

മലയാള സിനിമയുടെ പോക്ക് അപകടകരമായ ദിശയിലേക്കാണെന്ന് നടന്‍ തിലകന്‍ പറയുന്നു. താരാധിപത്യം വളര്‍ന്നു വളര്‍ന്ന് മലയാളത്തിലെ ചലച്ചിത്ര മണ്ഡലത്തെ തമിഴകത്തെക്കാളും തരംതാഴ്ത്തിയിരിക്കുകയാണെന്ന് തിലകന്‍ വേദനയോടെ അഭിപ്രായപ്പെടുന്നു. മലയാള സിനിമയുടെ ഓരോ ദശാസന്ധിയിലും അതിനോടൊത്ത് നീങ്ങുകയും അതിന്റെ സ്പന്ദനങ്ങള്‍ മനസ്സിലേക്ക് ആവാഹിക്കുകയും ചെയ്ത തിലകന്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍നിന്നും.
വര്‍ഷങ്ങളായി അങ്ങ് മലയാള ചലച്ചിത്രരംഗത്ത് വന്നിട്ട്. താങ്കള്‍ സിനിമ കണ്ടുതുടങ്ങിയ നാളില്‍നിന്ന് ഇന്നേവരെയുള്ള പ്രധാനപ്പെട്ട മാറ്റം എന്താണ്?
1935-ല്‍ ഞാന്‍ ജനിച്ചു. 45 കൊല്ലമായി ഞാന്‍ സിനിമ കണ്ടുതുടങ്ങിയിട്ട്. ചിന്താമണി, ആയിരം തലൈവാങ്കി തുടങ്ങിയവയായിരുന്നു അന്നത്തെ സിനിമകള്‍. അന്‍പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ സ്ഥിരമായി സിനിമ കാണുന്ന ഒരാളായിരുന്നു ഞാന്‍. അന്നൊക്കെ കണ്ട സിനിമകളിലെ ഡയലോഗുകള്‍ മനസ്സില്‍ തങ്ങുമായിരുന്നു. ഇപ്പോള്‍ സിനിമ കണ്ടിറങ്ങിയാല്‍ അതിലെ ഒരു ഡയലോഗ് പോലും മനസ്സില്‍ നില്‍ക്കില്ല.
ഡയലോഗുകളുടെ ശക്തിയില്ലായ്മ മാത്രമാണോ പ്രതിസന്ധി?
അല്ല. പണ്ട് കേരളത്തിലെയും കല്‍ക്കത്തയിലെയും സിനിമകളില്‍ മാത്രമാണ് ഹിറോയിസം എന്ന പതിവ് ഇല്ലാതിരുന്നത്. തകഴിയുടെ 'ചെമ്മീനി'ലെ ഹീറോ ആരാണെന്നു പറയാമോ? 'ചെമ്മീന്‍' കണ്ട ഒരു തമിഴന്‍ ഒരിക്കല്‍പ്പറഞ്ഞ ഒരു തമാശയുണ്ട്. സത്യന്റെ സ്ഥാനത്ത് എം.ജി.ആര്‍ ആയിരുന്നെങ്കില്‍ എന്തൊക്കെ സംഭവിച്ചേനെ! ഇന്നാണെങ്കില്‍ താരാധിപത്യത്തിന്റെ ബഹളമാണ്. നന്നായി അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നത്തെ സിനിമയില്‍ നടന്മാര്‍ക്ക് സാദ്ധ്യതയുണ്ട്. അതാണ് ദുരന്തം.
താരാധിപത്യം ഉണ്ടെങ്കിലും താരങ്ങള്‍ക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ അവസരമില്ലല്ലോ?
ശരിയാണത്. മലയാളത്തില്‍ മോഹന്‍ലാല്‍ എന്ന നടന് പെര്‍ഫോം ചെയ്യാന്‍ അവസരമുണ്ടോ? പതിനഞ്ചുപേരെ ഒന്നിച്ചു കൊല്ലാനാണ് മോഹന്‍ലാലിലെ കഥാപാത്രത്തിന് കൗതുകം. മലയാള സിനിമയിലെ മികച്ച താരങ്ങള്‍ക്ക് അഭിനയിക്കാന്‍ സാദ്ധ്യതയുള്ള കഥാപാത്രങ്ങളെ ഇന്നു കിട്ടുന്നില്ല.
