

നീലനിറമുള്ള യക്ഷികള്‍ മരങ്ങളില്‍ മുടിയഴിച്ചിട്ടുകിടന്ന മദ്ധ്യാഹ്നം. പുറവഴിയില്‍ സന്യാസിമാരുടെ പതിഞ്ഞ കാലൊച്ച മാത്രം കേള്‍ക്കാം. ചായങ്ങളൊലിച്ചുപോയ ഒരു വലിയ കിരീടം പോലെ നെടുമ്പറമ്പില്ലത്തിന്റെ വാസ്തുശില്പം ഭൂമിയില്‍ വീണുകിടന്നു. അതിന്റെ പിന്നാമ്പുറത്തിരുന്ന് അമ്മ ഒരു കഥ പറയാന്‍ തുടങ്ങി.
അമ്മയുടെ കഥ
പുല്ല്യാട്ടില്ലത്ത് ചന്ദ്രശേഖര ഭട്ടതിരിപ്പാട് എന്നൊരാള്‍ പാര്‍ത്തിരുന്നു. ഒരുദിവസം സ്വന്തം ഷഷ്ട്യബ്ധപൂര്‍ത്തിയാഘോഷം കഴിഞ്ഞ് ഉച്ചയുറക്കത്തിന് അദ്ദേഹം മുകള്‍നിലയിലെ മുറിയിലേക്കു പോയി. അവിടെ ദ്രാവിഡമായ വനേച്ഛകളോടെ കിടന്ന കട്ടിലില്‍ വിശ്രമിക്കെ ഭട്ടതിരിപ്പാടിന് മുഗളന്മാരുടെ കാലത്തെ വ്യാഘ്രങ്ങളെയും സൂകരങ്ങളെയും ഓര്‍മ്മ വന്നു. അനായാസം സൈന്ധവലിപികള്‍ വായിച്ചുകൊണ്ട്, കൊത്തുവേലകള്‍ നിറഞ്ഞ കിടപ്പറയെ ഒരു കുതിരയായി സങ്കല്പിച്ചുകൊണ്ട് അദ്ദേഹം അവയെ നായാടി. യഥാര്‍ത്ഥം പറഞ്ഞാല്‍ യൗവ്വനത്തെക്കുറിച്ചുള്ള മാജിക്കല്‍ ആലോചനകളായിരുന്നു അറുപതാം വയസ്സില്‍ ഭട്ടതിരിപ്പാടിന്റെ ആ ഉച്ചയുറക്കത്തില്‍ നിറഞ്ഞുനിന്നത്. അടുത്തക്ഷണം വെയിലിന്റെ മൃഗയയിലേക്ക് പ്രൗഢനായി അണിഞ്ഞൊരുങ്ങി പുല്ല്യാട്ടെ കാരണവര്‍ നടന്നു; ഒരു വേളി കഴിക്കാന്‍. ആ യാത്ര ഒടുക്കം ഋഷിയില്ലത്തു ചെന്ന് അവസാനിച്ചു.
ഋഷിയില്ലം ക്ഷീണദശയിലായിരുന്നു. അതുകൊണ്ട് പുല്ല്യാട്ട് ഇല്ലത്തു നിന്നും വന്ന ആ ആലോചന അനുഗ്രഹമായി. ഋഷിയില്ലത്ത് ഒരു സ്വാമിയാര്‍ പാര്‍പ്പുറപ്പിച്ചിരുന്നു. അമ്മയുടെ മുത്തച്ഛന്‍ വേളിക്കാര്യങ്ങള്‍ ഇദ്ദേഹവുമായി കൂടിയാലോചിച്ചെങ്കിലും ഗൃഹപരിത:സ്ഥിതി കണക്കിലെടുത്ത് അതിന് സമ്മതം മൂളിയ സ്വാമിയാര്‍ പക്ഷേ, അനന്തരതലമുറകള്‍ അന്യംനിന്നുപോകുമെന്ന് അമ്മയുടെ മുത്തച്ഛനെ ഉപദേശിച്ചു. പിന്നീട് അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
പുല്ല്യാട്ട് ഇല്ലത്തെ ഭട്ടതിരിപ്പാടിന്റെ വേളിയിലുണ്ടായ ഇളയ പെണ്‍കുട്ടിയായിരുന്നു എന്റെ അമ്മ.
ആ സ്വര്‍ണ്ണമാല
ലക്ഷ്മി ആയയെക്കുറിച്ച് ഞാനെന്തെഴുതണം? ഇളംതളിരുണ്ടു മദിച്ച കാട്ടുമയിലുകളുടെയും ഗഗനചാരികളുടെയും ഇടയില്‍ ലക്ഷ്മി ആയ ഇപ്പോഴുമുണ്ടാകും; ഉത്സവപ്പറമ്പുകളിലേക്ക് എന്നെയും ഒക്കത്തിരിത്തി യാത്ര തിരിക്കാന്‍ തയ്യാറായി.
ചേലയ്ക്കലെ അയല്‍പക്കത്തെ ഒരു നായര്‍ കുടുംബത്തിലേതായിരുന്നു അവര്‍. അച്ഛന്‍ കുഞ്ഞായിരിക്കുമ്പോള്‍ കുട്ടിയെ പരിചരിക്കാനാണ് ലക്ഷ്മിയെ ഇല്ലത്തു കൊണ്ടുവന്നത്. എളുപ്പത്തില്‍ ലക്ഷ്മി ആയ നെടുമ്പറമ്പില്ലത്തിന്റെ ഭാഗമായി. ഞങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കിട്ടു.
ഒരു കുടുംബത്തിലെ രണ്ടു തലമുറകളില്‍പ്പെട്ട കുഞ്ഞുങ്ങളെ നോക്കുക എന്നത് സാധാരണ ആയമാര്‍ക്കു സാധിക്കാറില്ല. പക്ഷേ, ലക്ഷ്മിക്ക് സാധിച്ചു. അച്ഛന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍, എന്റെ സഹോദരിമാര്‍, എന്റെ അനുജന്‍. എല്ലാവര്‍ക്കും അവര്‍ തന്നെയായിരുന്നു പരിചാരിക. ലക്ഷ്മി ആയ നെടുമ്പറമ്പില്ലത്തിനു നല്‍കിയ വിഹിതം സ്വന്തം ജീവിതമായിരുന്നു.
അവരുടെ ത്യാഗത്തിനു പ്രതിഫലമെന്നോണം ഒരിക്കല്‍ അച്ഛന്‍ അവര്‍ക്കൊരു സ്വര്‍ണ്ണമാല സമ്മാനിച്ചു. അത് കൃതജ്ഞതയോടെ ലക്ഷ്മി എല്ലാവരെയും കാട്ടിയിരുന്നു.
ഇല്ലത്തെ തലമുറകളുടെ ഇളംചൂടുള്ള ഉടലുകളും മാമ്പൂവും ഏറ്റുവാങ്ങിയ ആ പാവം വിരലുകള്‍ ഞാനോര്‍മ്മിക്കുന്നു. പുകമഞ്ഞില്‍ അലിഞ്ഞ് നെടുമ്പറമ്പിനു മുകളില്‍ ഒരു ഗോത്രചിഹ്നം പോലെ എന്റെ ലക്ഷ്മിയമ്മ.
ഒരാള്‍ വളരുന്നു
ഞാനിപ്പോള്‍ ഏഴുവയസ്സുള്ള കുട്ടിയല്ല. വേദാദ്ധ്യയനത്തിനു മുതിരുന്ന ഒരു ബ്രഹ്മചാരിയാണ്. ബ്രഹ്മചാരിയുടെ ആചാരപരമായ അനുശാസനങ്ങളെക്കുറിച്ചും ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഇടവേളകളില്‍ അച്ഛന്‍ പറഞ്ഞുതരാറുണ്ടായിരുന്നു. ഭക്ഷണത്തില്‍ ഒരുപിടിയുണ്ട് വര്‍ജ്യമായുള്ളത്. കൂടാതെ മരം കയറരുത്, ചീത്ത വാക്കുകള്‍ പറയരുത്, കോപിക്കരുത്. എതിര്‍ലിംഗ സഹവാസം പാടില്ല. ഹീനജാതിക്കാരോട് സംസാരിച്ചേ കൂടാ.
ആചാരക്രമത്തില്‍ വിധിക്കപ്പെട്ടിട്ടുള്ളത്- സൂര്യനുദിക്കുമ്പോള്‍ ഗാത്രയീമന്ത്രം, ചമതഹോമം, മദ്ധ്യാഹ്നത്തില്‍ ഉപസ്ഥാനം, ഔപാസന, അസ്തമയത്തില്‍ സന്ധ്യാവന്ദനം. ആചാരങ്ങളിലൂടെ ഞാന്‍ വളരുന്നു. ലക്ഷണമൊത്ത ബ്രഹ്മോപാസകനായി.
തടാകത്തിന്റെ ആനപ്പുറത്ത്
അക്കാലത്ത് വേദപഠനത്തിന് ഗുരുകുല സമ്പ്രദായമാണ്. ഗുരുവിന്റെ വീട്ടില്‍ ഒരംഗമായി നില്‍ക്കും. അവിടെ വച്ച് ശിഷ്യനെ വേദങ്ങള്‍ മാത്രമല്ല, സന്മാര്‍ഗോപദേശങ്ങളും അനുശാസനങ്ങളും ഗുരു പഠിപ്പിക്കും. പക്ഷേ, ഗുരുകുലവാസം എനിക്കു വേണ്ടിവന്നില്ല.
അച്ഛന്‍ തന്നെയായിരുന്നു എന്റെ ഗുരു. കര്‍ക്കശ പ്രകൃതനല്ലായിരുന്നതിനാല്‍ ദണ്ഡനങ്ങളേല്‍ക്കാതെ ഞാന്‍ വേദമന്ത്രോച്ചാരണങ്ങളുടെ മാളിക കയറിയിറങ്ങി നടന്നു. തട്ടിവീഴുമ്പോഴൊക്കെ അച്ഛന്‍ തിരുത്തിത്തന്നു.
ഇടയ്‌ക്കെങ്കിലും അച്ഛന് പുറത്തുപോകേണ്ടിയിരുന്നു. അപ്പോള്‍ പകരക്കാരന്‍ ചെറിയ രാമന്‍ അപ്ഫന്‍ ആണ്. അച്ഛന്റെ സഹോദരന്‍. ക്ഷമയും കാരുണ്യവും തൊട്ടുതീണ്ടിയിരുന്നില്ല ഈ അപ്ഫന്‍ നമ്പൂതിരിക്ക്. അതുകൊണ്ട് ചെറിയ അപ്ഫന്റെ കീഴില്‍ വേദാദ്ധ്യയനം എനിക്കു പേടിസ്വപ്നമായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അച്ഛന്‍ എളുപ്പം വരണേ എന്ന് സര്‍വ്വശക്തനോടു പ്രാര്‍ത്ഥിക്കും. വന്നോ എന്ന് ഓരോ പുലരിയിലും മുറ്റത്ത് മെതിയടിയുടെ അടയാളവും അകലവും നോക്കും.
അച്ഛന്‍ വന്നുകഴിഞ്ഞാല്‍ കപോലങ്ങളിലെ നഖം താഴ്ത്തിയ വടുക്കളോ പുറത്തെ കൈപ്പാടുകളോ ഒന്നും ഞാന്‍ കാണിക്കാറില്ല. എല്ലാ ബ്രഹ്മചാരികളും ഇതുപോലെ പ്രയാസപ്പെട്ടിരുന്നെന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും.
രാമന്‍ അപ്ഫനെ നീരസത്തോടെ ഓര്‍ത്തുകൊണ്ട് ഞാനിപ്പോള്‍ കുളപ്പുരയില്‍ നില്‍ക്കുകയാണ്. ഉടല്‍ നിറയെ വായിക്കാന്‍ വിഷമമുള്ള ലിപികളായി ദണ്ഡനനത്തിന്റെ പാടുകള്‍. ഇളവെയിലും മരനിഴലും വീണ് നീലമായ ജലം ദാ എന്നെ വിളിക്കുന്നു. ശരീരത്തിലെ ചിത്രലിപികള്‍ നോക്കി തണുത്ത കുളത്തിന്റെ ആനപ്പുറത്തിരുന്ന് ഞാന്‍ ഒരു കുടന്ന വെള്ളം ആകാശത്തേയ്‌ക്കെറിഞ്ഞു. എനിക്കു ചുറ്റും ഈശ്വരന്മാര്‍ നിറഞ്ഞു.
തെക്കിനിയിലെ ചിത്രം
മുത്തച്ഛന്‍ പുലര്‍ച്ചയ്ക്കു മുമ്പേ കുളിക്കും. തെക്കിനിയില്‍ ഗായത്രീജപം. വടക്കിനിയില്‍ ഗണപതിഹോമം. അതുകഴിഞ്ഞാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക്. പ്രഭാതഭക്ഷണം പത്തുമണിക്കാണ്. വിശ്രമത്തിനു മുന്‍പും അതിനുശേഷവും കാര്യസ്ഥനുമായി കാണും. ക്രയവിക്രയങ്ങളും വരവുചെലവുകളും തിട്ടപ്പെടുത്തുന്നത് അപ്പോഴാണ്. പിന്നീട് ഒരാശ്രമം പോലെ ശാന്തനായി കട്ടിലില്‍ കണ്ണടയ്ക്കും.
വൈകുന്നേരം കുളിക്കാനും സന്ധ്യാവന്ദനത്തിനും വീണ്ടും ക്ഷേത്രത്തിലേയ്ക്കാണ് പോക്ക്. അവിടിരുന്നാല്‍ സ്വസ്ഥമായി ഗായത്രി ജപിക്കാം. ശേഷം, മണ്ഡപത്തിലിരുന്ന് വിഷ്ണുസഹസ്രനാമം. മുത്തച്ഛന്റെ ജപങ്ങള്‍ കേട്ട് എത്ര സന്ധ്യ ഇരുട്ടിത്തുടങ്ങും! വെളിച്ചവുമായി അദ്ദേഹത്തെ മടക്കിക്കൊണ്ടുവരേണ്ടത് എന്റെ ചുമതലയാണ്. ഞാന്‍ ഒരു നെയ്ത്തിരി വിളക്ക് കരുതും. ഇരുട്ടില്‍ വിചിത്രമായ ഒരു ബൊട്ടാണിക്കല്‍ ലോകത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചുനടക്കും.
മുത്തശ്ശാ... സൂക്ഷിച്ച്.
പാപ്പി ഓപ്പയുടെ വിവാഹം
എന്റെ കുട്ടിക്കാലത്ത് പാപ്പി ഓപ്പ മുപ്പതിനോടടുത്തുകൊണ്ടിരിക്കുന്ന വേളി തരമാകാത്ത ഒരു സ്ത്രീയായിരുന്നു. അച്ഛന് വിശ്രമമില്ലാതെയായി. ദിവസങ്ങളോളം ഇല്ലങ്ങളില്‍ അലഞ്ഞുനടന്നു; പാപ്പി ഓപ്പയ്‌ക്കൊരു വരനെത്തേടി. ഒടുക്കം പുറത്തുനിന്നൊരാളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഓപ്പയെ പുതിയേടത്തു നാരായണന്‍ നമ്പൂതിരി എന്നൊരാളെക്കൊണ്ടു വിവാഹം ചെയ്യിച്ചു. മുത്തശ്ശിയുടെ ഒരു അകന്ന മരുമകന്‍.
ആദ്യത്തെ കുറെ വര്‍ഷങ്ങളില്‍ പുതിയേടത്തില്ലത്ത് അച്ഛന്റെ സഹായത്താല്‍ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. അവര്‍ക്കൊരു പെണ്‍കുഞ്ഞും പിറന്നു. എന്നാല്‍, അച്ഛന്റെ മരണത്തോടെ ഓപ്പയുടെ കാര്യം അവതാളത്തിലായി. കുഞ്ഞും ഓപ്പയും മുത്തശ്ശിയുടെ അടുത്തേക്കു തിരിച്ചുപോന്നു.
നെടുമ്പറമ്പില്ലത്തെത്തി മകളോടുകൂടി കുറേക്കാലം താമസിച്ചു. പിന്നീട് പാപ്പി ഓപ്പ ചികിത്സയിലായി. അര്‍ബ്ബുദമായിരുന്നു പാവത്തിന്. ഇടയ്ക്കിടെ നാരായണന്‍ നമ്പൂതിരി വരും കാണും.
ഒരുദിവസം ആരുമറിയാതെ അവര്‍ മരിച്ചു.
കല്യാണയാത്രകള്‍, ഉത്സവങ്ങള്‍
നെടുമ്പറമ്പില്ലത്തേയ്ക്കു വരുന്ന വിവാഹക്ഷണങ്ങള്‍ മുത്തശ്ശി ഒഴിവാക്കാറില്ല. ഇല്ലം എത്ര അകലത്തായാലും തലേന്നേ യാത്ര പുറപ്പെട്ട് കൃത്യസമയത്തു തന്നെ അവിടെ എത്തിച്ചേരും. ഇടവഴികളില്‍നിന്ന് ഇടവഴികള്‍ താണ്ടിയായിരിക്കും യാത്ര. എന്നെയും കൂടെക്കൊണ്ടുപോകും.
മുത്തശ്ശിയും മറ്റും മൂടുപടം ചുറ്റിയിരിക്കും. മേല്‍ഭാഗം പനയോലകൊണ്ടുള്ള മറക്കുടകളുണ്ട്. മുന്നിലും പിന്നിലും വാല്യക്കാര്‍. ഒരു കൂട്ടര്‍ 'ഹൂവാ' എന്ന് അമാനുഷസ്വരം പുറപ്പെടുവിച്ച് നടക്കും; മേല്‍ജാതിക്കാരായ അന്തര്‍ജനങ്ങളെ വരവറിയിക്കാന്‍. പിന്നിലുള്ളയാള്‍ ചുവപ്പും നീലയും തേച്ച ഒരു മരപ്പെട്ടി തലയില്‍ ചുമന്നുകൊണ്ടാണ് നടപ്പ്. അതില്‍ നിറയെ അന്തര്‍ജനങ്ങള്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമാണ്.
ധനികരുടെ ഇല്ലത്താണ് കല്യാണമെങ്കില്‍ പകല്‍ കൈക്കൊട്ടികളിയും രാത്രി സംഘക്കളിയുമുണ്ടാകും. കത്തിച്ച നിലവിളക്കിനു മുന്നില്‍ സുന്ദരികളായ സ്ത്രീകള്‍ വളകിലുക്കത്തോടെ താളത്തില്‍ കൈകൊട്ടും. ശ്രുതിമധുരമായി ചുവടുവയ്ക്കും.
സംഘക്കളി പുരുഷന്മാരുടെ വിഹിതമാണ്. പണ്ട് കേരളം പതിനെട്ടു പടയണി സംഘങ്ങളായി വിഭജിക്കപ്പെട്ടിരുന്നപ്പോള്‍ ഓരോന്നിനും ഓരോ സംഘക്കളിക്കാരുമുണ്ടായിരുന്നത്രെ. ധനവാന്മാരായ നമ്പൂതിരി ഇല്ലക്കാര്‍ ചടങ്ങുകള്‍ക്ക് ഇവരെ ക്ഷണിക്കും. വാളും പരിചയുമണിഞ്ഞ പടയാളികള്‍ കാണികളെ രസിപ്പിക്കും.
ഏറ്റവും നല്ല പ്രകടനം ഹാസ്യനാടകങ്ങളാണ്. ഇതില്‍ കഥയും കഥാപാത്രങ്ങളും സമൃദ്ധം. മണ്ണാനും മണ്ണാത്തിയും- വീട്ടുവഴക്കിനെ ആസ്പദമാക്കിയുള്ളത്. കുറവനും കുറത്തിയും- അസൂയയെ തുറന്നുകാണിക്കുന്നത്. ഇട്ടിക്കണ്ടപ്പന്‍- സ്വയം നിരൂപണ സവിശേഷതയുള്ളത്. ഊശി- കുടിയേറിയ തമിഴരുടെ തമാശകളും മറ്റും.
അമ്മാത്തെ ശാന്തിക്കാരന്‍
അമ്മാത്തില്ലത്ത് വളരെ കുറച്ചുപേരെ മാത്രമേ എനിക്കോര്‍മ്മയുള്ളു. അതില്‍ ഒരപ്ഫന്‍ നമ്പൂതിരിയെ ഇന്നും ഞാനോര്‍ക്കുന്നു. കഴുകന്റെ ചുണ്ടുപോലെ ഉയര്‍ന്ന മൂക്കും തുറന്ന വായും അതില്‍ പല്ലുമില്ലാത്ത ഒരാള്‍.
ഇല്ലത്തിനെതിര്‍വശത്തെ പുഞ്ചനിലം മുറിച്ചുകടന്നാല്‍ കുന്നിന്‍ചെരിവില്‍ ഒരു ചെറിയ ശിവക്ഷേത്രമുണ്ട് പുല്ല്യാട്ടില്ലത്തിന്റേതായി. ഇല്ലത്തുനിന്ന് ആരെങ്കിലും പൂജയ്ക്കു പോകുമ്പോള്‍ ഞാനും കൂടും. ഒരു ദിവസം ക്ഷേത്രത്തിലെ പൂജയ്ക്കു പോകാന്‍ ആളില്ല. പകരത്തിനു പോകാമോ എന്ന് എന്നോടു ചോദിച്ചു. ഞാന്‍ സമ്മതിക്കുകയും ചെയ്തു.
പകല്‍. ശിവക്ഷേത്രം. ഞാന്‍ തിടപ്പള്ളിയില്‍ തീ കൊളുത്തി. നിവേദ്യത്തിനുള്ള അരി തിളക്കാനിട്ടു. ശ്രീകോവിലിനകത്ത് പവിത്രസ്ഥാനത്തിരുന്ന് എനിക്കറിയാവുന്ന മാതിരി അഭിഷേകമാരംഭിച്ചു. കുറേ കഴിഞ്ഞപ്പോള്‍ നിവേദ്യച്ചോറ് തയ്യാറായി. മന്ത്രങ്ങളുരുക്കഴിച്ചുകൊണ്ട് ഞാന്‍ നിവേദ്യമര്‍പ്പിച്ചു. അങ്ങനെ ആരാധന കഴിഞ്ഞു.
എനിക്കു വിശപ്പും ക്ഷീണവുമുണ്ടായിരുന്നു. നിവേദ്യത്തില്‍ ചേര്‍ന്ന വെണ്ണയുടെയും കദളിയുടെയും മണം അതിന് ആക്കം കൂട്ടി. ഒടുവില്‍ കഴിച്ചു. ബാക്കിയുമായി ഇല്ലത്തേയ്ക്കു മടങ്ങി.
വഴിപാടില്‍ കുറവു കണ്ട് അമ്മാത്തില്ലത്തെ ആരോ എന്നോടു ചോദിച്ചു: ഇന്നു പ്രതിഷ്ഠയ്ക്കു അസാധാരണമായ വിശപ്പായിരുന്നു അല്ലേ?
വേനല്‍ക്കാല വസതി
ചേലയ്ക്കല്‍ ഇല്ലം ഞങ്ങളുടെ തല്‍ക്കാല വസതിയായിരുന്നു. ചിലപ്പോള്‍ അമ്മയോ മുത്തശ്ശിയോ ഒരു മാറ്റത്തിനുവേണ്ടി ആഴ്ചകളോളം അവിടെ പോയി നില്‍ക്കും. ഇല്ലം പടിഞ്ഞാറുതിരിഞ്ഞ്, പറമ്പിനു മദ്ധ്യത്തായി, പലതരം ഫലവൃക്ഷങ്ങളോടെ നിറഞ്ഞുനിന്നു. കൂറ്റന്‍ തേക്കുകള്‍ ഉയര്‍ന്നു അന്തസ്സായി നിന്നു.
വേനല്‍ക്കാലമാവുമ്പോള്‍ ഈ വൃക്ഷങ്ങളെല്ലാം ഫലങ്ങള്‍ നിറഞ്ഞു ഭാരമേകും. മാമ്പഴവും ചക്കപ്പഴവും ആഞ്ഞിലിപഴങ്ങളും അവിടെ ധാരാളമുണ്ടാകും. ചേലയ്ക്കല്‍ ഇല്ലത്തെ മാമ്പഴങ്ങള്‍ക്ക് നെടുമ്പറമ്പില്ലത്തേതിനേക്കാള്‍ മധുരമുണ്ടായിരുന്നു.
ഈ ഇല്ലം പണിഞ്ഞത് നൂറ്റാണ്ടുമുന്‍പാണ്. താഴ്ന്ന മച്ചും തേഞ്ഞുപഴകിയ ജാലകങ്ങളും ഒച്ചയുണ്ടാക്കുന്ന കതകും അതു മടികൂടാതെ സമ്മതിക്കും. മരത്തൂണുകള്‍, ഉത്തരങ്ങള്‍, കുറുംകഴുക്കോലുകള്‍ ഒക്കേറ്റിനും ചിതലെടുത്തിരിക്കുന്നു.
തിണ്ണ പരുപരുത്തതും ഉച്ചനേരങ്ങളില്‍ പൊടിപാറ്റുന്നതുമാണ്. ഞങ്ങളുടെ വരവുണ്ടെന്നറിയുമ്പോള്‍ അടുത്തുള്ള വാല്യക്കാര്‍ ആരെങ്കിലും ചാണകം മെഴുകി മിനുക്കിയിടും. തേക്കിന്റെ പാകം ചെന്ന ഇലകളിലാണ് ചോറു വിളമ്പുക. സ്വര്‍ണ്ണത്തളികയിലെന്നപോലെ.
ഇല്ലത്തിന്റെ പ്രത്യേകത പടിഞ്ഞാറു നിന്നു വീശുന്ന തണുത്ത കാറ്റാണ്. ഒഴിവുകളില്ലാതെ വീശുന്ന ഇടതൂര്‍ന്ന കാറ്റ്. ആത്മാവിനെയും ശരീരത്തെയും അതു തഴുകിക്കൊണ്ടിരിക്കും. ചൂടുകൂടിയ വേനല്‍ക്കാലത്ത് മുമ്പെപ്പെഴോ, അവിടെ തങ്ങാനിടയായ ഒരു പാന്ഥന്‍ വായുഭഗവാനെ സ്തുതിച്ചുകൊണ്ട് കോലായില്‍ ഇങ്ങനെ എഴുതിയിട്ടു:
ചേലയ്ക്കലില്ലത്തഥ മഹാപരി-
ങ്ങലാമീ കോലായിലെഴുന്ന കാറ്റ്
മാലോകരേ കേള്‍ക്കണമത്യുദാരം,
നീലേന്ദ്രശൈലം ബദ തോറ്റുപോകും
ഓണക്കാലം
ചിങ്ങമാസത്തില്‍ നെടുമ്പറമ്പില്ലത്ത് കാഴ്ചവസ്തുക്കളുടെ സമൃദ്ധിയാണ്. നേന്ത്രക്കായ, മാങ്ങ, വെള്ളരി... കുടിയാന്മാര്‍ അവ നിരനിരയായി കാഴ്ചവയ്ക്കും. കുട്ടികള്‍ക്ക് അതില്‍ തട്ടി നടക്കാന്‍ വയ്യാതാകും. എണ്ണ വ്യാപാരികളാണെങ്കില്‍ വെളിച്ചെണ്ണയോ നല്ലെണ്ണയോ കൊണ്ടുവരും. കൊങ്കിണിമാര്‍ പപ്പടക്കെട്ടുകള്‍, നെയ്ത്തുകാര്‍ തോര്‍ത്തുമുണ്ടുകള്‍, വേലന്മാര്‍ ഓലക്കുടകള്‍.
ഗാനോപകരണങ്ങളുമായാണ് മുസ്ലിം ഫക്കീര്‍മാരെത്തുക. തുറ്റു വിരിഞ്ഞ പൂക്കള്‍ക്കിടയിലൂടെ. പണക്കാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അവര്‍ അഭ്യര്‍ത്ഥനയോടെ യാചിക്കും. കൈനിറയെ പഴങ്ങളും വസ്ത്രങ്ങളും അവര്‍ക്കു കിട്ടും. മുത്തുനബിയിലേക്കു കൃഷ്ണമണികളുയര്‍ത്തി തമ്പൂറ കൊട്ടി പാടുന്ന ഫക്കീര്‍ സംഘങ്ങള്‍. ദാനവസ്തുക്കളുമായി പടിയിറങ്ങുമ്പോഴും പുകയിലച്ചുരുട്ടിന്റെ മണം അവിടെയൊക്കെ തങ്ങിനില്‍പ്പുണ്ടാവും.
ഈശ്വരന്റെ കാമുകി
പൂര്‍ണ്ണത്രയേശന്റെ പറയെഴുന്നള്ളിപ്പ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍. ആറാം ദിവസമായ പൂരാടത്തിന്, ഉച്ചയ്ക്ക് പറയെഴുന്നള്ളിപ്പ് ഞങ്ങളുടെ ഇല്ലത്തു വരും. അവിടം കഴിഞ്ഞാല്‍ പ്രസിദ്ധമായ വടക്കേടത്ത് ഇല്ലത്തേയ്ക്ക്.
പൂര്‍ണ്ണത്രയീശന്റെ വടക്കേടത്ത് ഇല്ലത്തേയ്ക്കുള്ള വരവിനെപ്പറ്റി ഒരു കെട്ടുകഥയുണ്ട്. കാലം ഓര്‍മ്മിക്കാത്ത പഴക്കത്തില്‍ നടന്നതാണ്. ഈ ഇല്ലത്തെ പെണ്‍കുട്ടി പൂര്‍ണ്ണത്രയീശനെ അചഞ്ചലമായി ആരാധിച്ചിരുന്നത്രെ. ആരാധന വളര്‍ന്ന് സ്‌നേഹമായി. പൂര്‍ണ്ണത്രയീശന്‍ അവളുടെ കാമുകനുമായി. ഒരു ദിവസം ഇല്ലത്തുകാര്‍ ഇഷ്ടമില്ലാത്തൊരു വിവാഹത്തിനു വഴിവച്ചപ്പോള്‍ അവള്‍ അവിടെ നിന്നോടിപ്പോന്ന് ക്ഷേത്രത്തില്‍ അഭയം തേടി. ത്രയീശന്റെ കാല്‍ക്കലെ താമരയില്‍ പെണ്‍കുട്ടി സുരക്ഷിതയാണെന്നു ഉറപ്പുവരുത്താനാണ് വര്‍ഷംതോറും അവളുടെ ഇല്ലത്തേയ്ക്കു ദേവന്റെ ഈ യാത്ര എന്നാണ് ഐതിഹ്യം.
രാത്രികാലങ്ങളില്‍ ഈശ്വരന്റെ ഈ കാമുകിയെ ഞാന്‍ ഒരുപാടു സ്വപ്നം കാണാറുണ്ടായിരുന്നു. മൃണാളമായ തണലില്‍ കിടന്നുകൊണ്ട്.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates