Archives|മനുഷ്യര്‍ വിഡ്ഢികളല്ല, കോണ്‍ഗ്രസ്സുകാര്‍ പോലും

2016 മെയ് 30 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
article written by TJS George
റ്റിജെഎസ് ജോര്‍ജ് എഴുതിയ ലേഖനം File
Updated on

2016 മെയ് 30 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

രാഷ്ട്രീയക്കാരുടെ പൊള്ളത്തരം ഏറ്റവും പ്രകടമായി കാണുന്നത് അവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴാണ്. ശ്രീമതി പദ്മജ വേണുഗോപാലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ''കാലു പിടിച്ച് അപേക്ഷിച്ചിട്ടും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തില്‍ സഹായിച്ചില്ല.'' എന്നുവെച്ചാല്‍, ജനലക്ഷങ്ങള്‍ ശ്രീമതിക്കു വോട്ടു ചെയ്യാന്‍ അത്യുത്സാഹത്തോടെ കാത്തുനില്‍ക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാതെ വന്നപ്പോള്‍, അവര്‍ ഏതോ അടകോടനു വോട്ടു ചെയ്തു. എത്ര വലിയ നഷ്ടമാണു രാജ്യത്തിനുണ്ടായത്.

തൃപ്പൂണിത്തുറയിലെ പ്രധാന ദിവ്യനായിരുന്ന ശ്രീമാന്‍ കെ. ബാബു തന്റെ തോല്‍വി കണ്ടതെങ്ങനെ? ''മണ്ഡലത്തിന്റെ പുനര്‍നിര്‍ണ്ണയം എല്‍.ഡി.എഫിനു സ്വാധീനമുണ്ടാക്കി. ബി.ജെ.പിയും എല്‍.ഡി.എഫും നേരത്തെ പ്രചാരണം ആരംഭിച്ചു'' എന്നുവെച്ചാല്‍, ചതിയന്മാരാണു ബി.ജെ.പിയും എല്‍.ഡി.എഫും. അവര്‍ക്കു നേരത്തെ പ്രചാരണം ആരംഭിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ബാബു സാറിന്റെ സൗകര്യം നോക്കി വേണ്ടിയിരുന്നില്ലേ കാര്യങ്ങള്‍ ചെയ്യാന്‍? തെരഞ്ഞെടുപ്പു കമ്മിഷനും ബാറുടമകളുടെ ഏജന്റാണ്. അല്ലെങ്കില്‍ മണ്ഡലം അങ്ങനെ പുനര്‍നിര്‍ണ്ണയിക്കുമായിരുന്നോ?

article written by TJS George
Archives|ബഷീറിന്റെ വിശ്വാസം; ഒരോര്‍മ്മക്കുറിപ്പ്

സത്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് ഇങ്ങനെയുള്ള പ്രതികരണങ്ങളില്‍ കാണുന്നത്. വാസ്തവത്തില്‍ ഇവര്‍ തോറ്റത് എന്തുകൊണ്ടാണ്? ഒരേ ഒരു കാരണം: ജനം അവര്‍ക്കു വോട്ടു ചെയ്തില്ല. അതു സമ്മതിക്കാന്‍ ആരും തയ്യാറല്ല. പദ്മജ പറയുമോ: ''യഥാര്‍ത്ഥത്തില്‍ ഒരു യോഗ്യതയുമില്ലാത്ത ഒരാളാണു ഞാന്‍. അച്ഛന്റെ 'കെയറോഫി'ല്‍ കിട്ടാവുന്നതിലധികം കിട്ടാന്‍ ശ്രമിക്കുന്നയാള്‍. വോട്ടര്‍മാര്‍ എന്റെ കൂടെ നിന്നില്ല. തോറ്റു'', മന്ത്രിയായിരുന്നപ്പോള്‍ ഭീകരനെന്നു പേരുകേട്ട ബാബു പറയുമോ: ''അഴിമതിയുടെ സ്‌പെല്ലിംഗുപോലും എനിക്കറിയില്ല എന്നു നടിക്കാന്‍ ഞാന്‍ ശ്രമിച്ചു. ജനം അതു വിശ്വസിച്ചില്ല. നശിച്ച ജനം. അവര്‍ എന്നെ തോല്പിച്ചു.''

എം.എം. ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, ദിനേശ് മണി മുതലായ താപ്പാനകളെ തോല്പിച്ച വീരഭീകരനാണു കെ. ബാബു. വേണ്ടത്ര അവസരങ്ങള്‍ ജനം പുള്ളിക്കു കൊടുത്തു. ആ അവസരങ്ങളെല്ലാം കായലുകളും വയലുകളും സമുദ്രങ്ങളും പിന്നെ വിസ്‌കിയും ബ്രാന്‍ഡിയുമെല്ലാം കാശാക്കി മാറ്റാന്‍ ഉപയോഗിക്കുകയാണ് ചെയ്തത് എന്നു ജനം ചിന്തിച്ചു തുടങ്ങിയോ എന്നറിയില്ല. ഏതായാലും സ്വന്തം ബുത്തില്‍പോലും ബാബുവിനെ അവര്‍ തോല്പിച്ചു.

