

അദ്ധ്യായം ഒന്ന്
ഇളവെയിലിന്റെ ഓടക്കുഴല്‍ വിളി നിറഞ്ഞ മദ്ധ്യാഹ്നം. കേള്‍വിശക്തി കുറഞ്ഞ ഗഹനമായ പുറംപറമ്പ്. അതിനു നടുവിലാണ് നെടുമ്പറമ്പ് ഇല്ലം. ഇല്ലത്തിന്റെ കതകുകള്‍ മരപ്പൊഴിയില്‍ കൊളുത്തിയിരിക്കുന്നു.
ഇവിടെ മഴക്കാലം സര്‍വ്വത്ര ഈര്‍പ്പം നിറഞ്ഞതും മ്ലാനവും വിഷാദാത്മകവുമാണ്. ചുറ്റുപറമ്പ് നിറയെ വൃക്ഷങ്ങള്‍. മരങ്ങള്‍ തിങ്ങിവളരുന്ന സര്‍പ്പക്കാവുകള്‍ വടക്കും പടിഞ്ഞാറും. കുത്തഴിയിലൂടെ നോക്കിയാല്‍ അവിടെ വിനോദിനികളായ യക്ഷികളെ കാണാം. ഉച്ചയുറക്കത്തിനെത്തുന്ന ഗന്ധര്‍വ്വന്മാരെയും. അങ്ങനെ ഹരിതംകൊണ്ടു ശ്വാസംമുട്ടുന്ന നെടുമ്പറമ്പ് മഴക്കാലങ്ങളില്‍ ഉച്ചസമയത്തുപോലും തണുത്ത് ഇരുണ്ടുമൂടിക്കിടക്കും.
ഭാരിച്ച ആ ശൈത്യത്തില്‍ ഇല്ലത്തെ അകത്തുള്ളവര്‍ തെക്കിനിയില്‍ ശേഖരിച്ചിട്ടുള്ള മരക്കൊള്ളികള്‍ കത്തിച്ചാണ് തീ കായാറുണ്ടായിരുന്നത്. എരിഞ്ഞമരുന്ന കൊള്ളികള്‍ വെളുത്ത മണല്‍പ്പുറങ്ങള്‍ പോലുള്ള ശരീരങ്ങള്‍ക്കു താപം നല്‍കി.
ഒന്ന്
വൃത്തരൂപത്തില്‍ വന്ന് മരങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട ഒരു ചതുരന്‍ കാറ്റിനെയെന്നപോലെ ഞാനോര്‍ക്കുന്നു, ആ ദിവസം അച്ഛന്‍ അസ്വസ്ഥനായിരുന്നു; മുത്തച്ഛനും. ഗൃഹകവാടത്തിന്റെ പുറംതളത്തില്‍ അവര്‍ ഏകാന്തരും ദുഃഖിതരുമായിട്ടിരുന്നു.
നെടുമ്പറമ്പ് ഇല്ലത്ത് ഇനി ആഹ്ലാദങ്ങളില്ല. കുളപ്പുര, പൂമുഖപ്പടി ഒക്കെ നിശ്ശബ്ദം. ശേഖരിച്ച പുല്ലും ചമതയും വെറുതെ കിടക്കട്ടെ. അഴിഞ്ഞ പവിത്രക്കെട്ടുകളും. ഇവിടെ ഔപാസനവും പൂജയും ഗണപതിഹോമവുമില്ല. ആദിത്യനമസ്‌കാരം, പഞ്ചാക്ഷരം, ദക്ഷിണാമൂര്‍ത്തിക്കു നമസ്‌കാരം.
ഒരു തുലാക്കാറ്റുപോലെ ആ നാലുകെട്ടിനെ വിറപ്പിച്ചുകൊണ്ടു കടന്നുപോയ സംഭവം നടക്കുമ്പോള്‍ ഞാനും മുത്തശ്ശിയും ഇല്ലത്തുണ്ടായിരുന്നില്ല. തലേന്നേ കുളിച്ചുതൊഴാന്‍ ചോറ്റാനിക്കരയ്ക്കു കാല്‍നടയായി തിരിച്ചിരുന്നു. മടക്കവഴിക്ക് ആരോ പറഞ്ഞാണ് മുത്തശ്ശി വിശേഷമറിഞ്ഞത്. ആ അടക്കംപറച്ചിലിന്റെ പൊരുള്‍ ക്ഷേത്രക്കെട്ടുകളെ ഓര്‍മ്മിച്ചുനടന്ന എനിക്കു പിടികിട്ടിയില്ല. എന്നാല്‍, പെട്ടെന്ന് ഇലകളെയും ചില്ലകളെയും നിര്‍ത്താതെ ഭ്രമണം ചെയ്യിച്ചുകൊണ്ട് ഒരു ഗ്രഹപഥത്തില്‍ നിന്നെന്നപോലെ മുത്തശ്ശി വീണു. നെടുമ്പറമ്പില്ലത്ത് ഈ സമയം പുറത്തളത്തെ ഉച്ചപൊള്ളുന്ന ഏകാന്തതയില്‍ അച്ഛനും മുത്തച്ഛനുമുണ്ടായിരുന്നില്ല. ശ്രദ്ധിച്ചാല്‍ മാത്രം അകത്ത് അമ്മയുടെ അടക്കിയ കരച്ചില്‍ കേള്‍ക്കാം. ഞാനോ ഇങ്ങു ദൂരെ ഈ നടവഴിയിലും.
