Archives|'അഞ്ഞാഴിത്തണ്ണിയില്‍ അരനാഴി നിലം'; കുട്ടനാടിന്റെ കഥ, ചുണ്ടന്‍ വള്ളങ്ങളുടേയും

1998 ഓഗസ്റ്റ് 21 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Chundan Vallam
ഓരോ കുട്ടനാടന്‍ കരയ്ക്കുമുണ്ട് തലയെടുപ്പുള്ള ഓരോ ചുണ്ടന്‍വള്ളംFile
Updated on

കുട്ടനാടിന്റെ താളം

നകള്‍ക്കുപോലും വഴിനടക്കാന്‍ കഴിയുന്ന ഗതാഗതസൗകര്യം ഐതിഹ്യമാലയിലെ കഥകള്‍ക്കുണ്ട്. എന്നാല്‍, കുട്ടനാട് ഭൂപരമായ ഒരു പരിമിതിയാണ്. ജലത്തിന്റെ നേര്‍ക്ക് നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന കരകളാണ് ഇവിടെ അധികവും. പല്ലുകൊഴിഞ്ഞ ഒരു കിഴവിയുടെ വായപോലെ ജലം എപ്പോഴും ഇളകിക്കൊണ്ടിരിക്കും. അതിനുമീതെയാണ് മേല്‍മീശപോലെ അഗ്രം വളഞ്ഞ പള്ളിയോടങ്ങള്‍ തുഴഞ്ഞുവരുന്നത്.

ജലവും ജലയാത്രയ്ക്കുതകുന്ന നൗകകളും കൃഷിജന്യമായ ഇടനിലങ്ങളും ചേര്‍ന്ന ലോകമാണ് കുട്ടനാടിന്റേത്. ഇന്നും അതങ്ങിനെത്തന്നെയാണ്; ജലത്തിനും ജലയാത്രകള്‍ക്കും കൃഷിയിടങ്ങള്‍ക്കും സംഭവിച്ച കാലാന്തര വ്യത്യാസങ്ങളുള്ളപ്പോഴും. 'അഞ്ഞാഴിത്തണ്ണിയില്‍ അരനാഴി നിലം' എന്ന തോതിലാണ് കുട്ടനാടിന്റെ കിടപ്പ്. ജലത്തിന്റെ അനിശ്ചിതത്വം ഈ ജനതയ്ക്കു സമ്മാനിച്ചതാണ് ആര്‍പ്പുവിളികളോടെ പങ്കായം എറിഞ്ഞ് കുതിക്കുന്ന ചുണ്ടന്‍വള്ളങ്ങളെ. വെള്ളംകുളങ്ങര, കാരിച്ചാല്‍, പായിപ്പാട്, ആനാരി അങ്ങനെ കരകളുടെ പേരും എണ്‍പത്തഞ്ചും നൂറ്റഞ്ചും തുഴക്കാരും അമരക്കാരും നിലക്കാരുമൊക്കെയായി തുള്ളിയാര്‍ക്കുന്ന ഈ അതിദീര്‍ഘ ജലനൗകകള്‍ കുട്ടനാടന്‍ ജീവിതത്തിന്റെ അനനുകരണീയമായ സവിശേഷതയാണ്.

ചുണ്ടന്‍വള്ളങ്ങളുടെ പ്രത്യേകത അവയുടെ അസാമാന്യമായ വലിപ്പം തന്നെ. അമ്പത്തിമൂന്ന് അംഗുലം നീളവും അതിനൊത്ത വീതിയുമായി ജലനൗകകളുടെ രാജപദവി അലങ്കരിക്കുന്ന ഈ പള്ളിയോടങ്ങള്‍ വര്‍ഷത്തില്‍ ദീര്‍ഘകാലവും വള്ളപ്പുരയില്‍ തന്നെ കഴിഞ്ഞുകൂടും. ആണ്ടിലൊരിക്കല്‍ വരുന്ന എതിരേല്പുത്സവങ്ങള്‍ക്കും മത്സരക്കളികള്‍ക്കും മാത്രമാണ് ചുണ്ടന്‍വള്ളങ്ങള്‍ ജലത്തെ തൊടുന്നത്. ചുണ്ടന്റെ ഈ ദീര്‍ഘകാല വിശ്രമജീവിതം കൗതുകമുണര്‍ത്തുന്നതാണ്. അതിജീവനസൗകര്യപ്രാപ്തിയില്ലാത്തതിനാല്‍ ചരിത്രത്തില്‍നിന്നും തിരോഭവിച്ച ഭീമാകാരന്മാരായ ചില സ്ഥലജീവികളില്ലേ, അതുപോലെ തോന്നിക്കും ചുണ്ടനെയും. കാരണം, ലക്ഷം രൂപ മുടക്കി പണികഴിപ്പിക്കുന്ന ചുണ്ടന്‍വള്ളംകൊണ്ട് കായികോത്സവത്തിനല്ലാതെ മറ്റൊന്നിനും ഉപകാരമില്ല. യാത്രാവണ്ടിയല്ല. ചരക്കുമാര്‍ഗ്ഗമല്ല, കേവലം വിനോദം മാത്രം. ആരംഭത്തില്‍ പക്ഷേ, അങ്ങനെയല്ലായിരുന്നു. കായല്‍പടയ്ക്കായി ആസൂത്രണം ചെയ്തതാണ് ഈ ദീര്‍ഘകായനെ എന്ന് പഴമക്കാര്‍ പറയുന്നു. അങ്ങനെയാണ് ഐതിഹ്യവും. അതിന്റെ ചരിത്രം അന്വേഷിക്കുംവരെ ബലിഷ്ഠനും കുറമ്പനുമായ ഒരു തലപ്പുലയനെപ്പോലെ ഈ ചുണ്ടനൊരുവന്‍ വള്ളപ്പുരയില്‍ തന്നെ മലര്‍ന്നുകിടക്കട്ടെ.

KARICHAL CHUINDAN
കാരിച്ചാല്‍ ചുണ്ടന്റെ കുതിപ്പ്‌ FILE

ചെമ്പകശ്ശേരി രാജാവിന്റെ നേവിയായിരുന്നു ചുണ്ടന്‍വള്ളം. യുദ്ധനിപുണന്മാരായ പോരാളികള്‍ തന്നെയാണ് തുഴക്കാര്‍. പനകൊണ്ട് നിര്‍മ്മിച്ച പങ്കായത്തിന് ഖഡ്ഗത്തിന്റെ ശക്തിയാണ്. ജലത്തെ മുറിക്കാനല്ല, ആഞ്ഞുവീശിയാല്‍ തലയറുക്കാനും പങ്കായത്തിനറിയാം. മെയ്ക്കരുത്തും കൈക്കരുത്തും വേണമെന്നുമാത്രം.

യുദ്ധവിജയാര്‍ത്ഥം ചുണ്ടന്‍വള്ളമെന്ന നവീന തച്ചുശാസ്ത്രം രൂപപ്പെടുത്തിയത് കൊടുപ്പുന്ന ആശാരിയാണെന്നാണ് കേള്‍വി. തച്ചുശാസ്ത്രത്തില്‍ ഉള്‍പ്പെട്ടതല്ല ചുണ്ടന്‍വള്ളം. അനുകരണീയമായ മാതൃകയോ കണക്കോ ഇല്ല. വിചിത്രമായി രൂപകല്പന ചെയ്യപ്പെട്ടു. അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കുകയാണ് തല്‍ക്കാലം വഴി. കൊടുപ്പുന്നയിലെ ആശാരി കുടുംബം പുകള്‍പെറ്റതായിരുന്നു. ചെമ്പകശ്ശേരിയുടെ കായല്‍വിജയങ്ങള്‍ അതിന്റെ കാന്തിയേറ്റിച്ചു.

ചെമ്പകശ്ശേരിയുമായി നടന്ന ഒരു യുദ്ധത്തില്‍ കായംകുളം രാജാവ് തോറ്റ് തുന്നംപാടി. തോല്‍വിയുടെ ഹിതമാരാഞ്ഞ് ഒടുവില്‍ ചെന്നെത്തിയത് യുദ്ധവാഹനത്തിന്റെ മേല്‍ക്കോയ്മയിലായതാകാം ഉടനടി കൈമിടുക്കുള്ള കൊടുപ്പുന്നയെ അതിര്‍ത്തി കടത്തി കൊണ്ടുവരാന്‍ രാജാവ് ശട്ടം കെട്ടിയത്. അങ്ങനെ നിനച്ചിരിക്കാതെ ഒരു നിമിഷത്തില്‍ കൊടുപ്പുന്ന ആശാരിയെ രാജചോരന്മാര്‍ കട്ടുകൊണ്ടുപോയി.

കായംകുളം രാജാവ് അയാളെ വള്ളംവയ്ക്കാന്‍ നിര്‍ബന്ധിച്ചു. കല്പന നിരസിച്ചാല്‍ പ്രാണനഷ്ടമാണ് ഫലം. കൊടുപ്പുന്ന കുഴഞ്ഞു. ആദ്യമൊക്കെ എതിര്‍ത്തുനോക്കിയെങ്കിലും ഒടുക്കം രാജശാസനത്തിനു തന്നെ വഴങ്ങി അയാള്‍ വള്ളം വച്ചു. ആ വാര്‍ത്ത കാട്ടുതീ പോലെയാണ് ചെമ്പകശ്ശേരിയില്‍ പടര്‍ന്നത്: ''ആശാരി ചതിച്ചു.''

യുദ്ധത്തില്‍നിന്നും വിനോദത്തിലേക്ക് ഇത്രവേഗം പിന്മടങ്ങാനുള്ള വിധി, ചുണ്ടനല്ലാതെ മറ്റൊന്നിനുമുണ്ടായിട്ടില്ലെന്നു തോന്നുന്നു
Chundan Vallam
Archives|കേരളത്തെ നെല്‍കൃഷിയില്‍ എന്തിന് തളച്ചിടണം? ഡോ. എംഎസ് സ്വാമിനാഥന്‍ അഭിമുഖം

വള്ളം വച്ച് സ്വരാജ്യത്തേയ്ക്ക് തലകുനിച്ച് മടങ്ങുമ്പോള്‍ കൊടുപ്പുന്നയെ ചെമ്പകശ്ശേരിയിലെ രാജകിങ്കരന്മാര്‍ ഒളിഞ്ഞിരുന്നു പിടിച്ചു. വഴുകകൊണ്ട് പിടിച്ചുകെട്ടി രാജദ്രോഹിയെ പാട്ടുപാടി അപകീര്‍ത്തിപ്പെടുത്തിയാണ് ചെമ്പകശ്ശേരി ഭൂപന്റെ സമക്ഷം ഹാജര്‍ നിര്‍ത്തിയത്.

കൊടുപ്പുന്നയിലുണ്ടൊരു മിടുക്കന്‍,

വാഹനം വയ്പ്പോന്‍, കൊടുത്താന്‍

വീരശൃംഖല വഴുകകൊണ്ട്

അതുകേട്ട് അപമാനിതനായി കൊടുപ്പുന്ന നിന്നു. എന്നിട്ട് രാജശാസനത്തെ നോക്കി നിജസ്ഥിതി ഇങ്ങനെ അറിയിച്ചു: രാജാവേ, അടിയന്‍ കായംകുളത്തിന് വള്ളം വച്ചുകൊടുത്തെന്നത് നേരാണ്. എന്നാല്‍, നേര് അവിടെ തീരുന്നില്ല.

തോല്‍വി പറഞ്ഞ് വള്ളം വച്ചുകൊടുക്കുമ്പോഴും കൊടുപ്പുന്ന ഒരു ഉപായം ചെയ്തിരുന്നു. ചുണ്ടന്റെ ഏകദേശം മധ്യഭാഗത്ത് ഒരു സമചതുര പ്ലാറ്റ്‌ഫോമുണ്ട്. ചുരുട്ടിക്കുത്ത് എന്നാണ് ഇതിനെ ആദ്യം വിളിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍ പീരങ്കി വയ്ക്കാനുള്ള സ്ഥലമായി അതിനെ ഉപയോഗിച്ചുതുടങ്ങിയതോടെ ചുരുട്ടിക്കുത്ത് മാറി, വെടിത്തടിയായി. ഈ വെടിത്തടിയിലായിരുന്നു തച്ചന്റെ രാജ്യസ്‌നേഹം ഉപായം കണ്ടത്.

വെടിത്തടിയില്‍ വച്ച് പീരങ്കി ഫയര്‍ ചെയ്താല്‍ ചെമ്പകശ്ശേരിയുടെ ചുണ്ടന്‍ മൂന്നുകോല്‍ മുന്നോട്ടു കയറും. കായംകുളത്തിന്റേതാണെങ്കില്‍ ആറുകോല്‍ പിന്നോട്ടടിയും. അപ്പോള്‍ കായംകുളത്തിന്റെ പീരങ്കിപ്പടയുടെ ആക്രമണത്തിന് ഫലമില്ലാതെ പോകും. ബാക്കിയുള്ള സത്യം അതായിരുന്നു. 'അടിയന് ഇതേ ചെയ്യാന്‍ പറ്റൂ' എന്നുപറഞ്ഞ് കൊടുപ്പുന്ന നിയമാസനത്തിനു മുന്നില്‍ വണങ്ങിനിന്നു.

ചെമ്പകശ്ശേരിയെ പുളകംകൊള്ളിച്ച ഹൃദയവിശദീകരണമായിരുന്നു അത്. രാജശാസനം അയാളെ വെറുതെ വിട്ടു. സ്വരാജ്യപ്രേമത്തിന്റെ പേരില്‍ പ്രകീര്‍ത്തിച്ചു. മാത്രമോ, കൊടുപ്പുന്നയെയും സന്തതിപരമ്പരകളെയുംകൊണ്ട് അനന്തരകാലവും പണികഴിപ്പിച്ചു എതിര്‍പടയെ തോറ്റു തുന്നംപാടിക്കുന്ന രാക്ഷസന്‍ ചുണ്ടന്‍വള്ളങ്ങളെ. അമ്പലപ്പുഴയുടെ ഇപ്പോഴത്തെ ചുണ്ടനായ പാര്‍ത്ഥസാരഥിയുടെ തച്ചും ഈ കുടുംബത്തിന്റേതാണ്. ആണ്ടിലൊരിക്കല്‍ ജലോത്സവത്തിന് ആയം കാണാന്‍ ഇന്നും ഇറങ്ങുന്ന പാര്‍ത്ഥസാരഥിയുടെ അമരത്ത് രാജകാലത്തിന്റെ കാറ്റോട്ടം ഇപ്പോഴുമുണ്ട്; ചെവി പതുക്കെയായ മുത്തച്ഛന്മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ പറ്റും പാകത്തില്‍, ഗതിയില്‍!

ആദ്യം ചെമ്പകശ്ശേരിയുടെ നേവിയായി ചിറ്റോളങ്ങളെ അഹങ്കാരത്തോടെ കീറിമുറിച്ചെങ്കിലും പിന്നീട് ചുണ്ടന് ഉത്സവകാല പ്രസക്തിമാത്രമായി. യുദ്ധത്തില്‍നിന്നും വിനോദത്തിലേക്ക് ഇത്രവേഗം പിന്മടങ്ങാനുള്ള വിധി, ചുണ്ടനല്ലാതെ മറ്റൊന്നിനുമുണ്ടായിട്ടില്ലെന്നു തോന്നുന്നു. സാധാരണഗതിയില്‍ വധോദ്യുക്തരായ പോരാളികളുമായി വീര്യവാനായി ഇറങ്ങിപ്പുറപ്പെടേണ്ട ഈ ജലനൗക കേളിയുത്സവത്തിനെന്നമട്ടില്‍ അണിഞ്ഞൊരുങ്ങി. പാടിത്തുഴഞ്ഞ് ദൈവവിഗ്രഹത്തെ എതിരേറ്റു കൊണ്ടുവരാനാണ് ഇങ്ങനെ അതിവെളുപ്പിന് ചുണ്ടന്‍വള്ളങ്ങള്‍ ഒരുനാള്‍ ചമ്പക്കുളത്തെത്തിയത്. അന്നും രംഗം അമ്പലപ്പുഴയും ഭൂപന്‍ ചെമ്പകശ്ശേരി രാജാവും തന്നെ. കഥയാകട്ടെ, മൂലം വള്ളംകളിയുടെ ഐതിഹ്യവും.

AMBALAPPUZHA
അമ്പലപ്പുഴ ക്ഷേത്രം FILE

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തന്ത്രം കല്പിച്ചുകൊടുത്തിട്ടുള്ളത് കോട്ടയത്തെ ഇല്ലക്കാരനായ തന്ത്രിമാര്‍ക്കാണ്. പുതുമനയായിരുന്നു പ്രധാന ഇല്ലം. അവിടത്തെ തിരുമേനി ഒരാഭാസനും. സാധാരണമട്ടില്‍ നമ്പൂതിരിമാരില്‍ കണ്ടിട്ടില്ലാത്ത പല സദാചാരവിലോപങ്ങളും പുതുമനയുടെ പ്രത്യേകതയായിരുന്നു. നന്നായി കള്ളുകുടിക്കും. വായടക്കമില്ലാതെ എന്തു വേണ്ടാതീനവും വിളിച്ചുപറയും. ബ്രാഹ്മണ്യത്തിന് പ്രാമാണ്യമുള്ള കാലമായിരുന്നതുകൊണ്ട് രാജാവ് അത് കണ്ടില്ലെന്നു നടിച്ചു. മാത്രമല്ല, ചെമ്പകശ്ശേരി രാജാവ് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടതാണെന്നത് ചരിത്രപരമായ മറ്റൊരു സവിശേഷതയാണ്.

ഇങ്ങനെയിരിക്കെ ഒരുനാള്‍ ഒരിക്കല്‍ ക്ഷേത്രവിഗ്രഹത്തിന് ഇളക്കം തട്ടി. പകരം പ്രതിഷ്ഠിക്കാന്‍ കുറിച്ചിയില്‍നിന്നും പുതിയൊരു വിഗ്രഹം കൊണ്ടുവന്നു. രാജതീരുമാനപ്രകാരമായിരുന്നു ഈ പുനഃപ്രതിഷ്ഠ. രാജാവിന് ഒരു നിര്‍ബന്ധം കൂടിയുണ്ടായിരുന്നു. വിഗ്രഹസ്ഥാപനം നാട്ടുനായാടിയായി നടക്കുന്ന പുതുമനയ്ക്ക് നല്‍കാതിരിക്കുക. പകരം യോഗ്യനായ ഒരാളെ അന്വേഷിച്ച് അത് കടിയക്കോല്‍ ഇല്ലത്തെ തന്ത്രി തന്നെ എന്നു തീരുമാനിച്ചുറച്ചു. രാജതീരുമാനം അറിഞ്ഞ് പുതുമനയ്ക്ക് കടുത്ത മനക്ലേശം അനുഭവപ്പെട്ടു. ബോധം മറിയുംവരെ ലഹരിയില്‍ ഉന്മത്തനായ അയാള്‍ ഇളക്കം ബാധിച്ച ഒരു പ്രതിഷ്ഠ പോലെ തുമ്പയും പൂവും തുറിച്ചുനിന്ന പറമ്പിലൂടെ അടിതെറ്റി നടന്നു.

വിഗ്രഹപ്രതിഷ്ഠാദിനം സമാഗതമായി. പ്രതിഷ്ഠിക്കാന്‍ പുതിയ വിഗ്രഹവുമെത്തി. കര്‍മ്മങ്ങളുടെ മേല്‍നോട്ടം നല്‍കാന്‍ ക്ഷേത്രത്തില്‍ രാജാവ് എഴുന്നള്ളിയിരുന്നു. ബാലാലയ പ്രതിഷ്ഠയാണ് ആദ്യകര്‍മ്മം. ഒരു ഷെല്‍ട്ടറാണത്. പഴയ വിഗ്രഹമെടുത്തു മാറ്റുന്നു. പകരത്തിന്റെ ചിട്ടവട്ടങ്ങള്‍ നോക്കുന്നു. കര്‍മ്മം പൊടിപൂരമാകെ മൂക്കറ്റം കുടിച്ച് ആ പവിത്രമണ്ഡലത്തിലേക്ക് പുതുമന വന്നു. ''ഈ വിഗ്രഹമാണോ പ്രതിഷ്ഠിക്കാന്‍ പോകുന്ന''തെന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു വരവ്. അതോടെ രംഗം വഷളായി. നൂറ്റിക്കുനൂറ്റുപേര്‍ കാണാന്‍ ആദരപൂര്‍വ്വം നില്‍പ്പുണ്ട്. കല്പിച്ച് എഴുന്നള്ളിനില്‍പ്പുണ്ട്. അപ്പോഴാണ് നാവുതെറ്റി പറക്കുന്ന കുടിലമായ അഴിഞ്ഞാട്ടം.

പൊതുമദ്ധ്യത്തില്‍വച്ച് അവഹേളിതനായത് കടിയക്കോല്‍ ഇല്ലത്തെ തന്ത്രിയായിരുന്നു. മാറ്റേറുന്ന കനകമയ വിഗ്രഹത്തെയാണ് ലഹരിബാധിതന്‍ അവഹേളിച്ചിരിക്കുന്നത്. തന്ത്രിയുടെ യശസ്സിനാണ് അത് കുറവുകൊടുക്കുക. ദ്വേഷത്തോടെ തന്ത്രി ചെമ്പകശ്ശേരി രാജാവിന് നേര്‍ക്കുതിരിഞ്ഞു: ''അവഹേളിച്ചിട്ട് കാര്യമില്ല. യുക്തംപോലെ പോരെന്നു തോന്നുന്നെങ്കില്‍ മതിയാവോളം പ്രമാണവും പറയണം. അല്ലാതെ കൂത്താടുന്നത് ചിതമല്ല.'' രാജാവും അത് അംഗീകരിച്ചു: ''എടോ പുതുമനേ എന്താണ് പ്രമാണം?'' എന്നായി രാജാവിന്റെ ചോദ്യം.

വിഗ്രഹപ്രതിഷ്ഠയ്ക്ക് നിശ്ചയിച്ച മുഹൂര്‍ത്തം മുന്‍പില്‍ നില്‍ക്കേയാണ് കാലവിളംബവുമായി ഈ കൊനിഷ്ഠു വാഗ്വാദം നിന്നു തട്ടിക്കളിച്ചത്. പാര്‍ത്ത തക്കം വന്നെന്നു ബോദ്ധ്യമായപ്പോള്‍ പുതുമന ഉറക്കെ പറഞ്ഞു: ''ശാസ്ത്രീയമായി തെളിയിച്ചാല്‍ തന്ത്രം തരുമോ?''

ഇപ്പോള്‍ രാജാവിനായി ഗൗരവം. ലക്കുകെട്ടവന്റെ ജല്പനമോ, വെളിപാടോ? ശങ്കയ്ക്കിരിപ്പിടം നല്‍കുന്നത് നന്നല്ല. അതുകൊണ്ട് ഉടന്‍ വന്നു രാജാവിന്റെ മറുപടി: ''പകുതി തന്ത്രം തരാം.''

പുതുമന: ''എങ്കില്‍ കണ്ടോളു... ഒരു ചുറ്റിക കൊണ്ടുവാ.''

പുതിമന ചുറ്റികകൊണ്ട് വിഗ്രഹത്തില്‍ ഉദ്ദേശം നോക്കി ഒരു തട്ടുതട്ടി. ചെളിക്കെട്ടില്‍ നിന്നെന്നപോലെ ശില്പം പൊട്ടി അതില്‍നിന്നും ക്ഷണം പുറത്തേയ്ക്ക് ഒരു തവള ചാടി. പുരുഷാരം വായ പൊത്തി.

ജലം ഭിന്നിച്ചുനിര്‍ത്തിയിരുന്ന കരകളുടെ കായികമേളനവും ഹൃദയൈക്യവും സാദ്ധ്യമാകുന്ന സൂക്ഷ്മസ്വരൂപമായി, സ്വയം ഒരു മിത്തായി മാറി ചുണ്ടന്‍വള്ളങ്ങള്‍
Chundan Vallam
''കാടിന്റെ വിലയെത്ര? പുഴയുടെ വിലയെത്ര? കാട്ടുകാറ്റിന്റേയും പച്ചത്തഴപ്പിന്റേയും വിലയെത്ര?''

തന്ത്രത്തിന്റെ തീര്‍പ്പു കല്പിക്കലല്ലാതെ പ്രതിഷ്ഠാകര്‍മ്മം അന്നു നടന്നില്ലെന്നുവേണം പറയാന്‍. ഇവിടെയാണ് രാജഭക്തനും സത്യസന്ധനും കാര്യനിര്‍വ്വഹണ പ്രാപ്തനെന്നു പേരുകേട്ടവനുമായ മന്ത്രി മാത്തുപ്പണിക്കര്‍ ഇടപെട്ടത്. മന്ത്രി രാജാവിനെ ഉപദേശിച്ചു. തന്റെ അറിവില്‍ കിളിരൂര് ഒരു ക്ഷേത്രംപണി പൂര്‍ത്തിയായിട്ടുണ്ട്. വിഗ്രഹവും തയ്യാര്‍. പക്ഷേ, പ്രതിഷ്ഠയായിട്ടില്ല. കിളിരൂര്‍ കോട്ടയത്താണ്. കോട്ടയമാവുമ്പോള്‍ വടക്കുംകൂറിന്റെ അധീനതയിലായതിനാല്‍ അദ്ദേഹത്തിന്റെ സമ്മതം വാങ്ങണം. അതിന് കാലമെടുക്കും. അതുകൊണ്ട് പെട്ടെന്നൊരു ഉപായം തോന്നി. പ്രതിഷ്ഠ കാത്തിരിക്കുന്ന വിഗ്രഹത്തെ രായ്ക്കുരാമാനം ആരുമറിയാതെ കടത്തിക്കൊണ്ടുവരിക. അങ്ങനെ ഒരു നിറപ്പാതിരയ്ക്ക് കിളിരൂരെ പ്രതിഷ്ഠാവ്യഗ്രമായിരുന്ന വിഗ്രഹം അമ്പലപ്പുഴയിലെത്തി.

കറവപ്പശുക്കളെ പോലെ നിന്ന ആകാശത്തിനു കീഴെ പാടങ്ങളും കായല്‍നിലങ്ങളും കടന്നുവന്ന കിളിരൂരെ വിഗ്രഹത്തെ ചമ്പക്കുളത്തുവച്ച് എതിരേറ്റത് നൂറ്റിക്കണക്കിന് കണ്ഠങ്ങളില്‍നിന്നു പുറപ്പെട്ട വള്ളപ്പാട്ടായിരുന്നു. പ്രതിഷ്ഠയെതിരേല്പിനു സന്നദ്ധരായി നിന്നതോ ചുണ്ടന്‍വള്ളങ്ങളും. അണിഞ്ഞൊരുങ്ങിയ ചുണ്ടന്‍വള്ളങ്ങള്‍ അമ്പലപ്പുഴയിലേയ്ക്ക് അകമ്പടി സേവിച്ചു. അതിന്റെ സ്മരണയ്ക്കാണ് ഇന്നും മൂലം വള്ളംകളി നടക്കാറ്. മൂലം വള്ളംകളിയോടെയാണ് ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതുപോലെ തന്നെ പേര്‍ കേട്ടവയാണ് ആറന്മുള വള്ളംകളിയും പായിപ്പാട്ടാറ്റിലെ വള്ളംകളിയും. അതാതിടങ്ങളിലേയ്ക്ക് വിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് അകമ്പടി സേവിക്കുംമട്ടിലാണ് ഇവിടുത്തെയും ജലോത്സവ ഐതീഹ്യങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനമായും ഹൈന്ദവ വിശ്വാസാധിഷ്ഠിതമാണെങ്കിലും നാനാജാതിക്കാരും കരക്കാരും, അവരില്‍ ഹൈന്ദവ പ്രാതിനിധ്യം കുറഞ്ഞ കൂട്ടങ്ങള്‍ പോലും ഈ ജലോത്സവങ്ങളില്‍ ഒത്തൊരുമയോടെ പങ്കെടുത്തുവരികയായിരുന്നു ദീര്‍ഘകാലം. പുലയരുടെ മകംകളി കാലത്ത് സവര്‍ണ്ണരും ഹൃദയൈക്യത്തോടെ പങ്കാളിത്തം വഹിച്ചുപോന്നിരുന്നു.

അപ്പോള്‍ യുദ്ധാവശ്യത്തില്‍നിന്നും എതിരേല്പുത്സവങ്ങളിലേയ്ക്കു വീഴുന്ന പങ്കായങ്ങള്‍ക്കനുസരിച്ച് സ്വന്തം നീളന്‍ ഉടല്‍ വിട്ടുകൊടുത്ത ചുണ്ടന്‍വള്ളത്തിന് മാനവികമായ ഒരു ജലഗതി കൈവന്നു എന്നു പറയാം. യുദ്ധത്തില്‍നിന്നും ഉത്സവത്തിലേയ്ക്കുള്ള മാറ്റം വൈലോപ്പിള്ളി പറഞ്ഞപോലെ 'ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കാന്‍ കഴിഞ്ഞതല്ലേ ജയം' പോലെ ഒരു ജയമാണ്. അതോടെ ജലം ഭിന്നിച്ചുനിര്‍ത്തിയിരുന്ന കരകളുടെ കായികമേളനവും ഹൃദയൈക്യവും സാദ്ധ്യമാകുന്ന സൂക്ഷ്മസ്വരൂപമായി, സ്വയം ഒരു മിത്തായി മാറി ചുണ്ടന്‍വള്ളങ്ങള്‍. ലോകത്ത് ഒരിടത്തും സംഭവിച്ചുകാണാനിടയില്ലാത്ത ഒരു പരിവര്‍ത്തനമാകാമിത്.

kUTTANADU
കുട്ടനാടന്‍ ദൃശ്യം Melton Antony

ജലോത്സവങ്ങള്‍ എവിടെയുമുണ്ടെങ്കിലും തനിമയുള്ള ഒരു ജലഗമനോപകരണം കണ്ടെത്തിയതിന്റെ മിടുക്ക് കുട്ടനാടന്‍ ജീവിതത്തിന് അവകാശപ്പെട്ടതാണ്. ജലത്തിലൂടെ ഒരു കൊതുമ്പ് സഞ്ചരിക്കുന്നതു കണ്ട് ഇതുപോലൊന്നിന് തുനിഞ്ഞാല്‍ നമുക്കും വെള്ളം കടക്കാമല്ലോ എന്ന് ഏതോ ഒരാശാരി ചിന്തിച്ചതോടെയാണ് ചെറുവള്ളങ്ങളുടെ തുടക്കമെന്ന് ഒരു കഥ പരമ്പരയായി കുട്ടനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ആ അന്തര്‍പ്രേരണയുടെ പൈതൃകം കൊടുപ്പുന്നയെപ്പോലുള്ള മഹാതച്ചുശാസ്ത്ര വിശാരദന്മാരില്‍ പ്രചോദനം ചെലുത്തിയാകാം വര്‍ദ്ധിതവീര്യകായനായ ചുണ്ടന്റെ അവതാരംകൊള്ളല്‍ യാഥാര്‍ത്ഥ്യമായത്. തലമുറകള്‍ കൈമാറിവന്ന ആ നിര്‍മ്മാണകല പഴയകാലത്തിന്റെ ശുദ്ധപാരമ്പര്യം ഇന്നും സൂക്ഷിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല എന്നുതന്നെ. അപ്പോഴും ആ പാരമ്പര്യരചനയുടെ സ്വഭാവരീതികള്‍ ഇവിടത്തെ ചില പഴമക്കാരില്‍ അന്വേഷിച്ചാല്‍ അവിടവിടെയായി കിട്ടും.

ആഞ്ഞിലിയിലാണ് ചുണ്ടന്‍ പണിഞ്ഞുവയ്ക്കുന്നത്. നാല്‍പ്പത്തിയഞ്ചു കണ്ടി തടിയെങ്കിലും വേണം ലക്ഷണമൊത്തൊരു ചുണ്ടനാം ഗംഭീരന്‍ പൂര്‍ണ്ണനാകാന്‍. ആദ്യം ചേര്‍ക്കുന്ന തടിയെ മാതാവ് എന്നാണ് പറയുക. ഏരാവ് ആണ് അടിയില്‍ വയ്ക്കുന്ന പലക. വശങ്ങളില്‍ പങ്കുപലകയും. നീളന്‍ വള്ളപ്പുര കെട്ടി അതിലാണ് ചുണ്ടന്റെ പണി നടക്കാറ്. വള്ളപ്പുരയോടു ചേര്‍ന്ന് ജലത്തിന്റെ കൈവഴിയുണ്ടാകും; പണി പൂര്‍ണ്ണമായാല്‍ പരീക്ഷിക്കാന്‍, ഇന്ന് തച്ചറിയുന്ന പത്തുപേര്‍ ഒരുമിച്ച് ശ്രമിച്ചാല്‍ ഏഴുമാസംകൊണ്ട് ഒരു ചുണ്ടന്‍ വെള്ളത്തിലിറക്കാം. പഴയ കാല കണക്ക് എത്രയെന്നുതിട്ടമില്ല. വള്ളപ്പുരയില്‍ പാഴ്ത്തടികൊണ്ട് അച്ച് ഉണ്ടാക്കി ഉറപ്പിച്ചിട്ട് ഓരോ പലക പിടിപ്പിക്കുന്നു. മാതാവും ഏരാവും പങ്കും കഴിയുംവരെ കമഴ്ത്തിയിട്ടാണ് പണി. അടിത്തട്ടില്‍ മൂന്ന് തടിയിട്ടു കഴിഞ്ഞാല്‍ നിവര്‍ത്തിവയ്ക്കാം. നൂറ്റി ഇരുപത്തഞ്ച് പേര്‍ക്കുവരെ ഇരിക്കാവുന്ന വിസ്താരമാണ് ചുണ്ടന്‍വള്ളങ്ങള്‍ക്ക്. അറ്റം കൂര്‍ത്തയിടം ചുണ്ടും മറ്റേത് അണിയവും. അവിടെ എണ്‍പത്തഞ്ചോളം തുഴക്കാര്‍, ഒന്‍പത് നിലക്കാര്‍, നാല് അമരക്കാര്‍ അങ്ങനെയൊക്കെ മാറിമാറി വരും അകംസംവിധാനത്തിന്റെ പൊരുള്‍. അണിയത്ത് നാലുപേര്‍ വരെ കാണാം. അവരെ യഥാക്രമം ഒന്നാമണിയം, രണ്ടാമണിയം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. നിലക്കാര്‍ക്ക് നില്‍ക്കാന്‍ വള്ളത്തിന്റെ മദ്ധ്യത്തായി ചുരുട്ടിക്കുത്തുണ്ടാകും. പാട്ടുകാരും വാദ്യക്കാരും തുഴക്കരുത്തിന് ശേഷി കൂട്ടുന്നു. കേന്ദ്രത്തില്‍നിന്നും മുന്നോട്ടാണ് പ്രധാന പാട്ടുകാരുടെയും താളക്കാരുടെയും സ്ഥാനം. കാരണം, പാട്ടും താളവും ചുണ്ടിലിരിക്കുന്ന തുഴക്കാര്‍ കേള്‍ക്കുകയാണ് പ്രാധാന്യം. അവരാണ് വേഗം നിര്‍ണ്ണയിക്കുന്ന ശക്തി. അഗ്രത്തിരിക്കുന്ന തുഴയില്‍ താളം പിടിക്കണം. അയാളുടെ കാലുകള്‍ വഴുക കൊണ്ടു കെട്ടി വള്ളത്തോട് ചേര്‍ത്തിരിക്കും. ആര്‍പ്പുവിളിച്ച് അന്തരീക്ഷമൊരുക്കിയാണ് തുടക്കം. പിന്നെ ജലഹയം പോലെ ഒരു കുതിപ്പ്. നെഞ്ച് മുട്ടില്‍ തട്ടുംമട്ടിലാണ് തുഴച്ചില്‍. പാട്ടുകാര്‍ കുചേലവൃത്തം അയഞ്ഞ കാലത്തില്‍ പാടുന്നു. ചുണ്ടന് അതാണ് പഥ്യം. തുഴകളിലൂടെ, വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നവന്റെ കരവീര്യം പ്രകടമാവുന്നു.

കൊയ്ത്തിനും മെതിക്കുമെന്നുവേണ്ട എന്തിനും പാട്ട്. പാട്ടുകൂലി കൊടുക്കുന്ന വിശേഷമായ ഒരു പതിവ് ഇവിടുണ്ടായിരുന്നു. കാരണം, പാട്ട് ജോലിസാമര്‍ത്ഥ്യം കൂട്ടുമെന്നതുതന്നെ

ചുണ്ടന്റെ തുഴക്കാരനാകാന്‍ പ്രത്യേക പ്രാഗത്ഭ്യം തന്നെ വേണം. മിക്കവാറും ഹരിജനങ്ങള്‍ തന്നെയാണ് ഈ രംഗത്തെ അതികായര്‍. കരയടിസ്ഥാനത്തില്‍ ഈ മിടുക്കന്മാര്‍ക്കിടയിലും തരാതരങ്ങളുണ്ട്. തെക്കുള്ളവരേക്കാള്‍ നല്ല തുഴച്ചില്‍ക്കാരാണ് ചമ്പക്കുളം മുതല്‍ വടക്കോട്ടുള്ളവര്‍. പത്തു തുഴക്കാരുടെ ഫലം വടക്കുള്ള അഞ്ചു കയ്യൂക്കുള്ളവന് വരുത്താന്‍ കഴിയും. അതായത് ഒരിരട്ടി അധികഫലം എന്നര്‍ത്ഥം. യുദ്ധാവശ്യത്തില്‍നിന്നും എതിരേല്പിലേയ്ക്ക് ചുവടുമാറ്റിയശേഷം ചുണ്ടന്റെ കാലാന്തരോപയോഗമായി പിന്നീട് വന്നത് മത്സരക്കളികളായിരുന്നു. തുഴച്ചില്‍, കരകളുടെയും ക്ലബ്ബുകളുടെയും വാശിയേറിയ പോരാട്ടമായപ്പോഴാണ് വടക്കന്‍ തുഴക്കാരുടെ കേമത്തത്തിന് സ്വഭാവവ്യത്യാസങ്ങളുണ്ടായത്. അതു നമുക്ക് വഴിയെ കാണാം. അതിനുമുന്‍പ് പഴയ കുട്ടനാടന്‍ ജീവിതത്തിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ഇന്ന് അപരിഹാര്യമായ പാരിസ്ഥിതിക പ്രതിസന്ധിയോ അടിതെറ്റിയ ജീവിതക്രമമോ ഒക്കെയാണ് കുട്ടനാട്. പഴയ മട്ടിലുള്ള ബന്ധങ്ങളിലെ ഐക്യവും ഊഷ്മളതയും താളവും കൈമോശം വന്നിരിക്കുന്നു. ഒരുതരം വാശിയും മത്സരവുമൊക്കെയാണ് പകരപാര്‍പ്പുകാരായി കുട്ടനാടന്‍ ജനതയെ അന്വേഷിച്ചുവന്നിട്ടുള്ളത്. കരകളുടെയും ഹൃദയങ്ങളുടെയും സമ്മോഹനമായ ഐക്യകാരണമാകാന്‍ ഒരുകാലത്ത് ചുണ്ടനു കഴിഞ്ഞെങ്കില്‍ അത് അന്നത്തെ ജീവിതക്രമത്തിന്റെ പാരസ്പര്യം കൊണ്ടു തന്നെയായിരുന്നു. മതപരവും കായികവുമൊക്കെയായ സവിശേഷ ആചാരങ്ങളുടെ അന്തര്‍ധാരയിലൂടെ മതാതീതമായി സ്വരുക്കൂട്ടിയ ഒരു ദൈവികത കുട്ടനാടന്‍ ജീവിതത്തിന് അന്നുണ്ടായിരുന്നു. ഇന്നു വിദൂരസ്മൃതിയായിക്കൊണ്ടിരിക്കുന്ന ആ പോയകാലത്തെക്കുറിച്ചുള്ള പുനരോര്‍മ്മിക്കല്‍ വഴിയേ വീണ്ടും ചുണ്ടന്‍വള്ളങ്ങളിലേയ്ക്കു പിടിച്ചുകയറിക്കൊണ്ടിരിക്കുന്ന പുത്തന്‍ യുദ്ധവ്യഗ്രതകളുടെ അകവും പുറവും കാണാന്‍ കഴിയൂ.

ഭൂപരമായ ഒരു പരിമിതിയാണ് കുട്ടനാടെന്ന് ആദ്യമേ പറഞ്ഞല്ലോ. ഈ പരിമിതിക്കുള്ളിലെ ജീവിതത്തിന്റെ പ്രത്യേകത ജീവിക്കുന്ന ജീവിതത്തിന്റെ ആവര്‍ത്തനം തന്നെയാണ്. ആവര്‍ത്തനങ്ങളിലൂടെ ആചാരം വരുന്നു. നെല്ലു വിതച്ചാല്‍ ആദ്യത്തെ കറ്റക്ഷേത്രത്തിനെന്നത് ഇപ്രകാരം ദീക്ഷിച്ചിരുന്ന ഒരാചാരമാണ്. ആദ്യകറ്റ ക്ഷേത്രത്തിനു നല്‍കുന്നത് നഷ്ടമായി നിലമുടമയും കണ്ടിരുന്നില്ല.

അതുപോലെ സത്യസന്ധത ഇവിടെ ഓരാചാരമായിരുന്നു. വിളവു പൊലിക്കുമ്പോഴാണ് ഇതു ഭംഗിയോടെ പ്രകടമാകാറ്. കൊയ്ത്തുകഴിഞ്ഞാല്‍ വിളവ് മുളകെട്ടി ചവിട്ടി മെതിച്ച് നെല്ലാക്കുന്നു. പകുതി വഴിക്കേ ജോലിക്കാര്‍ കളത്തില്‍നിന്നു പുറത്തുപോകും. അങ്ങനെ പോകുമ്പോള്‍ പുട്ടില്‍ തുറന്നുകാണിച്ച് 'ഞങ്ങള്‍ ഒന്നും എടുത്തില്ലേ' എന്നു പാടും. ആരും നോക്കാനുണ്ടാകില്ല. എന്നാലും പാടും. അതായിരുന്നു അലിഖിത ബന്ധത്തിന്റെ സത്യസന്ധത.

പാടുക ജോലിയുടെ ഭാഗമായിരുന്നു. എല്ലാ പ്രവൃത്തിക്കും വാചികമായ ക്രിയാബന്ധം സൂക്ഷിച്ചിരുന്ന ജനതയാണ് ഇവിടുത്തേത്. കൊയ്ത്തിനും മെതിക്കുമെന്നുവേണ്ട എന്തിനും പാട്ട്. പാട്ടുകൂലി കൊടുക്കുന്ന വിശേഷമായ ഒരു പതിവ് ഇവിടുണ്ടായിരുന്നു. കാരണം, പാട്ട് ജോലിസാമര്‍ത്ഥ്യം കൂട്ടുമെന്നതുതന്നെ.

നാടന്‍ മ്യൂസിക് കേള്‍ക്കുന്ന മറ്റൊരിടമാണ് നെല്ലളക്കുകയും പതമളക്കുകയും ചെയ്യുന്ന കളങ്ങള്‍. എണ്ണം നൂറാകുമ്പോള്‍ ഈര്‍ക്കില്‍ ഒടിച്ചുകുത്തും. കൊട്ടയില്‍നിന്നും പറയിലേയ്ക്കാണ് നെല്ലു പൊലിക്കുന്നത്. ആ ക്രിയാംശം തീരുംവരെ 'ഒന്നേ...' എന്ന് നീട്ടിപ്പാടും.

മൂടയായി കൂട്ടിയിട്ടിരിക്കുന്ന വിളവിന് മൂപ്പന്മാര്‍ കണ്‍മതിപ്പിന് ഇത്രപറ നെല്ലുണ്ടെന്നു പറഞ്ഞിരുന്നു. കണ്‍മതിപ്പിനെ ചിലപ്പോള്‍ ചാന്‍സസ് വെട്ടിക്കും. അതിന്റെ ഉത്തരവാദിത്തം ഈശ്വരനാണ്.

നൂറുമേനി കൊയ്യുമെങ്കിലും ദുര്‍ബ്ബലമായ വരമ്പുകളുമായി തുറന്നുകിടക്കുകയാണ് പാടം. അതുറപ്പിച്ചുനിര്‍ത്തി 28 ഇലച്ചക്രംകൊണ്ട് വെള്ളം കളയുന്നു. പമ്പയിലെ ഒഴുക്കാണ് കുട്ടനാടന്‍ ജലത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. വെള്ളം പെരുകിയാല്‍ പ്രാര്‍ത്ഥനയാണ്. വരമ്പു മുറിയരുതേ എന്ന ശാസ്ത്രീയാതീതമായ പ്രാര്‍ത്ഥന.

അന്നൊക്കെ ഒന്നിരാടം വര്‍ഷമേ കൃഷിയുള്ളു- ഒരിപ്പൂ. പഴനിലമിട്ടാല്‍ മണ്ണിന്റെ വീര്യം കൂടും. ചാണകവും ചാരവുമൊക്കെയായിരുന്നു വളമായി ഉപയോഗിച്ചിരുന്നത്. കൈത്തോടുകളും വാച്ചാലുകളും ചേര്‍ന്നതാണ് പാടത്തിന്റെ ഉള്ളിലെ ഘടന. എല്ലാത്തിനേയും പിടിച്ചുനിര്‍ത്തുന്നത് വലിയ വരമ്പും. അതു പൊട്ടിയാല്‍ കൃഷിനാശം ഉറപ്പിക്കാം. പൊട്ടിയ വരമ്പ് സംരക്ഷിക്കാന്‍ ജീവിതം ഹോമിച്ചവര്‍ ഒരുപാടുണ്ടിവിടെ. അത്യാഹിതങ്ങളോടു പടവെട്ടിയായിരുന്നു എന്നും കുട്ടനാട്ടിലെ കൃഷിക്കാരന്‍ ജീവിച്ചിരുന്നത്.

ജലം ആരുടെയും ശത്രുവല്ല. ഭൂമിയുടെ വേഷം മാറ്റം മാത്രമാണത്. വെള്ളം കരയാകുന്നു. കര വെള്ളവും. ഉദാരമായ ജലം ചിലപ്പോള്‍ ഒരു ഭൂഭാഗത്തെ വെച്ചുകൊടുക്കും. കേരളോല്പത്തി പോലെ.

kUTTAND
കുട്ടനാടന്‍ ദൃശ്യം ARUN ANGELA

കൊയ്ത്തുകാലത്താണ് കുട്ടനാടന്‍ ജീവിതത്തിന്റെ അഴകും ചന്തവും വെളിവാകുന്നത്. അതൊരു പുതിയ ലോകമാണ്. ഒരുപാടു കുടികള്‍ വയ്ക്കപ്പെടുന്നു. കുടികളില്‍ കൊയ്ത്താളന്മാരാണ് വരുന്നത്. സാമൂഹ്യജീവിതത്തിന്റെ കാലഘട്ടമാണ് കൊയ്ത്ത്. വൈക്കത്തുനിന്നും ഹരിപ്പാടു നിന്നുമൊക്കെ നൂറോളം ചെറുമികളുമായി മൂപ്പന്മാര്‍ വരുന്നു. താമസം, വിവാഹം, പ്രസവം, ഭാവി പറയുന്ന ഗ്രാമീണ ഗണകന്‍, ശംഖു കറക്കിയെറിഞ്ഞ് ഭാവി കാണുന്ന വേലുത്താന്‍ അങ്ങനെ ആകെക്കൂടി ഉത്സവമയം. അതിര്‍ത്തികളിലാകും കച്ചവടക്കാര്‍ തമ്പടിക്കുക. കുലച്ച പാടങ്ങള്‍ക്കരികെ ആഭരണങ്ങളുമായി അവ ഉയര്‍ന്നുനില്‍ക്കും.

കൊയ്ത്തിന്റെ ബഹളം കഴിഞ്ഞാല്‍ എല്ലാവരും പിരിയുന്നു. പാടശേഖരങ്ങളിലേയ്ക്ക് പതുക്കെ വെള്ളം കയറ്റും. അവിടെ തൂവിപ്പോയ പതിര്‍ പൊങ്ങിക്കിടക്കുന്നുണ്ടാവും. അതു തീറ്റാനായി താറാവിനെയിറക്കും. കാലാപെറുക്കുകാരായി മനുഷ്യരെയും താറാപറ്റങ്ങള്‍ക്കൊപ്പം കാണാം. അതുകഴിഞ്ഞാല്‍ പൂര്‍ണ്ണമായും ജനാധിപത്യം.

കുട്ടനാടിന്റെ കാര്‍ഷികലോകവുമായി ബന്ധപ്പെട്ട് രൂപംകൊള്ളുകയും നിലനില്‍ക്കുകയും ചെയ്ത ആചാരപരമായ ഈ നാടന്‍ജീവിതത്തിന്റെ കെട്ടും മട്ടും മാറ്റിത്തീര്‍ക്കുന്നതില്‍ അനന്തരകാലത്തുവന്ന പരിഷ്‌കാരങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. പ്രധാനമായും ഭൂപരിഷ്‌കാരം. അതോടെ കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതബന്ധങ്ങള്‍ സ്ട്രെയിന്‍ഡ് ആയി എന്നു പറയാം. പഴയ നൈതികതയില്‍നിന്നുള്ള ഈ മാറ്റം അനുപേക്ഷണീയമായിരുന്നിരിക്കാം. എന്നാല്‍, പഴയ ആചാരാനുഷ്ഠാനങ്ങള്‍ മാറിയ സ്ഥിതിയില്‍ മറ്റൊന്ന് കണ്ടെത്താന്‍ പുതിയ കാലത്തിന് കഴിയാതെ വന്നതോടെ പാട്ടു പാടുന്നതിന്റെ താളം പോയി. ബന്ധങ്ങളില്‍ തകര്‍ച്ച വന്നു. ഉദാഹരണത്തിന് ഏകരഥന്മാരായ ചില പരിശ്രമികളുടെ ജീവിതംതന്നെയെടുക്കാം. പ്രധാനമായും മുരിക്കന്‍ ഔതയുടെ.

മുരിക്കന്‍ ഔത ശരിക്കും കുട്ടനാട്ടിലെ കായല്‍രാജാവായിരുന്നു. കായല്‍ കുത്തി ആയിരപ്പറ നിലം കണ്ടെടുത്ത യത്‌നശാലി. കെട്ടുവള്ളവും കട്ടയും ചേടി വരമ്പുറപ്പിച്ചാണ് കായല്‍ കുത്തിയെടുത്ത നിലം അയാള്‍ കൃഷിക്ക് ഉപയുക്തമാക്കിയത്. അന്ന് ഔതയുടെ മേല്‍ക്കൈ കുത്തിയെടുത്ത ആയിരപ്പറകളാണ് ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ രാജതിരുനാമങ്ങളുമായി ഇന്നും വിളങ്ങിനില്‍ക്കുന്നത്. ഔത രാജ്യത്തിനു നല്‍കിയ മഹത്തായ നേട്ടമാണിത്. അയാള്‍ക്ക് കണക്കറിയില്ലായിരുന്നു. കൂലിയുള്‍പ്പെടെ എല്ലാം മനക്കണക്ക്. അതും നോക്കിയാല്‍ കണ്ണുകഴയ്ക്കുന്നത്ര വിളഭൂമികളുടെ. ഈ ഔതയുടെ ജീവിതം പക്ഷേ, വല്ലാത്തൊരു ട്രാജഡിയായിരുന്നു. ജലത്തിന്റെ ഗര്‍ഭത്തില്‍നിന്നും താന്‍ കണ്ടെടുത്ത അരനാഴി നിലത്തില്‍ എവിടെയെങ്കിലും കൂടണമെന്നേ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുള്ളു. ''മരണശേഷം കാവാലത്തു കിടന്നാല്‍ മതിയെന്നുണ്ട്'' ഔത പറയും. എന്നാല്‍, ആഗ്രഹിച്ച മട്ടില്‍ ഔതയുടെ മൃതദേഹം മറവുചെയ്യാന്‍ കുട്ടനാടന്‍ മണ്ണു വഴങ്ങിയില്ല. മുരിക്കന്‍ ഔത അപ്പോഴേയ്ക്കും 'ചൂഷകനായിക്കഴിഞ്ഞിരുന്നു സാമൂഹ്യദൃഷ്ടിയില്‍'. മുരിക്കന്റെ ചെയ്തികള്‍ മാറിവന്ന സമഷ്ടിബോധത്തിന്റെ കണ്ണില്‍ ചൂഷണം മാത്രമായി. എന്നാല്‍, അയാളുടെ പ്രവര്‍ത്തനം വഴി വന്ന നാടിന്റെ നന്മയും മേന്മയും ആരും കണ്ടില്ല. ഒരുപാട് രക്തസാക്ഷി സ്മാരകങ്ങള്‍ നിവര്‍ന്നുനില്‍ക്കുന്ന കുട്ടനാടിന്‍മണ്ണില്‍ അയാള്‍ക്കുമാത്രം ഒരു സ്മാരകവും പൊങ്ങിയുമില്ല.

നന്മതിന്മകളാല്‍ വ്യാമിശ്രമാണ് എല്ലാ കാലവും. ഒന്നിനെമാത്രം കാണല്‍ ഒട്ടും ഓര്‍ഗാനിക്കായിരിക്കില്ല വ്യവസ്ഥാപഠനത്തിന്. എന്നാല്‍, മാറ്റും മൗലികതയുമേറുന്ന ആ പഴയ കുട്ടനാടന്‍ ജീവിതത്തിന്റെ മേന്മ അതായിരുന്നില്ല. ചീത്ത ചെയ്യുന്നവരെയും മാതൃകകളാക്കുന്ന പാരമ്പര്യം അവിടുണ്ട്. നീചസ്വഭാവികളായ തെയ്യങ്ങളെ നാം കെട്ടി എഴുന്നള്ളിക്കാറില്ലേ. പാരമ്പര്യജീവിതത്തിന്റെ സഹിഷ്ണുതയും വിശകലന വിരുതുമാണിത് ഉദാഹരിക്കുന്നത്. പുതിയ ദര്‍ശനങ്ങളുടെ വെളിച്ചപ്പെടലുകള്‍ക്കില്ലാതെ പോയതും ഈ മഹത്വം തന്നെ. ഔതയ്ക്ക് ഒരുപിടി മണ്ണു കിട്ടാതെ പോയതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല.

മനുഷ്യര്‍ക്കൊപ്പം മണ്ണും മാറുന്നുണ്ടായിരുന്നു. മണ്ണു മാത്രമല്ല ജലവും. ഒരിപ്പൂ പഴയ കൃഷിരീതി വിട്ട് കൊല്ലത്തില്‍ വിത്തിറക്കല്‍ രണ്ടും മൂന്നും തവണയായപ്പോള്‍ കുട്ടനാടന്‍ മണ്ണിന്റെ പുഷ്ടി കുറഞ്ഞു. ചാണകത്തിനും ചാരത്തിനും പകരം കൃത്രിമ വളങ്ങളെത്തിത്തുടങ്ങി. നാമ്പടയുക, ചെല്ലിയുടെ ഉപദ്രവം എന്നിവ കൂടിയായപ്പോള്‍ വിഷമടിക്കലിനും മടികാണിച്ചില്ല. കൃഷിക്കാരന്റെ കുട്ടിക്കാലത്ത് ശുദ്ധമായിരുന്ന പമ്പയിലെ നീര് വിഷമയമായി. ശാപം പോലെ നെല്ലിനും തെങ്ങിനും രോഗം വന്നു. വീണ്ടും വിഷപ്രയോഗവും കൃത്രിമവളവും. അതൊരു വിഷിയസ് സര്‍ക്കിളാണ്. കുറെ കഴിഞ്ഞപ്പോള്‍ ജലാശയങ്ങളും പാടശേഖരങ്ങളും പോള വന്നു മൂടി. തലോപ്പിയെ വളര്‍ത്താന്‍ ആരോ കൊണ്ടുവന്നതാണ്. പിന്നീട് പോള കാരണം ബോട്ടുകള്‍ക്കുപോലും പോകാന്‍ വയ്യാതായി. പൂവന്‍കോഴിയെ പോലെ തലയുയര്‍ത്തിനിന്ന നാടന്‍പോളയല്ല. ആഫ്രിക്കന്‍പോള. പത്തടി ബോട്ടുവിട്ടാല്‍ ഇലവട്ടം ക്ലിയര്‍ ചെയ്യണം. അത്ര ദുര്‍ഘടം. ആകാശം റിഫ്‌ളക്ട് ചെയ്യുന്ന ഒരു ജലതലവും ഇല്ലാതെ പോയി കുട്ടനാടിന്.

ജലത്തില്‍, കൃഷിയില്‍, ജീവിതത്തില്‍ ആത്മീയമായ ഒരു ശൂന്യത അഭിമുഖീകരിച്ചു തുടങ്ങിയ ജനതയാകുകയായിരുന്നു കുട്ടനാട്. ഇന്ന് ആ ജനത അതിന്റെ പരമാവധിയില്‍ എത്തിനില്‍ക്കുന്നുവെന്നു കരുതാം. ഹൃദയൈക്യത്തിന്റെ പ്രഖ്യാപനമായിരുന്ന കായികോത്സവങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മത്സരക്കളിയാണ് ഇപ്പോള്‍ പ്രധാനം. ചുണ്ടന്റെ തലപ്പത്തുനിന്നും ഉയരുന്ന ആര്‍പ്പുവിളി നാട്ടുത്സവത്തിന്റെയല്ല. കരവൈരത്തിന്റെയാണ്. കരകള്‍ക്കിടയില്‍ നികത്താനാവാത്ത വിടവു സൃഷ്ടിക്കാന്‍, മറക്കാനാവാത്ത പകകള്‍ പുലര്‍ത്താന്‍ തയ്യാറെടുത്തുനില്‍ക്കുന്നു വീണ്ടും ചുണ്ടന്‍വള്ളങ്ങള്‍. ഏതു തച്ചനുണ്ട് ഒരു മറുമരുന്നുപായം കണ്ടുപിടിക്കാന്‍.

ഓരോ കുട്ടനാടന്‍ കരകള്‍ക്കുമുണ്ട് തലയെടുപ്പുള്ള ഓരോ ചുണ്ടന്‍വള്ളങ്ങള്‍. നൂറ്റാണ്ടു പഴക്കമുള്ളവ. പലവയും ദീര്‍ഘകാലം ജലം കാണാതെ വള്ളപ്പുരയില്‍തന്നെ ഇരുന്ന് പൊടിഞ്ഞുതീര്‍ന്നിട്ടുണ്ട്. ഉത്സാഹികളായ കരക്കാര്‍ പുതിയ ചുണ്ടന് ജന്മം നല്‍കിയിട്ടുണ്ട്. ആനാരി എന്ന കരയുടെ കാര്യം തന്നെയെടുക്കാം. കാലങ്ങള്‍ക്ക് മുന്‍പ് ഇക്കൂട്ടര്‍ക്ക് സ്വന്തം വകയെന്നു പറയാന്‍ ഒരു ചുണ്ടനില്ലായിരുന്നു. പായിപ്പാട്ടാറ്റില്‍ പാടി തുഴയുകയും വേണം. അതിന് വടക്കുനിന്നും വള്ളം വാടകയ്‌ക്കെടുക്കാന്‍ നിശ്ചയിച്ചു. കരാറനുസരിച്ച് വള്ളം കിട്ടുകയും ചെയ്തു. പാടിത്തുഴഞ്ഞ് പായിപ്പാട്ടെ ഉത്സവവും കഴിഞ്ഞ് ചുണ്ടന്‍ തിരികെ ഏല്പിക്കാന്‍ പോയവരെ എന്തോ കരാര്‍ തര്‍ക്കം പറഞ്ഞ് വള്ളത്തിന്റെ ഉടമസ്ഥര്‍ കെട്ടിയിട്ടു. കരയ്ക്കായി അതിന്റെ നാണക്കേട്. അന്ന് ആനാരിയില്‍ ഒരു പ്രമുഖ ബ്രാഹ്മണ ഇല്ലമുണ്ട്. കരിങ്ങമണ്ണില്ലം. അവിടത്തെ തിരുമേനിയുടെ നേതൃത്വത്തില്‍ കരയടക്കം പിരിവെടുത്ത് സ്വന്തമായി ഒരു ചുണ്ടന്‍ എന്ന ആഗ്രഹം നടത്തി. കരയുടെ അഭിമാനം കാത്തുകൊണ്ടാണ് അങ്ങനെ ആനാരി പുത്തന്‍ചുണ്ടന്‍ എന്ന വീര്യവാന്‍ പണിപൂര്‍ത്തിയായി മികവോടെ വള്ളപ്പുരയില്‍നിന്നും ജലം കാണാനിറങ്ങിയത്. ആ ചുണ്ടന്‍ ഇപ്പോഴില്ല. ആനാരി പുത്തന്‍ചുണ്ടന്‍ എന്ന ഇപ്പോഴത്തേതിന് നാല്‍പ്പത്തിയഞ്ചുകൊല്ലത്തെ പഴക്കം വരും. ആനാരി പുത്തന്‍ചുണ്ടന്‍ മത്സരക്കളികളില്‍ പ്രധാനമായ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ഇക്കുറിയിറങ്ങുന്നില്ല. വള്ളപ്പുരയില്‍ കാര്യമായ ഒരഴിച്ചുപണിയിലാണ് ആ ചുണ്ടന്‍ ഇപ്പോള്‍. ആനാരിക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ക്ഷീണം തന്നെയാണ്. മാറ്റിപ്പണിക്കാവശ്യമായ തുക ആദ്യമേ പിരിഞ്ഞുകിട്ടാത്തതുകൊണ്ടാണ് മത്സരക്കളിയില്‍നിന്നും അവര്‍ക്ക് പിന്തിരിയേണ്ടിവന്നത്. മറ്റു കരക്കാരെ സംബന്ധിച്ചിടത്തോളം ആനാരിക്കാരെ ആക്ഷേപിക്കാനുള്ള ഒരു വകയാണിത്. വലിയ തമാശ മറ്റൊന്നുമല്ല. കളിയാക്കുകയും പരിഹാസം ഏറ്റുവാങ്ങുകയും ഒക്കെ ചെയ്യുന്ന ഈ തെക്കന്‍ കരക്കാര്‍ക്ക് നെഹ്‌റു ട്രോഫിയുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നതാണത്. അതായത് മികവുറ്റ വടക്കന്‍, കിഴക്കന്‍ നാട്ടിലെ ബോട്ട്ക്ലബ്ബുകള്‍ക്ക് അവനവന്റെ കരയിലെ ചുണ്ടന്‍വള്ളങ്ങള്‍ വാടകയ്ക്ക് വിട്ടുകൊടുക്കുക എന്നതല്ലാതെ ഇവര്‍ക്കാര്‍ക്കും മത്സരക്കളിയില്‍ യാതൊരു പ്രാതിനിധ്യവുമില്ല. മത്സരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പിന്നെന്തിനാണ് ഈ അത്യുത്സാഹം. ഇവിടെയാണ് കരവൈരത്തിന്റെയും കരകളുടെ അഭിമാനത്തിന്റെയുമൊക്കെ പ്രശ്‌നം വരുന്നത്.

വടക്കും കിഴക്കും തെക്കും കരക്കാര്‍ക്കെല്ലാം സ്വന്തമായി ചുണ്ടന്‍വള്ളങ്ങളുണ്ട്. വടക്കുകിഴക്കുള്ളവരാണ് തെക്കന്മാരേക്കാള്‍ തുഴച്ചിലില്‍ കേമന്മാര്‍. ഇവിടത്തെ മികവന്മാര്‍ക്ക് സ്വന്തം കരയുടെ ചുണ്ടനുണ്ടെങ്കിലും അവര്‍ അതില്‍ പങ്കെടുക്കുന്നില്ല. പകരം സ്വന്തമായി ഒരു ബോട്ട് ക്ലബ്ബുണ്ടാക്കി വാടകയ്ക്ക് ചുണ്ടന്‍ എടുത്ത് സ്വന്തം നിലയില്‍ മത്സരിക്കുന്നു. ഇതൊരു പുതിയ പ്രവണതയാണ്. പാരമ്പര്യ കായികവിനോദത്തിന്റെ നിലവിടുന്ന പ്രൊഫഷണല്‍ സമീപനം.

നവജീവന്‍ ബോട്ട് ക്ലബ്ബ് യു.ബി.സി. കൈനകരി, പള്ളാത്തുരുത്തി, ടൗണ്‍ അങ്ങനെ ബോട്ട് ക്ലബ്ബുകള്‍ പലതാണ്. ഈ ക്ലബ്ബുകള്‍ക്കൊക്കെതന്നെ പണം മുടക്കാന്‍ കെല്പുള്ള കരപ്രമാണിമാരുടെ പിന്തുണയും ഉണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ നെഹ്‌റു ട്രോഫി വിജയികളായ നവജീവന്‍ ബോട്ട് ക്ലബ്ബിന്റെ ഫിനാന്‍സര്‍ ഒരു കുവൈറ്റുകാരന്‍ കുട്ടനാടന്‍ ധനികനാണ്. പുറംനാട്ടില്‍ വിപുലമായ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ സ്വന്തമായുള്ള ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ചില നിക്ഷിപ്ത താല്പര്യങ്ങളുടെ വിജയകരമായ നടത്തിപ്പിന് പ്രയോജനപ്രദമാകുന്നു ആണ്ടോടാണ്ടു വരുന്ന മത്സരക്കളികളും ക്ലബ്ബുകളുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കലുമൊക്കെ.

നെഹ്‌റു ട്രോഫി കിട്ടുകയെന്നത് ഏറ്റവും വലിയ അഭിമാനപ്രശ്‌നമാണ്. തെക്കന്‍ കരക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ മികച്ച തുഴക്കാരല്ലാത്തതുകൊണ്ട് ഇതെന്നും ഒരു വിദൂരസ്വപ്നമാണ്. അവര്‍ അതിനുപകരം പ്രയോഗിക്കുന്ന ഒരു സൂത്രമുണ്ട്. മത്സരത്തിന് സ്വന്തം ചുണ്ടനിറക്കാതിരുന്നാലുണ്ടാകുന്ന നാണക്കേടു പോലെതന്നെ പ്രധാനമാണ് ജലം കണ്ടിട്ട് ട്രോഫി നേടാന്‍ കഴിയാതെ വന്നാലുള്ള തേജോഹനനവും. ഇതു മുന്‍കൂട്ടി കണ്ട് തെക്കന്‍ കരക്കാര്‍ പലപ്പോഴും അങ്ങോട്ട് പണം കൊടുത്ത് മികച്ച തുഴച്ചില്‍ ക്ലബ്ബുകളെ വശത്താക്കുന്നു. അവരെക്കൊണ്ട് സ്വന്തം ചുണ്ടന്‍ വാടകയ്‌ക്കെടുപ്പിക്കുന്നു. ട്രോഫി കിട്ടാന്‍ തുഴക്കാര്‍ എന്തു തന്ത്രം വേണമെങ്കിലും കാണിച്ചുകൊള്ളട്ടെ. ജലത്തില്‍ ആയം കിട്ടാന്‍ ചുണ്ടന്റെ ഉടലില്‍ മുട്ട പുരട്ടുക തുടങ്ങിയ സൂത്രപ്പണികളുണ്ട്. വള്ളത്തിന് കേടുവരാനിടയുള്ള ഇത്തരം വിദ്യകള്‍ പൊറുക്കാനുള്ള മഹാമനസ്‌കത ഈ കരക്കാര്‍ കാണിക്കുന്നു. പകരം പക്ഷേ, വേണം മിന്നിത്തിളങ്ങുന്ന ആ കായല്‍വിജയങ്ങള്‍.

ഇനി ഇപ്രകാരം ജയിച്ചെന്നിരിക്കട്ടെ. അവിടെയും തീരുന്നില്ല കാര്യങ്ങള്‍. തുഴച്ചില്‍കാര്‍ ആര്‍പ്പോടെ വിജയകിരീടവുമായി എത്തുമ്പോള്‍ അവര്‍ക്കായി പ്രത്യേകം സല്‍ക്കാരം ചെയ്യുന്നു. തുഴച്ചില്‍കാര്‍ക്ക് ട്രോഫിയുമായി നാടൊട്ടുക്ക് നടന്ന് പിരിഞ്ഞുകിട്ടുന്ന വമ്പന്‍ഫണ്ട് മറ്റൊരു വക. അങ്ങനെ ചിലര്‍ക്ക് അറ്റംമുട്ടാത്ത കറവപ്പശുവും, ചിലര്‍ക്ക് സ്വന്തം ചോരയൂറ്റി പതംവരലുമാണ് നെഹ്‌റു ട്രോഫി ഉള്‍പ്പെടെയുള്ള വര്‍ഷാവര്‍ഷ മത്സരക്കളികള്‍.

ഒരു വര്‍ഷം ഈ ജനത സമ്പാദിക്കുന്ന പക കാത്തുവച്ച് തീര്‍ക്കുന്നത് ഈ മത്സരദിനത്തിലാണ്. പുറംനാട്ടുകാര്‍ക്ക് ഇത് ടൂറിസ്റ്റ് ഉത്സവമാണ്. പക്ഷേ, കുട്ടനാട്ടുകാരനറിയാം അതിന്റെ തനിനിറം

ഓരോ കരക്കാര്‍ക്കും അവരവരുടേതായ ചുണ്ടന്‍വള്ളങ്ങള്‍ ഉള്ളതുപോലെ അവയുടെ മാറ്റങ്ങള്‍ക്കും പുതുക്കിപ്പണിയലുകള്‍ക്കുമൊക്കെ തലമുറകളായി നിലനിന്നുവരുന്ന അവരവരുടേതായ ആശാരി കുടുംബങ്ങളും ഉണ്ട്. ഈ കുടുംബത്തിനെയല്ലാതെ മറ്റാരെക്കൊണ്ടും ചുണ്ടനെ തൊടീക്കാതിരിക്കാനുള്ള നിഷ്‌കര്‍ഷ കരക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പുലര്‍ത്തുന്നു. കൊടുപ്പുന്നയുടെ ഒക്കെ കാലം കഴിഞ്ഞ ശേഷം ചുണ്ടന്‍ പണിയില്‍ മികവു കാട്ടിയ ഒരു തച്ചനുണ്ടായിരുന്നു. കോയില്‍മുക്ക് നാരായണന്‍. ഈ കുടുംബക്കാര്‍ക്ക് ഇപ്പോഴും ഒളികെടാത്ത പേരുണ്ട് ചുണ്ടന്റെ നിര്‍മ്മാണകലയില്‍. പുതിയതിനായാലും മാറ്റിപ്പണിയലിനായാലും ചുണ്ടന്റെ കൈകാര്യ കര്‍ത്തൃത്വം ഈ പാരമ്പര്യ വിദഗ്ദ്ധന്മാര്‍ക്കാണ്. തടി നോക്കാന്‍ പോകുന്നതു തൊട്ടു തുടങ്ങുന്നു ആശാരിയുടെ മേല്‍നോട്ടം. ആറുലക്ഷം രൂപയുടെ തടിയെങ്കിലും വേണം പുതുതായൊരു ചുണ്ടന്റെ നിര്‍മ്മിതിക്ക്. ഇരുമ്പും മറ്റു സാമഗ്രികളുമാണ് അനുസാരികള്‍. രണ്ടായിരത്തഞ്ഞൂറ് തച്ചെങ്കിലും വേണം പണിപൂര്‍ത്തിയാകാന്‍. കൂലിയിനത്തിന് ആ വഴിക്ക് നാലുലക്ഷം വരും. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പതിനഞ്ചു ലക്ഷം രൂപയെങ്കിലും വേണം പുതിയൊരു ചുണ്ടന്‍വള്ളം വള്ളപ്പുരയില്‍നിന്നും യുദ്ധസന്നദ്ധമായി പുറത്തിറങ്ങാന്‍. മാറ്റിപ്പണിയലിനും പുതിയ ചുണ്ടനുമായി വര്‍ഷാവര്‍ഷം നെഹ്‌റു ട്രോഫി വക ഗ്രാന്റുണ്ട്. രണ്ട് ആവശ്യക്കാര്‍ക്കു മാത്രമാണ് ഒരു വര്‍ഷം ഈ ധനസഹായം കിട്ടുക. ഏറിയാല്‍ ഒരുലക്ഷമാണ് പുതിയ ചുണ്ടന് അനുവദിക്കുന്നത്. കടലില്‍ കായം കലക്കുംപോലെ ഒരു പങ്കാളിത്തം. ബാക്കി ഭാരിച്ച ഉത്തരവാദിത്തം കരക്കാര്‍ക്കാണ്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയുമൊക്കെ ഷെയറിട്ട് കരയടക്കം പിരിക്കുന്നു. എന്തിന്? അഭിമാനം രക്ഷിക്കാന്‍. അടുത്ത കരക്കാരോട് വീര്യം കാട്ടാന്‍. ഒരു കരയില്‍തന്നെ ഭിന്നിച്ചുനില്‍ക്കുന്നവരുണ്ട്. ഇപ്പോള്‍ അതിന്റെ പല കാരണങ്ങളിലൊന്ന് മതപരമായ പ്രശ്‌നങ്ങള്‍ കൂടിയാണ്. ആയാപറമ്പു കരയുടെ വള്ളമാണ് വലിയ ദിവാന്‍ജി. എന്‍.എസ്.എസ്സുകാര്‍ക്കാണ് ഇതില്‍ മുഖ്യപങ്കാളിത്തം. സാമുദായിക പ്രാതിനിധ്യത്തിന്റെ പേരുംപറഞ്ഞ് ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടതോടെ ഭിന്നിച്ചുവന്നവര്‍ ആയാപറമ്പ് പാണ്ടി എന്ന ചുണ്ടനുമായി മത്സരത്തിനിറങ്ങുന്നു. ഇവിടെ മാറ്റുരയ്ക്കുന്നത് ഒരേ കരക്കാര്‍ തന്നെയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മത്സരത്തില്‍ വിജയിക്കാന്‍ അനുപേക്ഷണീയമായത് കടുത്ത പരിശീലനം തന്നെ. എന്നാല്‍, ചുണ്ടന്റെ കാര്യമായതുകൊണ്ട് ട്രയല്‍ദിനങ്ങള്‍ എത്ര കൂടുന്നോ അത്രകണ്ടു കണക്കറ്റ് ചെലവും വര്‍ദ്ധിക്കുന്നു. നൂറോളം പേരുടെ ചെലവാണ് ദിവസവും നോക്കേണ്ടത്. നാളൊന്നിന് അയ്യായിരം രൂപ വരെ വരും. കഴിഞ്ഞ തവണ നവജീവന്‍ ബോട്ടുക്ലബ്ബ് ഇരുപത് ദിവസത്തെ ട്രയലാണ് നടത്തിയത്. മത്സരത്തിനിറങ്ങുംമുന്‍പുതന്നെ എത്ര വലിയ തുക പൊടിച്ചെന്ന് ഈ കണക്കെടുത്താല്‍ അറിയാം.

കരക്കാര്‍ തമ്മില്‍ത്തമ്മിലോ അന്യകരക്കാരുമായോ ഉള്ള വൈരബുദ്ധിയുടെ പ്രകടനമായി കുട്ടനാടന്‍ ജലമത്സരങ്ങള്‍ അധപതിച്ചതിനെപ്പറ്റി ദുഃഖിക്കുന്നവര്‍ ഇന്ന് ഒരുപാടുണ്ട്. ഹൃദയൈക്യത്തിനുവേണ്ടി വാദിക്കുന്ന ഇക്കൂട്ടരുടെ എണ്ണം പക്ഷേ, ഹൃദയവിരോധം പുലര്‍ത്തുന്നവരെ അപേക്ഷിച്ച് തുലോം കുറവാണ്. നെഹ്‌റു ട്രോഫി വന്നതാണ് എല്ലാ കുഴപ്പത്തിന്റെയും കാരണമെന്ന് ഈ പരിമിതപക്ഷം കരുതുന്നു. ഒരു വര്‍ഷം ഈ ജനത സമ്പാദിക്കുന്ന പക കാത്തുവച്ച് തീര്‍ക്കുന്നത് ഈ മത്സരദിനത്തിലാണ്. പുറംനാട്ടുകാര്‍ക്ക് ഇത് ടൂറിസ്റ്റ് ഉത്സവമാണ്. പക്ഷേ, കുട്ടനാട്ടുകാരനറിയാം അതിന്റെ തനിനിറം. തുഴയെടുക്കാത്തവര്‍ ലഹരിയില്‍ ഉന്മത്തരായി കരതോറും നടക്കുന്നു. 'വെട്ടും കുത്തും' നടത്തി പകപോക്കാന്‍. അല്ലാത്തവര്‍ ജലത്തിലും. അങ്ങനെ കരയും ജലവുമായി മാറിയ ഒരു ഭൂസവിശേഷത തമ്മിലടിയുടെ ഭൂമികയാവുന്നു. വാശി തീര്‍ക്കാന്‍ എന്തു നഷ്ടം താങ്ങാനും ഇവിടത്തുകാര്‍ തയ്യാറാണ്. കുട്ടനാട്ടിലൂടെ ഇപ്പോഴൊന്നു സഞ്ചരിച്ചാല്‍ കാണാം വള്ളപ്പുരകളില്‍ പോരിന് തയ്യാറെടുത്തുനില്‍ക്കുന്ന ചുണ്ടന്‍വള്ളങ്ങളെ. വെടിത്തടിയില്‍ ഇനി പോര്‍ച്ചുഗീസ് സ്‌റ്റൈലില്‍ പീരങ്കി ഉറപ്പിക്കേണ്ട താമസമേയുള്ളു; ഒരിക്കല്‍ യുദ്ധത്തില്‍നിന്നും ഉത്സവത്തിലേയ്ക്കു വന്ന ജലസഞ്ചാരവാഹനത്തിന് വീണ്ടും കായല്‍കുപ്പിണിയാകാന്‍.

Summary

Archive: the story of Kuttanad and Snakeboat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com