ആള്‍ക്കൂട്ടത്തിന്റെ കൂടെ തെക്കും വടക്കും നടക്കുകയല്ല ഭരണം എന്നു ശുദ്ധമനസ്‌കനായ ഉമ്മന്‍ ചാണ്ടി ഇതുവരെ മനസ്സിലാക്കിയിട്ടില്ല

കുമ്മനം രാജശേഖരന്റെ വാക്കുകള്‍ കേട്ടാല്‍ തോന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ബി.ജെ.പിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന്. ''യുഡി.എഫ്., എല്‍.ഡി.എഫ്. കൂട്ടുകെട്ടില്‍ പരുക്കേല്‍ക്കാതെ ജനസ്വാധീനം നേടി'' എന്ന പ്രസ്താവന നോക്കുക. ഗഹനമായ ചില സംഖ്യകളും ശരാശരികളും ശതമാനകണക്കുകളും നിരത്തി അദ്ദേഹം തന്റെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒ. രാജഗോപാലനു കിട്ടിയ ജയംപോലും ബി.ജെ.പിയുടെ ചിഹ്‌നം കൊണ്ടാണോ എന്നതാണു പ്രസക്തമായ ചോദ്യം. എല്ലാവര്‍ക്കും, എല്ലാ പാര്‍ട്ടികള്‍ക്കും സമ്മതനായ, സ്വീകാര്യനായ മനുഷ്യനാണ് ''രാജേട്ടന്‍.'' അദ്ദേഹത്തിന് ഇത്തവണയെങ്കിലും ജയിക്കാന്‍ സാധിച്ചതില്‍ പാര്‍ട്ടി ഭേദമെന്യേ സന്തുഷ്ടരായിരിക്കും ബഹുഭൂരിപക്ഷം ആളുകളും. കുമ്മനം ഒരു ''രാജേട്ടാ''നാകുന്ന പ്രശ്‌നം ഉദിക്കുന്നില്ല.

സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയോടു സഹതാപം ഭാവിക്കുകയാണ് ഈ അവസരത്തില്‍ ഉചിതം. ആള്‍ക്കൂട്ടത്തിന്റെ കൂടെ തെക്കും വടക്കും നടക്കുകയല്ല ഭരണം എന്നു ശുദ്ധമനസ്‌കനായ ഉമ്മന്‍ ചാണ്ടി ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ശമ്പളവും കിമ്പളവും ഒന്നു തന്നെയെന്നു വിശ്വസിക്കുന്ന ദ്രോഹികളെ മന്ത്രിമാരാക്കുകയും അവരുടെ തോന്ന്യാസങ്ങളെ സാധൂകരിക്കുകയും ചെയ്യുന്നതല്ല നേതൃത്വം എന്നും അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഈ തോല്‍വിയിലും അദ്ദേഹം ഒരു ചുക്കും മനസ്സിലാക്കുന്നില്ല. ''അപ്രതീക്ഷിതമായിരുന്നു'' പോലും തോല്‍വി. ആര്‍ക്ക്? ''താല്‍ക്കാലികമാണ്'' തോല്‍വി എന്നും അടിച്ചുവിട്ടു. അതു ശരിയാണ്. പക്ഷേ, ഉമ്മന്‍ ചാണ്ടിയാണു പാര്‍ട്ടിയെ വീണ്ടും നയിക്കുന്നതെങ്കില്‍ താല്‍ക്കാലികത്വം ശാശ്വതമാകുന്ന കാഴ്ചയായിരിക്കും കാണുക. മനുഷ്യര്‍ വിഡ്ഢികളല്ല സാര്‍. കോണ്‍ഗ്രസ്സുകാര്‍ പോലും. അവര്‍ എല്ലാം കാണുന്നു, കേള്‍ക്കുന്നു. എത്രനാള്‍ അവര്‍ സഹിക്കും?

article written by TJS George
Archives|നേരെ കള്ളുഷാപ്പിലേക്ക് പോയി, തിരിച്ച് കളത്തില്‍ വന്ന് പെട്രോമാക്സ് കത്തിച്ചു കഥയെഴുത്തു തുടങ്ങി

എസ്.എന്‍.ഡി.പിക്കാരും ഇടതുപക്ഷക്കാരും ആരും വിഡ്ഢികളല്ല. ശ്രീ നടേശന്‍ എസ്.എന്‍.ഡി.പിയെ സ്വന്തം ഉപകരണമായി മാറ്റിയെടുത്തതിന്റെ തീവ്രത ഈ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായി. മകനെ ഡല്‍ഹിയില്‍ മന്ത്രിയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ചതു പോകട്ടെ, സുരേഷ് ഗോപിക്കു കൊടുത്ത ജോലി പോലും കൊടുത്തില്ല. ഇപ്പോഴിതാ ഒരു സീറ്റുപോലും കിട്ടാതെ നിലംപരിശായിരിക്കുന്നു. നരേന്ദ്ര മോദിയുടെ കൂടെ സ്‌റ്റേജില്‍ ഇരിക്കുന്ന രണ്ടു ഫോട്ടോകള്‍ കിട്ടിയതു മാത്രം നേട്ടം.

ഈ ഊഴം ഇടതുപക്ഷം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ഇനിയുള്ള ചോദ്യം. തുടക്കം നല്ലത്. പ്രചാരണകാലത്തു ധൈര്യപൂര്‍വ്വം പിണറായി വിജയന്‍ ചിരിക്കാന്‍ പഠിച്ചു. ഭരണകക്ഷി നേതാവായി നാമനിര്‍ദ്ദേശം ചെയ്തുകഴിഞ്ഞയുടന്‍ ജനനായകനായ വി.എസ്. സഖാവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. സഖാവ് തന്റെ പ്രസ്താവനയില്‍ ചില നല്ല വാക്കുകള്‍ പറഞ്ഞു. എല്ലാവരും ഒന്നിച്ചു, നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്കും അതു ലാഭമുണ്ടാക്കും.

പാര്‍ട്ടിയുടെ അതിഗംഭീര വിജയം അതിന്റെ അതിഗംഭീര ജനപ്രിയത കൊണ്ടു മാത്രം ഉണ്ടായതല്ല. രണ്ടു പ്രധാനകാരണങ്ങള്‍ ഉണ്ട്. 1. വര്‍ഗീയ ധ്രൂവീകരണം തടയാന്‍ കേരള ജനത എടുത്ത തീരുമാനം. 2. ആരോപണവിധേയരായ മന്ത്രിമാരെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുണ്ടായ വിയോജിപ്പ്.

ഇത്തരം നിലപാടുകള്‍ എടുക്കുന്ന നേതാക്കള്‍ക്കു ചരിത്രത്തില്‍ ക്ഷണനേരത്തെ ആയുസ്സുപോലും ഇല്ലെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഏറെക്കാലം ജനം വെച്ചു പൊറുപ്പിക്കില്ല

കിട്ടിയ അവസരം വിനിയോഗിക്കണമെങ്കില്‍ ഇടതുപക്ഷം ആശയകാര്‍ക്കശ്യം വെടിയുകയും പൊതുജനങ്ങളുടെ ദൈനംദിനപ്രശ്‌നങ്ങളില്‍ കൂടുതല്‍ മമതയോടെ ഇടപെടുകയും വേണം. പരാജയപ്പെട്ട സര്‍ക്കാരുകള്‍ ഉപയോഗിക്കുന്ന പുകമറയാണ് വമ്പന്‍ വികസന പദ്ധതികള്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രയോഗിക്കുന്ന തന്ത്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനത്ത് എന്തുകൊണ്ടാണു ജനങ്ങള്‍ കുടിക്കാന്‍ വെള്ളമില്ലാതെ കഷ്ടപ്പെടുന്നത്? റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത് എന്തുകൊണ്ടാണ്? അടിയന്തര പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളാകണം ഒരു സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് മമതാ ബാനര്‍ജി. തൊഴിലില്ലായ്മയ്ക്കും ബലാത്സംഗങ്ങള്‍ക്കും ശിശുമരണങ്ങള്‍ക്കും കാരണം കമ്യൂണിസ്റ്റുകാരാണ് എന്ന് ആരോപിച്ചാണ് അവര്‍ അധികാരത്തിലെത്തിയത്. അതുതന്നെ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. തന്റെ ചുറ്റും വളര്‍ന്നുവന്ന കുംഭകോണങ്ങളെ അവര്‍ അവഗണിച്ചു. ഇത്തവണ ജയിച്ചു വന്നപ്പോള്‍ പറഞ്ഞതെന്താണ്?

''ബംഗാളില്‍ അഴിമതിയില്ലെന്നു പറയാന്‍ എനിക്ക് അഭിമാനമുണ്ട്.''

ഇത്തരം നിലപാടുകള്‍ എടുക്കുന്ന നേതാക്കള്‍ക്കു ചരിത്രത്തില്‍ ക്ഷണനേരത്തെ ആയുസ്സുപോലും ഇല്ലെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഏറെക്കാലം ജനം വെച്ചു പൊറുപ്പിക്കില്ല. പിന്നെ ചരിത്രത്തിന്റെ ഒരേടിലും അവര്‍ ഉണ്ടാകില്ല.

അധികാരത്തിലും വിജയത്തിലും ഭ്രമിച്ചു കണ്ണടഞ്ഞുപോകുമ്പോള്‍ സത്യം കാണാതിരിക്കാം എന്നൊരു ഭാഗ്യം ഭരണാധികാരികള്‍ക്കു കിട്ടുന്നുണ്ട്. പക്ഷേ, വിജയത്തിന്റെ പിന്നാലെ പരാജയം വരും. അധികാരം കൈമാറ്റം ചെയ്യപ്പെടാനുള്ളതാണ്. ആത്യന്തികമായി ഇത്തരം രാഷ്ര്ടീയക്കാര്‍ ഇല്ലാതാവുകയും ജനങ്ങള്‍ അവരുടെ മേല്‍ അധികാരം സ്ഥാപിക്കുകയും ചെയ്യും.

Summary

Archive: TJS George writes about political leader`s response to 2016 election results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com