാണിക്കാതെ പ്രസിദ്ധീകരിക്കരുതായിരുന്നു എന്നൊക്കെ. അയ്മനത്തെ ഏതു വീട് എന്നൊന്നും എഴുതിയിട്ടില്ല. 'അയ്മനം വീട്' എന്നല്ലാതെ. ബുക്ക് റിലീസ് ചെയ്യുന്നത് അവന്‍ വരുന്നതുവരെ മാറ്റി വെക്കണം എന്നും പറഞ്ഞു. ഓര്‍മ്മകളുടെ മേല്‍പ്പോലും നമ്മള്‍ക്കൊരു അവകാശവും ഇല്ലെന്നു വന്നാലോ? അതും കുടുംബവകയാണ്. ഇതൊക്കെ വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടു തോന്നുന്നു!

ഞങ്ങളൊക്കെ ഇതുകേട്ട് ചിരിച്ചതേയുള്ളു. പക്ഷേ, എന്റെ മകനറിഞ്ഞപ്പോള്‍ അവന്‍ ദേഷ്യപ്പെട്ടു. ഇനി അങ്ങോട്ടു പോകരുത് എന്നൊക്കെ പറഞ്ഞു. വാസ്തവത്തില്‍ ഞങ്ങളത്ര വലിയ തറവാട്ടുകാരൊന്നും അല്ല. അവിടെങ്ങും ആരും ഇല്ലതാനും. ഞങ്ങള്‍ക്ക് ഈ മേല്‍വിലാസത്തെ കുറിച്ചോര്‍ത്ത് വലിയ ആശങ്കയൊന്നും തോന്നുന്നില്ല. എന്റെ അമ്മ വീടാണ്. പക്ഷേ, അമ്മയ്ക്കും അവിടെയില്ലല്ലോ സ്ഥാനം. അമ്മ അച്ഛന്റെ വീട്ടിലാണു താമസിക്കുന്നത്. എന്റെ മകളോ - അവിടെ ഒരു പുരോഹിതനുണ്ട്. ആ പുരോഹിതന്റെ മകളാണ് എന്റെ അമ്മ. ആ അമ്മയുടെ മകളായ എന്റെ മോളാണ് സൂസി. അപ്പോള്‍ സൂസിക്ക് മേല്‍വിലാസമേയില്ല. ഇതൊക്കെ കാരണം എന്റെ മകള്‍ക്ക് കല്ല്യാണാലോചന പോലും വരില്ല എന്നൊക്കെ ചിലര്‍ പറയുന്നുണ്ടായിരുന്നു. ഇതൊക്കെയായിട്ടും ആളുകള്‍ എന്റെ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുണ്ടല്ലോ. അവര്‍ക്കറിയാം കാര്യങ്ങള്‍.

arundati roy
മദര്‍ മേരി കംസ് ടു മിയുടെ കൊച്ചിയുടെ പ്രകാശന വേളയില്‍ അരുന്ധതി റോയിExpress Photo

എല്ലാക്കാര്യത്തിനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവണം. 'സ്വാതന്ത്ര്യ'മാണ് മുദ്രാവാക്യം. അവരെ വേര്‍തിരിക്കാതെയിരിക്കുക. സ്ത്രീകളെ നിയന്ത്രിക്കുന്നതുകൊണ്ട് പുരുഷന്മാരുടെ കാര്യം മെച്ചമാണെന്നു കരുതേണ്ട. അവരുടെ കാര്യം അതിലും മോശം. സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ സ്വതന്ത്രമായ മത്സരമുണ്ടായാല്‍ രണ്ടു കൂട്ടരുടേയും അവസ്ഥ മെച്ചപ്പെടും. ജപ്പാനില്‍ സ്ത്രീകള്‍ കാല്‍പ്പാദം ചെറുതായി കിട്ടുന്നതിനുവേണ്ടി അത് വിരിഞ്ഞുകെട്ടിവയ്ക്കുമായിരുന്നു. പതിയെ സൂക്ഷിച്ചേ നടക്കാന്‍ കഴിയൂ. പക്ഷേ, ഇപ്പോള്‍ അവര്‍ അതൊക്കെ ഉപേക്ഷിച്ചിട്ട് ഒളിമ്പിക്സില്‍ നീന്തലിനും ഡൈവിംഗിനും ഓട്ടത്തിനും ചാട്ടത്തിനുമെല്ലാം പോകുന്നുണ്ട്. ഇന്ത്യയിലിപ്പോഴും ആ കെട്ട് അഴിച്ചിട്ടില്ല. കായികവിനോദങ്ങളുടെ കാര്യം തന്നെയെടുക്കാം. നിങ്ങള്‍ പോയി ടെന്നീസ് കളിച്ചുനോക്കൂ. ഇത്തരം നിയന്ത്രണങ്ങളുമായി നിങ്ങള്‍ക്കതു ചെയ്യാനാവില്ല. ഇവിടെയുള്ള ഒരു സ്ത്രീയെ അല്പം യോഗ അഭ്യസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കി. അവര്‍ക്ക് സ്പോണ്ടിലോസിസ് ഉണ്ട്. പക്ഷേ, അവര്‍ക്ക് ആ ചെറിയ എക്സര്‍സൈസുകള്‍ പോലും ചെയ്യാന്‍ വയ്യ. എന്നു മാത്രമല്ല, അത് പെണ്ണുങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നാണവര്‍ കരുതുന്നതെന്നും തോന്നുന്നു.

ഇത്തിരി വേഗത്തില്‍ ഓടുകയോ മറ്റോ ചെയ്താല്‍ കുഴപ്പമായി. പെണ്ണുങ്ങള്‍ ഇരുന്ന് പാചകം ചെയ്യണം. തുണി നനയ്ക്കണം, തേയ്ക്കണം, പിള്ളേരെ നോക്കണം. നമ്മുടെ വനിതാപ്രസിദ്ധീകരണങ്ങള്‍ പോലും ഇതല്ലേ പറയുന്നത്. അവര്‍ ഒരുപാട് ജോലി ചെയ്യുന്നുണ്ട്.

കേരളത്തിലെ കാര്യം ഇതിലും കഷ്ടമാണ്. സ്ത്രീകള്‍ക്ക് ഇവിടെ കുറച്ചു വിദ്യാഭ്യാസമൊക്കെ കിട്ടും. കുറച്ചു വായനയുണ്ട്. എന്നാലും പിടിച്ചിങ്ങു പുറകോട്ടാക്കും. എല്ലാവരും സ്ത്രീ സംഘടനകള്‍ പോലും ഇങ്ങനെ പുറകോട്ടു പിടിക്കുകയാണ്. നമ്മളെന്തിനാ അതു ചെയ്യുന്നത്? എന്താ അതിന്റെ കാര്യം? എനിക്കു തോന്നുന്നത് മതത്തിന് വലിയ പ്രാധാന്യമില്ലാത്തതുകൊണ്ടാവും മറ്റു സമൂഹങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളതെന്നാണ്. മതമില്ലാത്തപ്പോള്‍ ആളുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാണ്.

Image of Arundhati and mother
Archives|തിരുമേനി നമ്മളെ കുപ്പിയിലിറക്കുന്നു, എംപി നാരായണ പിള്ള എഴുതിയ ലേഖനം

ഞങ്ങളുടെ മതം വളരെ കടുപ്പമുള്ളതാണ്. എല്ലാ മതങ്ങളും, ഹിന്ദുക്കളും-മുസ്ലിങ്ങളുമെല്ലാം സ്ത്രീകളോട് ക്രൂരമായാണ് പെരുമാറുന്നത്. ഇവിടുത്തെ ക്രൈസ്തവര്‍ പുറത്തുള്ള ക്രിസ്ത്യാനികളില്‍നിന്ന് എത്ര വ്യത്യസ്തരാണ്? സ്ത്രീകള്‍ എങ്ങനെ പെരുമാറണം എന്നെല്ലാം കടുത്ത ചിട്ടകളുണ്ട്.

സൂസിയുടെ നോവലില്‍ 'ചെമ്മീന്‍' സിനിമയിലെ ആ പാട്ടിന്റെ ചില വരികളുണ്ടല്ലോ. 'പണ്ടൊരു മുക്കുവന്‍ മുത്തിനു പോയി...' പെണ്ണു പിഴച്ചുപോയി. അതോടെ കര മുഴുവനും നശിച്ചു. അതു വായിച്ച് സ്‌കൂളിലെ ഒരു ഉദ്യോഗസ്ഥന്‍ ''മോളിത് വളരെ ആലോചിച്ച് എടുത്തൊരു ലൈനാണോ'' എന്ന് എന്നോടു വന്നു ചോദിച്ചു. ഒരു ആള് പെഴച്ചുപോയി എന്നുവെച്ച് - she had an affair with somebody പിന്നെയങ്ങോട്ട് ജീവിതം തന്നെ ട്രാജഡിയാണ്. ഞാനിത് അവളോടു പറഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ശരിക്കും അരിശം വന്നേനെ. ഇവ തമ്മില്‍ അത്ര നിയതമായ ഒരു പരസ്പര ബന്ധവുമില്ല. ഒരു സ്ത്രീയുടെ സ്വഭാവത്തില്‍ തൂങ്ങിയാണോ ലോകം നില്‍ക്കുന്നത്? ഇതാ പെണ്‍കുട്ടിയോടുള്ള അവഹേളനമല്ലേ? നീ കാരണം ഈ കരയാകെ മുടിഞ്ഞു എന്നു പറയുന്നത്. ഇതുപോലെയുള്ള വിശ്വാസങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അവയ്ക്ക് മതപരമായ പിന്തുണയുണ്ട്. ഇന്ത്യയിലൊരു ജയലളിത, പെറുവില്‍ 'എവിറ്റ' എന്ന ഈവാ പെറോണ്‍ - അപൂര്‍വമായി ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്.

ഒരു പുരുഷന് അയാളുടെ ആവശ്യങ്ങളുണ്ട്. പുരുഷന്മാരുടെ ആവശ്യങ്ങള്‍. ഒരു സ്ത്രീക്ക് പക്ഷേ, അങ്ങനെയൊന്നുമില്ല. അവള്‍ വരച്ച വരയില്‍ നില്‍ക്കണം. എല്ലാവര്‍ക്കുമറിയാം അവള്‍ക്ക് ആവശ്യങ്ങളുണ്ട്. പക്ഷേ, നിങ്ങളവളെ ആരുമല്ലാതെയാവുന്ന ഒരു അവസ്ഥയിലെത്തിക്കുന്നു. അവള്‍ ഒന്നുമല്ല ലൈംഗികമായിപ്പോലും അവള്‍ ഒന്നുമല്ല എന്ന സ്ഥിതിയില്‍.

MARY ROY
മേരി റോയ്FILE

കേരളത്തിലെ വനിതാ ഹോസ്റ്റലുകളുടെ കാര്യമെടുക്കാം. എന്തുതരം നിയമങ്ങളാണവിടെയെല്ലാം. ആ സ്ത്രീകളോട് നിങ്ങളെന്താണു ചെയ്യുന്നത്? Why don't you let them be. ഇത്തരം സാഹചര്യങ്ങളില്‍ ഒരു സ്ത്രീക്ക് രാഷ്ട്രീയമെന്നല്ല, എന്തുതരം സാമൂഹ്യചലനമാണ് സാധ്യമാവുക. ആറുമണിക്ക് ഗേറ്റടയ്ക്കും! അവരെ വെറുതെ വിട്ടുകൂടേ? പുറത്തിറങ്ങി ലോകത്തെ നേരിടട്ടെ. എത്ര കാലമാണ് ആളുകള്‍ പുറകേ നടന്ന് അവരെ സംരക്ഷിക്കാന്‍ പോകുന്നത്! സ്വയം സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയുകയേയില്ല. ഇതിനെയൊക്കെ കല്ല്യാണം കഴിച്ചാല്‍ പിന്നെ ഭര്‍ത്താവ് നോക്കിക്കൊള്ളണം. What a burdan for their husbands to look after!

കോട്ടയത്തെ ഒരു കോളേജില്‍ കംപ്യൂട്ടര്‍ പഠിപ്പിക്കാനൊരു വിദേശ വനിത വന്നു. അവര്‍ക്ക് അവിടുത്തെ വനിതാ ഹോസ്റ്റലിലാണ് താമസമൊരുക്കിയത്. പുറത്തുപോകണമെങ്കില്‍ വാര്‍ഡന്റെ അനുവാദം വാങ്ങണം. പ്രായപൂര്‍ത്തിയായ ഒരു വിദേശി സ്ത്രീയോട് - അതും പഠിപ്പിക്കാന്‍ വന്നവരോട് - ഇതാണു മര്യാദയെങ്കില്‍ പിന്നെ കുട്ടുകളുടെ സ്ഥിതിയെന്താവും? അവര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവണമെങ്കില്‍ നാം എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യാന്‍ കഴിവുള്ളവരാകണം. സ്വന്തമായ തൊഴിലും സ്വാശ്രിതത്വവും ഉണ്ടാവണം. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ആത്മധൈര്യം നല്‍കുവാനല്ല ശ്രമിക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ വല്യമ്മമാര്‍ വരെ എല്ലാവരിലും അതു പ്രകടമാണ്. ഒരു തരം തലയാട്ടലും, പതുങ്ങിയുള്ള ഇരുപ്പും, കുണുങ്ങിക്കുണുങ്ങിയുള്ള നടത്തയും. സ്വന്തം ശരീരത്തെപ്പോലും ഇങ്ങനെ പേടിക്കുന്നതെന്തിനാ? നിങ്ങള്‍ പുരുഷന്മാരൊക്കെയല്ലേ ഇവരെ ഇങ്ങനെയാക്കിയത്? മതങ്ങളൊക്കെ ഇതു തന്നെയാണു ചെയ്യുന്നത്. It is as ridiculous that you are creating these monstrosities. കൊഞ്ചുകയും കുഴയുകയും നാണം കുണുങ്ങുകയും. കൊച്ചുകുട്ടികള്‍ പോലും ഇതാണു ചെയ്യുക. അവരെ പിടിച്ച് ഇതൊക്കെ പഠിപ്പിക്കുന്നത് ആരാ?

സാരിപോലെ ഉടുത്തു നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വേഷവുമിട്ട് എങ്ങനെയാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാവുക?

ടെലിവിഷനില്‍ വരുന്ന ഈ സിനിമാപ്പാട്ടൊക്കെ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാവരുമിരുന്ന് അതു നോക്കും. എന്തൊരു വൃത്തികേടാണ് അവരുടെ വസ്ത്രധാരണവും ചലനങ്ങളുമൊക്കെ. അറപ്പുതോന്നുന്നു. ബാലെയോ ടാപ് ഡാന്‍സിംഗോ കണ്ടാല്‍ നൃത്തം ചെയ്യുന്നത് ആണാണോ പെണ്ണാണോ എന്നു പോലും നിങ്ങള്‍ ശ്രദ്ധിക്കില്ല. അവര്‍ നൃത്തം ചെയ്യുന്നത് കഥയിലൂടെയുള്ള സൗന്ദര്യാവിഷ്‌കാരത്തിനായാണ്. ഭരതനാട്യമോ കഥകളിയോ എടുത്താല്‍ അതിനും ഈ സൗന്ദര്യമുണ്ട്. സിനിമയില്‍ കാണിക്കുന്ന ഈ ഓക്കാനമുണ്ടാക്കുന്ന, voluptous sexy dance ഇതെല്ലാം നോക്കിയിരുന്നിട്ടാണ് ഈ സദാചാര പ്രസംഗമെല്ലാം.

കുട്ടികള്‍ക്കു കിട്ടുന്ന ഓരോ സന്ദേശങ്ങള്‍ പരസ്പരം തൊടാന്‍ പാടില്ല. സ്‌നേഹിക്കുന്നത് മോശമാണ്. ഒരു പുരുഷന്റെ നേര്‍ക്ക് നോക്കുന്നത് മോശമാണ്. സാരിപോലെ ഉടുത്തു നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വേഷവുമിട്ട് എങ്ങനെയാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാവുക? സ്ത്രീകള്‍ അവര്‍ക്ക് സൗകര്യപ്രദമായ, ചെയ്യുന്ന ജോലിക്കിണങ്ങുന്ന വസ്ത്രം ധരിക്കട്ടെ. വസ്ത്രധാരണത്തെക്കുറിച്ച് നാം ഇന്നു വച്ചു പുലര്‍ത്തുന്ന ധാരണകളധികവും പാശ്ചാത്യര്‍ കൊണ്ടുവന്നവയാണ്. അപ്രായോഗികമെന്നു കണ്ട് അവരത് പണ്ടേ കയ്യൊഴിയുകയും ചെയ്തു. പിന്നെ നാമെന്തിന് അത്തരം മഠയത്തരങ്ങള്‍ ആവര്‍ത്തിക്കണം?

പരിശീലനകാലത്ത് ഒരു വിദ്യാര്‍ത്ഥിക്കു കിട്ടുന്ന സ്വാതന്ത്ര്യം - ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍, കൂവാന്‍, എഴുതാനാഗ്രഹിക്കുന്നത് നിര്‍ഭയം എഴുതാന്‍, പറയാനുള്ളത് തുറന്നുപറയാന്‍ - അതു വളരെ പ്രധാനമാണ്. കൊച്ചിലേ തന്നെ ഞങ്ങളിത് പഠിപ്പിക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നൊക്കെപ്പറഞ്ഞാല്‍ 'Twinkle Twinkle Little Star' അല്ലെങ്കില്‍ കുറുക്കന്റെയും മുന്തിരിയുടെയും കഥ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഈയൊരു പാട്ടും ഈ കഥയുമേയുള്ളു. നമുക്ക് ഇതിനപ്പുറത്ത് കൂടുതല്‍ ഭാവനയോടെ പഠിപ്പിച്ചുകൂടേ? അരുന്ധതി പറയാറുണ്ട്, 'I have learned to write and not be afraid' എന്ന് ഞങ്ങളതാണ് പഠിപ്പിച്ചത്. If I didn't like my teacher, I wrote that I don't like Miss... ഈ ഒരു കഥ പറയുന്നതിനു പകരം ഒരു നൂറു കഥ പറയാനാകും ഞങ്ങള്‍ ശ്രമിക്കുക. കുട്ടികളെക്കൊണ്ട് എഴുതിക്കും. ഞങ്ങള്‍ പറയും. അവര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ സ്വതന്ത്രരാക്കുക. സ്ത്രീകളുടെ കാര്യത്തില്‍ ഇത് പുതുമയുള്ള കാര്യമാണ്. പുരുഷന്മാര്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാം. സ്ത്രീകളെ സ്‌ട്രെയ്റ്റ് ജാക്കറ്റിലാണ് വളര്‍ത്തുക. ഇതു വലിയ കുഴപ്പമുണ്ടാക്കുമെന്ന് ഉറപ്പാണ്.

Image of Arundhati and mother
Archives|മനുഷ്യര്‍ വിഡ്ഢികളല്ല, കോണ്‍ഗ്രസ്സുകാര്‍ പോലും

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വ്യക്തമാണ്. നിങ്ങള്‍ പോയി ജീവിതത്തെ സധൈര്യം നേരിടുക. എന്തു ചെയ്യണം എന്നൊക്കെ നിങ്ങളാണ് നിശ്ചയിക്കേണ്ടത്. നിങ്ങള്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും. നിങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകം. ഒരു ബലാത്സംഗം നടന്നതറിഞ്ഞാല്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം ബലാത്സംഗം ക്ഷണിച്ചുവരുത്തുന്നതായിരുന്നു എന്നൊന്നും പറയാതിരിക്കുക. Rape Cannot be provoked because of that. I will wear what I want to wear. ഇത്രയും പ്രായമായ ഞാന്‍ ഈ വസ്ത്രവും ധരിച്ച് ഏതെങ്കിലും കോളേജില്‍ ചെന്നാല്‍ കൊച്ച് ആണ്‍കുട്ടികള്‍ ചൂളമടി തുടങ്ങും. അത് എന്റെ വസ്ത്രധാരണത്തിന്റെ പ്രശ്‌നമല്ല. അവരുടെ frustration ആണത് കാണിക്കുന്നത്. ഇത്ര പ്രായമുള്ള ഒരു സ്ത്രീയെ കാണുമ്പോള്‍ പോലും എന്ത് excitement ആണ്!

'The God of Small Things' സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ വീട്ടില്‍ തങ്ങള്‍ക്കു സ്ഥാനമില്ല എന്നു തിരിച്ചറിയുന്ന കുട്ടികളുടെ കഥയാണെന്നാണ് എനിക്കു തോന്നുന്നത്. മേല്‍വിലാസമില്ലായ്കയെക്കുറിച്ച് ഞാന്‍ പറഞ്ഞില്ലേ. വേലക്കാര്‍ വന്നു പറയും: ''പോ... അപ്പന്റെ വീട്ടില്‍ പോ...'' ഞാനല്ലേ അവിടെ താമസിച്ചിരുന്നത്. കുട്ടിക്ക് മനസ്സിലായി ഇതെല്ലാം ഒരു സ്ത്രീയായതു കൊണ്ടാണെന്ന്.

ഇന്നിപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തും വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യം അല്ലാതായി കഴിഞ്ഞിട്ടുണ്ട്. വിവാഹം കൂടാതെ തന്നെ ഒന്നിച്ചു താമസിക്കാം. പക്ഷേ, ഇതൊരു എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയാല്‍ ആളുകള്‍ നിങ്ങളെ ഭാര്യാഭര്‍ത്താക്കന്മാരായി കണ്ടു തുടങ്ങും. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്‌നമായി. പത്ത് വര്‍ഷത്തോളം മോള്‍ അയാളെ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചു. പിന്നെ പെട്ടെന്ന് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു എന്നു കാണിച്ച് എനിക്കു ടെലിഗ്രാം അയച്ചു. വിവാഹം കഴിക്കരുത് എന്നു കാണിച്ച് അവള്‍ക്ക് തിരിച്ച് ടെലിഗ്രാം ചെയ്തു. ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ എന്താ കാര്യം? ''എനിക്ക് കുട്ടികള്‍ വേണമെന്നുണ്ട് എന്നു പറയുന്നത് ഒരു മതിയായ കാരണമായി ഞാന്‍ കരുതുന്നില്ല. അയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതും വിവാഹം കഴിക്കാന്‍ ഒരു ന്യായീകരണമാവുന്നില്ല. വളരെയധികം സ്‌നേഹവും പരസ്പര വിശ്വാസവും എല്ലാം നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെയെന്തിന് മറ്റൊരാളെ വിവാഹം കഴിക്കണം?''

പത്രക്കാര്‍ ഇവിടെ ചടങ്ങിനു വന്നപ്പോള്‍ പുസ്തകത്തെക്കുറിച്ച് ചോദിച്ചത് ''നിങ്ങളെന്താ ഒരു നീല പ്ലിമത്ത് കാര്‍ തിരഞ്ഞെടുത്തത്?'' എന്നൊക്കെയാണ്. വേറൊരാള്‍ ചോദിച്ചു: ''ഒരെഴുത്തുകാരനാവണമെങ്കില്‍ ഞാനെന്തു ചെയ്യണം?'' പരിഹസിച്ചതാണ്. അവള്‍ മറുപടി കൊടുത്തു: 'Do Aerobics with a high Caloric diet.'

Image of Arundhati Roy
അരുന്ധതി റോയ്എ സനേഷ്

മോളിവിടെ, കോട്ടയത്ത് ഉണ്ടായിരുന്നത് മൂന്ന് വയസ്സു മുതല്‍ പത്തു വയസ്സുവരെ ആണ്. അക്കാലത്തിനിടയ്ക്ക് അവള്‍ ഇത്രയേറെ കാര്യങ്ങള്‍ മനസ്സിലാക്കി എന്നത് അതിശയകരം തന്നെ. പത്തു വയസ്സായപ്പോള്‍ ഡെല്‍ഹിക്കുപോയി. പിന്നെ അവധിക്കാലത്ത് വരും. ഞാന്‍ തന്നെ മറന്ന കാര്യങ്ങള്‍ അവള്‍ ഓര്‍ത്തിരിക്കുന്നു - അതും വളരെ വ്യക്തമായി.

കഥയില്‍ പറയുന്ന 'വെളുത്ത' എന്ന പിന്നോക്ക ജാതിക്കാരനുമായുള്ള ബന്ധത്തിന്റെ കാര്യം തന്നെ എടുക്കാം. നോവലെഴുതുന്നതിന് മുന്‍പ് അവള്‍ ഇവിടെയുള്ള ഒരു ദളിത് ബുദ്ധിജീവിയെ ചെന്നുകണ്ട് ഈ നിലയ്ക്ക് ഒരു ബന്ധമുണ്ടായാല്‍ അതിനോട് വ്യത്യസ്ത വിഭാഗങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നെല്ലാം ചോദിച്ചു മനസ്സിലാക്കിയതായി ഞാന്‍ അടുത്തയിടെയാണ് അറിഞ്ഞത്. അതിനാസ്പദമായ സംഭവമുണ്ടായത് അവള്‍ക്ക് ആറു വയസ്സുള്ളപ്പോഴാണ്. ക്രിസ്ത്യാനികളെ നിങ്ങള്‍ വിട്ടുകളഞ്ഞല്ലോ. അതെപ്പറ്റി എഴുതിയ അവള്‍ക്ക് അത് രസകരമായി തോന്നി. നിങ്ങള്‍ പോയി ദളിതുകളെ ക്രിസ്ത്യാനികളാക്കും. എല്ലാ പള്ളിയുടേയും അടുത്തു തന്നെ പെലയര്‍ക്ക് വേറെ പള്ളിയുണ്ട്. അവര്‍ക്കായിട്ടൊരു ബിഷപ്പിനെയുണ്ടാക്കി. സിറിയന്‍ ബിഷപ്പുണ്ട്. ഞങ്ങളുടെ പള്ളി ഒരു ദളിത് പള്ളിയാണ്. ഞങ്ങളും ആ പള്ളിയില്‍ തന്നെ പോകണം എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു ഞങ്ങളുടെ വല്യപ്പന്‍. ഞങ്ങള്‍ അവരോടൊപ്പം കളിക്കുകയുമൊക്കെ ചെയ്യുന്നത് അപ്പൂപ്പനെപ്പോഴും പ്രോത്സാഹിപ്പിച്ചു. എല്ലായിപ്പോഴും അക്കാര്യത്തില്‍ അദ്ദേഹം താല്പര്യം കാണിച്ചു. ഏതു ജാതിക്കാരോടൊപ്പം കളിക്കുന്നു എന്ന് ഞങ്ങളാരും നോക്കിയിരുന്നില്ല. Thus the Dallits had to fight for even their basic rights all the time. സൂസിയോട് ഞാന്‍ പറയുകയായിരുന്നു. If I had made eyes at this chap, അന്നത്തെ കാലത്ത് he would have run away and she said 'Mama, it is not you, for after thirty it is me. എനിക്കെന്തൊരു സ്‌നേഹമായിരുന്നെന്നോ!'' ഈ കഥയുടെ സമയത്ത് മോള്‍ക്ക് ആറു വയസ്സ്. സ്‌നേഹത്തെ ഇങ്ങനെ നിയന്ത്രിക്കേണ്ടതുണ്ടോ? എന്റെ കുടുംബത്തിലാണെങ്കില്‍. അതുകൊണ്ട് ഞാന്‍ സഹായിക്കും. അതുകൊണ്ട് സ്‌നേഹിക്കും. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്? നിങ്ങള്‍ ക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍.