രണ്ട്
ഇത് ഒരു സ്മാര്‍ത്തവിചാരത്തിന്റെ കഥയാണ്, അവസാനത്തെ സ്മാര്‍ത്തവിചാരത്തിന്റെ. കാരണം, അഞ്ചാംപുരയില്‍ കഴിഞ്ഞ്, വിചാരണയ്ക്കു വിധേയയായി, ചെയ്തുപോയ സമുദായ നീതിവിരോധത്തിനു ദണ്ഡനങ്ങളേറ്റ്, പുറംലോകത്ത് അലഞ്ഞ് അസ്തമിക്കേണ്ടിവന്ന അന്തര്‍ജനങ്ങളെക്കുറിച്ചും അവര്‍ മുഖാന്തിരം ഭ്രഷ്ടരായ പൗരപ്രമുഖരെക്കുറിച്ചും പിന്നീട് നാം കേട്ടിട്ടില്ല. ഇന്ന് ഒരു കെട്ടുകഥപോലെ തോന്നിക്കുന്ന ആ സമ്പ്രദായത്തിന്റെ കലാശക്കൊട്ട് എന്റെ കുടുംബത്തില്‍ അരങ്ങേറ്റാനാകും വിധി വിധിച്ചത്.
സ്മാര്‍ത്തന്‍ ചോദിച്ചു: അവസാനമായി ഒരു ചോദ്യം കൂടി. പറഞ്ഞ രണ്ടുപേരല്ലാതെ സാധനം മറ്റാരുമായും അവിശുദ്ധബന്ധമുണ്ടാക്കിയില്ലെന്നു സത്യം ചെയ്യാമോ?
താത്രി കുറേനിമിഷം നിശ്ശബ്ദയായി നിന്നിട്ട് മതിയില്‍ തെളിഞ്ഞുവന്ന ഒരു മുഖത്തെ ഓര്‍മ്മിച്ചുകൊണ്ടു പറഞ്ഞുതുടങ്ങി. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ബ്രഹ്മചാരി...
അതെ, കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബ്രഹ്മചാരി. താത്രിയുടെ ഓര്‍മ്മയിലേക്കു കടന്നുവന്ന ആ പ്രജാരൂപമായിരുന്നു നെടുമ്പറമ്പ് ഇല്ലത്തിന്റെ ഭാവിയെ നിര്‍ണ്ണയിച്ചത്. എന്നെക്കൊണ്ട് അപഹാസ്യകരമാംവണ്ണം ഏരൂരെ മുതുകുളങ്ങര അമ്പലത്തില്‍ കൊളുത്തിവച്ച നിലവിളക്കിനു മുന്നില്‍ കൂത്ത് ആടിച്ചത്. ചമയങ്ങളുമായി കവുങ്ങുകള്‍ക്കിടയിലൂടെ ഞാന്‍ പോയ ആ പകല്‍ ഇപ്പോഴും മറന്നിട്ടില്ല.
ചെറുപ്പകാലത്തിന്റെ കളിമ്പങ്ങള്‍ കഴിയുംമുമ്പേ അനുഭവിച്ചുതുടങ്ങാന്‍ വിധിക്കപ്പെട്ട പീഡനം, അവമതി. അവ എനിക്കുള്ളില്‍ വരഞ്ഞിട്ട ഇരുളന്‍ കല്‍രൂപങ്ങള്‍. പഴയ നെടുമ്പറമ്പില്ലത്തെ കാറ്റേ... ഒരിക്കല്‍ക്കൂടി വീശൂ ചില്ലകളുടെയും പടര്‍പ്പുകളുടെയും വിരാട്രൂപത്തിലൂടെ, ഇലകളുടെ രാജധാനിയിലൂടെ, ഈ ഉടലിന്റെ ഘനശ്യാമത്തിലൂടെ, ഞാന്‍ പുറകോട്ടു നടക്കാം. 90 തികഞ്ഞ എനിക്കും പിറകിലേയ്ക്ക്. അച്ഛന്റെ, മുത്തച്ഛന്റെ അവരുടെയും പഴയ തലമുറകളിരുന്ന ഇറയത്തേയ്ക്ക്.
പൂര്‍വ്വികരുടെ യാത്ര
ക്ഷേത്രങ്ങളിലേയ്ക്കും പാടശേഖരങ്ങളുടെ ആഭകളിലേയ്ക്കും നീളന്‍ നിഴല്‍വീഴ്ത്തി നടന്നവരാകണം എന്റെ പൂര്‍വ്വികര്‍. വൈക്കം താലൂക്കില്‍ ഉദയംപേരൂര്‍ എന്ന ദേശത്ത് ചേലക്കല്‍ ഇല്ലത്തായിരുന്നു ഇവര്‍ പാര്‍പ്പുറപ്പിച്ചത്. ചേലയ്ക്കല്‍ ഭട്ടതിരിമാര്‍ തിരുവിതാംകൂര്‍ രാജാവിന്റെ പ്രജകളായിരുന്നു.
തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് ഈ പൂര്‍വ്വപുണ്യന്മാരുടെ സ്ഥിരം സന്ദര്‍ശനകേന്ദ്രം. അതുപോലൊരു ക്ഷേത്ര സന്ദര്‍ശനവേളയില്‍ ഒരു ഭട്ടതിരിപ്പാട് കൊച്ചി രാജാവിനെ മുഖം കാണിച്ചു ബഹുമാനിച്ചു. ഇതില്‍ സംപ്രീതനായ രാജാവ് തൃപ്പൂണിത്തുറയില്‍ വന്ന് താമസിക്കാന്‍ ക്ഷണിച്ച് ഭട്ടതിരിപ്പാടിന് കുറേ നിലങ്ങള്‍ തീട്ടൂരമായി എഴുതിക്കൊടുത്തു. അങ്ങനെ ഏതാണ്ട് ഇരുന്നൂറ് കൊല്ലങ്ങള്‍ക്കു മുന്‍പ് ചേലയ്ക്കല്‍ ഭട്ടതിരിപ്പാടുകള്‍ നെടുമ്പറമ്പില്‍ നമ്പൂതിരികളായി. തിരുവിതാംകൂറിലും കൊച്ചിയിലുമായി രണ്ട് ഇല്ലങ്ങളും അവര്‍ക്കുണ്ടായി.
മുത്തശ്ശി അമ്മായി
നെടുമ്പറമ്പ് ഇല്ലത്ത് ഞാന്‍ കണ്ട ഏറ്റവും പ്രായമേറിയ കുടുംബാംഗം മുത്തശ്ശി അമ്മായി ആയിരുന്നു. ജാലകത്തിലൂടെ വരുന്ന വെയിലില്‍ നരച്ച മുടികള്‍ തിളക്കി, വാര്‍ദ്ധക്യത്തിന്റെ സഹജമായ ഭാരമില്ലായ്മയോടെ അവര്‍ ജീവിച്ചു, അനന്തകാലം. മുത്തശ്ശി അമ്മായിക്കു പേരില്ലായിരുന്നു. ഇല്ലാഞ്ഞിട്ടല്ല, പ്രായംകൊണ്ട് എല്ലാവരും അവര്‍ക്കു താഴെയായിരുന്നതിനാല്‍ ആരാലും വിളിക്കപ്പെടാതെ മഴയത്ത് കുതിര്‍ന്നുപോവുകയോ ഏതെങ്കിലും പഴയ വേനല്‍ക്കാലത്ത് ആരോടും പറയാതെ ഒളിച്ചോടുകയോ ചെയ്തിട്ടുണ്ടാകണം അത്.
മുത്തശ്ശി അമ്മായിക്ക് പ്രായമേറിയ പുരാവസ്തുവെപ്പോലെ ഇരിക്കുകയല്ലാതെ ഗൃഹത്തില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. അവര്‍ പൂജാദികാര്യങ്ങളും പ്രാര്‍ത്ഥനകളും നടത്തും. കാലത്തും വൈകീട്ടും സ്‌തോത്രങ്ങള്‍ ചൊല്ലും.
വംശാവലി
നെടുമ്പറമ്പ് ഇല്ലത്തെ പൂര്‍വ്വികരുടെ ജന്മക്രമത്തെ വിശദീകരിക്കുക സുഗമമല്ലെങ്കിലും അതിവിടെ പറഞ്ഞുവയ്ക്കട്ടെ.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇല്ലത്ത് ആണ്‍തരിയൊന്നും അവശേഷിച്ചില്ല. മുറികളും തളങ്ങളും ഒരു ആണ്‍തരിയുടെ സ്പര്‍ശത്തിനായി നോറ്റുകിടന്നു. ഉച്ചയുറക്കത്തില്‍ ആണ്‍കുട്ടികള്‍ ഊഞ്ഞാലാടുന്നത് സ്വപ്നം കണ്ടുണര്‍ന്ന കാരണവന്മാര്‍ കൊച്ചി രാജാവിന്റെ അനുവാദത്തോടെ മുളന്തുരുത്തിയില്‍ പാടിവട്ടത്ത് ഇല്ലത്തെ ഒരു കൃഷ്ണന്‍ നമ്പൂതിരിക്ക് കുടുംബത്തിലെ അവസാനത്തെ പെണ്‍കുട്ടിയെ വേളിയായി കൊടുത്തു. വെറുതെയല്ല, ഇല്ലത്തെ സര്‍വ്വസ്ഥാനവും സ്വത്തും അയാള്‍ക്കു നല്‍കിക്കൊണ്ട്.
കൃഷ്ണന്‍ നമ്പൂതിരി പിന്നീട് മൂന്ന് വേളി കഴിച്ച് പാടിവട്ടത്ത് ഇല്ലത്തിന്റെ താവഴി നെടുമ്പറമ്പ് ഇല്ലത്തേയ്ക്കു പകര്‍ത്തി. ജനിതക സഞ്ചാരത്തിന്റെ വിചിത്രമായ ഘടനയാണത്. തമോഗര്‍ത്തത്തിലേക്കു നിഷ്‌ക്രമിക്കാനൊരുങ്ങിയ എന്റെ കുടുംബാവലിയുടെ രക്ഷപ്രാപിക്കല്‍, പുനര്‍ജനി അങ്ങനെയെന്തുവേണമെങ്കിലും പറയാം ഈ ഉത്ഥാനത്തെ. എന്തായാലും പുംബീജത്തിന്റെ അവതാരംകൊള്ളല്‍ ഏറ്റവും ഉത്സാഹികളാക്കിയിട്ടുണ്ടാവുക തുറസ്സുകളിലേക്കു മെതിയടി മുഴക്കി നടന്ന ഞങ്ങളുടെ പുണ്യപുരാതനന്മാരെയാകാം.
തലമുറകള്‍
കൃഷ്ണന്‍ നമ്പൂതിരിക്ക് ആദ്യവേളിയിലുണ്ടായ പുത്രനാണ് (പേരില്ലാത്ത) മുത്തശ്ശി അമ്മായിയെ വിവാഹം ചെയ്തത്. അദ്ദേഹത്തിന് പേരുണ്ടായിരുന്നു - നാരായണന്‍ നമ്പൂതിരി. കൃഷ്ണന്‍ നമ്പൂതിരിയുടെ രണ്ടാംവേളിയില്‍ എന്റെ മുത്തച്ഛന്‍ വലിയ കൃഷ്ണന്‍ നമ്പൂതിരി ജനിച്ചു.
മുത്തച്ഛന്‍
മൂത്തപ്ഫന്‍ വസൂരി പിടിച്ച് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ 'മഹന്‍മൂസ്സ്' കൃഷ്ണന്‍ നമ്പൂതിരി ഒരു കുട്ടി മാത്രമായിരുന്നു. അതുകൊണ്ട് ഇല്ലത്തെ വസ്തുവഹകളുടെയെല്ലാം ചുമതലക്കാരന്‍ എന്റെ മുത്തച്ഛനായി. ലക്ഷണമൊത്തൊരു അപ്ഫന്‍ നമ്പൂതിരിയായി തൃപ്പൂണിത്തുറയിലെ കൊച്ചി രാജകുടുംബശാഖയില്‍ ആതിഥേയനായി കഴിയുകയായിരുന്നു അദ്ദേഹം. കടമകള്‍ മുത്തച്ഛനെ ഇല്ലത്തേയ്ക്ക് മടക്കിവിളിച്ചു. 'മഹന്‍മൂസ്സ്' എന്ന പദവി ഏറ്റെടുക്കുകയും വേളി കഴിക്കുകയും ചെയ്തു മുത്തച്ഛന്‍. അദ്ദേഹത്തിന്റെ വരവോടെ നെടുമ്പറമ്പ് ഇല്ലം സമൃദ്ധിയുടെ ദിനങ്ങള്‍ കാണാന്‍ തുടങ്ങി.
അപ്ഫന്മാര്‍
മുത്തച്ഛനുശേഷം കുടുംബത്തിന്റെ കാരണവര്‍ സ്ഥാനം വലിയ അപ്ഫന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, കൃഷ്ണന്‍ നമ്പൂതിരി ഒരു ബുദ്ധിമാന്ദ്യക്കാരനായിരുന്നു. അതുകൊണ്ട് എന്റെ അച്ഛനായിത്തീര്‍ന്നു പിന്തുടര്‍ച്ചാവകാശി. ഇത് ഈ അപ്ഫന്‍ നമ്പൂതിരിയുടെ അസൂയയ്ക്ക് എരികയറ്റി. അയാളുടെ ആധി വളര്‍ന്ന് പ്രകോപനപരമായ മനോവിഭ്രാന്തിയായി. ഒടുക്കം പാവം ഭ്രാന്തനായി മരിച്ചു.
ഒരാള്‍ ഭ്രാന്തിന്റെ അരളിയിലകളിലേയ്ക്കു പോയപ്പോള്‍ ഇനിയൊരാള്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതെ, വേളി കഴിക്കാതെ പക്ഷിയെപ്പോലെ സ്വതന്ത്രനായി പുറത്തലഞ്ഞു. ചെറിയ രാമന്‍ നമ്പൂതിരി, അച്ഛന്റെ അനുജന്‍, ചെറിയപ്ഫന്‍. അദ്ദേഹം ചില സായാഹ്നങ്ങളില്‍ അമ്മയെ കാണാന്‍ വരും. ചിറകുകളില്‍ വിട്ടുപോന്ന മരത്തിന്റെ അടയാളങ്ങളുണ്ടാകും. കുറച്ചുനേരം അമ്മയോടു സംസാരിച്ച് നിര്‍ബന്ധിച്ചാല്‍ മാത്രം കൂടിരുന്ന് അത്താഴം കഴിച്ച് അന്നുതന്നെ മടങ്ങും. എണ്ണത്തിരിയുടെ മങ്ങിയവെളിച്ചത്തില്‍ അകത്തളത്തിലിരുന്നാണ് അദ്ദേഹത്തിന്റെ ഊണ്. ഒരു കുട്ടിയെന്ന നിലയില്‍ എനിക്ക് ആ മുഖം കാണാന്‍ അക്കാലത്ത് ഇടയായിട്ടില്ല.
അച്ഛന്‍
പുരാതനമായ ഒരു നമ്പൂതിരി ഇല്ലത്തു നടന്ന സംഭവത്തെക്കുറിച്ച് പറയാം. ബഹുമാന്യനായ ഈ ഇല്ലത്ത് വേളികര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കല്യാണപ്പെണ്ണ് എഴുന്നേറ്റ് ഓടിക്കളഞ്ഞു. മൂടുപടത്തിന്റെ വിടവിലൂടെ വരന്റെ മുഖമൊന്നു കണ്ടുപോയതാണു കാരണം. വികൃതരൂപം- അച്ഛനാകാന്‍ പ്രായമുണ്ട്.
നമ്പൂതിരിമാരുടെ ആചാരങ്ങള്‍ യുവാക്കളുടെ മാനുഷികമായ ഇഷ്ടാനിഷ്ടങ്ങളെ പരമ്പരയാ വിലമതിക്കുന്നില്ലെന്നു സൂചിപ്പിക്കാനാണ് ഈ കഥ പറഞ്ഞത്. എന്തായാലും ഇവ്വിധം അനിഷ്ടകരമായിരുന്നില്ല എന്റെ മാതാപിതാക്കളുടെ വിവാഹം.
നല്ല പൊക്കത്തില്‍ ഊറ്റമുള്ള ശരീരം, ഉരുണ്ടുവെളുത്ത കൈകാലുകള്‍, സ്വര്‍ണ്ണനിറമാര്‍ന്ന, പ്രകാശവും ആഭിജാത്യവുമുള്ള മുഖം, ചുരുണ്ടുതിങ്ങിയ മുടി- അതായിരുന്നു അച്ഛന്‍. അമ്മയ്ക്ക് പൊക്കം കൂടുതലും കുറവുമല്ല. നല്ല നിറക്കൂട്ട്. നേര്‍ത്ത ചുവപ്പുള്ള കണ്ണുകള്‍ക്ക് കാരുണ്യവും ഭംഗിയുമുണ്ടായിരുന്നു. പുറകില്‍ മുട്ടുവരെ ഇടതൂര്‍ന്നു കിടക്കുന്ന തലമുടി. അവര്‍ ചേര്‍ന്ന ദമ്പതികള്‍ തന്നെയായിരുന്നു.
ആണ്‍കുഞ്ഞ്
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ അമ്മ പ്രസവിച്ചു. കുടുംബാംഗങ്ങള്‍ക്കെല്ലാം സന്തോഷമായി. നെടുമ്പറമ്പില്ലത്ത് ഒരു ആണ്‍പ്രജയുടെ വരവ് ഇരുപത് വര്‍ഷത്തെ നേര്‍ച്ചയുടെയും കാഴ്ചയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. ആ കുട്ടിക്ക് അമ്മയുടെ അച്ഛന്റെ പേരായ ചന്ദ്രശേഖരന്‍ എന്നു നാമം ചെയ്തു. കുട്ടിയുടെ നെറ്റിയില്‍ പുരികങ്ങള്‍ക്കു നടുവില്‍ ഒരു സുവര്‍ണ്ണ ചന്ദ്രക്കലയുണ്ടായിരുന്നു. വളര്‍ന്നുവരുമ്പോള്‍ ഓടിനടക്കാന്‍ വലിയ തളങ്ങളും ഉമ്മറവും കാട്ടി നെടുമ്പറമ്പില്ലം പ്രതീക്ഷയോടെ നിന്നെങ്കിലും ചന്ദ്രശേഖരന്‍ അവിടെ അധികനാള്‍ തങ്ങിയില്ല. തന്റെ ചെറിയ കൈകളാല്‍ അമ്മയ്ക്ക് ഒരുപാട് വേദനകള്‍ വാരിയെറിഞ്ഞുകൊടുത്ത്, ഒരുവര്‍ഷം തികഞ്ഞപ്പോള്‍ മരിച്ചു. പുണ്യജന്മങ്ങളായതുകൊണ്ടാകാം അനപത്യതയുടെ കാന്താരത്തില്‍ അധികനാള്‍ അലഞ്ഞുതിരിയേണ്ടിവന്നില്ല അച്ഛനും അമ്മയ്ക്കും. ക്ഷീണചന്ദ്രന്‍ ഇരുള്‍ കീറുന്ന ഒരു കൃഷ്ണത്രയോദശി നാള്‍ ഞാന്‍ ജനിച്ചു.
ഭൂമിയുടെ മുത്തച്ഛന്‍
ജാതകര്‍മ്മത്തിനുശേഷം പതിനൊന്നാമത്തെയോ പന്ത്രണ്ടാമത്തെയോ ദിവസമാണ് പേരുവിളി. അമ്മ എന്നെ മടിയില്‍ കിടത്തി ചമ്രം പടിഞ്ഞിരുന്നു. അച്ഛന്‍ എന്നെയെടുത്ത് ചുണ്ടോളം ഉയര്‍ത്തി വലത്തെ കുഞ്ഞിച്ചെവിയില്‍ മൂന്നുതവണ ഭവ്യമായി മന്ത്രിച്ചു: 'പരമേശ്വരശര്‍മ്മ കൃഷ്ണശര്‍മ്മ.' ഞാനാദ്യം പരമേശ്വരനായി, ജഗല്‍പിതാ. പിന്നെ കൃഷ്ണനായി, ഭൂമിയിലെ പിതാമഹന്‍.
അഹമന്നം
ഞാന്‍ അന്നത്തില്‍നിന്നുണ്ടായി. അന്നത്തില്‍ വളര്‍ന്നു. അന്നമായിത്തന്നെ അവസാനവും. എന്റെ ആറാംമാസത്തിലായിരുന്നു ചോറൂട്ടുകര്‍മ്മം. ബന്ധുക്കളും നാട്ടുകാരുമായി അനേകം ആളുകള്‍ ചടങ്ങിലും സദ്യയിലും പങ്കെടുത്തു. അച്ഛന്‍ എന്നെ മടിയിലിരുത്തി, ഓതിക്കന്റെ മുഖത്തു നോക്കിയിരുന്നു; ഓതിക്കന്‍ ചൊല്ലിക്കൊടുക്കുന്ന മന്ത്രം ഏറ്റുച്ചരിച്ചുകൊണ്ട്. 'അഹമന്നമന്നമദന്തമദ്മി'
ആ അന്നസൂക്തം നല്ലവിധത്തില്‍ ഓതിക്കന്‍ ചൊല്ലിയിരിക്കണം. എന്തെന്നാല്‍ തൊണ്ണൂറാം വയസ്സിലും ഞാന്‍ അന്നം ഭക്ഷിക്കുന്നു. അന്നം എന്നെ ഭക്ഷിച്ചിട്ടില്ല.
ചൂഡകര്‍മ്മം
വിളക്കിനുനേരെ ഒരു നിശ്ചിത അകലത്തില്‍ ഞാനൊരു ദീര്‍ഘവൃത്തത്തിലുള്ള പീഠത്തില്‍ കുന്തിച്ചിരിക്കുകയാണ്. എവിടെയോ ഉള്ള ഒരു ക്ഷുരകസ്ത്രീ വന്ന് എന്റെ അടുത്തായിട്ടിരുന്നു. ഒരു തുണിക്കെട്ടഴിച്ച് നീളമുള്ള തുരുമ്പിച്ച കത്രിക പുറത്തെടുത്തു. എന്റെ ചെറിയ തല അവരുടെ കൈപ്പിടിയിലൊതുക്കി. എന്നിട്ട് മരച്ചീപ്പുകൊണ്ട് പിന്നിലെ മുടി മേല്‌പോട്ടും കീഴ്പോട്ടും നെടുകെ പകുത്ത് വൃത്താകൃതിയിലെടുത്ത മേല്‍ഭാഗത്തെ മുടി ഒരു കുടുമ പോലെ കെട്ടി. കറിക്കത്തിക്ക് ഇടയ്ക്കു മൂര്‍ച്ച കൂട്ടും. അതിനു വഴങ്ങാറില്ല ക്ഷുരകക്കത്രിക. അതിന്റെ തനതു മൂര്‍ച്ച ഞാന്‍ അനുഭവിച്ചറിഞ്ഞു. മുറിച്ച മുടികള്‍ എന്റെ നഗ്‌നമായ പുറത്തുവീണു. അതെന്നെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ഇക്കിളിയിലും എന്റെ ശിരസ്സ് ഉലഞ്ഞുപോയി. ഓരോ ഉലച്ചിലും എന്റെ തൊലിയില്‍ ചോരപുരണ്ട പോറലുകള്‍ വീഴ്ത്തി.
ഒടുക്കം ക്ഷുരകപ്പണി കഴിഞ്ഞ് കെട്ടുസാമഗ്രികളുമായി പറമ്പിലെ ഔഷധസസ്യങ്ങള്‍ നോക്കി ആ സ്ത്രീ നടന്നുപോയി. ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അമ്മേ, എനിക്കു കുളിക്കാന്‍ നേരമായി.
കര്‍ണ്ണവേധം
ഏരൂരെ തോട്ടക്കാട് കുഞ്ഞന്‍ ഓതിക്കന്‍ ഒരു ദിവസം ആ വഴി വന്നു. അച്ഛന്‍ ആളയച്ചുവരുത്തിയതാണ്. എന്റെ കാതു കുത്തണം. പ്രാഥമിക ചടങ്ങൊക്കെ കഴിഞ്ഞ് എന്നെ ഓതിക്കനേല്പിച്ച് അച്ഛന്‍ രംഗത്തുനിന്ന് പിന്മാറി, വേദന കാണാന്‍ മടിച്ച്.
എണ്ണയില്‍ വാട്ടി തയ്യാര്‍ ചെയ്ത മുനയുള്ള നീളന്‍ കാരമുള്ളുകള്‍ ഓട്ടുകിണ്ണത്തില്‍ വച്ചിരുന്നു. ഓതിക്കന്‍ എന്റെ കാതു പരിശോധിച്ച് രണ്ടു കാതിലും വെണ്ണകൊണ്ട് ഓരോ പുള്ളി കുത്തി- അതാണ് തുളയ്ക്കാനുള്ള വിരുത്. എന്നിട്ട് മുഴുത്ത ഒരു മുള്ള് കിണ്ണത്തില്‍നിന്നൊടുത്തു. വേദനയും പേടിയുംകൊണ്ട് ഞാന്‍ കണ്ണടച്ചിരിക്കുമ്പോള്‍ എന്റെ വലത്തേ കാത് അദ്ദേഹം തുളച്ചുകഴിഞ്ഞിരുന്നു. മുള്ള് മറുപുറത്ത് അരയിഞ്ചുനീളം തള്ളിനിന്നു- ഒരു ബുക്ക് ബൈന്റര്‍ തന്റെ സൂചിയിറക്കുന്നതുപോലെ. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. കുട്ടികളെ കുത്തിയുള്ള പരിചയത്തില്‍, ഒരു തണുപ്പന്‍ പ്രകൃതത്തോടെ ഓതിക്കന്‍ അടുത്ത മുള്ളെടുത്ത് ഇടത്തേ കാതും കുത്തി. ദൗത്യം പൂര്‍ത്തിയാക്കി മറഞ്ഞിരിക്കുന്നിടത്തുനിന്നു അച്ഛനെ വിളിച്ച് ദക്ഷിണ സ്വീകരിച്ച ശേഷം എന്നെ വേദനിപ്പിച്ചതിന് ഒരു ക്ഷമാപണം പോലുമില്ലാതെ മടങ്ങിപ്പോയി.
ഉപനയനം
ഒരുവന്റെ ഉപനയനം വരെ അവന്‍ ശൂദ്രനാണ്. പൂണുനൂല്‍ കെട്ടി ബ്രഹ്മോപദേശം നേടിക്കഴിഞ്ഞാല്‍ രണ്ടാംജന്മമായി- ദ്വിജനായി.
'ജന്മനാ ജാതയേ ശൂദ്ര,
സംസ്‌കാര ദ്വിജ ഉച്യതേ''
1914 മേയ് മാസത്തെ ഏതോ ശുഭദിനത്തിലായിരുന്നു എന്റെ ഉപനയനം. ആഡംബരമായ ഭോജ്യത്തിനുശേഷമാണ് കര്‍മ്മത്തിനിരിക്കുക. അമ്മ വിഭവങ്ങളോരോന്നായി വിളമ്പി. ആവി പറക്കുന്ന ചോറ്, വേണ്ടുവോളം പുത്തന്‍ വെണ്ണ.
സൂര്യന്‍ അധികം ഉയര്‍ന്നിട്ടില്ല. പുറത്ത് തനിക്കൊപ്പം പൊക്കത്തിന്റെ തുല്യനീളത്തില്‍ നിഴല്‍ നീളാതെ പ്രാതല്‍ കഴിക്കാന്‍ അനുവാദമില്ല.
ഇതുശീലിച്ച എനിക്ക് സദ്യ ആസ്വദിക്കാനായില്ല. ഞാന്‍ കാത്തിരുന്നു മുഹൂര്‍ത്തം ഉദയാല്‍പരം നാലുനാഴിക. ഇതേസമയം അച്ഛന്‍ വടക്കിനിയില്‍ മറ്റൊരു ഭാഗത്ത് ഹോമം നടത്തുകയും പ്രാഥമിക ക്രിയകള്‍ ചെയ്യുകയുമായിരുന്നു. ശാന്തിക്കാരനെപ്പോലെ മുഹൂര്‍ത്ത സമയത്തിനുവേണ്ടി ഞാന്‍ കാത്തിരുന്നു.
അന്ന്, ഇല്ലത്ത് നാഴികമണിയോ ടൈംപീസോ ഒന്നും സമയം കാണിക്കാനില്ലായിരുന്നു. തെളിവുള്ള ദിവസങ്ങളാണെങ്കില്‍ സൂര്യനുദിക്കുന്നതു കാണാന്‍ കഴിയും. അതിനുശേഷമുള്ള സമയമറിയുക ജലനാഴികമണി മുഖേനയാണ്.
ഒരു നേര്‍ത്ത സൂചിമുനദ്വാരമുള്ള കനംകുറഞ്ഞ അര്‍ദ്ധഗോളാകൃതിയിലുള്ള കിണ്ണം. ജലം നിറച്ച ഒരു വലിയ പാത്രം. ജലനിരപ്പിനുമീതെ ഒരാള്‍ കിണ്ണം ശ്രദ്ധയോടെ വയ്ക്കുന്നു. സുഷിരത്തിലൂടെ ജലം നിറഞ്ഞു കിണ്ണം മുങ്ങിപ്പോകാന്‍ ഒരു നാഴിക (24 മിനിട്ട്) കണക്കാക്കിയാണ് കിണ്ണത്തിന്റെ നിര്‍മ്മാണം. നാഴികയുടെ അംശങ്ങള്‍ക്ക് കിണ്ണത്തിന്റെ ഉള്‍ഭാഗത്ത് രേഖകള്‍ ഉണ്ടായിരിക്കും. സൂര്യകിരണങ്ങള്‍ ചില്ലിത്തെങ്ങിന്റെ തലപ്പത്ത് പതിച്ചശേഷം, ജലനാഴികമണി നാലാം തവണയും മുങ്ങിയപ്പോള്‍ നാഴിക വിലക്കുന്ന നമ്പൂതിരി വിളിച്ചുപറഞ്ഞു: സമയമായി.
അച്ഛന്‍ എന്നെ ഹോമകുണ്ഡത്തിനടുത്തേയ്ക്കു വിളിച്ചു. ആരാധനയുടെ നിര്‍വൃതിയില്‍ ഏകാഗ്രതയോടെ ലയിച്ചുനില്‍ക്കേ അച്ഛന്‍ മന്ത്രിച്ചു: ''യജ്ഞോപവീതം പരമം പവിത്രം.'' എന്റെ മേല്‍ കൃഷ്ണാഞ്ജനത്തോടു കൂടിയ പൂണൂല്‍. ചെവിയില്‍ പ്രണവത്തോടുകൂടി ഗായത്രീമന്ത്രം ചൊല്ലി എന്നോടും അതാവര്‍ത്തിക്കാന്‍ പറയുന്നു അച്ഛന്‍.
ഇതാണ് ബ്രഹ്മോപദേശം. ബ്രഹ്മം എന്ന സനാതനസത്യത്തിലേക്ക് എത്തിച്ചേരാനുള്ള സത്യത്തിന്റെ ആദ്യക്ഷരങ്ങള്‍.
ഭവതി ഭിക്ഷാംദേഹി
ബ്രഹ്മചാരികള്‍ പണ്ടുകാലത്ത് അടുത്തുള്ള ബ്രാഹ്മണ കുടുംബങ്ങളോടും ഗുരുക്കന്മാരോടും ഭിക്ഷ അഭ്യര്‍ത്ഥിക്കുമായിരുന്നു. ഈ പാരമ്പര്യം പുലര്‍ത്തുന്നതിനും ഉപനയനത്തിന്റെ ഒരു ഭാഗമായിത്തീരുന്നതിനും എനിക്ക് എന്റെ അമ്മയോടുതന്നെ ഭിക്ഷ യാചിക്കേണ്ടിവന്നു. ഒരുപക്ഷേ, ആദ്യത്തെ യാചനം തിരസ്‌കരിക്കപ്പെടാതിരിക്കാനാവാം.
ഒരു ഭിക്ഷാപാത്രവുമായി ബുദ്ധന്റെ കാറ്റേറ്റ്, കപിലവസ്തുവെപ്പോലെ നീങ്ങുന്ന മേഘത്തിനുകീഴില്‍, അമ്മയെ സമീപിച്ചുകൊണ്ട് ഞാന്‍ മൃദുവായി പറഞ്ഞു: ഭവതി ഭിക്ഷാംദേഹി.''
അമ്മയുടെ കൈക്കുമ്പിള്‍ ധ്യാനം ചൊരിഞ്ഞപ്പോള്‍ എനിക്കറിയാം ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. കപോലങ്ങളോടു ചോദിക്കാതെ മകന്‍ തന്നോടുതന്നെ ഭിക്ഷ യാചിക്കുന്നതു താങ്ങാന്‍ ആ മനസ്സിനു ബലം പോരായിരുന്നു.
അമ്മ എന്നെ അനുഗ്രഹിച്ചു.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates