പ്രതിഭകളുടെ ഗാന്ധിദര്‍ശനം

സത്യവും അഹിംസയും ​ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ലക്ഷ്യവും മാര്‍ഗ്ഗവുമായിരുന്നു.
mahatma gandhi
mahatma gandhinational gandhi museum
Updated on: 

മഹായോഗി പരമഹംസ യോഗാനന്ദ ഗാന്ധിജിയെ സന്ദര്‍ശിച്ചത് 1935-ലാണ്. അന്ന് അദ്ദേഹം മൗനവ്രതത്തിലായിരുന്നു. ആ മൗനവ്രതം ലക്ഷ്യമാക്കിയത് സത്യത്തില്‍ കത്തിടപാടുകളിലെ, എഴുത്തിലെ കൃത്യതയായിരുന്നു. ലോകത്തിന്റെ പലഭാഗത്തുള്ളവരും അദ്ദേഹവുമായി എഴുത്തുകളിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു. ആ ബന്ധം ഊഷ്മളമായി മരണം വരെയും അദ്ദേഹം നിലനിര്‍ത്തിയത് മൗനത്തിന്റെ ഇടവേളകളെ ഫലപ്രദമായി ഉപയോഗിച്ചായിരുന്നു. ദേവഭാഷയാണ് മൗനം, മറ്റെല്ലാം തരംതാണ മൊഴിമാറ്റങ്ങളും എന്നു റൂമി. അഹിംസയെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചയുടെ പ്രതിഫലനം ഒരു സംഭാഷണത്തില്‍ കാണാം. ആശ്രമത്തിലെ മുഴുവന്‍ പരിപാടികള്‍ക്കും ശേഷം ഉറങ്ങാനായി പോകവേ ഗാന്ധിജി ഒരു ചെറിയ കുപ്പിയില്‍ ഇഞ്ചിപ്പുല്‍തൈലം യോഗിക്കു നീട്ടിയിട്ടു ചിരിച്ചുകൊണ്ടു പറയുന്നു: ''സ്വാമിജീ, വാര്‍ധയിലെ കൊതുകുകള്‍ക്ക് അഹിംസയെക്കുറിച്ച് ഒരു ചുക്കുമറിയില്ല.'' ഗാന്ധി അങ്ങനെയുമായിരുന്നു.

തോമസ് വെബ്ബറുടെ 'ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പുസ്തകം ഒരുപാടു പ്രതിഭകളുടെ പ്രഥമ ഗാന്ധി ദര്‍ശനത്തെക്കുറിച്ചുള്ളതാണ്. മൗണ്ട് ബാറ്റണും ലൂയി ഫിഷറും ചാപ്ലിനും യോഗി പരമഹംസ യോഗാനന്ദനും കണ്ട ഗാന്ധിയിലേക്ക് ഒരു യാത്ര സാധ്യമാക്കുന്ന വായനയാണ് 'ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്.' ചുരുക്കത്തില്‍ ബൃഹത്തായൊരു ജീവിതമായി ഗാന്ധിയെ അടയാളപ്പെടുത്തുന്നുണ്ട് പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വിവര്‍ത്തകനും സഞ്ചാരിയുമൊക്കെയായ ജോണ്‍ വിന്‍സെന്റ് ഷിയാന്‍. ഒരു എയര്‍ഫോഴ്സ് ഓഫീസറായി 1944-ല്‍ ഷിയാന്‍ ഒരു ഹിമാലയന്‍ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യയിലെത്തി. ലോകമെമ്പാടും സഞ്ചരിച്ച് രണ്ടാം ലോകമഹായുദ്ധം വിതച്ച നാശത്തെ അടയാളപ്പെടുത്തിയ വിശ്വപ്രസിദ്ധനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ഷിയാന്‍. ലോകയുദ്ധരംഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനിടയില്‍ താന്‍ സാക്ഷ്യം വഹിച്ച സര്‍വ്വനാശങ്ങളുടെ അര്‍ത്ഥവും നിരര്‍ത്ഥകതയും തേടിയലഞ്ഞ യാത്രയാണ് ഷിയാനെ 1947-ല്‍ ഇന്ത്യയിലെത്തിച്ചത്, ഗാന്ധിശിഷ്യനാക്കിയതും. ഫോറിന്‍ കറസ്പോണ്ടന്റ് എന്ന ഹിച്ച്കോക്ക് മൂവി വിഷയമാക്കിയത് 'പേഴ്സണല്‍ ഹിസ്റ്ററി' എന്ന ഷിയാന്റെ രാഷ്ട്രീയ ജീവചരിത്രമായിരുന്നു. യുദ്ധത്തിന്റെ കെടുതികളും പാശ്ചാത്യമായ ഐഹികഭോഗാസക്തി കൊണ്ടുചെന്നെത്തിച്ച ശൂന്യതയും ഉളവാക്കിയ ആത്മീയമായ പ്രതിസന്ധിയിലെ തുടരന്വേഷണങ്ങളാണ് അദ്ദേഹത്തെ ഗാന്ധിജിയിലേക്ക് അടുപ്പിക്കുന്നതും 1948 ജനുവരി അവസാനം ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്കു നയിച്ചതും. ജനുവരി 27, 28 തീയതികളില്‍ ബിര്‍ളാമന്ദിരത്തിലെ രണ്ടു കൂടിക്കാഴ്ച മാത്രമേ സാധ്യമായുള്ളൂ.

mahatma gandhi
mahatma gandhinational gandhi museum

ബിര്‍ളാമന്ദിരത്തിലെ മുറിയില്‍ അതിദ്രുതം നടന്നുകൊണ്ട് അളന്നുമുറിച്ച വാക്കുകളില്‍ അഭിമുഖം നല്‍കുന്ന ഗാന്ധിജിയെ ഷിയാന്‍ ഓര്‍ക്കുന്നു. ഒരു ധര്‍മ്മയുദ്ധം എങ്ങനെയാണ് സര്‍വ്വനാശത്തില്‍ കലാശിക്കുക എന്നായിരുന്നു ഭഗവദ്ഗീതയെ അധികരിച്ചുള്ള ഷിയാന്റെ ഒരു ചോദ്യം. മാര്‍ഗ്ഗം മോശമായതുകൊണ്ടാണ് എന്നായിരുന്നു മഹാത്മാവിന്റെ മറുപടി. മാര്‍ഗ്ഗം ലക്ഷ്യത്തില്‍നിന്നും വേറിട്ടുകിടക്കുന്ന ഒന്നല്ല എന്നു ഗാന്ധി. ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ ശുദ്ധമാവണം. അക്രമാസക്തമായ മാര്‍ഗ്ഗം അഹിതമായ ഫലമുളവാക്കിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഞാനീപ്പറയുന്നത് ഒരു പ്രമുഖ പുസ്തകത്തിലുണ്ട്, അതെന്റെ വ്യാഖ്യാനത്തിന് ഉപോല്‍ബലകമാണെന്നു പറഞ്ഞ ഗാന്ധിജി ഒന്നുകൂടി മുന്നോട്ടു പോയി വിശദീകരിക്കുന്നു - ഇനി അങ്ങനെ ഒരു പുസ്തകം ഇല്ലെന്നുതന്നെ കൂട്ടുക, അല്ലെങ്കില്‍ എന്റെ ഈ വ്യാഖ്യാനം തെറ്റെന്നു തെളിയിക്കുന്ന ഒന്നുണ്ടെങ്കിലും ഞാനങ്ങനെ തന്നെ വിശ്വസിക്കുന്നു. ആ മറുപടിയിലെ ദൃഢത ഷിയാനെ സ്തബ്ധനാക്കി, അടുത്ത ചോദ്യം തന്നെ മറന്നുപോയി എന്നദ്ദേഹം പറയുന്നു. അക്ഷോഭ്യനായി ഗാന്ധിയും.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് മുതല്‍ നെല്‍സണ്‍ മണ്ടേലയും മദര്‍ തെരേസയും ഒബാമയും വരെയുള്ള ലോകനേതാക്കളുടെ ആരാധ്യനായ നേതാവ് ഇന്ത്യയുടെ ആത്മാവായി ജീവിക്കുന്നുണ്ടെന്നതു ആശാവഹമാണ്, നിത്യേനയെന്നോണം കൊല്ലപ്പെടുന്നുണ്ടെന്നത് ആശങ്കാജനകവുമാണ്. ഗാന്ധിയന്‍ അഹിംസയെ വക്കുപൊട്ടിയ സ്വന്തം സ്‌കെയിലില്‍ അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന സ്വയം പ്രഖ്യാപിത പുരോഗമനവാദികള്‍ക്കും വലിയ ക്ഷാമമില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യവും അതൊക്കെത്തന്നെയാണ്. ലോകത്തെ മികച്ച ആയുധപ്പുരകളുമായി, അന്നത്തെ അത്യന്താധുനിക സാങ്കേതിക മികവുമായി ലോകത്തു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതവരോടു ഏറ്റുമുട്ടാന്‍ മഹാത്മാ ഗാന്ധി അഹിംസ മാര്‍ഗ്ഗമാക്കിയത് മഹാബദ്ധമായി ഇന്നും കരുതുന്നവരുടേതിലും ഭേദം പഴയ അന്ധന്റെ ആനക്കാഴ്ചയായിരുന്നു എന്നു മനസ്സിലാക്കാന്‍ എളുപ്പവഴി ഗാന്ധിജിയുടെ സമകാലികരായ പ്രതിഭകളുടെ വരികളില്‍നിന്നും ഗാന്ധിയെ വായിച്ചെടുക്കുകയാണ്. ആ പ്രതിഭകളുടെ കണ്ണിലൂടെ ഗാന്ധിയിലെ പ്രവാചകനെ അറിയുകയാണ്.

mahatma gandhi
'കേരളം ഇരുപതാം നൂറ്റാണ്ട്' ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച മലയാളം വാരികയുടെ മുഖചിത്രം

ഒന്നാലോചിച്ചാല്‍ ആന്തരികമായി നമ്മള്‍ ഒട്ടുമേ അക്രമണോത്സുകരല്ല എന്നതിനുള്ള വലിയ തെളിവു സദാ അക്രമണോത്സുകരായ നമ്മുടെ ദൈവങ്ങളാണ്. വജ്രായുധം തൊട്ട് സുദര്‍ശനം (അന്നത്തെ സങ്കല്പത്തിലെ ഏറ്റവും മുന്തിയത്) വരെ കയ്യിലുള്ള സദാ യുദ്ധസന്നദ്ധരായ ദൈവങ്ങളായിരുന്നു നമ്മുടേത്. എന്തിന്, വനിതാ ദൈവങ്ങളുടെ കയ്യില്‍ കൂടി മാരകായുധങ്ങളും തലയോടും വരെ. കാരണം ലളിതമാണ്, നമുക്കില്ലാത്തതിനോടാണ് നമുക്ക് ആരാധന തോന്നുക. ചുരുക്കത്തില്‍ നമ്മളെക്കൊണ്ടു ചെയ്യാന്‍ പറ്റാത്തതെല്ലാം അനായാസേന ചെയ്യുന്ന അതിമാനുഷ ദൈവങ്ങളെ നമ്മളങ്ങുണ്ടാക്കിയതാവണം. ഇതേപ്പറ്റിയുള്ള സംശയം തീരാന്‍ പടിഞ്ഞാറോട്ടു നോക്കിയാല്‍ മതി. ലോകം മുഴുവന്‍ കീഴടക്കാന്‍ പുറപ്പെട്ടവരുടെ, സദാ വെട്ടിപ്പിടിക്കലിന്റേയും കൂട്ടക്കൊലകളുടേയും ചരിത്രവുമായി നിന്നവരുടെ ദൈവം ആരാണ്? ഒരു കവിളത്തു കിട്ടിയാല്‍ മറുകവിള്‍ കൂടി കാട്ടണമെന്നുപദേശിച്ച ആ ക്രൂശിതരൂപം - ജീസസ്. പൂജാമുറിയില്‍ ദാരികനെ ശരിയാക്കിയ കാളിയും കിടപ്പുമുറിയില്‍ ദാരികന്‍ ശരിയാക്കിയ കാളിയുമുള്ളതാണ് ഭാരതം. ഇതൊക്കെ നന്നായി മനസ്സിലാക്കി ഗാന്ധി പ്രയോഗിച്ചതാവണം അഹിംസ. ഇനി വെള്ളക്കാരന്റെ തോക്കിനെ നേരിടാന്‍ വാരിക്കുന്തം കൂര്‍പ്പിച്ചോളാന്‍ ഗാന്ധിജി ബുദ്ധി ഉപദേശിച്ചു എന്നുതന്നെ കൂട്ടുക. എന്താകുമായിരുന്നു അവസ്ഥ? ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊലയ്ക്കു ഉത്തരവിട്ടവനെ സ്വന്തം നാട്ടിലേയ്ക്ക് ആദരിച്ചാനയിച്ച ഭീകരരായിരുന്നു ബ്രിട്ടീഷുകാര്‍.

mahatma gandhi
mahatma gandhinational gandhi museum

ടൈം മാഗസിന്‍

മാന്‍ ഓഫ് ദ ഇയര്‍

ഗാന്ധിജിയുടെ സ്വാധീനം കൂടി കാരണമായാണ് കേരളത്തില്‍ മാതൃഭൂമി രൂപമെടുക്കുന്നത്, 1923-ല്‍. അതേ വര്‍ഷം തന്നെയാണ് ലോകപ്രസിദ്ധ ടൈം മാഗസിനും അമേരിക്കയില്‍ ജന്മമെടുക്കുന്നത്. ആ ടൈമിന്റെ '1930 മാന്‍ ഓഫ് ദ ഇയര്‍' ഗാന്ധിജി ആയിരുന്നു - സെയിന്റ് ഗാന്ധി. സെയിന്റ് ഗാന്ധി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗാന്ധിയല്ലായിരുന്നു, ഇന്ത്യന്‍ രാഷ്ട്ര പിതാവുമായിരുന്നില്ല എന്നോര്‍ക്കുമ്പോഴാണ് ലോകത്ത് എന്തുമാത്രം സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് അന്നുതന്നെ കഴിഞ്ഞിരുന്നു എന്നു നമുക്കു മനസ്സിലാവുക. അതുകഴിഞ്ഞു 1931-ലാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അദ്ദേഹത്തെ അര്‍ദ്ധനഗ്‌നനും രാജ്യദ്രോഹിയുമായ ഫക്കീര്‍ എന്നു വിളിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രാദേശിക ഭാഷയില്‍ ഒരു ദേശീയപത്രം തന്നെ ആരംഭിക്കാന്‍ കാരണഭൂതനായ മനുഷ്യനെ 'മാന്‍ ഓഫ് ദ ഇയറാ'യി ആദരിക്കുന്നത് ലോകത്തെ അതിപ്രശസ്തമായ ടൈമാണ്. സ്വാഭാവികമായും വരാവുന്ന ഒരു ചോദ്യമുണ്ട് - അതിലെന്തിരിക്കുന്നു, ടൈം 1938-ല്‍ അഡോള്‍ഫ് ഹിറ്റ്ലറേയും 1939-ല്‍ ജോസഫ് സ്റ്റാലിനേയും മാന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തില്ലേ? ഉണ്ട്. ടൈം തന്നെ വിശദീകരിച്ചിട്ടുണ്ട്, 'പേഴ്സണ്‍ ഓഫ് ദ ഇയറി'നെക്കുറിച്ച് ആലോചിക്കുമ്പോള്‍ സ്വന്തം ധൈര്യവും നേതൃത്വവും കൊണ്ട് അഗാധമായ സ്വാധീനം ചെലുത്തി ഏറെ നല്ല ലോകത്തെ രൂപപ്പെടുത്തിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ജോര്‍ജ് സി, മാര്‍ഷല്‍, ഗാന്ധി എന്നീ വ്യക്തികളായിരിക്കും നിങ്ങളുടെ ചിന്തകളിലേയ്ക്കു കടന്നുവരിക. തീര്‍ച്ചയായും ആ പരിധിക്കു പുറത്താണ് ഹിറ്റ്ലറും ജോസഫ് സ്റ്റാലിനുമൊക്കെയും.

ഗാന്ധിക്കു കിട്ടാതെ, ഗാന്ധിമാര്‍ഗ്ഗത്തില്‍ ആകൃഷ്ടരായ എത്രപേര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയത്? ഇന്ത്യയില്‍ മഹാത്മാഗാന്ധി ജനിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കയ്ക്ക് ബറാക് ഒബാമ എന്നൊരു പ്രസിഡന്റ് ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞത് അമേരിക്കയിലെ പൗരാവകാശ നേതാവും കോണ്‍ഗ്രസ്സുകാരനുമായ ജോണ്‍ലെവിസ് ആണ്. പറഞ്ഞത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തില്‍ വച്ചും. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങാവട്ടെ അന്‍പതു വര്‍ഷം മുന്നേയുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തെപ്പറ്റി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഭൂമിയിലേയ്ക്കുള്ള തീര്‍ത്ഥാടനയാത്ര എന്നാണ്.

mahatma gandhi
mahatma gandhinational gandhi museum

1937, 1938, 1947, 1948 എന്നീ വര്‍ഷങ്ങളില്‍ നൊബേലിനു നോമിനേറ്റു ചെയ്യപ്പെട്ട പേരായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിയുടെ പ്രഭാവത്തിനു നൊബേല്‍ വേണമായിരുന്നില്ല, നൊബേലിന്റെ വിശ്വാസ്യതയ്ക്ക് ഗാന്ധി നല്ലതായിരുന്നു എന്നതുകൊണ്ടാവണം പില്‍ക്കാലത്ത് നൊബേല്‍ അധികൃതര്‍ ഗാന്ധിജിക്കു പുരസ്‌കാരം നല്‍കാന്‍ കഴിയാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചത്. 1989-ല്‍ ദലൈലാമ പുരസ്‌കൃതനായപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഓര്‍മ്മയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണത് എന്നാണ്. ലീഡര്‍ഷിപ്പിന്റെ ഒരു നൂതനമാതൃക തന്നെയായി ഗാന്ധിജി ഈ ലോകത്തുണ്ട്. അനേകര്‍ക്കു വഴികാട്ടിയായി.

മിത്തും ചരിത്രവും

ഗാന്ധിയന്‍ ആയുധങ്ങള്‍

സത്യവും അഹിംസയും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലക്ഷ്യവും മാര്‍ഗ്ഗവുമായിരുന്നു. അദ്ദേഹത്തിന്റെ ദൈവം സത്യമായിരുന്നു. സത്യാന്വേഷണം തന്നെ ഈശ്വര-സാക്ഷാല്‍ക്കാരമായിരുന്നു. ചുരുക്കിയാല്‍ സത്യം ലക്ഷ്യവും അഹിംസ അതിലേയ്ക്കുള്ള മാര്‍ഗ്ഗവുമായിരുന്നു. അദ്ദേഹത്തിന്റെ അഹിംസ ഹിംസ ചെയ്യാതിരിക്കുകയല്ല, മറിച്ച് പരമമായ സ്‌നേഹമാണ്. വേറൊരാളെ കൊല്ലുന്നതിലും നല്ലത് താന്‍ മരിക്കുകയാണെന്ന ചിന്തയിലാണ് അഹിംസ. അതുകൊണ്ടാണത് ധീരരുടെ മാത്രം ആയുധമാവുന്നത്. താന്‍ തോല്‍ക്കും, തന്റെ ആശയം തോറ്റുപോകും എന്ന ഭീതിയില്‍നിന്നാണ് പലരും ഹിംസയിലേക്കു തുനിയുന്നത്. ഏതു മതചിന്തകളിലും അഹിംസയുണ്ട്. അതുകൊണ്ട് ഉപജ്ഞാതാവല്ല, ഗാന്ധി പ്രയോക്താവാണ്. അഹിംസയിലൂടെയുള്ള ലോകത്തെ ആദ്യ രാഷ്ട്രീയ പരീക്ഷണം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് അഹിംസയുടെ മാര്‍ഗ്ഗം മാത്രം സ്വീകാര്യനായ ഗാന്ധിയുടെ വിജയവും ലക്ഷ്യത്തിലേയ്ക്ക് ഏതു മാര്‍ഗ്ഗവും സ്വീകാര്യമായവരുടെ പരാജയവും ഇന്ത്യന്‍ സാഹചര്യത്തില്‍ പഠിക്കപ്പെടേണ്ടതാണ്.

നമ്മള്‍ ആരെയും കീഴ്പെടുത്തിയിട്ടില്ല, ഒരു രാജ്യത്തേയും നമ്മള്‍ ആക്രമിച്ചിട്ടില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. അതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന്, ഒരുകാലത്തു ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയും ചൈനയും. 18-ാം നൂറ്റാണ്ടുവരെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായിരുന്നു ഇന്ത്യയും ചൈനയും. ആവശ്യത്തിനുള്ളതെന്തും സുലഭമായി ഉള്ളവര്‍ കടലുകടന്ന ചരിത്രം കുറവാണ്. സ്വന്തമായി ഇടങ്ങളില്ലാതാവുമ്പോഴാണ് മനുഷ്യന്‍ മറ്റിടങ്ങളിലേയ്ക്കു കടന്നുചെല്ലുക. രണ്ടാമതായി, പരുക്കന്‍ ജീവിത സാഹചര്യങ്ങളില്‍നിന്നാണ് നൈസര്‍ഗ്ഗികമായ ആക്രമണോത്സുകത രൂപമെടുക്കുക. സ്വാഭാവികമായും നമുക്ക് അതിന്റെ ആവശ്യമില്ലായിരുന്നു, മുഗളന്മാരെപ്പോലെയും യൂറോപ്യന്മാരെ പോലെയും ആക്രമണോത്സുകത ഇന്ത്യക്കാരിലില്ലാതെ പോയതു അതുകൊണ്ടാവണം. മുഗള്‍ ഭരണകാലം തന്നെ സ്വയംപര്യാപ്ത ഗ്രാമങ്ങളുടെ നാടായിരുന്നു നമ്മുടേത്. ലോകത്ത് ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നു ഇന്ത്യ. ആക്രമണോത്സുകരാവേണ്ട കാര്യം നമുക്കുണ്ടായിരുന്നില്ല.

mahatma gandhi
mahatma gandhinational gandhi museum

ഒരുദാഹരണം ചരിത്രത്തില്‍നിന്നും. ഒരേ വഴിയിലൂടെയാണ് മുഹമ്മദ് ഗസ്നി 17 തവണയും സോമനാഥ ക്ഷേത്രം കൊള്ളയടിക്കാന്‍ എത്തിയത്. ഗസ്നിക്കു കൊണ്ടുപോകാനായി ഭണ്ഡാരം കാലാകാലം കൃത്യമായി നിറച്ചുകൊടുത്തതു സമ്പന്നതയുടെ തെളിവു തന്നെയാണ്. വരുന്നവരെല്ലാം കീഴടക്കിയതും കൊള്ളയടിച്ചതുമായ ഒരു ഭൂതകാലത്തിന്റെ പശ്ചാത്തലത്തില്‍ അഹിംസയെ നോക്കിക്കാണുമ്പോഴേ എത്ര മനോഹരമായിട്ടാണ് ഗാന്ധിജി അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കിയത് എന്നു മനസ്സിലാക്കാനാവുകയുള്ളൂ. മഹാഭൂരിപക്ഷവും ആരാധിക്കുന്ന ഹിംസയുടെ ശ്രീരാമനെ കൂടെനിര്‍ത്തി, രാമരാജ്യത്തിലേയ്ക്ക് അഹിംസയുടെ മാര്‍ഗ്ഗം തേടിയ ഗാന്ധിയെ മനസ്സിലാവുക അപ്പോഴാണ്. ധര്‍മ്മയുദ്ധത്തിന്റെ അവസാനം സര്‍വ്വനാശമായത് മാര്‍ഗ്ഗം നന്നാവാത്തതുകൊണ്ടാണ് എന്നു പറഞ്ഞ ഗാന്ധിജി ഭഗവദ്ഗീതയിലൂടെ കക്ഷത്തിലാക്കിയത് സ്വന്തം ജനതയെയാണ്. പിന്നീട് ചരിത്രമായ ഇന്ത്യയിലെ ധാരാളം വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിപ്പോയ സമ്പന്ന സ്വയംപര്യാപ്ത ഗ്രാമജീവിതങ്ങളെക്കുറിച്ചുള്ള അറിവില്‍നിന്നുമാവണം ഗാന്ധിജിയുടെ ഗ്രാമസ്വരാജ്യം, ആരെയും വെട്ടിപ്പിടിക്കാന്‍ പോവാത്ത നമ്മുടെ പൊതുബോധം കടഞ്ഞെടുത്തതാണ് ഗാന്ധിജിയുടെ അഹിംസ.

എന്തായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യം? അതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വേണ്ട ആത്മനിയന്ത്രണമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റേതായ കാരണങ്ങളാല്‍ അദ്ദേഹം ബ്രഹ്മചര്യം പ്രഖ്യാപിച്ചു എന്നേയുള്ളൂ. നോക്കാം, അദ്ദേഹം വിവാഹിതനായത് പതിമൂന്നിലാണ്, അദ്ദേഹത്തിന്റെ പിതാവു മരിക്കുന്നത് അദ്ദേഹത്തിന്റെ 16 വയസ്സിലാണ്, 1885-ല്‍. മഹാത്മാഗാന്ധി ബ്രഹ്മചര്യം പ്രഖ്യാപിക്കുന്നത് തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ്. അതായത് പിതാവിന്റെ മരണശേഷം 20 വര്‍ഷം കഴിഞ്ഞ്, ഏതാണ്ടു ദാമ്പത്യജീവിതത്തിന്റെ കാല്‍നൂറ്റാണ്ടു പിന്നിട്ടപ്പോള്‍. മോഹന്‍ദാസില്‍നിന്നും മഹാത്മാവിലേയ്ക്കുള്ള കീഴ്ക്കാംതൂക്കായ പാതയില്‍ ലൗകികമായ ഊര്‍ജ്ജം അലൗകിക വ്യവഹാരങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ശ്രമമാവാനേ വഴിയുള്ളൂ.

mahatma gandhi
mahatma gandhinational gandhi museum

മൗണ്ട്ബാറ്റന്റെ ഗാന്ധി ദര്‍ശനം

അവസാന ഭാഗത്താണ് മൗണ്ട്ബാറ്റന്റെ ഗാന്ധി ദര്‍ശനം വരുന്നത് - പ്രിന്‍സ് ഓഫ് വെയില്‍സും താനും ഗാന്ധിജിയെ കാണാനായി 1922-ല്‍ ശ്രമിച്ചിരുന്നു എങ്കിലും കഴിഞ്ഞില്ല എന്നു പറഞ്ഞാണ് ആ കൂടിക്കാഴ്ച ആരംഭിക്കുന്നത്. ഗാന്ധി ആ കഥ മുഴുവന്‍ ആകാംക്ഷയോടെ കേട്ടുവെന്നും സംസാരിക്കാന്‍ പോയത് രാഷ്ട്രീയമാണെങ്കിലും രണ്ടു മണിക്കൂറോളം സംസാരിച്ചത് മറ്റു കാര്യങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മൗണ്ട്ബാറ്റണ്‍ കൂടുതലായും ചോദിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപ്പറ്റി, ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ഹരിശ്രീയെപ്പറ്റി, പിന്നെ സ്വാതന്ത്ര്യസമരത്തില്‍ അഹിംസ ആയുധമാക്കിയ വിപ്ലവകരമായ തീരുമാനത്തെപ്പറ്റിയുമായിരുന്നു. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന സംഭാഷണമായിരുന്നില്ല അതെന്നു പറഞ്ഞിട്ടും പത്രക്കാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം എഴുതുന്നു. അനുയായികളേയും മറ്റു പ്രതിഭാശാലികളേയും മാത്രമല്ല, എതിരാളികളെക്കൂടി തന്നിലേയ്ക്ക് ആകര്‍ഷിച്ചത് അദ്ദേഹം പരീക്ഷിച്ച പഴഞ്ചനെന്നു തോന്നിച്ച നൂതനമായ ശൈലികളായിരുന്നു.

mahatma gandhi
mahatma gandhinational gandhi museum

ചാപ്ലിന്‍ കണ്ട ഗാന്ധി

1931-ലാണ് ചാര്‍ളി ചാപ്ലിന്‍ ഗാന്ധിജിയെ കാണുന്നത്, ഗാന്ധിജിയുടെ ഇംഗ്ലണ്ട് സന്ദര്‍ശന വേളയില്‍. ചാപ്ലിന്‍ അദ്ദേഹത്തെ കണ്ടത് അങ്ങേയറ്റം കുശാഗ്രബുദ്ധിയും മേധാശക്തിയുമുള്ള ഒരു നേതാവായാണ്. യന്ത്രങ്ങളോടുള്ള ഗാന്ധിജിയുടെ വെറുപ്പിനെപ്പറ്റിയായിരുന്നു ചാപ്ലിന്‍ അദ്ദേഹത്തോടു ചോദിച്ചത്. ലോകനന്മ ലക്ഷ്യമാക്കി നിസ്വാര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ യന്ത്രങ്ങള്‍ തൊഴിലാളികളുടെ അടിമത്തത്തിനു അവസാനമുണ്ടാക്കുമെന്നും അധ്വാനത്തിന്റെ മണിക്കൂറുകള്‍ കുറച്ചി അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അങ്ങനെ വരുമ്പോഴേ അവര്‍ക്കു ജീവിതം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ എന്നുമുള്ള ചാപ്ലിന്റെ നിരീക്ഷണത്തോട് ഗാന്ധിജി വിയോജിച്ചതു നോക്കണം. ആ ഭാഗം ഇവിടെ മൊഴിമാറ്റുകയാണ്. ''താങ്കള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നുണ്ട്, അദ്ദേഹം ശാന്തനായി തുടര്‍ന്നു, പക്ഷേ, ആ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിനു മുന്‍പേ ഇന്ത്യ ഇംഗ്ലീഷുകാരുടെ ഭരണത്തെ തൂത്തെറിയണം. ഇന്ത്യയെ ഇംഗ്ലണ്ടിന്റെ ആശ്രിതരാക്കിയത് യന്ത്രങ്ങളാണ്. ആ പരാശ്രയത്തിനു അറുതിവരുത്താന്‍ ഏകമാര്‍ഗ്ഗം ആ യന്ത്രങ്ങള്‍ ഉല്പാദിപ്പിക്കുന്ന എല്ലാം ബഹിഷ്‌കരിക്കലാണ്. അതുകൊണ്ടാണ് സ്വന്തമായി നൂല്‍നൂറ്റു സ്വന്തം വസ്ത്രം നിര്‍മ്മിക്കുക എന്നത് ഒരു ദേശാഭിമാനപരമായ ഒരു കാര്യമാവുന്നത്. ഇംഗ്ലണ്ടിനെപ്പോലെ അതിശക്തമായ ഒരു രാജ്യത്തെ ആക്രമിക്കാനുള്ള ഞങ്ങളുടെ ഒരു വഴിയാണത്. തീര്‍ച്ചയായും മറ്റു കാരണങ്ങള്‍ കൂടിയുണ്ട്.''

ചാപ്ലിന്‍ അടുത്ത ഖണ്ഡികയില്‍ എഴുതുന്നു: ''പൂര്‍വ്വാപരവൈരുദ്ധ്യങ്ങളാല്‍ ഏവരേയും ഉണര്‍ത്തി, ഏറെ തന്ത്രപരമായി, അതിസമര്‍ത്ഥമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഗതിമാറ്റിയ തികഞ്ഞ യാഥാര്‍ത്ഥ്യവാദിയും അതിധീരനും കാരിരുമ്പിന്റെ മനക്കരുത്തുമുള്ള ആ ദാര്‍ശനികനെക്കുറിച്ച് വ്യക്തമായൊരു പാഠമായിരുന്നു എനിക്കാ കൂടിക്കാഴ്ച. പരമമായ സ്വാതന്ത്ര്യം എന്നാല്‍ അവനവന് ആവശ്യമല്ലാത്തത് ഉപേക്ഷിക്കുക കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്യന്തികമായി ഹിംസ സ്വന്തം കുഴിതോണ്ടുമെന്നും.''

സുശക്തമായ ഇംഗ്ലണ്ടിനെ ആക്രമിക്കുവാനുള്ള ഗാന്ധിമാര്‍ഗ്ഗം എത്രമാത്രം തന്ത്രപരവും ബുദ്ധിപൂര്‍വ്വകവുമായിരുന്നു എന്നറിയാന്‍ ചാപ്ലിനുമായുള്ള ആ സംഭാഷണശകലം തന്നെ ധാരാളം. അതുകൊണ്ടുതന്നെയാണ് ചര്‍ച്ചില്‍ ഗാന്ധിയെ അത്രയേറെ ഭയന്നതും പറ്റുന്നിടത്തെല്ലാം അപമാനിക്കാന്‍ ശ്രമിച്ചതും.

ഇംഗ്ലീഷുകാര്‍ നശിപ്പിച്ച ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അറിയണം, അക്കാലത്തെ കയറ്റുമതികളെക്കുറിച്ചു നമുക്കു ബോധമുണ്ടാവണം. കൃഷിയും വ്യവസായവും ഒരുപോലെ അഭിവൃദ്ധിപ്പെട്ട, ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു വിദേശനാണ്യം നേടിയിരുന്ന ഇന്ത്യയുടെ നട്ടെല്ലു തകര്‍ത്താണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്ന നാടാക്കി, അവരുടെ ഉല്പന്നങ്ങളുടെ വിപണിയാക്കി മാറ്റിയത്. ഒരേസമയം ഇംഗ്ലണ്ടിന്റെ വിപണി തകര്‍ക്കുകയും ഇന്ത്യക്കാരെ ദേശവികാരത്തിന്റെ ഖദര്‍നൂലില്‍ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന തന്ത്രമായിരുന്നു ഗാന്ധിയുടെ യന്ത്രവല്‍ക്കരണത്തോടുള്ള എതിര്‍പ്പും സ്വന്തമായി നൂല്‍നൂല്‍ക്കാനുള്ള ആഹ്വാനവും.

mahatma gandhi
mahatma gandhinational gandhi museum

ഗാന്ധിജി ലണ്ടനിലെ തെരുവില്‍ കാറില്‍നിന്നിറങ്ങുമ്പോഴുള്ള ജനക്കൂട്ടത്തിന്റെ ആവേശത്തെ പറ്റിയും ചാപ്ലിന്‍ എഴുതിയിരുന്നു. സംഭാഷണം മുഴുമിപ്പിച്ചിറങ്ങവേ ഗാന്ധിജി ചാപ്ലിനെ പ്രാര്‍ത്ഥന കാണുവാനായി ക്ഷണിച്ചു. സോഫയിലിരുന്നുകൊണ്ട് അവരുടെ പ്രാര്‍ത്ഥന ചാപ്ലിന്‍ കണ്ടു, അതേപ്പറ്റി ഇങ്ങനെ കുറിച്ചു: ''വല്ലാത്ത വിരോധാഭാസം എന്നാണെനിക്കു തോന്നിയത്. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തികഞ്ഞ അവബോധം, കണിശമായ വിലയിരുത്തലുകള്‍, അങ്ങേയറ്റത്തെ പ്രായോഗികതാവാദം, ഒക്കെയും ആ പ്രാര്‍ത്ഥനാഗാനത്തില്‍ ഇല്ലാതായിപ്പോവുന്നുവോ എന്നെനിക്കു തോന്നി.'' അതുകൂടിയാണു ഗാന്ധി, വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാര്‍ത്ഥനകളുടെ വിപണി നന്നായറിഞ്ഞതും ആ അറിവിനെ നന്നായി ഉപയോഗിക്കുകയും ചെയ്ത ധിഷണാശാലി.

ലൂയി ഫിഷറിന്റെ ഗാന്ധിദര്‍ശനം

ലൂയി ഫിഷര്‍ ഗാന്ധിജിയെ കാണുന്നത് 1942-ലാണ്. സംഭാഷണമദ്ധ്യേ ഗാന്ധിജി ഫിഷറിനോട്...

താങ്കള്‍ 14 വര്‍ഷം റഷ്യയിലായിരുന്നുവല്ലോ, സ്റ്റാലിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഏറെ കഴിവുള്ളയാള്‍, ഏറെ ക്രൂരനും.

ഗാന്ധിജി: ഹിറ്റ്ലറുടെ അത്രയും ക്രൂരനാണോ?

ഫിഷര്‍: ഏറ്റവും കുറഞ്ഞപക്ഷം.

അക്കാലത്തുള്ള ഗാന്ധിജിയുടെ നെറ്റ്വര്‍ക്ക് അത്രയും വ്യാപകമായിരുന്നു, അറിയാനുള്ള ത്വരയും ആ അറിവിനെ കൃത്യമായി ഉപയോഗിക്കാനുള്ള കഴിവും.

നേച്വര്‍ മാഗസിന്റെ ആദരം

മഹാപാപങ്ങളായി മഹാത്മാവു കണ്ട തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, മാനവികതയില്ലാത്ത ശാസ്ത്രം എന്നത് എടുത്തെഴുതിയാണ് നാച്വര്‍ മാഗസിന്‍ 2019 ഒക്ടോബറിലെ എഡിറ്റോറിയലിലൂടെ ഗാന്ധിയെ ആദരിച്ചത്. The champion of India's freedom movement was an innovator and supporter of sustainable science എന്നാണ് നേച്വര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മാഗസിന്‍ ഒരിടത്ത് ഉദ്ധരിക്കുന്നത് 40 വര്‍ഷത്തോളം ഇന്ത്യയിലെ റൂറല്‍ ഇന്നൊവേഷനെപ്പറ്റി ഗവേഷണം നടത്തുന്ന ഐഐഎം അഹമ്മദാബാദ് പ്രൊഫസറായ അനില്‍ ഗുപ്തയെയാണ്. ടെക്നോളജിയുടെ വികസനത്തിനു ക്രൗഡ് സോഴ്സിങ് ഉപയോഗിച്ച ആദ്യപേരുകളില്‍ ഗാന്ധിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കാഷ്പ്രൈസോടുകൂടി ഒരു മത്സരം 1929-ല്‍ ഗാന്ധിജി സംഘടിപ്പിച്ചത് ഭാരം കുറഞ്ഞതും ഉറപ്പേറിയതും ചുരുങ്ങിയത് 20 വര്‍ഷം ആയുസ്സുള്ളതുമായ ഒരു ചര്‍ക്ക വികസിപ്പിച്ചെടുക്കാനായിരുന്നു.

പ്രസ്തുത ലേഖനം മറ്റൊരിടത്ത് മഹാത്മജി 1925-ല്‍ തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ചു സംസാരിച്ചതു അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ രാമചന്ദ്രഗുഹയുടെ വാക്കുകളില്‍ അവതരിപ്പിക്കുന്നു. തന്നെപ്പറ്റിയുള്ള ശാസ്ത്രവിരുദ്ധന്‍ എന്ന തെറ്റായ ധാരണയെ ഗാന്ധിജി പൊളിച്ചടുക്കുന്നത് പൊതുവായ ഒരന്ധവിശ്വാസമാണത് എന്നു വിശേഷിപ്പിച്ചായിരുന്നു. ശാസ്ത്രമില്ലാതെ നമുക്കു ജീവിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം കുട്ടികളോടു പറഞ്ഞു, ഒന്നുകൂടി മുന്നോട്ടുപോയി തന്റെ എളിയ അഭിപ്രായത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കു കൂടി പരിമിതികളുണ്ടെന്നും ആ പരിമിതികളാവട്ടെ. മാനവികത നമ്മളില്‍ അടിച്ചേല്പിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തുമാത്രം ശരിയായ നിരീക്ഷണമാണത്? മാനവികതയില്ലാത്ത ശാസ്ത്രം മനുഷ്യന്റെ തന്നെ ശവക്കുഴി തോണ്ടുന്നതായി തോന്നുന്ന കാലഘട്ടത്തില്‍.

mahatma gandhi
mahatma gandhinational gandhi museum

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മാറാത്ത ദാരിദ്ര്യം, അനാരോഗ്യം അങ്ങനെ പലതിനോടും പൊരുതിനില്‍ക്കുന്ന ലോകത്താണ് നമ്മളിന്നു സുസ്ഥിരത എന്നു വിളിക്കുന്ന ഗാന്ധിയുടെ പ്രതിബദ്ധത ഏറെ പ്രസക്തമാവുന്നത്; അദ്ദേഹത്തിന്റെ കാലത്തേക്കാളുമേറെ എന്നു നിരീക്ഷിച്ചുകൊണ്ടാണ് നേച്വര്‍ എഡിറ്റോറിയല്‍ അവസാനിക്കുന്നത്. വായിച്ചാല്‍ തീരാത്ത ഒരു പുസ്തകമുണ്ടെങ്കില്‍, കണ്ടാല്‍ മതിവരാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍, വരച്ചാല്‍ മതിവരാത്ത ഒരു രൂപമുണ്ടെങ്കില്‍ അതു ഗാന്ധിയാണ്.?

Reference:

1. Gandhi at First Sight, Thomas Webber, Roli books

2. https://www.nature.com/articles/d41586-019-03010-8

mahatma gandhi
'നമ്മളാരും കുരുതി കഴിക്കാനും പൂരം തുള്ളാനും പോകാറില്ല'; കുമാരനാശാനും ഹിന്ദുമതവും -നരേന്ദ്രപ്രസാദ് എഴുതിയ ലേഖനം
mahatma gandhi
''ടേ മന്ത്രി, തനിക്ക് മനസ്സിലായോ, ഇത് പട്ടര്‍''; സിവി ആനന്ദബോസ് എഴുതിയ മലയാറ്റൂര്‍ ഓര്‍മ
Summary

gandhi jayanti 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com