ഇനിയുള്ള ഒരു കാര്യം വിവാഹമോചനമാണ്. അതും കുറേ നാള്‍ മുന്‍പ് ഞാന്‍ അവളോട് നേരിട്ട് പറഞ്ഞതാണ്. വിവാഹമോചനം നേടാനാവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍. അതു രണ്ടു ഭാഗങ്ങളാണ്. ഒന്ന് - വിവാഹബന്ധം ഉപേക്ഷിക്കുക. രണ്ടാമത്തേത് ഭരണഘടനാപരമായ ഭാഗമാണ്. നമ്മുടെ നാട്ടിലിപ്പോഴും 100 വര്‍ഷം മുന്‍പുള്ള ഇംഗ്ലീഷ് മാരീഡ് വിമന്‍സ് ആക്ട് എന്നൊരു കാലഹരണപ്പെട്ട നിയമമാണ് ഇക്കാര്യത്തിലുള്ളത്. അവരത് നൂറുവട്ടം മാറ്റി. നമ്മളത് ഇനിയും തിരുത്തിയിട്ടില്ല. ഇന്നിപ്പോള്‍ ആ നിയമം മാറ്റുന്നതിന് ആരും എതിരല്ല. പണക്കാര്‍ പോലും ഇന്ന് അതു മാറ്റുന്നതിനെ അനുകൂലിക്കുന്നു. കാശുകാര്‍ അനുകൂലിച്ചാല്‍ പിന്നെ സഭയ്ക്ക് പ്രശ്‌നമൊന്നും ഇല്ലല്ലോ. അവരെല്ലാം കൂടി ഒരു പുതിയ നിയമം തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, അത്തരം പല നിയമങ്ങളും പാസ്സാക്കി എടുക്കാന്‍ വേണ്ടത്രകാലം ലോകസഭ സമ്മേളിക്കുന്നില്ല.

സോണിയ കേസ്സില്‍ കേരള ഹൈക്കോടതി വിവാഹമോചനത്തിനുള്ള നിയമം മതിയായ കാരണം ''അഡല്‍റ്ററി ആന്റ് ക്രുവല്‍റ്റി'' എന്നായിരുന്നത് മാറ്റി അഡല്‍റ്ററി, ക്രുവല്‍റ്റി എന്നാക്കിയിട്ടുണ്ട്. അതിന് സുപ്രീം കോടതി ഏതെങ്കിലും കേസ്സില്‍ അംഗീകരിച്ചാല്‍ ഇന്ത്യയിലെങ്ങും അതു ബാധകമാവും. ആളുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഒട്ടും താല്പര്യമില്ലെന്നു തോന്നുന്നു. ഹിന്ദു വിവാഹമോചന നിയമം വളരെ പുരോഗമനപരമാണ്. വിവാഹമോചനം നടത്തിയാല്‍ സ്ത്രീക്ക് ജീവനാംശം നല്‍കണം. കോടതി ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ജനപ്രതിനിധി സഭകള്‍ക്ക് വേണ്ടത്ര വേഗത്തില്‍ നടപടികളെടുക്കാന്‍ കഴിയുന്നില്ല.

എല്ലായിടത്തും ഒരുതരം വാര്‍ദ്ധക്യമാണ്. നമ്മുടെ സമൂഹത്തിനാകെ. രാഷ്ട്രീയത്തിലും. എല്ലായിടത്തും. ഈ ചിലന്തിവലയൊക്കെ തുടച്ചുമാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ കുഴപ്പമാണ്. പുതിയ ചിന്ത ഉണ്ടാവുന്നില്ലെന്നല്ല. പക്ഷേ, അതിനു ശക്തിപോരാ. വേണ്ടത്ര ചെറുപ്പമില്ല അതാണു നമ്മുടെ കുഴപ്പമെന്ന് എനിക്കു തോന്നുന്നു.

Summary

Mary Roy talks about daughter Arundhati, award winning novel God of small Things and women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com