ഹാസ്യത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
മിമിക്രിക്കാര്‍ നടന്മാരായതോടെ ഹാസ്യത്തിന്റെ മുഖച്ഛായ മാറി. 'പഞ്ചവടിപ്പാലം' എന്ന ചിത്രത്തില്‍ ഞാന്‍ കോമഡി ചെയ്തിട്ടുണ്ട്. ആ കോമഡി ഇന്നു ജനം കണ്ടാല്‍ ചിരിക്കില്ല. 'പഞ്ചവടിപ്പാലം' വളരെ പവര്‍ഫുള്‍ ആയ ആക്ഷേപഹാസ്യചിത്രമാണ്. ആവര്‍ത്തനവിരസമാണ് ഇന്നത്തെ കോമഡി. മിമിക്രിക്കാര്‍ ഉണ്ടാക്കുന്ന ഹാസ്യത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.
വിജയിക്കുന്ന ചിത്രങ്ങളുടെ പിന്നാലെയുള്ള പുതിയ ചിത്രങ്ങളുടെ പോക്കിനെക്കുറിച്ച് എന്തു പറയുന്നു? ഈ അനുകരണ ട്രെന്‍ഡ് ദോഷകരമല്ലേ?
അതെ. ഒരു പടം ബോക്സോഫീസില്‍ ഹിറ്റായാല്‍ അതിന്റെ വഴിയെയാണ് അടുത്ത ചിത്രം പുറത്തിറങ്ങുന്നത്. സംഗീതവും ഗാനവുമൊക്കെ ഒരേ അച്ചില്‍ വാര്‍ത്തതാണ്. എങ്ങനെയെങ്കിലും സിനിമ ഉണ്ടാക്കിയാല്‍ മതി എന്നതാണ് അവസ്ഥ. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നും പറയുന്നു. ഇന്നത്തെ ചിത്രങ്ങള്‍ക്കില്ലാത്ത തനിമ അന്നത്തെ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു.
പഴയകാല ചിത്രങ്ങളില്‍ താരാധിപത്യവും ഇന്നു കാണുന്ന പ്രവണതകളും ഇല്ലായിരുന്നോ?
പ്രേംനസീര്‍ വലിയ കലാകാരനല്ല. എന്നാല്‍, ജീവനുള്ള വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. അന്ന് ഹീറോയെ മനസ്സില്‍ വച്ച് ചിത്രങ്ങളുണ്ടാക്കിയിരുന്നില്ല. ഇന്ന് സൂപ്പര്‍സ്റ്റാറിന് വേണ്ടിയാണ് കഥ ഉണ്ടാക്കുന്നത്. ഒരു കെട്ടിടത്തിന് ഒരുപാടു തൂണുകളുണ്ട്. വീടിന്റെ കരുത്തില്‍ ഓരോ തൂണിനും പങ്കുണ്ട്. അതില്‍ ഏതെങ്കിലും തൂണിന് സൂപ്പര്‍ പദവിയുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നു പറയും പോലെയാണ് ഇന്നത്തെ സിനിമ.
താരാധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണു പ്രശ്‌നം?
അറുപതുകളിലെ ചിത്രങ്ങള്‍ക്ക് ഒരു സന്ദേശം പറയാനുണ്ടായിരുന്നു. ഇന്നത്തെ ചിത്രങ്ങള്‍ക്ക് വികലമായ സന്ദേശങ്ങളാണ് പറയാനുള്ളത്. നമ്മുടെ ചെറുപ്പക്കാര്‍ സൂപ്പര്‍താരത്തിന്റെ വസ്ത്രധാരണരീതിയാണ് അനുകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 6-ന് കേരളത്തിലെമ്പാടും ആഞ്ഞടിച്ച ഒരു പ്രശ്‌നമുണ്ട്. ബോംബ്. ഭാഗ്യത്തിന് അന്ന് കേരളത്തില്‍ ബോംബൊന്നും പൊട്ടിയില്ല. ഇങ്ങനെ ഒരു ബോംബ് കാലാവസ്ഥ കേരളത്തിലുണ്ടാക്കിയതും സിനിമ തന്നെയാണ്. ആരെയും കൊല്ലാം എന്ന രീതിയിലാണ് ഇന്നത്തെ കഥകള്‍. സിനിമാസ്‌റ്റൈലിലാണ് കൊള്ളകള്‍ നടക്കുന്നത്.
സിനിമയുടെ മോശപ്പെട്ട പ്രവണതകളെക്കുറിച്ച് താങ്കള്‍ വിമര്‍ശിക്കുന്നു. അതേസമയം അത്തരം സിനിമകളില്‍ സജീവമാണ് താങ്കളും. എന്താണ് ഈ വൈരുദ്ധ്യം?
അത് വൈരുദ്ധ്യമല്ല. സിനിമയെക്കുറിച്ച് എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതാണ് ഞാന്‍ പറഞ്ഞതും. എനിക്ക് തല്‍ക്കാലം സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ കഴിയില്ല. പണം വേണം. എനിക്ക് കാറില്‍ മാത്രമേ യാത്ര ചെയ്യാനാകൂ. ചില്ലറ കൊണ്ട് നില്‍ക്കാന്‍ കഴിയില്ല. ഈ പ്രതിസന്ധിക്ക് പ്രാപഞ്ചികമായ പരിഹാരമേയുള്ളു. തുടങ്ങിയ സ്ഥലത്തുതന്നെ സിനിമ തിരിച്ചുവരും. അങ്ങനെ വിശ്വസിക്കുക.
സിനിമയില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടോ?
ഉണ്ട്. രാഷ്ട്രീയ അതിപ്രസരം സിനിമയെ ബാധിക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ വിമര്‍ശിച്ചാല്‍ സിനിമയ്ക്ക് അവാര്‍ഡ് കിട്ടില്ല. മുഖ്യമന്ത്രിയെ ചീത്ത പറയാന്‍ പാടില്ല. പൊലീസിനെ ചീത്ത പറയാന്‍ കഴിയില്ല. ഹരിജനം എന്നു പറഞ്ഞാല്‍ സിനിമ ബാന്‍ ചെയ്യും. സത്യന്‍ അന്തിക്കാടിന്റെ 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന ചിത്രത്തില്‍ തട്ടാന്‍ എന്നത് തട്ടാന്മാരുടെ പരാതി കാരണം മാറ്റേണ്ടിവന്നു. കലാകാരന്‍ എന്നും സ്വതന്ത്രനായിരിക്കണം. അവന്‍ സമൂഹത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റേണ്ടവനാണ്. നഴ്സുമാരെ വച്ച് ഒരു പാട്ട് ചിത്രീകരിച്ചപ്പോള്‍ ബാലചന്ദ്രമേനോന് അതു മാറ്റേണ്ടിവന്നു. നഴ്സുമാരുടെ പ്രതിഷേധമായിരുന്നു കാരണം.
ഇന്ത്യയിലെ ഒന്നാംനിര താരങ്ങളില്‍ ഒരാളാണ് താങ്കള്‍. എന്നാല്‍, താങ്കളുടെ പ്രതിഭയെ ശരിയാംവണ്ണം പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ ചലച്ചിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ?
ഇന്ത്യയിലെ ഒന്നാംനിര താരങ്ങളില്‍ ഒരാളാണ് ഞാനെന്നത് നിങ്ങളുടെ വിലയിരുത്തലാണ്. അതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല. എന്നെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള കാരണം നല്ല കഥകളുടെ അഭാവമാണ്. നല്ല കഥ മാത്രമല്ല, നല്ല തിരക്കഥയും ഇവിടെ ഉണ്ടാകുന്നില്ല. കോപ്പിയടിക്കാണ് മാര്‍ക്കറ്റ്. 'കാലാള്‍പ്പട'യില്‍ ഞാന്‍ അവതരിപ്പിച്ച വേഷം പോലും മറ്റേതോ സിനിമയില്‍ നിന്നുള്ള അനുകരണമാണ്.
ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഓര്‍ത്തുവയ്ക്കാന്‍ താങ്കള്‍ക്ക് എത്ര വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്?
'കൗരവര്‍' എന്ന സിനിമയിലെ അലിയാര്‍, പ്രേക്ഷകപ്രീതി നേടിയ വേഷമാണ്. ദുഷ്ടനായ കഥാപാത്രമായിരുന്നു അത്. മമ്മൂട്ടി ആ കഥാപാത്രത്തെ എതിര്‍ത്തപ്പോള്‍ ജനം കൂകി. അതായിരുന്നു ആ കാരക്ടറിനു ലഭിച്ച അംഗീകാരം. 'സ്ഫടിക'ത്തിലെ അച്ഛന്‍ വേഷവും എടുത്തുപറയേണ്ടതാണ്. ആ കഥാപാത്രത്തില്‍ പാളല്‍ ഉണ്ടെങ്കിലും അത് ദോഷകരമായില്ല. 'സന്താനഗോപാലം', 'കുടുംബവിശേഷം', 'കുടുംബപുരാണം' തുടങ്ങിയ സിനിമകളിലും നല്ല വേഷമായിരുന്നു. പിന്നെ 'കിരീട'വും 'പെരുന്തച്ച'നും എടുത്തുപറയേണ്ടതാണ്.
ഇവിടെ നല്ല സിനിമ ഉണ്ടാകാത്തതിന് കാരണം കഥയുടെ ക്ഷാമമാണോ?
അല്ല. കഥയ്ക്ക് ഇവിടെ യാതൊരു ക്ഷാമവുമില്ല. അതിനുകാരണം മറ്റു ചില പരിഗണനകളാണ്. ഞാന്‍ നാടകത്തിനുവേണ്ടി എപ്പോഴും കഥ അന്വേഷിക്കുന്ന ഒരാളാണ്. പലപ്പോഴും പത്രവാര്‍ത്തകളില്‍നിന്ന് കഥ കണ്ടെത്താന്‍ കഴിയും. അതൊന്നും കണ്ടെത്താന്‍ ആര്‍ക്കും താല്പര്യമില്ല. കഥയ്ക്കുപകരം വിവിധ ഭാഷകളിലുള്ള വിപണനസാദ്ധ്യത കണ്ടെത്തി ഒരു ബിഗ് ബജറ്റ് അടിപ്പടം എടുക്കാനാണ് ഏവര്‍ക്കും ഇഷ്ടം.
താങ്കള്‍ ഇപ്പോള്‍ നാടത്തില്‍ സജീവമാണല്ലോ. സിനിമ കുറഞ്ഞതുകൊണ്ടാണോ ഇത്?
ഞാനൊരിക്കലും നാടകം വിട്ടിട്ടില്ല. സിനിമയില്‍നിന്ന് ലീവെടുത്ത് നാടകത്തിന് പോകാറുണ്ട്. അത് എന്റെ അഭിനയശൈലിയെ ഒന്നു ചാര്‍ജ് ചെയ്യാന്‍ വേണ്ടിയാണ്. നാടകം അവതരിപ്പിക്കുമ്പോഴും ബുദ്ധിമുട്ടുകളുണ്ട്. ഉത്സവപ്പറമ്പുകളില്‍ നാടകവുമായി പോകാന്‍ സാധിക്കുന്നില്ല. ഒബ്‌സര്‍വേഷനുള്ള സൗകര്യങ്ങള്‍ പോയി. കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലും ഗ്ലാസ്സ് അടച്ചിടേണ്ട ഗതികേടാണ്. സിനിമാതിയേറ്ററില്‍ ചെന്ന് സമാധാനമായി സിനിമ കാണാന്‍ സാധിക്കുന്നില്ല.
അടുത്ത പ്രോജക്ടുകള്‍?
റോബിന്‍ തിരുമല തിരക്കഥയെഴുതുന്ന 'ഗാന്ധിയന്‍' എന്ന ചിത്രം പ്രതീക്ഷ നല്‍കുന്നു. 'ഗാന്ധിയനി'ല്‍ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിനെ വിമര്‍ശിക്കുന്ന ഒരാളുടെ വേഷമാണ്. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ജയറാമിന്റെ അച്ഛനായി അഭിനയിക്കുന്നു. രാജീവ്കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്.
നാടകത്തിന്റെ നിലവാരവും താഴുകയല്ലേ?
അതെ. നാടകത്തിന്റെ സങ്കല്പത്തില്‍ മാറ്റം വന്നു. ഞങ്ങളുടെ പുതിയ നാടകമായ 'ആദിശങ്കരന്‍ ജനിച്ച നാട്ടില്‍' ചില ഒച്ചപ്പാടുകള്‍ ഉണ്ടാക്കി. ഈ നാടകം പുലയനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ ഇത് അവതരിപ്പിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായി. നാടകത്തെ കലയായി കാണാന്‍ കഴിയാത്തവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. നാടകത്തിലും രാഷ്ട്രീയം വന്നുതുടങ്ങിയിരിക്കുന്നു.
അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം?
സോക്രട്ടീസ്. ദാര്‍ശനികനായ സോക്രട്ടീസിനെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്. ഒരിക്കല്‍ സെവന്‍ ആര്‍ട്ട്‌സ് വിജയകുമാര്‍ സീസറെ അവതരിപ്പിക്കാന്‍ പറഞ്ഞു. പറ്റില്ലെന്ന് ഞാനും പറഞ്ഞു. സീസറിന്റെ ശാരീരികയോഗ്യത എനിക്കില്ല. മാര്‍ലന്‍ ബ്രാന്റോ സീസറിനെ അവതരിപ്പിച്ചത് ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍, സീസര്‍ചരിത്രത്തില്‍ ഒരു സൂത്സിയറിന്റെ വേഷമുണ്ട്. അതു കിട്ടിയാല്‍ ഞാന്‍ അവതരിപ്പിക്കും. വിജയകുമാറിനോടും ഇതു പറഞ്ഞു. ഒടുവില്‍ സീസര്‍ എന്ന പ്രോജക്ട് ക്യാന്‍സലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates