'നമ്മളാരും കുരുതി കഴിക്കാനും പൂരം തുള്ളാനും പോകാറില്ല'; കുമാരനാശാനും ഹിന്ദുമതവും -നരേന്ദ്രപ്രസാദ് എഴുതിയ ലേഖനം

1999 ജനുവരി 29 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Narendra Prasad
നരേന്ദ്രപ്രസാദ്File
Updated on

1923-ല്‍ കുമാരനാശാന്‍ 'മിതവാദി' പത്രാധിപര്‍ സി. കൃഷ്ണന്റെ പേര്‍ക്കയച്ച ദീര്‍ഘമായ ഒരു കത്ത് പത്തുകൊല്ലത്തിനുശേഷം 'മതപരിവര്‍ത്തനരസവാദം' എന്ന പേരില്‍ മൂര്‍ക്കോത്തു കുമാരന്‍ പ്രസിദ്ധപ്പെടുത്തി. തീയ്യ സമുദായത്തിന്റെ ഉന്നമനത്തിനുള്ള ശരിയായ മാര്‍ഗ്ഗം മതപരിവര്‍ത്തനമാണ് എന്നു വാദിച്ചുകൊണ്ട് സി. കൃഷ്ണന്‍ തന്നെ എഴുതിയ ലേഖത്തിനുള്ള ഒരു ചുട്ട മറുപടിയാണ് ആ കത്ത്. പത്രാധിപര്‍ അത് പ്രസിദ്ധപ്പെടുത്തിയില്ല. ഇന്ന്, കുമാരനാശാന്റെ 75-ാം ചരമവാര്‍ഷികത്തില്‍ മരിക്കുന്നതിന് ഒരു കൊല്ലം മുന്‍പ് അദ്ദേഹം എഴുതിയ ഈ 'മതപരിവര്‍ത്തനരസവാദം' എന്ന ചെറുപുസ്തകം എന്റെ കണ്‍മുന്നില്‍ വന്നിരിക്കുന്നു. ഹിന്ദുമതത്തെ അപകടപ്പെടുത്താം എന്ന വ്യാമോഹത്തോടെ ജാതിപ്രശ്‌നങ്ങള്‍ പൊക്കിക്കൊണ്ടുവരുന്ന ഒരു സാഹചര്യമുണ്ടല്ലോ ഇന്ന്. അതിന്റെ പശ്ചാത്തലത്തില്‍ 'രസവാദം' ഒന്നുകൂടി വായിക്കുന്നത് സത്യാന്വേഷികള്‍ക്ക് സഹായകരമായിരിക്കും. ഹിന്ദുമതം എന്നു കേട്ടാലുടനെ സവര്‍ണ്ണ മേധാവിത്വം, സവര്‍ണ്ണ ഫാസിസം എന്നീ വാക്കുകള്‍ ഉച്ചരിച്ചു വിറളി പിടിപ്പിക്കുന്ന ദലിതപ്രതിഭകളുടെ കണ്ണു തെളിയാന്‍ കൂടി ഇങ്ങനെയൊരു വായന ഉതകിയേക്കും. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തനിമ തകര്‍ക്കാന്‍ ഉദ്യമിക്കുന്ന സാര്‍വ്വലൗകിക ബുദ്ധിരാക്ഷസന്മാര്‍ 'രസവാദം' വായിച്ച് സ്വന്തം പാപങ്ങള്‍ കഴുകിക്കളയട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

കേരളത്തിലെ ദലിതര്‍ സ്വന്തം ജാതികളില്‍ വിശ്വാസമില്ലാത്തവരാണ്. 'ദലിതര്‍' എന്ന പേരുവച്ച് സ്വന്തം ജാതിപ്പേരുകള്‍ മറയ്ക്കുന്നതുതന്നെ ഇതിന്റെ സൂചനയാണല്ലോ

എല്ലാ മൗലികവാദങ്ങളോടുമൊപ്പം ഒരു ദലിത മൗലികവാദം കൂടി നമ്മുടെ നാട്ടില്‍ ഉണ്ടായിവരികയാണോ? മൗലികവാദമെന്നാല്‍ വിശ്വാസത്തിലുള്ള കടുംപിടുത്തമെന്നേ അര്‍ത്ഥമുള്ളു. എന്നാല്‍, കേരളത്തിലെ ദലിതര്‍ സ്വന്തം ജാതികളില്‍ വിശ്വാസമില്ലാത്തവരാണ്. 'ദലിതര്‍' എന്ന പേരുവച്ച് സ്വന്തം ജാതിപ്പേരുകള്‍ മറയ്ക്കുന്നതുതന്നെ ഇതിന്റെ സൂചനയാണല്ലോ. (നമ്മുടെ കര്‍ഷകത്തൊഴിലാളിയും അടിസ്ഥാനവര്‍ഗവുമൊക്കെ ദലിതമേലങ്കിയണിയുന്നതിനെ മാര്‍ക്സിയന്‍ ബുദ്ധിജീവികള്‍ എങ്ങനെ വീക്ഷിക്കുന്നുവെന്നറിയാന്‍ ഒരു പൗരനെന്ന നിലയില്‍ എനിക്കു കൗതുകമുണ്ട്.) കുമാരനാശാന്‍ മതപരിവര്‍ത്തനവാദം എഴുതുമ്പോള്‍ ദലിതര്‍ മാത്രമല്ല, തീയ്യരും ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നു. അതിനാല്‍ തീയ്യര്‍ ബുദ്ധമതാനുയായികളാവണമെന്നായിരുന്നു സി. കൃഷ്ണന്റെ വാദം. ഈ വാദത്തെ കുമാരനാശാന്‍ എങ്ങനെയാണ് ഖണ്ഡിക്കുന്നതെന്നു നോക്കാം.

''ഒരു തീയ്യര്‍ ബൗദ്ധനായിക്കഴിഞ്ഞാല്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍, ഹിന്ദുവെന്ന നിലയില്‍ അവനെ താണ ജാതിക്കാരനായി പിന്നെ ഗണിക്കയില്ലെന്നും അതുകൊണ്ടു സ്വതേതന്നെ അവനു സമുദായനിലയില്‍ കയറ്റം കിട്ടുമെന്നും നിങ്ങള്‍ പറയുന്നു. ഇതു വെറും ഊഹം, അല്ലെങ്കില്‍ സങ്കല്പം മാത്രമാകുന്നു. ക്രിസ്ത്യാനി മതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തനരസവാദം ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കിയിട്ടില്ല. ബുദ്ധമതം പ്രചരിക്കുന്ന സിലോണ്‍ മുതലായ രാജ്യങ്ങളില്‍ താണവര്‍ഗ്ഗക്കാരും ഉണ്ട്. ആ മതം അവര്‍ക്കു കയറ്റം കൊടുത്തിട്ടില്ല. നേരെമറിച്ച് ഹിന്ദുമതം പല താണവര്‍ഗ്ഗക്കാരെയും പൊക്കീട്ടുണ്ട്. ശങ്കരന്‍, രാമാനുജന്‍, ശ്രീകൃഷ്ണചൈതന്യന്‍ മുതലായ പല ആചാര്യന്മാരും പല വര്‍ഗ്ഗക്കാരെ ഉന്നമിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഉന്നമനം ഉന്നമിപ്പിക്കുന്നവരുടെ പാത്രതയെയും കാലദേശാവസ്ഥകളെയും അനുസരിച്ച് സാധ്യമാകുന്നതാണ്. അതുകൊണ്ടാണ് അതു നമ്മള്‍ വിചാരിക്കുമ്പോഴൊക്കെ സംഭവിക്കാത്തത്. വിശേഷിച്ചും ഈ വക സംഗതികള്‍ - താണവര്‍ഗ്ഗക്കാരുടെ സമുദായസ്ഥിതിയെ പൊക്കുക മുതലായ ബാഹ്യകാര്യങ്ങള്‍- ഒന്നും ഈ മതത്തിന്റെയോ ആ മതത്തിന്റെയോ പ്രത്യേക ഗുണങ്ങളായി ഞാന്‍ വിചാരിക്കുന്നില്ല.''

Narendra Prasad
അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്‍റെ കഥ - അദ്ധ്യായം രണ്ട്
Kumaran Asan
കുമാരനാശാന്‍file

സമുദായ പരിഷ്‌കരണമെന്നത് അതാതു പ്രദേശങ്ങളിലെ ചരിത്രപരവും സാമൂഹികവുമായ കാരണം കൊണ്ടുണ്ടാകുന്നതാണെന്നും ഏതു മതത്തിലായാലും സമുദായപരിഷ്‌കരണം സംഭവിക്കാമെന്നുമാണ് ആശാന്‍ പറയുന്നത്. മതഗ്രന്ഥങ്ങളിലെ സാരാംശങ്ങള്‍ വച്ച് മതങ്ങളെ വിലയിരുത്തുന്നത് അപര്യാപ്തമാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, സാരാംശങ്ങളില്‍പ്പോലും ഹിന്ദുമതം ഉന്നതങ്ങളിലാണെന്ന് വേദാന്തത്തിലെ യമനിയമാദികള്‍ ചൂണ്ടിക്കാട്ടി വാദിക്കുകയും ചെയ്യുന്നു. പ്രവൃത്തിയാണ് മതത്തിന്റെ മേന്മ നിശ്ചയിക്കുന്നതെന്നു പറഞ്ഞുകൊണ്ട് ആശാന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

''അഹിംസയെ ബുദ്ധമതം ഉച്ചമായി ഘോഷിക്കുന്നു. എങ്കിലും അത് ഇന്ന് അധികമായി അനുഷ്ഠിക്കുന്നത് ഹിന്ദു വൈദികന്മാരാകുന്നു. കേവലം സസ്യഭുക്കായ ഒരു സമുദായം ഹിന്ദുക്കളിലല്ലാതെ കാണാന്‍ കഴികയില്ല. ബുദ്ധമതം പഴയ വൈദികമതത്തിന്റെ തെളി മാത്രമാണെന്നു പറയുന്നവരോട് ഇന്നത്തെ ഹിന്ദുമതം പഴയ ബുദ്ധമതത്തിന്റെ സത്താണെന്ന് അവരുടെ എതിരാളി പറയും.''

ഹിന്ദുമതത്തിലെ ജാതിശല്യത്തെ പരാമര്‍ശിച്ചുകൊണ്ട് ആശാന്‍ ഉന്നയിക്കുന്ന വാദമുഖങ്ങളിലൊന്ന്, ജാതിവ്യവസ്ഥയെ അനുവദിക്കാത്ത ബുദ്ധമതം സംഘങ്ങളിലൂടെ ജനങ്ങളുടെ മേല്‍ ലൗകികാധികാരം പ്രയോഗിച്ചിരുന്നില്ല എന്നതാണ്. ''എന്നാല്‍, ജനങ്ങളുടെ ഇടയില്‍ മുന്‍പുതന്നെ മുളച്ചുവന്ന ജാതിവികാരങ്ങളെ പറിച്ചുകളയാന്‍ സംഘങ്ങള്‍ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുമില്ല.''

Narendra Prasad
''ടേ മന്ത്രി, തനിക്ക് മനസ്സിലായോ, ഇത് പട്ടര്‍''; സിവി ആനന്ദബോസ് എഴുതിയ മലയാറ്റൂര്‍ ഓര്‍മ

രാഷ്ട്രീയമായ ആവശ്യം പ്രമാണിച്ച് ജാതിയോടു മല്ലിട്ടുതുടങ്ങിയിട്ടുള്ള അവസ്ഥ, ഉത്പതിഷ്ണുവായ ആശാന്‍ നിരീക്ഷിക്കുന്നുണ്ട്. ''...ഇപ്പോള്‍ നടക്കുന്ന അയിത്തവര്‍ജ്ജന പ്രസ്ഥാനവും മിശ്രഭോജന സംരംഭവും ഫലപ്രദമായിത്തീരുമെങ്കില്‍സ ജാതി നിര്‍ജീവമായിത്തീരുന്നതാണ്.'' രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായിരുന്ന 1923-ലാണ് ആശാന്‍ ഇതെഴുതുന്നതെന്ന് ഓര്‍ക്കണം. എഴുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ്, ഇന്നു നാം നോക്കുമ്പോള്‍ ജാതിവ്യവസ്ഥ നിര്‍ജ്ജീവമായിപ്പോയി എന്നു രാഷ്ട്രീയമായ ആവശ്യത്താല്‍ അതിനെ തല്പരകക്ഷികള്‍ വികൃതരൂപത്തില്‍ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കാണുന്നു. അതായത് രാഷ്ട്രീയക്കാരുടെ കൈയില്‍ ആയുധമായതോടെയാണ് ജാതികളുടെ സഹവര്‍ത്തിത്വം മാറി ജാതിസ്പര്‍ദ്ധ ഉടലെടുക്കുന്നത് എന്നര്‍ത്ഥം. സ്വാതന്ത്ര്യം കിട്ടുമെന്നോ ഭരണഘടന ജാതിവ്യവസ്ഥയെ നിര്‍ജ്ജീവമാക്കുമെന്നോ, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം ഇത്രമാത്രം അശ്ലീലമാകുമെന്നോ ചിന്തിക്കാന്‍ പ്രയാസമുണ്ടായിരുന്ന ഒരു കാലത്ത് ശുഭാപ്തിവിശ്വാസത്തോടെ ആശാന്‍ എഴുതിയതാണിത്. ഗാന്ധിയുടെ അയിത്തോച്ചാടനയജ്ഞം പോലും ആരംഭിക്കുന്നതിനു മുന്‍പ്.

അനാചാരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ആശാന്‍ പറയുന്നതു നോക്കുക:

''ഞാനും നിങ്ങളും ശ്രീനാരായണ ഗുരു സ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്. നമ്മളാരും കുരുതി കഴിക്കാനും പൂരം തുള്ളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകള്‍ വേറെയും ഉണ്ട്; അവരും അതിനു പോകാറില്ല... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകള്‍ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികള്‍ ഒന്നുപോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായസ്ഥിതിയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുള്ള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു.''

ബുദ്ധമതത്തിന്റെ ദുഷിച്ച ഭാഗങ്ങളിലും അനാചാരങ്ങള്‍ ഉണ്ടാകാമെന്ന് ആശാന്‍ സൂചിപ്പിക്കുന്നു. ''മഹായാന ബുദ്ധമതം, മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, കൂടപത്രങ്ങള്‍, ജന്തുബലികള്‍ എന്നിവയില്‍ വലിയ താല്പര്യമാണ് കാട്ടുന്നത്. ഹീനയാന ബുദ്ധമതവും അതിന്റെ ആദിസിദ്ധാന്തങ്ങളില്‍നിന്ന് മാറിപ്പോയിരിക്കുന്നു... ''ഈശ്വരനില്ലാത്ത മതത്തെ തങ്ങള്‍ക്കായി പ്രഖ്യാപന ചെയ്ത ഭഗവാന്‍ ബുദ്ധനെത്തന്നെ തങ്ങളുടെ ഈശ്വരനായി വരിച്ചു ജനങ്ങള്‍ ആരാധന തുടങ്ങിയ വസ്തുതയില്‍ ഒളിച്ചിരിക്കുന്ന കൗതുകകരമായ വിധിവിലാസം,'' ചൂണ്ടിക്കാട്ടുന്നു ആശാന്‍. രാംമോഹന്‍ റോയി, ടാഗോര്‍, വിവേകാനന്ദന്‍ തുടങ്ങിയവര്‍ ഹിന്ദുമതത്തിന്റെ പരിഷ്‌കര്‍ത്താക്കളാണ്. അവര്‍ ഹിന്ദുമതത്തെ നിരസിച്ചിട്ടില്ല.

ഹിന്ദുമതത്തെ വളരെ വിശാലമായ അര്‍ത്ഥത്തിലാണ് ആശാന്‍ സമീപിച്ചത്: ''സാംഖ്യം, വൈശേഷികം മുതലായ മതങ്ങള്‍ പോലെ ബുദ്ധമതവും ഒരു ദര്‍ശനമാകുന്നു.'' മഹാകവി ഹിന്ദുമതത്തെ എങ്ങനെ നോക്കിക്കണ്ടു എന്നു തെളിയിക്കുന്ന ചില ഭാഗങ്ങള്‍ കൂടിയുണ്ട്. ''ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാ''ണെന്ന് ആശാന്‍ പറയുന്നു. അല്ലാതെ മതം മാറണമെന്നോ മതം വേണ്ടെന്നോ പറയാനദ്ദേഹം ഉദ്ദേശിച്ചിട്ടില്ല.

ചരിത്രപ്രാധാന്യമുള്ള ഈ കത്തിലെ ഏറ്റവും ഹൃദ്യമായ പ്രസ്താവന ഇതാണ്. ''മതങ്ങളെല്ലാം മലയരുവികള്‍ പോലെ ഉന്നതസ്ഥാനങ്ങളില്‍നിന്നും പുറപ്പെടുന്നവയാണ്. അവയുടെ അതാതു കാലത്തെ ശുദ്ധി അവ ഒഴുകുന്ന ദിക്കുകളുടെ ഗുണദോഷങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Narendra Prasad
കഥ വന്ന വഴി - പ്രിയ എഎസ് എഴുതിയ കുറിപ്പ്
Narendra Prasad
Archives|കാണിപ്പയ്യൂര്‍ പറയുന്ന കണക്കുകള്‍
Summary

Archive: Narendra Prasad writes about Kumaran Asan`s writings and Hinduism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com